/indian-express-malayalam/media/media_files/uploads/2022/11/sheeba-ek.jpg)
കുരങ്ങത്തിയമ്മയുടെ മാറില്‍ അള്ളിപ്പിടിച്ച് മരങ്ങളില്‍ നിന്നും മരങ്ങളിലേക്ക് ചാടിച്ചാടിപ്പോകുമ്പോള്‍ കുഞ്ഞിക്ക് സന്തോഷം കൊണ്ടു വീര്‍പ്പുമുട്ടി.
ആഹാ എന്തു രസം!
വീടിനും കളിസ്ഥലത്തിനും മുകളിലൂടെ, കുഞ്ഞേട്ടന്‍ സ്‌കൂള്‍ ബസ് കയറുന്ന റോഡിനു മുകളിലൂടെ ഉയരത്തില്‍ പോകുമ്പോള്‍ പേടി തോന്നുന്നേയില്ല.
"കുഞ്ഞീ കുരങ്ങത്തിയമ്മയെ കെട്ടിപ്പിടിച്ചിരുന്നോണം."
ഇടക്ക് കുരങ്ങത്തിയമ്മ ഓര്‍മ്മിപ്പിച്ചു. പരുക്കന്‍ രോമങ്ങള്‍ നിറഞ്ഞ ശരീരത്തില്‍ കുഞ്ഞി അമര്‍ത്തിപ്പിടിച്ചു.
മരങ്ങള്‍ക്കെല്ലാം ഗ്രീന്‍, ഗ്രീന്‍ കളറാണ്.
ആകാശത്തിന് ബ്ലൂ ബ്ലൂ.
കാര്‍ട്ടൂണില്‍ കണ്ട്,കണ്ട് എല്ലാ കളറും കുഞ്ഞിക്ക് അറിയാം.
കുഞ്ഞുണ്ണി വളര്‍ത്തുന്ന ചെടിയിലെ പൂവിന് യെല്ലോ കളറാണെന്നും അമ്മമ്മയുടെ തോട്ടത്തിലെ തക്കാളി റെഡ് കളറാണെന്നും അവള്‍ക്കറിയാലോ.
"കുഞ്ഞിക്ക് പേടിയാവില്ലല്ലോ?"
കുളത്തിന്റെ മുകളില്‍ ചാഞ്ഞുകിടക്കുന്ന വലിയൊരു അത്തി മരത്തിന്റെ കൊമ്പിലേക്കു ചാടുമ്പോള്‍ കുരങ്ങത്തിയമ്മ ചോദിച്ചു.കുളത്തില്‍ കാണുന്ന നീണ്ട വാലുള്ള ജീവി നീര്‍ക്കോലിയാണത്രേ. അമ്മമ്മ പറയാറുണ്ട്.
ഇതിന്റെ മുകളിലാണോ കുരങ്ങത്തിയമ്മയുടെ വീട്. കുഞ്ഞി അത്ഭുതത്തോടെ നോക്കി.
കുരങ്ങത്തിയമ്മ കുറേക്കാലമായി കുഞ്ഞിയെ വീട്ടിലേക്കു വിളിക്കാന്‍ തുടങ്ങിയിട്ട്. എന്നും രാവിലെ അമ്മ കൊടുക്കുന്ന അപ്പത്തിന്റെ പകുതി കുഞ്ഞി കുരങ്ങത്തിയമ്മക്കു കൊടുക്കും. പിന്നെ അമ്മമ്മ കാണാതെ സ്റ്റോര്‍ മുറിയില്‍ വെച്ച പഴക്കുലയില്‍ നിന്നു പഴവും എടുത്തു കൊടുക്കും. കുരങ്ങത്തിയമ്മയുടെ കുട്ടിക്ക് കൊടുക്കാനാണ്.
/indian-express-malayalam/media/media_files/uploads/2022/11/sheeba-ek-1.jpg)
രാവിലെ അച്ഛന് ഓഫീസിലും കുഞ്ഞേട്ടന് സ്‌കൂളില്‍ പോകാനുമുള്ളതു കൊണ്ട് അമ്മയും അമ്മമ്മയുമൊക്കെ നല്ല തിരക്കിലാവും. കുഞ്ഞിക്ക് ഒരു പാത്രത്തില്‍ അപ്പം കൊടുത്ത് അടുക്കളയുടെ പിന്നിലെ മുറ്റത്ത് ചാരുകസേരയില്‍ ഇരുത്തിയിട്ടാണ് അമ്മ പോകുന്നത്. രാവിലെ അവളെ കളിപ്പിക്കാനോ പാപ്പ കൊടുക്കാനോ അമ്മയ്ക്ക് സമയമുണ്ടാവില്ല. കുഞ്ഞി പാപ്പ കുടിക്കണമെന്നു പറഞ്ഞ് കരഞ്ഞ് ബഹളമുണ്ടാക്കും.
അന്നേരം ആരും കാണാതെയാണ് കുരങ്ങത്തിയമ്മ വരുന്നത്. കാക്കകള്‍ക്ക് ഇഷ്ടമില്ല കുരങ്ങത്തിയെ. അവറ്റകള്‍ ഉറക്കെ ശബ്ദമുണ്ടാക്കി കുരങ്ങത്തിയമ്മയെ ഓടിക്കാന്‍ നോക്കുമ്പോള്‍ അമ്മ വന്ന് എത്തി നോക്കാറുണ്ട്. അപ്പോ കുരങ്ങത്തിയമ്മ കണ്ണില്‍പ്പെടാതെ ഒളിച്ചു നില്‍ക്കും. ചില നേരത്ത് കുഞ്ഞിക്ക് പാപ്പ കുടിച്ച് അമ്മയെ കെട്ടിപ്പിടിച്ചു കിടക്കണമെന്നു തോന്നും. അമ്മ ചീത്ത പറയും. കുഞ്ഞി ഉറക്കെക്കരയും. കരഞ്ഞു കരഞ്ഞ് കിടക്കയില്‍ മൂത്രമൊഴിച്ചു ദേഷ്യം കാണിക്കും. 'എന്റെ കുഞ്ഞീ നിന്നെക്കൊണ്ട് ഞാന്‍ തോറ്റു 'എന്നു പറഞ്ഞ് അമ്മ പിന്നെയും ദേഷ്യപ്പെടും.
മുറ്റത്തെ തെങ്ങിന്റെ മുകളിലിരുന്ന് കുരങ്ങത്തിയമ്മ കുഞ്ഞിയെ നോക്കും.
അങ്ങനെയാണ് കുന്നിന്റെ താഴ്വാരത്തെ കുളത്തിനരികില്‍ തനിക്കൊരു വീടുണ്ടെന്നും അതിലൊരു കുരങ്ങന്‍കുട്ടി അമ്മയെ കാത്ത് ഒറ്റക്കിരിക്കുന്നുണ്ടെന്നും കുരങ്ങത്തിയമ്മ കുഞ്ഞിയോടു പറഞ്ഞത്.
രാത്രി കുളത്തിന്റെ മീതെ പടര്‍ന്നു കിടക്കുന്ന അത്തിമരത്തിന്റെ മുകളില്‍ കുരങ്ങത്തിയമ്മയെ കെട്ടിപ്പിടിച്ചാണത്രേ കുരങ്ങന്‍കുട്ടി ഉറങ്ങുക.
നല്ലോണം ഒറങ്ങിയാല്‍ കുരങ്ങന്‍ കുട്ടി വെള്ളത്തില്‍ വീഴൂല്ലേ. കുഞ്ഞി അതൊക്കെ ആലോചിച്ചു.
കുഞ്ഞി കൊടുക്കുന്ന അപ്പവും പഴവുമൊക്കെ കുരങ്ങന്‍കുട്ടിക്ക് കൊടുക്കാനാണ് കൊണ്ടുപോവുന്നത്.
അങ്ങനെ കേട്ടുകേട്ട് അവള്‍ക്കും കുരങ്ങന്‍കുട്ടിയെ കാണണമെന്നു തോന്നി.
അത്തിമരത്തിന്റെ മുകളില്‍ വിസ്താരമുള്ള ഒരു മരപ്പൊത്തിലേക്കാണ് കുരങ്ങത്തിയമ്മ അവളെ കൊണ്ടുപോയത്. മരപ്പൊത്തില്‍ അവളെ എടുത്തുവെച്ചപ്പോള്‍ കുഞ്ഞി താഴേക്കു നോക്കി. താഴെ പച്ചനിറത്തില്‍ കുളം. മരപ്പൊത്തിന്റെ അകവശത്തത് അതാ കുരങ്ങന്‍കുട്ടി ചാരിയിരുന്നുറങ്ങുന്നു.
കുഞ്ഞിയെക്കാള്‍ കുറച്ചു ചെറുതാണ്. നീണ്ടുമിനുസമുള്ള രോമങ്ങള്‍. ബ്ലാക്ക് ബ്ലാക്ക് മുന്തിരി പോലെ കണ്ണുകള്‍. പക്ഷേ വിരല്‍ കണ്ടപ്പോള്‍ കുഞ്ഞിക്ക് ചിരി വന്നു. നഖം വളര്‍ന്ന് നീണ്ടുപോയിരിക്കുന്നു.കുഞ്ഞി സ്വന്തം വിരലുകള്‍ നോക്കി.കുഞ്ഞുണ്ണി എല്ലാ ആഴ്ചയും നഖം മുറിച്ചുതരും. അമ്മ മുറിച്ചുതന്നാല്‍ കുഞ്ഞിക്ക് പേടിയാണ്. കുഞ്ഞുണ്ണി മുറിച്ചുതരുമ്പോള്‍ വേദനിക്കുകയേ ഇല്ല. കുഞ്ഞിയുടെ നഖത്തില്‍ ചെളിയുമില്ല. കുരങ്ങന്‍കുട്ടിയുടെ നഖം ആരും മുറിച്ചുകൊടുക്കുന്നുണ്ടാവില്ല.
കുരങ്ങത്തിയമ്മ അത്തിപ്പഴങ്ങള്‍ പറിച്ച് കുഞ്ഞിക്ക് കൊടുത്തു. അത് എങ്ങനെ തിന്നണം എന്ന് കുഞ്ഞിക്കറിയില്ലായിരുന്നു. ആപ്പിളും ഓറഞ്ചുമൊക്കെ തൊലി കളഞ്ഞ് കുരുവെടുത്താണ് അമ്മ തരാറ്. ഇതുപോലൊരു പഴം കുഞ്ഞി ആദ്യം കാണുകയാണ്.
കുരങ്ങന്‍ കുട്ടി കുഞ്ഞിയെ അത്ഭുതത്തോടെ തൊട്ടുനോക്കി. പിന്നെ അമ്മയുടെ നെഞ്ചിലേക്കൊറ്റച്ചാട്ടം. കുരങ്ങത്തിയമ്മ അതിനെ കെട്ടിപ്പിടിച്ച് മുത്തം കൊടുക്കുന്നു. കുരങ്ങന്‍കുട്ടി അമ്മയ്ക്കും തെരുതെരെ മുത്തം കൊടുത്തു.
"കുഞ്ഞിക്ക് നാളെ പോയാല്‍പോരേ." കുരങ്ങത്തിയമ്മയുടെ ചോദ്യം.
"ഇവിടെ നമുക്ക് മൂന്നാള്‍ക്കും രാത്രി കഥയൊക്കെപ്പറഞ്ഞു കിടക്കാം.."
/indian-express-malayalam/media/media_files/uploads/2022/11/sheeba-ek-2.jpg)
കുരങ്ങന്‍ കുട്ടി കണ്ണടച്ച് അമ്മയുടെ നെഞ്ചത്തു കിടന്ന് പാപ്പ കുടിക്കുകയാണ്. കുഞ്ഞി അവിടെയുണ്ട് എന്ന വിചാരം പോലുമില്ല കുരങ്ങന്‍ കുട്ടിക്ക്.
രാത്രി ഇതുപോലെ അമ്മയുടെ പാപ്പ കുടിച്ചാലേ കുഞ്ഞിക്ക് ഉറക്കം വരൂ. അച്ഛന്റെ നെഞ്ചില്‍ക്കിടന്ന് കഥയും കേള്‍ക്കണം. ഇടക്ക് ഉറക്കം ഞെട്ടിയാല്‍ അച്ഛന്‍ കുഞ്ഞിയെചേര്‍ത്തു പിടിക്കും. അതൊക്കെയോര്‍ത്തപ്പോള്‍ കുഞ്ഞിക്ക് കരച്ചില്‍ വന്നു.
"എനിക്ക് വീട്ടിപ്പോണം…വീട്ടിപ്പോണം…"
കുരങ്ങത്തിയമ്മയുടെ കൈ പിടിച്ച് കുഞ്ഞി കരയാന്‍ തുടങ്ങി. ഉറക്കെ ഞെട്ടിയ കുരങ്ങന്‍ കുട്ടി കുഞ്ഞിയെ അന്ധാളിപ്പോടെ നോക്കി.
"കരയണ്ട കുഞ്ഞി.കരയണ്ടാട്ടോ." കുരങ്ങന്‍കുട്ടിയെ മരപ്പൊത്തിലേക്കിറക്കി വെച്ച് കുരങ്ങത്തിയമ്മ കുഞ്ഞിയെ നെഞ്ചിലേക്കു ചേര്‍ത്തു.
"കുഞ്ഞിയെ വീട്ടിലേക്ക് കൊണ്ടുപോയാക്കിത്തരാലോ."
കുരങ്ങത്തിയമ്മ അത്തിമരച്ചില്ലകള്‍ക്കു മുകളിലൂടെ കുഞ്ഞിയെ മാറോടു ചേര്‍ത്ത് താഴേക്കിറങ്ങി. കുഞ്ഞി കണ്ണുകള്‍ ഇറുക്കിപ്പിടിച്ച് കുരങ്ങത്തിയമ്മയുടെ നെഞ്ചില്‍ അള്ളിപ്പിടിച്ചു കിടന്നു. ഗ്രീന്‍ ഗ്രീന്‍ മരങ്ങളില്‍ നിന്നു മരങ്ങളിലേക്ക്.
അതാ കുഞ്ഞേട്ടന്‍ സ്‌കൂള്‍ ബസ് കയറുന്ന റോഡ്. കുഞ്ഞിയുടെ വീടിന്റെ മുറ്റം .അമ്മമ്മയുടെ റെഡ് റെഡ് തക്കാളിത്തോട്ടം. അമ്മ അടുക്കളയിലാണെന്നു തോന്നുന്നു.
കുഞ്ഞി, കുരങ്ങത്തിയമ്മയുടെ കൂടെ പോയത് ആരും കണ്ടിട്ടില്ല. കണ്ടാല്‍ എല്ലാവരും കൂടി പാവം കുരങ്ങത്തിയമ്മയെ തല്ലിയോടിക്കും. കുഞ്ഞിയെ മുറ്റത്തെ കസേരയിലിരുത്തി കുരങ്ങത്തിയമ്മ മാവിന്‍ മുകളിലേക്കൊരൊറ്റച്ചാട്ടം.
"കുഞ്ഞീ. ഞാന്‍ പോവട്ടെ. കുരങ്ങന്‍കുട്ടി തനിച്ചല്ലേ.."
"ഓക്കേ ഓക്കേ, കുരങ്ങത്തിയമ്മേ. നാളെയും വരണേ. കുരങ്ങന്‍കുട്ടിക്ക് നാളെ ഞാന്‍ ആപ്പിള്‍ തരാം."
കുഞ്ഞി കൈവീശിച്ചിരിച്ചു.
- കുട്ടിക്കഥക്കൂട്ടിൽ നാളെ കെ ടി ബാബുരാജ് എഴുതിയ കഥ വായിക്കാം
/indian-express-malayalam/media/media_files/uploads/2022/11/kt-baburaj-card.jpg)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us