ഭൂമി നിരീക്ഷണത്തിൽ

അതിഭയങ്കരമായ ആ കാഴ്ചകണ്ട് കുട്ടികൾ പൊടുന്നനെ കണ്ണുകൾ പൊത്തി നിലവിളിച്ചു. അവരിൽനിന്നും ശബ്ദം പുറത്തേക്കുവരുന്നുണ്ടായിരുന്നില്ല. എല്ലാം അവസാനിച്ചുവെന്നുകരുതിയ നിമിഷങ്ങളുടെ ദൈർഘ്യം വർദ്ധിച്ചുവന്നു.

“അശ്വിൻ, വിമൽ… എന്തുപറ്റി? പേടിച്ചുപോയോ? കണ്ണുകൾ തുറക്കൂ. ഒന്നും സംഭവിച്ചിട്ടില്ല. നമ്മൾ പേടകത്തിനകത്തിന്റെ സുരക്ഷിതത്വത്തിനുള്ളിലല്ലേ? പിന്നെന്തിനാണ് പേടി?”

മടിച്ച് മടിച്ച് കണ്ണുകൾ തുറന്ന കുട്ടികൾ കണ്ടത് പുഞ്ചിരിയോടെയിരിക്കുന്ന സാനിയയെയാണ്.

“ഹ, ഹ, ഹ… സത്യത്തിൽ ഞാനും പേടിച്ചുപോയിരുന്നു. ഒരു തലനാരിഴയ്ക്കാണ് നമ്മൾ അപകടത്തിൽനിന്നും രക്ഷപ്പെട്ടത്. ആ സമയത്ത് വിമലിനെ പേടകത്തിനുള്ളിലേക്ക് കയറ്റാൻ സാധിച്ചില്ലായിരുന്നെങ്കിൽ അപകടം സംഭവിച്ചേനെ.”

വിമൽ ഒരു ദീർഘശ്വാസം പൊഴിച്ചു.

“നമ്മുടെ പേടകത്തിന് ഒരപകടവും സംഭവിക്കില്ല. എത്രവലിയ ശിലാവസ്തുക്കൾ വന്നിടിച്ചാലും ഇതിനെ ബാധിക്കില്ല. പേടകത്തിന്റെ നിർമ്മാണത്തിലുപയോഗിച്ചിരിക്കുന്ന സാങ്കേതികവിദ്യ അത്രയും മികച്ചതാണ്. പക്ഷെ, പേടകത്തിനു പുറത്തെ കാര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിനു വിധേയമല്ല. അതുകൊണ്ടാണ് വിമലിനെ ഞാനത്രയും പേടിയോടെ വിളിച്ചത്.”

“ഇല്ല. ഇനി ഞാനൊരിക്കലും അനുസരണക്കേട് കാണിക്കില്ല. സത്യം.”
വിമൽ സാനിയയുടെ കൈകളിൽപ്പിടിച്ച് സത്യം ചെയ്തു. അവൻ കരച്ചിൽ വരുന്നുണ്ടായിരുന്നു.

“അയ്യേ. ഇത്ര പെട്ടെന്ന കരയാൻ പാടുണ്ടോ? മനസ്സിനൊരു ബലമൊക്കെ വേണ്ടേ?”
സാനിയയവനെ പുറത്തുതട്ടി ആശ്വസിപ്പിച്ചു. അപ്പോഴേക്കും മറ്റൊരു ശിലാവസ്തു പറന്നുവരുന്നതുകണ്ട് ഭയന്ന അശ്വിൻ നിലവിളിച്ചു.

“ദാ വീണ്ടും വരുന്നുണ്ട്. കണ്ണടച്ചോ…”

“ഹ, ഹ, ഹ… കണ്ണടച്ചിട്ടൊന്നും കാര്യമില്ല. കണ്ണടച്ചാൽ അപകടമില്ലാതെയാവുമോ?”

