ശൂന്യാകാശത്തിൽ

“നമ്മൾ അതിവേഗത്തിൽ മുന്നോട്ടു പോവുകയാണ്. പതിനായിരം കിലോമീറ്റർ എന്ന അന്തരീക്ഷ പരിധി നമ്മൾ ഏതാനും നിമിഷങ്ങൾക്കകം ഭേദിക്കും. ശ്രദ്ധിച്ചിരിക്കൂ. അത് ഈ യാത്രയിലെ ഒരു സുപ്രധാന നിമിഷമായിരിക്കും.”

സാനിയയുടെ ആവേശജനകമായ വാക്കുകൾ കേട്ട് അശ്വിനും വിമലും കണ്ണുമിഴിച്ചിരുന്നു. എന്തായിരിക്കും സംഭവിക്കുക!

“പണ്ട്, ഭൂമിയിൽ വെച്ച് ഞങ്ങളിത് പഠിച്ചിട്ടുണ്ട്,” വിമൽ പറഞ്ഞു.

“അതിന് നമ്മൾ ഭൂമിയിൽ നിന്നും പറന്നുയർന്നിട്ട് ഏതാനും മണിക്കൂറുകൾ മാത്രമല്ലേയായുള്ളൂ. അല്ലാതെ ദിവസങ്ങളൊന്നുമായില്ലല്ലോ. പിന്നെന്താ പണ്ട് ഭൂമിയിൽനിന്നും പഠിച്ചിട്ടുണ്ടെന്നൊക്കെ പറയുന്നത്?”

സാനിയയുടെ ചോദ്യം വിമലിൽ ജാള്യത സൃഷ്ടിച്ചു. അവൻ യാത്രയുമായി വല്ലാതെ ലയിച്ചുകഴിഞ്ഞിരുന്നു. ഏതാനും മണിക്കൂറുകൾ മാത്രമേ ഭൂമിയിൽ നിന്നും പുറപ്പെട്ടിട്ടെങ്കിലും വർഷങ്ങൾക്ക് മുമ്പായിരുന്നു തങ്ങൾ ഭൂമിയിലുണ്ടായിരുന്നതെന്നും, കഴിഞ്ഞുപോയ ഭൂമിയിലെ നിമിഷങ്ങൾ വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്നവയാണെന്നും അവന് തോന്നി.

അന്തരീക്ഷത്തെക്കുറിച്ച് ക്ലാസ് മുറിയിൽ പഠിച്ചതോർക്കുകയായിരുന്നു അവൻ. ആ ക്ലാസ് മുറി രംഗങ്ങൾ തിരശീലയിലെന്നവണ്ണം മനസ്സിൽ തെളിയുകയാണ്. പഠിപ്പിക്കുന്നത് സ്കൂളിൽ അദ്ധ്യാപക പരിശീലനത്തിനായെത്തിച്ചേർന്ന വിദ്യാർത്ഥിനിയായ അദ്ധ്യാപികയായിരുന്നു. കാണാൻ സുന്ദരിയായിരുന്നു അവർ. അദ്ധ്യാപിക, വിദ്യാർത്ഥിനിയാണെന്ന് അറിയാവുന്നതുകൊണ്ടുതന്നെ കുട്ടികൾ, പ്രത്യേകിച്ചും ആൺകുട്ടികൾ വളരെ അലസമായാണ് ക്ലാസ്സിലിരിക്കന്ന്ത്. ബോർഡിൽ ഭൂമിയെയും അന്തരീക്ഷ പാളികളെയും വരച്ചുവച്ചിട്ടുണ്ട്. നടുവിൽ ഭൂമിയും അതിനു ചുറ്റുമായി സമാന്തരമായ വൃത്തങ്ങളുമാണ് വരച്ചിരിക്കുന്നത്. ഏറ്റവും അവസാനത്തെ വൃത്തത്തിനരികിൽ പതിനായിരം കിലോമീറ്റർ എന്ന് എഴുതിയിട്ടുണ്ട്.

“ടീച്ചർ, ആ പതിനായിരം കിലോമീറ്ററിന്റെ വര കഴിഞ്ഞാൽ ഭൂമിയുടെ നിയന്ത്രണം വിട്ടു അല്ലേ,” ക്ലാസ്സിലെ കുസൃതിയായ ദേവൻ ചോദിച്ചു.

“അതെ. പരിധി കഴിഞ്ഞാൽ നിയന്ത്രണം വിടുമല്ലോ. അതുവരെയേ ഭൂമിക്ക് ഗുരുത്വാകർഷണമുളളൂ.”

“നമ്മളെയൊക്കെ ഭൂമിയിൽ നിന്നും അകന്നു പോകാതെ പിടിച്ചുനിർത്തുന്നത് ഭൂമിയുടെ ഗുരുത്വാകർഷണമാണെന്നല്ലേ ടീച്ചർ പറഞ്ഞത്?”

“അതെ. ഭൂഗുരുത്വാകർഷണ ബലമാണ് നമ്മെ ഇവിടെ പിടിച്ചു നിർത്തുന്നത്. അല്ലെങ്കിൽ നമ്മൾ വായുവിലേക്ക് പൊങ്ങിപ്പോകുമായിരുന്നു.”

“അപ്പോൾ ആ പതിനായിരം കിലോമീറ്ററിന്റെ പരിധിക്കപ്പുറം കടന്നാൽ നമുക്ക് പറന്നു നടക്കാൻ പറ്റുമായിരിക്കുമല്ലേ?”

“അതെ. നമ്മൾ ആരുടെയും നിയന്ത്രണത്തിലല്ലാതിരിക്കുമ്പോൾ പട്ടംപോലെ പറന്നുനടക്കുകയാണ് ചെയ്യുക. നമ്മുടെ നിയന്ത്രണം ആരുടെയെങ്കിലും കൈയ്യിലുണ്ടായിരിക്കണം. അല്ലെങ്കിൽ നിയന്ത്രണം വിട്ടു പറക്കുന്ന നമുക്ക് ഒരിക്കലും തിരിച്ചുവരാൻ കഴിയില്ല.”

sreejith moothedathu , childrens novel ,iemalayalam
‘എനിക്ക് പട്ടംപോലെ പറക്കണം. ഞാൻ ആ പതിനായിരം കിലോമീറ്ററിന്റെ പരിധി ലംഘിക്കാൻ പോവുകയാ. ദാ ഇങ്ങിനെ,’ എന്ന് പറഞ്ഞുകൊണ്ട്, ആർക്കെങ്കിലും തടയാൻ കഴിയുന്നതിനു മുമ്പ് ദേവൻ ഡസ്കിന്റെ മുകളിൽ കയറി മുകളിലേക്കു ചാടി. ടീച്ചർ തലയിൽ കൈവെച്ചുപോയി. അടുത്ത നിമിഷം ദേവൻ ദാ കിടക്കുന്നു പൊത്തോയെന്നു പറഞ്ഞ് തറയിൽ.

“അയ്യോ! അയ്യോ…” അവൻ നിലവിളിച്ചു. കുട്ടികൾ ആർത്തു ചിരിച്ചു. ടീച്ചർക്കും ചിരിയടക്കാൻ കഴിഞ്ഞില്ല.

“ഹ ഹ ഹ…”  വിമൽ ഉറക്കെ ചിരിച്ചു. അവന്റെ പെട്ടെന്നുള്ള ഭാവപ്പകർച്ച കണ്ട് സാനിയയും അമ്പരന്നു.

“എന്തു പറ്റി വിമൽ?”

ഭൂഗുരുത്വാകർഷണ പരിധി കടക്കുമ്പോൾ മനുഷ്യർക്ക് പലതരം മാനസികപ്രശ്നങ്ങളുണ്ടാകാറുണ്ടെന്ന് അവൾ പറഞ്ഞുകേട്ടിട്ടുണ്ട്. ബഹിരാകാശ യാത്രികരായ മനുഷ്യരൊക്കെ ഈ പ്രശ്നങ്ങളനുഭവിക്കാറുണ്ടെന്നവളുടെ അച്ഛനവളോട് പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ കുട്ടികളെ യാത്രയ്ക്ക് തയ്യാറാക്കി ഭൂമിയിൽ നിന്നും തന്റെകൂടെ സൂര്യനിലേക്ക് കൊണ്ടുപോകുമ്പോൾ വളരെ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും അച്ഛൻ പറഞ്ഞിരുന്നു.

അവളും മനസ്സിൽ ചിരിച്ചു.

ദൂരെ, ചൊവ്വാ ഗ്രഹത്തിലെ പരീക്ഷണശാലയിലിരുന്ന് അച്ഛനും സഹശാസ്ത്രജ്ഞരും തങ്ങളെയിപ്പോൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരിക്കുമെന്നവളോർത്തു തങ്ങളുടെ ഓരോ ചലനങ്ങളും അവർ അവർ കാണുന്നുണ്ടാകും. യഥാർത്ഥത്തിൽ ചൊവ്വാ ഗ്രഹവാസികളായ ശാസ്ത്രജ്ഞർ നടത്തുന്ന ഒരു പരീക്ഷണത്തിന്റെ ഭാഗമാണ് വിമലും അശ്വിനുമെന്നത് അവരറിയുന്നില്ലല്ലോയെന്ന് സാനിയക്ക് സങ്കടം തോന്നി.

അവരെ വെറും പരീക്ഷണജീവികളായി തങ്ങളുപയോഗിക്കുകയാണെന്നത് അവളിൽ കുറ്റബോധമുണ്ടാക്കി. ഈ യാത്രയുടെ എല്ലാ രഹസ്യങ്ങളുമവരോട് തുറന്നു പറഞ്ഞാലോ? വേണ്ട. അടുത്ത നിമിഷമവൾ സ്വയം തിരുത്തി. അത് ചിലപ്പോൾ അപകടമുണ്ടാക്കിയേക്കും. വെറും പരീക്ഷണജീവികൾ മാത്രമാണ് തങ്ങളെന്ന തിരിച്ചറിവ് കുട്ടികളുടെ മാനസികാവസ്ഥയെ തകർക്കും. എവിടെനിന്നോ, ആരാലോ തങ്ങൾ ഓരോ നിമിഷവും നിരീക്ഷിക്കപ്പെടുന്നുണ്ടെന്നതും, നിയന്ത്രിക്കപ്പെടുന്നുണ്ടെന്നതുമായ ചിന്തയുണ്ടായാൽ അവരുടെ പ്രവൃത്തികൾ യാന്ത്രികമായി മാറും. പരീക്ഷണത്തിന്റെ വിജയത്തെയത് ബാധിക്കും.

“ദാ.. നമ്മൾ പരിധി ലംഘിച്ചുകഴിഞ്ഞു. കൈയ്യടിക്കൂ…”സാനിയ ആഹ്ളാദത്തോടെ വിളിച്ചുപറഞ്ഞപ്പോൾ വിമലും അശ്വിനും കൈയ്യടിച്ച് ആർത്തുവിളിച്ചു.

“നമ്മൾ പുറത്തുകടന്നേ… ഹീയ്യാ!”

അവർ പരസ്പരം കെട്ടിപ്പിടിച്ചു. കുട്ടികൾ സന്തോഷവാന്മാരാണെന്നും, കൂടുതൽ ഊർജ്ജസ്വലരാണെന്നും കണ്ട് സാനിയ സന്തോഷിച്ചു. പ്രതീക്ഷിച്ചതുപോലെ കുഴപ്പമൊന്നുമുണ്ടായില്ലല്ലോ. ഭാഗ്യം.

“എനിക്ക് പറക്കണം, “ക്ലാസ് മുറിയിൽ നിന്നും ദേവൻ പറന്നതിന്റെയോർമ്മയിൽ വിമൽ പറഞ്ഞു.

“പറക്കാനോ?”

“അതെ. നമ്മൾ ഭൂഗുരുത്വാകർഷണ പരിധി കടന്നല്ലോ. ഇനി താഴെ ഭൂമിയിലേക്കു വീഴാതെ പറക്കാലോ.”

“ഊം. ശരിയാണ്. പക്ഷെ പേടകത്തിൻ പുറത്ത് സൗരക്കാറ്റടിക്കുന്നുണ്ട്. ശ്രദ്ധിക്കണം. ദൂരെയെങ്ങോട്ടും പോകരുത്.”

വിമലിന്റെ ആഗ്രഹം സഫലീകരിച്ചുകൊടുക്കുന്നതിനായി സാനിയ പേടകത്തിന്റെ വാതിൽ തുറന്നുകൊടുത്തു. വിമൽ ചെറിയൊരു സങ്കോചത്തോടെയാണെങ്കിലും എഴുന്നേറ്റു.

പറക്കണമെന്നാഗ്രഹമുണ്ടെങ്കിലും പേടകത്തിൽ നിന്നും പുറത്തേക്കു ചാടിയാൽ എന്തുസംഭവിക്കുമെന്ന പേടിയുമവനുണ്ടായിരുന്നു. വെള്ളത്തിലേക്കിറങ്ങാൻ മടിച്ചുനിൽക്കുന്നതുപോലെയവൻ പേടകത്തിന്റെ വാതിൽക്കൽ നിന്നു.

“ഊം.. ഇറങ്ങിക്കോളൂ. പേടിക്കേണ്ട. വിമലിന്റെ ആഗ്രഹമല്ലേ. നടക്കട്ടെ.”

sreejith moothedathu , childrens novel ,iemalayalam
സാനിയയുടെ പ്രോത്സാഹനം കൂടിയായപ്പോൾ അവൻ പുറത്തേക്ക് കാലെടുത്തുവെച്ചു. താഴേക്കു വീണുപോകുമോയെന്നായിരുന്നു പേടി. അതുണ്ടായില്ല. ശൂന്യാകാശത്തുകൂടെ പക്ഷികൾ ചിറകുവീശുന്നതുപോലെ കൈകൾ പരത്തിവെച്ച് പറന്നു. അശ്വിൻ പേടകത്തിലിരുന്നതേയുള്ളൂ. വിമലിന്റെ കുസൃതി അപകടം ചെയ്യുമോയെന്ന് അവൻ ഭയക്കുന്നുണ്ടായിരുന്നു.

പൊടുന്നനെ പേടകത്തിനകത്തെ അലാറമടിച്ചു. ചൊവ്വാ ഗ്രഹത്തിൽ നിന്നുമുള്ള സന്ദേശമാണ്. സാനിയ സ്ക്രീനിലേക്കു നോക്കി. അച്ഛന്റെ മുഖം തെളിഞ്ഞുവന്നു. കുട്ടിയെ പേടകത്തിൽ നിന്നും പുറത്തിറക്കിയത് അപകടമാണെന്നും ശൂന്യാകാശത്തുകൂടെ സഞ്ചരിക്കുന്ന ഏതെങ്കിലും ശിലാവസ്തുക്കൾ വന്നിടിച്ചാൽ ഗുരുതരമാകുമെന്നുമായിരുന്നു സന്ദേശം. അവളുടെ പ്രവൃത്തിയെ ശാസിക്കുന്നുമുണ്ടായിരുന്നു അച്ഛൻ. സാനിയ പരിഭ്രമിച്ച് വിമലിനെ തിരിച്ചു വിളിച്ചു.

“വേഗം വരൂ. നമുക്ക് പോകാറായി.”

“ഇല്ല. ഞാൻ കുറച്ചുകൂടെ പറക്കട്ടെ. നല്ല സുഖമുണ്ട്.”

“അങ്ങനെ പറയല്ലേ വിമൽ. തിരിച്ച് പേടകത്തിലേക്ക് കയറൂ.”

“സാനിയ പേടിക്കേണ്ട. നല്ല സുഖമാണിങ്ങിനെ പൊങ്ങിക്കിടക്കാൻ. നിങ്ങൾ രണ്ടുപേരുംകൂടെ പുറത്തേക്കു വാ. നമുക്ക് കുറച്ചുനേരമിങ്ങിനെ നീന്തിക്കളിക്കാം.”

വിമൽ പിടികൊടുക്കാതെ പേടകത്തിൽ നിന്നും അകന്നുപോകാൻ ശ്രമം നടത്തി. അപ്പോൾ വീണ്ടും അലാറമടിച്ചു. ഇത്തവണ അച്ഛന്റെ മുഖം കൂടുതൽ പരിഭ്രാന്തമായിരുന്നു. വലിയൊരപകടം വരാൻ പോകുന്നുവെന്ന മുന്നറിയിപ്പ് നൽകുകയാണച്ഛൻ. ദൂരെനിന്നുമൊരു ഭീമാകാരനായ ശിലാവസ്തു അതിവേഗം പറന്നുവരുന്നത് സ്ക്രീനിൽ തെളിഞ്ഞു. സാനിയ വേഗം ദൂരദർശിനിയായ കണ്ണടയെടുത്തു ധരിച്ച് പുറത്തേക്കു നോക്കി. ശരിയാണ്. അത് വിമലിനെ ലക്ഷ്യമാക്കിയാണ് വരുന്നത്. അത് വന്നവനന്റെ ശരീരത്തിലിടിച്ചാൽ കഥ കഴിഞ്ഞതുതന്നെ.

“വിമൽ! വരൂ അപകടം…”

“ഇല്ല. ഞാൻ കുറച്ചുകൂടെ കളിക്കട്ടെ. നല്ല രസമുണ്ടിവിടെ. സാനിയയും, അശ്വിനും കൂടെ വാ. നമുക്ക് കളിക്കാം.”

“കളിയൊഴിവാക്കൂ വിമൽ. അപകടം വരുന്നൂ. വേഗം വന്നു പേടകത്തിൽ കയറൂ.”

വിമൽ അനുസരിക്കാൻ തയ്യാറല്ലെന്നുകണ്ട് സാനിയയ്ക്ക് ഭയം കൂടിവന്നു. ഉടനെയെന്തെങ്കിലും ചെയ്തേ പറ്റൂ. പേടകത്തിൽ അലാറമടിച്ചുകൊണ്ടിരിക്കുന്നുണ്ട്. സ്ക്രീനിൽ അച്ഛനോടൊപ്പം മറ്റു ശാസ്ത്രജ്ഞരുടെ മുഖങ്ങളും തെളിഞ്ഞുവരുന്നുണ്ട്. കുട്ടിയെ എത്രയും പെട്ടെന്ന് തിരിച്ച് പേടകത്തിലേക്ക് കയറ്റാനാണവർ പറയുന്നത്.

സാനിയയുടെ മുഖത്തെ പരിഭ്രാന്തിയും, സ്ക്രീനിൽ തെളിഞ്ഞുവരുന്ന മുഖങ്ങളുടെ ഭാവവും കണ്ട് എന്തോ അപകടം വരാൻ പോകുന്നുവെന്ന തോന്നൽ അശ്വിനുമുണ്ടായി. ആ മുഖങ്ങൾ ആരുടെതാണെന്നോ, അവർ പറയുന്നതെന്താണെന്നോ മനസ്സിലാക്കാൻ അവൻ കഴിയുന്നുണ്ടായിരുന്നില്ല. എങ്കിലും തങ്ങളുടെ യാത്രാഗതിയെക്കുറിച്ച് ആരൊക്കെയോ എവിടെനിന്നോ സാനിയയ്ക്ക് നിർദ്ദേശങ്ങൾ നൽകുന്നുണ്ടെന്നവൻ മനസ്സിലായി.

അശ്വിന്റെ മുഖത്തെ ഭാവമാറ്റങ്ങൾ സാനിയ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അവളുടെ ശ്രദ്ധമുഴുവൻ വിമലിനെ തിരിച്ചു വിളിക്കുന്നതിലായിരുന്നു. ദൂരദർശിനിയിലൂടെ അവളൊന്നുകൂടെ നോക്കി. അതാ അപകടം അടുത്തെത്തിക്കഴിഞ്ഞു. ഉടനെയെന്തെങ്കിലും ചെയ്തേ തീരൂ.

“വിമൽ.. ഇവിടെവരൂ..”

ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടവൾ പേടകം വിമലിന്റെയടുത്തേക്കടുപ്പിച്ചു. ബലം പ്രയോഗിച്ചാണെങ്കിലും അവന്റെ കൈയ്യിൽപ്പിടിച്ച് പേടകത്തിനുള്ളിലേക്ക് വലിച്ചു.

“എന്നെ വിട്. ഞാൻ കുറച്ചുകൂടെ കളിക്കട്ടെ. സാനിയാ, വിട്.”

അവനവളുടെ കൈയ്യിൽ കടിക്കാൻ ശ്രമിച്ചു. കഷ്ടപ്പെട്ട് ഒരുവിധത്തിൽ വിമലിനെ പേടകത്തിനുള്ളിലാക്കി വാതിലടച്ചമാത്രയിൽ ആ ഭീമൻ ശിലാവസ്തു പേടകത്തിൽ വന്നിടിച്ചു.

തുടരും…

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook