രാജരാജശ്രീ വീരകേസരി തിരുമേനിക്ക് സുഖമില്ലാതായിട്ട് ദിവസങ്ങള്‍ പലതു കഴിഞ്ഞു. പുറത്തേക്ക് ഒരു തിരുവെഴുന്നള്ളത്ത് നടത്താന്‍ പോലും വയ്യ. എപ്പോഴും സിംഹാസനത്തില്‍ ചുരുണ്ടുകൂടിക്കിടന്ന് ഉറക്കം തന്നെ ഉറക്കം!
കൊട്ടാരവൈദ്യന്മാരും നാട്ടുചികിത്സക്കാരുമൊക്കെ പഠിച്ചപണി പതിനെട്ടും നോക്കിയതാണ്. പക്ഷേ രോഗത്തിന് ഒരു കുറവും കാണുന്നില്ല. ഇങ്ങനെ പോയാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തിരുമേനി നാടുനീങ്ങുമെന്ന് തീര്‍ച്ച…
അങ്ങനെ എല്ലാവരും സങ്കടപ്പെട്ടിരിക്കുമ്പോഴാണ് കടുവാക്കുന്നിലെ പ്രശസ്ത ഡോക്ടറായ മാത്തന് കടുവയെക്കുറിച്ച് ആരോ പറഞ്ഞത്. മാത്തന് കടുവയെ വരുത്തി പരിശോധിച്ചാല്‍ തിരുമേനിയുടെ രോഗം പമ്പ കടക്കുമെന്ന് കൊട്ടാരം കാര്യസ്ഥന്മാര് ഒന്നാകെ അഭിപ്രായപ്പെട്ടു.
ഈ അഭിപ്രായത്തെ മാനിച്ച് രാജരാജശ്രീ വീരകേസരി
തിരുമേനി തന്റെ വിശ്വസ്ത സ്നേഹിതനും മന്ത്രിയുമായ
ജംബുകേന്ദ്രനെ അരികില്‍ വിളിച്ചു.
തിരുമേനി ഇഴഞ്ഞ സ്വരത്തില്‍ മന്ത്രിയോടു കല്പ്പിച്ചു.
”മന്ത്രിസത്തമാ, താങ്കള്‍ വേഗം കടുവാക്കുന്നില്ച്ചെന്ന് ഡോക്ടര്‍ മാത്തന് കടുവയെ കൂട്ടിക്കൊണ്ടുവരൂ.”
കല്‍പ്പന കേട്ടയുടനെ മന്ത്രി ജംബുകേന്ദ്രന് കടുവാക്കുന്നിലേക്കു പുറപ്പെട്ടു. വൈകുന്നേരമായപ്പോഴേക്കും ജംബുകേന്ദ്രന് ഡോക്ടറുടെ നേഴ്സിംഗ് ഹോം കണ്ടുപിടിച്ചു. ഡോക്ടര്സാര് ഒരു കുട്ടിക്കുരങ്ങന്റെ വാല് ഓപ്പറേറ്റു ചെയ്യുന്ന തിരക്കിലായിരുന്നു.
ഓപ്പറേഷന് കഴിഞ്ഞയുടനെ ഡോക്ടര്‍ മാത്തന് കടുവ ജംബുകേന്ദ്രനോടൊപ്പം പുറപ്പെട്ടു. രാജധാനിയിലെത്തിയ ഉടനെ അദ്ദേഹം രോഗം മൂര്‍ച്ഛിച്ചു കിടക്കുന്ന വീരകേസരിതിരുമേനിയെ അടിമുടി പരിശോധിച്ചു.
പരിശോധന കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ പറഞ്ഞു:
”സുഖക്കേട് അല്പം സീരിയസ്സാണ്! എങ്കിലും ഞാനൊരു ഒറ്റമൂലി നിര്‍ദ്ദേശിക്കാം. ആ മരുന്ന് കൈക്കലാക്കാന്‍ വളരെ പ്രയാസമുള്ളതാണ്.”
”എന്തു മരുന്നായാലും അതു കൊണ്ടുവരുന്ന കാര്യം ഞാന്‍ ഏറ്റു,” മന്ത്രി ജംബുകേന്ദ്രന് ഉറപ്പു കൊടുത്തു.
”എങ്കില്‍ ഒരു പുള്ളിമാനിനെ പിടിച്ച് ഒറ്റവെട്ടിനു തല താഴെ വീഴ്ത്തണം… എന്നിട്ട് അതിന്റെ തലച്ചോറെടുത്ത് ഒറ്റ വിഴുങ്ങിന് അകത്താക്കണം,” -ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.
”ശരി, നാം അതിനുവേണ്ട ഏര്‍പ്പാടുകള്‍ ഇപ്പോള്‍ത്തന്നെ ചെയ്യാം,” – വീരകേസരി സമ്മതിച്ചു.
”ഈ ഒറ്റമൂലി ഫലിച്ചാല്‍ തിരുമേനിയുടെ സര്‍വ്വരോഗവും അതോടെ മാറും! നഷ്ടപ്പെട്ട പഴയ ശക്തി വീണ്ടുകിട്ടുകയും ചെയ്യും,” ഡോക്ടര്‍ ഒരിക്കല്‍ക്കൂടി ഓര്‍മ്മപ്പെടുത്തി.
പക്ഷേ, ഒരു പുള്ളിമാനിനെ കിട്ടുകയെന്നത് ആ കാട്ടില്‍ പ്രയാസമായിരുന്നു. എങ്കിലും വീരകേസരിയുടെ ആജ്ഞപ്രകാരം മനസ്സില്ലാമനസ്സോടെ മന്ത്രി ജംബുകേന്ദ്രന് പുള്ളിമാനെത്തേടി യാത്രയായി.
കാടായ കാടെല്ലാം തപ്പിത്തപ്പി ഒരു ദിവസം മന്ത്രി ജംബുകേന്ദ്രന് പുള്ളിമാനുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ‘പുള്ളിമാഞ്ചേരി’ എന്ന സ്ഥലത്തെത്തി. അപരിചിതനായ ഒരു കുറുക്കന് തങ്ങളുടെ നാട്ടിലെത്തിയെന്നറിഞ്ഞു പുള്ളിമാനുകളെല്ലാം അവിടെ ഓടിയെത്തി.
”എന്താ മിസ്റ്റര്‍ കുറുക്കനണ്ണന്, ഈ വഴി വന്നത്? വല്ല പ്രത്യേക വിശേഷവും ഉണ്ടോ?”
”ഉണ്ട്” കൗശലക്കാരനായ ജംബുകേന്ദ്രന് തന്ത്രപൂര്‍വ്വം പറയാന്‍ തുടങ്ങി.
”എന്റെ ചങ്ങാതികളേ, നിങ്ങള്‍ക്കൊരു വലിയ ഭാഗ്യം കൈവന്നിരിക്കുന്നു…”
”എന്താണാവോ ആ ഭാഗ്യം?” ഒരു മാന്‍ ചോദിച്ചു.
”ഞങ്ങടെ വീരകേസരി തിരുമേനി മരണത്തിന്റെ വക്കത്താണ്! ഒരാഴ്ചയ്ക്കുള്ളില്‍ മിക്കവാറും അദ്ദേഹം നാടുനീങ്ങും. ഇപ്പോള്‍ അദ്ദേഹത്തിനു വിശ്വസ്തനായ ഒരു ദാസനെ വേണം. അങ്ങനെ ദാസനായിത്തീരുന്നവനെ ഞങ്ങളുടെ അടുത്ത രാജാവാക്കണമെന്നാണ് തിരുമേനിയുടെ അന്ത്യാഭിലാഷം,” ജംബുകേന്ദ്രന് വളരെ വിശ്വസനീയമായ രീതിയില്‍ അടിച്ചുവിട്ടു.
ഇതുകേട്ടു മാനുകള്ക്കെല്ലാം കൊതിമൂത്തു. ഇപ്പോള്‍ ദാസനായി വരുന്നവനെ പിന്നീടു രാജാവാക്കുമെന്നല്ലേ പറയുന്നത്? പിന്നെങ്ങനെ കൊതിമൂക്കാതിരിക്കും?
”ഞാന്‍ വരാം… ഞാന്‍ വരാം…” മാനുകള്‍ തിക്കും തിരക്കും ഉണ്ടാക്കി.
മന്ത്രി ജംബുകേന്ദ്രന് എല്ലാവരെയും മാറിമാറി നോക്കി. കൂട്ടത്തില്‍ ഏറ്റവും നന്നായി കൊഴുത്തു തടിച്ച ഒരു പുള്ളിമാനിനെ മോഹിപ്പിച്ചു തട്ടിക്കൊണ്ടുപോന്നു.
പുള്ളിമാന്‍ എത്തിയെന്നറിഞ്ഞ് വീരകേസരി തിരുമേനി അത്യധികം സന്തോഷിച്ചു. വീരകേസരി പുള്ളിമാനിനെ ചെവിക്കുപിടിച്ചുനിര്ത്തി. എന്നിട്ടു ജംബുകേന്ദ്രനോടു പറഞ്ഞു:
”മന്ത്രിസത്തമാ, താങ്കള്‍ വേഗം ചെന്ന് ഒരു വെട്ടുകത്തി കൊണ്ടുവരൂ.”
വെട്ടുകത്തിയെന്നു കേട്ടപ്പോള്‍ പുള്ളിമാന്‍ ഞെട്ടി, തന്റെ കഥ കഴിക്കാനാണ് തിരുമേനി ഭാവിക്കുന്നതെന്ന് അതിനു മനസ്സിലായി.
പേടിച്ചരണ്ട പുള്ളിമാന്‍ മരണവെപ്രാളത്തോടെ ശക്തിയായി ഒന്നു പിടഞ്ഞു. അതിന്റെ ഒരു ചെവി ഉരിഞ്ഞുപോയി. ചെവി ഉരിഞ്ഞുപോയെങ്കിലും അതു പ്രാണനും കൊണ്ട് ഓടി രക്ഷ പ്പെട്ടു.
മന്ത്രി ജംബുകേന്ദ്രന് വെട്ടുകത്തിയുമായി വന്നപ്പോഴേക്കും മാന്‍ പമ്പ കടന്നിരുന്നു.
ജംബുകേന്ദ്രന് ചോദിച്ചു: ”തിരുമേനീ, അവിടന്നു പിടിച്ചുവെച്ചിരുന്ന പുള്ളിമാന്‍ എവിടെ?”
”അവന് എന്നെ പറ്റിച്ചുകടന്നെടോ! ചെവിപോലും ഉപേക്ഷിച്ചിട്ടാണ് ആ പമ്പര വിഡ്ഢി ഓടിയൊളിച്ചത്! ഏതായാലും മന്ത്രി ഒരിക്കല്‍ക്കൂടി നമുക്കുവേണ്ടി ബുദ്ധിമുട്ടണം,” വീരകേസരി ഉപദേശിച്ചു.
മന്ത്രി ജംബുകേന്ദ്രനു ദേഷ്യമാണു തോന്നിയത്. എങ്കിലും പുറത്തുകാട്ടാനൊക്കുമോ? ജംബുകേന്ദ്രന് വീണ്ടും പുള്ളിമാനെത്തേടി പുള്ളിമാഞ്ചേരിയിലേക്കു പുറപ്പെട്ടു. ഇത്തവണ ജംബുകേന്ദ്രനെ കണ്ടപ്പോള്‍ മാനായ മാനുകളെല്ലാം ഓടിയൊളിക്കാന്‍ തുടങ്ങി. എങ്കിലും സൂത്രശാലിയായ ജംബുകേന്ദ്രന് പമ്മിപ്പതുങ്ങി അവരുടെ അടുക്കലെത്തി.
ജംബുകേന്ദ്രന് തന്ത്രപൂര്‍വ്വം മാനുകളോടു പറഞ്ഞു: ”ചങ്ങാതികളേ, ഞാന്‍ ഏതാനും ദിവസം മുമ്പ് ഇവിടന്നു വിളിച്ചുകൊണ്ടുപോയ മാന്‍ ഒരു വിഡ്ഢിയാണ്!”
”ങും അതെന്താ?” മാനുകള്‍ അന്വേഷിച്ചു.
”അവന് രാജാവു വിളിച്ചപ്പോള്‍ ഓടിക്കളഞ്ഞില്ലേ. ഭാഗ്യം കെട്ടവന്!” ജംബുകേന്ദ്രന് വിശദമാക്കി.
”തന്നെ വെട്ടുകത്തികൊണ്ടു വെട്ടിക്കൊല്ലാന്‍ പോയെന്നാണല്ലോ അവന് പറഞ്ഞത്…” ഒരു മാന്‍ സംശയം പ്രകടിപ്പിച്ചു.
”അവനെ കൊല്ലുകയോ? അവനെ കൊന്നിട്ടു തിരുമേനിക്ക് എന്തു പ്രയോജനം?”
ജംബുകേന്ദ്രന് മാനുകളെ നോക്കി. അവന് വീണ്ടും തുടര്‍ന്നു.
”തിരുമേനി അവന്റെ ചെവിയില്‍ എന്തോ സ്വകാര്യം പറയാന്‍ വിളിച്ചതാണ്. അപ്പോഴാണ് അവന് തെറ്റിദ്ധരിച്ച് ഓടിക്കളഞ്ഞത്. ഒരുപക്ഷേ അടുത്ത രാജാവാക്കുന്ന കാര്യം പറയാനായിരിക്കും…”
ഇതു കേട്ടപ്പോള്‍ പഴയ ഒറ്റച്ചെവിയന്‍ മാനിനു വീണ്ടും കൊതിമൂത്തു. തനിക്കു രാജസ്ഥാനം കിട്ടുമെന്ന് അവന് തീര്‍ച്ചപ്പെടുത്തി. വീരകേസരിയുടെ ദാസനായി താന്‍ വീണ്ടും വരാമെന്ന് ഒറ്റച്ചെവിയന്‍ സമ്മതിച്ചു. അവന് മന്ത്രി ജംബുകേന്ദ്രന്റെ കൂടെ വീണ്ടും കൊട്ടാരത്തിലേക്കു തിരിച്ചു.
കൊട്ടാരത്തിലെത്തിയ ഉടനെ മന്ത്രി ജംബുകേന്ദ്രനും വീരകേസരിയും കൂടി പുള്ളിമാനിനെ പിടിച്ചുകെട്ടി. ഇത്തവണയും രക്ഷപ്പെട്ടു കളഞ്ഞാലോ?
മന്ത്രി ജംബുകേന്ദ്രന് മാനിന്റെ തലക്കിട്ട് ഒറ്റയിടി. പുള്ളിമാന്‍ പിടഞ്ഞുവീണു.
വീരകേസരി തിരുമേനിയുടെ മനസ്സില്‍ ആനന്ദം തിരയടിച്ചുയര്‍ന്നു! തന്റെ നഷ്ടപ്പെട്ട സര്‍വ്വശക്തിയും തിരിച്ചുകിട്ടാന്‍ പോവുകയാണ്!
അദ്ദേഹം മന്ത്രി ജംബുകേന്ദ്രനോടു പറഞ്ഞു:
”മന്ത്രിസത്തമാ, താങ്കളുടെ സാമര്‍ത്ഥ്യത്തെ നാം അഭിനന്ദിക്കുന്നു… ഒരു പള്ളിനീരാട്ടു നടത്തി നാം ഉടനെ തിരിച്ചുവരാം. അപ്പോഴേക്കും താങ്കള്‍ മാനിന്റെ തല വെട്ടിപ്പൊളിച്ചു തലച്ചോറെടുത്ത് ഒരു തളികയില്‍ വെച്ചേക്കുക!..”
”കല്‍പ്പനപോലെ!” ജംബുകേന്ദ്രന് തിരുമേനിയെ കൈവണങ്ങി.
വീരകേസരി നീരാട്ടിനു പുറപ്പെട്ട ഉടനെ മന്ത്രി ജംബുകേന്ദ്രന് പുള്ളിമാനിന്റെ തലച്ചോറെടുത്ത് ഒരു സ്വര്‍ണ്ണത്തളികയില്‍ വച്ചു. നല്ല ഇളംചുവപ്പുനിറമുള്ള തലച്ചോറു കണ്ടപ്പോള്‍ ജംബുകേന്ദ്രന്റ വായില്‍ വെള്ളമൂറി. അവന് തലച്ചോറില്‍ നിന്ന് അല്‍പ്പം നുള്ളിയെടുത്തു രുചിച്ചുനോക്കി. ‘ഹാ! എന്തൊരു സ്വാദ്!’
കുറച്ചുകൂടി പറിച്ചെടുത്തു വായിലിട്ടു. അതോടെ അവന്റെ കൊതി മൂത്തു. അവന് വീണ്ടും വീണ്ടും അല്പാല്പം ശാപ്പിട്ടു കൊണ്ടിരുന്നു. തലച്ചോറു മുഴുവന്‍ തിന്നുതീര്ന്നത് ജംബുകേന്ദ്രന് അറിഞ്ഞതേയില്ല. ഒടുവില്‍ തളിക കാലിയായപ്പോഴാണ് അവന് നടുങ്ങിയത്!
രാജരാജശ്രീ വീരകേസരി പള്ളിനീരാട്ടു കഴിഞ്ഞു തലച്ചോറുവിഴുങ്ങാന് ആര്‍ത്തിയോടെ വന്നെത്തി. ഒഴിഞ്ഞ സ്വര്‍ണ്ണത്തളിക കണ്ട് അദ്ദേഹം ഞെട്ടി. തീപ്പൊരി പാറുന്ന കണ്ണുകളോടെ അദ്ദേഹം ചോദിച്ചു:
”മന്ത്രീ…അതെവിടെ?”
”എന്ത്?” ജംബുകേന്ദ്രന് ഒന്നുമറിയാത്തപോലെ തലചൊറിഞ്ഞു നിന്നു. തിരുമേനി അലറി;
”നമുക്കുവേണ്ടി തയ്യാറാക്കിയ മാനിന്റെ തലച്ചോര്‍?”
ഇതുകേട്ടു മന്ത്രി ജംബുകേന്ദ്രന് ഒന്നു ചിരിച്ചു. അവന് തിരുമേനിയോടു പറഞ്ഞു:
”പൊന്നുതിരുമേനീ, ആ മാന്‍ ഒരു വിഡ്ഢിയായിരുന്നു. അവനു തലച്ചോറുണ്ടായിരുന്നെങ്കില്‍ ഞാന്‍ വിളിച്ചപ്പോള്‍ വീണ്ടും അവന് വരുമായിരുന്നോ?”
ജംബുകേന്ദ്രന്റെ മറുപടി കേട്ട് വീരകേസരി നടുങ്ങി. അദ്ദേഹത്തിന്റെ കണ്ണുകളില്‍ ഇരുട്ടുകയറി. കാലുകള്‍ വിറച്ചു. കൈകള്‍ കുഴഞ്ഞു. അദ്ദേഹം സിംഹാസനത്തിനു മുകളില്‍ നിന്നും താഴേയ്ക്കു മറിഞ്ഞുവീണു. പിന്നെ ആ കിടപ്പില്‍ നിന്ന് അദ്ദേഹം ഒരിക്കലും ഉണര്‍ന്നിട്ടില്ല.
- പൂർണ്ണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന സമ്മാനപ്പൊതി ബാലസാഹിത്യമാലയിലെ, സിപ്പി പള്ളിപ്പുറം എഴുതിയ ‘കുടവയറൻ കുറുക്കനും മത്തങ്ങാത്തോണിയും’ എന്ന കഥാസമാഹാരത്തിൽ നിന്ന്
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook