scorecardresearch

ആത്തില പാതാളത്തിൽ പോവുന്നു

ആത്തി അതിനെക്കുറിച്ച് ചിന്തിക്കുകയാണെന്ന് മനസ്സിലായപ്പോൾ കുഞ്ഞി പതുക്കെ വിഷയം മാറ്റാനായി പറഞ്ഞു, "നമുക്ക് ഭക്ഷണം കഴിച്ചാലോ? വിശക്കുന്നുണ്ട്." ഷാഹിന റഫീഖ് കുട്ടികൾക്ക് വേണ്ടി എഴുതിയ ആത്തിലയുടെ കഥ

ആത്തി അതിനെക്കുറിച്ച് ചിന്തിക്കുകയാണെന്ന് മനസ്സിലായപ്പോൾ കുഞ്ഞി പതുക്കെ വിഷയം മാറ്റാനായി പറഞ്ഞു, "നമുക്ക് ഭക്ഷണം കഴിച്ചാലോ? വിശക്കുന്നുണ്ട്." ഷാഹിന റഫീഖ് കുട്ടികൾക്ക് വേണ്ടി എഴുതിയ ആത്തിലയുടെ കഥ

author-image
Shahina K Rafiq
New Update
shahina k rafiq | story | iemalayalam

ചിത്രീകരണം : വിഷ്ണു റാം

"ഉമ്മാ, പാതാളത്തിലേക്കുള്ള വഴിയേതാണ്?" കണ്ണുംതിരുമ്മി വന്ന ആത്തില ചോദിച്ചു.

Advertisment

മാങ്ങ ഉണക്കി വയ്ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഉമ്മ. നല്ല വെയിൽ. പിന്നീട് അച്ചാർ ഇടുകയോ കറികളിൽ ഉപയോഗിക്കുകയോ ചെയ്യാം. ഉമ്മയ്ക്ക് ചെറുപ്പത്തിലേ ഇഷ്ടമാണ് ഉണക്ക മാങ്ങ, അതിന്റെ രുചിമണം ഓർത്തപ്പോൾ തന്നെ അവർക്ക് വായിൽ വെള്ളമൂറി. ആത്തിയുടെ പ്രായത്തിൽ താൻ ഉണക്കിയ മാങ്ങ വെറുതെ തിന്നുന്നതും അവരോർത്തു. അപ്പുട്ടിയോട് പാകത്തിനുള്ള മാങ്ങയെടുത്ത് കഴുകി തുടച്ചുവയ്ക്കാൻ നിർദ്ദേശം കൊടുത്ത്, ഇന്നലെ കഴുകി ഉണക്കി വച്ച പായ എടുക്കുമ്പോഴാണ് ആത്തി ചോദ്യവുമായി വരുന്നത്.

ഈ കുട്ടിയുടെ ഒരു കാര്യം! എന്തെങ്കിലും സ്വപ്നം കണ്ടുകൊണ്ടുള്ള വരവാകും. അവൾക്ക് തൃപ്തിയാവുന്ന ഉത്തരം കിട്ടുന്നവരെ പുറകിൽ നിന്നു പോവില്ല.

"മോള് പോയി പല്ലുതേച്ച് വാ, എന്നിട്ട് നമുക്ക് മാങ്ങ ഉണക്കാനിടാലോ," വിഷയം മാറ്റിക്കൊണ്ട് ഉമ്മ പറഞ്ഞു.

"വഴി പറ," കുട്ടി ഒരേ നിൽപ്പാണ്.

Advertisment

"നീ ഇപ്പോ തന്നെ വണ്ടിപിടിച്ച് പോവാൻ പോവുന്നുണ്ടോ?" ഉമ്മയ്ക്ക് കുറച്ച് ദേഷ്യമാണ് വന്നത്. "കുറേ ചോദ്യവും ഉത്തരവും! നിന്റുപ്പാനോട് ചോദിക്ക്, മൂപ്പരാണല്ലോ ഇതിനൊക്ക വളം വച്ചുതരുന്നത്."

"എന്താണ് രാവിലെത്തന്നെ ഉമ്മയും മോളും കൂടെ ഗുസ്തി?" ആ വഴി വന്ന കുഞ്ഞി എളേമ്മ ചോദിച്ചു.

"ഓൾക്ക് പാതാളത്തിലേക്കുള്ള വഴി അറിയണംത്രേ!"

"അതിനെന്താ നമുക്ക് കണ്ടു പിടിക്കാലോ," ആത്തിയെ ചേർത്തുപിടിച്ച് കുഞ്ഞി എളേമ്മ പറഞ്ഞു.

"കുഞ്ഞീ, വെറുതെ ഓരോന്ന് പറഞ്ഞു കൊടുക്കാൻ നിൽക്കണ്ടാട്ടൊ. വല്ലാത്ത കാലമാണ്. കുട്ടി നാളെപ്പിറ്റേന്ന് സ്കൂളിൽ പോയി വല്ലതും പറഞ്ഞാൽ പിന്നെ അതുമതി പുകിലാവാൻ," ഉമ്മ ഉപദേശിച്ചു.

"പിന്നേ! കഥകൾ കുട്ടികളുടെ അവകാശാണ്."

"ഇപ്പൊ കഥയേത് കാര്യമേത് എന്നറിയാത്ത അവസ്ഥയായി," ഉമ്മ പിന്നേം ഉപദേശിക്കാൻ തുനിഞ്ഞപ്പോൾ കുഞ്ഞി തടഞ്ഞു,

"രാവിലെത്തന്നെ നെഗറ്റീവ് അടിക്കാതെ, നമുക്ക് വഴിയുണ്ടാക്കാന്നെ. ആത്തി വാ, വന്നു പല്ലു തേച്ചിട്ട് നമുക്ക് പരിഹാരം ഉണ്ടാക്കാം."

കുഞ്ഞി ആത്തിയേയും കൂട്ടി മില്ലാപ്പുറത്തെ തിണ്ണയിൽ ഇരിക്കാൻ വരുമ്പോൾ ഉമ്മയും അപ്പുട്ടിയും കൂടി മാങ്ങ പൂളി പായയിൽ നിരത്തി വയ്ക്കുകയാണ്.

shahina k rafiq | story | iemalayalam

"എന്തിനാ ആത്തി പാതാളത്തിൽ പോണേ?" കുഞ്ഞി ചോദിച്ചു.

"മാവേലിയെ കാണാൻ."

"അതിനു ഓണം ആയിട്ടില്ലാലോ, അന്നേരമല്ലേ മാവേലി വരുന്നത്?"

"അത് ഒരു ദിവസത്തേക്കല്ലേ, ബാക്കി ദിവസങ്ങളൊക്കെ പാതാളത്തിൽ ഉണ്ടാവൂലേ? അപ്പൊ നമുക്ക് പോയി കണ്ടൂടെ?"

സംഗതി സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ പണിപാളും എന്നുതോന്നി കുഞ്ഞിക്ക്. എല്ലാവരും പറയുന്നപോലെ അത്ര നിഷ്കളങ്കർ ഒന്നുമല്ല ഇപ്പോഴത്തെ കുട്ടികൾ, എല്ലാത്തിനും നല്ല ബുദ്ധിയാണ്.

"ആത്തി ഇപ്പൊ എന്തിനാ മാവേലിയെ കാണാൻ പോവുന്നത്?"

"അവിടെ എങ്ങനെണ്ടാവും എന്നറിയാലോ. കുഞ്ഞിളേമ്മാ, മോശം ആൾക്കാർ ഭരിക്കുമ്പോഴല്ലേ രാജ്യം ചീത്തയാവുക? നല്ല ആൾക്കാർ എവിടെ പോയാലും നല്ല ആൾക്കാർ ആവില്ലേ? അപ്പോ മാവേലി പാതാളത്തിൽ പോയി അവിടെ നല്ല രാജ്യം ഉണ്ടാക്കിക്കാണും. നമുക്ക് പോയി രണ്ടു ദിവസം താമസിച്ചാലെന്താ?"

പെട്ടു എന്ന് തോന്നി കുഞ്ഞിക്ക്. ചില നേരങ്ങളിൽ വലിയ ആൾക്കാർ സംസാരിക്കുന്ന പോലെയാണ് ഈ കുട്ടികൾ കാര്യം പറയുക. ഇവളോടിപ്പോ എന്തു പറഞ്ഞ് മനസ്സിലാക്കും? വെറുതെയല്ല ഇത്താത്ത മാങ്ങ ചിക്കാൻ പോയി രക്ഷപ്പെട്ടത്.

"അതിപ്പോ ആത്തി, നമുക്ക് വേറെ ഒരു രാജ്യത്ത് പോവണമെങ്കിൽ വിസ വേണം, പാസ്പോർട്ട് വേണം, നമ്മുടെ പേപ്പേഴ്സ് അയച്ചുകൊടുത്തിട്ട് അവിടെനിന്ന് പെർമിഷൻ കിട്ടണം, അങ്ങനെ കുറേ കാര്യങ്ങൾ ഇല്ലേ?"

ആത്തി അതിനെക്കുറിച്ച് ചിന്തിക്കുകയാണെന്ന് മനസ്സിലായപ്പോൾ കുഞ്ഞി പതുക്കെ വിഷയം മാറ്റാനായി പറഞ്ഞു, "നമുക്ക് ഭക്ഷണം കഴിച്ചാലോ? വിശക്കുന്നുണ്ട്."

"മാവേലി ഓവർ ആയിട്ട് ഫുഡ് കഴിക്കുന്ന ആളാണോ?"

ഇവളുടെ സംശയം തീരൂലേ പടച്ചോനേ, കുഞ്ഞി മനസ്സിലോർത്തു

"മാവേലിക്ക് വലിയ കുമ്പയില്ലേ?"

"അത് കുട്ടികൾക്ക് ഇഷ്ടവാൻ വേണ്ടി ആരോ അങ്ങനെ വരച്ചുണ്ടാക്കിയതല്ലേ. സാന്റ ക്ലോസും തടിയനും കുടവയറനും അല്ലേ? അതൊരു കൗതുകത്തിനു വേണ്ടിയാ."

"തടിയന്മാരെ ആൾക്കാർക്ക് ഇഷ്ടാവോ? എന്നിട്ട് ഞങ്ങളുടെ ക്ലാസ്സിലെ റിങ്കിയെ 'തടിച്ചി,' 'ഗുണ്ടുമണി എന്ന് വിളിച്ച് എല്ലാരും കളിയാക്കുകയാണല്ലോ ചെയ്യുന്നത്," ആത്തിക്ക് സംശയം കൂടി

"മോൾക്ക് റിങ്കിയെ ഇഷ്ടല്ലേ?"

"എനിക്കിഷ്ടാ. അവള് നല്ല കൂട്ടാ"

"മാവേലിയേം സാന്റയേം ഇഷ്ടല്ലേ?”

"ഒരുപാടൊരുപാട്," ആത്തിക്ക് സംശയമേയില്ല.

"ഇങ്ങനെ ബോഡി ഷെയിം ചെയ്യുന്നതുകൊണ്ടാ മാവേലി പാതാളത്തിലേക്ക് ആർക്കും വിസ കൊടുക്കാത്തത്. അവിടെ നല്ല ആൾക്കാരല്ലേ ഉള്ളൂ, അവരും ഇതൊക്കെ കേട്ട് ചീത്ത സ്വഭാവം പഠിക്കൂലേ? എനിക്ക് തോന്നുന്നത് റിങ്കിയെ എല്ലാരും കളിയാക്കുന്നത് നിർത്തുമ്പോഴേ നമുക്ക് പാതാളത്തിൽ പോവാൻ പറ്റൂന്നാ..." കുഞ്ഞി പറഞ്ഞത് കേട്ട് ആത്തിലയുടെ മുഖം വാടി.

shahina k rafiq | story | iemalayalam

‘"നമുക്കൊരു കാര്യം ചെയ്താലോ? ഓണത്തിന് ഇനീം കുറേ ദിവസമില്ലേ, നമുക്കിന്ന് പായസം വച്ചാലോ?"

കുഞ്ഞി എളേമ്മ പായസം എന്നുപറഞ്ഞതും ആത്തിയുടെ കണ്ണുകൾ വിടർന്നു

"ഇന്ന് നിങ്ങളുടെ കുട്ടിപ്പുരയിൽ വയ്ക്കാം നമുക്ക് പായസം."

വിറകുപുരയുടെ പുറകിൽ കുട്ടികൾ വീട് കെട്ടി കളിക്കുന്ന ഇടമുണ്ട്. മൂന്ന് കല്ലുകൾ വച്ച് അടുപ്പുണ്ടാക്കി, ചിരട്ടയിൽ ചോറും കറിയും വച്ച് കളിക്കാറുണ്ട്.

"ശരിക്കും തീ കത്തിക്കാനോ?" അവൾക്ക് അത്ഭുതം തീരുന്നില്ല

"എളേമ്മ കൂടാം, കുട്ടികൾ സാധനങ്ങൾ എടുത്ത് തന്നാൽ മതി, തീ തൊടരുത്. സമ്മതിച്ചോ?"

"ആ"

"എന്നാ ഓടിപ്പോയി കൂട്ടുകാരെയൊക്കെ വിളിക്ക്. നമുക്ക് അടുക്കളയിൽ പോയി സാധനങ്ങളൊക്കെയുണ്ടോ നോക്കാം." കുഞ്ഞി പറഞ്ഞത് കേട്ടതും ആത്തി അകത്തേക്കോടി.

"നമ്മൾ പായസം വയ്ക്കുന്നേ, നമ്മൾ പായസം വയ്ക്കുന്നേ" എന്നവൾ വിളിച്ചു കൂവുന്നത് കേട്ട് കുഞ്ഞി സമാധാനത്തോടെ ശ്വാസം വിട്ടു.

അടുക്കളയിൽ പൊടിപൂരമായിരുന്നു പിന്നെ. ശർക്കര എടുത്തപ്പോൾ ചിലർക്കൊക്കെ അതൊന്നു നുണയാൻ വേണം, കുഞ്ഞീന്ത തേങ്ങ ചിരവുമ്പോൾ അതു നുള്ളി തിന്നാൻ വേറൊരു കൂട്ടം, ആകെമൊത്തം ബഹളമയം!

"ആരാ ഈ കൊരങ്ങന്മാരെ അടുക്കളയിൽ കയറ്റിയത് രാവിലെത്തന്നെ? ഇവിടൊന്നും വച്ചുണ്ടാക്കണ്ടേ? ഇങ്ങനെ തേങ്ങ നുള്ളിത്തിന്നാൻ നിന്നാല് ഞാൻ ചിരവുന്നത് നിർത്തി എണീറ്റ് പോവും, നിങ്ങള് പച്ചവെള്ളത്തിൽ ഉണ്ടാക്കിക്കോ പായസം."

കുഞ്ഞീന്തയും പാത്തുന്തയും പരാതി പറയുന്നത് ആരു കേൾക്കാൻ!

അവർ കുഞ്ഞി എളേമ്മയുടെ പുറകെ നടന്നു, അടുപ്പ് കൂട്ടാൻ വല്യ കല്ലെടുത്തു കൊടുക്കാനും, വിറക് കൊണ്ടുക്കൊടുക്കാനും തീപ്പെട്ടിയും കൊണ്ട് ഓടിവരാനും മത്സരിച്ച്. പായസചെമ്പ് അടുപ്പിൽ കയറിയതും അവർ ചുറ്റും വട്ടം കൂടിയിരുന്നു.

"എപ്പഴാ പായസം ആവുക?"

"വെന്തോ?"

"ഇനി എത്ര സമയം എടുക്കും?"

"എനിക്ക് ആദ്യം വേണം."

"അയ്യടാ എനിക്കാ ഫസ്റ്റ്."

"തേങ്ങാപ്പാൽ എന്താ ഒഴിക്കാത്തെ?"

"ഇതെന്താ സ്വിച്ചിട്ടാൽ പായസം ഉണ്ടാവോ? എല്ലാരും തീയുടെ അടുത്ത് നിന്ന് മാറിയിരുന്നേ. മിണ്ടാതിരിക്കുന്ന ആൾക്ക് ഫസ്റ്റ് പായസം തരും." കുഞ്ഞി എളേമ്മ പറഞ്ഞു.

വായിൽ വെള്ളമൂറി കുട്ടികൾ ക്ഷമയോടെ കാത്തിരുന്നു.

പായസം വെന്തു റെഡിയായി വരുമ്പോൾ അതിൽ വറുത്തു ചേർക്കാൻ അണ്ടിപ്പരിപ്പും കിസ്മിസുമായി ഉമ്മാമയും കൂടി വന്നപ്പോൾ അവരുടെ ആവേശം ഇരട്ടിച്ചു

"ഹായ്! പായസത്തിന്റെ മണം!" നിയ പറഞ്ഞു

‘അയ്യേ നിയ മിണ്ടി, നിനക്ക് ഫസ്റ്റ് പായസം കിട്ടൂല," അമ്പു കളിയാക്കി.

"ഇപ്പോ നീയും മിണ്ടീലെ, നിനക്കുമില്ല," മിട്ടു പറഞ്ഞു

"മതി, മതി, തർക്കം വേണ്ട. എല്ലാരും വരിയായിട്ട് ഇരുന്നേ. ചൂടോടെ കുടിച്ച് വായ പൊള്ളിക്കരുത്," കുഞ്ഞി നിർദ്ദേശം കൊടുത്തു.

"എന്താ ടേസ്റ്റ്!"

"നല്ല മധുരം."

"എനിക്ക് ഇനീം വേണം."

കുട്ടികൾക്ക് കൊതി തീരുന്നില്ലായിരുന്നു.

"അതേയ്, വേഗം വിസ തന്നാൽ ഇതുപോലത്തെ പായസം കുഞ്ഞിളേമ്മയോട് പറഞ്ഞു ഉണ്ടാക്കിക്കൊണ്ടുവരാം," പായസം ഊതിയൂതി കുടിക്കുമ്പോൾ ആത്തി മനസ്സിൽ മാവേലിയോട് പറഞ്ഞു.

Malayalam Writer Children

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: