ബൾബ് കൊണ്ടൊരു സിനിമാശാല

മലമുകളില്‍ എത്തിയാല്‍ നേരം പോകുന്നതറിയില്ല… പാറപ്പുറത്ത് നല്ല കാറ്റാണ്. ചുറ്റും പൂത്തു നില്‍ക്കുന്ന അരളിപ്പൂക്കള്‍ പറിക്കാം.

അരളിയുടെ വലിയ ഇല കൊണ്ട് കാറ്റാടി ഉണ്ടാക്കാം. മലമുകളിലെ കാറ്റില്‍ അത് നല്ലപോലെ കറങ്ങുകയും ചെയ്യും.

അരളിപ്പൂക്കള്‍ പറിച്ച് മത്തങ്ങ പോലെയാക്കി മാലയാക്കും… ആകാശം കൈനീട്ടിത്തൊടാമെന്നു തോന്നും.

വെയിലും കൊണ്ട് കയറ്റം കയറിയതിന്റെ ക്ഷീണത്തില്‍ എല്ലാവരും ഒന്നും മിണ്ടാതെ പാറപ്പുറത്തു കിടന്ന് ആകാശം കാണും. പരുന്തുകള്‍ തലക്കു തൊട്ടു മീതെയായി ചിറകുകള്‍ അനക്കാതെ പാറിനടക്കുന്നുണ്ടാവും. താഴെ കുഞ്ഞുകുഞ്ഞു തീപ്പെട്ടിക്കൂടുകള്‍ പോലെ കാണുന്ന ചതുരക്കള്ളികള്‍ക്കിടയിലൂടെ ഞങ്ങളുടെ സ്‌കൂളും വീടുമൊക്കെ തിരിച്ചറിയാന്‍ പറ്റുന്നുണ്ടോ എന്നു നോക്കും.

Read More: ഭൂമിയുടെ അലമാര: നോവൽ വായിക്കാം

എതിര്‍വശത്തായി അമ്മിനിക്കാടന്‍ മലകളും കൊടികുത്തിമലയും ഇങ്ങോട്ടു വരുന്നോയെന്ന് തലയുയര്‍ത്തി വിളിക്കും. കൂടുതല്‍ നീലിമയും പച്ചപ്പും നിറഞ്ഞ വലിയ മലകളാണവ.

“കൊടികുത്തിമല കാണാന്‍ നമ്മളിന്നാളൊരു ദിവസം പോയല്ലോ…” അമന്‍ അതു മറന്നിട്ടില്ല.

വെയില്‍ താഴുമ്പോള്‍. മനസ്സില്ലാമനസ്സോടെ ഞങ്ങള്‍ വീട്ടിലേക്കു തിരിച്ചു പോരും. കാലിലും കയ്യിലും നിറയെ മുള്ളുകള്‍ ഉരഞ്ഞുപൊട്ടി, കൈയ്യില്‍ നിറയെ കശുമാങ്ങയുമായി ഇരുട്ടുംമുമ്പെ വീട്ടിലെത്തും.

Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം

വീട്ടിലെത്തിയാല്‍ കശുമാങ്ങ പിഴിഞ്ഞ് നീരെടുത്ത് വെള്ളവും പഞ്ചസാരയും നാരങ്ങനീരും ചേര്‍ത്ത് എല്ലാവര്‍ക്കും കുടിക്കാന്‍ കൊടുക്കും. അത് ആസ്വദിച്ചു കുടിക്കുന്നതിനിടയില്‍ കാടും മലയും കയറിയിറങ്ങുന്നതിന് വഴക്കു പറയാന്‍ വീട്ടുകാര്‍ മറന്നുപോവും.

“പിന്നെ കുട്ടാപ്പു സിനിമ കാണിച്ചിരുന്നതും കൂടി പറഞ്ഞു താ…”

മലമുകളില്‍ പോകാത്ത ദിവസങ്ങളിലാണ് സിനിമാപരിപ്പാടി. ബള്‍ബിലെ ഫിലമെന്റു നീക്കി വെള്ളം നിറച്ച് ഫിലിം അതിനു മുന്നില്‍ പിടിച്ച് കണ്ണാടിയിലൂടെ വെയില്‍ ബള്‍ബിലേക്ക് അടിക്കും. അപ്പോള്‍ ഫിലിമിലെ ചിത്രങ്ങള്‍ ചുവരില്‍ വലുതായി കാണും. വെയില്‍ ഇല്ലെങ്കില്‍ ആ കളി കളിക്കാനാവില്ല.

Sheeba EK Novel, Misoi San, Malayalam Novel, Novel, Sheeba EK, Childrens's Literature, മിസോയ് സാൻ, ഷീബ ഇകെ, ബാല സാഹിത്യം, കുട്ടികളുടെ നോവൽ, നോവൽ, Online Literature, ഓൺലൈൻ സാഹിത്യം, IE Malayalam, ഐഇ മലയാളം

“എനിക്കും വേണം ആ സിനിമ…”

നിന്നെപ്പോലുള്ള കുട്ടികള്‍ക്ക് അതൊക്കെ വേഗം മടുക്കും കുട്ടാ. ഞങ്ങളുടെ കുട്ടിക്കാലത്ത് കമ്പ്യൂട്ടറില്ല, ടിവിയില്ല… അപ്പോ ഞങ്ങളുണ്ടാക്കുന്ന സിനിമൊക്കെ വല്യ അത്ഭുതമായിരുന്നു. ബള്‍ബ് കിട്ടിയാല്‍ ഞാന്‍ അതും കാണിച്ചു തരാം.

Read More: മിസോയ് സാൻ: നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം

അവന്‍ ഒന്നും മിണ്ടാതെ എന്തോ ആലോചിക്കുകയാണ്. ടിവിയും കമ്പ്യൂട്ടറുമില്ലാതെ എങ്ങിനെയാണ് കഴിഞ്ഞിരുന്നതെന്ന് ഓര്‍ക്കുകയാവും ചിലപ്പോള്‍…

തുടരും...

  • H&C ബുക്സ് പ്രസിദ്ധീകരിക്കുന്ന ഷീബ ഇകെയുടെ ‘മിസോയ് സാന്‍’ എന്ന കുട്ടികളുടെ നോവലില്‍ നിന്ന്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook