scorecardresearch
Latest News

ആത്തില കള്ളനെ പിടിക്കുന്നു

“‘നമുക്ക് ഏറ്റവും പിരിശം ആരെയാണോ, അതുപോലെയാണ് പടച്ചോൻ. ആത്തിക്ക് ഉപ്പയെ ആണോ, ഉമ്മയെ ആണോ ഏറ്റവും ഇഷ്ടം?’, പൂക്കുവിന്റെ ആ ചോദ്യത്തിൽ ആത്തില കുഴങ്ങി.” ഷാഹിന കെ റഫീഖ് എഴുതിയ കഥ

shahina k rafiq, story , iemalayalam

ഒരിടത്തൊരിടത്തൊരിടത്ത്…

പൂക്കു കഥ പറയാൻ തുടങ്ങുകയാണ്. കണ്ണും മിഴിച്ച്, കാതും കൂർപ്പിച്ച് കുഞ്ഞു മുഖങ്ങൾ ചുറ്റിലും
“ഈ വെറ്റിലയൊന്ന് ഇടിച്ചേ,” നൂറു തേച്ച വെറ്റില നീട്ടി പൂക്കു പറയുന്നു, “ഒരു കഷ്ണം അടക്കയും ചേർക്കൂ”
മറ്റാരും കൈക്കലാക്കുന്നതിനു മുൻപ് കുഞ്ഞു ഉരലെടുത്ത് പൂക്കുവിന് വെറ്റില ഇടിച്ചു കൊടുക്കണം, ആത്തില ഉറപ്പിച്ചു.

ഈ ഉപ്പ എന്താണ് കാർ സ്റ്റാർട്ട് ആക്കാത്തത്‌, അവൾക്ക് ക്ഷമ നശിച്ചു. പിറന്നാളിന് വാങ്ങിയ മഞ്ഞ ഉടുപ്പുമിട്ട് നാട്ടിൽ പോവാൻ തുള്ളിക്കൊണ്ട് നിൽക്കുകയാണവൾ. സ്കൂൾ പൂട്ടാൻ വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു ഇത്രയും ദിവസം.

ഉമ്മയുടെ വീട് എന്തു രസമാണ്, ഓരോ മുറികൾക്കും ഓരോ പേരുകൾ! മില്ലാപ്പുറം, തണാൽ, തെക്കേമുറി, വടക്കേമുറി, കുണ്ടുമുറി, ചോളി, നീട്, അവന്തണ… ഇവയെക്കുറിച്ചൊക്കെ ആത്തില പിന്നീട് പറയും, അവൾക്ക് കുറേ കഥകൾ പറയാനുണ്ടല്ലോ.

തറവാട് വീട് നിറയെ ആൾക്കാരുണ്ടാവും, അവൾക്ക് കളിക്കാൻ കുറെ കൂട്ടുകാരും. കാര്യസ്ഥൻ അപ്പുട്ടി അവരെ കടൽ കാണിക്കാൻ കൊണ്ടുപോവും. വെള്ള പൂഴിമണൽ നിറഞ്ഞ വലിയ മുറ്റത്തു സാറ്റടിച്ചു കളിക്കുമ്പോൾ ഓടി ഓടി തളരാം.

എത്ര മാവുകളാണ് പറമ്പ് നിറയെ. നീലം, ഉണ്ടപ്പൻ, മൽഗോവ, നാരങ്ങ മാങ്ങ, കൊക്ക് മാങ്ങ, സേലം… ബാക്കി പേരുകൾ അവൾ മറന്നു പോയി. ഉപ്പാപ്പ എല്ലാം പഠിപ്പിച്ചു കൊടുത്തതാണ്. മതിലിനടുത്തുള്ള നാടൻ മാങ്ങ മാത്രം കുട്ടികൾ ഒറ്റക്ക് തിന്നരുത് എന്ന് പറഞ്ഞിട്ടുണ്ട്, അതിന്റെ അണ്ടി അവർ അറിയാതെ വിഴുങ്ങിപ്പോയാൽ വയറിൽ മാവിൻ തൈ മുളച്ചു വരും എന്നുപറഞ്ഞ്.

എന്തൊരു മണമാണ് നാടൻ മാങ്ങയ്ക്ക്! വയറിനുള്ളിൽ മാവ് കായ്ച്ചു നിൽക്കുന്നത് ആത്തില സങ്കൽപ്പി ക്കും, വയറിനു സൈഡിൽ ഒരു സിബ് വയ്‌ക്കേണ്ടി വരും, എന്നിട്ട് എല്ലാവർക്കും മാങ്ങ പറിച്ചു കൊടുക്കാം, ജിത്തുന് മാത്രം കൊടുക്കൂല, അവനെനിക്ക് മിഠായി തന്നിട്ടില്ല. “അവനു സങ്കടാവില്ലേ ആത്തി,” ഉള്ളിലെ ആത്തില അവളോട് ചോദിക്കും. എന്നാൽ കൊടുക്കാല്ലേ? ഏറ്റവും ചെറുത് ഒരെണ്ണം, അവൾ അവളോട് സമ്മതിക്കും.

അയ്യോ! പറയാൻ മറന്നു, ആത്തിലക്ക് നാട്ടിൽ ഏറ്റവും ഇഷ്ടം ഇതൊന്നുമല്ല, പൂക്കുവിനെയാണ്, പൂക്കുഞ്ഞിബീ എന്ന അവളുടെ ഉമ്മാമയെ. കാറിൽ പോവുമ്പോൾ ആത്തില ഇടക്കിടയ്ക്ക് എഴുന്നേറ്റ് നിന്ന് പുറത്തേക്ക് നോക്കി, മണ്ണിന്റെ നിറം മാറുന്നുണ്ടോയെന്ന്. എഴുന്നേറ്റു നിന്നാലേ അവൾക്ക് ശരിക്ക് കാണുകയുള്ളൂ.

മണ്ണിന്റെ നിറം ചുവപ്പും ബ്രൗണും മാറി വെള്ളയായി വരുമ്പോൾ അവൾ തുള്ളിച്ചാടാൻ തുടങ്ങും, എത്തിപ്പോയ്, എത്തിപ്പോയ് എന്നുപറഞ്ഞ്. മെയിൻ റോഡിൽ നിന്ന് തറവാട്ടിലേക്കുള്ള വഴി തിരിയുമ്പോൾ തന്നെ തിയേറ്റർ കാണാം, ഇത്തവണ അമ്മാവൻ അവരെ ഏത് സിനിമയ്ക്കാവും കൊണ്ടുപോവുക എന്നവൾ ഓർത്തു.

പോസ്റ്ററിൽ കാണുന്നവ കൂട്ടിവായിക്കാൻ നോക്കുമ്പോഴേക്കും കാർ തിയേറ്റർ കടന്നു പോയിക്കഴിഞ്ഞിരുന്നു. തിരിവും വളവും പിന്നിട്ട് തറവാട്ടിലെ വിശാലമായ മുറ്റത്ത് കാർ ചെന്ന് നിന്നു. അവർ വരുന്നത് പ്രതീക്ഷിച്ചെന്ന പോലെ അപ്പുട്ടി മുറ്റത്ത് തന്നെ കാത്തുനിൽപ്പുണ്ടായിരുന്നു. .

shahina k rafiq, story , iemalayalam

“ആത്തിലക്കുട്ടി വല്യ ആളായല്ലോ, നമ്മക്ക് കടൽ കാണാൻ പോണ്ടേ,” അപ്പുട്ടി അവളെ വാരിയെടുത്തു.

അപ്പോഴേക്കും ഉമ്മാമ്മ മില്ലാപ്പുറത്ത് എത്തി. ഉമ്മാമ എപ്പോഴും വെള്ള മുണ്ടാണ് ഉടുക്കുക, വെള്ള ഹക്കോബയുടെ കുപ്പായവും. അതിനുള്ളിൽ ചുവപ്പോ ഓറഞ്ചോ നിറത്തിൽ പെങ്കുപ്പായവും. കാതിലെ അലിക്കത്ത് വെളിച്ചത്തിൽ മിന്നും. അവളതിൽ തൊട്ടുനോക്കും, ഓരോന്നും ഓരോ തരത്തിലാണ് പണിതിരിക്കുന്നത്, കുഞ്ഞു കുഞ്ഞു അലുക്കുകൾ തൂങ്ങി കിടക്കുന്ന കമ്മലുകൾ കാണുമ്പോൾ അവൾക്ക് കൊതിവരും.

“നെനക്കും വേണ്ടേ ഇങ്ങനെ കാത് നിറച്ച്,” ഉമ്മാമ ചോദിക്കുമ്പോൾ അവൾ തലയാട്ടും.

“എണേ ഓൾടെ കാതുകുത്ത് നടത്തണ്ടേ,” ഉമ്മാമ ഉമ്മയോട് ചോദിച്ചു.

“ഇങ്ങൾക്കെന്താണ്? കഴിഞ്ഞ കൊല്ലത്തെ പുകില് ഓർമയില്ലേ?” പെട്ടിയും ബാഗും എടുത്തു വയ്ക്കാൻ അപ്പുട്ടിയോട് പറഞ്ഞു കൊണ്ട് ഉമ്മ അകത്തേക്ക് കയറിപ്പോയി.

“കാതുകുത്തിന് കരഞ്ഞു വിളിച്ച് നാട്ടുകാരെ കൂട്ടിയതാരാ? കട്ടിലിനടിയിൽ ഒളിച്ചിരുന്നതാരാ?” അപ്പുട്ടി കുലുങ്ങി ചിരിക്കാൻ തുടങ്ങി. ആത്തില ഉമ്മാമയുടെ പുറകിൽ ഒളിച്ചു നിന്ന് കോക്രി കാണിച്ചു.

കഴിഞ്ഞ അവധിക്കാലത്ത് ആത്തിലയുടെ കാതുകുത്ത് തീരുമാനിച്ചതാണ്, ജ്വല്ലറിയിൽ കൊണ്ടുപോയാൽ പെട്ടന്ന് കുത്താം എന്ന് ഉപ്പ പറഞ്ഞെങ്കിലും ഉമ്മാമ സമ്മതിച്ചില്ല, പഴയ പോലെ തട്ടാനെ വിളിച്ച് വീട്ടിൽ നിന്ന് കാതുകുത്ത് കല്യാണം നടത്താം, ആകെ ഒന്നല്ലേ ഉള്ളൂ നിങ്ങൾക്ക്, എല്ലാരേം വിളിക്കണം എന്നുപറഞ്ഞ്.

വലിയ ആവേശത്തിലായിരുന്നു ആത്തില, ഉമ്മാമയെപ്പോലെ കാതു നിറച്ചും കമ്മലിട്ട് സ്കൂളിൽ പോവുന്നത് അവളോർത്തു. ടീച്ചർ ചോദ്യം ചോദിക്കുമ്പോൾ എഴുന്നേറ്റു നിന്ന് ഉത്തരം പറയുന്ന അവളുടെ കാതിലെ മിന്നികൾ തിളങ്ങുന്നത് കണ്ട് എല്ലാവർക്കും അസൂയ പെരുക്കും, ഉറപ്പ്. ഈ ചിന്തയിലാണ് അവൾ ഉറങ്ങാൻ പോയത് തന്നെ.

നാട്ടിലെത്തിയാൽ തെക്കേമുറിയാണ് ആത്തിലക്ക് ഏറ്റവും ഇഷ്ടം, അതാണവരുടെ കഥാമുറി. രണ്ടുമാസത്തെ അവധിക്കാലം കഴിയുന്നവരെ കുട്ടികളെല്ലാം അവിടെയാണ് കിടക്കുക, നിലത്തു വിരിച്ച് എല്ലാവരും നിരന്നു കിടക്കും. ഉമ്മാമയുടെ മുറിയാണത്, കൊത്തുപണികളും മേക്കട്ടിയുമുള്ള രണ്ടു കട്ടിലുകൾ, ഒന്നിൽ ഉമ്മാമ കിടക്കും, മറ്റേതിൽ എളേമ്മമാരോ മൂത്തമ്മമാരോ ആരെങ്കിലും കാണും. അത്താഴം കഴിഞ്ഞു വന്നാൽ ഉമ്മാമ കുട്ടികൾക്കൊപ്പം താഴെയിരുന്നു കഥയുടെ ഭാണ്ഡം തുറക്കും, ഓരോ ദിവസവും ഓരോ കഥകൾ, മുൻപിലിരിക്കുന്ന കുട്ടിയുടെ മുടിയിലൂടെ വിരലോടിച്ച് പറഞ്ഞു തുടങ്ങും.

അന്ന് കഥകേട്ട് ഉറങ്ങാൻ കിടക്കുമ്പോൾ മൂത്തമ്മയുടെ മകൾ റബി ആത്തിലയോട് സ്വകാര്യം പറഞ്ഞു,

“തട്ടാൻ വന്നാ നിന്നെ ഒരു കസേരയിൽ പിടിച്ചിരുത്തും, എന്നിട്ട് അപ്പുട്ടിയോ മാമനോ ആരെങ്കിലും കൈകൾ പുറകിൽനിന്നു പിടിച്ചു വയ്ക്കും. തട്ടാൻ വല്യൊരു സൂചിയെടുത്ത് ഒറ്റക്കുത്താണ്, ചോര ചീറ്റി തെറിക്കും. എന്തൊരു വേദനയാണെന്നോ! അപ്പോത്തന്നെ മറ്റേ കാതും കുത്തും, എന്നിട്ടാണ് കമ്മൽ ഇടുക. ഞാൻ ഷഡീല് മൂത്രൊഴിച്ച് പോയി!”

shahina k rafiq, story , iemalayalam

പിറ്റേന്ന് ആത്തില എണീറ്റതും അവൾ ചെവി രണ്ടും പൊത്തിക്കൊണ്ട് വീടും വളപ്പും മുഴുവൻ കരഞ്ഞു വിളിച്ച് ഓടി, എന്റെ കാത് കുത്തണ്ടായേ, ഈ ചെക്കന്മാരൊന്നും കുത്തീട്ടില്ലലോ, ഞാനും കുത്തൂല എന്നുപറഞ്ഞ്. അവസാനം ഉപ്പ ഇടപെട്ടു, അവൾ വലുതായി സ്വയം തോന്നുമ്പോൾ കാത് കുത്തട്ടെയെന്ന് തീർപ്പ് പറഞ്ഞ്.

വന്നു കയറിയപ്പോൾ തന്നെ ചമ്മിയത് അവൾക്കത്ര ഇഷ്ടപ്പെട്ടില്ല, ഇനി ഇതും പറഞ്ഞ് കസിൻസ് ഒക്കെ കളിയാക്കാൻ തുടങ്ങും എന്നോർത്തപ്പോൾ അവൾക്കിത്തിരി സങ്കടവും വന്നു. ഉമ്മാമയുടെ അലിക്കത്ത് തൊട്ടു നോക്കണ്ടായിരുന്നു.

തൃശൂരുള്ള മൂത്തമ്മ കൂടി വൈകുന്നേരത്തെ തീവണ്ടിയിൽ എത്തിയപ്പോൾ വീട് കുട്ടികളുടെ ബഹളങ്ങളിൽ മുങ്ങി. രാത്രി അരിപ്പത്തിലും മുരിങ്ങയില കറിയും കഴിച്ച് പല്ലു തേച്ച് കുട്ടികളെല്ലാം ഉമ്മാമയുടെ ചുറ്റും കൂടി.

വിശപ്പ് സഹിക്കാൻ വയ്യാതെ അപ്പം കട്ടെടുത്ത കുട്ടിയുടെ കഥയാണ് ഉമ്മാമ അന്ന് പറഞ്ഞത്.

“കളവ് ചെയ്താ നരകത്തിൽ പോവൂലേ,” ഡൂഡുവിന് സംശയമായി.

“ഓൻ ചെറിയ കുട്ടിയല്ലേ? പിന്നെ വിശന്നിട്ടല്ലേ? അപ്പോ ശിക്ഷിക്കോ പൂക്കു,” ബംബി ചോദിച്ചു

ഉമ്മാമ ഉരലിൽ നിന്ന് അൽപ്പം വെറ്റിലയെടുത്ത് പതിയെ ചവച്ചു. ആകാംക്ഷയോടെ നോക്കിയിരിക്കുന്ന കുട്ടികളോടായി പറഞ്ഞു, “‘കളവ് തെറ്റാണ്, പക്ഷേ തെറ്റും ശരിയും നിശ്ചയിക്കുന്നത് ആരാ?”

“പൊലീസ്!”

“കോടതി!”

“ഉപ്പേം ഉമ്മേം…”

“ടീച്ചർ…”

“അല്ല, അല്ല, പടച്ചോൻ!”

അവർ തമ്മിൽ തർക്കമായി.

“എല്ലാവരുടേം ഉള്ള് കാണാൻ പറ്റുന്നവനാണ് പടച്ചോൻ. ആൾക്കാരുടെ ഖൽബിലേക്കാണ് മൂപ്പർ നോക്കുക. അവിടെ നന്മ ഇല്ലെങ്കിൽ സ്വർഗത്തിൽ പോവൂല, എത്ര വിശ്വാസി ആയിട്ടും കാര്യല്ല.

“അപ്പോ ആ കുട്ടി സ്വർഗത്തിൽ പോവും,”മിട്ടുവിന് ഉറപ്പായി.

“പൂക്കൂ, പടച്ചോൻ ആണാണോ, പെണ്ണാണോ,” ആത്തിലക്ക് സംശയമായി.

‘നമുക്ക് ഏറ്റവും പിരിശം ആരെയാണോ, അതുപോലെയാണ് പടച്ചോൻ. ആത്തിക്ക് ഉപ്പയെ ആണോ, ഉമ്മയെ ആണോ ഏറ്റവും ഇഷ്ടം,” പൂക്കുവിന്റെ ആ ചോദ്യത്തിൽ ആത്തില കുഴങ്ങി.

shahina k rafiq, story , iemalayalam

“എനിക്ക് ഏറ്റവും ഇഷ്ടം ബുട്ടു പൂച്ചയെയാണ്,” അമ്പു പറഞ്ഞപ്പോൾ എല്ലാരും ചിരിച്ചു.

“എന്നാ നിന്റെ പടച്ചോൻ പൂച്ചയെ പോലെ…”

ഏതു രൂപത്തിലും വരുന്ന പടച്ചോനെ കുട്ടികൾക്കെല്ലാം ഇഷ്ടമായി.

ദൂരെ ദൂരെ ഒരു ദേശത്ത്, വിശന്ന് തളർന്ന് നടക്കുന്ന കുട്ടിയെ സ്വപ്നം കണ്ടാണ് ആത്തില ഞെട്ടി ഉണർന്നത്. എല്ലാവരും നല്ല ഉറക്കത്തിലാണ്, ആരോ കൂർക്കം വലിക്കുന്ന ഒച്ച കേൾക്കാം. വലിയ അഴികളുള്ള ജനാലപ്പുറത്ത് അമ്പിളി അമ്മാവൻ കാലിന്മേൽ കാലും കയറ്റിവച്ചു കിടക്കുന്നു.

നിലാവിൽ ജനലിന്റെ നീല നിറം തിളങ്ങുന്നുണ്ട്. അതും നോക്കി കിടക്കുമ്പോൾ അവൾക്ക് ആ കുട്ടിയെ ഓർമ്മ വന്നു, അവന് ഇങ്ങോട്ടു വരാമായിരുന്നു, ഇവിടെ എന്തൊക്കെ കഴിക്കാനുണ്ട്. പിന്നെ പറമ്പ് നിറച്ചും മാങ്ങ, ഐനി ചക്ക, സപ്പോട്ട, അരിനെല്ലി, കശുമാങ്ങ, വിളുമ്പി…

ഓരോന്നായി ഓർത്തെടുക്കാൻ തുടങ്ങിയതും വയറ്റിൽ നിന്ന് ഗുളുഗുളു ശബ്ദത്തിൽ വിശപ്പ് വന്നു. ഉമ്മയെ വിളിച്ചാലോ? ആത്തില പതുക്കെ തലപൊക്കി നോക്കി, ഉമ്മ നല്ല ഉറക്കത്തിലാണ്. അവൾ വയറും പൊത്തിപ്പിടിച്ച് ചുരുണ്ടു കിടന്നു. അന്നേരമാണ് മുറിയിൽ അനക്കം കേട്ടത്. എളേമ്മമാർ ആരെങ്കിലും ആണെങ്കിൽ അവരോട് പറയാം എന്നോർത്തു കണ്ണു മിഴിച്ചു.

ആരോ നടന്നു വരുന്ന പോലെ. ആത്തില സൂക്ഷിച്ച് നോക്കി, ആദ്യം അവൾക്കൊന്നും മനസ്സിലായില്ല. ഇരുട്ടിന്റെ നിറത്തിൽ ഒരാൾ, നിലാവെളിച്ചത്തിൽ അയാളുടെ ദേഹം തിളങ്ങുന്നുണ്ടായിരുന്നു. കണ്ണിന്റെ വെള്ള മാത്രം കാണാം. അയാൾ മുറിയിലേക്ക് കയറി പകുതി ദൂരം നടന്ന് തിരിച്ചു പോയി വാതിൽ മറഞ്ഞു നിന്നു.

വീണ്ടും മുറിയിലേക്ക് വന്ന് ചുറ്റും നോക്കി തിരിച്ചു പോയി. ഇതെന്തു കളിയാണ്, ആത്തില വിചാരിച്ചു. അടുത്ത തവണ അയാൾ പതിയെ നടന്നുവന്ന് നൂനുവിനെ കിടത്തിയ തൊട്ടിലിനരികിൽ വന്നു കുനിഞ്ഞു നോക്കി.

അപ്പം മോഷ്ടിച്ച കുട്ടിയുടെ കഥ ഓർമ്മ വന്നതും ആത്തില പതുക്കെ എഴുന്നേറ്റ് മുട്ടുകുത്തി അടുത്തേക്ക് ചെന്ന് അയാളുടെ കാലിൽ പിടിച്ചിട്ട് സ്വകാര്യമായി പറഞ്ഞു, “അപ്പം വേണേൽ അടുക്കളേന്ന് എടുത്തോ, നൂനുനെ കൊണ്ടുപോവല്ലേ, പ്ളീസ്…”

“അയ്യോന്റമ്മേ…” കള്ളൻ ഉരുണ്ട് പിരണ്ട്‍ ഇറങ്ങിയോടി.

ബഹളം കേട്ട് എല്ലാവരും ഉണർന്ന് ലൈറ്റ് ഇടലും നിലവിളിയും ആയി. അയൽപക്കത്തേക്ക് വിളി പോയി, ആൾക്കൂട്ടമായി. നാട്ടുകാരെല്ലാം ചേർന്ന് വീടും പരിസരവും ടോർച്ചും ചൂട്ടും കത്തിച്ച് അരിച്ചു പെറുക്കി. വരാന്തയിൽ നിന്ന് പുറത്തേക്കുള്ള ജനലഴി കള്ളൻ വളച്ച് വച്ചിട്ടുണ്ടായിരുന്നു.

ഉപ്പാപ്പ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. കുട്ടികളെയൊന്നും മുറിയിൽ നിന്ന് പുറത്തിറങ്ങാൻ വിട്ടില്ല. അവരെല്ലാവരും പേടിച്ച് ഉമ്മാമയുടെ കൂടെ കട്ടിലിൽ ഒട്ടി ഒട്ടി ഇരുന്നു. കുറച്ച് കഴിഞ്ഞ് പൊലീസ് ജീപ്പ് വരുന്ന ശബ്ദം കേട്ടപ്പോൾ അവർക്ക് ആശ്വാസമായി.

shahina k rafiq, story , iemalayalam

Read More: ഷാഹിന കെ റഫീക്കിന്റെ മറ്റ് രചനകള്‍ ഇവിടെ വായിക്കാം

“പൊലീസ് വന്നല്ലോ, ഇനി കള്ളനെ പിടിക്കും,” മൂന്നുവിന് ഉറപ്പായി.

അമ്മാവന്റെ കൂടെ ഒരു പൊലീസ് മാമൻ അന്നേരം മുറിയിലേക്ക് വന്നു, അയാൾ അവിടെയെല്ലാം സൂക്ഷിച്ച് പരിശോധിച്ചു.

“ആരാ കള്ളനെ കണ്ട കുട്ടി,” അയാൾ ചോദിച്ചു

“മോളെന്താ കണ്ടേ? ആൾക്ക് നല്ല പൊക്കം ഉണ്ടോ, അതോ ഉയരം കുറഞ്ഞാണോ? പരിചയമുള്ള ആരുടെയെങ്കിലും മുഖം പോലെ തോന്നിയോ?”

“അയാൾക്ക് വിശന്നിട്ടാണ്,” ആത്തില പെട്ടന്ന് പറഞ്ഞു.

പൊലീസുകാരും അയൽപ്പക്കക്കാരും എല്ലാം പോയിക്കഴിഞ്ഞ് വാതിലും ജനലും കുറ്റിയിട്ടശേഷം എല്ലാവരും തെക്കേമുറിയിലേക്ക് വന്നു.

“എന്നാലും ആത്തില എണീറ്റത് കൊണ്ട് രക്ഷപ്പെട്ടു,” നൂനുവിനെ മടിയിൽ വച്ച് എളാമ്മ കരഞ്ഞു കൊണ്ട് ചിരിച്ചു. നൂനുവിന്റെ കഴുത്തിലും കാലിലും ഉള്ള പൊന്ന് കക്കാൻ നോക്കിയതാണ്, കുട്ടീനേം എടുത്തോണ്ട് പോവും, അമ്മാതിരി കാലമാണ്,” ഉമ്മ പറഞ്ഞു.

“പുറത്തെ കാർ ഷെഡിൽ ഒളിച്ചിരുന്നിട്ടുണ്ടാവും, അവിടെ ഒരു നിഴൽ കണ്ടപോലെ തോന്നിയിരുന്നു,” അമ്മാവൻ പറഞ്ഞു.

“എന്തായാലും കുട്ടി രക്ഷിച്ചു,” ഉമ്മാമ ആത്തിലയെ ചേർത്തുപിടിച്ച് നെറുകയിൽ ഉമ്മ വച്ചു.

ഉമ്മാമയുടെ നെഞ്ചിൽ ചേർന്നു കിടന്നുകൊണ്ട് ആത്തില അഭിമാനത്തോടെ എല്ലാവരേയും നോക്കി.

“അയ്യേ പൂക്കുവിന്റെ കുപ്പായത്തിൽ കരി,” നിയ വിളിച്ചു പറഞ്ഞു. നോക്കുമ്പോൾ ആത്തിലയുടെ രണ്ടു കൈയിലും കരിയുണ്ട്, കള്ളനെ പിടിച്ചതിന്റെ.

കൈ കഴുകിക്കാൻ കൊണ്ട് പോവുമ്പോൾ ഉമ്മ അവർക്ക് പറഞ്ഞു കൊടുത്തു, മേൽ മുഴുവൻ കരിയും എണ്ണയും തേച്ച് വരുന്ന കള്ളന്മാരെ കുറിച്ച്, “അപ്പോൾ ഇരുട്ടത്ത് അവരെ ആരും കാണൂല, പിടിച്ചാൽ വഴുതി പോവേം ചെയ്യും.”

ഉമ്മ പറയുന്നത് കേട്ട് കൂടെ വന്ന കുട്ടിക്കൂട്ടം ആർത്തു വിളിച്ചു, “ആത്തില കള്ളനെ പിടിച്ചേ! ആത്തില കള്ളനെ പിടിച്ചേ!

കുട്ടികളെല്ലാവരും കൂടെ അവളെ കെട്ടിപ്പിടിച്ചു.

Read More: ഒരു കഥ കൂടി വായിക്കാന്‍ തോന്നുന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Shahina k rafiq story for children athila kallane pidikkunnu