നോവൽ രണ്ടാം ഭാഗം
മുത്തശ്ശി വീട്
സമ്മർ വെക്കേഷൻ വരുന്നതും കാത്തിരിക്കുകയാവും ഉണ്ണി . അപ്പോളാണ് മുത്തശ്ശീടെ വീട്ടിൽ പോവുക. മുത്തശ്ശീടെ വീടാണ് ഉണ്ണിക്ക് ഈ പ്ലാനറ്റിൽ തന്നെ ഏറ്റവും ഇഷ്ടോള്ള സ്ഥലം. അത് വലിയ ഒരു സ്ഥലാ. പച്ച .പച്ച .പച്ച. തൊടീല് നിറയെ പലതരം പച്ചകളാ. നെറയെ വലിയ മരങ്ങൾ. മുത്തശ്ശീടെ വീട്ടില് ഒന്നാം തൊടിയുണ്ട്, രണ്ടാം തൊടിയുണ്ട് മൂന്നാം തൊടിയുണ്ട്, നാലാം തൊടിയും .നാലാം തൊടിയിറങ്ങിയാൽ റോഡിലേയ്ക്ക് കയറാം .അവിടെയാണ് പാച്ചുമ്മാന്റെ ഇത്തിരിക്കുഞ്ഞൻ കട. പാച്ചുമ്മാന്റെ കടയിൽ ഉണ്ണി ഒറ്റയ്ക്ക് പോവും. ഡൽഹിയിൽ ഒരു കടയിലും ഉണ്ണി ഒറ്റക്ക് പോയിട്ടില്ല. ഉണ്ണിക്ക് പേടിയാണ്. അച്ഛനുമമ്മയും വിടുകയും ഇല്ല. മുത്തശ്ശിടെ വീട്ടിലൊരു കുളമുണ്ട്. ശരിക്കും സ്‌ക്വയർ. പച്ച നിറം. അതിൽ നിറയെ മീനുകളുണ്ട്. തീറ്റയിടുമ്പോൾ കൊതിയൻമീനുകൾ മുകളിലേക്കൊരു ചാട്ടംചാടും. വീടിനും കുളത്തിനുമൊക്കെ കാവൽക്കാരനായി ഹണ്ടറുണ്ടായിരുന്നു മുമ്പ്. ഭൂമി കുലുക്കുമായിരുന്നു അവന്റെ കുര. പാവം, കഴിഞ്ഞ വെക്കേഷനാ മരിച്ചു പോയത്. അന്ന്, എത്രമാത്രാണ് ഉണ്ണി കരഞ്ഞത്! ഉണ്ണീടെ കൂടെ മുത്തശ്ശിയും.
അവിടെ ഉണ്ണിക്കിഷ്ടം വരാന്തയിലിരിക്കാനാണ്. വരാന്തയ്ക്ക് മരം കൊണ്ടുള്ള അഴികളുണ്ട് അതിൽക്കൂടി കാറ്റ് വരും. എമ്മാതിരി കാറ്റാണെന്നോ മുത്തശ്ശിവീട്ടിൽ! മഞ്ഞച്ചെമ്പകം വിരിഞ്ഞാലാണ്. എന്തൊരു മണമാണ്. ഇലഞ്ഞിയും അങ്ങനെ തന്നെ.
മുത്തശ്ശിയെ ഓർക്കുമ്പോൾ തന്നെ ഒരുപാട് കൊതി മണങ്ങൾ വരും ഉണ്ണീടെ നാവില്. അത് ഇലയടയുണ്ട്, കൊഴക്കട്ടയുണ്ട്, ഉണ്ണിയപ്പം, നെയ്യപ്പം, പാൽപ്പായസം, ശർക്കരയട… ആവൂ പറഞ്ഞാ തീരില്ല.
വീടിനു മുന്നില് കാവൽ നിൽക്കണ മാവപ്പൂപ്പനുണ്ട് .പിന്നെ തൊടിയിൽ നിറയെ നേന്ത്രപ്പഴമുണ്ട്, ചക്കയുണ്ട്, ഉള്ളു ചുവന്നതും അല്ലാത്തതുമായ പേരയ്ക്കകളുണ്ട്, പൊട്ടിപ്പഴമുണ്ട്, ലോലോലിക്കയുണ്ട്, ഇരുമ്പൻ പുളിയുണ്ട്, സീതപ്പഴമുണ്ട്…
ഇത്രയൊന്നുമല്ല, ഇനിയുമുണ്ട്. കുറെയുണ്ട്. ഈ പേരുകളൊക്കെ മുത്തശ്ശി പഠിപ്പിച്ചതാണ് കഴിഞ്ഞ തവണ. ”എല്ലാ ഭാഷയും പഠിക്കണം. പക്ഷേ അവനോന്റെ ഭാഷ ആദ്യം ശരിക്ക് പഠിക്കണം” എന്നാ മുത്തശ്ശി എപ്പോളും പറയുക.
”സായിപ്പിന്റെ കുപ്പായട്ടാ സായിപ്പാവോ ഉണ്ണിക്കുട്ടാ ” എന്നു മുത്തശ്ശി കുലുങ്ങിച്ചിരിക്കും .
അത്, മുത്തശ്ശി ബിന്ദ്വമ്മായിയെ കളിയാക്കുന്നതാണെന്ന് ഉണ്ണിക്കറിയാം. അച്ഛന്റെ അനിയത്തിയാ ബിന്ദ്വമ്മായി. അമ്മായി മാമന്റൂടെ ദുബായിലാ. അമ്മായീടെ ജിതമോൾക്ക് മലയാളമറിയില്ല. എഴുതാനും വായിക്കാനും മര്യാദയ്ക്ക് പറയാനും ഒന്ന്വറീല്ല .അത് മുത്തശ്ശിയ്ക്ക് തീരെ ഇഷ്ടല്ല.
ആന്വൽ പരീക്ഷ വരുമ്പോൾ സന്തോഷം കൊണ്ട് ഉണ്ണീടെ ചങ്കിടിക്കും. വെക്കേഷനാവാറായല്ലോ. ഓരോ ദിവസവും എണ്ണലാണ് പിന്നെ. എണ്ണിയെണ്ണിയിരുന്നാൽ ദിവസങ്ങൾ വേഗം വേഗം പാറിപ്പോകും.
”ഫുൾ മാർക്ക് വാങ്ങിയാലേ മുത്തശ്ശീടെ വീട്ടിൽ പോവൂ” എന്നമ്മ എല്ലാ കൊല്ലവും പറയും .
അതാണോ ഇത്ര വലിയ പാട് ?
ഉണ്ണി, രാക്ഷസനല്ലേ, ബുദ്ധി രാക്ഷസൻ?
അതും മുത്തശ്ശി പറയാറുള്ളതാ.
Read More: ‘ഉണ്ണി എക്സ്പ്രസ്സ് ഡൽഹീന്ന് മുത്തശ്ശിവീട്ടിലേയ്ക്ക്’ നോവലിന്റെ ആദ്യഭാഗം ഇവിടെ വായിക്കാം