കണ്ടന്‍ പൂച്ചയും ഞൊണ്ടിത്താറാവും ചുണ്ടന്‍കാക്കയും ചങ്ങാതിമാരായിരുന്നു. പാടത്തിന്റെ അരികിലുള്ള പൊന്തക്കാട്ടിലാണ് അവര്‍ താമസിച്ചിരുന്നത്. ഞൊണ്ടിത്താറാവിനെ വീടുകാവല്‍ ഏല്‍പ്പിച്ചിട്ട് കണ്ടന്‍ പൂച്ചയും ചുണ്ടന്‍കാക്കയും തീറ്റിയന്വേഷിച്ച് രാവിലെ സ്ഥലം വിടും. പുറത്തേക്കു പോകുമ്പോള്‍ അവര്‍ പറയും. ”എടീ താറാവേ, ഞങ്ങളു പോയിട്ട് വരാം. നീ വാതിലടച്ച് വീട്ടിലിരുന്നോളൂ. ഞങ്ങള്‍ നിനക്ക് പൊരിച്ച മീനും ചപ്പാത്തിയുമൊക്കെ കൊണ്ടുവരാം.”

”പക്ഷേ ഒരു കാര്യം ശ്രദ്ധിക്കണം. നമ്മുടെ കുറുക്കന്‍ ഭാഗവതര്‍ ഈ വഴി വന്നേക്കും. അവന്‍ വന്നാല്‍ നീ വാതില്‍ തുറന്ന് പുറത്തിറങ്ങരുത്. ആപത്താകും,” ചങ്ങാതിമാര്‍ ഓര്‍മ്മപ്പെടുത്തി.

”ഇല്ലേയില്ല…” അവള്‍ ഉറപ്പിച്ചു പറഞ്ഞു. ഒരു ദിവസം കണ്ടനും ചുണ്ടനും പുറത്തുപോയ തക്കംനോക്കി കുറുക്കന്‍ ഭാഗവതര്‍ ആ വഴി വന്നു. അവന്‍ വീട്ടുമുറ്റത്തിരുന്ന് ഈണത്തില്‍ പാടാന്‍ തുടങ്ങി.

”താറാപ്പെണ്ണേ, താമരമൊട്ടേ

വാതില്‍ തുറക്കൂ പൊന്മുത്തേ!

ചെമ്മീന്‍ വേണ്ടേ, പൂമീന്‍ വേണ്ടേ

വാതില്‍ തുറക്കൂ വെണ്‍മുത്തേ!”

കുറുക്കന്റെ പാട്ടു കേട്ട് താറാവ് പുറത്തുവന്നു. പെട്ടെന്ന് കുറുക്കന്‍ ഭാഗവതര്‍ അവളെ കടന്നുപിടിച്ചു. നിലത്തുകൂടി വലിച്ചിഴച്ചുകൊണ്ട് ഓടി. താറാവ് ഉറക്കെ നിലവിളിച്ചു.

”കണ്ടന്‍ചേട്ടാ. ചുണ്ടന്‍കാക്കേ, വേഗം ഓടിവാ! കുറുക്കന്‍ ഭാഗവതര്‍ എന്നെ പിടി കൂടി!”

താറാവിന്റെ നിലവിളി കേട്ട് കണ്ടനും ചുണ്ടനും ഓടിയെത്തി. കുറുക്കനെ വിരട്ടിയോടിച്ച് അവര്‍ ഞൊണ്ടിയെ രക്ഷിച്ചു.

sippy pallippuram, story, childrens story, iemalayalam

നാളുകള്‍ കഴിഞ്ഞു. കണ്ടനും ചുണ്ടനും പതിവുപോലെ തീറ്റ തേടാന്‍ പുറപ്പെടുകയായിരുന്നു. അവര്‍ ഞൊണ്ടിയെ ഓര്‍മ്മിപ്പിച്ചു: ”എടീ ഞൊണ്ടീ, നീയൊരു മണ്ടിയാണ്. ആ കുറുക്കന്‍ ഭാഗവതരെ സൂക്ഷിച്ചോണം. അവന്റെ ചക്കരവാക്കില്‍ കുടുങ്ങരുത്.”

”ഇല്ലേ ഇല്ല!” അവള്‍ സമ്മതിച്ചു.

”ഇന്ന് ഞങ്ങള് ദൂരെയാണ് പോകുന്നത്. നീ കരഞ്ഞാലും കേട്ടെന്നു വരില്ല,” കണ്ടന്‍ പൂച്ച മുന്നറിയിപ്പു നല്‍കി. കുറേ കഴിഞ്ഞപ്പോള്‍ ഒരു മൂളിപ്പാട്ടുമായി കുറുക്കന്‍ ഭാഗവതര്‍ അവിടെയെത്തി. അവന്‍ മുറ്റത്തിരുന്ന് പാടാന്‍ തുടങ്ങി.

”ഞൊണ്ടീ ഞൊണ്ടീ വാതില്‍ തുറ

ഞണ്ടുപിടിക്കാന്‍ വാതില്‍ തുറ

പൊടിമീന്‍ തിന്നാം വാതില്‍ തുറ

കൊച്ചുമിടുക്കീ വാതില്‍ തുറ”

ഭാഗവതരുടെ സ്തുതിഗീതം കേട്ട് ഞൊണ്ടിത്താറാവ് വാതില്‍ തുറന്നു. തല പുറത്തേക്ക് നീട്ടിയതും ഭാഗവതര്‍ ഞൊണ്ടിയുടെ തലയ്ക്കു പിടികൂടിയതും ഒന്നിച്ചായിരുന്നു. അവളേയും കൊണ്ട് അവന്‍ മുന്നോട്ടു നീങ്ങി. ഞൊണ്ടി ഉറക്കെ കരഞ്ഞു.

”കണ്ടന്‍ പൂച്ചേ ചുണ്ടന്‍ കാക്കേ ഓടിവാ! ഞാന്‍ വീണ്ടും കുടുക്കിലായി,” ഞൊണ്ടിയുടെ കരച്ചിലും വിളിയും കേട്ട് കണ്ടനും ചുണ്ടനും ഓടിയെത്തി. കണ്ടന്‍ നീണ്ടുകൂര്‍ത്ത നഖംകൊണ്ട് കുറുക്കന്‍ ഭാഗവതരുടെ മുഖം മാന്തിപ്പറിച്ചു. ചുണ്ടന്‍ കൂര്‍ത്ത കൊക്കുകൊണ്ട് തലമണ്ടയ്ക്ക് കൊത്തുകൊടുത്തു. രക്ഷയില്ലെന്നായപ്പോള്‍ കുറുക്കന്‍ താറാവിനെ താഴെയിട്ടിട്ട് ഓടി.

കുറെ നാളത്തേക്ക് ഞൊണ്ടി ശ്രദ്ധയോടെയാണ് കഴിഞ്ഞത്. ഒരിക്കല്‍ കണ്ടനും ചുണ്ടനും സ്ഥലത്തില്ലാത്ത തക്കംനോക്കി കുറുക്കന്‍ ഭാഗവതര്‍ പാത്തും പതുങ്ങിയും അവിടെയെത്തി. മൂപ്പീന്ന് ഇറയത്തിരുന്നു നീട്ടി പാടാന്‍ തുടങ്ങി.

”തോടു കലക്കുന്ന താറാവേ

പാടം കലക്കുന്ന താറാവേ

കാരിയും കൂരിയും തിന്നണ്ടേ?

ഞണ്ടും ഞവണിയും തിന്നണ്ടേ?

വാതില്‍ തുറന്നിങ്ങ് വന്നാല്

വയറു നിറച്ചു മടങ്ങാലോ!”

മണ്ടിയായ ഞൊണ്ടിത്താറാവ് വീണ്ടും വാതില്‍ തുറന്നു. ഒറ്റച്ചാട്ടത്തിന് കുറുക്കന്‍ ഭാഗവതര്‍ ഞൊണ്ടിയെ പിടികൂടി. ഞൊണ്ടിയെ വലിച്ചിഴച്ചുകൊണ്ട് ഭാഗവതര്‍ നേരെ തന്റെ മാളത്തിലേക്കാണ് പോയത്.sippy pallippuram, story, childrens story, iemalayalam

ഞൊണ്ടി പതിവുപോലെ ഉറക്കെ കരഞ്ഞു ”കണ്ടന്‍ പൂച്ചേ ചുണ്ടന്‍ കാക്കേ വേഗം ഓടിവാ! ഞാന്‍ വീണ്ടും ചതിയന്‍ കുറുക്കന്റെ പിടിയിലായി.”പക്ഷേ ഇത്തവണ അവളുടെ കരച്ചില്‍ കൂട്ടുകാരുടെ ചെവിയില്‍ എത്തിയില്ല. അവര്‍ വളരെ ദൂരത്തിലായിരുന്നു.

സന്ധ്യയ്ക്കു മുമ്പായി കൂട്ടുകാര്‍ വീട്ടിലെത്തി. അപ്പോള്‍ വീടിന്റെ മുന്‍
വാതില്‍ മലര്‍ക്കെ തുറന്നുകിടക്കുന്നതാണ് കണ്ടത്. ഞൊണ്ടിയെ വീടിനകത്തു കണ്ടതുമില്ല. ഭാഗവതര്‍ അവളെ വീണ്ടും പറ്റിച്ചിരിക്കുന്നുവെന്ന് അവര്‍ക്കു മനസ്സിലായി. ഉടനെ രക്ഷിച്ചില്ലെങ്കില്‍ തങ്ങളുടെ കൂട്ടുകാരിയെ അവന്‍ വയറ്റിലാക്കും. കണ്ടനും
ചുണ്ടനും വേഗത്തില്‍ കുറുക്കന്‍ ഭാഗവതരുടെ താവളം തേടി യാത്ര തിരിച്ചു.

വളരെ നേരത്തെ അന്വേഷണത്തിനുശേഷം അവര്‍ മാളത്തിന്റെ സമീപത്തെത്തി. തങ്ങളാണ് വന്നിരിക്കുന്നതെന്നറിഞ്ഞാല്‍ സൂത്രക്കാരന്‍ കുറുക്കന്‍ പുറത്തേക്ക് വരില്ലെന്ന് അവര്‍ക്കറിയാമായിരുന്നു. അതുകൊണ്ട് ഒരു സൂത്രം പ്രയോഗിക്കാമെന്ന് അവര്‍ തീരുമാനിച്ചു. കണ്ടന്‍ പൂച്ച മാളത്തിലേക്ക് നോക്കി ഉറക്കെ വിളിച്ചുചോദിച്ചു:

”ഭാഗവതരില്ലേ ഇവിടെ?”

”ആരാത്? എന്താ കാര്യം?” അകത്തുനിന്ന് മറുചോദ്യമുണ്ടായി.

”ഞങ്ങള്‍ ഭാഗവതരെ ഒരു പാട്ടുകച്ചേരിക്ക് ക്ഷണിക്കാന്‍ വന്നതാണ്.” ഇതു കേട്ടപ്പോള്‍ ഭാഗവതര്‍ സന്തോഷത്തോടെ മാളത്തിന് പുറത്തേക്കു വന്നു.

പെട്ടെന്ന് കണ്ടനും ചുണ്ടനും കൂടി ഒരു കനത്ത ആക്രമണമാണ് ഭാഗവതരുടെ നേരെ അഴിച്ചുവിട്ടത്. കണ്ടന്റെ ഉഗ്രമായ മാന്തേറ്റ് ഭാഗവതരുടെ മുഖത്തു നിന്ന് ചോര ഒഴുകി. ചുണ്ടന്റെ കൊത്തേറ്റ് അവന്റെ തലമണ്ട പുകഞ്ഞു.

ചെറുത്തുനില്‍ക്കാനാവാതെ കുറുക്കന്‍ ഭാഗവതര്‍ കരഞ്ഞുകൊണ്ട് അകത്തേക്ക് ഓടി. കണ്ടനും ചുണ്ടനും മാളത്തില്‍ കടന്ന് ഞൊണ്ടിയെ പൊക്കിയെടുത്ത് പുറത്തു കൊണ്ടുവന്നു.

അവള്‍ സന്തോഷത്തോടെ ”ക്വാക്ക്, ക്വാക്ക്” എന്നു പാടാന്‍ തുടങ്ങി. പൊട്ടിവന്ന ചിരി അടക്കിക്കൊണ്ട് കൂട്ടുകാര്‍ പറഞ്ഞു:

”ഞൊണ്ടീ നിന്നെക്കൊണ്ട് ഞങ്ങള്‍ തോറ്റു. ഇനിയെങ്കിലും നീ മണ്ടത്തരത്തില്‍ കുടുങ്ങരുത്.”

  • പൂർണ്ണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന സമ്മാനപ്പൊതി ബാലസാഹിത്യമാലയിലെ, സിപ്പി പള്ളിപ്പുറം എഴുതിയ ‘കുടവയറൻ കുറുക്കനും മത്തങ്ങാത്തോണിയും’ എന്ന കഥാസമാഹാരത്തിൽ നിന്ന് 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook