താറാവുകാരി പാറൂട്ടിയമ്മയ്ക്ക് ഒരു വളപ്പു നിറയെ താറാവുകളുണ്ടായിരുന്നു. എന്നാല്‍ താറാവുകളെ മുഴുവന്‍ പാടത്തുകൊണ്ടുപോയി തീറ്റാനോ, അവയ്ക്ക് തവിടും പിണ്ണാക്കും കുഴച്ചുകൊടുക്കാനോ കാവല്‍ കിടക്കാനോ പറ്റിയ സഹായികളാരും ഉണ്ടായിരുന്നില്ല. സഹായത്തിനു പറ്റിയ ഒരാളെ കിട്ടിയാല്‍ എല്ലാം ഭംഗിയായി നടക്കുമെന്ന് പാറൂട്ടിയമ്മയ്ക്ക് തോന്നി.
ഒരു ദിവസം പാറൂട്ടിയമ്മ സഹായത്തിന് പറ്റിയ ഒരാളെ അന്വേഷിച്ച് യാത്രയായി. കുറച്ചു ദൂരം ചെന്നപ്പോള്‍ ചീരന്പാറയിലെ ചീരന്‍ കരടി അതുവഴി നടന്നുവരുന്നത് പാറൂട്ടിയമ്മ കണ്ടു. ചീരന്കരടി പാറൂട്ടിയമ്മയോട് ചോദിച്ചു.
”എങ്ങോട്ട് പോകുന്നു പാറുവമ്മേ
എന്തിന് പോകുന്നു പാറുവമ്മേ?”
പാറൂട്ടിയമ്മ പറഞ്ഞു: ”ഒന്നും പറയേണ്ട കരടിക്കുട്ടാ, എന്റെ താറാവുകളെ തീറ്റിപ്പോറ്റാനൊരാളില്ല. പറ്റിയ ഒരാളെ അന്വേഷിച്ച് ഞാന്‍ ഊരുചുറ്റുകയാണ്. നിന്റെ അറിവിലാരെങ്കിലുമുണ്ടോ?”
”അതിനാണോ വിഷമം? ആരുമില്ലെങ്കില്‍ ഞാന്‍ വരാമല്ലോ. താറാക്കുട്ടികളെ ഞാന്‍ പൊന്നുപോലെ നോക്കാം,” ചീരന്കരടി അറിയിച്ചു.
ചീരന്കരടി തന്നെ ചതിക്കുമെന്നു മനസ്സിലാക്കിയ പാറൂട്ടിയമ്മ പറഞ്ഞു ”അയ്യോ മോനേ കരടിക്കുട്ടാ നിന്റെ സ്വരം കേട്ടാല്‍ താറാവുകള്‍ പേടിക്കും. നീ വരേണ്ട.”
”അങ്ങനെ പറയരുതേ, എന്റെ സ്വരം ചക്കരപോലെ മധുരമാണ്. വിശ്വാസമില്ലെങ്കില്‍ കേട്ടോളൂ.”
ചീരന്കരടി ഉറക്കെ ശബ്ദമുണ്ടാക്കി. ഇതുകേട്ട് പാറൂട്ടിയമ്മ പറഞ്ഞു. ”വേണ്ടേ വേണ്ട. ഈ സ്വരം കേട്ടാല്‍ താറാവുകള്‍ നിന്നനില്‍പ്പില്‍ ചത്തുവീഴും. തന്നെയുമല്ല. നിന്നെ എനിക്ക് നല്ല വിശ്വാസവുമില്ല,” പാറൂട്ടിയമ്മ ചീരന്കരടിയെ ഉപേക്ഷിച്ചു നടന്നുനീങ്ങി.
കുറെ ചെന്നപ്പോള്‍ പന്നക്കാട്ടിലെ പൊന്നന്ചെന്നായ് പാറൂട്ടിയമ്മയോട് ചോദിച്ചു.
”എങ്ങോട്ട് പോകുന്നു പാറുവമ്മേ
എന്തിന് പോകുന്നു പാറുവമ്മേ?”
പാറൂട്ടിയമ്മ പറഞ്ഞു: ”ഒന്നും പറയേണ്ട ചെന്നായച്ഛാ; എന്റെ താറാവുകളെ തീറ്റിപ്പോറ്റാനൊരാളില്ല. പറ്റിയ ഒരാളെ അന്വേഷിച്ച് ഞാന്‍ ഊരുചുറ്റുകയാണ്. നിന്റെ അറിവിലാരെങ്കിലുമുണ്ടോ?”
”അതിനാണോ വിഷമം? ആരുമില്ലെങ്കില്‍ ഞാന്‍ വരാമല്ലോ. താറാക്കുട്ടികളെ ഞാന്‍ തോളില്‍കയറ്റി ലാളിക്കാം,” പൊന്നന് ചെന്നായ അറിയിച്ചു.
പൊന്നന് തന്നെ ചതിക്കുമെന്നു മനസ്സിലാക്കിയ പാറൂട്ടിയമ്മ പറഞ്ഞു. ” അയ്യോ മോനേ ചെന്നായച്ഛാ നിന്റെ അലര്‍ച്ച കേട്ടാല്‍ താറാവുകള്‍ കൂട്ടത്തോടെ നാടു കടക്കും. നീ വരേണ്ട.”
”അങ്ങനെ പറയരുതേ, എന്റെ സ്വരം തേന്‍പോലെ മധുരമാണ്. വിശ്വാസമില്ലെങ്കില്‍ കേട്ടോളൂ.”
പൊന്നന് ചെന്നായ ‘ഹൂ…. ഹൂ…. ഹോ ഹോയ് ‘ എന്നുറക്കെ ശബ്ദമുണ്ടാക്കി.
അതുകേട്ട് പാറൂട്ടിയമ്മ പറഞ്ഞു, ”വേണ്ടേ വേണ്ട. ഈ സ്വരം കേട്ടാല്‍ താറാവുകള്‍ക്ക് ദഹനക്കേട് പിടിക്കും. തന്നെയുമല്ല നിന്നെ എനിക്ക് നല്ല വിശ്വാസം പോര…” പാറൂട്ടിയമ്മ പൊന്നന് ചെന്നായെ ഉപേക്ഷിച്ചിട്ട് നടന്നു നീങ്ങി.
കുറെ ചെന്നപ്പോള്‍ കുറുക്കന്തറയിലെ കുഞ്ഞാലന്‍ കുറുക്കന് ആ വഴി വന്നു.
കുഞ്ഞാലന്‍ കുറുക്കന് പാറൂട്ടിയമ്മയോട് ചോദിച്ചു.
”എങ്ങോട്ട് പോകുന്നു പാറുവമ്മേ
എന്തിന് പോകുന്നു പാറുവമ്മേ?”
പാറൂട്ടിയമ്മ പറഞ്ഞു: ”ഒന്നും പറയേണ്ട കുറുക്കന്‍കുട്ടി. എന്റെ താറാവുകളെ തീറ്റിപ്പോറ്റാനൊരാളില്ല. പറ്റിയ ഒരാളെ അന്വേഷിച്ച് ഞാന്‍ ഊരുചുറ്റുകയാണ്. നിന്റെ അറിവിലാരെങ്കിലുമുണ്ടോ? ”
”അതിനാണോ വിഷമം? ആരുമില്ലെങ്കില്‍ ഞാന്‍ വരാമല്ലോ. താറാക്കുട്ടികളെ ഞാന്‍ പാട്ടുപാടി ഉറക്കാം, ” കുഞ്ഞാലന്‍ കുറുക്കന് അറിയിച്ചു.
”എങ്കില്‍ നീയൊന്നു പാടിക്കേ?” പാറൂട്ടിയമ്മ ആവശ്യപ്പെട്ടു.
കുഞ്ഞാലന്‍ കുറുക്കന് ഉറക്കെ പാട്ടുപാടാന്‍ തുടങ്ങി.
”രാരീരം രാരിരാ രാരിരാരോം
രാരിരം താറാവുറങ്ങുറങ്ങ്
ചെമ്മീനും മീനും വറുത്തുതരാം
രാരിരം താറാവുറങ്ങുറങ്ങ്!”
കുഞ്ഞാലന്കുറുക്കന്റെ പാട്ട് പാറൂട്ടിയമ്മയ്ക്ക് ഇഷ്ടമായി. പാറൂട്ടിയമ്മ ചോദിച്ചു. ”കുറുക്കന്കുട്ടീ, നീ എന്നെ ചതിക്കുമോ?”
”ചതിയോ, കൊതിയോ ഇല്ലാത്ത ഒരു പാവം സേവകനാണ് ഞാന്‍.” അവന് പാറൂട്ടിയമ്മയുടെ കാലില്‍ വീണു.
പാറൂട്ടിയമ്മയ്ക്ക് കുറുക്കനെ വിശ്വാസമായി. ഇനി മറ്റാരെയും അന്വേഷിക്കേണ്ടതില്ലെന്ന് അവര്‍ നിശ്ചയിച്ചു. പാറൂട്ടിയമ്മ കുഞ്ഞാലന്കുറുക്കനെ തന്റെ വീട്ടിലേയ്ക്കു കൊണ്ടുപോയി. അന്നു തന്നെ താറാവുകളെയെല്ലാം കുഞ്ഞാലന്‍ കുറുക്കനെ ഏല്‍പ്പിച്ചു.
രാത്രിയായപ്പോള്‍ കുറുക്കന് കൊതിമൂത്തു. അവന് നാലു താറാവുകളെ കൊന്നുതിന്ന് സുഖമായി കിടന്നുറങ്ങി. പിറ്റേദിവസം രാവിലെ പാറൂട്ടിയമ്മ കുഞ്ഞാലന്കുറുക്കനോടു ചോദിച്ചു. ”കുറുക്കന്കുട്ടീ, രാത്രിയില്‍ നീ താറാവുകളെയെല്ലാം നന്നായി നോക്കിയില്ലേ!”
”ഉവ്വ്, ഞാന്‍ കണ്ണടയ്ക്കാതെ അവര്‍ക്ക് കാവലിരിക്കുകയായിരുന്നു.” ഇതുകേട്ട് പാറൂട്ടിയമ്മയ്ക്ക് കുഞ്ഞാലന്‍ കുറുക്കനിലുള്ള വിശ്വാസം വര്‍ദ്ധിച്ചു.
പാറൂട്ടിയമ്മ നിത്യവും മുട്ടയും കൊണ്ട് ചന്തയിലേക്കു പോകും. ഈ തക്കം നോക്കി കുഞ്ഞാലന്കുറുക്കന് താറാവുകളെ കറുമുറെ കടിച്ചു തിന്ന് സുഖമായി കിടന്നുറങ്ങും.
ഏതാനും ദിവസം കൊണ്ട് താറാവുകളുടെ എണ്ണം കുറഞ്ഞു. അപ്പോള്‍ പാറൂട്ടിയമ്മയ്ക്ക് സംശയം തോന്നി. അവര്‍ കുഞ്ഞാലന്കുറുക്കനോടു ചോദിച്ചു. ”കുറുക്കന് കുട്ടീ, താറാവിന്റെ എണ്ണം പാതിയായല്ലോ. നീ അവയെ കൊന്നു തിന്നുന്നുണ്ടോ?”
”അയ്യോ! മഹാപാപം പറയാതെ! താറാവിറച്ചി ഞാന്‍ തിന്നാറേയില്ല. താറാവുകളെല്ലാം പാടത്തു സര്‍ക്കീട്ടിനു പോയിരിക്കുകയാണ്. ”കുഞ്ഞാലന്കുറുക്കന് പറഞ്ഞു. കുഞ്ഞാലന്കുറുക്കന് പിന്നെയും താറാവുളെ തിന്നുകൊണ്ടിരുന്നു.
ഒരു ദിവസം താറാവുകളെല്ലാം തീര്‍ന്നു. ഒറ്റത്താറാവിനെപ്പോലും കാണാതായപ്പോള്‍ പാറൂട്ടിയമ്മയുടെ സംശയം വര്‍ദ്ധിച്ചു. അവര്‍ ചോദിച്ചു. ”കുറുക്കന്കുട്ടീ, വളപ്പിനകത്ത് ഒരു താറാവുപോലുമില്ലല്ലോ? അവയെല്ലാം എവിടെപ്പോയി!”
”പാടത്തിന്റെ കരയില്‍ എല്ലാത്തിനേയും ഞാന്‍ ഉറക്കി കിടത്തിയിരിക്കയാണ്.”
പാറൂട്ടിയമ്മ വേഗം പാടത്തിന്റെ കരയിലേയ്ക്കോടി. അവിടെ ഒരു താറാവുപോലും ഉണ്ടായിരുന്നില്ല.
താറാവുകളുടെ തൂവലും എല്ലുമെല്ലാം അവിടെ കുന്നുകൂടി കിടക്കുന്നതാണ് പാറൂട്ടിയമ്മ കണ്ടത്.
പാറൂട്ടിയമ്മ കുഞ്ഞാലന്കുറുക്കനെ കൊല്ലാന്‍ ഒരു വടിയുമായി വീട്ടിലേക്ക് ചെന്നു. പക്ഷേ, അപ്പോഴേയ്ക്കും അവന് അവിടെ നിന്നും പമ്പകടന്നിരുന്നു.
അന്നു മുതലാണ് കുറുക്കനെ ആളുകള്‍ക്ക് വിശ്വാസമില്ലാതായത്. മനുഷ്യനെ കണ്ടാല്‍ കുറുക്കന് പേടിച്ച് കാട്ടില്‍ പോയി ഒളിക്കുന്നതിനും കാരണം ഇതാണ്.
- പൂർണ്ണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന സമ്മാനപ്പൊതി ബാലസാഹിത്യമാലയിലെ, സിപ്പി പള്ളിപ്പുറം എഴുതിയ ‘കുടവയറൻ കുറുക്കനും മത്തങ്ങാത്തോണിയും’ എന്ന കഥാസമാഹാരത്തിൽ നിന്ന്
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook