/indian-express-malayalam/media/media_files/uploads/2022/11/shyam-sundar-3-1.jpg)
ഛായക്കുട്ടിക്ക് അവളുടെ അമ്മവീട്ടിൽ പോകാൻ ഒത്തിരിയൊത്തിരി ഇഷ്ടമാണ്. ഓരോ വെക്കേഷനാകുന്നതും ദിവസമെണ്ണി കാത്തിരിക്കാറുണ്ടവൾ. അവിടെ കുഞ്ഞമ്മാവനുണ്ട്. അമ്മവീട്ടിലെത്തിയാൽ പിന്നെ ഛായക്കുട്ടി എപ്പോഴും അവളുടെ കുഞ്ഞമ്മാവനോടൊപ്പമായിരിക്കും. കുഞ്ഞമ്മാവനെ ‘ഉണ്ണിമാമ’ എന്നാണവൾ വിളിക്കുക. സ്നേഹം കൂടുമ്പോൾ ചിലപ്പോൾ ‘എന്റെ ഉണ്ണിമാങ്ങേ ’ എന്നും വിളിക്കും.
ഉണ്ണിമാമയ്ക്കും ഛായക്കുട്ടിയെ ഒത്തിരിയിഷ്ടമാണ്. ഉണ്ണിമാമയ്ക്ക് എത്രയെത്ര കഥകളറിയാമെന്നോ. പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര കഥകളറിയാം. രാത്രി ഉണ്ണിമാമയ്‌ക്കൊപ്പമാണ് അവൾ കിടന്നുറങ്ങുക. കുഞ്ഞുകുഞ്ഞായിരുന്നപ്പോൾ തൊട്ടേ അവൾക്ക് ഉണ്ണിമാമയ്‌ക്കൊപ്പം കിടന്നുറങ്ങാനായിരുന്നു ഇഷ്ടം. ഉണ്ണിമാമ കഥകൾ പറഞ്ഞു കൊടുക്കും. അങ്ങനെ കഥകൾ പറഞ്ഞു പറഞ്ഞ് ചിലപ്പോഴൊക്കെ ഉണ്ണിമാമ ഉറങ്ങിയും പോകാറുണ്ടായിരുന്നു.
അപ്പോഴെല്ലാം ഛായക്കുട്ടി ഉണ്ണിമാമയെ പുതപ്പിച്ചു കൊടുക്കും. എന്നിട്ട് ഉണ്ണിമാമക്കരികിൽ ചൂടുപറ്റി ചേർന്ന് കിടക്കും. അങ്ങനെ കിടന്നുറങ്ങാൻ അവൾക്കെന്തിഷ്ടമാണ്.! ഛായക്കുട്ടി വലുതായപ്പോൾ ‘ഉണ്ടാക്കി കഥകൾക്ക്’ പകരം ഉണ്ണിമാമ പിന്നെയവൾക്ക് കഥാപുസ്തകങ്ങൾ വായിച്ചു കൊടുക്കാൻ തുടങ്ങി. ഉണ്ണിമാമയുടെ മുകളിലത്തെ നിലയിലെ മുറിയിൽ നിറയെ പുസ്തകങ്ങളാണ്. ‘ഒരു കുടയും കുഞ്ഞു പെങ്ങളും’, ‘ഉണ്ണിക്കുട്ടന്റെ ലോക’വുമെല്ലാം ഉണ്ണിമാമ അവൾക്ക് വായിച്ചു കേൾപ്പിച്ചു കൊടുത്തിട്ടുണ്ട്.
അങ്ങനെ കാത്തു കാത്ത് വന്നൊരു വെക്കേഷന് അമ്മവീട്ടിൽ വന്നതായിരുന്നു ഛായക്കുട്ടി. സ്കൂൾ തുറന്നാൽ ഇനിയവൾ അഞ്ചാം ക്ലാസ്സിലാണ്. അവൾ വലുതാവുകയാണ്. കണ്ണു ചിമ്മുന്ന വേഗത്തിലാണ് കാലമോടിയോടി പോകുന്നതും കുഞ്ഞുങ്ങൾ വളരുന്നതും. രാത്രി ‘കിഴവനും കടലും'(‘ദി ഓൾഡ് മാൻ ആൻഡ് ദി സീ’) വായിച്ചു കേൾക്കുന്നതിനിടയിലാണ് “ഇവിടെ ലൈറ്റ് ഹൗസ് ഉണ്ടോ ഉണ്ണിമാമാ” എന്ന് ഛായക്കുട്ടി ചോദിച്ചത്. “അടുത്തല്ല, ഇത്തിരി ദൂരമുണ്ടല്ലോ. ഛായക്കുട്ടി ലൈറ്റ് ഹൗസ് കണ്ടിട്ടില്ലേ?” ഉണ്ണിമാമ ചോദിച്ചു.
“ദൂരെ നിന്ന് കണ്ടിട്ടുണ്ട്” അവൾ പറഞ്ഞു.
“ ലൈറ്റ് ഹൗസിനു മുകളിൽ കയറിട്ടിട്ടുണ്ടോ” എന്നായി ഉണ്ണിമാമയപ്പോൾ.
‘ലൈറ്റ് ഹൗസിനു മുകളിൽ കയറാൻ പറ്റുമോ!’ എന്ന് ശരിക്കുമവൾ ഒരതിശയക്കുട്ടിയായി.
ഛായക്കുട്ടിയുടെ അച്ഛന്റെ വീട് കടലിനടുത്തൊന്നുമല്ല. ഏതോ ഒരു യാത്രയ്ക്കിടെയാണ് ദൂരെ നിന്നൊരിക്കൽ അവൾ ലൈറ്റ് ഹൗസ് കണ്ടിട്ടുള്ളത്. പിന്നെ ചില ഫൊട്ടോകളിലും സിനിമകളിലുമൊക്കെ കണ്ടിട്ടുമുണ്ട്. അപ്പോഴൊന്നും ലൈറ്റ് ഹൗസിനു മുകളിലേക്ക് കയറാനാകുമെന്ന് അവൾക്കറിയില്ലായിരുന്നു. ആരും അവൾക്കത് പറഞ്ഞു കൊടുത്തിരുന്നുമില്ല. അത്ഭുതം കൊണ്ട് തിളങ്ങുന്ന അവളുടെ കണ്ണുകളിൽ നോക്കി “ഛായകുട്ടിയെ നാളെ കൊണ്ട് പോകാം കേട്ടോ” എന്ന് ഉണ്ണിമാമ പറഞ്ഞപ്പോൾ അവൾ സന്തോഷം കൊണ്ട് ഉണ്ണിമാമയെ കെട്ടിപ്പിടിച്ചു. ഉണ്ണിമാമ ‘കിഴവനും കടലും ’ തുടർന്ന് വായിച്ചു കേൾപ്പിക്കുമ്പോഴേല്ലാം പിന്നെയവളുടെ ചിന്ത നാളത്തെ ദിവസത്തെ കുറിച്ച് മാത്രമായിരുന്നു.
/indian-express-malayalam/media/media_files/uploads/2022/11/shyam-sundar-1.jpg)
ഉണ്ണിമാമ എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുകയാണ്. ഛായക്കുട്ടിക്ക് സ്കൂൾ വെക്കേഷൻ ആയിരുന്നെങ്കിലും ഉണ്ണിമാമയുടെ കോളേജിന് ആ സമയം വെക്കേഷൻ കാലമായിരുന്നില്ല. അത്കൊണ്ട് അടുത്ത ദിവസം, വൈകുന്നേരം ഉണ്ണിമാമ കോളേജിൽ നിന്ന് തിരിച്ചു വരുന്നത് വരെ അവൾ കാത്തിരുന്നു.
‘ലൈറ്റ് ഹൗസ് ദൂരെയല്ലേ, പോകണോ’ എന്നെല്ലാം ഛായക്കുട്ടിയുടെ അമ്മ ആദ്യം എതിര് പറഞ്ഞെങ്കിലും പിന്നെ ഉണ്ണിമാമ കൂടെയുള്ളത് കൊണ്ട് സമ്മതിക്കുകയായിരുന്നു. അവൾക്കേറ്റവും പ്രിയപ്പെട്ട വെള്ളയിൽ ചുവന്ന പുള്ളികളുള്ള ഉടുപ്പുമിട്ട് ബൈക്കിൽ ഉണ്ണിമാമയെ മുറുക്കെ വട്ടം പിടിച്ചിരുന്ന് അവൾ ലൈറ്റ് ഹൗസ് കാണാൻ പുറപ്പെട്ടു. ബൈക്കിൽ കയറുമ്പോൾ ധരിക്കാൻ ഛായക്കുട്ടിക്ക് പ്രത്യേകം ഹെൽമെറ്റ് ഉണ്ട്. ഉണ്ണിമാമ വാങ്ങിച്ചു കൊടുത്തതാണത് – ഒരു പീച്ച് നിറ ഹെൽമെറ്റ്. ഹെൽമെറ്റില്ലാതെ ഉണ്ണിമാമ ആരെയും ബൈക്കിൽ കയറ്റാറില്ല.
കുറച്ച് ദൂരം കഴിഞ്ഞപ്പോൾ അതാ, വീടുകൾക്കും മരങ്ങൾക്കുമെല്ലാം മുകളിലൂടെ ലൈറ്റ് ഹൗസ് അവളുടെ കാഴ്ചയിലേക്ക് തെളിഞ്ഞു വരുന്നു. കടലിനോട് ചേർന്ന് ഒരു മതിൽക്കെട്ടിനകത്താണ് ലൈറ്റ് ഹൗസ് . മതിൽക്കെട്ടിനകത്തേക്ക് വാഹനങ്ങളൊന്നും കടത്തി വിടില്ല. ഉണ്ണിമാമ, ബൈക്ക് ഗേറ്റിനു പുറത്ത് വെച്ചു. ഗേറ്റ് തുറന്ന് കൊടുക്കുമ്പോൾ സെക്യൂരിറ്റി അങ്കിൾ ഛായക്കുട്ടിയെ നോക്കി ചിരിച്ചു. ഛായക്കുട്ടിയും ചിരിച്ചു. സെക്യൂരിറ്റി അങ്കിൾ കൂടാതെ അവിടെ ‘ലൈറ്റ് ഹൗസ് കീപ്പർ’ അങ്കിൾ കൂടിയുണ്ടായിരുന്നു. ആ ലൈറ്റ് ഹൗസിന്റെ മുഴുവൻ ചുമതലയും ലൈറ്റ് ഹൗസ് കീപ്പർ അങ്കിളിനാണെന്നാണ് ഉണ്ണിമാമ അവൾക്ക് പറഞ്ഞു കൊടുത്തത്..
ദൂരെ നിന്ന് കാണുമ്പോലെയായിരുന്നില്ല, അടുത്ത് നിന്ന് നോക്കുമ്പോൾ മാനം മുട്ടുന്ന ഉയരമാണ് ലൈറ്റ് ഹൗസിനെന്ന് തോന്നിപ്പോയി ഛായക്കുട്ടിക്ക്. “ദാ.. അതുകണ്ടോ, അവിടെ നിന്നാണ് മിന്നി കറങ്ങുന്ന ലൈറ്റ് വരുന്നതെന്ന്” ലൈറ്റ് ഹൗസിനു മുകളിലെ ചില്ലുക്കൂട്ടിലേക്ക് ചൂണ്ടി ഉണ്ണിമാമ പറഞ്ഞപ്പോൾ ഛായക്കുട്ടിക്ക് പെട്ടെന്നവളുടെ പേനയെകുറിച്ചോർമ്മ വന്നു.
ഉച്ചിയിൽ ലൈറ്റ് കത്തുന്ന ഡോണൾഡ് ഡക്കുള്ള പേന. എൻെറയാ പേനപോലിരിക്കുന്നല്ലോ ഈ ലൈറ്റ് ഹൗസെന്നപ്പോൾ അവൾക്ക് ചിരിയും വന്നു. പിന്നെയവൾക്ക് അതൊരു നീളൻ കാൻഡിയാണല്ലോ എന്നും തോന്നിപ്പോയി. "ഉണ്ണിമാമാ.. ദേ ഒരു കാൻഡി” എന്ന് ലൈറ്റ് ഹൗസിനു നേർക്ക് ചൂണ്ടി കവിൾത്തടം തുടുപ്പിച്ചു കൊണ്ടവൾ പറഞ്ഞപ്പോൾ ഉണ്ണിമാമയ്ക്കും ചിരി വന്നു. ‘വെളിച്ചം തുപ്പുന്ന ഒരു കാൻഡി’.
"ലൈറ്റ് ഹൗസ് എന്തിനാ ഒരു കാൻഡി പോലെ പെയിന്റ് ചെയ്ത് വെച്ചിരിക്കുന്നതെന്നറിയാമോ ഛായക്കുട്ടിക്ക്?” എന്നായി അപ്പോൾ ഉണ്ണിമാമയുടെ ചോദ്യം. ഛായക്കുട്ടിക്ക് അതറിയില്ലായിരുന്നു.
“ചുവപ്പും വെളുപ്പും മാത്രമല്ല, ചില ലൈറ്റ് ഹൗസുകൾക്ക് കറുപ്പും വെളുപ്പുമാണ് നിറം.. ഇനി മറ്റു ചിലതിനോ വെള്ള നിറം മാത്രവും, പിന്നെയുമുണ്ട് നിറ വ്യത്യാസങ്ങൾ. അങ്ങനെ ഓരോ ലൈറ്റ് ഹൗസും ഏതെങ്കിലുമൊക്കെ തരത്തിൽ ഒന്നിൽ നിന്ന് വ്യത്യസ്തമാണ്. അതറിയാമോ ഛായക്കുട്ടിക്ക്?" ഉണ്ണിമാമ ചോദിച്ചു.
ഛായക്കുട്ടി ഇതൊന്നും ഇതുവരെ ശ്രദ്ധിച്ചിട്ടേയില്ല. ശ്രദ്ധിക്കാൻ മാത്രം ലൈറ്റ് ഹൗസുകൾ അവൾ കണ്ടിട്ടുമില്ലല്ലോ. എല്ലാ ലൈറ്റ് ഹൗസുകൾക്കും ഒരേ നിറവും രൂപവുമൊക്കെയാണെന്നാണ് അവൾ കരുതിയിരുന്നത്. രൂപത്തിലും നിറത്തിലും എന്തിന് ലൈറ്റ് ഹൗസിൽ നിന്ന് വരുന്ന വെളിച്ചത്തിനു വരെ വ്യത്യാസമുണ്ടെന്ന് ഉണ്ണിമാമ പറഞ്ഞപ്പോൾ ഛായക്കുട്ടി പിന്നെയും അതിശയിച്ചു പോയി.
/indian-express-malayalam/media/media_files/uploads/2022/11/shyam-sundar-2.jpg)
"റോഡിലെ ട്രാഫിക്ക് സിഗ്നലുകൾകണ്ടിട്ടില്ലേ ഛായക്കുട്ടി. അതുപോലെ കടലിൽ കപ്പലുകൾക്കും മറ്റുമൊക്കെ വഴികാണിച്ചു കൊടുക്കുന്നതിനാണ് ലൈറ്റ് ഹൗസിൽ നിന്നുള്ള വെളിച്ചം സഹായിക്കുന്നത്” എന്ന് ഉണ്ണിമാമ അവൾക്ക് പറഞ്ഞു കൊടുത്തു.
അതേക്കുറിച്ചൊക്കെ ഛായക്കുട്ടിക്ക് ചെറിയ ധാരണയുണ്ട്. എങ്കിലും, ദൂരെ കടലിൽ നിന്ന് നോക്കുമ്പോൾ കാണുന്ന ഓരോ പ്രദേശത്തിനും, ലൈറ്റ് ഹൗസ് നിൽക്കുന്ന ചുറ്റുപാടുകൾക്കുമൊക്കെ അനുസരിച്ച് എളുപ്പം തിരിച്ചറിയാവുന്ന വിധത്തിലാണ് ലൈറ്റ് ഹൗസുകൾക്ക് നിറങ്ങൾ തിരഞ്ഞെടുക്കുക എന്നും, ഓരോ ലൈറ്റ് ഹൗസിലെയും വെളിച്ചത്തിന്റെ മിന്നലുകളുടെ ഇടവേളകൾക്കും കറക്കത്തിനുമൊക്കെ കൃത്യമായ കണക്കുകളുണ്ടെന്നും ഉണ്ണിമാമ പറഞ്ഞു കൊടുത്തത് ഛായക്കുട്ടിക്ക് പുതിയ പുതിയ അറിവുകളായിരുന്നു.
പകൽ സമയങ്ങളിൽ ലൈറ്റ് ഹൗസുകളുടെ ഉയരവും നിറവും നോക്കിയും രാത്രി സമയങ്ങളിൽ അവയിൽ നിന്നുള്ള വെളിച്ചത്തിന്റെ വ്യത്യാസത്തിനനുസരിച്ചുമൊക്കെയാണ് നാവികർ ഓരോ സ്ഥലവും ദിശയുമൊക്കെ മനസ്സിലാക്കുന്നതത്രെ. എത്രയെത്ര കാര്യങ്ങളാണ് ഇനിയും ഛായക്കുട്ടി അറിയാനുള്ളത്. കുട്ടികൾ കണ്ടും കേട്ടും അറിഞ്ഞുമൊക്കെയാണ് വളർന്നു വലുതാകുന്നത്.
"ഇനി ലൈറ്റ് ഹൗസിന്റെ മുകളിൽ കയറാം നമുക്ക്. മുകളിൽ നിന്നുള്ള കാഴ്ച എന്ത് രസമാണെന്നോ”എന്ന് പറഞ്ഞ് ഉണ്ണിമാമ മുകളിലേക്ക് കയറാനുള്ള ടിക്കറ്റ് എടുത്തു. വട്ടം വട്ടം മുകളിലേക്ക് പടികൾ ഉണ്ടായിരുന്നു. ഒന്ന്, രണ്ട്, മൂന്ന് എന്ന് എണ്ണിയെണ്ണി ഛായക്കുട്ടി പടികൾ കയറി.
മുകളിലെത്തിയപ്പോഴാകട്ടെ, നോക്കെത്താ ദൂരം കടൽ. "ശ്ശോ… എന്ത് ഭംഗ്യാ…” അവൾക്ക് കൗതുകമടക്കാനാവുന്നേയില്ലായിരുന്നു. അത്രയുമുയരത്തിൽ നിന്ന് ആദ്യമായാണ് ഛായക്കുട്ടി കടൽ കാണുന്നത്. ഉണ്ണിമാമയുടെ വിരലുകളിൽ മുറുകെ പിടിച്ച് അവൾ ചുറ്റോടു ചുറ്റും നോക്കി രസിച്ചു. ലൈറ്റ് ഇരിക്കുന്ന ചില്ലു കണ്ണാടിക്കൂട് അവർ നിൽക്കുന്നതിനും മുകളിലാണ്. അവിടേക്ക് മാത്രം കാഴ്ചകൾ കാണാൻ വരുന്നവരെ കടത്തി വിടില്ല.
"ഈ കടലിനുമപ്പുറത്തെന്താ?” കടലിലേക്ക് ചൂണ്ടി ഛായക്കുട്ടി ചോദിച്ചു.
"പിന്നെയും കടൽ”..
"അതിനുമപ്പുറം?”
"പിന്നെയും പിന്നെയും കടൽ. പിന്നെ ഛായക്കുട്ടിയുടെ അച്ഛനുള്ള ദുബായ്”. ഉണ്ണിമാമ അവളെ ചേർത്തു പിടിച്ചു. ദൂരെ ആകാശത്ത് ചുവപ്പും വെള്ളയും മേഘങ്ങൾ തെന്നി നീങ്ങുന്നുണ്ടായിരുന്നു. ആ മേഘങ്ങൾ തന്റെ ചിറകുകൾ ആയിരുന്നെങ്കിലെന്ന് ഛായക്കുട്ടി വെറുതേ മോഹിച്ചു. കാറ്റവളുടെ കവിളിൽ വന്നുമ്മ വെക്കുന്നു. കണ്ടിട്ടും കണ്ടിട്ടും അവൾക്കാ ഉയരക്കാഴ്ച മതിയാകുന്നുണ്ടായിരുന്നില്ല.
"ഉണ്ണിമാമാ… ഈ ലൈറ്റ് ഹൗസുകളൊന്നും ഇല്ലായിരുന്നെങ്കിലോ” എന്നപ്പോൾ ഛായക്കുട്ടി ഒരു സംശയക്കുട്ടിയായി മാറി. ഛായക്കുട്ടി അങ്ങനെയാണ്, പുതിയതായി പഠിക്കുന്ന കാര്യങ്ങളെ കുറിച്ച് അവൾ നിരന്തരം ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കും. അങ്ങനെ ചോദ്യങ്ങൾ ചോദിക്കുന്ന കുട്ടികളെ ഉണ്ണിമാമയ്ക്ക് വലിയ ഇഷ്ടമാണ്.
"അതോ… മ്മ്മ്മ്…ലൈറ്റ് ഹൗസുകളില്ലാതിരുന്ന കാലത്ത്, എന്ന് വെച്ചാൽ പണ്ട് പണ്ട് പണ്ട്, എന്താ ചെയ്തിരുന്നതെന്നോ.. പകൽ സമയങ്ങളിൽ വലിയ പാറക്കല്ലുകളെയോ, രാത്രിയാണെങ്കിൽ തീരത്ത് വിറകുകൂട്ടി കത്തിക്കുന്ന വലിയ തീ നാളങ്ങളെയോ ഒക്കെ അടയാളമാക്കിയായിരുന്നു നമ്മുടെയൊക്കെ മുതു മുതു മുതു മുത്തച്ഛന്മാർ കരയിലേക്കുള്ള വഴി കണ്ടു പിടിച്ചിരുന്നത്. ചിലപ്പോൾ അതുപോലെയൊക്കെ എന്തെങ്കിലും വിദ്യ പ്രയോഗിക്കുമായിരുന്നേനെ.”എന്ന് പറഞ്ഞ് ഉണ്ണിമാമയും ഛായക്കുട്ടിയും കടലും നോക്കി നിറഞ്ഞു ചിരിച്ചു.
സൂര്യനപ്പോൾ കടലിൽ ചായം കലക്കുകയായിരുന്നു. ലൈറ്റ് ഹൗസിനു മുകളിലെ കാഴ്ചകൾ കണ്ട് സമയം പോയതവർ അറിഞ്ഞേയില്ല. കുറേ സെൽഫികളുമെടുത്ത് പിന്നെയവർ ലൈറ്റ് ഹൗസിനു മുകളിൽ നിന്ന് താഴെയിറങ്ങി.
/indian-express-malayalam/media/media_files/uploads/2022/11/shyam-sundar-3.jpg)
ഈ ലൈറ്റ് ഹൗസുകൾക്ക് പറയാൻ ഇത്രയേറെ വിശേഷങ്ങൾ ഉണ്ടായിരുന്നു അല്ലേ എന്ന് അപ്പോഴും ഛായക്കുട്ടി അതിശയത്തിലായിരുന്നു. ബീച്ചിനടുത്തുള്ള ഒരു കടയിൽ നിന്ന് ഉണ്ണിമാമ അവൾക്കൊരു ഐസ് ക്രീം വാങ്ങിച്ചു കൊടുത്തു. അതും നുണഞ്ഞുകൊണ്ടങ്ങനെ നോക്കി നിന്നപ്പോൾ പെട്ടന്നതാ ലൈറ്റ് ഹൗസിൽ നിന്ന് വെളിച്ചം മിന്നി വരുന്നു. കറങ്ങുന്ന,അത്ഭുത വെളിച്ചം.
കുറച്ച് നേരം ആ അത്ഭുത വെളിച്ചത്തിലേക്ക് നോക്കി നിന്നപ്പോഴാണ് പണ്ടൊക്കെ ഈ കറങ്ങുന്ന ലൈറ്റിനു പകരം ചില്ലുകൂടിനുള്ളിൽ എണ്ണ വിളക്കുകളായിരുന്നു കത്തിച്ചു വെച്ചിരുന്നതെന്നുകൂടി ഉണ്ണിമാമ അവൾക്ക് പറഞ്ഞു കൊടുത്തത്. ‘ഈ ഉണ്ണിമാമയ്ക്ക് എത്രയെത്ര കാര്യങ്ങളറിയാം, ലോകത്തുള്ള എന്തിനെ കുറിച്ച് ചോദിച്ചാലും അറിയാം, അത് പുസ്തകങ്ങൾ വായിക്കുന്നത് കൊണ്ടാണെന്നും ഞാനും നിറയെ പുസ്തകങ്ങൾ വായിക്കുമെന്നും അവളപ്പോൾ മനസ്സിലുറപ്പിച്ചു.
പിന്നെ, ഛായകുട്ടിയും ഉണ്ണിമാമയും വീട്ടിലേക്ക് തിരിച്ചു പോയി. വീട്ടിൽ അമ്മ കാത്തിരിക്കുകയാണ്. ഇനിയുംനേരം വൈകിയാൽ ഛായകുട്ടിയെ കാണാതെ അമ്മ വിഷമിക്കും. ഇനിയെപ്പോഴെങ്കിലും മറ്റൊരു ലൈറ്റ് ഹൗസ് കണ്ടാൽ അതിന്റെ രൂപത്തിനും നിറത്തിനും വ്യത്യാസമുണ്ടോ എന്നും അതിന്റെ പ്രത്യേകതകൾ എന്തല്ലാമാണെന്നും നോക്കണമെന്ന് ബൈക്കിനു പുറകിലിരിക്കുമ്പോൾ അവൾ തീരുമാനിച്ചുറപ്പിച്ചിരുന്നു.
വീട്ടിലെത്തി അച്ഛനെ വീഡിയോ കാൾ ചെയ്യുമ്പോൾ ലൈറ്റ് ഹൗസിനു മുകളിൽ കയറിയ വിശേഷങ്ങൾ ഛായക്കുട്ടി ആഹ്ലാദത്തോടെ പങ്കുവെച്ചു. സ്കൂൾ തുറന്ന് കൂട്ടുകാരെ കാണുമ്പോൾ ഈ കഥകളൊക്കെ അവർക്കും പറഞ്ഞു കൊടുക്കാൻ കൊതിയായെന്ന് അവൾ അച്ഛനോട് പറയുകയും ചെയ്തു. രാത്രി ഉണ്ണിമാമ ‘കിഴവനും കടലും’ ബാക്കി ഭാഗം വായിച്ചു കേൾപ്പിക്കുമ്പോഴൊക്കെയും ജനാലക്കരികിൽ പുറത്തേക്ക് നോക്കി കിടക്കുകയായിരുന്നു ഛായക്കുട്ടി.
"ഛായകുട്ടിയെന്താ നോക്കുന്നതെന്ന്”ഉണ്ണിമാമ ചോദിച്ചു.
"ഇവിടെ നിന്ന് ലൈറ്റ് ഹൗസിലെ വെളിച്ചം കാണാൻ പറ്റുമോ എന്ന് നോക്കുകയായിരുന്നു ഉണ്ണിമാമാ ഞാൻ ” ഛായക്കുട്ടി പറഞ്ഞു. ഉണ്ണിമാമ അവളുടെ നെറുകയിൽ സ്നേഹപൂർവ്വം തലോടി. പിന്നെയെപ്പോഴോ അവൾ ഉറങ്ങിയും പോയി.
കുട്ടിക്കഥക്കൂട്ടിൽ നാളെ സുനിൽ ഞാളിയത്ത് എഴുതിയ കഥ വായിക്കാം
/indian-express-malayalam/media/media_files/uploads/2022/11/sunil-card.jpg)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us