കടലിൽ മുങ്ങി മുത്തുവാരുന്ന ഫലായുടെ മകളാണ് ഷമ്മ. കടൽ തീരത്തുള്ള ചെറിയൊരു കുടിലിലായിരുന്നു ഷമ്മയും കുടുംബവും താമസച്ചിരുന്നത്. എല്ലാ വർഷവും ഫലാഹ് മുത്തുവാരാൻ പോകുമ്പോൾ മകൾ ഷമ്മ അയാളെ യാത്രയാക്കാൻ കടൽ തീരത്തേക്ക് പോകും.
ഓരോ യാത്രയ്ക്ക് ശേഷവും അയാൾ കൗതുകമുള്ള എന്തെങ്കിലുമൊരു സമ്മാനം ഷമ്മയ്ക്കായി കൊണ്ടുവരാറുണ്ട്. വിചിത്രമായ കല്ലുകൾ, പവിഴങ്ങൾ, ചിപ്പികൾ അങ്ങിനെ പലതുമുണ്ട് അവളുടെ ശേഖരത്തിൽ. കഴിഞ്ഞ തവണ ഫലാഹ് കൊണ്ടുവന്നത് വയലറ്റ് നിറത്തിൽ തിളങ്ങുന്ന ഒരു കല്ലായിരുന്നു. അത് മകൾക്ക് നൽകിക്കൊണ്ട് അയാൾ പറഞ്ഞു, “ഈ കല്ല് മറ്റൊരു ലോകത്തേക്കുള്ള താക്കോൽ ആണ്.”
ആ വർഷവും ഫലാഹ് മുത്തുവാരാൻ പോയി. നാലു മാസം കഴിഞ്ഞു, കപ്പലുകൾ മടങ്ങിയെത്തി തുടങ്ങി. എല്ലാ ദിവസവും ഷമ്മ കടൽ തീരത്തെത്തും. ദിവസങ്ങൾ കഴിഞ്ഞും ഫലാഹും സംഘവും എത്തിയില്ല. ഒരു രാത്രി അവൾ ഒരു സ്വപ്നം കണ്ടു – കടലിന്റെ നിറമുള്ള വെളിച്ചം, അതിൽ ഒരു സ്ത്രീയുടെ മുഖം, ശേഷം അതൊരു കപ്പലിന്റെ രൂപമായി മാറി.
അതവളുടെ ബാബായുടെ സാംബുക്ക് കപ്പലായിരുന്നു. അതിൽ ഫലാഹും കൂട്ടരും സഹായത്തിനായി കേഴുന്നു. ഒടുവിൽ ആ നീല മുഖമുള്ള സ്ത്രീ പറഞ്ഞു, “നാളെ സൂര്യോദയത്തിനു നീ കടൽ തീരത്ത് വരിക.” ഉണർന്നപ്പോൾ ഷമ്മയുടെ കയ്യിൽ ആ കല്ലുണ്ട്, എന്നാൽ ഉറങ്ങാൻ കിടക്കുമ്പോൾ അവളത് പെട്ടിക്കുള്ളിൽ വച്ചതായിരുന്നു.
അവൾ വെളുപ്പിനു തന്നെ കടൽ തീരത്തെത്തി. അതാ കടലിൽ നിന്ന് സ്വപ്നത്തിലെ സ്ത്രീ ഇറങ്ങിവരുന്നു. അവർ മൂർച്ചയുള്ള സ്വരത്തിൽ പറഞ്ഞു, “ഞാൻ കടലിലെ രാജ്ഞിയാണ്. നിന്റെ ബാബായും കൂട്ടരും എനിക്ക് കടുത്ത വ്യഥയുണ്ടാക്കി. അത്ഭുത ശക്തിയുള്ള കടൽ രത്നങ്ങൾ എനിക്കായി നിർമ്മിക്കുന്ന മാന്ത്രിക മത്സ്യത്തെ അവർ കൊന്നു. ഇനിയാരാണ് എനിക്ക് ശക്തികൾ നല്കുന്ന ആഭരണങ്ങൾ ഉണ്ടാക്കുക?”
“അല്ലയോ കടൽ റാണീ, അവർ അറിയാതെയാവും ആ മത്സ്യത്തെ കൊന്നിട്ടുണ്ടാവുക. അവരെവിടെയുണ്ട്?” ഷമ്മ ധൈര്യം സംഭരിച്ച് ചോദിച്ചു.

“അവർക്കൊന്നും സംഭവിക്കില്ല. പക്ഷെ നീ എനിക്ക് വേണ്ടി ആഭരണങ്ങൾ ഉണ്ടാക്കണം.”
“ഞാനോ? എനിക്കതൊന്നും അറിയില്ല.”
“ഞാൻ പഠിപ്പിക്കാം. നീ കടലിലെ ജലവും നിന്റെ കണ്ണീരും ലയിപ്പിക്കണം. എന്നിട്ട് നിന്റെ വയലറ്റു കല്ലെടുത്ത് ആ മിശ്രിതത്തിൽ മുക്കണം. കല്ല് ഉയർത്തുമ്പോൾ അതിൽ നിന്നിറ്റു വീഴുന്ന തുള്ളികൾ മുത്തുകളാകും. എല്ലാ വൈകുന്നേരങ്ങളിലും നീ എനിക്കായി ആഭരണമുണ്ടാക്കണം. അത്തരത്തിൽ ഏഴെണ്ണം എനിക്ക് വേണം. ഇത് മറ്റാരോടെങ്കിലും പറഞ്ഞെന്ന് ഞാനറിഞ്ഞാൽ, നീ ബാബായെ ഒരിക്കലും കാണില്ല.”
തുടർന്ന് എല്ലാ വൈകുന്നേരങ്ങളിലും ഷമ്മ കടൽ തീരത്ത് വന്നിരുന്ന് കണ്ണുനീരിൽ മുത്തുകൾ തീർത്ത് ആഭരണങ്ങളുണ്ടാക്കി. മൂന്നാം ദിവസം ഒരു ചെറുപ്പക്കാരൻ അവൾക്കരികിലേക്ക് വന്നു “നീ എന്താ ഒറ്റയ്ക്കിരുന്ന് കരയുന്നത്?”
‘ഞാനെന്റെ ബാബാ ഫലാഹ്യ്ക്ക് വേണ്ടി കാത്തിരിക്കുന്നു.’
“എനിക്കറിയാം നിന്റെ ബാബായെ. ഒരു തവണ കടലിൽ മുങ്ങിത്താഴ്ന്ന എന്റെ ജീവൻ രക്ഷിച്ചത് അദ്ദേഹമാണ്.” മുഹമ്മദ് എന്ന ആ ചെറുപ്പക്കാരൻ അവളുടെ വീടിനപ്പുറം താമസിക്കുന്നവനാണ്.
അടുത്ത വൈകുന്നേരം മുഹമ്മദ് മറഞ്ഞു നിന്ന് ഷമ്മയെ നിരീക്ഷിച്ചു. ഷമ്മ ആറ് ആഭരണങ്ങൾ ഉണ്ടാക്കി, റാണി അവൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടു. അവർ ഷമ്മയുടെ ജോലിയിൽ സംതൃപ്തയായിരുന്നു. റാണി ഒളിഞ്ഞുനിന്ന മുഹമ്മദിനെ മാന്ത്രിക ശക്തിയാൽ കണ്ടു.
“നീ ഈ രഹസ്യം മറ്റൊരാളോട് വെളിപ്പെടുത്തിയിരിക്കുന്നു, ഇനി നീ നിന്റെ ബാബായെ കാണില്ല.” അവർ തിരമാലകളിൽ മാഞ്ഞു. ഷമ്മ ഹൃദയം പൊട്ടി കരഞ്ഞു. മുഹമ്മദ് റാണി പോയ ദിശയിൽ കടലിലേക്ക് എടുത്തു ചാടി.
ദിവസങ്ങൾ കഴിഞ്ഞു. മുഹമ്മദ് വന്നില്ല. അവളോർത്തു, ഏഴല്ല പതിനാല് ആഭരണങ്ങൾ ഉണ്ടാക്കി ബാബായെയും മുഹമ്മദിനെയും എല്ലാവരെയും രക്ഷിക്കാം. അങ്ങിനെ എല്ലാം ഉണ്ടാക്കി വച്ചിട്ട് അവൾ റാണിയെ വിളിച്ചു. കോപാകുലയായ റാണിയെത്തി. ഷമ്മ സഞ്ചി തുറന്ന് പതിനാല് രത്നക്കല്ലുകൾ മണലിലിട്ടു.

“പതിനാല് മനോഹര രത്നങ്ങൾ! നീ നന്നായി പണിയെടുത്തു ഷമ്മാ, നാളെത്തന്നെ നിനക്ക് ബാബായെയും കപ്പലിനെയും തിരികെ കിട്ടും.”
“അപ്പോ മുഹമ്മദ്?”
“മുഹമ്മദ് എന്റെ അടിമയായി ജീവിക്കട്ടെ. അവൻ എന്നെ പിന്തുടർന്ന് കൊട്ടാരത്തിൽ കടന്നില്ലേ.”
“എന്റെ നിഷ്കളങ്കത അറിയിക്കുവാനാണ് അവൻ റാണിക്ക് പിന്നാലെ കടലിൽ ചാടിയത്.”
“ഞാനവനെ വെറുതെ വിടാം, പക്ഷെ അതിന്റെ കൂലി വലുതാണ്. ഇനി മുതൽ എനിക്ക് ശുദ്ധമായ കണ്ണീർ മതി. അവയ്ക്കാണ് രത്നങ്ങളെക്കാൽ മൂല്യം.”
അവൾ ദുഃഖത്തോടെ പറഞ്ഞു, “ഞാൻ കരയാം, എല്ലാ വെളുപ്പിനും കരയാം.” റാണി സംതൃപ്തിയോടെ ഷമ്മയെ നോക്കി പറഞ്ഞു “നാളെ ബാബായെ തിരികെ കൊണ്ടുവരാം മറ്റന്നാൾ മുഹമ്മദിനെയും.”
അടുത്ത ദിവസം രാവിലെ ഷമ്മയുടെ ബാബയെയും കൂട്ടരെയും കൊണ്ട് സാംബുക്ക് എത്തി. കരയാകെ വാർത്ത പടർന്നു. ആളുകൾ അവരെ സ്വീകരിക്കാനെത്തി. അവർ ഷമ്മയ്ക്ക് നന്ദി പറഞ്ഞു. അടുത്ത സൂര്യോദയത്തിൽ ആകെ പരവശനായ മുഹമ്മദ് കടലിൽ ഒഴുകി വന്നു.
ദിനം പ്രതി മുഹമ്മദ് സുഖം പ്രാപിച്ചുവന്നു. കരയുന്ന ഷമ്മയ്ക്കരികിലെത്തി അവൻ പറഞ്ഞു “നീ എന്റെ ജീവൻ രക്ഷിച്ചു, നിനക്കെന്റെ ഹൃദയം നിറഞ്ഞ നന്ദി.”
പക്ഷേ, റാണിയുമായുള്ള പുതിയ ഉടമ്പടിയോർത്ത് അവൾ വീണ്ടും കരയാൻ തുടങ്ങി. കണ്ണീരെല്ലം അവളൊരു മൺകുടത്തിൽ ശേഖരിച്ചു. അവൻ ഷമ്മയോട് പറഞ്ഞു, “ഷമ്മാ, നിന്റെ കണ്ണീർ സങ്കട കണ്ണീരാണ്. അതാണ് റാണിയെ കൂടുതൽ ശക്തിയുള്ളവളാക്കുന്നത്. ഇനി നീ സന്തോഷക്കണ്ണീർ പൊഴിക്കൂ.”
“അതെങ്ങനെ?”
“ശ്രമിക്കൂ. നിന്റെ ബാബയുടെ മടങ്ങിവരവും അവർ നിനക്ക് നന്ദി പറഞ്ഞതും ഓർക്കൂ. ബാബയുടെ സുഹൃത്തുക്കളുടെ ഭാര്യമാർ, കുട്ടികൾ ഒക്കെ സന്തോഷിച്ചില്ലേ. ഇപ്പോൾ നിന്റെ ഉമ്മിയ്‌ക്കൊപ്പം ബാബ എന്നുമുണ്ട്.”
ഷമ്മയുടെ കണ്ണിൽ നിന്ന് സന്തോഷക്കണ്ണീർ കുടുകുടെ ചാടി. എന്നും രാവിലെ മുഹമ്മദ് അവളെയും കൊണ്ട് മണൽത്തിട്ടയിൽ വന്നിരുന്ന് സന്തോഷം തോന്നുന്ന പലതും പറഞ്ഞ് അവളെ കരയിച്ചു. ഒരു ദിവസം കോപാകുലയായ റാണിയെത്തി.
“എന്നെ വീണ്ടും വഞ്ചിച്ചു നീ. നിന്റെ സന്തോഷാശ്രുക്കൾ മണലിൽ കളയൂ, അതവിടെ കിടന്ന് ഉണങ്ങിവറ്റട്ടെ.” മറഞ്ഞിരുന്ന മുഹമ്മദ് മൺകുടവുമായി ചാടിവീണു. അവൻ സന്തോഷ കണ്ണീരെല്ലാം റാണിയുടെ ദേഹത്തേക്കൊഴിച്ചു. നീല പുകയുയർന്നു, അവർ ആവിയായി മാറി.
- കുട്ടിക്കഥക്കൂട്ടിൽ നാളെ രണ്‍ജു എഴുതിയ കഥ വായിക്കാം
