കരിമണ്ണൂരിലെ കരുമാടിക്കുറുക്കന്‍ പണ്ടൊരിക്കല്‍ ഇരതേടിയിറങ്ങി. തോടും പാടവുമെല്ലാം നീന്തി നിരങ്ങി ഒടുവിലവന്‍ നാടുവാഴിത്തമ്പുരാന്റെ കോവിലകത്തെത്തി.

കോവിലകത്തെ വളപ്പിലിരുന്ന് വാല്യക്കാരിപ്പെണ്ണുങ്ങള്‍ പാത്രങ്ങള്‍ തേച്ചുമിനുക്കുന്നത് കരുമാടി കണ്ടു. അവന്‍ പാത്തും പതുങ്ങിയും കുറേനേരം അവിടെ ചുറ്റിപ്പറ്റി നിന്നു. ഒടുവിലൊരു സ്വര്‍ണ്ണത്തളിക മോഷ്ടിച്ച് കാട്ടിലേക്ക് ഒറ്റയോട്ടം. വാല്യക്കാരികള്‍ പിന്നാലെ പാഞ്ഞെങ്കിലും കുറുക്കനെ പിടികൂടാന്‍ കഴിഞ്ഞില്ല.

‘പളപളാ’ മിന്നുന്ന ആ സ്വര്‍ണ്ണത്തളിക കരുമാടിക്കുറുക്കന് നന്നായി ഇഷ്ടപ്പെട്ടു. പിറ്റേന്നു രാവിലെ ഉണര്‍ന്നപ്പോള്‍ അവന്‍ സ്വര്‍ണ്ണത്തളികയെടുത്ത് തേച്ചുമിനുക്കി.

ഈ സമയത്താണ് വേട്ടക്കാരന്‍ കുഞ്ഞമ്പാടി അതുവഴി വന്നത്. സ്വര്‍ണ്ണത്തളിക കണ്ട് കുഞ്ഞമ്പാടിയുടെ കണ്ണു മഞ്ഞളിച്ചു. അവന്‍ തന്റെ ചാട്ടുളി കുറുക്കന്റെ നേര്‍ക്കെറിഞ്ഞു. ഭാഗ്യത്തിന് ചാട്ടുളി കരുമാടിക്കുറുക്കന്റെ ദേഹത്തുകൊണ്ടില്ല. എങ്കിലും കുറുക്കന്‍ തളിക ഉപേക്ഷിച്ച് കടന്നു. വേട്ടക്കാരന്‍ കുഞ്ഞമ്പാടി ആ തളിക കയ്യിലെടുത്തു. അവന്‍ അതുംകൊണ്ട് വീട്ടിലേക്കു പാഞ്ഞു.sippy pallippuram, story, childrens story, iemalayalam

ഇതെല്ലാം കാട്ടിലെ രാജാവായ സിംഹവര്‍മ്മന്‍ കാണുന്നുണ്ടായിരുന്നു. അദ്ദേഹം തന്റെ ദൂതന്മാരെ പറഞ്ഞയച്ച് കരുമാടിക്കുറുക്കനെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. അദ്ദേഹം അവനോടു കല്‍പ്പിച്ചു. ”നിന്റെ സ്വര്‍ണ്ണത്തളിക നാം കണ്ടിരുന്നു. അതുകണ്ട് നാം എത്ര കൊതിച്ചതാണ്. അതുപോലെ വേറൊരെണ്ണം നീ നമുക്കു സംഘടിപ്പിച്ചുതരണം. ഇല്ലെങ്കില്‍ നിന്നെ നാം മാന്തിക്കീറി തിന്നും.”

രാജകല്‍പ്പന കേട്ട് കരുമാടി നടുങ്ങി. ഇനി ഇതുപോലൊരു സ്വര്‍ണ്ണത്തളിക എവിടെ നിന്നു കിട്ടാനാണ്? പക്ഷേ തിരുവായ്ക്ക് എതിര്‍വായില്ലല്ലോ. എന്തെങ്കിലും മറുത്തുപറഞ്ഞാല്‍ പിന്നെ തന്റെ കഥ തീര്‍ന്നതുതന്നെ. എന്താണു മാര്‍ഗ്ഗം? കരുമാടിക്കുറുക്കന്‍ തലപുകഞ്ഞാലോചിച്ചു. പെട്ടെന്ന് അവനൊരു ബുദ്ധിതോന്നി. അവന്‍ പറഞ്ഞു:

”തിരുമേനീ, രാത്രിയില്‍ നമ്മുടെ കുളത്തില്‍ ആരോ ഇതുപോലൊരു തളിക കൊണ്ടുവന്നിടാറുണ്ട്. രാവിലെ എടുത്തുകൊണ്ടുപോവുകയും ചെയ്യും.”

”അപ്പോള്‍ അവിടെ ചെന്നാല്‍ തളിക കിട്ടുമോ?” സിംഹേന്ദ്ര വര്‍മ്മന്‍ ആരാഞ്ഞു.sippy pallippuram, story, childrens story, iemalayalam

”തീര്‍ച്ചയായും കിട്ടും,” കരുമാടി പറഞ്ഞു. അന്നു രാത്രി കരുമാടിക്കുറുക്കന്‍ സിംഹേന്ദ്രവര്‍മ്മനേയും കൊണ്ട് കുളത്തിന്റെ അരികിലേക്ക് പോയി. വെള്ളത്തില്‍ പൗര്‍ണ്ണമിച്ചന്ദ്രന്റെ ഛായ തിളങ്ങിനിന്നിരുന്നു. അതുകാണിച്ച് കരുമാടിക്കുറുക്കന്‍ പറഞ്ഞു.

”അതാ തിരുമേനീ, സ്വര്‍ണ്ണത്തളിക വേഗം എടുത്തില്ലെങ്കില്‍ വേട്ടക്കാരന്‍ കുഞ്ഞമ്പാടി ഓടിവന്ന് ഇതും കൈയിലാക്കും,” പറഞ്ഞുതീരേണ്ട താമസം സിംഹേന്ദ്രവര്‍മ്മന്‍ ആഴമുള്ള കുളത്തിലേക്ക് ചാടി.

”ബ്ലും”

അദ്ദേഹം വെള്ളത്തില്‍ക്കിടന്ന് കൈകാലിട്ടടിച്ചു. തന്ത്രശാലിയായ കരുമാടി ജീവന്‍ തിരിച്ചുകിട്ടിയ സന്തോഷത്തോടെ മാളത്തിലേക്കും മടങ്ങി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook