ചെറിമരത്തിന്റെ പൂക്കൾ
അമന് ടോട്ടോ ചാന്റെ കഥ പറഞ്ഞു തന്നതോര്‍മ്മയുണ്ടോ…
‘ആ ഉണ്ട്… ആ വികൃതിക്കുട്ടിയല്ലേ… ട്രെയിനിലുള്ള സ്കൂളില്‍ പഠിക്കാന്‍ പോയി നല്ല കുട്ടിയായത്..’
ആ അതു തന്നെ… അങ്ങിനെയുള്ള ജപ്പാന് കഥകളെല്ലാം വലുതായിട്ടാണ് എനിക്കു വായിക്കാന്‍ കിട്ടുന്നത്. ജപ്പാനില്‍ ചെറിമരങ്ങള്‍ പൂക്കുന്ന ഉത്സവത്തെക്കുറിച്ചൊക്കെ കഥകളിലും സിനിമകളിലും കണ്ടിരുന്നു. ഞാനിന്നാള് ഒരു ജപ്പാനീസ് സിനിമ കാണിച്ചു തന്നില്ലേ. മഴയും വെയിലും വരുമ്പോള്‍ കുറുക്കന്റെ കല്യാണം കാണുന്ന കുട്ടിയുടെ സിനിമ.
അവന് തലയാട്ടി.
അകിരോ കുറോസോവയുടെ ‘ഡ്രീംസ്.’ അവന് ഓര്‍മ്മയുണ്ട്. അതൊക്കെ കാണുമ്പോള്‍ മിസോയ് സാനെ വല്ലാതെ മിസ് ചെയ്യുമായിരുന്നു എനിക്ക്. അത്രകാലമായിട്ടും മിസോയ് സാന്‍ എന്റെ ഓര്‍മ്മയില്‍ നിന്നും പോയിട്ടേയില്ലായിരുന്നു.
‘നമ്മുടെ വാഷ്ബേസിനരികില്‍ തൂക്കിയിട്ട കളര്നൂലു കെട്ടിയ മണികളില്ലേ… അത് മിസോയ് സാന്‍ തന്നതാ. ദിവസവും അതു കാണുമ്പോള്‍ മിസോയ് സാനെ ഓര്മ വരും. പിന്നെ ടോട്ടോ ചാനിലെ കൊബയാഷി മാസ്റ്റര്‍ മിസോയ്സാനെപ്പോലെത്തന്നെ.
അപ്പോഴേക്കും ഞാന്‍ കഥകളൊക്കെ എഴുതാന്‍ തുടങ്ങിയിരുന്നു.
മിസോയ് സാന്‍ ഒരു തവണയെങ്കിലും ഇവിടേക്കു വന്നിരുന്നെങ്കില്‍… അതൊരു വല്ലാത്ത ആഗ്രഹമായിരുന്നു.
ഞങ്ങളൊക്കെ വലുതായി, പഠിത്തം തീര്‍ന്നു ജോലിയായി എന്നൊക്കെ അറിയുമ്പോള്‍ എന്താവും മിസോയ് സാന്‍ തോന്നുക. ജപ്പാനിലെ ചെറിമരങ്ങളുടെ ഉത്സവത്തെക്കുറിച്ചൊക്കെ മിസോയ് സാന്‍ വരുമ്പോള്‍ ചോദിക്കണം.
Read More: ഭൂമിയുടെ അലമാര: നോവൽ വായിക്കാം
മഴക്കാലത്ത് മാര്‍ക്കറ്റില്‍ ചെടികള്‍ വില്ക്കാന് വന്നയാളില്‍ നിന്ന് ചെറിമരം കിട്ടി. എന്നെങ്കിലും മിസോയ് സാന്‍ വരുമ്പോള്‍ അതു കണ്ട് അത്ഭുതപ്പെടട്ടെ എന്നു കരുതി. ദാ ആ കാണുന്ന ചെറിമരമുണ്ടല്ലോ അതാണത്. ഇപ്പോ ഇത്രയും വലുതായി നിറയെ പൂക്കളും കായ്കളുമായി.’
അമന് ചെറിപ്പഴങ്ങള്‍ കഴിക്കാനിഷ്ടമാണ്. അതിന്റെ കടും ചുവപ്പു ചാറെടുത്ത് കയ്യിലും ചുണ്ടിലുമൊക്കെ തേച്ചു പിടിപ്പിക്കുന്നതും കാണാം.
‘കുട്ടാപ്പൂ, ആ ചെറിമരത്തില് കിളികള്‍ കൂടും വച്ചിട്ടുണ്ട്… അതിന്റെ അമ്മ കൊക്കില്‍ ഭക്ഷണം കൊണ്ട് വര്ണത് ഞാനിന്നാള് കണ്ടു.’
ആ അതു തന്നെ.
പക്ഷേ ഇത് ജപ്പാനിലെ ചെറി ബ്ലോസമല്ല. അത് വേറെ തരമാണ്… എന്നാലും എനിക്ക് ഈ മരം അത്രയ്ക്ക് ഇഷ്ടമാണ്.
‘എന്നിട്ട് മിസോയ് സാന്‍ വന്നോ?’ അവന് കഥ കേള്‍ക്കാനുള്ള ധൃതിയാണ്.
അതു പറയാം. എപ്പോഴും ഞാനിങ്ങനെ മിസോയ് സാനെക്കുറിച്ച് ആലോചിക്കും. എവിടെയാവും ഇപ്പോള്‍? പ്രായമായിട്ടുണ്ടാവും. ഇപ്പോഴും ജോലി ചെയ്യുന്നുണ്ടാവുമോ? അങ്ങിനെ ഓരോന്നാലോചിക്കും.
Read More: മിസോയ് സാൻ: നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം
ഒരുദിവസം പഴയ അലമാരികളും പെട്ടികളും അരിച്ചു പെറുക്കി ഉയേബയുടെ അഡ്രസ് തിരഞ്ഞുകണ്ടു പിടിച്ചു. എന്നിട്ടൊരു കത്തെഴുതി. ഞങ്ങളുടെ പഴയ ഫോട്ടോയും വച്ചു. മിസോയ് സാന്റെ അഡ്രസ് മാറിയതിനാല്‍ കത്തയക്കാന്‍ കഴിയില്ലെന്നും അഡ്രസ് ഉണ്ടെങ്കില്‍ അയച്ചു തരണമെന്നും എഴുതി.
തുടരും...
- H&C ബുക്സ് പ്രസിദ്ധീകരിക്കുന്ന ഷീബ ഇകെയുടെ ‘മിസോയ് സാന്‍’ എന്ന കുട്ടികളുടെ നോവലില്‍ നിന്ന്