തീവണ്ടി ചിന്നംവിളിച്ചു തുടങ്ങിയപ്പോൾ അച്ഛൻ ധൃതിപ്പെട്ട് വണ്ടിയിൽ നിന്ന് പ്ലാറ്റ്ഫോമിലേക്കിറങ്ങി. ഉണ്ണിയും അമ്മയും വാതിൽക്കൽ നിന്ന് അച്ഛന് നേരെ കൈ വീശി. തീവണ്ടി വേഗംവച്ചു  തുടങ്ങിയപ്പോൾ  അച്ഛൻ കുറച്ചു നേരം വെറുതെ കൂടെയോടി .പിന്നെ അച്ഛനെ തോൽപ്പിച്ച് തീവണ്ടി മുന്നോട്ട് പാഞ്ഞു. അച്ഛനെ കാണാനില്ലാതായി. ഉണ്ണിക്ക് സങ്കടം വന്നു. അവനമ്മയുടെ കൈ വിട്ട് ജനാലക്കരികിലേക്ക് പോയി. ഉണ്ണിക്കിഷ്ടം ജനലിനരുകിലുള്ള സീറ്റാണ്. അവിടെയിരുന്നാലും വണ്ടിക്ക്  വേഗം കൂടുമ്പോൾ പുറത്തെ കാഴ്ച്ചകളൊന്നും കാണാതാവും. വണ്ടി സ്‌റ്റേഷനുകളിലെത്താറാവുമ്പോൾ പതിയെ പതിയെയാവും. എല്ലാ സ്റ്റേഷനുകളും ഒരുപോലെയാണ്. ആളുകൾക്കെല്ലാം തിരക്ക്. വലിയ ബാഗുകളും ട്രോളികളും ഭാണ്ഡങ്ങളും ഒക്കെയായി ട്രെയിനിൽ തള്ളിക്കയറാനുള്ള തിരക്ക്.

ഓരോ സ്റ്റേഷനിൽനിന്നും പല കച്ചവടക്കാരും കയറും. ചിലരുടെ കയ്യിൽ പാവകൾ,ചിലരുടെ കയ്യിൽ പുസ്തകങ്ങൾ, കരിമ്പ്, പേരയ്ക്ക, വടാ പാവ്, പാവ് ബാജി, കുക്കുമ്പർ … പലരും വാങ്ങിക്കഴിക്കും. ചിലർ എല്ലാം നോക്കിയിരിയ്ക്കും.

ചില സ്റ്റേഷനിൽ നിന്നും ഭിക്ഷക്കാർ കയറും . കുട്ടികളും വലിയവരും ഒക്കെയുണ്ടാവും. അവരെ കാണുമ്പോൾ ഉണ്ണിയ്ക്ക് സങ്കടമാവും. അവരൊന്നും ഉണ്ണിയെപ്പോലെ സ്‌കൂളിൽ പോണില്ല. ഒരു ട്രെയിനിൽ നിന്നിറങ്ങി വേറെ ട്രെയിനിലേയ്ക്ക് കയറി പൈസ ചോദിച്ചു കൊണ്ടിരിക്കും. വിശന്നിട്ടാണ്.

”അവർക്കെന്താ സ്‌കൂളിൽ പോവാമ്പറ്റാത്തത്”? എന്ന് ചോദിച്ചാൽ ‘അമ്മ ഉണ്ണിയെ ചേർത്തു പിടിയ്ക്കും.പിന്നെ പറയും ‘പൈസ ഇല്ലാഞ്ഞിട്ടാണെന്ന്.’ എന്താണ് എല്ലാവർക്കും പൈസ ഇല്ലാത്തതെന്ന് ചോദിച്ചാൽ  അമ്മ ഒന്നും പറയില്ല.

ഉണ്ണി ഭക്ഷണം കഴിക്കാൻ മടികാണിക്കുമ്പോളൊക്കെ പക്ഷേ  അമ്മ ട്രെയിനിലെ കുട്ടികളെ ഓർമ്മിപ്പിക്കും. അത് കേട്ടാൽ ഉണ്ണി വേഗം കഴിച്ചു തുടങ്ങും.

shahina e k , story

ട്രെയിനിപ്പോൾ നല്ല വേഗത്തിലാണ്.

കുടു കുടു കുക്കുടു. ഉണ്ണി കൂടെപ്പാടി.
ഇതെങ്ങോട്ടാണെന്നോ ? ഷൊർണ്ണൂരേക്ക്.കുറെ കുറെ കഴിഞ്ഞേ എത്തൂ. ഉണ്ണിയ്ക്കുറങ്ങാൻ മുകളിൽ ബർത്തുണ്ട്. അമ്മ അതിനു തൊട്ടു താഴെ .
അങ്ങനെ ഉറങ്ങിയും ഉണർന്നും പിന്നെയുമുറങ്ങിയും ഉണർന്നും ഉണ്ണി എത്തുമല്ലോ, മുത്തശ്ശിവീട്ടില്.

‘ഉണ്ണി എക്സ്പ്രസ്സ് ഡൽഹീന്ന്  മുത്തശ്ശിവീട്ടിലേയ്ക്ക്’ എന്ന ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്ന കുട്ടികളുടെ നോവലിൽ നിന്ന്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook