scorecardresearch
Latest News

ആമയും മുയലും

“എന്ത് വിധിയാവും അദ്ദേഹം പ്രസ്താവിച്ചിരിക്കുക? വിധി എന്തായാലും നടപ്പാക്കുമെന്ന് ഉറപ്പ്. അതാണല്ലോ അദ്ദേഹത്തിന്റെ പ്രകൃതം. തിരുവായ്ക്ക് എതിർവായും ഇല്ല.” പ്രശസ്ത സാഹിത്യകാരൻ സേതു കുട്ടികൾക്കായി എഴുതിയ കഥ

ആമയും മുയലും

കഴിഞ്ഞ കേരളപ്പിറവി ദിനത്തിലാണ് ഐഇ മലയാളം ഒരു മാസം തുടർച്ചായി കുട്ടികളുടെ കഥകൾ നൽകുന്ന കുട്ടിക്കഥക്കൂട്ട് ആരംഭിച്ചത്. എല്ലാ ദിവസവും കുട്ടികൾക്കായി ഒരു കഥ എന്നതായിരുന്നു ഈ കഥ മാസത്തിനെ കുറിച്ചുള്ള കാഴ്ചപ്പാട്. 30 ദിവസം എന്നായിരുന്നു ഐഇ മലയാളം ലക്ഷ്യമിട്ടതെങ്കിലും വായനക്കാരും എഴുത്തുകാരും കൈകോർത്തപ്പോൾ കുട്ടിക്കഥക്കൂട്ട് 51 ദിവസം തുടർച്ചയായി പ്രസിദ്ധീകരിച്ചു.

കേരളത്തിലെ ലബ്ധപ്രതിഷ്ഠരായ സാഹിത്യപ്രതിഭകൾ മുതൽ ആദ്യമായി എഴുതുന്നവരും കുട്ടികളും വരെ മികച്ച രചനകളുമായി ഐഇ മലയാളത്തിനൊപ്പം നിലയുറപ്പിച്ചു. ആ പിന്തുണയും സ്നേഹവും നൽകിയ ആത്മവിശ്വാസമാണ് ഈ വർഷവും കുട്ടിക്കഥക്കൂട്ട് തുടരാൻ ഐഇ മലയാളത്തെ പ്രേരിപ്പിച്ചത്. ആശയം മുന്നോട്ട് വച്ചപ്പോൾ തന്നെ വളരെ അനുകൂല പ്രതികരണമാണ് എഴുത്തുകാരിൽ നിന്നും ലഭിച്ചത് എന്ന് ഹൃദയം നിറഞ്ഞ സന്തോഷത്തോടെ പറയട്ടേ.

സാഹിത്യം മാത്രമല്ല, മറ്റ് വിഷയങ്ങളും കുട്ടികൾക്കായി അവതരിപ്പിക്കുന്നതിൽ ശ്രദ്ധ ചെലുത്തിയാണ് ഐഇ മലയാളം മുന്നോട്ട് പോകുന്നത്.

2018 നവംബർ ഒന്നിന് മലയാളത്തിലെ പ്രിയ കഥാകാരി പ്രിയ എ എസ് എഴുതിയ ‘പെരുമഴയത്തെ കുഞ്ഞിതളുകള്‍’ എന്ന നോവലും കൗമാരക്കാരിയായ അകിയാ കൊമാച്ചിയുടെ ഫൊട്ടോ ഗ്യാലറിയിലുമായാണ് ഐ ഇ മലയാളം കുട്ടികൾക്കായുളള വിഭാഗം ആരംഭിച്ചത്.

നാല് വർഷത്തിനുള്ളിൽ കുട്ടികൾക്കായുള്ള നോവലും കഥയും കവിതയും അടക്കം ഏഴുന്നൂറോളം രചനകളാണ് ഐഇ മലയാളം പ്രസിദ്ധീകരിച്ചത്. ഇതിൽ പ്രിയ എ എസ്, മൈന ഉമൈബാൻ എന്നിവരുടെ രചനകൾക്ക് വിവിധ സാഹിത്യ പുരസ്കാരങ്ങളും ലഭിച്ചു.

ജവഹർലാൽ നെഹ്റുവിന്റെ ജന്മമാസം കൂടിയാണ് നവംബർ. നെഹ്റുവിനോടുള്ള സ്നേഹവും ആദരവും കുട്ടികൾക്കുള്ള കഥകളായി ഈ നവംബർ മാസം മുഴുവൻ ഐഇ മലയാളത്തിൽ പ്രസിദ്ധീകരിക്കുന്നു.

സ്നേഹത്തോടെ
എഡിറ്റർ

ആമയും മുയലും

മഹാപ്രതാപിയായ ശൂരസിംഹ മുയൽ ചക്രവർത്തിയുടെ ദർബാർ കൂടുകയായിരുന്നു. നിറഞ്ഞ ദർബാർ. വലതു വശത്തു മഹാമന്ത്രിയും സിൽബന്തികളും. ഇടത്തായി മഹാഗുരുവും മറ്റു ദർ‌ബാരികളും.

പെട്ടെന്നാണ് തിരുമനസ്സിനു പഴയൊരു കാര്യം ഓർമ്മ വന്നത്. പണ്ടെന്നോ സമർത്ഥനായൊരു ആമ ഒരു മടിയൻ മുയലിനെ ഓട്ടപ്പന്തയത്തിൽ തോൽപ്പിച്ച കഥ. മുയൽക്കുലത്തിനാകെ നാണക്കേടുണ്ടാക്കിയ ആ സംഭവം ഏറെക്കാലം ആഘോഷിക്കപ്പെട്ടുവെന്നു മാത്രമല്ല, പാഠപുസ്തകത്തിൽ വന്നതു അടുത്ത കാലം വരെ കൊച്ചു കുട്ടികൾ വരെ പാടി നടക്കുകയും ചെയ്തു. ഇതിലും വലിയൊരു പോക്കണംകേട് സംഭവിക്കാനുണ്ടോ?

“ആരവിടെ?” അരിശം പൂണ്ട തിരുമനസ്സ് അലറി.

“അടിയൻ!” ഒരു ഭടൻ എവിടന്നോ പാഞ്ഞു വന്നു വാ പൊത്തി നിന്നു.

“ആ മടിയൻ മുയലിനെ ഉടനെ പിടിച്ചു കെട്ടി ഈ ദർബാറിൽ ഹാജരാക്കണം. ആ ദുഷ്ടന് കടുത്ത ശിക്ഷ വിധിച്ചാലെ നമുക്ക് ആശ്വാസമാകൂ.”

“അടിയൻ!”

“പൊന്നു തിരുമേനി മാപ്പാക്കണം.” പെട്ടെന്ന് മഹാമന്ത്രി ഇടപെട്ടു. “അവൻ ചത്തിട്ടു പത്തു പതിനഞ്ചു തലമുറ കഴിഞ്ഞിരിക്കുന്നു…”

“ഓഹോ, എന്നാൽ അവന്റെ ഇപ്പോഴത്തെ അവകാശിയെ പിടിച്ചു കൊണ്ടു വരട്ടെ.”

എങ്ങനെ കണ്ടു പിടിക്കാൻ? ഭടൻ കുഴങ്ങിയപ്പോൾ മഹാമന്ത്രി അവനെ അടുത്തു വിളിച്ചു കാതിൽ ഏതോ ഉപായം പറഞ്ഞു കൊടുത്തു. ആശ്വാസമായ പോലെ തലയാട്ടി, തിരുമനസ്സിനെ വണങ്ങിക്കൊണ്ടു അവൻ പുറത്തേക്ക് പാഞ്ഞു പോയി.

sethu, story, iemalayalam

അധികം താമസിയാതെ തന്നെ ഭടൻ അവശനായൊരു തന്ത മുയലിനെ പിടിച്ചു കെട്ടി കൊണ്ടു വരികയും ചെയ്തു.

“ഓ, ഇവനാണോ ആ ധിക്കാരിയുടെ പിന്മുറക്കാരൻ?” തിരുമേനി അലറി. “ഇവനെ ഉടൻ തന്നെ തൂക്കിലിടാൻ നാം കൽപ്പിക്കുന്നു.”

തിരുവായ്ക്കു എതിർവായില്ല. ഇനിയെന്ത് ചെയ്യണം? മഹാമന്ത്രി കുഴങ്ങി.

“പൊന്നു തിരുമേനി മാപ്പാക്കണം.” മഹാമന്ത്രി വീണ്ടും ഇടപെട്ടു.

“ഇവനൊരു മഹാരോഗി. അസുഖം മാറിയിട്ട് പോരേ ശിക്ഷ നടപ്പാക്കൽ?”

രാജസദസ്സിൽ പേടിച്ചു വിറച്ചു നിൽക്കുന്ന തന്തമുയലിനെ തുറിച്ചു നോക്കിയിട്ട് തിരുമനസ്സ് ചോദിച്ചു.

“എന്താടാ നിന്റെ രോഗം?”

“എവിടന്നോ കിട്ടിയ ബിരിയാണിയിൽ വിഷമായിരുന്നു തമ്പുരാനേ, തിന്നു കഴിഞ്ഞപ്പഴാ അറിഞ്ഞത്.”

“ശരി. ഇവനെ കൊട്ടാരം വൈദ്യൻ തന്നെ ചികിൽസിച്ചു സുഖമാക്കട്ടെ. കൊട്ടാരം അടുക്കളയിൽ നിന്ന് തന്നെ മുന്തിയ ആഹാരം കൊടുക്കുകയും വേണം. അത് കഴിഞ്ഞിട്ടാവാം ശിക്ഷ.”

“ഉത്തരവ്.”

നീതി നടപ്പാക്കിയ ആശ്വാസത്തോടെ തിരുമനസ്സ് സിംഹാസനത്തിൽ ഞെളിഞ്ഞിരുന്നു. കുഴഞ്ഞൊരു പ്രശ്‍നം തൽക്കാലത്തേക്ക് മാറിക്കിട്ടിയ ആശ്വാസത്തോടെ മഹാമന്ത്രിയും നെടുവീർപ്പിട്ടു.

sethu, story, iemalayalam

അങ്ങനെ കുറെ നാൾ കഴിഞ്ഞു തടിച്ചു കൊഴുത്ത തന്ത മുയലിനെ ദർബാറിൽ ഹാജരാക്കി.

അവനെ കണ്ണ് കൊണ്ട് അടിമുടി ഉഴിഞ്ഞിട്ടു തൃപ്തിയായ പോലെ തിരുമനസ്സ് തലയാട്ടി.

‘ബലേ ഭേഷ്!”

എന്നിട്ട് തന്റെ കനക സിംഹാസനത്തിൽ ഞെളിഞ്ഞിരുന്ന് വിധി പ്രസ്താവിക്കാനായി ശൂരസിംഹ മുയൽ ചക്രവർത്തി തയ്യാറായി.

ആ വിധി കേൾക്കാനായി ആ സദസ്സാകെ വീർപ്പടക്കി ഇരിക്കുകയാണ്. ഇവിടെ ഞാനും!

സത്യത്തിൽ ആ വിധി എന്തെന്ന് എനിക്കറിയില്ല. എന്തും വിധിക്കുന്ന ആളാണല്ലോ ഈ ചക്രവർത്തി.

എന്ത് വിധിയാവും അദ്ദേഹം പ്രസ്താവിച്ചിരിക്കുക? വിധി എന്തായാലും നടപ്പാക്കുമെന്ന് ഉറപ്പ്. അതാണല്ലോ അദ്ദേഹത്തിന്റെ പ്രകൃതം. തിരുവായ്ക്ക് എതിർവായും ഇല്ല.

പ്രിയപ്പെട്ട കൂട്ടുകാർക്ക് എന്ത് തോന്നുന്നു?

  • കുട്ടിക്കഥക്കൂട്ടിൽ ഗ്രേസി എഴുതിയ കഥ വായിക്കാം

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Sethu story for children aamayum muyalum