സാനിയ ചോദിച്ചപ്പോൾ താൻ പറഞ്ഞതിലെ വിഡ്ഢിത്തമോർത്ത് അശ്വിൻ ചിരിച്ചു. വിമലും.

“ഞാൻ പറഞ്ഞില്ലേ? നമ്മുടെ പേടകത്തിനകത്തിരിക്കുമ്പോൾ നമുക്കൊന്നും പേടിക്കാനില്ലെന്ന? ഇതിലേക്ക് എന്തുവന്നിടിച്ചാലും ഇത് തകരില്ല. ഒരു ജെല്ലിപോലെയുള്ള അയഞ്ഞവസ്തുവാണ് നമ്മുടെ പേടകത്തിന്റെ പുറം പാളി. വന്നിടിക്കുന്ന ശിലാവസ്തുക്കളും മറ്റും ഉരസിക്കടന്നുപോയിക്കൊള്ളും. ഇടിച്ചതിന്റെ ചലനങ്ങൾ പോലും ഇതിനകത്ത് അനുഭവപ്പെടില്ല. ഇത് മേഡ് ഇൻ ചൊവ്വയാണ് മക്കളേ. നിങ്ങളുടെ ഭൂമിയിലേതല്ല.”


“പക്ഷെ, ഞങ്ങളല്ലേയിത് നിർമ്മിച്ചത്? കടലാസുകൊണ്ട്? എത്ര കഷ്ടപ്പെട്ടുവിത് നിർമ്മിക്കാൻ!”

“നിങ്ങൾ കടലാസുകൊണ്ട് നിർമ്മിച്ചുവെന്നത് ശരിതന്നെ. പക്ഷെ ഇപ്പോഴിത് കടലാസുകൊണ്ടാണോയുള്ളത്? ഞാനന്ന് വീട്ടിലേക്കു വന്നപ്പോൾ ചൊവ്വയിൽനിന്നും കൊണ്ടുവന്ന പുത്തൻ സാങ്കേതികവിദ്യകൊണ്ട് കടലാസുപേടകത്തെ യഥാർത്ഥപേടകമാറ്റി മാറ്റിയിരുന്നില്ലേ? മറന്നുപോയോ?”

അശ്വിനും വിമലും ജാള്യതയോടെ മുഖത്തോടുമുഖം നോക്കി ചിരിച്ചു.

“മറന്നിട്ടൊന്നുമില്ല. മേഡ് ഇൻ ചൊവ്വയാണെന്നു സാനിയ അവകാശപ്പെട്ടപ്പോൾ പറഞ്ഞുവെന്നു മാത്രം.”

“ഊം. എന്തായാലുമതിനെക്കുറിച്ച് തർക്കം വേണ്ട. അവകാശം ആർക്കെങ്കിലുമായിക്കൊള്ളട്ടെ. നമുക്ക് കാഴ്ചകൾ കാണാം.”

ഭൂമിയുടെ അന്തരീക്ഷപരിധിക്കുള്ളിലായിരുന്നപ്പോഴുള്ള കാഴ്ചകളല്ല ഇപ്പോൾ. തലങ്ങും വിലങ്ങും ചെറുതും വലുതുമായ പല ആകൃതിയിലുള്ള വസ്തുക്കൾ ഒഴുകിനടക്കുന്നുണ്ട്. അവയുടെയിടയിലൂടെയാണ് പേടകം സഞ്ചരിക്കുന്നത്. അതിവേഗം ശിലാവസ്തുക്കളെ പിന്നാക്കംതള്ളി മുന്നോട്ടു കുതിക്കുകയാണ് വാഹനം.

“നമ്മളിപ്പോൾ ഭൂമിയിൽ നിന്നും പതിനായിരം കിലോമീറ്റർ മുകളിലേക്കെത്തിയെന്നല്ലേ പറഞ്ഞത്? എന്നിട്ടുമെന്താ നക്ഷത്രങ്ങളെയിപ്പോഴും പഴയതുപോലെ ചെറുതായിത്തന്നെ കാണുന്നത്? നമ്മളവയിലേക്കടുക്കുന്തോറും വലുതായിവരേണ്ടതല്ലേ?”

“പതിനായിരമല്ല. ഇരുപതിനായിരം കിലോമീറ്റർ പിന്നിട്ടുകഴിഞ്ഞു നമ്മൾ. ഞാനതിനിടയിൽ വാഹനത്തിന്റെ വേഗത വർദ്ധിപ്പിച്ചിരുന്നു. ഇനി നമുക്ക് പതിനാറായിരം കിലോമീറ്റർ കൂടെ സഞ്ചരിച്ചുകഴിഞ്ഞാൽ മറ്റു ചില കാഴ്ചകൾ കൂടെ കാണാം. നിങ്ങൾ ഭൂമിയിലെ മനുഷ്യർ വിക്ഷേപിച്ച ഭൂസ്ഥിര ഉപഗ്രഹങ്ങൾ ഭൂമിയെ വലംവെക്കുന്നത് മുപ്പതിത്തിയാറായിരം കിലോമീറ്റർ പരിധിയിലാണെന്ന പഠിച്ചിട്ടില്ലേ? അവയെയാണ് നമുക്കടുത്തതായി കാണേണ്ടത്. ഏതാനും നിമിഷങ്ങൾക്കകം നമ്മളവിടെയെത്തും.”

“പിന്നെ നക്ഷത്രങ്ങളുടെ കാര്യം. അവ ഇനിയുമെത്രയകലെയാണെന്നാണ് വിചാരിച്ചിരിക്കുന്നത്? നമ്മളിൽ നിന്നും കോടാനുകോടി കിലോമീറ്റുകളകലെയാണ് സൂര്യനോട് ഏറ്റവുമടുത്ത നക്ഷത്രം പോലും. പ്രോക്സിമാ സെഞ്ചൂറിയെക്കുറിച്ച് പഠിച്ചിട്ടില്ലേ?”

“ഉവ്വ്. പഠിച്ചിട്ടുണ്ട്. നാല് പ്രകാശവർഷങ്ങൾ അകലെയല്ലേ?”

“അതെ. പ്രകാശം ഒരു വർഷംകൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ് ഒരു പ്രകാശവർഷം. ഒരു സെക്കന്റിൽ മൂന്നു ലക്ഷം കിലോമീറ്റർ ആണ് പ്രകാശത്തിന്റെ വേഗത. അങ്ങിനെയെങ്കിൽ ഒരു വർഷത്തിൽ അത് എത്ര കിലോമീറ്ററായിരിക്കുമെന്ന ഒന്ന ഊഹിച്ചുനോക്കൂ. പതിനാലു കോടി തൊന്നൂറ്റിയാറ് ലക്ഷം കിലോമീറ്റർ അകലെയുള്ള സൂര്യനിൽ നിന്നും പ്രകാശം ഭൂമിയിലേക്കെത്തുന്നതിന് വെറും എട്ട് മിനിട്ടും, ഇരുപതു സെക്കന്റും മാത്രം മതിയെന്നും മനസ്സിലാക്കണം.”

“ഹൊ! ആലോചിക്കുമ്പോൾ തല പെരുക്കുന്നു. നക്ഷത്രങ്ങളിലേക്കുള്ള ദൂരമൊക്കെയവിടെ നിൽക്കട്ടെ. നമ്മളിപ്പോഴവിടേക്കൊന്നും പോകുന്നില്ലല്ലോ. നമ്മുടെ സൂര്യനിലേക്ക് പതിനാലുകോടി തൊന്നൂറ്റിയാറ് ലക്ഷം കിലോമീറ്റർ സഞ്ചരിക്കണമല്ലേ! ഇപ്പോൾ നമ്മൾ ഇരുപതിനായിരം കിലോമീറ്ററേ എത്തിയിട്ടുള്ളൂ. ഈ വേഗതയിൽ പോയാൽ നൂറ് കൊല്ലം കഴിഞ്ഞാലും നമ്മൾ സൂര്യനിലെത്തുമെന്ന തോന്നുന്നില്ല. സാനിയാ, നമ്മുടെ പേടകത്തിന്റെ വേഗത വർദ്ധിപ്പിച്ചേ പറ്റൂ.”

“അതെ. അതെനിക്കറിയാം. പക്ഷെ, നിങ്ങൾക്ക് കാണേണ്ടതായിട്ടുള്ള കാഴ്ചകൾ കാണിച്ചുതരാതെയും പറ്റില്ലല്ലോ. ദാ.. നമ്മൾ മുപ്പത്തിയാറായിരം കിലോമീറ്റർ ഉയരത്തിലെത്തിക്കഴിഞ്ഞു. ഈ മേഖലയിൽ നമുക്ക് ഭൂമിയിൽ നിന്നും മനുഷ്യരയച്ചിരിക്കുന്ന കൃത്രിമോപഗ്രഹങ്ങളെ കാണാൻ കഴിയും.”

“ഞങ്ങളുടെ ഇന്ത്യയിൽ നിന്നുമയച്ച ഉപഗ്രഹങ്ങളും കാണാൻ കഴിയുമോ?”

sreejith moothedathu , childrens novel, iemalayalam
“പിന്നില്ലാതെ? ഇന്ത്യയിൽ നിന്നും നേരത്തെയയച്ച ഇൻസാറ്റ് ഉപഗ്രഹങ്ങളും, ഇപ്പോഴയക്കുന്ന ജി സാറ്റ് ഉപഗ്രഹങ്ങളമൊക്കെ നമുക്ക് കാണാം. നോക്കൂ. നിങ്ങൾക്ക് ഭാഗ്യമുണ്ട്. ദാ, ആ വരുന്ന ഉപഗ്രഹമാണ് ജി സാറ്റ് ആറ് ഉപഗ്രഹം. അതാണ് നിങ്ങളുടെ മൊബൈൽ ഫോണിന്റെയും ഇന്റർനെറ്റിന്റെയുമൊക്കെ ഉപയോഗത്തിന് സഹായിക്കുന്നത്.”

“അപ്പോഴിവിടെയൊക്കെ മൊബൈൽ ഫോണിന് നല്ല റേഞ്ചായിരിക്കുമല്ലേ? എന്റെ വീട്ടിൽനിന്നും ഫോണ് വിളിക്കണമെങ്കിൽ മുറ്റത്തേക്കിറങ്ങിനിൽക്കണം. വീട്ടിന്റെയകത്ത് റേഞ്ച് കുറവാ.”
വിമൽ പറഞ്ഞ തമാശ സാനിയയും അശ്വിനും ആസ്വദിച്ചു ചിരിച്ചു.

“ഈ ഉപഗ്രഹത്തിൽനിന്നും അയക്കുന്ന സന്ദേശങ്ങൾ ഭൂമിയിൽ സ്ഥാപിച്ചിട്ടുള്ള മൊബൈൽ ഫോൺ ടവറുകൾ സ്വീകരിച്ചാണ് നിങ്ങളുടെ ഫോണുകളിലേക്കെത്തിക്കുന്നത്. വീട്ടിനുള്ളിൽ റേഞ്ച് കുറവാകാൻ കാരണം വിമലിന്റെ വീട്ടിനടുത്തെ ടവറിന്റെ കുഴപ്പമാണ്. അല്ലാതെ ഉപഗ്രഹത്തിന്റേതല്ല,” സാനിയ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.

“ഈ മേഖലയിൽ ധാരാളം ഉപഗ്രഹങ്ങളുണ്ട്. എല്ലാം ഭൂമിയിൽ നിന്നുമയച്ചവയാണ്. എല്ലാം കാണാൻ നിന്നാൽ നമ്മുടെ സമയം പോകുകയേയുള്ളൂ. നമ്മൾ പേടകത്തിന്റെ വേഗതകൂട്ടി പോവുകയല്ലേ?”

“അതെ. അതാണ് നല്ലത്. വേഗം പോകാം.”

“ഇവിടുള്ളതൊക്കെ ഭൂമിയിൽ നിന്നയച്ച ഉപഗ്രഹങ്ങളാണെന്നല്ലേ പറഞ്ഞത്? അപ്പോൾ നിങ്ങളുടെ ചൊവ്വയിൽ നിന്നും ഉപഗ്രഹങ്ങളൊന്നുമയച്ചട്ടില്ലേ?”

“ഉണ്ടല്ലോ. പക്ഷെ അവ ഞങ്ങളുടെ ഗ്രഹത്തിനുചുറ്റുമല്ലേ കറങ്ങിക്കൊണ്ടിരിക്കുന്നത്? ചൊവ്വാ ഗ്രഹത്തിൽനിന്നും ഒരു ലക്ഷം കിലോമീറ്റർ ഉയരത്തിലാണ് അവിടുത്തെയുപഗ്രഹങ്ങളൊക്കെ സഞ്ചരിക്കുന്നത്. അവ ചൊവ്വയ്ക്കും ഭൂമിക്കും ഇടയിലാണ്. പിന്നെ ഒരു രഹസ്യമുണ്ട്. പരമ രഹസ്യമാണ്. നിങ്ങൾ ഭൂമിയിലെ ആരോടും പറയില്ലായെങ്കിൽ ഞാനത് പറഞ്ഞുതരാം.”

“ഇല്ല. ഞങ്ങളാരോടും പറയില്ല. വേഗം പറയു.”

“അതീവ രഹസ്യമാണ്. അതേക്കുറിച്ചറിഞ്ഞാൽ ചിലപ്പോൾ നിങ്ങൾ ഭൂമിയിലെ മനുഷ്യർ ഞങ്ങളുടെ ശത്രുക്കളായി മാറും.”

“ഹേയ്.. ഇല്ലില്ല. ഞങ്ങളാരോടും പറയില്ല. പിന്നെ, ഭൂമിയിലെയാർക്കും ഇതേവരെ ചൊവ്വയിൽ മനുഷ്യരുണ്ടെന്ന അറിയുകപോലുമില്ലല്ലോ. പിന്നവരെങ്ങിനെ നിങ്ങളുടെ ശത്രുക്കളാകാനാണ്?”

“നിങ്ങൾ തിരിച്ചുചെന്ന സൂര്യയാത്രയുടെ വിശേഷങ്ങളൊക്കെ ശാസ്ത്രലോകവുമായി പങ്കുവെക്കില്ലേ? അപ്പോഴെങ്ങാൻ അവരറിഞ്ഞാലോ?”

“ഞങ്ങളെ അത്രയ്ക്കും വിശ്വാസമില്ലേ സാനിയയ്ക്ക്? അങ്ങിനെയാണെങ്കിൽ പറയേണ്ട. ഓ. വലിയ രഹസ്യക്കാരി വന്നിരിക്കുന്നു….” അശ്വിൻ മുഖം വീർപ്പിച്ചിരുന്നു.

“ഹയ്യട! അപ്പോഴേക്കും പിണങ്ങിയോ? പിണങ്ങല്ലേ. ഞാൻ പറയാം. ഞങ്ങളെ സംബന്ധിച്ചും നിങ്ങളെ സംബന്ധിച്ചും വളരെ പ്രധാനപ്പെട്ട രഹസ്യമാണ്.”

“ഒന്നു വേഗം പറ സാനിയേ. ടെൻഷനടിപ്പിക്കാതെ,” വിമലും നിർബ്ബന്ധിച്ചു.

“അതേ, നിങ്ങളുടെ ഭൂമിയിലെ ഓരോ സംഭവവികാസങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കാൻ ഞങ്ങളുടെ കുറച്ച് ചാര ഉപഗ്രഹങ്ങൾ ഭൂമിക്ക് ചുറ്റും കറങ്ങുന്നുണ്ട്. അത് ഇവിടെനിന്നും പതിനായിരം കിലോമീറ്റർ കൂടെ ഉയരത്തിലാണ്. നിങ്ങളുടെ ഉപഗ്രഹങ്ങൾക്കൊന്നും ഒരിക്കലും കണ്ടെത്താൻ കഴിയാത്ത വിധത്തിലാണവ വിന്യസിച്ചിരിക്കുന്നത്.”

സാനിയയുടെ വെളിപ്പെടുത്തൽ കേട്ട് അശ്വിനും വിമലും വാ പൊളിച്ചിരുന്നുപോയി.

sreejith moothedathu , childrens novel, iemalayalam
“അപ്പോൾ ഞങ്ങൾ സദാസമയം നിങ്ങളുടെ നിരീക്ഷണത്തിലാണല്ലേ?”

“അതെ. പക്ഷെ, നിങ്ങളെ ഉപദ്രവിക്കാനൊന്നുമല്ല അത്. നിങ്ങളുടെ ശാസ്ത്രലോകം എത്രത്തോളം വികാസം പ്രാപിച്ചുവെന്നും നിങ്ങളുടെ പ്രകൃതിയോടുള്ള സമീപനമെന്താണെന്നറിയാനും, ഭൂമിയിലെ മനുഷ്യരെക്കുറിച്ചും ജീവജാലങ്ങളെക്കുറിച്ചും സസ്യങ്ങളെക്കുറിച്ചുമൊക്കെയറിയാനും മറ്റുമാണ് ആ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചിരിക്കുന്നത്.”

“എന്നാലും നിങ്ങൾ ചെയ്യുന്നത് ശരിയല്ല. ഇനിയെങ്ങനെയാ വിശ്വസിച്ച് ഓരോ കാര്യങ്ങൾ ചെയ്യുക? ഛെ! മോശമായിപ്പോയി.”

ഭൂമിയിലെ മനുഷ്യർ ആരാലോ രഹസ്യമായി നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന അറിവ് മനുഷ്യരുടെ മൊത്തം പ്രതിനിധിയായി അശ്വിനെ അലോസരപ്പെടുത്തി. ഈ നിരീക്ഷണം തങ്ങളുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ്. അത് ശരിയല്ല. അവന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു.

“അതിലെന്താ ശരികേട്? ഞങ്ങളുടെ ഗ്രഹത്തെ നിരീക്ഷിക്കാൻ നിങ്ങളും മംഗൾയാൻ പോലുള്ള പേടകങ്ങളയച്ചിട്ടില്ലേ? അതുപോലെത്തന്നെയല്ലേയിതും?”

അതു ശരിയാണല്ലോയെന്ന വിമലിനും തോന്നി. പക്ഷെ അശ്വിൻ അംഗീകരിക്കാൻ തയ്യാറായില്ല.

“ഇത് അതുപോലെയല്ല. ചൊവ്വയിൽ മനുഷ്യരുണ്ടെന്ന ഞങ്ങൾക്ക് ഇതേവരെയറിയില്ല. അങ്ങനെയുണ്ടോയെന്ന പഠിക്കാനാണ് ഞങ്ങൾ പേടകമയച്ചത്. അവിടെയും മനുഷ്യരുണ്ടെന്നറിഞ്ഞിരുന്നെങ്കിൽ അവരുടെ സ്വകാര്യതയിലിടപെടാൻ ഞങ്ങളൊരിക്കലും ശ്രമിക്കില്ലായിരുന്നു.”

അശ്വിൻ പറഞ്ഞപ്പോൾ അതിൽ കാര്യമുണ്ടെന്ന സാനിയയ്ക്കും തോന്നി. ജാള്യതയോടെയവൾ പറഞ്ഞു “ഞങ്ങളും പഠനം നടത്താനാണ് ശ്രമിക്കുന്നത്. അല്ലാതെ നിങ്ങളുടെ സ്വകാര്യതയിലിടപെട്ടിട്ട് ഞങ്ങൾക്കെന്തുകാര്യം? എന്തെങ്കിലും അത്യാപത്ത് ഭൂമിയെ നേരിടുകയാണെങ്കിൽ ആ ഘട്ടങ്ങളിൽ സഹായിക്കാനും രക്ഷിക്കാനും ഞങ്ങൾക്ക് സംവിധാനങ്ങളുണ്ട്.”

അതുകേട്ടപ്പോൾ അശ്വിനൊരാശ്വാസമാണ് തോന്നിയത്. മനുഷ്യരുടെ അമിതചൂഷണം നിമിത്തം ഭൂമിക്കെന്തെങ്കിലും സംഭവിച്ചാൽത്തന്നെ സഹായിക്കാൻ ആരെങ്കിലുമുണ്ടല്ലോയെന്നൊരാശ്വാസം. അവൻ ചിരിച്ചു. സാനിയക്കൊരുമ്മകൊടുത്തു.

“ഞാൻ നിന്നെ തെറ്റിദ്ധരിച്ചതിൽ ക്ഷമിക്കണേ. നിന്റെയാളുകളുടെ ഉപഗ്രഹം ഞങ്ങൾക്കൊന്നു കാണിച്ചുതരാമോ? ഞങ്ങളാരോടും പറയില്ല.”

അശ്വിന്റെയും വിമലിന്റെയും മനസ്സ് മാറിയതിൽ അവൾക്കും സന്തോഷമായി.
“പിന്നെന്താ കാണിച്ചുതരാമല്ലോ. സത്യം പറഞ്ഞാൽ നിങ്ങളെയെനിക്ക് കണ്ടെത്താൻ കഴിഞ്ഞതും ആ ഉപഗ്രഹത്തിൽ നിന്നും ലഭിച്ച വിവരങ്ങളനുസരിച്ചാണ്. എന്റെ അച്ഛന്റെയൊരു സുഹൃത്ത് ആ പേടകത്തിൽ ജോലിചെയ്യുന്നുണ്ട്.”

“എന്ത്? നിങ്ങളുടെയുപഗ്രഹത്തിനുള്ളിൽ മനുഷ്യരുമുണ്ടെന്നോ? അത്ഭുതം തന്നെ. അവരെ നമുക്ക് കാണാൻ പറ്റുമോ? ഒന്ന പരിചയപ്പെടാനാ.”

“സന്തോഷമേയുള്ളൂ അവരെ പരിചയപ്പെടുത്താൻ. അവരൊക്കെ നല്ല അലിവുള്ള ശാസ്ത്രജ്ഞൻമാരാണ്. നിങ്ങളെപ്പോലെയുള്ള ശാസ്ത്രബോധവും സാഹസികതയുമുള്ള കുട്ടികളെ അവർക്ക് വലിയ ഇഷ്ടമായിരിക്കും.”

“എന്നാൽ നമുക്ക് വേഗം പോകാം. എനിക്ക് ചൊവ്വയിലെ ശാസ്ത്രജ്ഞരെ കാണാൻ കൊതിയായി.”

“നമ്മൾ എത്തിക്കഴിഞ്ഞല്ലോ. അതാണ് ഞാൻ പറഞ്ഞ ഉപഗ്രഹം.”
സാനിയ ചൂണ്ടിക്കാണിച്ചയിടത്തേക്ക് അശ്വിനും വിമലും ആകാംക്ഷയോടെ നോക്കി.

തുടരും…

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook