Latest News

ഒരു ബഹിരാകാശ യാത്ര

വണ്ണാത്തിക്കിളിക്ക് ചന്ദ്രനിൽ പോകാൻ മോഹം. അവൾ ചാന്ദ്ര യാത്രയ്ക്ക് വട്ടം കൂട്ടി ബാഗൊരുക്കി. ബാഗിൽ എന്തൊക്കെയായിരുന്നു, ആൽമരത്തിനപ്പുറത്തെ ചന്ദ്രനിൽ അവളെത്തിയോ എന്നെല്ലാം അറിയണ്ടേ കുഞ്ഞുങ്ങളേ നിങ്ങൾക്ക്?

മൂന്ന് വർഷം മുമ്പ് 2018ൽ കേരളപ്പിറവിയും ശിശുദിനവും ആഘോഷിക്കുന്ന നവംബറിലാണ് ഐഇ മലയാളം കുട്ടികൾക്കായുള്ള വിഭാഗം ആരംഭിച്ചത്. കുട്ടികളുടെ രചനകളും കുട്ടികൾക്കായി മുതിർന്നവർ എഴുതിയ രചനകളും ഉൾപ്പെടുത്തിയാണ് ഐഇ മലയാളം മുന്നോട്ട് പോയത്. കോവിഡ് മഹാമാരി വന്നതോടെ കുട്ടികളുടെയും മുതിർന്നവരുടെയും ഓൺലൈൻ വായന വളരെയധികം വർദ്ധിച്ചു.

അതുകൊണ്ട് തന്നെ കുട്ടികളുടെ ലോകത്തെ ഗൗരവമായി കണ്ടുകൊണ്ട് തന്നെയുളള ഉളളടക്കം നൽകുന്നതിന് ശ്രദ്ധ ചെലുത്തിയ ഐഇ മലയാളത്തിന് കൂടുതൽ ഉത്തരവാദിത്തവും ചുമതലയും കുട്ടികളുടെ വിഭാഗത്തിൽ ഏറ്റെടുക്കേണ്ടി വന്നു. ആ ഉത്തരവാദിത്തോടുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് ഈ വർഷത്തെ കേരളപ്പിറവി ദിനത്തിൽ ആരംഭിച്ച കഥമാസം. എല്ലാ ദിവസവും കുട്ടികൾക്കായി ഒരു കഥ എന്നതാണ് ഈ കുട്ടിക്കഥക്കൂട്ടിലൂടെ ലക്ഷ്യമിടുന്നത്.

സാഹിത്യം മാത്രമല്ല, മറ്റ് വിഷയങ്ങളും കുട്ടികൾക്കായി അവതരിപ്പിക്കുന്നതിൽ ശ്രദ്ധ ചെലുത്തിയാണ് ഐഇ മലയാളം മുന്നോട്ട് പോകുന്നത്.

2018 നവംബർ ഒന്നിന് മലയാളത്തിലെ പ്രിയ കഥാകാരി പ്രിയ എ എസ് എഴുതിയ ‘പെരുമഴയത്തെ കുഞ്ഞിതളുകള്‍’ എന്ന നോവലും കൗമാരക്കാരിയായ അകിയാ കൊമാച്ചിയുടെ ഫൊട്ടോ ഗ്യാലറിയിലുമായാണ് ദ് ഇന്ത്യൻ എക്സ്പ്രസ്സിന്റെ ഐ ഇ മലയാളം കുട്ടികൾക്കായുളള പുതിയ വിഭാഗം ആരംഭിച്ചത്.

മൂന്ന് വർഷത്തിനുള്ളിൽ കുട്ടികൾക്കായുള്ള നോവലും കഥയും കവിതയും അടക്കം അഞ്ഞൂറോളം രചനകളാണ് ഐഇ മലയാളം പ്രസിദ്ധീകരിച്ചത്. ഇതിൽ പ്രിയ എ എസ്, മൈന ഉമൈബാൻ എന്നിവരുടെ രചനകൾക്ക് വിവിധ സാഹിത്യ പുരസ്കാരങ്ങളും ലഭിച്ചു.

കുഞ്ഞുങ്ങളെ ചുവന്ന റോസാ പുഷ്പം പോലെ നെഞ്ചോടു ചേർത്തു പിടിച്ചിരുന്ന ജവഹർലാൽ നെഹ്റുവിന്റെ ജന്മമാസം കൂടിയാണ് നവംബർ. നെഹ്റുവിനോടുള്ള സ്നേഹവും ആദരവും കുട്ടികൾക്കുള്ള കഥകളായി ഈ നവംബർ മാസം മുഴുവൻ ieMalayalam.comമിലെ താളുകളിലൂടെ വിരിയുകയാണ്

കഥകൾ, കുട്ടികളുടെ വളർച്ചയ്ക്ക് കാത്സ്യമെന്നതു പോലെ ആവശ്യമാണ്. കുട്ടികളെ കഥയുള്ളവരാക്കുന്നതിൽ കഥയോളം പങ്ക് വേറെന്തിനുണ്ട്? കഥയുമായി കാൽ നീട്ടിയിരിക്കാൻ ഒരു മുത്തച്ഛനോ മുത്തശ്ശിയോ ഇല്ലെങ്കിൽ തന്നെയും കഥ മധുരം നാവിലിറ്റിച്ചു കൊടുക്കുകയാണ് ഈ നവംബർ കഥക്കൂട്ട്.

കേരളപ്പിറവിയുടെ ഓർമ്മയിൽ വീണ്ടുമൊരു നവംബർ. മലയാണ്മയിലേക്ക് ഒരു പിടി കഥകളിലൂടെ കുട്ടികൾക്കൊപ്പം നടക്കാനൊരു ചെറു ശ്രമം. നാടായ നാട്ടിൽ നിന്നൊക്കെ പെറുക്കിയെടുത്ത കഥക്കല്ലുകൾ വച്ച് കുട്ടികൾ കൊത്തങ്കല്ലാടട്ടെ.

സ്നേഹത്തോടെ
എഡിറ്റർ

ഒരു ബഹിരാകാശ യാത്ര

വണ്ണാത്തി കിളിക്ക് കുറെ നാളായി വല്ലാത്തൊരു മോഹം. ചന്ദ്രനിൽ പോണം! എന്നും രാത്രി മരച്ചില്ലയിൽ ഇരുന്ന് അവൾ ചന്ദ്രനെ നോക്കി രസിക്കും. നിലാവുള്ള രാത്രികളിൽ അവളുടെ ചിറകിലെ തൂവലുകൾ തിളങ്ങും. അത് കാണുമ്പോൾ വണ്ണാത്തിക്ക് ആകെ ആവേശമാണ്. പാല് പോലുള്ള നിലാവിൽ കുളിക്കുമ്പോൾ തന്നെ എനിക്ക് സൗന്ദര്യം കൂടുന്നു, അപ്പോൾ ചന്ദ്രനുള്ളിൽ പോയി മുങ്ങി താഴ്ന്നാലോ? ഹയ്യ്… ഹയ്യ്… നല്ല രസമായിരിക്കും.

ചന്ദ്രന്റെ ഉള്ളിൽ ഒരു മുയൽ പമ്മി ഇരുപ്പുണ്ടല്ലോ. അവൻ അനങ്ങുന്നതൊന്നും കാണാറേയില്ല, പക്ഷെ ഓടുന്ന മുയലിനു ചന്ദ്രനിൽ എത്താമെങ്കിൽ പറക്കുന്ന എനിക്കാണോ എത്താൻ പറ്റാത്തത് എന്നാണ് വണ്ണാത്തിയുടെ ചോദ്യം!

അവൾ വീരൻ കാക്കയോട് ചോദിച്ചു, “നീ വരുന്നോടാ വീരാ, നമുക്ക് ചന്ദ്രനിൽ പോയി അടിച്ചു പൊളിക്കാം.”

അത് കേട്ട് വീരൻ കാക്ക വാ പൊത്തി ചിരിച്ചു. “ചന്ദ്രനോ? ആകാശത്ത് നിൽക്കണ വട്ടത്തിലുള്ള ചന്ദ്രനെയാണോ നീ ഉദ്ദേശിച്ചത്? പെണ്ണേ, അവിടെ ഓക്സിജൻ ഒന്നുമില്ല.”

“എന്നുവച്ചാൽ?”

“എന്നുവച്ചാൽ ദാ ഇങ്ങനെ ശ്വസിക്കാനൊന്നും പറ്റില്ലെന്ന്…” വീരൻ മൂക്കിലേക്ക് ശക്തിയായി കാറ്റു കയറ്റിയും ഇറക്കിയും കാണിച്ചു.

പക്ഷെ വണ്ണാത്തിക്കിളി അതിലൊന്നും വീണില്ല. വീരൻ കാക്കയ്ക്ക് പണ്ടേ ഇത്തിരി ഡമ്പ് പറച്ചിൽ കൂടുതലാണ്. അവൻ അന്ന് ഒരു ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന അമ്മായിയുടെ മാല അടിച്ചുമാറ്റി കൊണ്ട് വന്നിട്ട് അതു വിറ്റ് ബംഗ്ലാവ് വാങ്ങാൻ പോകുവാണെന്ന് പറഞ്ഞതും ഒടുവിൽ പൊലീസ് വന്ന് കാക്കക്കൂട്ടിൽ നിന്ന് മാല കണ്ടെടുത്തതും ഇവൻ ‘കാ, കാ’ എന്ന് വിളിച്ചോണ്ട് മരണപ്പാച്ചിൽ പാഞ്ഞതും ഒക്കെ വണ്ണാത്തി ഓർത്തെടുത്തു.

sonia rafeek, story, iemalayalam

അവൾ ബാഗ് പാക്ക് ചെയ്തു പോകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. ആ വഴി വന്ന റീന കുരുവിയോട് യാത്ര പറയാൻ തുടങ്ങിയപ്പോൾ അവൾ ചോദിച്ചു, “ആട്ടെ, നീ പോകാൻ തന്നെ തീരുമാനിച്ചതല്ലേ, ആ ബാഗ് ഒന്ന് തുറന്നെ, കാണട്ടെ.”

വണ്ണാത്തിയുടെ ബാഗിലെ വസ്തുക്കൾ കണ്ട റീന കുരുവിക്ക് ചിരി പൊട്ടി. കുറെ പയർ മണികളും കളിപ്പാട്ടങ്ങളും അഞ്ചാറ് മിട്ടായിയും.

“അയ്യേ, ഇതൊക്കെയാണോ ബഹിരാകാശ യാത്രയ്ക്ക് കൊണ്ടുപോവുക. അവിടെ ഇടാൻ പ്രത്യേക ഡ്രസ് ഒക്കെ വേണം കൊച്ചെ.”

വണ്ണാത്തിക്ക് ഒന്നും മനസ്സിലായില്ല. ആ മുയൽ ഒരു ഡ്രസ്സും ഇട്ടിട്ടില്ലല്ലോ എന്നോർത്ത് അവൾ ബാഗ് ഭദ്രമായി അടച്ച് വച്ചു. ഉടൻ റീന കുരുവി അവളെ പിന്നിൽ നിന്നും വിളിച്ചു, “നോക്ക് ചന്ദ്രൻ എത്ര ദൂരെയാണെന്ന് നിനക്ക് വല്ല ഐഡിയയും ഉണ്ടോ?”

“ഉണ്ടല്ലോ, ദാ ആ കാണുന്ന ആൽ മരത്തിനപ്പുറം ഒരു ഞാവൽ കാണുന്നില്ലേ, അതിന്റെ പിന്നിൽ നിന്നാ ചന്ദ്രൻ എപ്പോഴും വരാറ്.”

അത് കേട്ട് കുരുവി നിലത്ത് കിടന്ന് ഉരുണ്ടു പിരണ്ട് ചിരിക്കാൻ തുടങ്ങി. മാവിൽ തൂങ്ങി കിടന്നൊരു പഴുത്ത മാങ്ങ കുലുങ്ങി കുലുങ്ങി ചിരിച്ച് കൊണ്ട് ഞെട്ടിൽ നിന്ന് പിടി വിട്ട് പൊത്തോന്ന് നിലത്ത് വീണ് ചളി പിളീന്നായി.

വണ്ണാത്തി അതൊന്നും വകവയ്ക്കാതെ ചെയ്യാതെ ബാഗും തോളിൽ തൂക്കി പറന്നുയർന്നു. ചന്ദ്രൻ തന്നെ ലക്ഷ്യം.

sonia rafeek, story, iemalayalam

അവൾ മരങ്ങളും കടന്ന് മുകളിലേക്ക് ഉയർന്നു. സൂര്യൻ ഉച്ചിയിൽ എത്തി നിൽക്കുകയാണ്. അൽപ്പം കഴിഞ്ഞപ്പോൾ വണ്ണാത്തിക്ക് ദാഹിച്ചു, ചിറകുകൾ വല്ലാതെ കഴച്ചു. ആകെ ഒരു തളർച്ച. അപ്പോഴാണ് അത് വഴി കിളവൻ കഴുകൻ വന്നത്. ജീനിക്കഴുകൻ! വണ്ണാത്തി വേഗം കഴുകനരികിലേക്ക് പറന്നു. അവൻ താഴെ ഏതോ കോഴിക്കുഞ്ഞിനെ ലാക്കാക്കി വട്ടമിട്ട് പറന്ന് കൊണ്ടിരിക്കുകയാണ്.

“ജീനി അപ്പൂപ്പാ, ഈ ചന്ദ്രനിൽ എത്താൻ ഏതാ വഴി?”

“ഏതു ചന്ദ്രൻ,” ജീനിയപ്പൂപ്പൻ കണ്ണുമിഴിച്ചു.

“ആ മുയൽ ഇരിക്കുന്ന ചന്ദ്രൻ.”

“ഹ ഹ ഹ കുഞ്ഞി കിളീ, ഇവിടെ അടുത്തെങ്ങും ഒരു ചന്ദ്രനെയും എന്റെ കണ്ണിൽ പെട്ടിട്ടില്ല.”

വണ്ണാത്തിക്കിളി വിഷമിച്ച് തല താഴ്ത്തി.

“വാ, എന്റെ കൂടെ വാ. നീ കുറച്ച് റസ്റ്റ് എടുക്ക്,” ജീനിക്കഴുകൻ അവളെയും കൊണ്ട് ആ പ്രദേശത്തെ ഏറ്റവും ഉയരമുള്ള കുന്നിനു മുകളിൽ പോയി ഇരുന്നു. അവിടിരുന്നാൽ ലോകം മൊത്തം കാണാമെന്നു തോന്നും.

“എന്റെ വണ്ണാത്തി, നിനക്കറിയുമോ ചന്ദ്രൻ എവിടാണെന്ന്?”

“അറിയാല്ലോ, ആ ആൽ മരത്തിന്റെ…” പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ കഴുകൻ അവളെ തടഞ്ഞു.

“ചെ, ചെ. നിർത്ത് നിന്റെ മണ്ടത്തരം. ചന്ദ്രൻ ലക്ഷക്കണക്കിന് കിലോമീറ്റർ ദൂരെയാ. അവിടെങ്ങും നമുക്ക് പറന്നെത്താൻ കഴിയില്ല. നീ ആ മേഘങ്ങളേ കണ്ടോ.”

sonia rafeek, story, iemalayalam

ജീനി കഴുകൻ അവൾക്ക് വെള്ള പഞ്ഞിക്കെട്ടു പോലെ ഒഴുകി വരുന്ന മേഘങ്ങളെ ചൂണ്ടി കാണിച്ചു കൊടുത്തു. വണ്ണാത്തി നോക്കുമ്പോൾ നീലാകാശത്തിന്റെ തെളിമയിൽ ഒരു അച്ഛൻ മേഘവും അമ്മ മേഘവും കുഞ്ഞു മേഘവും കൈ കോർത്ത് പറന്നുല്ലസിക്കുന്നു. ഹായ് എന്ത് രസം. ഇത്രയും അടുത്ത് അവൾ ഒരിക്കലും മേഘങ്ങളെ കണ്ടിട്ടില്ല. അവൾ അവയെ തൊടാനായി ചിറകുകൾ ഉയർത്തി.

ചെറിയ കാറ്റടിച്ചപ്പോൾ അമ്മ മേഘം അച്ഛൻ മേഘത്തിന്റെ കയ്യും വിട്ട് കുഞ്ഞി മേഘത്തെയും കൊണ്ട് ദൂരേക്ക് ഒഴുകിപ്പോയി. അൽപ്പം കഴിഞ്ഞപ്പോൾ കുഞ്ഞിമേഘം അതാ മറ്റൊരു കൂട്ടുകാരൻ മേഘത്തെയും കെട്ടിപ്പിടിച്ച് ഓടിക്കളിക്കുന്നു. വണ്ണാത്തി കിളി കാറ്റും കൊണ്ട് ആകാശ കാഴ്ചകൾ നോക്കി ഏറെ നേരം ഉല്ലസിച്ചിരുന്നു. അപ്പോൾ ജീനി കഴുകൻ ചോദിച്ചു, “ഇനി ഞാൻ നിന്നെ വീട്ടിൽ കൊണ്ട് ചെന്നാക്കട്ടെ?”

അവൾ ചിരിച്ചുകൊണ്ട് തല കുലുക്കി. കഴുകൻ അവളെയും പുറത്തിരുത്തി പറന്നു പൊങ്ങി. വണ്ണാത്തിയെ കൂട്ടിൽ കൊണ്ടാക്കിയിട്ട് ജീനിക്കഴുകൻ റ്റാറ്റാ പറഞ്ഞു പിരിഞ്ഞു. വണ്ണാത്തി ബാഗ് കൂട്ടിൽ കൊണ്ട് വച്ചിട്ട് കൂട്ടുകാരെയെല്ലാം കാണാൻ പോയി. മടങ്ങി വന്ന അവളെ കണ്ട വീരൻ കാക്കയ്ക്കും റീന കുരുവിക്കും സന്തോഷമായി.

അന്ന് രാത്രി അവൾ ചന്ദ്രനെ നോക്കി തൂവലിളക്കി ചിരിച്ചുകൊണ്ട് പറഞ്ഞു, “കള്ള ചന്ദ്രാ, എത്ര ദൂരെ പോയി ഒളിച്ചാലും ഒരു നാൾ ഞാൻ നിന്നെ കാണാൻ വരും, നോക്കിക്കോ.”

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Sonia rafeek story for children oru bahirakasha yatra

Next Story
വയലറ്റും ഗ്രീനും-കുട്ടികളുടെ നോവൽ രണ്ടാം ഭാഗംpriya as novel
The moderation of comments is automated and not cleared manually by malayalam.indianexpress.com