ഒരു ദിവസം ബോറടിച്ച് മുറ്റത്തു നിൽക്കുമ്പോൾ, സൂര്യവെളിച്ചത്തിൽ മിന്നിത്തിളങ്ങിയും അങ്ങുമിങ്ങും ചാഞ്ഞും ചരിഞ്ഞും വെളുവെളുത്ത ഒരു താടിയങ്ങനെ ആകാശത്തൂടെ താടിയുഴിഞ്ഞു പറക്കണത് അച്ചു കണ്ടു.
നരച്ച താടി അപ്പൂപ്പന്മാർക്കാണ് ഉണ്ടാവുക എന്നൊക്കെ അച്ചൂനറിയാം. താഴെ നിന്ന് അപ്പൂപ്പന്റെ പേരും മറ്റും ചോദിക്കാൻ നിന്നാൽ കാറ്റിൽ ആളങ്ങ് പാറിപ്പറന്നു പോകുംന്നു അച്ചൂന് മനസ്സിലായി. കാറ്റായിരുന്നു ചുറ്റും.
ശ്ർ ശ്ർ ചൂളം കുത്തിപ്പായുന്ന ,കണ്ണിലും മൂക്കിലും പൊടി കയറ്റിച്ചിരിക്കുന്ന, ഉടുപ്പിനുള്ളിൽ കയറി അതിനെ ബലൂണാക്കുന്ന തിമിർപ്പൻ കാറ്റ്. എല്ലാ വെള്ളത്താടിക്കാരെയും വിളിക്കാവുന്ന ആ പേര് അവനപ്പോൾ ഒച്ചയിട്ടു വിളിച്ചു.
”അപ്പൂപ്പാ…’
താഴെ തന്നെയും നോക്കി വാ പൊളിച്ചു നിൽക്കുന്ന അച്ചുവിനെ അപ്പൂപ്പൻ താടി നേരത്തെ തന്നെ കണ്ടിട്ടൊക്കെയുണ്ടായിരുന്നു. എന്നാൽ, ചീത്തക്കുട്ടികളോടും പട്ടിക്കുട്ടികളോടും കളിച്ചാൽ കളി പാളും എന്നറിയാവുന്ന അപ്പൂപ്പൻതാടി അച്ചുവിന്റെ വിളി കേട്ട ഭാവം നടിക്കാതെ കാറ്റിനൊപ്പം അങ്ങോട്ടും ഇങ്ങോട്ടും ചുമ്മാ പാറിക്കളിക്കാൻ തുടങ്ങി.
”ഉം… അവനോട് കളിക്കാൻ ചെന്നിട്ടുവേണം എന്റെ സുന്ദരൻ താടിയപ്പാടെ പന്നയാക്കി രസം കെടാൻ” അപ്പൂപ്പൻ താടി സ്വയം പറഞ്ഞു.
”അപ്പൂപ്പാ, അപ്പൂപ്പാ…” അച്ചു പക്ഷേ വിളിയോടു വിളിയായി. കുറെ കേട്ടപ്പോൾ കാറ്റിനോട് പറഞ്ഞ്, അപ്പൂപ്പൻ താടിയൊരു മഞ്ഞപ്പൂച്ചെടിയിൽ തത്തിത്തത്തി നിന്നു.
”കണ്ടിട്ട് ഒരു പാവത്താനാന്നു തോന്നണു. ഒന്ന് ചെന്ന് നോക്കാം,” കാറ്റു പറഞ്ഞു. അപ്പൂപ്പൻ താടി സമ്മതിച്ചു.
അപ്പൂപ്പൻ കാറ്റിന്റെ തോളിൽ കയ്യിട്ട് ഒരിത്തിരി ഗൗരവത്തിൽ ഒന്ന് ചാഞ്ഞു ചരിഞ്ഞ് അച്ചൂന്റെ അടുത്തെത്തി.

അപ്പൂപ്പനെ അടുത്തുനിന്ന് കണ്ടപ്പോൾ അച്ചൂനാകെ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.
”അപ്പൂപ്പാ എന്നേം കൊണ്ടോവോ ആകാശം കാണാൻ?” അരികെയെത്തിയ അപ്പൂപ്പൻ താടിയെ സ്നേഹത്തോടെ തൊട്ടുഴിഞ്ഞു കൊണ്ട് അച്ചു ചോദിച്ചു.
അവന്റെ ഉണ്ടക്കണ്ണും കുഞ്ഞി മൂക്കും ആനപ്പല്ലും ഈർക്കിലി ശരീരവും ഒക്കെക്കണ്ട് അപ്പൂപ്പന് പാവം തോന്നി.
”ചെക്കന് കളിക്കാൻ ആരൂല്ലേ?” അപ്പൂപ്പൻ താടി ചോദിച്ചു.
”ഇല്ലാ. സ്കൂൾ പൂട്ടിയാ ആരും ഇല്ലാ.” അച്ചു സങ്കടം പറഞ്ഞു.
അപ്പൂപ്പൻ താടിയ്ക്ക് പാവം തോന്നി. അതൊന്നുകൂടി ചാഞ്ഞ് അവനെയൊന്ന് ഇക്കിളിത്തൊടൽ തൊട്ടു. അച്ചൂന് ചിരി പൊട്ടി.
”ആ, വന്നോടാ ചെക്കാ.” അപ്പൂപ്പൻ താടി പറഞ്ഞു. പക്ഷേ, എന്റെ താടീന്റെ താഴെ ഈ വിത്തില്ലേ അതീ തൊട്ടു കളിച്ചാൽ അപ്പൊ ഞാൻ താഴത്തിടും.”
അപ്പൂപ്പൻ താടി താടിയിളക്കി കാണിച്ചു. പിന്നെ അവനേം പൊക്കിയെടുത്ത് താടിക്കുള്ളിലിരുത്തി മാനത്തേയ്ക്ക് പറന്നു. അച്ചൂന് സന്തോഷം കൊണ്ട് ഇരിക്കപ്പൊറുതി മുട്ടി. അവൻ പക്ഷിയെപ്പോലെ കൈ വിരുത്തി. കൈ നീട്ടി മരത്തലപ്പു തൊട്ടു. അഞ്ചാറില പറിച്ചു.
പക്ഷേ, വലിയ കാറ്റടിച്ചപ്പോൾ അവനങ്ങ് പേടിച്ചു പോയി. ”പേടിക്കേണ്ട ചെക്കാ”യെന്ന് അപ്പൂപ്പൻ താടി ഉച്ചത്തിൽ പറഞ്ഞുവെങ്കിലും ആകാശത്തു നിന്നും ഇപ്പൊ താഴെ വീണ് താൻ പൊടി പൊടിയാകുമെന്ന്
അവനു തോന്നി.
അങ്ങനെ പാറിപ്പാറി അങ്ങോട്ടുമിങ്ങോട്ടും ബാലൻസ് തെറ്റിയപ്പോൾ അവനറിയാതെ അപ്പൂപ്പൻ താടീടെ വിത്തിലങ്ങ് ആഞ്ഞുപിടിച്ചു പോയി.
ഡിം!

വിത്തും അച്ചുവും താഴെ വീണു.
അപ്പൂപ്പൻതാടിയോ പിണങ്ങിക്കൊണ്ട് ഒറ്റപ്പറത്തവും.
അച്ചു വിത്തും പിടിച്ച് നിർത്താതെ സോറി പറഞ്ഞു കരഞ്ഞിട്ടും അപ്പൂപ്പൻ പിന്നെ വന്നില്ല. കുറെ നേരം കഴിഞ്ഞും അപ്പൂപ്പൻ വരില്ലെന്നുറപ്പായപ്പോൾ അവൻ വിത്തവിടെയിട്ട് കണ്ണും തുടച്ച് വീട്ടിനകത്തേക്ക് നടന്നു.
കുറേ ദിവസം കഴിഞ്ഞ് നോക്കുമ്പോ, അപ്പൂപ്പൻ താടീടെ വിത്തു വീണ മുറ്റത്ത് ഒരു ചെടി മുളച്ചു വരുന്നത് അച്ചു കണ്ടു. അതിങ്ങനെ വലുതായി വലുതായി വന്നു. ഇടയ്ക്കതിൽ വയലറ്റ് നിറമുള്ള ഒരുതരം കായ്കൾ കണ്ടു.
ഓരോരോ തിരക്ക് വന്നപ്പോൾ അവൻ പിന്നെയതൊക്കെ മറന്നു. കുറെ മാസങ്ങൾ കഴിഞ്ഞ് ഒരു ദിവസം പെട്ടെന്ന് ഓർമ്മ വന്ന് അച്ചു നോക്കുമ്പോളോ കാറ്റടിക്കുമ്പോൾ, ആ ചെടീന്നതാ ബൈ ബൈ പറഞ്ഞ് ആകാശത്തേക്ക് പൊങ്ങിപ്പറക്കുന്നു ഒരു നൂറ് അപ്പൂപ്പന്മാർ.
- കുട്ടിക്കഥക്കൂട്ടിൽ നാളെ സോണിയ റഫീഖ് എഴുതിയ കഥ വായിക്കാം
