ജപ്പാനീസ് സാന്താക്ലോസ്

‘അവരൊക്കെ പോയപ്പോള്‍ കുട്ടാപ്പു, പിന്നെ എന്താ ചെയ്തത്?’

അതൊന്നും പറയണ്ട. പിറ്റേന്ന് രാവിലെ എഴുന്നേറ്റതു മുതല്‍ ആകെ സങ്കടം വന്നിരിപ്പായിരുന്നു. ഒന്നും ചെയ്യാന്‍ തോന്നിയില്ല. സ്‌കൂളൊക്കെ തുറക്കാറായിരിക്കുന്നു എന്ന് അപ്പോഴാണോര്‍ക്കുന്നത്…

ഇത്തവണ വീടു വെച്ചില്ല, പതിവു കളികളൊന്നും കളിച്ചില്ല, എവിടെയും പോയില്ല, സിനിമ കണ്ടില്ല… എന്നിട്ടും എന്തു നല്ലൊരു വേക്കേഷനായിരുന്നു ഇത്… ഇപ്പോള്‍ ഒക്കെ തീര്‍ന്നിരിക്കുന്നു.

എനിക്ക് കളിക്കാനോ ആരോടും മിണ്ടാനോ ഒന്നും തോന്നിയില്ല. വെറുതെ ദേഷ്യവും സങ്കടവുമൊക്കെ വരും. ചിലപ്പോള്‍, ആരും കാണാതെയിരുന്നു കരയും…

ഇനി മിസോയ് സാനെ കാണുമോ… എപ്പോഴും അതുതന്നെ ചിന്ത…

സോഷ്യല്‍ ക്ലാസ് വീണ്ടും ഓര്‍മ്മയിലെത്തി… ലോകത്ത് കുറേയെറെ ഭാഷകളുണ്ടെന്നും ഓരോ രാജ്യത്തിനും പ്രത്യേകം അതിര്‍ത്തികളുണ്ടെന്നും അവിടെക്കൊന്നും പോകാന്‍ എളുപ്പമല്ലെന്നുമൊക്കെ ടീച്ചര്‍ പറഞ്ഞു തന്നിട്ടുണ്ട്. അതൊക്കെ ഓര്‍ത്തപ്പോള്‍ ദേഷ്യം വന്നു. അതുകൊണ്ടാണല്ലോ മിസോയ് സാനെ എനിക്ക് പിരിഞ്ഞു നില്‍ക്കേണ്ടി വന്നത്…

Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം

ഇനിയിപ്പോള്‍ മിസോയ് സാന്‍ വരികയുമുണ്ടാവില്ല. പോവുമ്പോള്‍ എന്നെ സമാധാനിപ്പിക്കാനായി പറഞ്ഞതാവും…

മടുപ്പുള്ള ദിവസങ്ങള്‍ കടന്നുപോയി. മാനം ഇരുണ്ടുതുടങ്ങി.

മഴക്കാലത്തിന്റെ വരവാണ്. സ്‌കൂള്‍ തുറക്കുമ്പോള്‍ത്തന്നെയാണ് മഴയും വരുന്നത്. രണ്ടും തീരെ ഇഷ്ടമില്ലാത്ത കാര്യങ്ങളാണ്. ചെളിയിലും വെള്ളത്തിലും മുങ്ങിക്കൊണ്ടുള്ള പോക്ക് ആലോചിക്കുമ്പോഴേ കരച്ചില്‍ വരും…

Sheeba EK Novel, Misoi San, Malayalam Novel, Novel, Sheeba EK, Childrens's Literature, മിസോയ് സാൻ, ഷീബ ഇകെ, ബാല സാഹിത്യം, കുട്ടികളുടെ നോവൽ, നോവൽ, Online Literature, ഓൺലൈൻ സാഹിത്യം, IE Malayalam, ഐഇ മലയാളം

സ്‌കൂള്‍ തുറക്കുന്നതിനു തലേന്ന് ഒന്നും ചെയ്യാന്‍ താല്‍പര്യമില്ലാതെ മുന്‍വശത്തെ ചവിട്ടുപടിയില്‍ ചടഞ്ഞിരിക്കുകയായിരുന്നു. മഴക്കാറു നിറഞ്ഞ മാനത്തേക്കാള്‍ മുടിക്കെട്ടിയിരുന്നു മനസ്സ്. നാളെ സ്‌കൂള്‍ തുറക്കും. ഇനി എട്ടാം ക്ലാസിലേക്കാണ്. ഇതുവരെ അതിനെക്കുറിച്ചൊന്നും ഓര്‍ത്തതേയില്ലായിരുന്നു. ഒരു വര്‍ഷം കാത്തിരിക്കണം ഇനി അവധിക്കാലം വരാന്‍.

നാളെത്തൊട്ട് ചെളിയും മഴ വെള്ളവും കലങ്ങിയ റോഡിലൂടെ പുതിയ പുസ്തകങ്ങളും പുത്തനുടുപ്പുകളും മണക്കുന്ന ക്ലാസുകളിലേക്ക്. ക്ലാസ് മുറികളും ഹോം വര്‍ക്കും ഇമ്പോസിഷനും ചോദ്യം ചോദിക്കലും പരീക്ഷകളും പ്രോഗ്രസ് കാര്‍ഡും വഴക്കും.

Read More: ഭൂമിയുടെ അലമാര: നോവൽ വായിക്കാം

മഴയിങ്ങനെ നിര്‍ത്താതെ പെയ്യുമ്പോഴാണ് എല്ലാവര്‍ഷവും മലയാളം ക്ലാസിലെ കൃഷ്ണഗാഥ കാണാതെ പഠിക്കാറ്. നാളെമുതല്‍ ഇനിയതൊക്കെചെയ്യണമല്ലോ. മിസോയ് സാനും ജപ്പാനുമൊക്കെ വേറെയേതോ ലോകത്താണ്..

പുതുമഴയില്‍ മുറ്റത്തു തലനീട്ടിയ പുല്ലുകള്‍ക്കിടയിലൂടെ പെട്ടെന്ന് ഇക്ബാല്‍ ഓടിവരുന്നതു കണ്ടു. അവന്റെ മുഖത്ത് വലിയ സന്തോഷം… ‘നോക്ക് മിസോയ് സാന്‍ വന്നിട്ടുണ്ട്. നിങ്ങളെ വിളിക്കാന്‍ പറഞ്ഞു.’

ചാടിയെഴുന്നേറ്റ് ഒറ്റ ഓട്ടം. എല്ലാ സങ്കടങ്ങളും പെട്ടെന്നതാ ഇല്ലാതായിരിക്കുന്നു… ചെരുപ്പു പോലും ഇടാന്‍ നിന്നില്ല.

കടുത്ത പിങ്ക് നിറത്തില്‍ പൂക്കളുള്ള ഷര്‍ട്ടിട്ട് മിസോയ് സാന്‍ പുഞ്ചിരിയോടെ കാത്തുനില്‍ക്കുകയാണ്. ഓടിയടുത്തപ്പോള്‍, വാരിയെടുത്തു വട്ടം കറക്കി. പല നിറത്തിലുള്ള മുത്തുകള്‍ കോര്‍ത്ത മനോഹരമായ ഒരു മാല എടുത്ത് കഴുത്തിലിട്ടു തന്നു.

Sheeba EK Novel, Misoi San, Malayalam Novel, Novel, Sheeba EK, Childrens's Literature, മിസോയ് സാൻ, ഷീബ ഇകെ, ബാല സാഹിത്യം, കുട്ടികളുടെ നോവൽ, നോവൽ, Online Literature, ഓൺലൈൻ സാഹിത്യം, IE Malayalam, ഐഇ മലയാളം

‘ഇദ്ദേഹം വന്നപ്പോള്‍ മുതല്‍ പറയുന്നു ഈ കുട്ടികളുടെ അടുത്തു പോവണമെന്ന്…’ മിസോയ് സാന്റെ കൂടെ വന്നയാള്‍ അതൊക്കെക്കണ്ട് ചിരിച്ചു കൊണ്ടു പറഞ്ഞു.

എന്തുമാത്രം സമ്മാനങ്ങളാണെന്നോ കൊണ്ടു വന്നിരുന്നത്? സാന്താ ക്ലോസിനെപ്പോലെ വലിയ ഒരു ബാഗു നിറയെ ഭംഗിയുള്ള കളിപ്പാട്ടങ്ങള്‍… ഇതുവരെ കാണാത്ത തരത്തിലുള്ള കാറുകള്‍, തോക്ക്, ക്യൂബ്, ഭംഗിയേറിയ കരടിക്കുട്ടികള്‍, വാച്ച്, മിഠായികള്‍, പേപ്പര്‍ ക്ലിപ്പ്, പല വര്‍ണ്ണപ്പേപ്പറുകള്‍ അങ്ങിനെ ഒരുപാടൊരുപാട്…

വെറും ഒരാഴ്ചത്തേക്കാണ് വന്നതെന്നും ഹോട്ടലിലാണ് താമസമെന്നും മിസോയ് സാന്‍ പറഞ്ഞു. അവര്‍ക്കെന്തോ ജോലികള്‍ ബാക്കി തീര്‍ക്കാനായിരുന്നുവെന്നു തോന്നുന്നു.

Read More: മിസോയ് സാൻ: നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം

‘തിരിച്ചു പോകുന്നതിനു മുമ്പ് ഒരു ദിവസം കൂടി വരാം…’ യാത്ര പറയുമ്പോള്‍ മിസോയ് സാന്‍ പറഞ്ഞു.

പറഞ്ഞതു പോലെ ജപ്പാനിലേക്ക് തിരിച്ചു പോവും മുമ്പ് ഒരു തവണ കൂടി വന്നു. ഞങ്ങളുടെ ഫോട്ടോകളെല്ലാം ഭംഗിയായി അടുക്കിവെച്ച രണ്ട് ആല്‍ബങ്ങള്‍ തന്നു.

യാത്ര പറയാന്‍ നേരം മിസോയ് സാന്റെ മുഖം വാടി. എനിക്കാവട്ടെ സങ്കടം വരുന്നുണ്ടായിരുന്നു വല്ലാതെ.

കഴിഞ്ഞ തവണ പോകുമ്പോള്‍ തിരിച്ചു വരാമെന്നു പറഞ്ഞിരുന്നു. ഇത് അതുപോലെയല്ല. അവര്‍ക്കിനി ഇന്ത്യയില്‍ ആവശ്യങ്ങളില്ല. ഇനി കാണുമോ എന്ന് യാതൊരുറപ്പുമില്ല..

‘സീ യൂ, സീ യു…’ വെളുത്ത ഷര്‍ട്ടും വെളുത്ത ജീന്‍സും ധരിച്ച് പുഞ്ചിരിയോടെ കൈ വീശിക്കൊണ്ട് മിസോയ് സാന്‍ കണ്‍വെട്ടത്തു നിന്നു മറയുന്നതു വരെ ഞാന്‍ നോക്കി നിന്നു. കാഴ്ചയില്‍ നിന്നു മറഞ്ഞപ്പോള്‍ ആരും കാണാതെ കണ്ണു തുടച്ച് ഞാന്‍ തിരിച്ചു പോന്നു.

തുടരും...

  • H&C ബുക്സ് പ്രസിദ്ധീകരിക്കുന്ന ഷീബ ഇകെയുടെ ‘മിസോയ് സാന്‍’ എന്ന കുട്ടികളുടെ നോവലില്‍ നിന്ന്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook