ഇന്തോ ഗുഡ് ഗുഡ്
അങ്ങിനെ കുറേ ആഴ്ചകള്‍ കഴിഞ്ഞു പോയി. അന്നൊരു ദിവസം ഉച്ചയാകുന്നതിനു മുമ്പേ അവരുടെ വെളുത്ത അമ്പാസഡര്‍ കാര്‍ വീടിനു മുന്നിലൂടെ കടന്നുപോകുന്നതു കണ്ടു. ഈ സമയത്ത് അവര്‍ ഉച്ചഭക്ഷണത്തിനു വരുന്ന പതിവില്ലല്ലോ..
പിന്നാലെ ഓടിച്ചെല്ലുമ്പോള്‍ പരിഭ്രമിച്ച മുഖത്തോടെ വളരെ ധൃതിയില്‍ മിസോയ് സാന്‍ അകത്തേക്കു കയറുകയാണ്… വേവലാതിക്കിടയിലും കൈവിശിക്കാണിച്ച് പുഞ്ചിരിച്ചു.
‘അത്യാവശ്യമായി നാട്ടിലേക്കു പോകണം,’ അതും പറഞ്ഞ് പായ്ക്ക് ചെയ്യാനായി മുറിയിലേക്കു പോയപ്പോയപ്പോള്‍ എനിക്കൊന്നും മനസ്സിലായില്ല. മുറിയുടെ പുറത്ത് ജനാലയില്‍ തൂങ്ങിപ്പിടിച്ച് ഞാന്‍ അന്തം വിട്ടു നിന്നു.
Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം
‘അച്ഛന് എന്തെങ്കിലും അസുഖമാണോ,’ എന്നു ചോദിച്ചു.
‘അല്ല… പോവേണ്ട അത്യാവശ്യമുണ്ട്. ഞാന്‍ തിരിച്ചു വരും…’
വസ്ത്രങ്ങള്‍ എടുത്തുവെയക്കുമ്പോള് മുഖമുയര്‍ത്തി ഒന്നു നോക്കി. വല്ലാത്ത സങ്കടമുള്ളൊരു നോട്ടമായിരുന്നു അത്…
എനിക്കാണെങ്കില്‍ കരച്ചില് വന്ന് തൊണ്ടയിലിങ്ങിനെ തങ്ങി നില്‍ക്കുകയാണ്. ആകെ പേടിക്കുകയും ചെയ്തിരുന്നു ഞാന്‍…
എല്ലാം പായ്ക്ക് ചെയ്തു കഴിഞ്ഞ് ഒരു സിഗരറ്റ് ടിന്നില്‍ ഞാന്‍ കൊടുത്ത കുന്നിമണികള്‍ നിറച്ചു പെട്ടിയില്‍ എടുത്തു വെച്ചു.
‘കണ്ടോ… ഞാനിത് കൊണ്ടുപോവുകയാണ്.’
എന്റെ ഒരു ഭാഗം ആ പെട്ടിയുടെ കൂടെ മിസോയ്ക്കൊപ്പം പോവുകയാണെന്നാണ് അപ്പോള്‍ തോന്നിയത്… അതു കണ്ടപ്പോള്‍ സന്തോഷവും സങ്കടവുമെല്ലാം വന്നു.
സമാധാനിപ്പിക്കും പോലെ മിസോയ് സാന്‍ ജാപ്പനീസ് ഭാഷയില്‍ എന്തൊക്കെയോ പറഞ്ഞു. വിഷമിക്കേണ്ട എന്നും നിങ്ങളെയൊന്നും ഒരിക്കലും മറക്കില്ല എന്നുമൊക്കെയാവണം പറഞ്ഞതെന്ന് തോന്നി. വാക്കുകള്‍ കിട്ടാതെ ഞാനും തപ്പിത്തടഞ്ഞു… അപ്പോഴൊക്കെ എനിക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു.
Read More: ഭൂമിയുടെ അലമാര: നോവൽ വായിക്കാം
പെട്ടെന്നു ഫാമിലി ആല്‍ബമെടുത്ത് രണ്ടു ഫോട്ടോകള്‍ എനിക്കു തന്നു. ജപ്പാനിലെ ഒരു എയര്‍പോര്‍ട്ടില്‍ മിസോയ് സാന്‍ നില്‍ക്കുന്നതായിരുന്നു ഒന്ന്. മറ്റൊന്ന് ഒരു കാറ്റാടിമരത്തിന്റെ ചുവട്ടില്‍ സുഹൃത്തിനൊപ്പമുള്ളതും…
ഞങ്ങളുടെ ഫോട്ടോ കൊണ്ടുപോകുന്നുണ്ടെന്ന് ആംഗ്യം കാണിച്ചു. മറ്റുള്ളവര്‍ കുറച്ചു ദിവസം കൂടിയുണ്ടാവുമെന്നും തനിക്ക് അത്യാവശ്യമുള്ളതുകൊണ്ട് നേരത്തെ പോകേണ്ടിവന്നുവെന്നും പറഞ്ഞു കൊണ്ട് കൈ പിടിച്ചു കുലുക്കി.
‘ജപ്പാന് ഗുഡ് ഗുഡ്,’ യാത്ര പറയുമ്പോള്‍ ഞാന്‍ പെട്ടെന്നു പറഞ്ഞു. മിസോയ് സാന്‍ എന്നയൊന്നു നോക്കി. ‘ഇന്തോ ഗുഡ് ഗുഡ്,’ എന്നു പതിയെപ്പറഞ്ഞു കൈപിടിച്ചമര്‍ത്തി. കരച്ചില് വന്ന പോലെയുണ്ടായിരുന്നു ആ മുഖം.
സംഭവിച്ചതൊന്നും വിശ്വസിക്കാനാവുന്നില്ല… ഇത്ര പെട്ടെന്ന് മിസോയ് സാന്‍ പോവുകയോ… തീരെ പ്രതീക്ഷിച്ചിരുന്നില്ല. ഇന്നലെക്കൂടി എന്തൊക്കെ തമാശകള്‍ പറഞ്ഞിരുന്നതാണ്…
ആരുമില്ലാതെ ഒറ്റക്കായിപ്പോയതുപോലെ. പറഞ്ഞറിയിക്കാനാവാത്ത ഒരു സങ്കടം തൊണ്ടയില്‍ കുടുങ്ങിക്കിടന്നു.
Read More: മിസോയ് സാൻ: നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം
പോകാനുള്ള ടാക്സി വന്നു. ഒരിക്കല്‍ക്കൂടി യാത്ര പറഞ്ഞ് മിസോയ് സാന്‍ വേഗത്തില്‍ അതിനുള്ളിലേക്ക് കയറിപ്പോകുന്നത് സങ്കടത്തോടെ നോക്കിക്കൊണ്ട് ഞാന്‍ ആ പ്ലാവിന് ചുവട്ടിലങ്ങിനെ നിന്നു.
തുടരും...
- H&C ബുക്സ് പ്രസിദ്ധീകരിക്കുന്ന ഷീബ ഇകെയുടെ ‘മിസോയ് സാന്‍’ എന്ന കുട്ടികളുടെ നോവലില്‍ നിന്ന്