വളരെ വാശിയേറിയ തിരഞ്ഞെടുപ്പായിരുന്നു കാട്ടില്‍ നടന്നത്. വമ്പന്മാര്‍ പലരും തോറ്റു തുലഞ്ഞു. കേസരി പരിഷത്തിന്റെ പ്രസിഡന്റായ സിംഹത്തപ്പനുപോലും കെട്ടിവച്ച
കാശു കിട്ടിയില്ല. തിരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷം നേടിയത് ജംബുക മുന്നേറ്റ മുന്നണിയായിരുന്നു.

ജംബുക മുന്നേറ്റ മുന്നണിയിലെ എം.എല്‍.എ.മാര്‍ ആനപ്പാറയിലെ കടുവാഭവനില്‍ യോഗം ചേരുകയും ഡോ. സൂത്രന്‍കുറുക്കനെ തങ്ങളുടെ നേതാവായി തിരഞ്ഞെടുക്കുകയും ചെയ്തു.

സൂത്രന്റെ നേതൃത്വത്തില്‍ പിറ്റേദിവസം വൈകീട്ടുതന്നെ ഏഴംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ നരികേശനായിരുന്നു സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തത്.

സത്യപ്രതിജ്ഞ ചടങ്ങില്‍ മൃഗലോകത്തിലെ പൗരമുഖ്യന്മാരും വിവിധ പാര്‍ട്ടിനേതാക്കളും പങ്കെടുത്തിരുന്നു. ജിറാഫുകളുടെ നേതാവായ മാനത്തു കണ്ണന്‍, ഗജരാജമുന്നണി ജനറല്‍ സെക്രട്ടറി മിസ്റ്റര്‍ കൊച്ചുകൊമ്പന്‍, കടുവ പാര്‍ട്ടി വൈസ് പ്രസിഡന്റ് മാത്തന്‍ കടുവ, പ്രതിപക്ഷ നേതാവ് വീരസിംഹന്‍, മൃഗവാണി പത്രാധിപര്‍ ഡോ. കുരങ്ങനുണ്ണി തുടങ്ങിയവരെല്ലാം മുന്‍ നിരയില്‍ത്തന്നെ ഇരിപ്പുറപ്പിച്ചിരുന്നു.

സത്യപ്രതിജ്ഞ നടക്കുമ്പോള്‍ മുഖ്യമന്ത്രി സൂത്രന്‍ കുറുക്കനോട് എതിര്‍പ്പുള്ള ചില ഓരിക്കുറുക്കന്മാര്‍ തൊട്ടടുത്തുള്ള കുറ്റിക്കാട്ടില്‍ ഒളിഞ്ഞിരുന്ന് ഓരിയിടുകയും ചെരിപ്പേറു നടത്തുകയും ചെയ്തത് ഒരു ദുശ്ശകുനമാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി.

സൂത്രന്റെ മന്ത്രിസഭയില്‍ മുന്നണിയിലെ വിവിധ കക്ഷികളെ പ്രതിനിധീകരിച്ച് താഴെപ്പറയുന്നവരാണ് വിവിധ വകുപ്പുകളുടെ മന്ത്രിമാരായത്. ആഭ്യന്തര മന്ത്രി: മിസ്റ്റര്‍ ഏഭ്യന്‍ കുരങ്ങന്‍, ധനകാര്യ മന്ത്രി: മിസ്റ്റര്‍ കുട്ടന്‍ കഴുത, വനം വകുപ്പു മന്ത്രി: ആനപ്പാറ കേശവന്‍, ആരോഗ്യ വകുപ്പു മന്ത്രി: പ്രൊഫ. പോത്തമ്മാവന്‍, ഗതാഗത വകുപ്പുമന്ത്രി: ശിങ്കന്‍ കുതിര, വിദ്യാഭ്യാസ മന്ത്രി: ശ്രീ കണ്ടന്‍ കാണ്ടാമൃഗം.

ഭരണം ഏറ്റെടുത്ത രാത്രിയില്‍ മുഖ്യമന്ത്രി സൂത്രന്‍കുറുക്കന്‍ റേഡിയോയിലൂടെ ഒരു പ്രസ്താവന ചെയ്തു. ”ഞങ്ങളുടെ ലക്ഷ്യം സേവനമാണ്. സേവനത്തിലൂടെ ഞങ്ങള്‍ മുന്നേറും. ഈ മഹാവനത്തിലെ ഓരോ പ്രജയെയും ഞങ്ങളാലാവുംവിധം സേവിക്കാമെന്ന് നിങ്ങള്‍ക്ക് ഉറപ്പുതരുന്നു.”sippy pallippuram, story, childrens story, iemalayalam

മൃഗങ്ങളെല്ലാം പുതിയ സര്‍ക്കാരിനെ സസന്തോഷം സ്വാഗതം ചെയ്തു. ഒട്ടും താമസിയാതെ നിയമസഭ സമ്മേളിച്ച് പ്രജാക്ഷേമത്തിനവേണ്ടിയുള്ള പല പരിപാടികളും പാസ്സാക്കി. ഭരണം തകൃതിയായി നടന്നു.

പക്ഷേ ഒരു വര്‍ഷം തികഞ്ഞില്ല. അപ്പോഴേക്കും മന്ത്രിമാരെക്കുറിച്ച് തുരുതുരാ പരാതികള്‍ വരാന്‍ തുടങ്ങി. മുഖ്യമന്ത്രി സൂത്രനെക്കുറിച്ചാണ് ആദ്യത്തെ പരാതി വന്നത്! മൃഗവാണി പത്രത്തിന്റെ ഒന്നാം പേജില്‍ വന്ന വാര്‍ത്ത മൃഗലോകത്തെയാകെ ഇളക്കിമറിച്ചു. വാര്‍ത്ത ഇതായിരുന്നു.

മുഖ്യമന്ത്രിയുടെ കോഴിവേട്ട

മുഖ്യമന്ത്രി ഡോ. സൂത്രന്‍ കുറുക്കന്‍ സന്ധ്യമയങ്ങിയാല്‍ തന്റെ ഔദ്യോഗികവസതിയില്‍ നിന്നിറങ്ങി സ്വന്തം പാര്‍ട്ടിക്കാരുടെ അകമ്പടിയോടെ ഉള്‍ക്കാടുകളില്‍ പോയി കോഴിവേട്ട നടത്തിക്കൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ജൂലൈ 3-ന് രാത്രി മുഖ്യമന്ത്രി പത്തു കോഴികളെ ശാപ്പിട്ടതായി റിപ്പോര്‍ട്ടു ചെയ്യുന്നു.

ഇതോടെ പ്രതിപക്ഷം ഉണര്‍ന്നു. അവര്‍ വനത്തിലെത്തുകയും പന്തം കൊളുത്തി പ്രകടനം നടത്തുകയും ചെയ്തു. ചൂടേറിയ മുദ്രാവാക്യങ്ങള്‍ അന്തരീക്ഷത്തില്‍ അലയടിച്ചു.

”മുഖ്യമന്ത്രി സൂത്രന്‍കുറുക്കന്‍ ഉടന്‍ രാജിവയ്ക്കുക.”

”കോഴിക്കള്ളന്‍ മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യുക.”

”മൃഗലോകത്തിന്‍ മാനംകാക്കാന്‍ വരുന്നു ഞങ്ങള്‍ മുന്നോട്ട്.”

”സിന്ദാബാദ്, സിന്ദാബാദ് വീരസിംഹന്‍ സിന്ദാബാദ്.”

പക്ഷേ ഇതു കേട്ടൊന്നും സൂത്രന്‍ കുലുങ്ങിയില്ല. ഒരു പൊതുയോഗത്തില്‍ അദ്ദേഹം പറഞ്ഞു.

”സുഹൃത്തുക്കളേ, ഞാന്‍ അറിഞ്ഞുകൊണ്ട് യാതൊരു അഴിമതിയും നടത്തുന്നില്ല. എന്റെ പാര്‍ട്ടിയും അതിനോട് യോജിക്കുന്നില്ല. പക്ഷേ സേവനം ലക്ഷ്യമാക്കിക്കൊണ്ടുള്ള ഭരണമാകുമ്പോള്‍ ചില പാളിച്ചകള്‍ ഉണ്ടായേക്കാം. അതെല്ലാം നിങ്ങള്‍ സദയം ക്ഷമിക്കണം.”

പ്രജകള്‍ തല്‍ക്കാലം ഒന്നടങ്ങി. അപ്പോഴതാ വരുന്നു മറ്റൊരു പരാതി. വനം വകുപ്പു മന്ത്രി ആനപ്പാറ കേശവനെപ്പറ്റിയായിരുന്നു അത്. കേശവന്‍ വനം മുഴുവന്‍ തിന്നു തീര്‍ക്കുന്നുവെന്നതായിരുന്നു ആ പരാതി.

ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ഒരു മൂന്നംഗ കമ്മീഷനെ വച്ചു. കമ്മീഷന്‍ കാട്ടില്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച അമ്പരിപ്പിക്കുന്നതായിരുന്നു. വനത്തിന്റെ ഭൂരിഭാഗവും മന്ത്രിതന്നെ തിന്നുമുടിച്ചിരിക്കുന്നു.

കമ്മീഷന്‍ റിപ്പോര്‍ട്ടു പുറത്തുവന്നതോടെ പാവം ആനപ്പാറ കേശവന്‍ മന്ത്രിസ്ഥാനം രാജിവച്ച് നാട്ടില്‍ നിന്നും ഒളിച്ചോടി.

ഇതിനിടയിലാണ് ആഭ്യന്തര മന്ത്രി മി. ഏഭ്യന്‍ കുരങ്ങന്റെ വിക്രിയകള്‍ പുറത്തുവന്നത്. ഏഭ്യന്‍ കുരങ്ങന്‍ ചെത്തുപനകളില്‍ കയറി കള്ളുകുടിക്കുകയും കാട്ടിലെ മൃഗങ്ങളെയെല്ലാം ഓടിച്ചിട്ടു കടിക്കുകയും ചെയ്യുന്നത് സാധാരണ സംഭവമായിത്തീര്‍ന്നിരിക്കുന്നു. മന്ത്രിയല്ലേ? ആരെങ്കിലും പരാതി പറഞ്ഞാല്‍ ഉടനെ പോലീസിനെ അയച്ച് ഭീഷണിപ്പെടുത്തും. പിന്നെ എന്താ ചെയ്ക?sippy pallippuram, story, childrens story, iemalayalam

വിദ്യാഭ്യാസവകുപ്പു മന്ത്രി ശ്രീ കാണ്ടാമൃഗമാവട്ടെ ശുദ്ധ വിഡ്ഢിത്തരങ്ങള്‍ ചെയ്തുകൊണ്ടിരുന്നു. കാടായ കാട്ടിലെല്ലാം പുതിയ പുതിയ വിദ്യാലയങ്ങള്‍ ആരംഭിച്ചു. വിദ്യാലയങ്ങളില്‍ ചീങ്കണ്ണികളെയാണ് അധ്യാപകരായി നിയമിച്ചത്. അധ്യാപകര്‍ ദിവസേന ശിഷ്യന്മാരെ ശാപ്പിട്ട് വിശപ്പടക്കിക്കൊണ്ടിരുന്നു.

ഇതോടെ മന്ത്രിസഭ ആകെ വഷളായി. കേസരിപക്ഷത്തിന്റെ നേതാവ് സിംഹത്തപ്പന്‍ വീണ്ടും രംഗത്തിറങ്ങി. പ്രതിപക്ഷ കക്ഷികള്‍ എല്ലാവരും യോജിച്ച് സമരപ്രഖ്യാപനം നടത്തി. അവര്‍ സിംഹത്തപ്പനെ നേതാവാക്കിക്കൊണ്ട് പുതിയ സമര മുഖങ്ങള്‍ തുറന്നു.

സിംഹത്തപ്പനും കൂട്ടരും ഒരു ദിവസം നിയമസഭാ കവാടത്തില്‍ വച്ച് മുഖ്യമന്ത്രി സൂത്രന്‍ കുറുക്കനെ ഘെരാവോ ചെയ്തു. സൂത്രന്‍ കുറുക്കന്‍ രക്ഷപ്പെടാനാവാതെ നിന്നിടത്തുനിന്ന് മൂത്രമൊഴിച്ചു.

കുറേപ്പേര്‍ ആഭ്യന്തര മന്ത്രി ഏഭ്യന്‍ കുരങ്ങന്റെ വസതിയിലേക്ക് മാര്‍ച്ചു ചെയ്തു. അവര്‍ കുരങ്ങന്റെ വാലില്‍ പന്തം കൊളുത്തി പ്രതിഷേധം ആളിക്കത്തിച്ചു.

അപ്പോഴാണ് കൂനിന്മേല്‍ കുരുപോലെ മറ്റൊരു സംഭവമുണ്ടായത്. ആരോഗ്യ വകുപ്പുമന്ത്രി പ്രൊഫ. പോത്തമ്മാവന്‍ ആശുപത്രികളുടെ വരാന്തയില്‍ ചാണകമിടുന്നതായി ശ്രീമതി
ജിറാഫും അവരുടെ മഹിളാ വിഭാഗം സെക്രട്ടറിയുംകൂടി കണ്ടുപിടിച്ചു. അതുകൊണ്ടും തീര്‍ന്നില്ല. മറ്റൊരു കുംഭകോണം കൂടി പുറത്തുവന്നു.

വിദേശത്തുനിന്ന് സാധുക്കള്‍ക്ക് സൗജന്യമായി വിതരണം ചെയ്യാനെത്തിയ നൂറുകെട്ട് കറുകപ്പുല്ല് ധനകാര്യ വകുപ്പുമന്ത്രി കുട്ടന്‍ കഴുത വളരെ രഹസ്യമായി പോത്തന്നൂരിലെ പണക്കാരനായ മാണിക്യന്‍ പോത്തിന് മറിച്ചു വിറ്റ് ധാരാളം പണമുണ്ടാക്കിയത്രേ. ആ പണം കൊണ്ട് കുട്ടന്‍ കഴുത ഒരു എസ്‌റ്റേറ്റ് വാങ്ങിയെന്നും കിംവദന്തികള്‍ പരന്നു.

സംഭവഗതികള്‍ ഇത്തരത്തിലായപ്പോള്‍ ജംബുക മുന്നേറ്റ മുന്നണിയിലെ ചില ഘടകകക്ഷികള്‍ക്ക് തലവേദനയായി. ഇനിയും മന്ത്രിസഭയില്‍ തുടര്‍ന്നാല്‍ തങ്ങളും വഷളാകുമെന്ന് അവര്‍ മനസ്സിലാക്കി.

ഒട്ടും താമസിയാതെ ഗതാഗതവകുപ്പുമന്ത്രി ശിങ്കന്‍ കുതിര മന്ത്രിസഭയില്‍ നിന്നും രാജിവച്ചു. അതോടെ ഇരുപതു എം.എല്‍.എ. മാര്‍ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തു.

മുഖ്യമന്ത്രി സൂത്രന്‍ കുറുക്കന്റെ പാര്‍ട്ടിക്ക് ഭൂരിപക്ഷമില്ലാതായി. മന്ത്രിസഭ തകര്‍ന്നു. അടുത്ത ദിവസംതന്നെ സൂത്രന്‍ ഗവര്‍ണര്‍ നരികേശന്റെ പക്കലെത്തി രാജി സമര്‍പ്പിച്ചു. പിന്നെ സൂത്രന്‍ കുറുക്കനെ ആ ദേശത്ത് ആരും കണ്ടിട്ടില്ല. നാണക്കേടുകൊണ്ട് അദ്ദേഹം കാടു കടന്നെന്നാണ് പറയപ്പെടുന്നത്.

  • പൂർണ്ണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന സമ്മാനപ്പൊതി ബാലസാഹിത്യമാലയിലെ, സിപ്പി പള്ളിപ്പുറം എഴുതിയ ‘കുടവയറൻ കുറുക്കനും മത്തങ്ങാത്തോണിയും’ എന്ന കഥാസമാഹാരത്തിൽ നിന്ന് .

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook