കള്ളനെ പിടിക്കലും ബഹളവും കഴിഞ്ഞ് എപ്പോഴാണ് ഉറങ്ങിയതെന്ന് ആത്തിലയ്ക്ക് ഓർമയില്ല. ഡിങ്കനെ പോലെ നെഞ്ച് പൊങ്ങി നിൽക്കുന്നതായും അതിനുള്ളിൽ ആരോ ചെണ്ട കൊട്ടുന്നപോലെയും അവൾക്ക് തോന്നിയിരുന്നു. എന്നിട്ടും അവൾ നേരത്തേ ഉണർന്നു. കണ്ണും തിരുമ്പി അടുക്കളയിലേക്ക് നടന്നു. അവന്തണ* എത്തിയപ്പോഴേക്കും കുഞ്ഞീന്ത അവളെ കണ്ടു.
“ഇതാരായീ വരണത്! കള്ളനെ പിടിച്ച കുട്ടിയല്ലേ. അമ്പടീ മോളേ.” അവർ ആത്തിലയെ വാരിയെടുത്തു.
അപ്പോഴേക്കും പാത്തുന്തയും എത്തി, അവർ മുറ്റമടിക്കുകയായിരുന്നു.
പാത്തുന്തയും കുഞ്ഞീന്തയും അവിടെ ജോലിക്ക് വരുന്നതാണ്. പൂക്കളും ഇലകളും നിറഞ്ഞ, ഒരുപാട് നിറങ്ങളുള്ള മുണ്ടും വലിയ കുപ്പായവുമാണ് അവർ ഇടുന്നത്. തലയിൽ തട്ടം ഒരു പ്രത്യേക രീതിയിൽ കെട്ടിവച്ചിരിക്കുന്നു. എന്തു പണി ചെയ്താലും അഴിഞ്ഞു വീഴുകയില്ല.
പക്ഷേ അവർക്ക് വല്ലിമ്മയുടെ പോലെ വീതിയുള്ള വെള്ളി അരഞ്ഞാണമില്ല. അതുകാണാൻ എന്ത് രസമാണ്, വെള്ളി നിറത്തിൽ അങ്ങോട്ടും ഇങ്ങോട്ടും കുറെ നാരുകൾ പിണഞ്ഞു കിടക്കുന്നു. ഇടയ്ക്ക് ചുവപ്പും പച്ചയും നീലയും നിറത്തിൽ കല്ലുകളുമുണ്ട്.
വലുതാവുമ്പോൾ അങ്ങനെയൊരെണ്ണം വേണമെന്ന് ആത്തില തീരുമാനിച്ചിട്ടുണ്ട്. ഇപ്പോൾ അവൾ, അതെടുത്താൽ പൊന്തുകയില്ല.
പാത്തുന്തയുടെ അരയിൽ ഒരു കുഞ്ഞു സഞ്ചി തൂങ്ങി കിടപ്പുണ്ട്, നല്ല പിങ്ക് നിറത്തിൽ, ചിത്രപ്പണികളുള്ളത്. അതവൾക്ക് വേണമെന്നുണ്ട്. ഇപ്പോൾ ചോദിച്ചാൽ അവർ എന്തായാലും തരാതിരിക്കില്ല, കള്ളനെ പിടിച്ച് അവരെയൊക്കെ രക്ഷിച്ചതല്ലേ. പല്ല് തേക്കാതെ എങ്ങനെ മിണ്ടും എന്ന് ആലോചിക്കുമ്പോഴേക്കും ഉമ്മ വന്നു.
“ആത്തീ വാ, വന്ന് പല്ലുതേക്ക്”
ഉമ്മ അവളേയും കൂട്ടി കിണറിനടുത്തേക്ക് ചെന്നു. അടുക്കളപ്പുറത്തെ കുളിമുറിയോട് ചേർന്നാണ് കിണറ്. വെള്ളം കോരാനുള്ള കിളിവാതിലുമുണ്ട്. കിണറിന്റെ പടവിൽ കയറി ആ വാതിലിലൂടെ കുളിമുറിയിലേക്ക് കയറി അവളെ വിസ്മയിപ്പിക്കാറുണ്ട് മൂത്ത കുട്ടികൾ.
അവരിപ്പോൾ കിണറ്റിൽ വീണുപോവുമെന്ന് പേടിച്ച് വാ പൊളിച്ചു നിൽക്കാറാണ്. വലുതാവുമ്പോൾ ഇതുപോലെ ചെയ്യാനുള്ള കുറേ കാര്യങ്ങളുണ്ട് ആത്തിലയുടെ മനസ്സിൽ.

കള്ളന്മാർ ഇതിലെ അകത്തേക്ക് കയറാൻ നോക്കീട്ടുണ്ട്, ചവിട്ടിയ അടയാളം കണ്ടില്ലേ കുളിമുറി ചുമരിൽ, മുറ്റമടിക്കുന്നതിനിടെ പാത്തുന്ത ഉമ്മയ്ക്ക് കാണിച്ചു കൊടുത്തു. അപ്പോഴാണ് ആത്തില അത് ശ്രദ്ധിച്ചത്.
പല്ല് തേച്ച് അകത്തേക്ക് ചെന്നതും ഉമ്മ ഒരു ഗ്ലാസ് നിറയെ പാലും കൊണ്ടുവന്നു. അവൾക്ക് പാൽ ഇഷ്ടമില്ല. മുഖം ചുളിച്ച്, ഒന്ന് ചിണുങ്ങാൻ തുടങ്ങുമ്പോഴേക്കും അപ്പുട്ടി വന്നു.
“ആത്തിലകുട്ടി വാ, കള്ളന്മാർ ജനാലക്കമ്പി വളച്ചത് കാണണ്ടേ.”
അപ്പുട്ടി അവളെയും എടുത്ത് നടന്നു, ഒരു കൈയിൽ പാലും.
“വേഗം പാല് കുടിച്ചോ, എന്നാലല്ലേ വലുതാവുമ്പോ പൊലീസ് ആയി കൊറേ കള്ളന്മാരെ പിടിക്കാൻ പറ്റൂ.”
“പൊലീസ്!”
തലയിൽ തൊപ്പിയൊക്കെ വച്ച്, എന്താ ഒരു ഗമ! വല്ലിമ്മയുടെ ബെൽറ്റ് പോലെ അത്ര ഭംഗിയില്ലെങ്കിലും ഇതിനൊരു സ്റ്റൈലുണ്ട്. പക്ഷെ, മീശ? സിനിമയിൽ കാണുന്നപോലെ അവൾക്ക് മീശ പിരിക്കണമെന്നുണ്ട്.
സാരമില്ല, എന്തായാലും വലുതാവുമ്പോൾ പൊലീസ് ആവുക, അവൾ തീരുമാനിച്ചു. അപ്പുട്ടി അവളെ വീടിനുചുറ്റും നടന്നു കാണിച്ചു, അതിനിടയിൽ പാല് കുടിച്ച് തീർന്നത് അറിഞ്ഞില്ല.
അന്ന് ആത്തില കളിക്കാനൊന്നും കൂടിയില്ല. അവൾ വീടും പരിസരവും സൂക്ഷ്മമായി നിരീക്ഷിച്ചു. ഓരോ അടയാളങ്ങളും നോക്കി വച്ചു. പുറത്തെ കാർ ഷെഡിൽ നിന്ന് അവൾക്കൊരു ബീഡി കുറ്റി കിട്ടിയത് കൂട്ടുകാരെ കാണിച്ച് അമ്പരപ്പിച്ചു. ‘അത് അപ്പുട്ടി വലിച്ചതാവും’ എന്ന് മിട്ടു പറഞ്ഞത് അവൾക്കത്ര ഇഷ്ടപ്പെട്ടില്ല.
“പൊലീസ് നായ വന്ന് മണം പിടിച്ചാ അറിയാലോ” ആത്തി പറഞ്ഞു.
“കള്ളൻ ആദ്യം വന്ന് ഷെഡിൽ ഒളിച്ചിരുന്നു, എല്ലാരും ഉറങ്ങിന്നു ഉറപ്പായപ്പോ കുളിമുറിയിലെ കിളിവാതിൽ വഴി അകത്ത് കയറാൻ നോക്കി, അത് കുറ്റിയിട്ടിരുന്നത്കൊണ്ട് ഇപ്പുറത്ത് വന്ന് ഡൈനിങ്ങ് ഹാളിന്റെ ജനൽകമ്പി വളച്ച് അകത്ത് കയറി.
ഉപ്പാപ്പയുടെ മുറി പുറത്തു നിന്ന് കുറ്റിയിട്ടു, പുറത്തേക്കുള്ള വാതിൽ തുറന്നു വച്ചു, മുകളിലെ മുറിയിലെ പെട്ടി, ദാ മാവിൻ ചുവട്ടിൽ കൊണ്ടുവന്ന് തുറന്നിട്ടു.”
അടുക്കളയിൽ കേട്ടതും അപ്പുട്ടി പറഞ്ഞതും ചേർത്ത് എല്ലാം നേരിൽ കണ്ടപോലെ ഭാവിയിലെ പൊലീസിന്റെ ഗമയിൽ ആത്തില കുട്ടികളോട് പറഞ്ഞു. അവർ കളികൾ നിർത്തി അമ്പരപ്പോടും ആദരവോടും ആത്തിലയുടെ പിന്നാലെ നടന്നു.
അന്ന് ഭക്ഷണം കഴിക്കുമ്പോൾ എല്ലാവരും ആത്തിലയെക്കുറിച്ചാണ് പറഞ്ഞത്. ഒറോട്ടിക്ക് അവൾക്ക് പഞ്ചസാര കിട്ടുകയും ചെയ്തു. ഇവിടെ അരി അരച്ച് കട്ടിയിൽ ചുടുന്ന ഒറോട്ടിയാണ്, മുരിങ്ങചപ്പിന്റെ കറിയും. വള്ളുവമ്പ്രത്താണെങ്കിൽ നേരിയ അരിപ്പത്തിരി തേങ്ങാപ്പാലിൽ കുതിർത്ത് പഞ്ചസാര തൂവിയത് കിട്ടും. പാലിൽ കുതിർന്ന് അടരുകളായി വരുന്ന പത്തിരി തിന്നാൻ എളുപ്പമാണ്, ഇടയ്ക്ക് പഞ്ചസാരയുടെ കിരുകിരുപ്പും.
നാസ്ത കഴിഞ്ഞ് പുറത്തിരിക്കുമ്പോൾ പൊലീസ് ജീപ്പ് വന്നു. ബാക്കി എല്ലാവർക്കും പേടി തോന്നിയെങ്കിലും ആത്തില ധൈര്യത്തോടെ ഉപ്പാപ്പയുടെ കൂടെ നിന്നു. ഇവളല്ലേ കള്ളനെ പിടിച്ച മിടുക്കി എന്ന് പൊലീസ് മാമൻ തലയിൽ തൊട്ടപ്പോൾ അവൾ അഭിമാനത്തോടെ നിന്നു.
‘ശ്ശേ, രാവിലെ കുളിച്ച് ഈ പെറ്റിക്കോട്ട് മാറി നല്ല ഉടുപ്പിടായിരുന്നു, ഇനി എന്നും രാവിലെ തന്നെ റെഡയായി നിൽക്കണം, പൊലീസ് മാമനൊക്കെ വരാനുള്ളതാണ്’ അവൾ മനസ്സിൽ ഓർത്തു.
ഉച്ചയായപ്പോഴേക്കും കുറച്ചുപേർ കളികളിലേക്ക് തിരിച്ചുപോയി. വൈകുന്നേരം കള്ളന്റെ കഥ കേൾക്കാൻ ആരും ഇല്ലാതായി ആത്തിക്ക്. എന്നാലും അവൾ വീടിനു ചുറ്റും ഓരോ അടയാളങ്ങൾ തേടി നടന്നു.
പൊലീസിന്റെ ജോലി എളുപ്പമല്ല എന്നവൾക്ക് അറിയാമായിരുന്നു. ഒരു പട്ടിയെ വാങ്ങണം, എന്നാലേ മണത്ത് കണ്ടുപിടിക്കാൻ പറ്റൂ. ബുട്ടു പൂച്ചയെക്കൊണ്ട് മണം പിടിക്കാൻ അവൾ ശ്രമിച്ചെങ്കിലും അത് മുഖം ചുളിച്ച്, മ്യാവൂ എന്ന് കരഞ്ഞ് വാലും പൊക്കി ഓടിപ്പോയി. ആത്തിയും ശ്രമിക്കാതിരുന്നില്ല, പൂപ്പൽ പിടിച്ച ചുമർ മണത്ത് തുമ്മിയത് മിച്ചം.

രാത്രി എല്ലാവരും നേരത്തേ ഭക്ഷണം കഴിച്ച് വടക്കേ മുറിയിൽ കയറി വാതിലടച്ചു. സാധാരണ മുറിയുടെ വാതിലടക്കൽ പതിവില്ലാത്തതാണ്.
സന്ധ്യയോടെത്തന്നെ അപ്പുട്ടി വന്ന് പുറത്തേക്കുള്ള വാതിലുകളും, ജനാലകളും അടച്ചിരുന്നു. അന്ന് ഉമ്മാമയുടെ കഥ പറച്ചിലും ഉണ്ടായില്ല. നേരത്തേ കിടന്നിട്ട് ആത്തിക്ക് ഉറക്കം വന്നില്ല.
“ഹസ്ബി റബ്ബി ജല്ലള്ള
മാഫി ഖൽഫി ഖൈറുള്ള”
എളേമ്മ നൂനുവിനെ തൊട്ടിലാട്ടുമ്പോൾ മൂളുന്നത് മാത്രം കേൾക്കാം ഇരുട്ടിൽ ബാക്കി എല്ലാവരും ഉറക്കം പിടിച്ചു തോന്നുന്നു. ആത്തിക്ക് ഉറങ്ങാൻ പറ്റില്ലാലോ, അവൾ ഓരോ അനക്കവും ശ്രദ്ധിച്ച് കിടന്നു.
പുറത്താരോ നടക്കുന്നുണ്ടോ? ഇലകൾ അമരുന്ന ശബ്ദം. ആത്തിക്ക് നെഞ്ചിടിക്കാൻ തുടങ്ങി. ഉള്ള ധൈര്യം സംഭരിച്ച് അവൾ ഉമ്മയെ തോണ്ടി വിളിച്ചു, “ഉമ്മാ കള്ളൻ …”
ഉമ്മ ഒന്ന് ചെവി വട്ടം പിടിച്ചു. പിന്നെ അവളെ ചേർത്തുപിടിച്ചിട്ട് പറഞ്ഞു, “മോൾക്ക് തോന്നുന്നതാ, കള്ളന്മാർ എല്ലാ ദിവസവുമൊന്നും വരൂല. ഉറങ്ങിക്കോ.”
ആത്തി കണ്ണ് ഇറുക്കെ പൂട്ടി കിടന്നു. പൊലീസ് ആവണമെങ്കിൽ ധൈര്യം വേണം, ഇന്നലെ കള്ളനെ പിടിച്ചത് ഞാനാണ്, അവൾ മനസ്സിൽ പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ അവൾക്ക് മൂത്രമൊഴിക്കാൻ മുട്ടി.
“ഉമ്മാ…”
“ആത്തി നീ മിണ്ടാണ്ട് കിടന്നുറങ്ങുന്നുണ്ടോ” അവൾക്കൊരടിയും വച്ചുകൊടുത്ത് ഉമ്മ തിരിഞ്ഞു കിടന്നു.
കരച്ചിൽ വന്നത് ആരും കേൾക്കാതിരിക്കാൻ ആത്തി തലയിണയിൽ മുഖം പൂഴ്ത്തി കിടന്നു എപ്പോഴോ ഉറങ്ങിപ്പോയി.
പിറ്റേന്ന് അയൽപ്പക്കത്തുള്ളവർ വന്നപ്പോൾ ആത്തില പിന്നേയും താരമായി. അവരുടെ ചോദ്യങ്ങൾക്ക് അവൾ വിശദീകരിച്ച് ഉത്തരം പറഞ്ഞു, കള്ളന്റെ നീളവും വീതിയും കൂടി, അയാൾ ദേഹം മുഴുവൻ കരിയും എണ്ണയും തേച്ച ഭീമാകാരനായി. അന്നും കളിക്കാൻ കൂടാതെ അവൾ വീടിനു ചുറ്റും പരിശോധിച്ച് നടന്നു, കൂടെ കുട്ടിക്കൂട്ടവും.
ഉച്ചയ്ക്ക് ചോറ് തീറ്റി കഴിഞ്ഞ് ഉമ്മാമ ദുബായിൽ നിന്ന് അമ്മാവൻ കൊണ്ടുവന്ന വെണ്ണ ബിസ്ക്കറ്റ് കുട്ടികൾക്ക് കൊടുക്കുമ്പോൾ ആത്തിക്ക് ഒരെണ്ണം അധികം കൊടുത്തു.
“അതെന്താ ഓൾക്ക് മാത്രം രണ്ടെണ്ണം?” സാബി മുഖം കോട്ടി.
“ഓളല്ലേ കള്ളനെ കണ്ടേ, അല്ലേ പൂക്കൂ*? “അമ്പു ആത്തിലക്കൊപ്പം നിന്നു.

“ഇനി വെയില് താന്നിട്ട് മതി മുറ്റത്തുള്ള കളി” പൂക്കു ബിസ്ക്കറ് അലമാരയിൽ പൂട്ടിവച്ച് കിടക്കാൻ പോയി.
കുറച്ചുപേർ വീട് വച്ച് കളിക്കാൻ പോയി, മുതിർന്ന കുട്ടികൾ സിനിമയെ അനുകരിച്ച് നാടകം കളിക്കാനും. വീട് ഉച്ചമയക്കത്തിലേക്കും.
ഏറെനേരം കഴിഞ്ഞപ്പോൾ അവർക്ക് ഒരിടത്തിരുന്നുള്ള കളി മടുത്തു തുടങ്ങി. കുണ്ടുമുറിയിലെ പത്തായത്തിൽ മാങ്ങയോ സപ്പോട്ടയോ പഴുത്തിട്ടുണ്ടെന്ന് നോക്കാമെന്ന് ആരോ പറഞ്ഞതും എല്ലാവരും കൂടെ അങ്ങോട്ടേക്ക് പോയി
കുണ്ടുമുറിക്ക് ഒരു പഴുക്ക മണമാണ്, വൈക്കോലിന് മുകളിൽ നിരത്തി വച്ച മാങ്ങയും സപ്പോട്ടയും. കൂട്ടത്തിൽ നീളം കൂടിയ കുട്ടി പത്തായത്തിൽ കൈയിട്ട് ഓരോന്നും ഞെക്കിനോക്കി പഴുത്തത് പുറത്തെടുത്തു.
എനിക്ക്, എനിക്ക് എന്ന് ഓരോരുത്തരും ബഹളം വയ്ക്കുന്നതിനിടയ്ക്കാണ് മൂലയിൽ വച്ച കരിഞ്ചെമ്പ് സാബി ശ്രദ്ധിച്ചത്. കല്യാണമോ മറ്റ് വിശേഷങ്ങളോ ഉണ്ടാവുമ്പോൾ മുറ്റത്ത് അടുപ്പുകൂട്ടി ബിരിയാണി വയ്ക്കുന്ന വലിയ ചെമ്പ്.
അവൾ ആത്തിലയെ പൊക്കിയെടുത്തു, “ആത്തിലാ കി ജയ്, ആത്തിലാ കി ജയ്” എന്നുവിളിച്ച്.
കുട്ടികളും അതേറ്റു വിളിച്ചു
അടുത്ത നിമിഷം അവൾ ആത്തിലയെ കരിഞ്ചെമ്പിലേക്കിട്ടു! എല്ലാവരും ഒരുനിമിഷം അന്തിച്ചുപോയി, ആത്തിലയും
പിന്നെ അവൾ ചെമ്പിൽ നിന്ന് എണീറ്റ് നിന്നു. അവളുടെ വെളുത്ത പെറ്റിക്കോട്ടിലും ദേഹത്തും മുഴുവൻ കരി.
“ആത്തി കരിച്ചെമ്പിൽ വീണേ, ആത്തി കരിച്ചെമ്പിൽ വീണേ” കുട്ടികൾ ആർത്തുവിളിച്ചു. ആത്തില വലിയ വായിൽ കരയാനും.
അതോടെ കുട്ടികളെല്ലാവരും സ്ഥലം വിട്ടു. പോവുന്ന പോക്കിൽ ആരോ വാതിലടച്ച് ഓടാമ്പലിട്ടു.
വൈകുന്നേരം ഉമ്മ നോക്കുമ്പോൾ കുട്ടിക്കൂട്ടത്തിൽ ആത്തിയില്ല. അടി കിട്ടുമെന്ന് പേടിച്ച് അവരാരും ഒന്നും പറഞ്ഞില്ല. വീട് മുഴുവൻ പരിഭ്രാന്തരായി, ഓരോ മുറിയും പറമ്പും വിറകുപുരയും കാർ ഷെഡും എല്ലാം എല്ലാവരും അരിച്ചുപെറുക്കി. അപ്പുട്ടി കിണറ്റിൻ കരയിൽ ചെരിപ്പ് വല്ലതും ഉണ്ടോയെന്നു ബേജാറോടെ നോക്കാതിരുന്നില്ല.
“ബദിരീങ്ങളേ…ഈ കുട്ടി എവിടെപ്പോയി?”
എല്ലാവരും മണ്ടിപ്പാഞ്ഞ് നടക്കുമ്പോഴാണ് ഒരു മൂലക്കിരുന്നു കരയുന്ന ഡൂഡുവിനെ അമ്മാവൻ കണ്ടത്.
“എന്താടാ? നിനക്കറിയോ ആത്തി എവിടെയാണെന്ന്?”
ആത്തി മരിച്ചുപോയിക്കാണുമെന്ന് കരുതി കരഞ്ഞുകൊണ്ടിരുന്നു ഡൂഡു കുണ്ടുമുറിക്ക് നേരെ വിരൽ ചൂണ്ടി.
അമ്മാവൻ കതക് തുറക്കുമ്പോൾ കുണ്ടുമുറിയിലെ ഇരുട്ടിൽ പേടിച്ച് കരഞ്ഞു കരഞ്ഞു കരിഞ്ചെമ്പിൽ തളർന്നുറങ്ങുകയായിരുന്നു ആത്തില.
അന്ന് എല്ലാവർക്കും പള്ള നിറച്ച് ചീത്തയും അടിയും കിട്ടി. ആത്തിലക്ക് രണ്ടു കൈയിലും മിഠായിയും ബിസ്കറ്റും.
അവന്തണ – ഇടനാഴി
പൂക്കു – ഉമ്മാമ
- കുട്ടിക്കഥക്കൂട്ടിൽ നാളെ സോണിയാ ചെറിയാൻ എഴുതിയ കഥ വായിക്കാം
