കണ്ടന്‍ കുറുക്കന്‍ ഒരു ദിവസം കുണ്ടുകുളങ്ങരെ ഞണ്ടു പിടിക്കാന്‍ പോയി. ഞണ്ടു പിടിക്കുന്നതിനിടയില്‍ മൂപ്പന്‍ഞണ്ടും ഞണ്ടു സേനാനികളും കൂടി പങ്ങിപ്പതുങ്ങി വന്ന് കണ്ടന്‍കുറുക്കന്റെ വാലു കടിച്ചുമുറിച്ചെടുത്തുകൊണ്ടു കടന്നുകളഞ്ഞു.

വാലില്ലാതായ കണ്ടന്‍ കുറുക്കന്‍ പള്ളിക്കലെത്തി വൈദ്യനെ കണ്ടു; പനയ്ക്കലെത്തി വൈദ്യനെ കണ്ടു; കൈതയ്ക്കലെത്തി വൈദ്യനെ കണ്ടു.

മൂന്നു വൈദ്യന്‍മാരും കല്പിച്ചത് ഒരേ ഒരു മരുന്നായിരുന്നു.

”അഞ്ചുജാതി മൃഗങ്ങളുടെ വാലുമുറിച്ച് ഇഞ്ചിഞ്ചായി നുറുക്കി വെയിലത്തു വച്ചുണക്കി ഇഞ്ചിനീരും പഞ്ചസാരയും ചേര്‍ത്തു പൊടിച്ച് അഞ്ചാറുദിവസം സേവിച്ചാല്‍ അഞ്ചരമുഴമുള്ള ഒരു നീണ്ട വാലു മുളയ്ക്കും…”

‘പക്ഷേ, അഞ്ചുമൃഗങ്ങളുടെ വാലു കിട്ടുന്നതെങ്ങനെയാണ്?’ ചിന്തിച്ചിട്ടും ചിന്തിച്ചിട്ടും കണ്ടന്‍ കുറുക്കന് ഒരു സൂത്രവും പിടികിട്ടിയില്ല.

ഒടുവില്‍ കണ്ടന്‍ കുറുക്കന്‍ പട്ടണത്തിലെ പപ്പന്‍ ഡോക്ടറുടെ ആശുപത്രിയില്‍ ഒളിച്ചു കടന്നു. അവിടെ നിന്ന് ഒരു സ്റ്റെതസ്‌കോപ്പും ഒരു കത്രികയും ഡോക്ടറുടെ ഒരു  കോട്ടും സൂട്ടും കട്ടെടുത്തു.

കട്ടെടുത്ത കോട്ടും സൂട്ടും ധരിച്ച് കഴുത്തില്‍ ‘സ്റ്റെതസ്‌കോപ്പു’മണിഞ്ഞ് കണ്ടന്‍ കുറുക്കന്‍ കുറച്ചുദൂരെയുള്ള ഒരു കാട്ടിലേക്കു യാത്രയായി.

കുറച്ചുദൂരം ചെന്നപ്പോള്‍ കുടവയറന്‍ കുട്ടപ്പനാന അതുവഴി നടന്നുവന്നു. കുട്ടപ്പനാന അദ്ഭുതത്തോടേ ചോദിച്ചു:

”കോട്ടും സൂട്ടുമണിഞ്ഞവനേ

കൊമ്പും കുഴലുമെഴുന്നവനേ

നീയൊരു ഡോക്ടര്‍ സാറാണോ

കാട്ടിലെ ഡോക്ടര്‍ സാറാണോ?”

”അതെ; ഞാനാണു ഡോക്ടര്‍ ഇട്ടിച്ചാണ്ടി! ആനകളുടെ ചെറിയ വാല്‍ മുറിച്ചു കളഞ്ഞ് പെരിയ വാല്‍ വച്ചുകൊടുക്കും.” കണ്ടന്‍ കുറുക്കന്‍ ഞെളിഞ്ഞു നിന്നു.sippy pallippuram, story, childrens story, iemalayalam

”എങ്കില്‍ എന്റെ ചൂലുപോലെയുള്ള വാലു മുറിച്ചുകളഞ്ഞ് ഒരു നീണ്ട വാലു വച്ചു തരാമോ?” കുട്ടപ്പനാന അന്വേഷിച്ചു.

”ഓഹോ! അതിനാണോ വിഷമം? ഇങ്ങോട്ടു തിരിഞ്ഞു നില്‍ക്കൂ!”

കുട്ടപ്പനാന തിരിഞ്ഞു നിന്നു. ഈ തക്കം നോക്കി കണ്ടന്‍കുറുക്കന്‍ പോക്കറ്റില്‍ നിന്നു കത്രികയെടുത്തു കുട്ടപ്പനാനയുടെ വാലുമുറിച്ചു കൈയിലാക്കി. എന്നിട്ടു പറഞ്ഞു:

”ഞാന്‍ മുപ്പതു ദിവസത്തിനകം മുപ്പതുമുഴമുള്ള ഒരു റെഡിമെയ്ഡ് വാലു കൊണ്ടുവന്നു വച്ചുതരാം. ഇപ്പോള്‍ അല്‍പം തിടുക്കമുണ്ട്. ഗുഡ്‌ബൈ!”

കുട്ടപ്പനാനയുടെ വാലുമായി കണ്ടന്‍കുറുക്കന്‍ സന്തോഷത്തോടെ യാത്രയായി.

കുറച്ചു ദൂരം ചെന്നപ്പോള്‍ ചിന്നവാലന്‍ പൊന്നന്‍ കുരങ്ങന്‍ അതു വഴി നടന്നുവന്നു. പൊന്നന്‍ കുരങ്ങന്‍ അത്ഭുതത്തോടെ ചോദിച്ചു:

”കോട്ടും സൂട്ടുമണിഞ്ഞവനേ

കൊമ്പും കുഴലുമെഴുന്നവനേ

നീയൊരു ഡോക്ടര്‍ സാറാണോ

കാട്ടിലെ ഡോക്ടര്‍ സാറാണോ?”

”അതെ, ഞാനാണു ഡോക്ടര്‍ ഇട്ടിച്ചാണ്ടി! കുരങ്ങുകളുടെ എലിവാലു മുറിച്ചുകളഞ്ഞു പുലിവാലു വച്ചുകൊടുക്കും.”

കണ്ടന്‍ കുറുക്കന്‍ ഞെളിഞ്ഞു നിന്നു.

”എങ്കില്‍ എന്റെ ഈ ചിന്നവാലു മുറിച്ചുകളഞ്ഞ് ഒരു കരിമ്പുലിയുടെ വാലു തരാമോ?” പൊന്നന്‍ കുരങ്ങന്‍ അന്വേഷിച്ചു.

”ഓഹോ അതിനാണോ വിഷമം? ഇങ്ങോട്ടു തിരിഞ്ഞു നില്‍ക്കൂ!”

പൊന്നന്‍കുരങ്ങന്‍ തിരിഞ്ഞു നിന്നു. ഈ തക്കം നോക്കി കണ്ടന്‍ കുറുക്കന്‍ പോക്കറ്റില്‍ നിന്ന് കത്രികയെടുത്ത് പൊന്നന്‍ കുരങ്ങന്റെ വാലു മുറിച്ചു കൈയിലാക്കി. എന്നിട്ടു പറഞ്ഞു.

”ഞാന്‍ പുലിയൂരു നിന്ന് ഒരു പുലിവാലു കൊണ്ടുവന്ന് ഒരാഴ്ചയ്ക്കകം പിടിപ്പിച്ചു തരാം. ഇപ്പോള്‍ അല്പം തിടുക്കമുണ്ട്. ഗുഡ്‌ബൈ!”

പൊന്നന്‍ കുരങ്ങന്റെ വാലുമായി കണ്ടന്‍ കുറുക്കന്‍ സന്തോഷത്തോടെ യാത്രയായി.

കുറച്ചു ദൂരം ചെന്നപ്പോള്‍ ഇത്തിരിവാലന്‍ ചിത്തിരനണ്ണാന്‍ അതുവഴി ചാടിയോടി വന്നു. ചിത്തിരനണ്ണാന്‍ അത്ഭുതത്തോടെ ചോദിച്ചു:

”കോട്ടും സൂട്ടുമണിഞ്ഞവനേ

കൊമ്പും കുഴലുമെഴുന്നവനേ

നീയൊരു ഡോക്ടര്‍ സാറാണോ

കാട്ടിലെ ഡോക്ടര്‍ സാറാണോ?”

”അതെ, ഞാനാണു ഡോക്ടര്‍ ഇട്ടിച്ചാണ്ടി! അണ്ണാറക്കണ്ണന്‍മാരുടെ പൂവാലു മുറിച്ച് പകരം സിംഹവാല്‍ വച്ചുകൊടുക്കും.”

-കണ്ടന്‍ കുറുക്കന്‍ ഞെളിഞ്ഞു നിന്നു.

”എങ്കില്‍ എന്റെ ഈ പൂവാലു മുറിച്ചുകളഞ്ഞു പകരം ഒരു സിംഹവാല്‍ വച്ചു തരാമോ?”

-ചിത്തിരനണ്ണാന്‍ അന്വേഷിച്ചു.

”ഓഹോ! അതിനാണോ വിഷമം? ഇങ്ങോട്ടു തിരിഞ്ഞുനില്‍ക്കൂ.”sippy pallippuram, story, childrens story, iemalayalam

-ചിത്തിരനണ്ണാന്‍ തിരിഞ്ഞു നിന്നു. ഈ തക്കം നോക്കി കണ്ടന്‍ കുറുക്കന്‍ പോക്കറ്റില്‍ നിന്നു കത്രികയെടുത്തു ചിത്തിരനണ്ണാന്റെ പൂവാലു മുറിച്ചു കൈയിലാക്കി. എന്നിട്ടു പറഞ്ഞു:

”ഞാന്‍ സിംഹവാല് എന്റെ വീടിന്റെ മോന്തായത്തില്‍ ഉണക്കാനിട്ടിരിക്കുകയാണ്. അതുകൊണ്ടു നാളെ വരാം. ഇപ്പോള്‍ അല്‍പം തിടുക്കമുണ്ട്; ഗുഡ്‌ബൈ..!”

-ചിത്തിരനണ്ണാന്റെ പൂവാലുമായി കണ്ടന്‍കുറുക്കന്‍ സന്തോഷത്തോടേ യാത്രയായി.

കുറച്ചു ദൂരം ചെന്നപ്പോള്‍ പേങ്ങന്‍ മുയല്‍ അതുവഴി നടന്നുവന്നു. പേങ്ങന്‍മുയല്‍ അദ്ഭുതത്തോടേ ചോദിച്ചു:

”കോട്ടും സൂട്ടുമണിഞ്ഞവനേ

കൊമ്പും കുഴലുമെഴുന്നവനേ

നീയൊരു ഡോക്ടര്‍ സാറാണോ

കാട്ടിലെ ഡോക്ടര്‍ സാറാണോ?”

”അതെ, ഞാനാണു ഡോക്ടര്‍ ഇട്ടിച്ചാണ്ടി! മുയലുകളുടെ കുറുവാലു മുറിച്ചുകളഞ്ഞ് കുതിരവാല്‍ വച്ചുകൊടുക്കും.”

-കണ്ടന്‍കുറുക്കന്‍ ഞെളിഞ്ഞ് നിന്നു.

”എങ്കില്‍ എന്റെ മുറിവാലു മുറിച്ചുകളഞ്ഞു നല്ലൊരു കുതിരവാല്‍ വച്ചു തരാമോ?”

-പേങ്ങന്‍മുയല്‍ അന്വേഷിച്ചു.

”ഓഹോ! അതിനാണോ വിഷമം? ഇങ്ങോട്ടു തിരിഞ്ഞു നില്‍ക്കൂ.”

-പേങ്ങന്‍ മുയല്‍ തിരിഞ്ഞു നിന്നു. ഈ തക്കം നോക്കി കണ്ടന്‍കുറുക്കന്‍ പോക്കറ്റില്‍ നിന്നു കത്രികയെടുത്ത് പേങ്ങന്‍മുയലിന്റെ കുറിയ വാലു മുറിച്ചു കൈയിലാക്കി. എന്നിട്ടു പറഞ്ഞു:

”ഞാന്‍ കുതിരവാലും കൊണ്ട് നാളെ കുതിരപ്പുറത്തു കയറി വരാം. ഇപ്പോള്‍ അല്‍പം തിടുക്കമുണ്ട്; ഗുഡ് ബൈ!”

– പേങ്ങന്‍ മുയലിന്റെ വാലുമായി കണ്ടന്‍കുറുക്കന്‍ സന്തോഷത്തോടേ യാത്രയായി.

കുറച്ചു ദൂരം ചെന്നപ്പോള്‍ സഞ്ചിക്കാരന്‍ രഞ്ചന്‍ കങ്കാരു അതുവഴി തുള്ളിച്ചാടി വന്നു. രഞ്ചന്‍കങ്കാരു അദ്ഭുതത്തോടേ ചോദിച്ചു.

”കോട്ടും സൂട്ടുമണിഞ്ഞവനേ

കൊമ്പും കുഴലുമെഴുന്നവനേ

നീയൊരു ഡോക്ടര്‍ സാറാണോ

കാട്ടിലെ ഡോക്ടര്‍ സാറാണോ?”

”അതെ, ഞാനാണു ഡോക്ടര്‍ ഇട്ടിച്ചാണ്ടി! കങ്കാരുക്കളുടെ ചേനത്തണ്ടന്‍ വാലു മുറിച്ചു കളഞ്ഞ് പനങ്കുലവാല്‍ വച്ചുകൊടുക്കും.”

-കണ്ടന്‍കുറുക്കന്‍ ഞെളിഞ്ഞു നിന്നു.

”എങ്കില്‍ എന്റെ ഈ ചേലില്ലാത്ത വാലു മുറിച്ചു കളഞ്ഞ് പനങ്കുലപോലുള്ള ഒരു വാലു വച്ചുതരാമോ?” -രഞ്ചന്‍കങ്കാരു അന്വേഷിച്ചു.

”ഓഹോ, അതിനാണോ വിഷമം? ഇങ്ങോട്ടു തിരിഞ്ഞു നില്‍ക്കൂ.” -രഞ്ചന്‍ കങ്കാരു തിരിഞ്ഞു നിന്നു. ഈ തക്കം നോക്കി കണ്ടന്‍ കുറുക്കന്‍ പോക്കറ്റില്‍ നിന്നു കത്രികയെടുത്ത് രഞ്ചന്‍കങ്കാരുവിന്റെ വാലു മുറിച്ചു കൈയിലാക്കി. എന്നിട്ടു പറഞ്ഞു:

”ഞാന്‍ പനങ്കുലവാലും കൊണ്ട് ഉടനെ മടങ്ങി വന്നേക്കാം. ഇപ്പോള്‍ അല്‍പം തിടുക്കമുണ്ട്. ഗുഡ് ബൈ!”

-രഞ്ചന്‍ കങ്കാരുവിന്റെ വാലുമായി കണ്ടന്‍കുറുക്കന്‍ സന്തോഷത്തോടെ യാത്രയായി.

അഞ്ചു ജാതി മൃഗങ്ങളുടേയും വാല് ഒത്തെന്നു കണ്ടപ്പോള്‍ കണ്ടന്‍കുറുക്കന്‍ വീട്ടിലേക്കു മടങ്ങി. വീട്ടിലെത്തിയ ഉടനെ കണ്ടന്‍കുറുക്കന്‍ അഞ്ചുതരം വാലുകളും വെയിലത്തുവെച്ച് ഉണക്കി ഇഞ്ചിനീരും പഞ്ചസാരയും ചേര്‍ത്ത് പൊടിച്ച് ആര്‍ത്തിയോടെ സേവിക്കാന്‍ തുടങ്ങി.

അഞ്ചാറുദിവസം സേവിച്ചിട്ടും അഞ്ചാറുമാസം സേവിച്ചിട്ടും കണ്ടന്‍കുറുക്കന് വാലിന്റെ പൊടിപോലും മുളച്ചില്ല.

ഒടുവില്‍ കണ്ടന്‍കുറുക്കന്‍ കാശിയില്‍പോയി സന്യസിക്കാന്‍ തീരുമാനിച്ചു. കാവിമുണ്ടും രുദ്രാക്ഷമാലയും അണിഞ്ഞ് പുറപ്പെടാന്‍ ഒരുങ്ങിയപ്പോള്‍ വാലു നഷ്ടപ്പെട്ട കുട്ടപ്പനാനയും പൊന്നന്‍കുരങ്ങനും ചിത്തിരനണ്ണാനും പേങ്ങന്‍മുയലും രഞ്ചന്‍കങ്കാരുവും പുതിയ വാല്‍ അന്വേഷിച്ച് അവിടെയെത്തി. അവര്‍ കോപത്തോടെ ചോദിച്ചു.:

”എടാ കള്ളക്കുറുക്കാ, ഞങ്ങളുടെ വാല്‍ എവിടെ?”

”വാലുകളെല്ലാം ഞാന്‍ കാശിയില്‍ കൊണ്ടുപോയി പൂജയ്ക്ക് വെച്ചിരിക്കയാണ് ഉടനെ എടുത്തിട്ടു വരാം” – കണ്ടന്‍കുറുക്കന്‍ ”ഓം വാലായ നമഃ, ഓം വാലായ നമഃ” എന്നു ജപിച്ചുകൊണ്ടു സ്ഥലംവിട്ടു. പിന്നെ അവര്‍ ഒരിക്കലും കണ്ടന്‍കുറുക്കനെ കണ്ടിട്ടില്ല.

വാലില്ലാതായ പാവം മൃഗങ്ങള്‍ തലയില്‍ കൈവച്ചു കരഞ്ഞു. പക്ഷേ എന്തുഫലം?

 

  • പൂർണ്ണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന സമ്മാനപ്പൊതി ബാലസാഹിത്യമാലയിലെ, സിപ്പി പള്ളിപ്പുറം എഴുതിയ ‘കുടവയറൻ കുറുക്കനും മത്തങ്ങാത്തോണിയും’ എന്ന കഥാസമാഹാരത്തിൽ നിന്ന്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook