ഹനുമാൻ കാലടിയും പിന്നെ ആഭരണക്കല്ലും

“അമന് അറിയോ, ഈ കുളിര്‍മല ഞങ്ങളുടെ മാത്രം സ്ഥലം പോലെയായിരുന്നു. അവിടെ ശല്യപ്പെടുത്താന്‍ ആരും വരില്ല…

വീട്ടുകാരുടെ കണ്ണു വെട്ടിച്ച് വാട്ടര്‍ബോട്ടിലില്‍ വെള്ളവും കുറച്ചു കടലയുമായിട്ടാണ് മല കയറാന്‍ പോകുക… കണ്ണില്‍പ്പെട്ടാല്‍ വെയിലത്ത് കാടോടി നടക്കുന്നതിന് ഉമ്മ വഴക്കു പറയും.”

“എന്തിനാ വഴക്കു പറയുന്നത്… അവിടെ കടുവയൊക്കെയുണ്ടോ…”

“കടുവയൊന്നൂല്ലാ… പക്ഷേ കുറച്ചു കാലം മുമ്പ് മലമുകളില്‍ നിന്ന് ആരുടെയോ കരച്ചില്‍ കേട്ട് നാട്ടുകാരെല്ലാം കൂടെ ഓടിച്ചെന്നപ്പോള്‍ ഒരാള്‍ കൂട്ടുകാരന്റെ തലയില്‍ പാറക്കല്ലു കൊണ്ടടിച്ച് മുറിവുണ്ടാക്കി കയ്യിലെ പഴ്‌സും വാച്ചുമൊക്കെ തട്ടിപ്പറിക്കാന്‍ നോക്കിയതായിരുന്നു. എല്ലാവരും കൂടി ആളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. അതില്‍പ്പിന്നെ എല്ലാവര്‍ക്കും പേടിയായി…

ഒറ്റയ്ക്ക് പോവരുതെന്ന് സത്യം ചെയ്യിപ്പിച്ചിട്ടുമുണ്ട്. പിന്നെ ഒറ്റയ്ക്കു പോവാന്‍ ഞങ്ങള്‍ക്കും പേടിയായിരുന്നു.

കാട്ടുചെടികള്‍ക്കിടയില്‍ കാലിയായ കള്ളുകുപ്പികളും സിഗരറ്റ് കുറ്റികളുമൊക്കെ കാണാറുണ്ട്. മലയില്‍ ഇടക്കിടെ തീപടര്‍ന്നു പിടിക്കുന്നതിന്റെ കാരണം കാട്ടുതീ മാത്രമല്ല ഇങ്ങിനെയുള്ള ആള്‍ക്കാര് തീപ്പെട്ടിക്കൊള്ളികള്‍ എറിഞ്ഞിട്ടു കൂടിയാണെന്നു പറഞ്ഞുകേട്ടിട്ടുണ്ട്…

മലകള്‍ക്ക് വേലിയും മതിലുമൊന്നുമില്ലല്ലോ. പരന്നു കിടക്കുന്ന വിശാലമായ ഭൂമിയല്ലേ… അങ്ങേ വശത്തു നിന്നും ആരെങ്കിലും കയറി വന്നാല്‍ നമുക്ക് കാണാനാവില്ല… അതാണ് വീട്ടുകാര്‍ വഴക്കു പറയുന്നത്…”

“ഓ അതു ശരി, അപ്പോ കുട്ടാപ്പൂന് പേടിയില്ലേ?”

കുറച്ചു പേടിയൊക്കെയുണ്ടായിരുന്നു. എന്നാലും പോകും. കാരണം അത്ര രസമാണ് അവിടെപ്പോകാന്‍…

മല തുടങ്ങുന്നിടത്ത് കുളമുണ്ട്. വേനലില്‍ വെള്ളം വറ്റി പായല്‍ വീണു കറുത്തിട്ടുണ്ടാവും. എല്ലായ്‌പ്പോഴും അവിടെ ചീവിടുകളുടെ കരച്ചില്‍ കേള്‍ക്കാം. പൊന്‍മാനുകള്‍ വെള്ളത്തിലൂളിയിട്ടിറങ്ങി മീന്‍ പിടിക്കാന്‍ നോക്കും.

“പൊന്‍മാനോ അതെന്താ?”sheeba ek, childrens novel, iemalayalam

അടുത്ത സംശയം പെട്ടെന്നു വന്നു. അതിനവനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അവനിതുവരെ ഒരു പൊന്മാനെ കണ്ടിട്ടില്ല. ഈയിടെ അവയെ തീരെ കാണാറുമില്ല.

പൊന്മാന്‍ ഒരു സൂത്രക്കാരന്‍ പക്ഷിയാണ്. നീലനിറമൊക്കെയായിട്ട് നല്ല ഭംഗിയാ കാണാന്‍… മരക്കൊമ്പില്‍ വന്നിരുന്ന് താഴോട്ട് സൂക്ഷമായി നോക്കിനില്‍ക്കും… എന്നിട്ട് മീനിന്റെ അനക്കം കണ്ടാല്‍ കുളത്തിലേക്കൊറ്റ മുങ്ങലാണ്. നീണ്ട കൊക്കില്‍ മീനും കൊണ്ടാണ് തിരിച്ചു വരിക.

പൊന്‍മാനുകളെ ഇനി തൊടിയില്‍ കാണുകയാണെങ്കില്‍ ഞാന്‍ അമന് കാണിച്ചു തരാട്ടോ…

അവന്‍ സമ്മതിച്ചു, “ബാക്കി പറഞ്ഞു താ…”

പേടിപ്പെടുത്തിയിരുന്ന വേറൊരു കാര്യം കൂടിയുണ്ട് അവിടെ. എന്താന്നറിയോ…

മുണ്ടനും ചെക്കുണ്ണിയുമൊക്കെ മഴക്കാലത്ത് ഗുരുതി നടത്താറുള്ള കരിങ്കുട്ടിയുടെ കല്ല് പൂജയുള്ള ദിവസങ്ങളില്‍ അവര്‍ വിളക്കും കള്ളും പൂവന്‍ കോഴിയുമൊക്കെയായി സന്ധ്യാസമയത്ത് തൊടിയിലേക്കു പോകും. കോഴിയെ അവിടെ കുരുതി കൊടുക്കാനാണേത്രേ.sheeba ek, childrens novel, iemalayalam

അവരുടെ കാര്യങ്ങളിലൊന്നും ഇടപെടരുതെന്ന് വീട്ടുകാര്‍ പറഞ്ഞിട്ടുള്ളതിനാല്‍ ഒന്നും ചോദിക്കാനുമാവില്ല.

നല്ല മഴയുള്ള രാത്രിയില്‍ മലയുടെ അടിവാരത്ത് അവര്‍ എന്തു ചെയ്യുകയായിരിക്കും എന്ന് ആലോചിച്ചു നേരം വെളുപ്പിക്കും. പകല്‍സമയത്ത് അവിടെയൊക്കെ അലഞ്ഞുനടന്നിട്ടും കരിങ്കുട്ടിയെയോ പൂജയുടെ എന്തെങ്കിലും സാധനങ്ങളോ കാണാനായിട്ടില്ല.

കുളത്തിന്റെ മുകള്‍ ഭാഗത്തായി നിറയെ മുളങ്കാടുകളാണ്. മുളയിലകള്‍ നിലത്തു മഞ്ഞപ്പരവതാനി വിരിച്ചിട്ടുണ്ടാവും. മുള പൂക്കുമ്പോള്‍ അതിന്റെ അടിവശം വൃത്തിയാക്കി പുല്‍പ്പായ വിരിച്ചിടും. മുളയരി ശേഖരിക്കാനാണ്. അതുകൊണ്ടുണ്ടാക്കുന്ന പായസത്തിനും പലഹാരങ്ങള്‍ക്കും നല്ല രുചിയാണ്…

Read More: ഭൂമിയുടെ അലമാര: നോവൽ വായിക്കാം

മുളങ്കൂട്ടങ്ങള്‍ കാണാന്‍ നല്ല രസമാണ്… കുറേ പക്ഷികള്‍ അതിനുള്ളില്‍ കൂടുകൂട്ടിയിട്ടുണ്ട്. കാറ്റടിക്കുമ്പോള്‍ എന്തൊക്കെ ശബ്ദങ്ങളാണെന്നോ അതിനുള്ളില്‍ നിന്നു വരിക.

മുളകള്‍ കൂട്ടിമുട്ടിയാല്‍ കാട്ടുതീയുണ്ടാവുമെന്ന് കേട്ടിട്ടുണ്ട്…

മുളങ്കാടിനു നടുവിലായി പേടിപ്പെടുത്തുന്ന വേറൊന്നു കൂടിയുണ്ട്…

നല്ല ഉയരത്തില്‍ നിവര്‍ന്നു നില്‍ക്കുന്ന വലിയൊരു മണ്‍പുറ്റ്… അതിന്മേല്‍ ചെറിയ പൊത്തുകള്‍ കാണാം. അകത്തു നിറയെ പാമ്പുകളാണത്രേ… പേടിച്ചു വിറച്ചാണ് അങ്ങോട്ടു നോക്കുക.

മൂപ്പെത്താത്ത മുളംതണ്ടിനെ ആണ്ടാമുള എന്നാണ് ഞങ്ങള്‍ പറയുക. അത് സ്ലേറ്റ് മായ്ക്കാന്‍ നല്ലതാണ്. പക്ഷേ പുറ്റ് പേടിച്ച് ആര്‍ക്കും അങ്ങോട്ടു പോകാനുള്ള ധൈര്യമില്ല.

ഇതുവരെ ഞങ്ങളാരും അവിടെ പാമ്പിനെ കണ്ടിട്ടില്ല. നീര്‍ക്കോലികള്‍ ചിലപ്പോളൊക്കെ തവളയെപ്പിടിക്കാന്‍ കുളത്തിലേക്കിറങ്ങി വരാറുണ്ട്. നീര്‍ക്കോലിയുടെ വായില്‍ തവള കുടുങ്ങിക്കിടക്കുന്നതു കാണുമ്പോള്‍ കുളിക്കാന്‍ വരുന്ന സ്ത്രീകള്‍ ചകിരിപ്പൊളി കൊണ്ട് എറിഞ്ഞ് രക്ഷിക്കാന്‍ ശ്രമിക്കും.sheeba ek, childrens novel, iemalayalam

ഞങ്ങള്‍ കുളത്തിലേക്ക് വരുന്നത് അലക്കാന്‍ വരുന്ന സ്ത്രീകള്‍ക്കൊന്നും അത്ര ഇഷ്ടമില്ല. കാരണം ഞങ്ങളെല്ലാവരും കൂടി നീന്തിമറിഞ്ഞ് കുളത്തിലാകെ ചെളി കലക്കും. പിന്നെ തുണികള്‍ വെളുപ്പിക്കാന്‍ പാടാണ്.

കുളത്തിന്റെ അടിഭാഗം അക്വേറിയം പോലെയാണ്. വെളുത്ത കല്ലും മണലും. നല്ല ഭംഗിയുള്ള ഇലകളുള്ള ചെടികള്‍. പിന്നെ വാല്‍മാക്രികള്‍, എഴുത്തച്ഛന്‍മാര്‍, ആമകള്‍, കുഞ്ഞുമീനുകള്‍.

“ആ… നമ്മള് മലമ്പുഴയില് കണ്ട പോലെയാവും അല്ലേ…”

ഉം. ശരിക്കും അതിനേക്കാളൊക്കെ രസമാണ്…

“എന്നിട്ട്…”

കുളം കഴിഞ്ഞാല്‍ ആനപ്പാറയായി. അത് ഞങ്ങളിട്ട പേരാണ്. അവിടേക്കുള്ള വഴി മുഴുവന്‍ മുള്ളുള്ള ചെടികളാണ്. ഉടുപ്പൊക്കെ മുള്ളു വലിഞ്ഞ് നാശമായിട്ടുണ്ടാവും.

Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം

ആനപ്പാറ കയറിയാല്‍ പിന്നെ മല തുടങ്ങിയെന്നര്‍ത്ഥം.

“പിന്നെ മരങ്ങളും മൃഗങ്ങളുമൊക്കെയാണോ…”

മരങ്ങളുണ്ട്… കശുമാവ്, ചന്ദനം, പേര, മാവ്, കരിമ്പന, തേക്ക്, മരുത്. പിന്നെ കുറെ കുരങ്ങന്‍മാര്‍, കുളക്കോഴികള്‍, മൈന, കീരി, മയില്‍ അങ്ങിനെ പലതിനെയും കാണാം..

കശുമാങ്ങയും മാങ്ങയും പേരക്കയും ധാരാളം… ചിലപ്പോള്‍ കശുവണ്ടി പെറുക്കാന്‍ വരുന്ന പണിക്കാര്‍ ഉണ്ടാവും.

ഞങ്ങളെക്കണ്ടാല്‍ അവര്‍ ദൂരെ നിന്ന് പരിചയം കാണിച്ച് കൂവും.

ആനപ്പാറ കയറാന്‍ കുറച്ചു പ്രയാസമാണ്. ചിലപ്പോള്‍ ഊര്‍ന്നു വീഴും. കയറിക്കഴിഞ്ഞാല്‍ പിന്നെയങ്ങോട്ട് വലിയ പ്രയാസമില്ലാതെ പോകാം.

പുല്ലാനിപ്പടര്‍പ്പുകളും കശുമാവുകളും ഉണ്ട്. അതില്‍പ്പിടിച്ചങ്ങിനെ കയറാം. കശുമാവിന്റെ കൊമ്പുകള്‍ നിലത്തുതൊട്ടിരിക്കും.

കശുമാങ്ങകള്‍ വേണ്ടത്ര കഴിച്ചശേഷം മിച്ചം വന്നത് ഒരു കാട്ടുവള്ളിയില്‍ മാലപോലെ കോര്‍ത്തിടും. വീട്ടിലേക്കു കൊണ്ടു പോയി എല്ലാവര്‍ക്കും കൊടുക്കാനാണ്.

വെയില്‍ കൊണ്ടാലും ക്ഷീണിക്കില്ല. കശുമാങ്ങ കഴിച്ച് വയര്‍ നിറഞ്ഞിട്ടുണ്ടാവും.

മുകളിലെത്തിയാല്‍ പിന്നെ പാറകളാണ്… നീലാകാശം പരന്നങ്ങിനെ കിടക്കുന്നത് കാണാന്‍ തന്നെ നല്ല ഭംഗിയാണ്.”

“ഏറ്റവും മുകളില്‍ എത്തിയാലോ…”

അതോ… വല്യുമ്മ പറഞ്ഞു തന്ന രണ്ട് അത്ഭുതങ്ങള്‍ തിരഞ്ഞാണ് ഞങ്ങള്‍ മല കയറിത്തുടങ്ങിയത്.

ഒന്ന് പാറക്കല്ലില്‍ പതിഞ്ഞു കിടക്കുന്ന വലിയ കാല്‍പ്പാട്…sheeba ek, childrens novel, iemalayalam

അത് തങ്ങളുപ്പാപ്പയുടെ കാലടിയാണെന്നും ഹനുമാന്റെതെന്നും പറഞ്ഞുകേള്‍ക്കുന്നുണ്ട്.

“കുട്ടാപ്പു കണ്ടോ അത്…”

“കണ്ടു. പരന്ന പാറപ്പുറത്ത് വലിയ ഒരു കാലടിപ്പാടുപോലെ കുഴിഞ്ഞ ഒരു അടയാളം… അടുത്തായി വടി കുത്തിപ്പിടിച്ച പോലെ ഒരു ചെറിയ കുഴിയും കാണാം…

മഴക്കാലം തീര്‍ന്നാലും ആ കാലടിപ്പാടില്‍ വെള്ളം കെട്ടിക്കിടക്കും. കന്നുകാലികളും പക്ഷികളും വെള്ളം കുടിക്കാനെത്തും.

ഞങ്ങള്‍ കാണുമ്പോള്‍ വെള്ളം വറ്റി ചെളി നിറഞ്ഞ് ഉറച്ചു കട്ടിയായിരുന്നു അതിന്റെ ഉള്‍വശം.

വേറൊന്ന് ആഭരണക്കല്ലാണ്… പാറക്കല്ലിലുള്ള ഒരു ചെറിയ ഗുഹയാണത്രേ അത്.

Read More: മിസോയ് സാൻ: നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം

പണ്ടുകാലത്ത് പാവപ്പെട്ട സ്ത്രീകളുടെ കയ്യിലൊന്നും സ്വര്‍ണ്ണാഭരണങ്ങളില്ലല്ലോ. കല്യാണങ്ങള്‍ക്കൊക്കെ പോവുമ്പോള്‍ അവര്‍ ഈ ഗുഹയില്‍ വന്നിരുന്നു കണ്ണടച്ചു പ്രാര്‍ത്ഥിക്കും. കുറച്ചു കഴിഞ്ഞാല്‍ അവിടെ ഒരു ആഭരണം മിന്നിത്തിളങ്ങുന്നതു കാണാം. ആവശ്യം കഴിഞ്ഞാല്‍ സ്വര്‍ണ്ണം ഗുഹയില്‍ത്തന്നെ തിരിച്ചു കൊണ്ടു വെയ്ക്കണമെന്നാണ് നിബന്ധന.

ഒരു തവണ സ്വര്‍ണ്ണം കൊണ്ടുപോയ സ്ത്രീ അത് തിരിച്ചെത്തിച്ചില്ലത്രേ. അതോടെ ഗുഹയില്‍ നിന്നും ആഭരണം കിട്ടാതായി എന്നാണ് കഥ.”

“കുട്ടാപ്പു അതും കണ്ടോ,” ആരാധനയോടെ അവന്റെ ചോദ്യം…

ഏയ്… എത്ര തിരഞ്ഞിട്ടും ഞങ്ങള്‍ക്ക് ആഭരണക്കല്ലോ ഗുഹയോ കാണാനായില്ല. ചിലപ്പോ മണ്ണും ചെളിയും വീണ് അടഞ്ഞുപോയിട്ടുണ്ടാവും അത്. കാലം കുറെയായില്ലേ…

തുടരും...

  • H&C ബുക്സ് പ്രസിദ്ധീകരിക്കുന്ന ഷീബ ഇകെയുടെ ‘മിസോയ് സാന്‍’ എന്ന കുട്ടികളുടെ നോവലില്‍ നിന്ന്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook