ഇന്ത്യൻ മിൽക്കും ചങ്ങാതിപ്രാവും

ചക്ക കാണുമ്പോള്‍ വലിയ കൗതുകമായിരുന്നു അവര്‍ക്ക്… അത്രയും വലുപ്പമുള്ള പഴം തലയില്‍ വീണോലോ എന്നു കുസൃതിയോടെ ആംഗ്യം കാണിക്കും. ചക്ക പഴുത്തപ്പോള്‍ ചുളയും കുരുവും വൃത്തിയാക്കി അവര്‍ക്കു കൊടുത്തു. അതവര്‍ക്കു നല്ലവണ്ണം ഇഷ്ടമായി.

സാധാരണ ചോപ്സ്റ്റിക് ഉപയോഗിച്ചാണ് അവര്‍ ഭക്ഷണം കഴിക്കുക. മരം കൊണ്ടുണ്ടാക്കിയ നേര്‍ത്ത രണ്ടു കമ്പുകളാണ്. അത് വിരലിനിടയില്‍ പിടിച്ച് അതു കൊണ്ടാണ് ഭക്ഷണം കഴിക്കുന്നത്. കുട്ടിക്കാലം മുതല്‍ അതിനവര്‍ക്ക് പരിശീലനം കൊടുക്കാറുണ്ടത്രേ… ചോറു പോലും ചോപ്പ്സ്റ്റിക് കൊണ്ട് വിദഗ്ദമായിക്കഴിക്കുന്നതു കാണുമ്പോള്‍ അത്ഭുതം തോന്നും.

മിസോയ് സാന്‍ എനിക്കും തന്നു ഒരു ജോടി ചോപ്സ്റ്റിക്. പക്ഷേ എത്ര നോക്കിയിട്ടും അതു കൊണ്ട് കഴിക്കാനേ കഴിഞ്ഞില്ല.

ഒരു ദിവസം മിസോയ് സാന്‍ ഞങ്ങളുടെ കൂടെ വീട്ടിലേക്കു വന്നു. അവിടെ എല്ലാവരെയും പരിചയപ്പെട്ടു… ഉമ്മ ഹോര്‍ലിക്‌സ് ഉണ്ടാക്കിക്കൊടുത്തത് വല്ലാതെ ഇഷ്ടമായി.

“ഇന്ത്യന്‍ മില്‍ക്ക്… നല്ല രുചി…”

തലകുലുക്കി സന്തോഷമറിയിച്ച് വീണ്ടും ഒരു ഗ്ലാസ് കൂടി വാങ്ങിക്കഴിച്ചു.
‘ഇഷ്ടപ്പെട്ടാല്‍ ഞങ്ങള്‍ ഇങ്ങിനെ വീണ്ടും ചോദിച്ചു വാങ്ങും… ഇനി ഇതിന്റെ ബോട്ടില്‍ കൂടി കാണിച്ചു തരണം…’ എന്നു പറഞ്ഞപ്പോള്‍ ഞാന്‍ ഓടിപ്പോയി ഹോര്‍ലിക്‌സിന്റെ ബോട്ടില്‍ എടുത്തു കൊണ്ടു വന്നു.

Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം

മിസോയ് സാന്‍ അതിന്റെ പേര് പോക്കറ്റിലെ കുറിപ്പു പുസ്‌കത്തില്‍ എഴുതി. ചിലപ്പോള്‍ വാങ്ങാനാവണം… അല്ലെങ്കിലും കുറേ മലയാളം വാക്കുകള്‍ അതില്‍ എഴുതി വച്ചിട്ടുണ്ട്. ചെമ്പരത്തി, ചക്ക, ഓന്ത് ഇങ്ങിനെയൊക്കെയുള്ള വാക്കുകള്‍.

ഓരോന്നും കാണുമ്പോള്‍ മലയാളത്തിലുള്ള പേര് ചോദിക്കും… ഫോട്ടോയെടുത്തു സൂക്ഷിക്കും…. അന്നൊക്കെ പൂരക്കാലത്ത് തുണികൊണ്ടുണ്ടാക്കിയ കാളയെയും തോളിലേറ്റിക്കൊണ്ട് കൊട്ടും പാട്ടുമായി ആളുകള്‍ വരാറുണ്ടായിരുന്നു. അതു കാണാന്‍ ഞങ്ങള്‍ ഓടിപ്പോകും… പൂരക്കാളയെപ്പറ്റി എത്ര പറഞ്ഞിട്ടും അതെന്താണെന്ന് അവര്‍ക്ക് മനസ്സിലായില്ല. എന്തായാലും പൂരക്കാളയുടെ ഫോട്ടോ അവര്‍ എടുത്തു..

Sheeba EK Novel, Misoi San, Malayalam Novel, Novel, Sheeba EK, Childrens's Literature, മിസോയ് സാൻ, ഷീബ ഇകെ, ബാല സാഹിത്യം, കുട്ടികളുടെ നോവൽ, നോവൽ, Online Literature, ഓൺലൈൻ സാഹിത്യം, IE Malayalam, ഐഇ മലയാളം

പിറ്റേന്നു വൈകുന്നേരം ആരുമില്ലാത്ത നേരത്ത് കുന്നിക്കുരുവുമായി മിസോയ്‌സാന്റെ അരികിലെത്തി. ഒരു വെള്ളക്കടലാസില്‍ പൊതിഞ്ഞ് അത് കയ്യില്‍ വച്ചു കൊടുത്തപ്പോള്‍ സ്‌നേഹത്തോടെ എന്റെ തലയില്‍ തലോടി…

‘പോകുമ്പോള്‍ ഞാനിത് ജപ്പാനിലേക്ക് കൊണ്ടുപോകും.’ വെറുതെ പറഞ്ഞതാവും എന്നേ കരുതിയുള്ളൂ.

‘ഇതെവിടുന്നു കിട്ടി?’ മലമുകളിലേക്ക് കൈ ചൂണ്ടിക്കാണിച്ചപ്പോള്‍ മലയുടെ പേര് ചോദിച്ചു.

‘കുളിര്‍മല…’

കുളിര്‍ എന്നാല്‍ തണുപ്പാണെന്നു കൂടി പറഞ്ഞപ്പോള്‍ മിസോയ് സാന്‍ പൊട്ടിച്ചിരിച്ചു

‘നോ നോ… ഇവിടെ തണുപ്പേയില്ല… ചൂട് മാത്രം…’

‘മല കയറാന്‍ ആഗ്രഹമുണ്ട്. പക്ഷേ എങ്ങിനെ സമയം കിട്ടാനാണ്…’ മലമുകളിലേക്കു നോക്കി മിസോയ് സാന്‍ പറഞ്ഞു.

എനിക്കും ആഗ്രഹമുണ്ടായിരുന്നു. ഞങ്ങളുടെ ആ വലിയ കളിസ്ഥലത്തേക്ക് മിസോയ്‌സാനെ കൊണ്ടുപോകാന്‍… മിസോയ് സാനും എന്‍റെ സ്വകാര്യമായ അഹങ്കാരമായി മാറിയിരുന്നു… സ്‌കൂളില്‍ ആര്‍ക്കും ഇല്ലല്ലോ ഇതുപോലൊരു കൂട്ട്… വലിയ ആളുകളെപ്പോലെ എന്നോടു സംസാരിക്കുകയും കൂടെക്കളിക്കുകയും സമ്മാനങ്ങള്‍ തരികയും ചെയ്യുന്ന സ്‌നേഹിതന്‍…

Read More: ഭൂമിയുടെ അലമാര: നോവൽ വായിക്കാം

സ്‌കൂളില്‍ മിക്കവാറും അനുഭവിച്ചിരുന്ന ഒറ്റപ്പെടലിന്റെ വിഷമമൊന്നും ഇപ്പോള്‍ ഏശാറില്ല. കാരണം എനിക്ക് മിസോയ് സാന്‍ ഉണ്ടല്ലോ.

അമന് അറിയ്വോ… അന്നൊക്കെ വീട്ടില്‍ ആരെങ്കിലും വഴക്കു പറഞ്ഞാലും അപ്പോള്‍ മിസോയ് സാനെ ഓര്‍മ്മ വരും. അപ്പോള്‍ വിഷമം താനെ പോവുകയും ചെയ്യും… അത്രയധികം എന്നെ ഇഷ്ടപ്പെടുന്ന വേറെയാരും ഇല്ലെന്നൊക്കെ തോന്നും.

Sheeba EK Novel, Misoi San, Malayalam Novel, Novel, Sheeba EK, Childrens's Literature, മിസോയ് സാൻ, ഷീബ ഇകെ, ബാല സാഹിത്യം, കുട്ടികളുടെ നോവൽ, നോവൽ, Online Literature, ഓൺലൈൻ സാഹിത്യം, IE Malayalam, ഐഇ മലയാളം

അന്ന് പ്ലാവിന്‍ ചുവട്ടില്‍ വേറെയാരും ഇല്ലായിരുന്നു. അധികം സംസാരിക്കാതെ ഞാനും മിസോയ് സാനും എന്തൊക്കെയോ ഓര്‍ത്തിരുന്നു.

സൂര്യന്‍ അസ്തമിക്കാറായിരുന്നു… അന്തിവെയിലില്‍ക്കുളിച്ച് മതിലില്‍ ഇരിക്കുന്ന ഞാനും സമീപത്തു നില്‍ക്കുന്ന മിസോയ്‌സാനും. എനിക്ക് വീട്ടിലേക്കു പോരാനേ തോന്നിയില്ല…

Read More: മിസോയ് സാൻ: നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം

ലുങ്കിയും തോര്‍ത്തും ധരിച്ച് തവിട്ടുനിറത്തൊലിയുമായി നില്‍ക്കുന്നത് ഭാഷയറിയാത്ത ജപ്പാന്‍കാരനല്ല കുറേക്കാലമായി പരിചയമുള്ള ഒരാളാണെന്ന് എനിക്കു തോന്നി.

എത്രയോ കാലമായി ഞങ്ങളിങ്ങനെ ഒരുമിച്ചായിരുന്നു. മിസോയ്‌സാനും അങ്ങിനെതോന്നിക്കാണണം. ദൂരെ ദൂരെ നിന്ന് എന്നെത്തേടി വന്ന പ്രിയപ്പെട്ട ആരോ ആയിരുന്നു അത്…”

തുടരും...

  • H&C ബുക്സ് പ്രസിദ്ധീകരിക്കുന്ന ഷീബ ഇകെയുടെ ‘മിസോയ് സാന്‍’ എന്ന കുട്ടികളുടെ നോവലില്‍ നിന്ന്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook