scorecardresearch
Latest News

സിൻഡിയാ, കം ബാക്ക്

“ഏലിയൻ പുറത്തുവരൂ- ഞാൻ ഉപദ്രവിക്കില്ല. ഞാനും എന്റെ ചിന്നുച്ചേച്ചിയും എന്നും ഏലിയനെ കാത്തിരിക്കുന്ന കുട്ടികളാണ്” സോണിയാ ചെറിയാൻ എഴുതിയ കുട്ടികളുടെ കഥ വായിക്കാം.

സിൻഡിയാ, കം ബാക്ക്
ചിത്രീകരണം: സോണിയാ ചെറിയാന്‍

“ശ്ശൊ , ഒറ്റ മാച്ചും കൂടെ കളിക്കാനൊത്തെങ്കിൽ അമലിന്റെ ടീമിനെ പൊട്ടിക്കാരുന്നു… ഈ അമ്മ .”

ഫുട്ബോൾ കളിച്ച് വിയർത്ത് ഉണ്ണി മുറിയിലേക്ക് ഓടിക്കയറി വന്നതാണ്. രാത്രി എട്ടുമണിയായി. ആറു മണിക്ക് തുടങ്ങിയ കളിയാണ്. ലേറ്റായപ്പോൾ അമ്മ തപ്പി നടന്ന് ഗ്രൗണ്ടിൽ നിന്ന് പിടിച്ചു കൊണ്ട് വന്നു.

“ഹൊ, ഇനി കുളിക്കണം, ഹോം വർക് ചെയ്യണം.”

ഉണ്ണി ഷൂസ് ഊരി കട്ടിലിനടിയിലേക്ക് തൊഴിച്ചു. കാല് പോയി പതുപതുപ്പുള്ള എന്തിലോ കൊണ്ടു.
‘കീ ,കീ ‘ എന്നൊരു ശബ്ദം.

“അയ്യോ, ഇതെന്താണ് കട്ടിലിനടിയിൽ?” ഉണ്ണി പിന്നോട്ട് ചാടി .

“ഏലിയനോ?”

ഇന്നാള് ഉണ്ണിയും ചിന്നുവും കൂടി കണ്ട ഡിസ്നി സിനിമയിൽ കുട്ടികളുടെ മുറിയിൽ ഒളിച്ചിരിക്കുന്ന ഒരു അന്യഗ്രഹ ജീവി ഉണ്ടായിരുന്നു – നീല രോമമുള്ള അണ്ണാരക്കണ്ണൻ പോലത്തെ ഒന്ന്. യു എഫ് ഒ (പറക്കുംതളിക ) തകർന്നപ്പോൾ ജനലിലൂടെ പിടിച്ചു കയറിയതാണ് അത്.

ഉണ്ണി നോക്കി, ജനൽ തുറന്നു കിടപ്പുണ്ട് .പതിനാലാം നിലയിലെ ഫ്ലാറ്റ് ആണ്. ഉണ്ണിക്ക് കിടക്കയിൽ കിടന്ന് ആകാശം കാണാൻ ഇഷ്ടമായതു കൊണ്ട് ജനൽ ഒരിക്കലും അടച്ചിടാറില്ല.

ഉണ്ണിക്ക് ത്രില്ലടിച്ചിട്ട് വിറച്ചു! കുറച്ച് വിയർക്കുന്നുമുണ്ട്. (പേടിച്ചിട്ടല്ല ഉണ്ണിക്ക് പേടിയില്ലെന്ന്! )

പതുക്കെ പുറകോട്ട് നടന്ന്, വാതിലിൽ ചാരി നിന്ന് ജനലിലൂടെ പാളി നോക്കി. പുറത്ത് യു എഫ് ഓ വല്ലതും മൂളി പറക്കുന്നുണ്ടോ? പറക്കുംതളികയുടെ ടിക് ടിക് നീല വെളിച്ചമുണ്ടോ? ഇല്ല, ഒന്നും കാണാനില്ല. ചുറ്റും ഇരമ്പിപ്പായുന്ന ബാംഗ്ലൂർ സിറ്റി മാത്രം.

വാതിൽ തുറന്ന് ചിന്നു ചേച്ചിയെ വിളിച്ചാലോ – പക്ഷെ അതിനിടയിൽ ഏലിയൻ വന്നപോലെ തിരിച്ചു പോയ്ക്കളഞ്ഞാലെന്തു ചെയ്യും?

എല്ലാവർക്കും എളുപ്പത്തിൽ കിട്ടുന്ന കാര്യമല്ല ഒരു ഏലിയൻ വിസിറ്റ്; ഏലിയന് സംവദിക്കാൻ പറ്റുന്ന നല്ല ബുദ്ധിയുള്ള ഭൂമിക്കുട്ടികൾക്ക് മാത്രം. കിട്ടിയ സുവർണാവസരം ചുമ്മാ കളയാനോ, അത് വേണ്ട.
ഉണ്ണി ധൈര്യം സംഭരിച്ച് അടി വച്ചടിവച്ച് മുന്നോട്ട് നീങ്ങി.

“ഏലിയൻ പ്ലീസ് കം ഔട്ട്.
ഏലിയൻ ആ ജാ ,
ഏലിയൻ പുറത്ത് വരൂ “

അറിയാവുന്ന മൂന്നു ഭാഷയിലും പറഞ്ഞു നോക്കി. ഏലിയൻ ഏതു ഭാഷ പരിശീലിച്ചിട്ടാണ് ഭൂമിയിൽ ഉണ്ണി എന്ന കുട്ടിയെ വിസിറ്റ് ചെയ്യാൻ വന്നതെന്നറിയില്ലല്ലോ.

കിടക്കവിരി അനങ്ങുന്നുണ്ട്. അതാ ചിറക് കുടയുമ്പോലെ പടപടാ എന്നൊരു ശബ്ദം.

ഉണ്ണിയുടെ നെഞ്ചും പടപടായെന്ന് മിടിക്കുന്നുണ്ട്.

കട്ടിലിനടുത്തേക്ക് നീങ്ങി ഉണ്ണി ശബ്ദം താഴ്ത്തി പറഞ്ഞു.

“ഏലിയൻ പുറത്തുവരൂ- ഞാൻ ഉപദ്രവിക്കില്ല. ഞാനും എന്റെ ചിന്നുച്ചേച്ചിയും എന്നും ഏലിയനെ കാത്തിരിക്കുന്ന കുട്ടികളാണ്. മൂവിയൊക്കെ കണ്ട് ഏലിയനെ എങ്ങനെ കൂട്ടാക്കണമെന്ന് ഞങ്ങൾക്ക് നന്നായി അറിയാം.

ഒരാപത്തുമേൽക്കാതെ ഞങ്ങൾ നിന്നെ സംരക്ഷിക്കാം. ഏത് ഗാലക്സിയിൽ നിന്നാണ് നീ ? – ആൻഡ്രോമീഡയാണോ? അതോ NGC2336 -ൽ നിന്നോ? “

കറുപ്പും വെളുപ്പും നിറമുള്ള ഒരു ചിറകാണ് ആദ്യം പുറത്ത് വന്നത്. പിന്നാലെ വെളുപ്പു നിറമുള്ള ഒരു വലിയ സുന്ദരൻ പക്ഷി കട്ടിലിനടിയിൽ നിന്ന് ഇഴഞ്ഞ് പുറത്ത് വന്നു. നീണ്ട കഴുത്ത്, പിങ്ക് കാലുകൾ, ചുവന്ന കൊക്ക്. തൂവെള്ള ചിറകിനറ്റത്ത് ഫ്രില്ല് പിടിപ്പിച്ചതു പോലെ കറുപ്പു തൂവലുകൾ .

“എന്ത് ഭംഗിയാ ഏലിയാ, നിന്നെക്കാണാൻ! “

ഉണ്ണിയുടെ പേടിയൊക്കെ മാറി.

“കുട്ടീ “

നീണ്ട ചുവന്ന കൊക്കുകൾ പിളർത്തി പക്ഷി മറുപടി പറഞ്ഞു.

“ഞാൻ ഏലിയൻ അല്ല. ഭൂവാസി ആണ്.”

sonia cherian, story, iemalayalam

“ഒത്തിരി ഒത്തിരി ദൂരെ ഉത്തരാർദ്ധഗോളത്തിൽ നിന്ന്, മഞ്ഞു മൂടിയ നാട്ടിൽ നിന്ന് ഞാൻ വരുന്നു. ഒരു മഞ്ഞുപക്ഷി ആണ് ഞാൻ. ദേശാടനം നടത്തുന്ന ജലപ്പക്ഷി.”

ഉണ്ണിക്ക് നല്ല ഇച്ഛാഭംഗം തോന്നി.

‘എന്നാലും സാരമില്ല.’ അവൻ കരുതി. അന്യഗ്രഹത്തിൽ നിന്നല്ലെങ്കിലെന്ത് ഭൂഗോളത്തിന്റെ അങ്ങേത്തലയ്ക്കൽ നിന്നാണല്ലോ. പോരാത്തതിന് ആൾ മഞ്ഞുപക്ഷിയും.

” പറയൂ,പക്ഷിസഹോദരാ, വാട്ട് കാൻ ഐ ഡൂ ഫോർ യു?” ഉണ്ണി പക്ഷിയുടെ അരികിൽ നിലത്തിരുന്നു. തൂവെള്ള ചിറകുകളിൽ തൊട്ടുനോക്കി.

” ഞാൻ ആണല്ല, പെണ്ണാണ് കുട്ടീ, എനിക്ക് അൽപ്പം വെള്ളം തരൂ. വല്ലാത്ത ദാഹം. ഒരു പാട് ദൂരം പറന്ന് വന്നതാണ് ഞാൻ.”

സുന്ദരിപക്ഷി വല്ലാതെ തളർന്നിരിക്കുന്നു . സ്കൂൾ ബാഗിൽ നിന്ന് വാട്ടർ ബോട്ടിലെടുത്ത് ബാക്കിയിരുന്ന വെള്ളം ഉണ്ണി പക്ഷിയുടെ വായിലൊഴിച്ചു കൊടുത്തു. പക്ഷി മടുമടാ എന്ന് കുടിച്ചു.

“നിനക്ക് വിശക്കുന്നുണ്ടോ സുന്ദരിപ്പക്ഷീ?”

“ഉണ്ടോന്നോ, എത്ര ദിവസമായി ഭക്ഷണം കഴിച്ചിട്ട്.”

മേശപ്പുറത്ത് ഉണ്ണിക്ക് കഴിക്കാൻ അമ്മ കൊണ്ടുവന്ന് വെച്ച ഏത്തപ്പഴം പക്ഷിക്ക് കൊടുത്തു. പൊളിക്കുക പോലും ചെയ്യാതെ പക്ഷി അതു മുഴുവൻ ഗൾപ്പെന്ന് തിന്നു .

“സുന്ദരിപ്പക്ഷീ, നിനക്കെന്തു പറ്റി? എങ്ങനെ നീ ഇവിടെയെത്തി?” തിന്ന് കഴിഞ്ഞ് സമാധാനമായപ്പോൾ ഉണ്ണി പതുക്കെ ചോദിച്ചു.

“അങ്ങങ്ങ് യൂറോപ്പിലെ തണുപ്പു നാട്ടിൽ, മഞ്ഞുമൂടിയ താഴ്‌വരകളിലാണ് ഞങ്ങളുടെ വീട്. എത്ര നാളായി ഞങ്ങൾ പറന്നു തുടങ്ങിയിട്ട്! പറഞ്ഞല്ലോ, ഞങ്ങൾ ദേശാടനപ്പക്ഷികളാണ്.

ഞങ്ങളുടെ അമ്മയമ്മൂമ്മമാർ തൊട്ടേ ഇവിടെ അടുത്തെവിടെയോ ഉള്ള തടാകത്തിലേക്കാണ് ദേശാടനം വന്നുകൊണ്ടിരുന്നത്. ആ തടാകത്തിലെ തുരുത്തിലെ മരങ്ങളിലാണ് ഞങ്ങൾ കൂടു വെച്ച് മുട്ടയിട്ട് വിരിക്കാറ്.

ഇന്നലെ ഞങ്ങൾ പറന്നിവിടെത്തി. ലക്ഷ്യസ്ഥാനത്തെത്തിയ സന്തോഷത്തിൽ താഴ്ന്നിറങ്ങിയപ്പോഴോ ആ തടാകം കാണാനേയില്ല! ഞങ്ങൾ വല്ലാതെ വിഷമിച്ചു. ദിശ തെറ്റിയോ? ഒന്നും പിടികിട്ടിയില്ല. അമ്പരന്ന് തലങ്ങും വിലങ്ങും പറന്നു.

ഭയന്ന് പിടഞ്ഞ് പറന്നപ്പോൾ ഉയരം കൂടിയ കെട്ടിടത്തിൽ തട്ടി എന്റെ ചിറക് ഒടിഞ്ഞു. നേരെ താഴെ വീണേനെ, പക്ഷെ അപ്പോൾ ഭാഗ്യത്തിന് തുറന്ന് കിടന്ന ഈ ജനൽ കണ്ടു, അതിലൂടെ ഉള്ളിൽ കയറി പേടിച്ച് ഒളിച്ചിരുന്നു.

നീ സംരക്ഷിക്കാം എന്ന ഉറപ്പ് പറഞ്ഞപ്പോൾ എത്ര ആശ്വാസമെന്നോ കുട്ടീ . . . കുഞ്ഞുങ്ങൾ സത്യം പറയുമെന്ന് ഞങ്ങൾക്കറിയാം. “

സുന്ദരിപ്പക്ഷി നീണ്ട ചുണ്ടു പിളർത്തി ആശ്വസിച്ചു. അതിന്റെ വലത്തേ ചിറക് മുറിഞ്ഞ് ഒടിഞ്ഞു തൂങ്ങിക്കിടക്കുന്നത് ഉണ്ണി കണ്ടു. ചോര കിനിയുന്നുമുണ്ട്. ഉണ്ണി മുറിവിൽ തൊട്ടു നോക്കി.

“അയ്യോ,വേണ്ട …. തൊടല്ലേ.” പക്ഷി വേദന കൊണ്ട് ചിറക് കുടഞ്ഞു.

“എന്നാലും ഞങ്ങളുടെ തടാകം. അതിന്റെ നടുവിലെ തുരുത്തിൽ ഒരു വലിയ സീമച്ചിന്തമരം ഉണ്ടായിരുന്നു. അതിന്റെ കൊമ്പിലെ കൂട്ടിലാണ് എന്റെയമ്മ എന്നെ മുട്ടയിട്ട് വിരിയിച്ചത്.

അതെവിടെപ്പോയി? ഞങ്ങൾക്ക് സാധാരണ ദിശ തെറ്റാത്തതാണ് . ഞങ്ങളുടെ നാവിഗേഷന് എന്തുപറ്റിയോ എന്തോ?” പക്ഷി വിതുമ്പി.

ഉണ്ണിക്ക് പെട്ടെന്നാ കാര്യം ഓർമ്മ വന്നു.

“എന്റെ സുന്ദരിപ്പക്ഷീ, നിങ്ങളുടെ ദിശ തെറ്റിയതല്ല – ആ തടാകം ഇപ്പോഴില്ല. അത് മണ്ണിട്ട് നികത്തിയതാണ് അങ്ങ് മുന്നിൽ കാണുന്ന ആ നിരന്ന സ്ഥലം. അവിടെ വലിയൊരു തടാകമായിരുന്നു. നടുവിലെ തുരുത്തിൽ നിറയെ മരങ്ങളും ഉണ്ടായിരുന്നു.

ആറുമാസം മുന്നെയാണ് അവിടെ മണ്ണിട്ട് ഉയർത്തിയത്. ഇനി അവിടെ കെട്ടിടങ്ങൾ ഉണ്ടാക്കാൻ തുടങ്ങും. കഴിഞ്ഞയാഴ്ച കൂട്ടുകാർ പറയുന്നത് ഞാൻ കേട്ടിരുന്നു.” ഉണ്ണി സങ്കടത്തോടെ പറഞ്ഞു.

“ദൈവമേ, ,ദൈവമേ,” ങ്ങളിനി എന്തു ചെയ്യും? എന്റെ മക്കളെ ഞാനെവിടെ വളർത്തും?” പക്ഷി തലതല്ലിക്കരഞ്ഞു.

“നിന്റെ മക്കളോ?” അതെ, ഇതു കണ്ടോ? ഞാൻ പൂർണ ഗർഭിണിയാണ്.”

ഉണ്ണി പക്ഷിയുടെ വയറിൽ തൊട്ടു നോക്കി – പതുപതുത്ത തൂവലുകൾക്ക യിൽ മിനുത്ത പക്ഷിവയർ ഉരുണ്ട് വീർത്തിരിക്കുന്നു. “എന്റെ പാവം പക്ഷീ !” ഉണ്ണിക്കും സങ്കടം വന്നു.

“നാളെ വെളുക്കുമ്പോൾ എന്റെ കൂട്ടുകാർ ഒരു പക്ഷേ അടുത്ത തടാകങ്ങളിലെങ്ങോട്ടെങ്കിലും പറന്നു പോകുമായിരിക്കും. എനിക്ക് പറക്കാൻ വയ്യല്ലോ. ചിറകൊടിഞ്ഞു പോയല്ലോ, പൂർണ ഗർഭിണിയുമാണ്. ഉടനെ ഞാൻ മുട്ടയിടും. ” പക്ഷി വീണ്ടും നിലത്ത് തലതല്ലി. “അയ്യോ,എന്റെ കുഞ്ഞുങ്ങൾ മരിച്ചു പോകുമല്ലോ.”

sonia cherian, story, iemalayalam

ഉണ്ണി പക്ഷിയെ ചേർത്തുപിടിച്ചു. “കരയല്ലേ പക്ഷീ, കരയല്ലേ. നിന്നെ സംരക്ഷിക്കാമെന്ന് വാക്കു തന്നതല്ലേ ഞാൻ. നിനക്ക് എന്റെ ചിന്നുച്ചേച്ചിയെ അറിയുമോ? അവൾ ഏത് പ്രശ്നത്തിനും പരിഹാരം ഉണ്ടാക്കും. സ്കൂൾ ക്യാപ്റ്റൻ ആണ് എന്റെ ചേച്ചി. നീ കുറച്ച് നേരം കൂടി കട്ടിനടിയിൽ ഇരിക്ക്.”

ഉണ്ണി പക്ഷിയെ ഒളിപ്പിച്ച്, കിടക്കവിരി വലിച്ചു താഴ്ത്തി നിലം മുട്ടിച്ച് വിരിച്ചു. പിന്നെ നഖം കടിച്ചിരുന്ന് ആലോചിച്ചു .

അമ്മ “മോനേ,മോനേ, കുളിച്ചിട്ട് വാ, ഭക്ഷണം കഴിക്കാം” എന്ന് ബഹളം വെക്കുന്നുണ്ട്. വേഗം കുളിച്ച് ഉടുപ്പു മാറി ഉണ്ണി ഭക്ഷണം കഴിച്ചെന്ന് വരുത്തി.

“എന്താ കുട്ടാ, ഇത്ര സീരിയസ് ചിന്ത? എനിക്കൂടെ കേൾക്കാവുന്നതാണോ “എന്ന് അച്ഛൻ ചോദിച്ചപ്പോ “ഒന്നൂല്ല അച്ഛാ “എന്ന് പറഞ്ഞൊഴിഞ്ഞു..

ശനിയാഴ്ച വൈകുന്നേരമല്ലേ, ഇന്ന് ഉണ്ണിയുടെയും ചിന്നുവിന്റെയും മൂവി ഡേ ആണ്. ഉണ്ണീടെ മുറിയിൽ ലാപ്ടോപ്പിൽ അച്ഛൻ സിനിമയിട്ടു തന്നു. ചിന്നുവും വന്നു. അച്ഛനും കൂടെയിരുന്ന് സിനിമ കാണാൻ തുടങ്ങിയതാണ് .

‘ഇത് ഗ്രോൺഅപ്പിന്റെ സിനിമയല്ല, കുട്ടികൾക്ക് മാത്രമുള്ളതാണ്. ഒൺലി ഫോർ ചിൽഡ്രൻ ! ‘ എന്നൊക്കെ ബഹളം വെച്ച് അച്ഛനെ ഉന്തിത്തളളി പുറത്താക്കി. പാവം അച്ഛൻ ഹാളിലിരുന്ന് അമ്മയുടെ കൂടെ ടിവിയിൽ ഒരു മലയാളം സിനിമയിട്ട് കാണാൻ തുടങ്ങി.

ഉണ്ണി വാതിലടച്ചു. മൂവി സ്റ്റോപ് ചെയ്തു.

“ചിന്നുച്ചേച്ചീ ഒരു പ്രോബ്ലം ഉണ്ട് .”

“എന്താടാ, ആ ആൽബിൻ പിന്നെയും ബുള്ളി ചെയ്തോ?”

“അതൊന്നുമല്ല യൂറോപ്പിൽ നിന്ന് നമുക്കൊരു വിസിറ്റർ. ചിറകുള്ള അതിഥി.”

“റിയലി? നുണ പറയല്ലേ കള്ളാ.”

ഉണ്ണി ഷീറ്റ് ഉയർത്തി പക്ഷിയെ വിളിച്ചു.

“പക്ഷീ, ഇതാണെന്റെ ചിന്നുച്ചേച്ചി.” പക്ഷി പുറത്തു വന്ന് ചിന്നുവിന്റെ കാലിൽ ഉരുമ്മി.

“ശ്ശൊ, എന്തൊരു മിനുമിനുപ്പ്! എന്തൊരു ഭംഗി!” ചിന്നു തുള്ളിച്ചാടി.

“ഉണ്ണീ, നീ പക്ഷിയെ ‘ പക്ഷി ‘ എന്നു വിളിക്കുന്നോ? കഷ്ടം തന്നെ. നിന്നെ ആരെങ്കിലും മനുഷ്യാ എന്ന് വിളിച്ചാൽ നിനക്കെന്ത് തോന്നും?”

ഉണ്ണിക്ക് അപ്പോഴാണ് ആ ബോധം വന്നത്.

“സോറി, പക്ഷീ, നിന്റെ പേരെന്താണ്?”

“എന്റെ പേര് സിൻഡിയാ” പക്ഷി ഇടതു ചിറകിലെ തൂവലുകൾ വിടർത്തി .

“എന്തു നല്ല പേര്! എത്ര സുന്ദരി! നീയൊരു സിൻഡ്രല്ലാ തന്നെ. മഞ്ഞു നാട്ടിൽ നിന്ന് കാതങ്ങൾ പറന്നു വന്ന എന്റെ സുന്ദരി സിൻഡിയാ! മഞ്ഞു നിറമുള്ള തൂവലുകൾ – മഷിയെഴുതിയ പോലത്തെ പളുങ്കുനീല കണ്ണുകൾ !” ചിന്നു പക്ഷിയുടെ കഴുത്തിൽ കെട്ടിപ്പിടിച്ചു.

ഉണ്ണി കഥകൾ എല്ലാം പറഞ്ഞു.

“ചിന്നുച്ചേച്ചീ നമുക്കീ പ്രശ്നത്തിനൊരു പരിഹാരം കാണണം.”

“ആദ്യമേ നമുക്ക് സിൻഡിയുടെ ചിറകൊടിഞ്ഞതിന് എന്തെങ്കിലും ചെയ്യാം. പിന്നെ ബാക്കി കാര്യങ്ങൾ. പാവം, അവൾക്ക് നല്ല വേദനയുണ്ട് – പറക്കാൻ വയ്യ. പോരാത്തതിന് മുട്ടയിടാറായിരിക്കുന്നു.”

പക്ഷികളുടെ ചിറകൊടിഞ്ഞാൽ എന്തു ചെയ്യണം’ ചിന്നു ഗൂഗിളിൽ പരതി.

“ഹൊ, എന്റെ സിൻഡീ, നിനക്ക് ഇനി മൂന്നാഴ്ച്ച പറക്കാൻ പറ്റില്ല. ചിറക് അനക്കാതെ വെക്കണം.”

സിൻഡിയുടെ പളുങ്കു കണ്ണുകളിൽ വെള്ളം നിറഞ്ഞു.

“കരയല്ലേ സിൻഡി, ഞങ്ങളില്ലേ – നിന്റെ കുഞ്ഞുങ്ങൾക്ക് ഞങ്ങൾ തീറ്റയെത്തിക്കും.” ഉണ്ണി വാക്ക് കൊടുത്തു.

സിൻഡിയുടെ മുറിവ് കഴുകി വൃത്തിയാക്കി ചിന്നു മരുന്നു വെച്ചു. സിൻഡി വേദന കടിച്ചു പിടിച്ച് ശബ്ദിക്കാതെ ഇരുന്നു. ഉണ്ണി ഇൻസ്ട്രുമെന്റ് ബോക്സിൽ നിന്ന് സ്കെയിൽ കൊണ്ടുവന്നു. ചിറകിന്റെ ഒടിഞ്ഞ എല്ലിൻ കഷണങ്ങൾ ചേർത്ത് വെച്ച് സ്കെയിൽ വെച്ച് കെട്ടി. വീണ്ടും തുണി ചുറ്റി രണ്ടാളും കൂടെ കെട്ടുറപ്പിച്ചു.

“ഹൊ സൂപ്പറായിട്ടുണ്ട് ഇമ്മൊബിലൈസേഷൻ! ഇനി അനങ്ങില്ല. വേഗം ഉണങ്ങും ഇനി എല്ലിന്റെ പൊട്ടൽ.” ചെയ്ത ജോലിയിൽ ചിന്നുവിന് വളരെ തൃപ്തി തോന്നി.

സിൻഡി കണ്ണടച്ച് കരച്ചിൽ പുറത്തുവരാതെ ചുണ്ടും പൂട്ടി ഇരിക്കുകയാണ്. അടഞ്ഞ പക്ഷിക്കൺപോളയിലൂടെ കണ്ണുനീർ കുടുകുടായെന്ന് ഒഴുകുന്നു. ശബ്ദം വച്ച് കരഞ്ഞാൽ അമ്മയും അച്ഛനും കേട്ടാലോ എന്ന് പേടിച്ചാണ്. പാവം .

ചിന്നു അടുക്കളയിൽ പോയി ഫ്രിഡ്ജിലെ പാത്രത്തിൽ നിന്ന് ഉണക്ക മീൻ എടുത്തു കൊണ്ട് വന്നു.

ഉണക്ക മീൻ വായിൽ വെച്ചു കൊടുത്തപ്പോ സിൻഡിയയുണ്ട് പക്ഷിച്ചുണ്ട് മുഴുവൻ വിടർത്തി ചിരിക്കുന്നു. ചുവന്ന കൊക്കു പിളർന്നപ്പോൾ ഉള്ളിൽ അതിലും ചുവചുവന്നൊരു കുഞ്ഞു നാക്ക്!

“ആഹാ, അപ്പോ ചിരിക്കാനും അറിയാം അല്ലേ, എന്റെ സിൻഡ്രല്ലക്ക് ” ചിന്നു പക്ഷിക്കൊക്കിൽ പിടിച്ച് പുന്നാരിച്ചു.

sonia cherian, story, iemalayalam

ഉണ്ണി അവന്റെ പഴയ ഷൂസുകൾ ഇട്ടുവെച്ചിരുന്ന കാർഡ് ബോർഡ് പെട്ടി കാലിയാക്കി. അതിൽ ചെറുതായിപ്പോയ തണുപ്പുടുപ്പുകളും ടീഷർട്ടുകളും ഇട്ട് സിൻഡിക്ക് കിടക്കാൻ പതുപതുപ്പുള്ള ഒരു മെത്തയുണ്ടാക്കി.

അങ്ങനെ സിൻഡിക്കൊരു കുഞ്ഞു വീടായി. ‘സിൻഡി ഹൗസ്!’ ജനൽപ്പടിയുടെ താഴെ ചെടി വളർത്താനായി ഒരു ഇടമുണ്ട്. അതിലിറക്കി വെച്ചാൽ പിന്നെ ആരും കാണില്ല.

“ഉണ്ണീ, രാവിലെ അടിച്ചു വാരാൻ ശാന്തിയാന്റി വരും. അതിനു മുന്നെ നമുക്ക് സിൻഡി ഹൗസ് പുറത്തേക്ക് മാറ്റണം.” ചിന്നു ഉറങ്ങാൻ പോയി.

പാവം സിൻഡി, ക്ഷീണിച്ച് തളർന്നതല്ലേ, വേഗം നല്ല ഉറക്കമായി. പെട്ടി കട്ടിലിനടിയിലേക്ക് തള്ളിവെച്ച് ഉണ്ണിയും ഉറങ്ങാൻ കിടന്നു. ഇത്രയും ദൂരം പറന്നു വന്നിട്ട് ഒടുവിൽ സിൻഡിക്കും കൂട്ടുകാർക്കും വന്ന ദുര്യോഗമോർത്ത് ഉണ്ണിക്ക് ഉറങ്ങാൻ നേരവും കരച്ചിൽ വന്നു. അതിനൊക്കെ കാരണം മനുഷ്യർ ആ തടാകം നികത്തിയതാണല്ലോ എന്നോർത്തപ്പോൾ സങ്കടം പിന്നെയും പൊട്ടിപ്പൊട്ടി വന്നു.

രാവിലെ തന്നെ ചിന്നു വന്നു. സിൻഡിയാണെങ്കിൽ നല്ല ഉറക്കം. ഉണർത്തി ഭക്ഷണം കൊടുത്ത് രണ്ടാളും കൂടെ സിൻഡി ഹൗസ് ജനലിലൂടെ ഉയർത്തിയെടുത്ത് പുറത്ത് വിൻഡോ ബോക്സിൽ വെച്ചു. അവൾക്ക് പകൽ കഴിക്കാൻ പാത്രത്തിൽ വെള്ളവും കുറച്ച് പഴങ്ങളും കൂടെ വെച്ചു. കാർഡ് ബോർഡ് ബോക്സിന് മുകളിൽ ഒരു തുണിയുടെ മൂടി കൂടെ ഇട്ടപ്പോഴേക്കും, എല്ലാം സേഫ്.

” ഇത്ര രാവിലെ എന്റെ മക്കളെന്താ പരിപാടി? അല്ലെങ്കിൽ ഞായറാഴ്ച പത്തുമണിയായാലും എഴുനേൽക്കാത്ത എന്റെ കുഞ്ഞുമടിയൻമാർക്ക് ഇന്നെന്തു പറ്റി?” എന്നും ചോദിച്ച് അമ്മയെഴുന്നേറ്റ് വന്നു.

“ഞങ്ങൾ ഒരു പ്രൊജക്ട് ഉണ്ടാക്കുകയാണമ്മേ” എന്നൊക്കെ പറഞ്ഞൊഴിഞ്ഞു.

ശാന്തിയാന്റി അടിച്ചു തുടയ്ക്കാൻ വന്നപ്പോൾ ഫ്ലാറ്റുകളുടെ ബാൽക്കണിയിലെല്ലാം ചേക്കേറിയ വലിയ വെള്ളക്കൊക്കുകളെക്കുറിച്ച് പറഞ്ഞു. ഹൗസിങ്ങ് കോളനി നിറയെ വെളുത്ത കൊക്കുകൾ. ആൾക്കാർ ഉണർന്ന് വടികളും ചൂലുകളുമൊക്കെയായി അവയെ ആട്ടിയോടിക്കുന്നു. അവ വീടുകൾ വൃത്തികേടാക്കുമത്രേ.

“പാവത്തുങ്ങൾ. പഴയ ഓർമയിൽ വന്നതാ മക്കളേ, തടാകം നികത്തിയത് ഇവരെങ്ങനെ അറിയാനാ . അങ്ങ് ആ കാണുന്ന കെട്ടിടം പണിയുന്ന സ്ഥലത്ത് കഴിഞ്ഞ കൊല്ലം വരെ വലിയൊരു തടാകമല്ലായിരുന്നോ? തടാകത്തിന്റെ നടുവിലെ തുരുത്തിൽ നിറച്ച് സീമച്ചിന്തമരങ്ങളും?അവിടെ എല്ലാ കൊല്ലവും കൂടു വെയ്ക്കാൻ വന്നിരുന്നതാണിവർ.” ശാന്തിയാന്റി കുട്ടികളോട് കന്നഡയിൽ പറഞ്ഞു.

ശാന്തിയാന്റിയുടെ വീട് അതിനുമപ്പുറത്താണ്. ബാംഗ്ലൂരിൽ ജനിച്ചു വളർന്നയാളാണ്. ഉണ്ണിയും ചിന്നുവും ശാന്തിയാന്റിയും കൂടെ ബാൽക്കണിയിൽ നിന്ന് ഫ്ലാറ്റുകാർ പക്ഷികളെ തുരത്തുന്നത് സങ്കടത്തോടെ നോക്കി നിന്നു .

“ആരും വീഡിയോ എടുക്കല്ലേ , ഫോട്ടോ എടുക്കല്ലേ, ഇൻസ്റ്റയിലും ഫേസ്ബുക്കിലുമൊന്നും പോസ്റ്റ് ചെയ്യല്ലേ. പുറത്ത് അറിഞ്ഞാൽ പ്രശ്നമാ- ദേശാടനപ്പക്ഷികളാ.”

ഫ്ലാറ്റ് മാനേജർ അങ്ങോട്ടുമിങ്ങോട്ടും ബഹളം കൂട്ടി ഓടി നടക്കുന്നുണ്ട്. കൈകളിൽ വടികളുമായി പക്ഷികളെ തല്ലിപ്പറത്തിക്കൊണ്ട് പുറകെ സെക്യൂരിറ്റി സ്റ്റാഫുമുണ്ട്. വെപ്രാളത്തോടെ ആകാശത്ത് ഉയർന്ന് പറന്ന പക്ഷികളെല്ലാം കുറെക്കഴിഞ്ഞപ്പോൾ എങ്ങോട്ടോ കൂട്ടമായി പറന്നു പോയി.

“പോയി, പാവങ്ങൾ -സിൻഡിയുടെ കൂട്ടുകാർ എല്ലാവരും ഇവിടം വിട്ടു പോയി.” ചിന്നു ഉണ്ണിയോട് പറഞ്ഞു.

“ഇന്നലെ ഞാൻ ഇവരെക്കുറിച്ച് നെറ്റിൽ പഠിക്കുകയായിരുന്നു. ചിക്കോണിയ എന്ന ദേശാടന ജലപ്പക്ഷിയാണ് സിൻഡി.’ വൈറ്റ് സ്റ്റോർക്ക് ‘ ഉത്തരാർദ്ധ ഗോളത്തിലെ തണുപ്പു ദേശത്തു നിന്നാണ് പറന്ന് വന്നത്. യുക്രേൻ, പോളണ്ട്, ജർമ്മനി ഇവിടുന്നെവിടുന്നെങ്കിലുമൊക്കെയാവും.”

” ഇത്രവും ദൂരെയോ ചേച്ചീ?”

” അതെ ഇത്രയും ദൂരം! ആറായിരത്തിലധികം കിലോമീറ്റർ. ഇതിലുമെത്രയോ ദൂരം പറക്കുന്ന ദേശാടനപ്പക്ഷികളുണ്ട്! മഞ്ഞു ഭൂമിയല്ലേ, അവിടെ തണുപ്പു കാലത്ത് ബുദ്ധിമുട്ടാണ്-പകലിന്റെ നീളം കുറയും – സൂര്യപ്രകാശം വളരെ കുറയും. ഇരകൾ കിട്ടാനില്ലാതാവും. അപ്പോഴാണ് ഇവർ ദേശാടനത്തിന് പുറപ്പെടുക. ഊഷ്മളമായ ദേശങ്ങളിലേക്ക്.”

രണ്ടു ദിവസം കഴിഞ്ഞപ്പോൾ സിൻഡി മുട്ടയിട്ടു.മിനുമിനാ വെളുത്ത മൂന്നു മുട്ടകൾ. അടയിരിക്കുന്ന സിൻഡിക്ക് കുട്ടികൾ മീനും ചോറും പഴങ്ങളുമെല്ലാം ഒളിച്ചു കടത്തിക്കൊണ്ടുവന്ന് കൊടുത്തു. കുട്ടികൾ സ്കൂൾ വിട്ടു വന്നാൽ പിന്നെ അമ്മയും അച്ഛനും ഓഫീസിൽ നിന്നു വരുന്ന വരെയുള്ള സമയം സിൻഡിയുടെ കൂടെയാണ്.

അവളെ പെട്ടിയോടെ എടുത്ത് മുറിയിലേക്ക് കൊണ്ടുവരും. രാത്രിയിൽ സിൻഡി ഉണ്ണിയുടെ കട്ടിലിനടിയിൽ ഉറങ്ങും.

മഞ്ഞുദേശത്ത് നിന്നുളള നീണ്ട സഞ്ചാര വഴിയിലെ കാഴ്ചകളും കഥകളും കൗതുകങ്ങളുമെല്ലാം സിൻഡി അവരോട് പറയും. കരിങ്കടലിന് കുറുകെ പറക്കുമ്പോൾ പക്ഷിക്കൂട്ടം മുഴുവൻ ഒരു ചക്രവാതച്ചുഴിയിൽ നിന്ന് കഷ്ടിച്ചു രക്ഷപ്പെട്ടത്.

ഉക്രേന് മുകളിലൂടെ പറക്കുമ്പോൾ യുദ്ധത്തിൽ കത്തിപ്പുകയുന്ന വീടുകളും നഗരങ്ങളും കണ്ടത്, വീടുവിട്ട് പലായനം ചെയ്യുന്ന മനുഷ്യരുടെ കൂട്ടങ്ങൾ കണ്ടത് ‘ ഒക്കെ. ഇളവേൽക്കുന്നയിടങ്ങളിലെ ഇരപിടിയൻമാരായ മൃഗങ്ങളുടെ പതുങ്ങിയാക്രമണങ്ങൾ അവൾ പേടിയോടെ ഓർത്തു..

മലമുകളിൽ വിശ്രമിക്കാനിറങ്ങിയപ്പോൾ ആക്രമിക്കാൻ വന്ന ഒരു പുലിയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട കഥ നെഞ്ചിടിപ്പോടെ പറഞ്ഞു.പിന്നെ അവരൊക്കെ എത്രയോ ഭേദം എന്ന് ചങ്കുപൊട്ടി.

“മറ്റ് മൃഗങ്ങൾക്ക് വയറു നിറഞ്ഞാൽ പ്രശ്നം തീരും. മനുഷ്യർക്കോ? മനുഷ്യരുടെ വിശപ്പ് ഒരിക്കലും തീരാത്തതെന്ത്? തമ്മിൽ തമ്മിലും വേട്ടയാടും, മറ്റു ജീവികളെയും കൂട്ടത്തോടെ വേട്ടയാടി തീർക്കും മനുഷ്യൻ. വീടലങ്കരിക്കാൻ പോലും ഞങ്ങളെക്കൊന്ന് തൂവലെടുക്കും മനുഷ്യർ .”എന്ന് സങ്കടപ്പെട്ടു.

sonia cherian, story, iemalayalam

മുട്ടവിരിഞ്ഞു,കുഞ്ഞുങ്ങൾ പുറത്തു വന്നു. കുരുന്നു തൂവലുകൾ ഉള്ള പഞ്ഞിക്കട്ടകൾ പോലത്തെ മൂന്നു പുന്നാര കുഞ്ഞുങ്ങൾ. അവർക്ക് കൂടെ തീറ്റ ഒളിച്ചു കടത്തേണ്ടിവന്നു. കുഞ്ഞുങ്ങൾ സിൻഡിയെപ്പോലല്ല – നല്ല ശബ്ദമുണ്ടാക്കും.വിശന്നാൽ കരകരാ കരയും.

അങ്ങനെ അമ്മ ഒരു ദിവസം ഉണ്ണിയെ കയ്യോടെ പിടിച്ചു. കുഞ്ഞുങ്ങളെ മീൻ തീറ്റാൻ മേശപ്പുറത്തിരുന്ന മീൻ പാത്രം മുഴുവനോടെ കടത്തുകയായിരുന്നു അവൻ. അമ്മ പിന്നാലെ പതുങ്ങി വന്ന് കണ്ടു പിടിച്ചു.

“എനിക്കറിയാമായിരുന്നു, എവിടെയോ ഒരു കള്ളത്തരം ഉണ്ടെന്ന്. ദിവസം ഇത്രയും മീൻ തിന്നാൻ ബകാസുരൻമാരാണോ നിങ്ങൾ? മുറിയിൽ എപ്പോഴും ഒരു കോഴിക്കുഞ്ഞിന്റെ മണവും. ഞാനും ഷെർലക്ക് ഹോംസ് ഒക്കെ വായിച്ചിട്ടുണ്ട് മക്കളേ.” അമ്മ ഡിറ്റക്ടീവിന്റെ ചിരി ചിരിച്ചു.

പക്ഷേ കാര്യങ്ങൾ മുഴുവൻ അറിഞ്ഞപ്പോൾ അമ്മയും അച്ഛനും കട്ട സപ്പോർട്ട് .

“എന്റെ കുഞ്ഞുങ്ങൾ എത്ര നല്ല കുഞ്ഞുങ്ങളാണ്, നാട്ടുകാരെല്ലാം തല്ലിപ്പറത്തിയപ്പോളും നിങ്ങളീ പക്ഷിയെ കാത്തു വച്ചല്ലോ. എത്ര അഭിമാനമെന്നോ അമ്മയ്ക്ക് “എന്ന് അമ്മ കണ്ണു നിറച്ചു. അച്ഛനും കെട്ടിപിടിച്ച് അഭിനന്ദിച്ചു .

പിന്നെ എല്ലാം ഒഫീഷ്യലായി. മാർക്കറ്റിൽ നിന്നുള്ള മീൻ പച്ചയ്ക്ക് തന്നെ സിൻഡിയും മക്കളും തിന്നു രസിച്ചു. കുഞ്ഞിപ്പക്ഷികൾക്ക് ഇഷ്ടമുളള പരൽ മീനുകൾ തേടി അച്ഛൻ ശിവാജി നഗറിലെ വലിയ മീൻ മാർക്കറ്റിൽ വരെ പോയി.

പക്ഷിക്കുട്ടികൾക്ക് ചിന്നു അരികിലിരുന്ന് കഥ പറഞ്ഞു കൊടുത്തു. കൊറ്റികൾ സഞ്ചിയിൽ തൂക്കിയ കുഞ്ഞുങ്ങളുമായെത്തുന്ന ഡംബോ ആനക്കുട്ടിയുടെ കഥ അവർക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. ആ കഥ തന്നെ പിന്നെയും പിന്നെയും കേൾക്കാൻ ഏറ്റവും കുഞ്ഞൻ കിളി – കുഞ്ഞിത്തൂ വലുകൾ നിറഞ്ഞ് വെള്ള രോമപ്പന്ത് പോലിരിക്കുന്ന ‘തക്കുടു’ ചിന്നുവിനോട് വാശി പിടിക്കും.

സിൻഡിയുടെ ചിറക് സുഖപെട്ടു. ആരുമില്ലാത്ത ഉച്ച നേരങ്ങളിൽ ടെറസിന്റെ വാതിൽ ഉള്ളിൽ നിന്നടച്ച് ഉണ്ണിയും ചിന്നുവും കൂടെ കുഞ്ഞുങ്ങളെയും സിൻഡിയെയും പറത്താൻ കൊണ്ടുപോവും. കുഞ്ഞുങ്ങൾ വേഗം വളർന്നു.

പപ്പും പൂടയും മാറി നീണ്ട തൂവലുകൾ വന്നു. സിൻഡി കുഞ്ഞുങ്ങളെ നന്നായി പറക്കാൻ പഠിപ്പിച്ചു. ഇപ്പോളവരെ കയ്യിലെടുക്കേണ്ടതില്ല – ജനലിലൂടെ പറന്നാണ് പുറത്തുപോവുക. സിൻഡിയാണെങ്കിൽ ഒരുപാടൊരുപാട് ദൂരം പറക്കും. കൊക്കു നിറയെ പരൽ മീനുകളുമായി തിരിച്ചു വരും.

കുറെയേറെ അന്വേഷണങ്ങൾക്ക് ശേഷം സിൻഡി തന്റെ കൂട്ടുകാരെ കണ്ടുപിടിച്ചു. ദൂരെയൊരു ഗ്രാമത്തിന്റെയരികിലെ തടാകക്കരയിൽ അവരെ കണ്ടു മുട്ടിയ ദിവസം അവൾക്ക് വലിയ സന്തോഷമായിരുന്നു.

അതാ മാർച്ച് മാസം വന്നു. സിൻഡിയും മക്കളും ദേശാടനത്തിന് തയ്യാറാവുന്നു…കൂടുതൽ കൂടുതൽ മീനുകൾ കൊണ്ടുവന്ന് കൊടുത്ത് സിൻഡി കുഞ്ഞുങ്ങളെ നന്നായി കൊഴുപ്പിച്ചു. നീണ്ട വഴി ക്ഷീണിക്കാതെ പറക്കാനുള്ള ഊർജ്ജം സംഭരിക്കേണ്ടതുണ്ട്.

സിൻഡിയും തടിച്ച് ഉഷാറായി. ഇപ്പോൾ കുഞ്ഞിക്കിളികൾ തനിയെ ഇര പിടിക്കും. ദൂരത്തെ തടാകം വരെ പറന്ന് പോയി മീനുകളെ പിടിക്കും, വീട്ടിലെ പല്ലികളെയെല്ലാം പിടിച്ച് തിന്ന് അമ്മയെ സന്തോഷിപ്പിക്കും!

അങ്ങനെ അവർക്ക് പോകാനുളള ദിവസമായി. പക്ഷിക്കൂട്ടം പറന്നു വരുമ്പോൾ അവരോട് കൂട്ടു ചേരണം. സിൻഡിയാ ചിറക് വിടർത്തി ഉണ്ണിയെയും ചിന്നുവിനെയും അടക്കിപ്പിടിച്ചു.

“എന്റെ കുട്ടികളേ, നിങ്ങൾ മാലാഖമാരാണ്. ചിറകൊടിഞ്ഞ ഈ പാവം പക്ഷിയോടും കുഞ്ഞുങ്ങളോടും നിങ്ങൾ എത്ര കരുണ കാണിച്ചു. എല്ലാ മനുഷ്യരും നിങ്ങളെപ്പോലെയായെങ്കിൽ എന്തു നല്ലതായിരുന്നു.

മനുഷ്യർക്ക് മാത്രമല്ല , പക്ഷികൾക്കും മറ്റെല്ലാ ജീവികൾക്കും, എല്ലാവർക്കും, എല്ലാവർക്കും അവകാശപ്പെട്ടതാണ് ഈ ഭൂമിയെന്ന് അവരൊന്ന് അറിഞ്ഞിരുന്നെങ്കിൽ. സകലജീവജാലങ്ങൾക്കും ഒരേ പോലെ അവകാശപ്പെട്ട ഈ നീലപ്പച്ച സുന്ദര ഗ്രഹത്തിന്റെ നീലകളും പച്ചകളും നശിപ്പിക്കാൻ സ്പീഷീസുകളിൽ ഒന്നു മാത്രമായ മനുഷ്യന് എന്തവകാശം?

മറ്റു സ്പീഷീസുകളെ വംശനാശത്തിലേക്ക് തളളിയിടാൻ എന്തവകാശം? ” സിൻഡി ചങ്കു തകർന്ന് പറഞ്ഞു.

” നിങ്ങളെപ്പോലുള്ള കുഞ്ഞുങ്ങൾക്ക് മനസിലാവുന്നത് മുതിർന്ന മനുഷ്യർക്ക് ഒട്ടും മനസിലാവാത്തതെന്ത്?”

sonia cherian, story, iemalayalam

അതാ, അങ്ങ് ദൂരെ, ആകാശത്തിന്റെ അങ്ങേച്ചെരിവിൽ അവരുടെ പക്ഷിക്കൂട്ടം പ്രത്യക്ഷപ്പെട്ടു. സിൻഡിയും കുഞ്ഞുങ്ങളും ചിറക് വീശി വീശി അവരോട് ചേരാൻ തയ്യാറായി. കുഞ്ഞിക്കിളികൾ ഉണ്ണിയെയും ചിന്നുവിനെയും പിരിയാനുള്ള സങ്കടത്തിൽ ഉച്ചത്തിൽ കരഞ്ഞു. സിൻഡിയുടെ കണ്ണിലൂടെയും കണ്ണുനീർ കുടുകുടാ ഒഴുകി.

” അമ്മേ, നമുക്കിവിടെ കഴിയാം. നമുക്ക് പോകണ്ട.” മക്കൾ കെഞ്ചിപ്പറഞ്ഞു .

” മക്കളെ ഇവിടെയല്ല നമ്മുടെ ദേശം. അങ്ങങ്ങ് വടക്ക് മഞ്ഞു നാടാണ്. അവിടെയാണ് നിങ്ങൾ വളർന്ന് വലുതാവേണ്ടത്..അതാണ് പ്രകൃതിയുടെ നിയമം, അനുസരിക്കാതെ വയ്യ. അടുത്ത നവംബറിൽ നമ്മൾ തിരിച്ചു വരും. അപ്പോൾ നമുക്കിവിടെത്തന്നെ പാർക്കാം. “

പക്ഷിക്കൂട്ടം അടുത്തെത്താറായി. ചുറ്റിപറന്ന്, ചുറ്റിപ്പറന്ന് അവസാനം സിൻഡിയും മക്കളും മേലോട്ടുയർന്നു.

ചിന്നുവിന്റെ അരുമയായ തക്കുടു എന്ന കുഞ്ഞൻ കിളി പോകാൻ കൂട്ടാക്കാതെ തിരിച്ചു പറന്ന് ചിന്നുവിന്റെയും ഉണ്ണിയുടെയും തോളിലും കവിളിലും ചിറകുരുമ്മി വട്ടം ചുറ്റിപ്പറന്നു . കണ്ണുനീരുകൊണ്ട് അവന്റെ ചിറകു നനഞ്ഞു.

ഒടുവിൽ അവനും മനസില്ലാമനസോടെ പറന്നുയർന്ന് കൂട്ടത്തോട് ചേർന്നു. തിരിഞ്ഞു നോക്കി നോക്കി അവർ അകലേക്ക് പറന്നു പോയി. ഉണ്ണിയും ചിന്നുവും പൊട്ടിപ്പൊട്ടിക്കരഞ്ഞു.

‘സിൻഡിയാ കം ബാക്ക്, സിൻഡിയ കം ബാക്ക് ‘ ഉണ്ണി ഏങ്ങലടിച്ചു.

ആകാശത്തിന്റെ വടക്കേയറ്റത്ത് അവരുടെ കൂട്ടം ഒരു പൊട്ടു പോലെ മറയും വരെ കുട്ടികൾ നോക്കി നിന്നു .

  • കുട്ടിക്കഥക്കൂട്ടിൽ നാളെ എൻ രാജൻ എഴുതിയ കഥ വായിക്കാം
Children, Stories, Malayalam Writer

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Sonia cherian story for children sindia come back

Best of Express