വെളളാരംകുന്നിന്റെ താഴ്‌വരയിലായിരുന്നു ജില്ലന്‍ കുറുക്കന്റെ വീട്. ഒരിക്കല്‍ ഒരു നിലാവുള്ള രാത്രിയില്‍ അവന്‍ പട്ടണത്തില്‍ കോഴിവേട്ടയ്ക്കുപോയി. പക്ഷേ, നടന്നുനടന്നു കാലുകുഴഞ്ഞതല്ലാതെ ഒരൊറ്റ കോഴിയെപ്പോലും കിട്ടിയില്ല.

വിശന്നു വലഞ്ഞ് ഒടുവില്‍ ജില്ലന്‍ കുറുക്കന്‍ കുഞ്ഞോനാച്ചന്‍ മുതലാളിയുടെ വീട്ടുപടിക്കലെത്തി. അപ്പോഴാണ് ”ബൗ… ബൗ…” എന്ന് ഉച്ചത്തിലുള്ള കുര കേട്ടത്.

ജില്ലന്‍ പേടിച്ച് ഇരുട്ടില്‍ പതുങ്ങി നിന്നു. പെട്ടെന്ന് പടിയും ചാടിക്കടന്ന് ഒരു കൂറ്റന്‍ നായ പുറത്തേക്കു വന്നു! അവന്‍ മുരണ്ടു കൊണ്ട് ചോദിച്ചു:

”ആരെടാ, ഇരുട്ടില്‍ പങ്ങി നില്‍ക്കുന്നത്?”

”ഞാന്‍ വെള്ളാരം കാട്ടിലെ ജില്ലന്‍ കുറുക്കനാണ്. എന്നെ ഒന്നും ചെയ്യരുത്…” ജില്ലന്‍ താഴ്മയോടെ അപേക്ഷിച്ചു.

”നീ ജില്ലന്‍ കുറുക്കനാണെങ്കില്‍ ഞാന്‍ ജഗജില്ലിപ്പട്ടിയാണ്! ങും, വേഗം പറഞ്ഞോ എന്തിനാ നീയിവിടെ വന്നത്.”  അവന്‍ ഉറക്കെ മുരളാന്‍ തുടങ്ങി.

”ഞാന്‍ ഇരതേടി ഇതുവഴി വന്നതാണ്. ഒന്നും കിട്ടിയില്ല. വിശപ്പു കൊണ്ട് കണ്ണും തലയും ചുറ്റുന്നു,” ജില്ലന്‍ കരയാന്‍ ഭാവിച്ചു.

അവന്റെ എളിമയുള്ള സംസാരം കേട്ടപ്പോള്‍ ജഗജില്ലിപ്പട്ടിയുടെ മനസ്സലിഞ്ഞു.

അവന്‍ അപ്പോള്‍ത്തന്നെ തന്റെ കൂട്ടിലേക്ക് ഓടിപ്പോയി. അവിടെ നിന്ന് കട്ട്‌ലറ്റും ചിക്കന്‍ റോസ്റ്റും കടിച്ചുകൊണ്ടു വന്ന് ജില്ലന്റെ മുന്നില്‍ വച്ചു. എന്നിട്ടു പറഞ്ഞു.

”ഇതെല്ലാം നീ തിന്നോളൂ”

”അപ്പൊ ചങ്ങാതിയ്ക്കു വേണ്ടേ”  ജില്ലന്‍ ചോദിച്ചു.sippy pallippuram , childrens story, iemalayalam

”എനിക്കവിടെ ബിസ്‌ക്കറ്റും ഓംലറ്റുമൊക്കെയുണ്ട്.”

”ഓംലറ്റോ? അതെന്താ?” – ജില്ലന്‍ അദ്ഭുതത്തോടെ ആരാഞ്ഞു.

”മുട്ടപൊരിച്ചത്! നീ അതൊന്നും തിന്നിട്ടില്ലേ ” ജഗജില്ലി കൗതുകത്തോടെ ജില്ലനെ നോക്കി.

”എനിക്കതിനൊന്നും ഭാഗ്യമില്ല. ഇതെല്ലാം തിന്നു ജീവിക്കുന്ന നീ എത്രയോ ഭാഗ്യവാനാണ്. ഇവിടെ നിനക്കെന്താ ജോലി”  ജില്ലന്‍ അന്വേഷിച്ചു.

”ഞാനാണ് ഈ വീടിന്റെ കാവല്‍ക്കാരന്‍. താല്‍പര്യമുണ്ടെങ്കില്‍ നിന്നെയും ഇവിടത്തെ കാവല്‍ക്കാരനാക്കാം. വരൂ”- ജഗജില്ലിപ്പട്ടി കുറുക്കനെ ക്ഷണിച്ചു.

ഇതിനിടയിലാണ് ജഗജില്ലിയുടെ കഴുത്തില്‍ കിടക്കുന്ന ബെല്‍റ്റ് അവന്റെ ശ്രദ്ധയില്‍പ്പെട്ടത്.

”ഇതെന്താ ചങ്ങാതി” ജില്ലന്‍ അമ്പരപ്പോടെ ചോദിച്ചു.sippy pallippuram , childrens story, iemalayalam

”ഇത് നിത്യവും എന്നെ ചങ്ങലയില്‍ പൂട്ടുന്ന ബെല്‍റ്റാണ്! നേരം വെളുത്താല്‍ എന്നും ഞാന്‍ ചങ്ങലയിലാണ്” ജഗജില്ലി അറിയിച്ചു.

അതുകേട്ട ജില്ലന്‍ കുറുക്കന്‍ നടുങ്ങി. ഓംലെറ്റിനേക്കാളും ബിസ്‌ക്കറ്റിനേക്കാളും കട്ട്‌ലെറ്റിനേക്കാളും ചിക്കന്റോസ്റ്റിനേക്കാളും വലുത് ചങ്ങലയില്ലാത്ത ജീവിതമാണെന്ന് ജില്ലന്‍ തിരിച്ചറിഞ്ഞു.

”അയ്യോ! ചങ്ങലയില്‍ക്കിടക്കാന്‍ ഞാനില്ല. നിന്റെ രുചിയുള്ള തീറ്റയും എനിക്കു വേണ്ട. എനിക്കെന്റെ കാടും ഞണ്ടും ഞവണിയുമൊക്കെ മതി…”

ഗുഡ്‌ബൈ പറഞ്ഞു ജില്ലന്‍ കുറുക്കന്‍ കാട്ടിലേയ്ക്ക് ഒരൊറ്റപ്പാച്ചില്‍.

ജില്ലന്‍ കുറുക്കന്റെ ഓട്ടം ജഗജില്ലിപ്പട്ടിയെ വല്ലാതെ പേടിപ്പിച്ചു.

  • പൂർണ്ണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന സമ്മാനപ്പൊതി ബാലസാഹിത്യമാലയിലെ, സിപ്പി പള്ളിപ്പുറം എഴുതിയ ‘കുടവയറൻ കുറുക്കനും മത്തങ്ങാത്തോണിയും’ എന്ന കഥാസമാഹാരത്തിൽ നിന്ന്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook