കുറിഞ്ഞിത്തത്തമ്മയും കുടവയറന്കുറുക്കനും ചങ്ങാതിമാരായിരുന്നു. കുറിഞ്ഞിത്തത്തമ്മയ്ക്ക് ഒരു ദിവസം പാടവരമ്പത്തുകിടന്ന് ഒരു മത്തക്കുരു കിട്ടി. കുറിഞ്ഞിത്തത്തമ്മ ആ മത്തക്കുരു തന്റെ വീട്ടുവളപ്പില്‍ കുഴിച്ചിട്ടു. കുറേ ദിവസം കഴിഞ്ഞപ്പോള്‍ മത്തങ്ങാതണ്ടില് ഒരു വലിയ മത്തങ്ങയുണ്ടായി.
മത്തങ്ങ കണ്ടപ്പോള്‍ കുടവയറന്‍ കുറുക്കന് പറഞ്ഞു: ”തത്തമ്മേ തത്തമ്മേ ഈ മത്തങ്ങാകൊണ്ട് നമുക്കൊരു തോണിയുണ്ടാക്കാം.”
”ങ്ഹാ, അതു കൊള്ളാമല്ലോ,” കുറിഞ്ഞിത്തത്ത സമ്മതിച്ചു.
തെക്കു തെക്ക് തെക്കുംകൂറില്‍ നിന്ന് അവര്‍ ഒരു മൂത്താശാരിയെ വരുത്തി. മൂത്താശാരി മത്തങ്ങാ ചെത്തിമിനുക്കി ഒന്നാം തരം ഒരു തോണിയുണ്ടാക്കിക്കൊടുത്തു.
തോണിയുടെ പണി തീര്‍ന്നപ്പോള്‍ കുടവയറന്‍ കുറുക്കന് പറഞ്ഞു: ”തത്തമ്മേ നമുക്ക് ഈ തോണിയില്‍ ഒന്ന് തൃക്കാക്കരയ്ക്ക് പോയാലോ?”
”ങ്ഹാ അതുകൊള്ളാം,” കുറിഞ്ഞിത്തത്ത ചങ്ങാതിയുടെ അഭിപ്രായം ശരിവച്ചു. അവര്‍ യാത്രക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. പോകുംവഴിക്ക് തിന്നാനുള്ള ആഹാരസാധനങ്ങളെല്ലാം
തോണിയില്‍ കരുതി. കുറിഞ്ഞിത്തത്തയ്ക്ക് ഒരു കുല പൂവന് പഴവും ഒരു കുടം പയ്യിന് പാലും കുടവയറന്‍ കുറുക്കന് ഒരു ചാക്ക് തേങ്ങാപ്പിണ്ണാക്കും ഒന്നരപ്പറ ഉണക്കച്ചെമ്മീനും!
ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായപ്പോള്‍ ഇരുവരും തോണിയില്‍ യാത്രയാരംഭിച്ചു. തോണി തുഴഞ്ഞുകൊണ്ട് കുറിഞ്ഞിത്തത്തമ്മ ഉറക്കെ പാടാന്‍ തുടങ്ങി.
”തോണി വരുന്നേ തോണി വരുന്നേ
പുത്തന്‍ തോണി കളിത്തോണി
മൂത്താശാരി പണിഞ്ഞുണ്ടാക്കിയ
മത്തന്‍ തോണി കളിത്തോണി
ഒത്തുവലിക്കു കുടവയറാ നീ
തിത്തെയ് തകതെയ് തെയ്താരാ.”
ഓളങ്ങളിലൂടെ മത്തങ്ങാത്തോണി മന്ദം മന്ദം മുന്നോട്ടു നീങ്ങി. ദിവസങ്ങള്‍ പലതു കഴിഞ്ഞു. കുടവയറനുവേണ്ടി കരുതിയിരുന്ന ഒരു ചാക്ക് പിണ്ണാക്കും ഒന്നരപ്പറ ഉണക്കച്ചെമ്മീനും ഇതിനകംതന്നെ അവന് തിന്നുതീര്‍ത്തിരുന്നു.
എല്ലാം കാലിയായപ്പോള്‍ കുടവയറന്‍ കുറിഞ്ഞിയോടു പറഞ്ഞു: ”തത്തമ്മേ എന്റെ തീറ്റയെല്ലാം തീര്‍ന്നല്ലോ.” ”എന്ത്! എല്ലാം ഇത്രവേഗം തിന്നുതീര്‍ത്തോ? അധികം കൊതി ആപത്താണ്.” കുറിഞ്ഞി ഉപദേശിച്ചു.
”ഇനി എന്താ ചെയ്യുക?” കുറുക്കന് കുടവയറു തടവിക്കൊണ്ട് തത്തമ്മയെ നോക്കി.
”എനിക്കുള്ള പാലും പഴവും ബാക്കിയിരിപ്പുണ്ട്. അത് കുറച്ചുതിന്നിട്ട് തോണി തുഴഞ്ഞോളൂ. പാലും പഴവും തീരും മുമ്പേ തൃക്കാക്കരയില്‍ എത്തണം.”
”വിരോധമില്ല. അങ്ങനെയാവട്ടെ,” കുടവയറന്‍ സന്തോഷ മായി. പക്ഷേ രണ്ടു ദിവസത്തിനകം തത്തമ്മയുടെ വീതവും കുടവയറന്‍ തിന്നു തീര്‍ത്തു. രക്ഷയില്ലെന്നായപ്പോള്‍ അവന് തത്തമ്മയോട് പറഞ്ഞു: ”തത്തമ്മേ നിന്റെ വീതവും തീര്‍ന്നല്ലോ.”
”അതും തിന്നു മുടിച്ചോ… ഇനി എന്താണ് ചെയ്യുക?” തത്ത കുറുക്കച്ചാരെ നോക്കി. കുറുക്കന് ഒന്നും മിണ്ടാതെ തോണിത്തലയ്ക്കല്‍ കുത്തിയിരുന്നു. തോണി തൃക്കാക്കരയില്‍ എത്തിക്കണമെന്നുള്ള യാതൊരു ചിന്തയും അവനുണ്ടായിരുന്നില്ല.
പാവം കുറിഞ്ഞി! തന്റെ വിശപ്പൊന്നും പുറത്തു കാണിക്കാതെ അവള് ഒറ്റയ്ക്ക് തോണി തുഴഞ്ഞു.
വിശപ്പു മൂത്തപ്പോള്‍ കുടവയറന്‍ തോണിയിലിരുന്ന് ഉറക്കെ ഓരിയിടാന്‍ തുടങ്ങി. ഒടുവില്‍ അവന് യാത്ര ചെയ്തു കൊണ്ടിരുന്ന മത്തങ്ങാത്തോണി കുറേശ്ശെയായി കടിച്ചു തിന്നാന്‍ തുടങ്ങി. ഇതു കണ്ടു പരിഭ്രമിച്ച കുറിഞ്ഞിത്തത്തമ്മ ചോദിച്ചു. ”കുടവയറാ നീ എന്തു മണ്ടത്തരമാണ് ചെയ്യുന്നത്? വേഗം തോണി തുഴഞ്ഞ് കരയ്ക്കെത്താന്‍ നോക്കാതെ തോണി ഇങ്ങനെ തിന്നുകളഞ്ഞാലോ?”
”എടീ കുറിഞ്ഞീ ജീവന് വേണമെങ്കില്‍ മിണ്ടാതിരുന്നോ. അധികം ഉപദേശിക്കാന്‍ വന്നാല്‍ നിന്നെയും ഞാന്‍ ശാപ്പിടും,” മത്തങ്ങാത്തോണി തിന്നുകൊണ്ട് കുറുക്കന് പറഞ്ഞു. കുറിഞ്ഞിയുടെ സ്നേഹം നിറഞ്ഞ ഉപദേശം വകവയ്ക്കാതെ തോണിയുടെ ഭാഗങ്ങളെല്ലാം കുടവയറന്‍ തിന്നുതീര്‍ത്തു. ഏതാനും നിമിഷംകൊണ്ട് മത്തങ്ങാത്തോണി വെള്ളത്തില്‍ മുങ്ങിത്താണു. കുറിഞ്ഞി ആകാശത്തേക്ക് പറന്നുപൊങ്ങി രക്ഷപ്പെട്ടു. കുടവയറന്‍ വെള്ളത്തില്‍ മുങ്ങിപ്പൊങ്ങി, കൈകാലിട്ടടിച്ചു. ഈ കാഴ്ച കണ്ട് കുറിഞ്ഞിത്തത്തമ്മ ഉച്ചത്തില്‍ ഇങ്ങനെ പാടി:
”ഇരിക്കുന്നേടം കുഴിക്കുന്നോര്ക്കും
ഇരിക്കും കൊമ്പുമുറിക്കുന്നോര്ക്കും
നല്ലതുചൊന്നാല് കേള്ക്കാത്തോര്ക്കും
ഇതുതന്നെ ഗതി ഇതുതന്നെ
കുടവയറാ നീ മുങ്ങിക്കോ.”
- പൂർണ്ണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന സമ്മാനപ്പൊതി ബാലസാഹിത്യമാലയിലെ, സിപ്പി പള്ളിപ്പുറം എഴുതിയ ‘കുടവയറൻ കുറുക്കനും മത്തങ്ങാത്തോണിയും’ എന്ന കഥാസമാഹാരത്തിൽ നിന്ന്
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook