ചീങ്കണ്ണിയച്ചന് നാലു മക്കളുണ്ടായിരുന്നു. നാലു പേരെയും പഠിപ്പിച്ച് വലിയ വിദ്വാന്മാരാക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ മോഹം.

മക്കളെ പഠിപ്പിക്കാന്‍ പറ്റിയ ഒരു ഗുരുനാഥനെ അന്വേഷിച്ച് ഒരു ദിവസം ചീങ്കണ്ണിയച്ചന്‍ യാത്രയായി. കുറച്ചു ദൂരം ചെന്നപ്പോള്‍ അദ്ദേഹം പുലിക്കോട്ടൂര്‍മനയ്ക്കലെ പുലിയന്‍ വാധ്യാരെ കണ്ടുമുട്ടി.

”ഗുഡ്‌മോര്‍ണിംഗ് ചീങ്കണ്ണിയച്ചാ. ഇത്ര രാവിലെ എങ്ങോട്ടാ?” പുലിയന്‍ വാധ്യാര്‍ ചോദിച്ചു.

”ഞാന്‍ എന്റെ മക്കളെ വിദ്യ അഭ്യസിപ്പിക്കാന്‍ പറ്റിയ ഒരു ഗുരുവിനെ അന്വേഷിച്ച് പോകയാണ്. ആരാണ് നല്ല ഗുരുനാഥന്‍,” ചീങ്കണ്ണിയച്ചന്‍ അന്വേഷിച്ചു.

”അതു ഞാന്‍ തന്നെ. എന്റെ ശിഷ്യന്മാരില്‍ പലരും ഇപ്പോള്‍ ഫോറിന്‍ സര്‍വ്വീസിലാണ്. ഹ ഹ ഹ…” പുലിയന്‍ വാധ്യാര്‍ മീശ കുലുക്കി ചിരിച്ചു.

”എന്തൊക്കെയാണ് തന്റെ ക്ലാസില്‍ പഠിപ്പിക്കുന്നത്,” ചീങ്കണ്ണിയച്ചന്‍ തിരക്കി.

”ഒന്നാം ക്ലാസ്സില്‍ തട്ട്, മുട്ട്, വെട്ട്.

രണ്ടാം ക്ലാസ്സില്‍ തട്ടിപ്പ്, വെട്ടിപ്പ്, ഒട്ടിപ്പ്

മൂന്നാം ക്ലാസ്സില്‍ തട്ടിത്തീന്, വെട്ടിത്തീന്, മുക്കിത്തീന്…
അങ്ങനെ പോകുന്നു പാഠങ്ങള്‍. എന്താ പോരേ!”

പുലിയന്‍ വാധ്യാര്‍ ചീങ്കണ്ണിയച്ചനെ നോക്കി.

”അയ്യോ വാധ്യാരേ തന്റെ ക്ലാസ്സില്‍ പഠിച്ചാല്‍ എന്റെ മക്കള്‍ തലതിരിഞ്ഞുപോകും. ഞാന്‍ വേറെ വഴി നോക്കാം,” ചീങ്കണ്ണിയച്ചന്‍ അവിടെ നിന്ന് സലാം പറഞ്ഞ് പിരിഞ്ഞു.

വഴിക്കുവച്ച് അദ്ദേഹം പൊട്ടഗുഹയിലെ കേസരിയമ്മാവനെ കണ്ടുമുട്ടി. കേസരിയമ്മാവന്‍ സട തടവിക്കൊണ്ട് ചോദിച്ചു:

”എന്താണാവോ ഇത്ര തിടുക്കത്തില്‍? വല്ല കല്യാണത്തിനോ മറ്റോ പോകയാണോ?”

”അല്ലല്ല. ഞാനെന്റെ മക്കളെ വിദ്യയഭ്യസിപ്പിക്കാന്‍ പറ്റിയ ഒരു ഗുരുവിനെ അന്വേഷിച്ചു പോകയാണ്. താങ്കളുടെ അറിവില്‍ വല്ലവരും ഉണ്ടോ?”

”എന്നെക്കാളും വലിയ ഡിഗ്രിക്കാരന്‍ ഈ കാട്ടില്‍ വേറെയില്ല. എന്റെയടുക്കല്‍ വിട്ടാല്‍ മതി. ഞാനവരെ മിടുമിടുക്കരാക്കാം,” കേസരിയമ്മാവന്‍ അറിയിച്ചു.

”എന്തൊക്കെയാണ് താങ്കളുടെ ക്ലാസ്സില്‍ പഠിപ്പിക്കുന്നത്?” ചീങ്കണ്ണിയച്ചന്‍ ചോദിച്ചു.

”ഒന്നാം കൊല്ലം അടി, ഇടി, അമ്മാനാട്ടം

രണ്ടാം കൊല്ലം കടി, പിടി, ചോരകുടി

മൂന്നാം കൊല്ലം മാന്തല്, ചീന്തല്, മോന്തല്

എന്താ കൊള്ളാമോ,” കേസരിയമ്മാവന്‍ മന്ദഹാസത്തോടെ ചീങ്കണ്ണിയച്ചനെ നോക്കി.sippy pallippuram, childrens story ,iemalayalam

”അയ്യോ ചങ്ങാതീ… തന്റെ ക്ലാസ്സില്‍ ചേര്‍ത്താല്‍ എന്റെ പൊന്നുമക്കള്‍ അക്രമികളായിപ്പോകും. ഞാന്‍ വേറെ ആളെ നോക്കാം,” ചീങ്കണ്ണിയച്ചന്‍ അവിടെനിന്നും ഗുഡ്‌ബൈ പറഞ്ഞ് യാത്രയായി.

കുറച്ചു നടന്നപ്പോള്‍ അദ്ദേഹം പന്നിയങ്കരയിലെ ചെന്നായ്‌സാറിനെ കണ്ടുമുട്ടി. അദ്ദേഹം വാലാട്ടിക്കൊണ്ടു ചോദിച്ചു:

”ചീങ്കണ്ണിയച്ചാ, ഇത്ര രാവിലെ എങ്ങോട്ടാ? അമ്പലത്തില്‍ തൊഴാനോ മറ്റോ ആണോ?”

”അതിനൊന്നുമല്ലെടോ. ഞാന്‍ എന്റെ മക്കളെ വിദ്യ അഭ്യസിപ്പിക്കാന്‍ പറ്റിയ ഗുരുവിനെ തേടുകയാണ്. തന്റെ അറിവില്‍ വല്ലവരും ഉണ്ടോ?” അദ്ദേഹം ആരാഞ്ഞു.

”അതിനു യോഗ്യന്‍ ഞാന്‍ തന്നെ. കോഴിപിടിത്തത്തിലും മോഷണവിദ്യയിലും എന്നെ ജയിക്കാന്‍ ആളില്ല. എന്റെ ശിഷ്യന്മാര്‍ ഇപ്പോള്‍ നാടിന്റെ നാനാഭാഗത്തും ജോലി നോക്കിവരികയാണ്,” ചെന്നായ്‌സാര്‍ അഭിമാനപൂര്‍വ്വം അറിയിച്ചു.

”എന്തൊക്കെയാ സാറിന്റെ ക്ലാസ്സില്‍ പഠിപ്പിക്കുന്നത്?”

”അതോ പറയാം. ആദ്യം കളവ്, വളവ്, വിളവ് പിന്നെ ഒളിഞ്ഞുനോട്ടം, നുഴഞ്ഞുകേറ്റം. ഒടുവില്‍ നെട്ടോട്ടം, വട്ടോട്ടം, ചരിഞ്ഞോട്ടം. എന്താ മോശമുണ്ടോ?” ചെന്നായ്‌സാര്‍ ചീങ്കണ്ണിയച്ചന്റെ മുഖത്തക്കു നോക്കി.

”ഹൊ തന്റെ ക്ലാസ്സില്‍ ചേര്‍ത്താല്‍ എന്റെ മക്കള്‍ പെരുങ്കള്ളന്മാരാകും. ഞാന്‍ വേറെ ആളെ നോക്കാം,” ചീങ്കണ്ണിയച്ചന്‍ അവിടെനിന്ന് പിരിഞ്ഞു.

കുറച്ചുദൂരം ചെന്നപ്പോള്‍ അദ്ദേഹം കുറുനരി വിദ്യാലയത്തിലെ കുറുക്കന്‍ മാസ്റ്ററെ കണ്ടുമുട്ടി. മാസ്റ്റര്‍ ഒരു പച്ചച്ചിരിയോടെ ചോദിച്ചു:

”എങ്ങോട്ടാണാവോ? പെണ്ണുകാണാനോ മറ്റോ ആണോ?”

”അല്ലെടോ. ഞാനെന്റെ മക്കളെ വിദ്യ അഭ്യസിപ്പിക്കാന്‍ പറ്റിയ ഗുരുവിനെ അന്വേഷിക്കുകയാണ്. തന്റെ അറിവില്‍ ആരുണ്ട്?” ചീങ്കണ്ണിയച്ചന്‍ ചോദിച്ചു.

”എന്റെ അറിവില്‍ ഞാന്‍ മാത്രമാണ് അതിനു പറ്റിയ ഗുരു. എനിക്ക് പത്തു ഭാഷകളും പതിനെട്ടു വിദ്യകളും ആറു ശാസ്ത്രങ്ങളും അറിയാം. എന്റെ ഗുരുകുലത്തില്‍ ചേര്‍ത്താല്‍ അവര്‍ മഹാവിദ്വാന്മാരാകും,” കുറുക്കന്‍ മാസ്റ്റര്‍ ഒന്നു ഞെളിഞ്ഞു.

”എന്തൊക്കെയാണ് മാസ്റ്ററുടെ ഗുരുകുലത്തില്‍ പഠിപ്പിക്കുന്നത്?”

”ആദ്യം ഹംപ്ടി ഡംപ്ടി സാറ്റ് ഓണ്‍ എ വാള്‍. പിന്നെ കുച്ച് കുച്ച് മോഷണ്‍; അഛാ അഛാ ഭാഷണ്‍. ഒടുവില്‍ ഡിങ്ങ് ഡോങ്ങ്‌ബെല്‍; ഫോക്‌സ് ഈസ് ഇന്‍ ദ വെല്‍. എന്താ മതിയോ?” കുറുക്കന്‍ മാസ്റ്റര്‍ ചീങ്കണ്ണിയച്ചനെ നോക്കി.

കുറുക്കന്‍ മാസ്റ്ററുടെ ഇംഗ്ലീഷ് സ്പീക്കിങ്ങും ഹിന്ദുസ്ഥാനിയും മറ്റും കേട്ട് ചീങ്കണ്ണിയച്ചന്‍ കണ്ണുമിഴിച്ചു നിന്നു. കുറുക്കന്‍ മാസ്റ്ററാണ് തന്റെ മക്കള്‍ക്ക് ഏറ്റവു യോജിച്ച ഗുരുനാഥനെന്ന് ചീങ്കണ്ണിയച്ചനു ബോധ്യമായി.

പിറ്റേ ദിവസംതന്നെ ചീങ്കണ്ണിയച്ചന്‍ തന്റെ നാലു പുന്നാര മക്കളേയും കൊണ്ടുവന്ന് കുറുക്കന്‍ മാസ്റ്ററുടെ ഗുരുകുലത്തില്‍ ചേര്‍ത്തു.

”മാസ്റ്ററേ, കുട്ടികള്‍ ഇവിടെ താമസിച്ചു പഠിക്കട്ടെ. ഞാന്‍ ഇടയ്ക്കിടെ വന്ന് വിശേഷമറിഞ്ഞുകൊള്ളാം,” ചീങ്കണ്ണിയച്ചന്‍ പറഞ്ഞു.

”ഓഹോ അതുമതി.”

കുറുക്കന്‍ മാസ്റ്റര്‍ക്കും സന്തോഷമായി. ചീങ്കണ്ണിയച്ചന്‍ അപ്പോള്‍ത്തന്നെ യാത്ര പറയുകയും ചെയ്തു.

sippy pallippuram, childrens story ,iemalayalam

ഗുരുകുലത്തിനടുത്തുള്ള ഒരു കുളത്തിലാണ് ചീങ്കണ്ണിക്കുഞ്ഞുങ്ങളെ പാര്‍പ്പിച്ചിരുന്നത്. കുറുക്കന്‍ മാസ്റ്റര്‍ നിത്യവും രാവിലെ കുളക്കരയില്‍ വന്നിരുന്ന് ക്ലാസെടുക്കും. കുട്ടികള്‍ തലയും നിവര്‍ത്തിപ്പിടിച്ച് അരികില്‍ വന്നിരിക്കും. ഇതായിരുന്നു പതിവ്.

കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ കുറുക്കന്‍ മാസ്റ്റര്‍ പറഞ്ഞു: ”ശിഷ്യന്മാരേ, നിങ്ങള്‍ നാലുപേരും ഒന്നിച്ചിരുന്നു പഠിച്ചാല്‍ ഒന്നും മനസ്സിലാകില്ല. അതുകൊണ്ട് നാളെമുതല്‍ ഓരോരുത്തര്‍ വന്നാല്‍ മതി.”

ഗുരു നിര്‍ദ്ദേശിച്ച പ്രകാരം പിറ്റേന്ന് മൂത്ത ശിഷ്യന്‍ മാത്രമേ പഠിക്കാന്‍ വന്നുള്ളൂ. ഈ തക്കം നോക്കി കുറുക്കന്‍ മാസ്റ്റര്‍ വായ് തുറന്ന് ശിഷ്യനെ ഉടലോടെ വിഴുങ്ങി.

അന്നു വൈകുന്നേരം ചീങ്കണ്ണിയച്ചന്‍ ഗുരുകുലത്തില്‍ വന്നു. ചീങ്കണ്ണിയച്ചനെ കണ്ടപാടെ കുറുക്കന്‍ മാസ്റ്റര്‍ ഉറക്കെ പൊട്ടിക്കരയാന്‍ തുടങ്ങി.

മൂത്തമകനെ പുലിയന്‍ വാധ്യാര്‍ തട്ടിക്കൊണ്ടുപോയെന്ന് ചീങ്കണ്ണിയച്ചനോട് പറഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രണ്ടാമത്തെയും മൂന്നാമത്തെയും മകനെ കേസരിയമ്മാവന്‍ തട്ടിക്കൊണ്ടുപോയെന്ന് കുറുക്കന്‍ മാസ്റ്റര്‍ പറഞ്ഞു.

മൂന്നാമത്തെ മകനും നഷ്ടമായെന്ന് കേട്ടപ്പോള്‍ ചീങ്കണ്ണിയച്ചന് വലിയ സംശയം തോന്നി. ചീങ്കണ്ണിയച്ചന്‍ തിരിച്ചുപോകാതെ ഗുരുകുലത്തിന്റെ തൊട്ടടുത്തുള്ള കുറ്റിക്കാട്ടില്‍ മറഞ്ഞിരുന്നു.

അടുത്ത ദിവസം രാവിലെ കുറുക്കന്‍ മാസ്റ്റര്‍ പഠിപ്പിക്കാന്‍ വരുന്നതും ശിഷ്യന്‍ മുന്നിലിരുന്ന് പഠിക്കാന്‍ തുടങ്ങുന്നതും ചീങ്കണ്ണിയച്ചന്‍ ഒളിഞ്ഞിരുന്നു കണ്ടു.

പെട്ടെന്നാണ് കുറുക്കന്‍ മാസ്റ്റര്‍ വായ് തുറന്ന് നാലാമത്തെ ശിഷ്യനെ വിഴുങ്ങിയത്. ഇതുകണ്ട് ചീങ്കണ്ണിയച്ചന്‍ അമ്പരന്നു. തന്റെ നാലു മക്കളെയും വിഴുങ്ങിയത് ഈ കാട്ടുകള്ളനാണെന്ന് അദ്ദേഹത്തിനു ബോധ്യമായി. ചീങ്കണ്ണിയച്ചന്‍ വായ് പിളര്‍ന്ന് ഉറക്കെ അലറിക്കൊണ്ട് അങ്ങോട്ടോടിച്ചെന്നു. കാര്യം കുഴപ്പമാണെന്ന് കണ്ട് കുറുക്കന്‍ മാസ്റ്റര്‍ ഓടി രക്ഷപ്പെടാന്‍ നോക്കി.

എങ്കിലും ചീങ്കണ്ണിയച്ചന്‍ ആ ചതിയന്റെ വാലില്‍ കടന്നു പിടിച്ചു.

”എന്റെ മൂന്നു മക്കളെയും ജീവനോടെ വിഴുങ്ങിയ പെരുങ്കള്ളാ, നിന്റെ കൊടുംചതി ഇന്നു ഞാന്‍ അവസാനിപ്പിക്കും,” ചീങ്കണ്ണിയച്ചന്‍ പറഞ്ഞു.

ചീങ്കണ്ണിയച്ചന്‍ കുറുക്കന്‍ മാസ്റ്ററെ കടിച്ചുകൊന്ന് കുളക്കരയിലിട്ടു. എന്നിട്ട് ഒരു കാട്ടുമുള ചെത്തിമിനുക്കിക്കൊണ്ടുവന്ന് കുറുക്കന്റെ വയറു കുത്തിക്കീറി. എന്തൊരു ഭാഗ്യം. കുഞ്ഞുങ്ങള്‍ മൂന്നും അകത്ത് ജീവനോടെ ഇരിക്കുന്നുണ്ടായിരുന്നു. വയറ് പിളര്‍ന്നപ്പോള്‍ ചീങ്കണ്ണി വിദ്യാര്‍ത്ഥികള്‍ ഒന്നൊന്നായി വെളിക്കുചാടി. അവര്‍ സന്തോഷത്തോടെ ഇങ്ങനെ പാടി.

”കുച് കുച് മോഷണ്‍

അഛാ അഛാ ഭാഷണ്‍

ഡിങ്ങ് ഡോങ്ങ് ബെല്‍

ഫോക്‌സീസ് ഇന്‍ ദ വെല്‍.”

 

  • പൂർണ്ണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന സമ്മാനപ്പൊതി ബാലസാഹിത്യമാലയിലെ, സിപ്പി പള്ളിപ്പുറം എഴുതിയ  ‘കുടവയറൻ കുറുക്കനും മത്തങ്ങാത്തോണിയും’ എന്ന കഥാസമാഹാരത്തിൽ നിന്ന്

 

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook