scorecardresearch
Latest News

മാജിക് ഫോക്സ്

“സ്കൂൾ തുറക്കാൻ പോയ വാച്ച്മാന്റെ കയ്യീന്ന് താക്കോലുകളൊക്കെ പലവഴിക്ക് ഇറങ്ങിയോടി. സ്കൂൾ ബസ്സോ, ഡ്രൈവർ മാമനില്ലാതെ ഡാൻസ് ചെയ്ത്ഡാ ൻസ് ചെയ്ത് എങ്ങോട്ടോ പോയി.” ഷാഹിന ഇ കെ എഴുതിയ കഥ

വെയിൽ ജനൽ ചില്ല് കടന്ന് കാലിൽ തൊട്ടപ്പോളാണ് ടിങ്കു എണീറ്റത്. അതിനും മുൻപ് ‘കുട്ടാ പൊന്നേ, എണീയ്ക്കെടാ…’ എന്നൊക്കെ അമ്മ സോഫ്റ്റ് സോഫ്റ്റായും ‘മര്യാദയ്ക്ക് എണീറ്റില്ലെങ്കിൽ നിന്നെ ഞാനുണ്ടല്ലോ’യെന്ന്…’ ഹാർഡ് ഹാർഡായും വിളിച്ചുകൂവുന്നത് കേട്ട് കേൾക്കാത്ത പോലെ കിടപ്പായിരുന്നു.

ഇനിയും ആ വിദ്യ നടപ്പില്ലെന്നും അടിപൊട്ടിയാൽ നല്ല പൊട്ടലാകുമെന്നും ഉറപ്പായപ്പോൾ രാത്രി ഉറങ്ങും വരെ വായിച്ചോണ്ടിരുന്ന പുസ്തകത്തിലെ മാജിക് ഫോക്സിനോടാണ് ടിങ്കു സങ്കടം പറഞ്ഞത്. അല്ലാതാരോട് പറയാനാ?

അച്ഛനും അമ്മയ്ക്കും എപ്പോളും ഓട്ടല്ലേ? ഓട്ടത്തോടോട്ടം!

അല്ലെങ്കിലും അവരോട് പറഞ്ഞിട്ടെന്ത് കാര്യം. പഠിത്തം, ഹോംവർക്ക്, സ്കൂൾ, പരീക്ഷ ഇതല്ലാതെ അവർക്ക് രണ്ടാൾക്കും ടിങ്കൂനോട് വല്ലതും പറയാനുണ്ടോ.

”എനിക്ക് തിങ്കളാഴ്ച ഇഷ്ടല്ലാ… ചൊവ്വാഴ്ച സ്കൂളിപ്പൊയ്ക്കോളാം” ന്ന് ഞായറാഴ്ച്ച ഒറങ്ങാൻ പോകുമ്പോളേ കരയാൻ തുടങ്ങിയതാ ടിങ്കു.

അങ്ങനെ കരഞ്ഞോണ്ടിരുന്നാൽ ചിലപ്പോ ”ന്നാ തിങ്കളാഴ്ച പോണ്ടാ” എന്നച്ഛനും അമ്മേം പറഞ്ഞാലോ?

അങ്ങനെയെങ്ങാൻ പറഞ്ഞു കിട്ടിയാലുണ്ടല്ലോ ഹൂയ്. മാജിക് ഫോക്സിന്റെ പുസ്തകം മുഴുവനും വായിക്കാം ടീ വീ ല് ജോർജിനേം ഡോറയേം ഷിമിറിനേം ഷൈനിനേം ഒക്കെ കണ്ട് അങ്ങനെ അങ്ങനെ ഇരിക്കാം. സൈക്കിളുമെടുത്ത് വട്ടം ചുറ്റാം, മുറ്റത്ത് ചുമ്മാ കറങ്ങി നടക്കാം.

”അത് പറ്റില്ലാലോ കുട്ടാ,” വലിയൊരു ചോക്ലേറ്റ് ടിങ്കുവിന്റെ കൈയിൽ കൊടുത്തുകൊണ്ട് അമ്മ അപ്പോൾ പറഞ്ഞു ”എല്ലാ ദിവസോം സ്കൂളിപ്പോണോല്ലോ.”

shahina e k , story, iemalayalam

കരച്ചിലിനിടയിൽ ടിങ്കു അതു വാങ്ങി ഒറ്റ ഏറെറിഞ്ഞു .അമ്മയുടെ മുഖം ദേഷ്യം വന്നു ചോന്നു.

അച്ഛന്റെ കയ്യീന്ന് അപ്പൊ കിട്ടി രണ്ടടി.

“പോയി റെഡിയാവാൻ നോക്ക്.”

ഒറ്റ അലർച്ചയിൽ ടിങ്കു എണീറ്റ് അപ്പുറത്തേക്കോടി.

എല്ലാ പ്ലാനും പൊളിഞ്ഞ് അങ്ങനെ ഇരിക്കുമ്പോളാണ് ടിങ്കു ആ പുസ്തകം തുറന്നത്. തലേന്ന് വായിച്ചു വെച്ച മാജിക് ഫോക്സിന്റെ ചിത്രപുസ്തകം. അതിലേയ്ക്ക് അങ്ങനെ നോക്കി നോക്കി കണ്ണ് നിറച്ചിരിക്കേ, പെട്ടെന്ന് കഥക്കള്ളിയിൽ നിന്നും ഒരനക്കം. ചിത്ര പുസ്തകത്തിലെ
പൊന്തക്കാട്ടിൽ നിന്നും മാജിക്ക് ഫോക്സ് ടിങ്കുവിന് നേരെ തലനീട്ടി.

”എന്താനാണീ കരച്ചിൽ,” അതൊട്ടും മയമില്ലാതെ മുരണ്ടു.

”എനിക്ക് ഇന്ന്സ്കൂളിപ്പോണ്ട. ഇന്ന് മാത്രംപോണ്ടാ. പിന്നെ ടിങ്കു പൊയ്ക്കോളാം. ടിങ്കുവിന് മാജിക് ഫോക്സിന്റെ പുസ്തകം വായിച്ചു തീർക്കണം… കുറേക്കൂടി കളിക്കണം. ഹോം വർക്ക് ചെയ്യാൻ മറന്നു പോയി. ഹെൽപ്പ് ചെയ്യോ, പ്ലീസ്?”

മാജിക് ഫോക്സ് മുഖം കൂർപ്പിച്ച് കുറച്ചു നേരം ടിങ്കുവിനെ സൂക്ഷിച്ചു നോക്കി നിന്നു.

ടിങ്കുവിന് പേടിയായി.

“ഊം,” മാജിക് ഫോക്സ് അപ്പോൾ നീട്ടി മൂളി.

”ഇനി മടി പിടിക്കാതെ പഠിക്കുവോ,” അത് ചോദിച്ചു.

”പഠിക്കും” അവൻ പാവത്താനായിപ്പറഞ്ഞു.

”കളിക്കാൻ നേരം നിറയെ കളിക്കണം. പഠിക്കാൻ നേരം മടിപിടിക്കാതെ പഠിക്കണം. എന്താ?” മാജിക് ഫോക്സ് മന്ത്രവടി നീട്ടി.

”ഉം… ഉം ” ടിങ്കു വേഗം സമ്മതിച്ചു.

shahina e k , story, iemalayalam

ടിങ്കൂനു ചുറ്റും മാജിക് ഫോക്സ് മന്ത്രവടിയാൽ ഒരു വട്ടം വരച്ചു. പെട്ടെന്നതാ സൂര്യൻ വലിയൊരു കോട്ടുവായിട്ട് ഉറങ്ങാൻ തുടങ്ങി അച്ഛനും അമ്മയും കൂർക്കം വലിച്ചുറങ്ങിപ്പോയി.

ടിങ്കൂനെ ഉണർത്താൻ അമ്മ വയ്ക്കുന്ന ചെവിപൊട്ടിയ്ക്കുന്ന ‘ർണീം ർണീം’ ഒച്ചയുള്ള അലാറം വായ് പൊത്തിപ്പിടിച്ചു മിണ്ടാതെ നിന്നു.

പിന്നെ ഉണർന്നപ്പോളോ?

സ്കൂൾ തുറക്കാൻ പോയ വാച്ച്മാന്റെ കയ്യീന്ന് താക്കോലുകളൊക്കെ പലവഴിക്ക് ഇറങ്ങിയോടി. സ്കൂൾ ബസ്സോ, ഡ്രൈവർ മാമനില്ലാതെ ഡാൻസ് ചെയ്ത് ഡാൻസ് ചെയ്ത് എങ്ങോട്ടോ പോയി. മീനു മിസ്സ് ഒരു പഴത്തൊലിയിൽ ചവിട്ടി ‘പ്ലക്കെ’ന്ന് ഉരുണ്ടു വീണു. റൂബി മിസ്സിന്റെ വടിയും ചോക്കും പുസ്തകങ്ങളും നാനാവഴി പാഞ്ഞു. അനിതാ മിസ് സ്കൂളിലേക്കുള്ള വഴിയേ മറന്ന് എവിടെയൊക്കെയോ ചുറ്റി നടന്നു. സ്കൂളിലേക്ക് പുറപ്പെടാനുള്ള കുട്ടികളുടെ ബാഗുകളും ലഞ്ച് ബോക്സുകളും യൂണിഫോമുകളും എല്ലാം എവിടൊക്കെയോ പിടികൊടുക്കാതൊളിച്ചു നിന്നു.

”ടുഡേ, ഹോളിഡേ,” സ്കൂളിൽ നിന്നും അമ്മയുടെ ഫോണിലേക്ക് മെസ്സേജ് പാഞ്ഞു.

”ടുഡേ, ഹോളിഡേ,” മാജിക് ഫോക്സ് ടിങ്കുവിന്റെ ചെവിയിൽ പതുക്കെ പറഞ്ഞു.

”പക്ഷേ മറക്കേണ്ടാ പഠിക്കാൻ നേരം പഠിത്തം കളിക്കാൻ നേരം കളി.”

“താങ്ക്സ്, താങ്ക്സ്, താങ്ക്സ്,” മാജിക് ഫോക്സിനോട് ഉറക്കെ വിളിച്ചു പറഞ്ഞ് ടിങ്കു തുള്ളിച്ചാടാൻ തുടങ്ങി.

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Shahina ek stories for children magic fox