ചിത്തിരപ്പുഴയുടെ തീരത്ത് തവിട്ടു നിറമുള്ള ഒരു കിങ്ങിണിപ്പക്ഷി പാര്‍ത്തിരുന്നു.

കിങ്ങിണിപ്പക്ഷിയുടെ കൂടിനടുത്തായി ഒരു നങ്ങേലിക്കാക്ക താമസിച്ചിരുന്നു. മഹാ കുശുമ്പിയായിരുന്നു നങ്ങേലിക്കാക്ക. തരം കിട്ടുമ്പോഴൊക്കെ കിങ്ങിണിപ്പക്ഷിയെ ഉപദ്രവിച്ചുവന്നു.

ഒരു ദിവസം കിങ്ങിണിപ്പക്ഷി ഒരു മുട്ടയിട്ടു. നങ്ങേലിക്കാക്കയും അന്നു തന്നെ ഒരു ചീഞ്ഞ മുട്ടയിട്ടു. എന്നാല്‍ കിങ്ങിണിപ്പക്ഷി കാണാതെ നങ്ങേലിക്കാക്ക കിങ്ങിണിയുടെ മുട്ട തട്ടിയെടുത്തു. പകരം തന്റെ ചീമുട്ട എടുത്ത് കിങ്ങിണിയുടെ കൂട്ടില്‍ വെച്ചു.

ഈ വിവരം കിങ്ങിണിപ്പക്ഷി അറിഞ്ഞില്ല. കുറേ ദിവസങ്ങള്‍ക്ക് ശേഷം നങ്ങേലിക്കാക്കയുടെ കൂട്ടിലെ മുട്ട വിരിഞ്ഞു. തവിട്ടു നിറമുള്ള ഒരു പക്ഷിക്കുഞ്ഞായിരുന്നു അത്. എന്നാല്‍ കിങ്ങിണിപ്പക്ഷിയുടെ കൂട്ടിലെ മുട്ട വിരിഞ്ഞില്ല. അപ്പോഴാണ് നങ്ങേലിക്കാക്ക തന്നെപ്പറ്റിച്ച വിവരം അവള്‍ക്ക് മനസ്സിലായത്. കിങ്ങിണിപ്പക്ഷി നങ്ങേലിക്കാക്കയുടെ അടുത്തെത്തി. എന്നിട്ടു പറഞ്ഞു. ”നങ്ങേലിക്കാക്കേ, നീ എന്റെ മുട്ട കട്ടെടുത്തില്ലേ? എന്റെ കുഞ്ഞിനെ വേഗം തിരിച്ചുതാ.”

ഇതുകേട്ട നങ്ങേലിക്കാക്ക കോപിച്ചു. ”ഹൂം! ഇതെന്റെ കുഞ്ഞാ.”

അപ്പോള്‍ കിങ്ങിണിപ്പക്ഷി ചോദിച്ചു. ”കാക്കക്കുഞ്ഞുങ്ങള്‍ക്ക് കറുപ്പു നിറമല്ലേ? തവിട്ടു നിറമുള്ള ഇത് എന്റെ കുഞ്ഞു തന്നെ.”

അപ്പോള്‍ നങ്ങേലിക്കാക്ക പറഞ്ഞു. ”നീലമലയിലെ കാട്ടില്‍ നീതിക്കുറുക്കന്റെ കോടതിയുണ്ട്. നമുക്ക് നാളെ അങ്ങോട്ടുപോകാം.”

പാവം കിങ്ങിണിപ്പക്ഷി അതു സമ്മതിച്ചു. നീതിക്കുറുക്കന്റെ കോടതിയില്‍ പോയാല്‍ സത്യം തെളിയുമെന്ന് അവള്‍ വിശ്വസിച്ചു.

എന്നാല്‍ നങ്ങേലിക്കാക്ക അന്നു രാത്രി ഒരെല്ലിന്‍ കഷണവുമായി നീതിക്കുറുക്കന്റെ വീട്ടില്‍ ചെന്നു. എല്ലിന്‍കഷണം കണ്ട് നീതിക്കുറുക്കന്റെ വായില്‍ വെള്ളമൂറി. നങ്ങേലിക്കാക്ക താന്‍ വന്ന കാര്യം നീതിക്കുറുക്കന്റെ ചെവിയില്‍ മന്ത്രിച്ചു. ”ശരി! എല്ലാം ഞാനേറ്റു.” നീതിക്കുറുക്കന്‍ പറഞ്ഞു.sippy pallippuram , childrens story, iemalayalam

പിറ്റേന്ന് നങ്ങേലിക്കാക്കയും കിങ്ങിണിപ്പക്ഷിയും കൂടി നീതിക്കുറുക്കന്റെ കോടതിയിലെത്തി. ആദ്യം നങ്ങേലിക്കാക്കയാണ് വാദം തുടങ്ങിയത്. അവള്‍ പറഞ്ഞു. ” കുറുക്കച്ഛാ കിങ്ങിണിപ്പക്ഷി കള്ളം പറയുന്നതാ. തവിട്ടുനിറമുള്ള കുഞ്ഞ് എന്റേതാണ്.”

ഇതുകേട്ട് നീതിക്കുറുക്കന്‍ കിങ്ങിണിപ്പക്ഷിയോടു ചോദിച്ചു:

”കിങ്ങിണിപ്പക്ഷീ, നങ്ങേലിക്കാക്ക പറഞ്ഞത് സത്യമാണോ?”

കിങ്ങിണിപ്പക്ഷി പൊട്ടിക്കരഞ്ഞുകൊണ്ടു പറഞ്ഞു:

”കുറുക്കച്ഛാ രക്ഷിക്കണം. ഇവള്‍ എന്റെ മുട്ട തട്ടിയെടുത്തതാ. തവിട്ടു നിറമുള്ള കുഞ്ഞ് അവളുടെ അല്ലെന്ന് ആര്‍ക്കാണ് അറിയാത്തത്?”

ഇതുകേട്ട് നീതിക്കുറുക്കന്‍ പറഞ്ഞു: ”വെളുത്ത പശുവിന് കറുത്ത കിടാങ്ങള്‍ ഉണ്ടാകാറില്ലേ. അതുകൊണ്ട് തവിട്ടുനിറമുള്ള കുഞ്ഞുങ്ങള്‍ കാക്കയ്ക്കും ഉണ്ടാകാം.”

നീതിക്കുറുക്കന്റെ വിധികേട്ട് കിങ്ങിണിപ്പക്ഷി കരഞ്ഞുകൊണ്ട് വീട്ടിലേക്കു തിരിച്ചു പോയി. കിങ്ങിണിപ്പക്ഷിയുടെ കരച്ചില്‍ അത്തിമരത്തില്‍ പാര്‍ക്കുന്ന ചിത്തിരന്‍കുരങ്ങന്‍ കേട്ടു. കുരങ്ങച്ചന്‍ കിങ്ങിണിപ്പക്ഷിയെ സമാധാനിപ്പിച്ചു.

”നീ എത്രയും പെട്ടെന്ന് നാടുവാഴിയേക്കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കൂ.”

പക്ഷേ,കിങ്ങിണിപ്പക്ഷിക്ക് നാടുവാഴിയുടെ അടുക്കല്‍ ചെല്ലാന്‍ പേടിയായിരുന്നു. അതുകൊണ്ട് അവള്‍ പോയില്ല.sippy pallippuram , childrens story, iemalayalam

നാടുവാഴിയുടെ മകള്‍ താംബൂലക്കന്നി നീരാട്ടു നടത്താനായി ചിത്തിരപ്പുഴയില്‍ വരാറുണ്ടായിരുന്നു. ഒരു ദിവസം താംബൂലക്കന്നിയുടെ രത്‌നമോതിരം വെള്ളത്തില്‍ കളഞ്ഞു പോയി. മോതിരം കണ്ടെടുക്കുന്നവര്‍ക്ക് ആവശ്യപ്പെടുന്നതെന്തും കൊടുക്കുന്നതാണെന്ന് നാടെങ്ങും ചെണ്ടകൊട്ടി അറിയിക്കാന്‍ തമ്പുരാന്‍ കല്‍പ്പനയായി. കല്‍പന കേട്ട ഉടനെ കിങ്ങിണിപ്പക്ഷി വെള്ളത്തിലേക്ക് പാഞ്ഞുചെന്ന് രത്‌നമോതിരം കൊത്തിയെടുത്തുകൊണ്ട് തമ്പുരാന്റെ മുമ്പിലെത്തി. സന്തുഷ്ടനായ തമ്പുരാന്‍ ചോദിച്ചു. ”നിനക്കെന്തു സമ്മാനമാണ് വേണ്ടത്?”

ഇതു കേട്ട് കിങ്ങിണിപ്പക്ഷി തന്റെ സങ്കടമെല്ലാം തമ്പുരാനോട് പറഞ്ഞു. തമ്പുരാന്‍ ഇങ്ങനെ കല്‍പ്പനയിട്ടു. ”വേഗം, ആ കാക്കയെ പിടിച്ചുകെട്ടി കൊണ്ടുവരൂ.”

ഭടന്മാര്‍ ഉടന്‍ തന്നെ നങ്ങേലിക്കാക്കയെ നാടുവാഴിയുടെ മുന്നില്‍ കൊണ്ടുവന്നു. നാടുവാഴി ചോദിച്ചു ”കള്ളക്കാക്കേ, ഈ കിങ്ങിണിപ്പക്ഷിയുടെ കുഞ്ഞിനെ നീ തട്ടിയെടുത്തോ? സത്യം പറഞ്ഞില്ലെങ്കില്‍ നിന്റെ നാവും ചിറകും ഞാന്‍ വെട്ടും.”

ഇതുകേട്ട് നങ്ങേലിക്കാക്ക സത്യം തുറന്നു പറഞ്ഞു. അവള്‍ പോയി തവിട്ടുനിറമുള്ള പക്ഷിക്കുഞ്ഞിനെ കൊണ്ടുവന്ന് കിങ്ങിണിപ്പക്ഷിക്കു കൊടുത്തു.

നാടുവാഴി ഉടനെ നല്ലവളായ കിങ്ങിണിപ്പക്ഷിക്ക് മനോഹരമായ നിറങ്ങള്‍ നല്‍കി. അവള്‍ക്ക് ഇമ്പമുള്ള സ്വരവും ‘പൊന്മാന്‍’ എന്ന പേരും നല്‍കി അനുഗ്രഹിച്ചു.

കാക്കയ്ക്ക് വൃത്തികെട്ട സ്വരവും കട്ടുതിന്ന് കാലം കഴിക്കണമെന്നുള്ള വരവും നല്‍കി. കൈക്കൂലിക്കാരനായ നീതിക്കുറുക്കനെ തമ്പുരാന്‍ അന്നു തന്നെ ആന്തമാന്‍ ദ്വീപിലേക്ക് നാടുകടത്തിവിടുകയും ചെയ്തു.

  • പൂർണ്ണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന സമ്മാനപ്പൊതി ബാലസാഹിത്യമാലയിലെ, സിപ്പി പള്ളിപ്പുറം എഴുതിയ ‘കുടവയറൻ കുറുക്കനും മത്തങ്ങാത്തോണിയും’ എന്ന കഥാസമാഹാരത്തിൽ നിന്ന്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook