പൂത്തിരി, മത്താപ്പ്, കുന്നിമണി

“ഒരു ദിവസം അവരെല്ലാവരും കൂടി കടല്‍ത്തീരത്തേക്കു പോയി. വേറൊന്നും ചെയ്യാനില്ലാത്തതിനാല്‍ ഞങ്ങള്‍ കുളിര്‍മല കയറാനും…

ജപ്പാന്‍കാര്‍ വന്നതിനു ശേഷം പതിവു കളികളോടൊന്നും തീരെ താല്‍പര്യം തോന്നാതെയായിരുന്നു. വായന പോലും കുറഞ്ഞിരുന്നു. സദാ സമയവും അവരുടെ കൂടെക്കളിക്കണം എന്നൊരു വിചാരം മാത്രം.

മാങ്ങ പെറുക്കാന്‍ പോലും പോകാറില്ല… മേലേക്കുടിയില്‍ വേനല്‍ കാലത്ത് നിറയെ മാങ്ങകള്‍ പഴുത്തു വീഴുന്നുണ്ടാവും. പക്ഷേ അതിന്റെ ചുവട്ടില്‍പ്പോയിരിക്കാന്‍ നേരമില്ല. മിസോയ് സാന്‍ കാത്തിരിക്കുന്നുണ്ടാവുമല്ലോ. മാങ്ങ ഇനിയും പെറുക്കാം. മിസോയ് സാന്‍ കുറച്ചു ദിവസമല്ലേ ഉണ്ടാവുകയുള്ളൂ…

Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം

അന്ന് മലകയറുമ്പോള്‍ വലിയ ഒരു കുന്നിക്കുരുപ്പടര്‍പ്പ് കണ്ടു. പെറുക്കിയാല്‍ തീരാത്തത്ര കുന്നിമണികള്‍. ഇതുവരെ കണ്ടിട്ടില്ലായിരുന്നു ആ ചെടി.

മിസോയ് സാനും കണ്ടിട്ടുണ്ടാവില്ല കുന്നിക്കുരു. എന്തായാലും അതു കൊടുക്കണം.

ഞാനതെല്ലാം ഒരു കടലാസില്‍ പൊതിഞ്ഞു സൂക്ഷിച്ചു. ആരും കാണാതെ വേണം കൊടുക്കാന്‍. അല്ലെങ്കില്‍ ചിലപ്പോള്‍ കളിയാക്കും.

വിഷുക്കാലമായിരുന്നു അത്. അയല്‍വക്കത്തെ ഉണ്ണിനായരുടെയും ദേവു ഏട്ത്തിയുടെയും വീടുകളില്‍ നിന്നൊക്കെ പടക്കങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ തുടങ്ങി.

അത്തവണ ഞങ്ങള്‍ പടക്കം വാങ്ങിയിരുന്നില്ല. പടക്കം പൊട്ടിക്കാനൊക്കെ മറന്നുപോയതാണ്. മനസ്സ് വേറെയിടത്തായിരുന്നല്ലോ.

‘ഇവിടെ എന്തെങ്കിലും ആഘോഷം ഉണ്ടോ…’

രാത്രിയില്‍ അപ്പുറത്തെ വീട്ടില്‍ നിന്നുയരുന്ന പടക്കങ്ങളുടെ ശബ്ദം കേട്ട് മിസോയ് സാന്‍ ചോദിക്കാതിരുന്നില്ല. വിഷുവിനെക്കുറിച്ച് അറിയാവുന്ന പോലെയൊക്കെ പറഞ്ഞു കൊടുത്തു. കൊന്നപ്പൂവിന്റെയും വിഷുക്കണിയുടെയും ചിത്രം കാണിച്ചു കൊടുത്തു.

പിറേറന്ന് പകല്‍സമയത്തൊന്നും അവരെ കണ്ടതേയില്ല. കുറേ സമയം കാത്തിരുന്ന് ഞങ്ങള്‍ മടങ്ങിപ്പോന്നു.

രാത്രിയായപ്പോള്‍ ഇക്ബാല്‍ വീട്ടിലേക്കു വരുന്നതു കണ്ടു. ‘മിസോയ് സാന്‍ നിങ്ങളെക്കൂട്ടി ഇപ്പോത്തന്നെ വരാന്‍ പറഞ്ഞു.’ അതു കേട്ടതും ടോര്‍ച്ചെടുത്ത് ഓടി.

Sheeba EK Novel, Misoi San, Malayalam Novel, Novel, Sheeba EK, Childrens's Literature, മിസോയ് സാൻ, ഷീബ ഇകെ, ബാല സാഹിത്യം, കുട്ടികളുടെ നോവൽ, നോവൽ, Online Literature, ഓൺലൈൻ സാഹിത്യം, IE Malayalam, ഐഇ മലയാളം

അവിടെച്ചെന്നപ്പോഴല്ലേ രസം… നിറയെ പടക്കങ്ങള്‍ പൂത്തിരികള്‍,മത്താപ്പുകള്‍… ഒക്കെ നിരത്തി വച്ച് മിസോയ് സാനുണ്ട് ചിരിയോടെ നില്‍ക്കുന്നു.

ഒക്കെ നിങ്ങള്‍ക്കാണ്… എല്ലാം എടുത്തു കത്തിച്ചോളൂ… തീപ്പെട്ടി നീട്ടിക്കൊണ്ട് മിസോയ് സാന്‍ പറഞ്ഞു.

Read More: മിസോയ് സാൻ: നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം

ചെറിയ ഒരു പോളറോയ്ഡ് കാമറ എല്ലായ്‌പ്പോഴും മിസോയ് സാന്റെ കയ്യിലുണ്ടാവും. അതുകൊണ്ട് തുടര്‍ച്ചയായി ഫോട്ടോ എടുക്കും. എന്നിട്ട് അപ്പോള്‍ത്തന്നെ പ്രിന്റെടുത്തു തരും.

ഗുണ്ടും മത്താപ്പും പൂത്തിരിയും നിലച്ചക്രവുമൊക്കെ ആദ്യമായിട്ടു കാണുകയായിരുന്നു അവര്‍.

ഫോട്ടോകള്‍ തുടര്‍ച്ചയായി എടുത്ത് പുഞ്ചിരിയോടെ മിസോയ് സാന്‍ ഞങ്ങളുടെ ചുറ്റും നടന്നു.

 

തുടരും...

  • H&C ബുക്സ് പ്രസിദ്ധീകരിക്കുന്ന ഷീബ ഇകെയുടെ ‘മിസോയ് സാന്‍’ എന്ന കുട്ടികളുടെ നോവലില്‍ നിന്ന്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook