Latest News

മിസോയ് സാന്‍: കുട്ടികളുടെ നോവല്‍ – ഭാഗം 6

പാഠപുസ്തകത്തിൽ മാത്രം കണ്ടു പരിചയിച്ച ജപ്പാൻ. അവിടെ നിന്നും തീരെ പ്രതീക്ഷിക്കാതെ ഒരു കൂട്ടുകാരൻ നമ്മളോട് മിണ്ടാൻ വന്നാൽ എങ്ങിനെയിരിക്കും. പേടിച്ചും നാണിച്ചും മിണ്ടാതിരുന്ന കുട്ടാപ്പു പിന്നെ അവരോടു കൂട്ടു കൂടിയത് എങ്ങിനെ എന്ന് അറിയേണ്ടേ…

Sheeba EK Novel, Misoi San, Malayalam Novel, Novel, Sheeba EK, Childrens's Literature, മിസോയ് സാൻ, ഷീബ ഇകെ, ബാല സാഹിത്യം, കുട്ടികളുടെ നോവൽ, നോവൽ, Online Literature, ഓൺലൈൻ സാഹിത്യം, IE Malayalam, ഐഇ മലയാളം

പൂക്കാലം പോലെ പുതിയ കൂട്ടുകാർ

ഇനിയാണ് ശരിക്കും കഥ തുടങ്ങാന്‍ പോവുന്നത് കേട്ടോ. ആ വര്‍ഷത്തെ വെക്കേഷന് ഞങ്ങളുടെ പതിവുകളികളൊന്നും ഉണ്ടായില്ല.

പകരം ഞങ്ങള്‍ക്ക് കളിക്കാന്‍ പുതിയ കുറേ കൂട്ടുകാരെക്കിട്ടി.

“അതാരാ… ആ പുതിയ കൂട്ടുകാര്?”

അതാണല്ലോ സര്‍പ്രൈസ്… പറഞ്ഞുതരാം…

പിറ്റേന്നു രാവിലെ ഭക്ഷണമൊക്കെ കഴിഞ്ഞ് കുറച്ചു നേരം തൊടിയിലൂടെയൊക്കെ കറങ്ങി നടന്നു. സൂര്യകാന്തി പോലെയുള്ള കുഞ്ഞു പൂക്കള്‍ വിരിയുന്ന കാട്ടുചെടി എല്ലായിടത്തുമുണ്ട്. സ്‌കൂള്‍ അടക്കുന്ന കാലത്താണ് ഈ പൂവ് കാണുന്നത്. കുറേ പൂമ്പാറ്റകള്‍ പൂക്കള്‍ക്കു ചുറ്റും വട്ടമിട്ടു പറക്കുന്നു. ഉണ്ടക്കണ്ണന്‍ തുമ്പികളും നിറയെയുണ്ട്..നീലനിറമുള്ള നേര്‍ത്ത കുഞ്ഞിത്തുമ്പികളും കുറേയുണ്ട്.

Sheeba EK Novel, Misoi San, Malayalam Novel, Novel, Sheeba EK, Childrens's Literature, മിസോയ് സാൻ, ഷീബ ഇകെ, ബാല സാഹിത്യം, കുട്ടികളുടെ നോവൽ, നോവൽ, Online Literature, ഓൺലൈൻ സാഹിത്യം, IE Malayalam, ഐഇ മലയാളം

ഇന്നാളൊരു ദിവസം ഉണ്ടക്കണ്ണന്‍ തുമ്പിയുടെ അടുത്തേക്ക് കുഞ്ഞിത്തുമ്പിയെ കൊണ്ടുപോയതും ഉണ്ടക്കണ്ണന്‍ അതിനെ ചവച്ചു വായിലാക്കിയതും കണ്ടതാണ്. തുമ്പിയെക്കൊണ്ട് വാലില്‍ നൂലു കെട്ടി പറപ്പിക്കുന്നതു കണ്ടാല്‍ എല്ലാവരും വഴക്കു പറയും.

ഒരു ജീവിയെയും ഉപദ്രവിക്കരുതെന്നാണ് ആപ്പ പറഞ്ഞു തന്നിട്ടുള്ളത്. ജീവന്‍ കൊടുക്കാന്‍ നമുക്കു പറ്റില്ല. അതുകൊണ്ട് ഒന്നിന്റെയും ജിവനെടുക്കാനും അവകാശമില്ല…

കൂട്ടിലിട്ട് പക്ഷികളെ വളര്‍ത്താനും സമ്മതിക്കില്ല.

നിന്നെയാരെങ്കിലും മുറിയില്‍ പൂട്ടിയിട്ട് നല്ല ഭക്ഷണവും വെള്ളവും തന്നാല്‍ സന്തോഷമാകുമോ എന്നരൊറ്റ ചോദ്യമാണ്… അതുകേട്ടാല്‍പ്പിന്നെ ഒന്നിനും തോന്നില്ല.
എന്നാലും ആരും കാണാതെ ചിലപ്പോള്‍ തൊടിയില്‍ വെച്ച് തുമ്പികളെ പിടിച്ചിരുന്നു എന്നിട്ട് അതിനെക്കൊണ്ട് കുഞ്ഞിത്തുമ്പികളെ തീറ്റിക്കുകയും കല്ലെടുപ്പിക്കുകയും ചെയ്യും… അവസാനം ചത്ത തുമ്പികളുടെ ഉണ്ടക്കണ്ണുകള്‍ കാണുമ്പോള്‍ കുറ്റബോധം കൊണ്ട് ഭയന്നോടും.

Read More: ഭൂമിയുടെ അലമാര: നോവൽ വായിക്കാം

അതുപോലെ വൈകുന്നേരം ഷട്ടില്‍ കളിക്കുമ്പോള്‍ അറിയാതെ ബാറ്റില്‍ത്തട്ടി വീഴുന്ന വലിയ തുമ്പികളുടെ കണ്ണുകള്‍ കണ്ടാലും ശരിക്കും പേടി തോന്നും. അത് ഓണത്തുമ്പിയാണത്രെ…

വെയിലിങ്ങനെ മൂത്തുവരികയാണ്. ഇനിയും അവിടെ നിന്നാല്‍ ചൂടു സഹിക്കാന്‍ പറ്റില്ല. ആ തൊടിയില്‍ വലിയ മരങ്ങളൊന്നുമില്ല. ആകെയുള്ളത് ഒരു പാറകത്തിന്റെ മരമാണ്. അതിലാവട്ടെ വേനലായാല്‍ ഇലകള്‍ കൊഴിഞ്ഞ് മഞ്ഞ നിറത്തിലുള്ള കായകള്‍ നിറയും… ഒരു തരം ചൊറിച്ചിലാണ് അതിന്റെ കായക്ക്. കണ്ടാല്‍ കൊതി തോന്നുമെന്നു മാത്രം.

തൊടിയില്‍ നിന്നിറങ്ങി വേലികള്‍ക്കിടയിലൂടെ അടുത്ത വീട്ടിലേക്കു നടന്നു. റഷീദിന്റെ കൂടെ കളിക്കാം. അല്ലെങ്കില്‍ കവണ കൊണ്ട് എന്തെങ്കിലും എറിഞ്ഞു വീഴ്ത്താം.

വഴിയിലെത്തിയില്ല അപ്പോളേക്കും ഇക്ബാല്‍ ഓടി വരുന്നതു കണ്ടു. അവന്റെ മുഖത്ത് വല്ലാത്ത സന്തോഷം.

‘വാ, ഒരു കാര്യം കാണിച്ചു തരാം. അപ്പുറത്ത് പുതിയ വാടകക്കാര്‍ വന്നിട്ടുണ്ട്. ജപ്പാന്‍കാരാണ്… ജപ്പാന്‍കാര്…’

Sheeba EK Novel, Misoi San, Malayalam Novel, Novel, Sheeba EK, Childrens's Literature, മിസോയ് സാൻ, ഷീബ ഇകെ, ബാല സാഹിത്യം, കുട്ടികളുടെ നോവൽ, നോവൽ, Online Literature, ഓൺലൈൻ സാഹിത്യം, IE Malayalam, ഐഇ മലയാളം

നുണ പറയുകയാണെന്നാണ് ആദ്യം കരുതിയത്. അപ്പുറത്തെ വീട്ടില്‍ വാടകക്കാര്‍ പലരും വരാറുണ്ട്… സ്ഥലംമാറ്റം കിട്ടി വരുന്ന ഉദ്യോഗസ്ഥരാവും മിക്കവാറും. കോട്ടയത്തോ കൊല്ലത്തോ ഒക്കെ ഉള്ളവര്‍. പക്ഷേ വിദേശികളാരും ഇതുവരെ ഇവിടെ വന്നിട്ടില്ല…

‘ജപ്പാന്‍കാരോ ഇവിടെയെന്തിനാ…’

‘കെല്‍ട്രോണിലെ ജോലിക്കുവേണ്ടി വന്നതാണ്… ഞാന്‍ അവരോട് വര്‍ത്താനം പറഞ്ഞു. നിന്നേം പരിചയപ്പെടുത്തിത്തരാം.’

ഞാന്‍ ആദ്യം ഓര്‍ത്തത് സോഷ്യല്‍ സ്റ്റഡീസിന്റെ ക്ലാസില്‍ ജപ്പാനെക്കുറിച്ച് ടീച്ചര്‍ പറഞ്ഞു തന്നതൊക്കെയാണ്…

ഉദയസൂര്യന്റെ നാടാണുപോലും… ലോകമഹായുദ്ധത്തില്‍ ആറ്റംബോബു വീണു നശിച്ച ഹിരോഷിമയെക്കുറിച്ചും നാഗസാക്കിയെക്കുറിച്ചും പറയാന്‍ എന്തൊരാവേശമാണ് ടീച്ചര്‍ക്ക്…

ഇപ്പോഴും അവിടെയുള്ള ആളുകള്‍ക്ക് അണുവികിരണം കൊണ്ടുള്ള മാരകമായ അസുഖങ്ങള്‍ ഉണ്ടത്രേ… പക്ഷേ ജപ്പാന്‍കാര്‍ അതൊന്നും കൂസാതെ എല്ലാത്തിലും സ്വയംപര്യാപ്തത നേടി.

കഠിനാദ്ധ്വാനികളാണവര്‍. അങ്ങിനെയുള്ളവര്‍ക്ക് എന്തിനെയും തോല്‍പ്പിച്ച് ജീവിതത്തില്‍ മുന്നേറാന്‍ പറ്റും മനസ്സിലായോ… ജപ്പാന്‍കാര്‍ ഒന്നിനും ആരെയും ആശ്രയിക്കുന്നില്ല.  അമേരിക്കക്കു പോലും പേടിയാണവരെ. ടെക്‌നോളജിയില്‍ അവരെ വെല്ലാന്‍ ആരുമില്ല. അര്‍ത്ഥഗര്‍ഭമായ ഒരു പുഞ്ചിരിയോടെ ടീച്ചര്‍ പറഞ്ഞു നിര്‍ത്തുമ്പോള്‍ മടി പിടിച്ചു മാറ്റിവെക്കുന്ന കാര്യങ്ങള്‍ ഓര്‍ത്ത് ഞങ്ങളൊക്കെ മിണ്ടാതിരിക്കും.

Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം

യുദ്ധം മാത്രമല്ല ഭുകമ്പങ്ങളും അവിടെ സാധാരണത്രേ. വീടുകള്‍ ഒക്കെ അതു കണക്കുകൂട്ടിയാണത്രേ ഉണ്ടാക്കുന്നത്. പിന്നെ വലിയ അഗ്നിപര്‍വ്വതമുണ്ട്- ഫ്യൂജിയാമ. അതിടക്കിടെ പൊട്ടി ലാവ ഒഴുകും. മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന ലാവാപ്രവാഹത്തിലും ആളുകള്‍ക്ക് അപകടം ഉണ്ടാവുമത്രേ..

എന്തൊക്കെ പ്രയാസങ്ങള്‍ സഹിച്ചാണ് അന്നാട്ടുകാര്‍ ജിവിക്കുന്നത് എന്നാലോചിക്കുകയായിരുന്നു ഞങ്ങളെല്ലാവരും അന്ന് ക്ലാസ് കഴിയുമ്പോള്‍.

ആ ജപ്പാനിലുള്ള ആള്‍ക്കാര്‍ ഇവിടെ ഞങ്ങളുടെ തൊട്ടടുത്ത് താമസിക്കാന്‍ വന്നിരിക്കുന്നു.

ആലോചിച്ചപ്പോള്‍ തന്നെ സന്തോഷം സഹിക്കാനായില്ല.

ആദ്യം കാണുകയല്ലേ അവര്‍ക്ക് എന്താ കൊടുക്കുക..

അധികം ആലോചിക്കേണ്ടി വന്നില്ല. മുറ്റത്തെ ചാമ്പമരം നന്നായി കായ്ക്കാന്‍ തുടങ്ങിയിരിക്കുന്നു. നേരിയ പുളിപ്പും മധുരവുമുള്ള കായ്കള്‍ അവര്‍ക്കിഷ്ടമാവാതിരിക്കില്ല… ഓടിപ്പോയി നല്ല ചുവപ്പുനിറമുള്ള ചാമ്പക്കകള്‍ പൊട്ടിച്ചെടുത്ത് കയ്യില്‍ വെച്ചു.

Sheeba EK Novel, Misoi San, Malayalam Novel, Novel, Sheeba EK, Childrens's Literature, മിസോയ് സാൻ, ഷീബ ഇകെ, ബാല സാഹിത്യം, കുട്ടികളുടെ നോവൽ, നോവൽ, Online Literature, ഓൺലൈൻ സാഹിത്യം, IE Malayalam, ഐഇ മലയാളം

രണ്ടു വീടിനും അതിരിലായി മതിലിനോട് ചേര്‍ന്ന് കുടപിടിച്ചതു പോലെ വലിയൊരു പ്ലാവുണ്ട്. കൈ തൊടാവുന്ന ഉയരത്തില്‍ വലിയ ചക്കകള്‍ കായ്ചു നില്‍ക്കുന്നു.

വെയിന് നല്ല ചൂട്. ഞങ്ങള്‍ മതിലില്‍ ചെന്നിരുന്നു.

കുറച്ചു സമയം കഴിഞ്ഞപ്പോള്‍ പെട്ടെന്ന് വാതില്‍ തുറന്നൊരാള്‍ പുറത്തേക്കു വന്നു.

ആദ്യമായാണ് ഒരു ജപ്പാന്‍കാരനെ കാണുന്നത്. വെളുത്തു തുടുത്ത് ഉയരം കുറഞ്ഞ്… പാവക്കുട്ടികളെപ്പോലെ കറുത്തു മിനുത്ത മുടി. ഇളംനീല ഷര്‍ട്ടും ചാര നിരത്തിലുള്ള പാന്റ്സുമാണ് വേഷം. തോളില്‍ മഞ്ഞ നിറത്തിലുള്ള മൃദുവായൊരു തൂവാല. പഞ്ഞിപോലുള്ള സ്ലിപ്പറാണ് കാലില്‍ ഇട്ടിരിക്കുന്നത്.

Read More: മിസോയ് സാൻ: നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം

പുഞ്ചിരിയോടെ അടുത്തേക്കു വരികയാണയാള്‍… എന്റെ നാവിലെ വെള്ളം വറ്റി…

‘അവര്‍ക്ക് ഇംഗ്ലീഷ് കുറച്ചൊക്കെയേ അറിയൂ…’ ഇക്ബാല്‍ പതുക്കെപ്പറഞ്ഞു ‘നെയിം പ്ലീസ് എന്നു ചോദിക്ക്.’

നെഞ്ചിടിച്ചെങ്കിലും ഞാന്‍ അവന്‍ പറഞ്ഞപോലെ ചെയ്തു.

‘പേര് മിസോയ്,’ കൈ പിടിച്ചു കുലുക്കിക്കൊണ്ട് ഒരു മുതിര്‍ന്നയാളോടെന്ന പോലെയാണ് അയാള്‍ പറഞ്ഞത്.

തിരിച്ചും പേരു ചോദിച്ചു, വയസ്സും.

‘എന്റെ മകള്‍ക്കും ഇതേ പ്രായമാണ്… ഡൂമി എന്നാണ് അവളുടെ പേര്,’ മിസോയ് പറഞ്ഞു.

പിന്നെ ചാമ്പക്ക കഴിച്ചു നോക്കി ‘ഗുഡ്, ഗുഡ്’ എന്നു മന്ത്രിച്ചു കൊണ്ട് തലകുലുക്കി.

‘ഇപ്പോള്‍ വരാം. പോവരുത്,’ അതും പറഞ്ഞ് ആള്‍ അകത്തേക്കു പോയി.

പിന്നെ കൈ നിറയെ മിഠായികളുമായാണ് തിരിച്ചു വന്നത്. ഇതുവരെ കാണാത്ത നല്ല രസികന്‍ മിഠായികള്‍. പോരാത്തതിന് ഉണക്കിയ പ്ലം പഴങ്ങളും ച്യൂയിംഗ് ഗമ്മും പിന്നെയെന്തൊക്കെയോ…

‘വൈകുന്നേരം കാണാം. ചൂട് സഹിക്കാന്‍ പറ്റുന്നില്ല. ഇനി കുറച്ചു ദിവസങ്ങള്‍ ഇവിടെയുണ്ടാവും,’ അതും പറഞ്ഞ് വീണ്ടും കൈ പിടിച്ചു കുലുക്കി മിസോയ് അകത്തേക്കു പോയി.

ഞാന്‍ പറഞ്ഞില്ലേ, ഒരിക്കലും മറന്നു പോവാനാവാത്ത ഒരൊഴിവുകാലം തുടങ്ങുകയായിരുന്നു…

 

തുടരും...

  • H&C ബുക്സ് പ്രസിദ്ധീകരിക്കുന്ന ഷീബ ഇകെയുടെ ‘മിസോയ് സാന്‍’ എന്ന കുട്ടികളുടെ നോവലില്‍ നിന്ന്

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Sheeba ek childrens novel misoi san chapter 6

Next Story
ഇതൾ-കുട്ടികളുടെ നോവൽ മൂന്നാം ഭാഗംpriya as, novel
The moderation of comments is automated and not cleared manually by malayalam.indianexpress.com