പണ്ട് കാട്ടില്‍ സൂത്രക്കാരനായ ഒരു കുറുക്കനുണ്ടായിരുന്നു. ഉപായി എന്നായിരുന്നു അവന്റെ പേര്. ഉപായിക്കുറുക്കന് ഞണ്ടുതിന്നാന്‍ വല്ലാത്ത കൊതിതോന്നി. പാടത്തും തോട്ടിലുമൊക്കെ ഉപായിക്കുറുക്കന്‍ ഞണ്ടിനെ പിടിക്കാന്‍ നടന്നു. ഒരൊറ്റ ഞണ്ടിനെപ്പോലും കാണാന്‍ കഴിഞ്ഞില്ല.

നട്ടുച്ച നേരമായി. വിശപ്പുകൊണ്ട് കണ്ണു കാണാന്‍ വയ്യ. എങ്കിലും ഉപായിക്കുറുക്കന്‍ നിരാശനാകാതെ നടന്ന് നടന്ന് ഒരു പുഴയുടെ അരികിലെത്തി. അവിടെ ധാരാളം കൈതച്ചെടികള്‍ വളര്‍ന്നു നിന്നിരുന്നു. അതിനടുത്ത് ഞണ്ടുകള്‍ നിരയായിരുന്ന് കാറ്റുകൊള്ളുന്നു! ഹയ്യട! ഉപായിക്കുറുക്കന് കൊതിയായി.

ഒരൊറ്റ ചാട്ടത്തിന് ഉപായിക്കുറുക്കന്‍ അഞ്ചാറെണ്ണത്തിനെ പിടികൂടി. മേലും കീഴും നോക്കാതെ അവന്‍ ഞണ്ടുകളെ കടിച്ചുതിന്നു. ഞണ്ടിറച്ചിക്ക് നല്ല രുചി! ഉപായിക്കുറുക്കന്റെ വായില്‍ പിന്നേയും വെള്ളം നിറഞ്ഞു. കൈതച്ചെടികള്‍ക്കിടയിലൂടെ പാത്തും പതുങ്ങിയും നടന്ന് അവന്‍ ഞണ്ടുകളെ പിടികൂടി.sippy pallippuram, story, childrens story, iemalayalam

പെട്ടെന്നാണ് ആരോ തന്റെ കാലില്‍ പിടികൂടിയതായി ഉപായിക്കുറുക്കന് തോന്നിയത്. ആരാണാവോ? വല്ല തടിയന്‍ ഞണ്ടുമായിരിക്കും. എങ്കില്‍ കോളടിച്ചു! അവന്‍ കൊതിയോടെ തിരിഞ്ഞുനോക്കി.

‘ഹമ്മേ! ഒരു പൊണ്ണന്‍ മുതല’ ഉപായിക്കുറുക്കന്‍ നിന്നനില്‍പ്പില്‍ ഒന്നു വട്ടം കറങ്ങി. മുതല ശക്തിയായി കാലില്‍ കടിച്ചുവലിക്കുകയാണ്. അവന്‍ ഉറക്കെ കരഞ്ഞു. അതുകൊണ്ടൊന്നും രക്ഷയില്ല. ‘ഇത്തവണ മുതല ശാപ്പിട്ടതുതന്നെ’ ഉപായിക്കുറുക്കന്‍ വിചാരിച്ചു.

”ഞാന്‍ കുറുക്കന്മാരെ തിന്നിട്ട് കുറച്ചുകാലമായി. ഇന്ന് ഏതായാലും ഒരുത്തനെ തിന്നാം.’ മുതല ഉറക്കെ പറഞ്ഞു. എന്നിട്ട് കുറുക്കന്റെ കാലില്‍ മുറുകെ പിടിച്ചു.sippy pallippuram, story, childrens story, iemalayalam

പെട്ടെന്ന് ഉപായിക്കുറുക്കന് ഒരു സൂത്രം തോന്നി. അവന്‍
മുതലയോടു പറഞ്ഞു: ”എന്നെ തിന്നാനാണെങ്കില്‍ പിന്നെ എന്തിനാണ് നീ കൈതച്ചെടിയുടെ വേരില്‍ പിടികൂടിയിരിക്കുന്നത്. അതില്‍നിന്നും വിടൂ. എന്നിട്ട് അതിന്റെ തൊട്ടടുത്തു കാണുന്ന എന്റെ കാലില്‍ പിടിച്ചോളൂ.”

ഇതുകേട്ട് മുതലയ്ക്ക് നാണം തോന്നി. ഇത്രയും സമയം താന്‍ കടിച്ചുതൂങ്ങിയത് കൈതച്ചെടിയുടെ വേരിലാണെന്ന് ആ മണ്ടൂസന്‍ വിചാരിച്ചു. അവന്‍ പെട്ടെന്ന് ഉപായിക്കുറുക്കന്റെ കാലില്‍നിന്നും പിടിവിട്ടു. ഈ തക്കംനോക്കി തന്ത്രശാലിയായ ഉപായിക്കുറുക്കന്‍ ചാടിയോടി കരയ്ക്കുകയറി. എന്നിട്ട് മണ്ടന്‍ മുതലയെ കളിയാക്കി ചിരിക്കാന്‍ തുടങ്ങി. മുതല നാണിച്ച് വീട്ടിലേക്ക് പോയി.

ആപത്തുവരുമ്പോള്‍ ചൂളിപ്പോവുകയല്ല വേണ്ടത്. ആപത്തു നേരത്ത് നമ്മുടെ കൊച്ചു ബുദ്ധി ഉണര്‍ന്നു പ്രവര്‍ത്തിക്കണം. എങ്കിലേ രക്ഷപ്പെടാന്‍ കഴിയൂ…

  • പൂർണ്ണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന സമ്മാനപ്പൊതി ബാലസാഹിത്യമാലയിലെ, സിപ്പി പള്ളിപ്പുറം എഴുതിയ ‘കുടവയറൻ കുറുക്കനും മത്തങ്ങാത്തോണിയും’ എന്ന കഥാസമാഹാരത്തിൽ നിന്ന്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook