scorecardresearch

ട്രിക് ഓർ ട്രീറ്റ്

"അടുത്തെത്തിയപ്പോൾ ഫയർ ഡ്രാഗൺ ഒന്നു മുരണ്ടു, വായ മുഴുക്കെ തുറന്നു, തീ തുപ്പി, പിന്നെ ഗർജ്ജിച്ചു! കുട്ടികൾ രണ്ടുപേരും ഓരോ അടി പിന്നോട്ട് വച്ചു." സീനാ ജോസഫ് എഴുതിയ കുട്ടികളുടെ കഥ

"അടുത്തെത്തിയപ്പോൾ ഫയർ ഡ്രാഗൺ ഒന്നു മുരണ്ടു, വായ മുഴുക്കെ തുറന്നു, തീ തുപ്പി, പിന്നെ ഗർജ്ജിച്ചു! കുട്ടികൾ രണ്ടുപേരും ഓരോ അടി പിന്നോട്ട് വച്ചു." സീനാ ജോസഫ് എഴുതിയ കുട്ടികളുടെ കഥ

author-image
Seena Joseph
New Update
seena joseph, story , iemalayalam

"ലുക്ക് മമ്മി... സോ പ്രെറ്റി!"

ബാക്ക് യാർഡിൽ അതിരു ചേർന്നു നിൽക്കുന്ന മേപ്ൾ മരത്തിന്റെ ചുവട്ടിൽ കൈകൾ രണ്ടും കവിളുകളിൽ ചേർത്ത്, കണ്ണുകൾ വിടർത്തി മുകളിലേക്ക് നോക്കി നിന്ന്, ഇലകളുടെ സൗന്ദര്യം ആസ്വദിക്കുകയാണ് റെയ്ന. മഞ്ഞയും ഓറഞ്ചും ചുവപ്പും നിറങ്ങളിൽ ഇലകൾ വിടർത്തി മനോഹരിയായി നിൽക്കുന്നു മേപ്ൾ. നിലത്തും വീണു കിടക്കുന്നുണ്ട് ധാരാളം ഇലകൾ.

Advertisment

"സത്യം റെയ്ന. നല്ല ഭംഗിയുണ്ട്." ചുറ്റുമുള്ള മരങ്ങളിൽ നോക്കി സെലിൻ പറഞ്ഞു.

"ഫാൾ ഈസ് ദി ബെസ്ററ് സീസൺ എവർ!" അപ്പുറത്ത് ഇലകൾ വാരിക്കൂട്ടിയും വിതറിയെറിഞ്ഞും കളിച്ചു കൊണ്ടിരുന്ന റയൻ കൂട്ടിച്ചേർത്തു.

"നല്ല ഭംഗിയുള്ള ഇലകൾ ഉള്ളത് കൊണ്ടാണോ ഫാൾ റയന് ഇഷ്ടം?"

"അത് മാത്രമല്ല മമ്മി…"

"പിന്നെ?"

"പംപ്കിൻ സ്‌പൈസ്* മിൽക്ക് ഷേക്ക് ആൻഡ് മഫിൻസ്!" റയന്റെ ഇഷ്ടങ്ങളൊക്കെ നന്നായി അറിയാവുന്ന റെയ്നയാണ് മറുപടി പറഞ്ഞത്.

Advertisment

" ആൾസോ ഹാലോവീൻ!" അവൻ കൂട്ടിച്ചേർത്തു.

"യെസ്…ട്രിക് ഓർ ട്രീറ്റ്" റെയ്നയ്ക്കും ഏറെ സന്തോഷമുള്ള കാര്യങ്ങളാണ് ഹാലോവീനും ട്രിക് ഓർ ട്രീറ്റുമൊക്കെ.

ഹാലോവീൻ** ആകാൻ ഇനി രണ്ടു ദിവസം കൂടിയേ ഉള്ളു. ഒരു മാസം മുന്നേ തുടങ്ങിയിരുന്നു രണ്ടു പേരും തയ്യാറെടുപ്പുകൾ. ആദ്യം തീരുമാനമായത് ഹാലോവീൻ ദിവസം വൈകുന്നേരം വീടുകൾ തോറും കയറിയിറങ്ങി ട്രിക് ഓർ ട്രീറ്റിന്*** പോകുമ്പോൾ ഇടാനുള്ള കോസ്റ്റ്യൂംസിന്റെ കാര്യമാണ്. റയന് രണ്ടാമത് ഒന്നും കൂടെ ആലോചിക്കേണ്ടി വന്നില്ല.

" ഐ ആം ഗോയിങ് ടു ബി എ പൈററ്റ്." തീരുമാനം ഉടനടിയായിരുന്നു.

റെയ്ന, സ്നോ വൈറ്റിനും ടിങ്കർ ബെല്ലിനും ഇടയിൽ കുറച്ചു നേരം ആടിക്കളിച്ച ശേഷം ടിങ്കർ ബെൽ മതി എന്ന് തീരുമാനിച്ചു.

seena joseph, story , iemalayalam

അടുത്തതായി ഹാലോവീൻ ഡെക്കറേഷൻസ് ചെയ്ത് വീടും പരിസരവും ഭംഗിയാക്കി. പപ്പയും മക്കളും കൂടി അടുത്തുള്ള ഫാമിൽ പോയി പല നിറത്തിലും ഷേപ്പിലുമുള്ള മത്തങ്ങകൾ വാങ്ങിക്കൊണ്ടുവന്നു. വലുപ്പമുള്ളവ കാർവ് ചെയ്ത് വീടിന്റെ മുൻവശത്തെ പടികളിലും ഡ്രൈവ് വേയുടെ വശത്തുമൊക്കെ വച്ചു.

ഓറഞ്ചു നിറമുള്ള സ്‌ട്രിങ് ലൈറ്റ്സ് മരങ്ങളിലും കുറ്റിച്ചെടികളിലുമൊക്കെ തൂക്കിയിട്ടു. അട്ടഹസിച്ചു ചിരിക്കുകയാണെന്ന് തോന്നിപ്പിക്കുന്ന പംപ്കിൻ വിളക്കുകളും അവിടവിടെയായി നിരത്തി. എല്ലാ ദിവസവും നേരമിരുട്ടുമ്പോൾ പുറത്തിറങ്ങി നടന്ന് എല്ലാം ഭംഗിയായിരിക്കുന്നു എന്ന് രണ്ടുപേരും ഉറപ്പു വരുത്തി. പിന്നെ ട്രിക് ഓർ ട്രീറ്റിന് വേണ്ടിയുള്ള കാത്തിരിപ്പായി.

ഹാലോവീൻ ദിവസം സ്കൂൾ വിട്ടു വന്നത് തന്നെ എപ്പോഴാ ട്രിക് ഓർ ട്രീറ്റിന് പോവുക എന്ന ചോദ്യത്തോടെയാണ്.

ഹോം വർക്കും ഡിന്നറും ഒക്കെ കഴിഞ്ഞിട്ടേ ഉള്ളൂ ട്രിക് ഓർ ട്രീറ്റ് എന്ന് തറപ്പിച്ചു പറഞ്ഞപ്പോൾ രണ്ടുപേരും കാര്യങ്ങളൊക്കെ വേഗം നടപടിയാക്കി. എന്ത് നല്ല മര്യാദക്കുഞ്ഞുങ്ങൾ എന്നു സെലിൻ ഉള്ളിൽ ചിരിച്ചു.

കോസ്റ്റ്യൂംസൊക്കെയിട്ടു വന്ന് രണ്ടാളും ഫോട്ടോയ്ക്ക് പോസ് ചെയ്തു. മമ്മിയുടെയും പപ്പയുടെയും കൂടെ മാറി മാറി ഫോട്ടോസ് എടുത്തു. ട്രിക് ഓർ ട്രീറ്റിന് ചോക്ലേറ്റും മിഠായികളും ശേഖരിക്കാനുള്ള ബാസ്കറ്റുമായി പപ്പയുടെയും മമ്മിയുടെയും കൂടെ പുറത്തിറങ്ങാൻ പോയപ്പോഴാണ് റെയ്നയ്ക്ക് സംശയം. നമ്മുടെ വീട്ടിൽ ട്രിക് ഓർ ട്രീറ്റിന് വരുന്ന കുട്ടികൾക്ക് ആര് ചോക്ലേറ്റ് കൊടുക്കും?

"അതിന് വഴിയുണ്ട് റെയ്ന." സൈമൺ ഒരു വലിയ ബാസ്കറ്റിൽ നിറയെ ചോക്ലേറ്റ്സ് എടുത്ത് വീടിന്റെ മുൻ വാതിലിനടുത്തു വച്ചു. "പ്ലീസ് ടേക് ഒൺലി എ ഫ്യു." എന്നെഴുതിയ സ്റ്റിക്കർ ബാസ്കറ്റിൽ ഒട്ടിച്ചു. എന്നിട്ട് റെയ്നയെ നോക്കി ചിരിച്ചു.

" ഗ്രേറ്റ് ഐഡിയ പപ്പാ!" മക്കൾ പപ്പയ്ക്ക് ഹൈ ഫൈവ് കൊടുത്ത് ട്രിക് ഓർ ട്രീറ്റിന് ഇറങ്ങി.

പോകുന്ന വഴി ഒരുപാട് ഫ്രണ്ട്സിനെ കണ്ടു, കുശലം പറഞ്ഞു. അയൽക്കാരുടെ "നൈസ് കോസ്റ്റ്യുംസ് " കമന്റുകൾ സന്തോഷത്തോടെ സ്വീകരിച്ചു, "താങ്ക് യു" പറഞ്ഞു. എല്ലാവർക്കും "ഹാപ്പി ഹാലോവീൻ" ആശംസിച്ചു. ട്രിക് ഓർ ട്രീറ്റ് അങ്ങനെ തകൃതിയായി നടക്കുകയാണ്.

പക്ഷെ, മിസ്റ്റർ ആൻഡ് മിസ്സിസ് ജോർഡന്റെ വീടിനടുത്ത് എത്തിയപ്പോൾ റയനും റെയ്നയ്ക്കും ഒരൽപ്പം ധൈര്യക്കുറവ് അനുഭവപ്പെട്ടോ എന്നൊരു സംശയം സെലിന് തോന്നി.

seena joseph, story , iemalayalam

അവരുടെ വീടിന്റെ മുന്നിൽ സ്റ്റെപ്‌സിന്റെ സൈഡിൽ രണ്ടു വശത്തും നിരയായി ഭയപ്പെടുത്തുന്ന തരം മുഖങ്ങളുള്ള പംപ്കിൻ ലാന്റേണുകൾ കത്തിനിൽക്കുന്നുണ്ട്. മുൻവാതിലിൽ തൂങ്ങി കിടക്കുന്നു ബ്രൈഡൽ വേഷമിട്ട ഒരു അസ്ഥികൂടം. വീടിന്റെ ഫ്രണ്ട് യാർഡിലുള്ള മരങ്ങളിലും കുറ്റിച്ചെടികളിലുമൊക്കെ തൂങ്ങി കാറ്റിലാടുന്ന പ്രേത രൂപികൾ.

വേറെയും എന്തൊക്കെയോ പേടി തോന്നിപ്പിക്കുന്ന രൂപങ്ങൾ. വലതു വശത്തെ ബിർച്ച് മരത്തിന്റെ ചുവട്ടിൽ മനുഷ്യരുടെയും മൃഗങ്ങളുടെയും അസ്ഥികൂടങ്ങൾ. ഇടതു വശത്ത് ഏഴടിപ്പൊക്കത്തിൽ തീ കണ്ണുകളുമായി ഒരു ബ്ലാക്ക് ഡ്രാഗൺ! ആരെങ്കിലും അടുത്തേക്ക് ചെല്ലുമ്പോൾ വായതുറക്കും, തീ തുപ്പും!

"ഓ, സ്പൂക്കി!" റെയ്ന മമ്മിയുടെ കയ്യിൽ മുറുക്കെ പിടിച്ചു. റയൻ മുന്നോട്ടു പോകാതെ മടിച്ചു നിന്നു.

"വി ഹാവ് ഇനഫ് കാൻഡി, നമുക്ക് വീട്ടിൽ പോകാം." എന്നായി അവൻ. സെലിനും സൈമണും ചിരിച്ചു.

"ശരി, നിങ്ങൾക്ക് മതിയായി എങ്കിൽ നമുക്ക് തിരിച്ചു പോകാം. പക്ഷെ, ഇനി കാണുമ്പോൾ മിസ്റ്റർ ആൻഡ് മിസ്സിസ് ജോർഡൻ ചോദിക്കില്ലേ നിങ്ങൾ എന്താ ട്രിക് ഓർ ട്രീറ്റിന് ചെല്ലാതിരുന്നത് എന്ന്?" സൈമൺ ചോദിച്ചു.

ശരിയാണല്ലോ എന്ന് റയനും ഓർത്തു. എല്ലാ ദിവസവും ഈവനിങ് വാക്കിന് പോകുമ്പോൾ റയനോ റെയ്‌നയോ പുറത്തു കളിക്കുന്നുണ്ടെങ്കിൽ നടപ്പു നിർത്തി കുറച്ചു നേരം അവരോട് സംസാരിച്ചിട്ടേ പോകാറുള്ളൂ മിസ്റ്റർ ആൻഡ് മിസ്സിസ് ജോർഡൻ.

എന്തു ചെയ്യും എന്നൊരാശങ്ക റയന്റെ മുഖത്തു കണ്ടപ്പോൾ സെലിൻ പറഞ്ഞു, " ഇതൊക്കെ വെറും ഡെക്കറേഷൻ അല്ലെ റയൻ? പേടിക്കേണ്ട, മമ്മിയും പപ്പയും കൂടെയില്ലേ? നമുക്ക് അവിടെ പോയി ഒരു ഹലോ പറഞ്ഞിട്ട് തിരിച്ചു വീട്ടിൽ പോകാം, എന്താ?"

ശരി എന്ന് രണ്ടു പേരും തലകുലുക്കി സമ്മതിച്ചു. പപ്പയുടെയും മമ്മിയുടെയും കയ്യിൽ പിടിച്ച്, ധൈര്യം സംഭരിച്ച്, മുന്നോട്ട് നടന്നു.

seena joseph, story , iemalayalam

അടുത്തെത്തിയപ്പോൾ ഫയർ ഡ്രാഗൺ ഒന്നു മുരണ്ടു, വായ മുഴുക്കെ തുറന്നു, തീ തുപ്പി, പിന്നെ ഗർജ്ജിച്ചു! കുട്ടികൾ രണ്ടുപേരും ഓരോ അടി പിന്നോട്ട് വച്ചു. അപ്പോഴേക്കും " ഹാലോ കിഡോസ്" എന്നും പറഞ്ഞ് മിസ്റ്റർ ജോർഡൻ വാതിൽ തുറന്നു. രണ്ടു പേരുടെയും ശ്രദ്ധ പെട്ടന്ന് അങ്ങോട്ട് തിരിഞ്ഞു.

'ട്രിക് ഓർ ട്രീറ്റ്' എന്ന് പറയുന്നതിന് പകരം റയൻ അതിശയത്തിൽ വിളിച്ചു കൂവി, "വൗ! വി ഹാവ് ദി സെയിം കോസ്റ്റ്യൂം!"

" യെസ്… വി ഡു..!" മിസ്സിസ് ജോർഡനും പുറത്തേയ്ക്ക് തല നീട്ടി.

"മിസ്റ്റർ ആൻഡ് മിസ്സിസ് പൈററ്റ്!" റെയ്ന ആർത്തു വിളിച്ചു.

പേടിയൊക്കെ മാറി രണ്ടു പേരും വീണ്ടും സന്തോഷത്തിലായി. 'മിസ്റ്റർ ആൻഡ് മിസ്സിസ് പൈററ്റി'ന്റെ കൂടെ ഫോട്ടോയ്ക്ക് പോസ് ചെയ്തു. 'ഇനഫ് കാൻഡി' ഉണ്ടെന്നു പറഞ്ഞയാൾ രണ്ടു കൈയ്യും നീട്ടി ചോക്ലേറ്റ്സ് വാങ്ങി 'ഹാപ്പി ഹാലോവീൻ' ആശംസിച്ച് തിരിച്ചിറങ്ങി.

തിരികെ വീട്ടിലേക്ക് നടന്നു തുടങ്ങിയപ്പോഴേക്കും അത്യാവശ്യം നേരമിരുണ്ടിരുന്നു. മിക്കവാറും കുട്ടികളും പേരന്റ്സും ട്രിക് ഓർ ട്രീറ്റ് കഴിഞ്ഞു മടങ്ങിപ്പോയിത്തുടങ്ങിയിരുന്നു. അരണ്ട വെളിച്ചത്തിൽ ഓരോരോ വീടുകളിലെ പംപ്കിൻ ലാന്റേണുകളും തൂക്കുവിളക്കുകളും മറ്റ് ശരത്കാല ഡെക്കറേഷനുമൊക്കെ കണ്ടാസ്വദിച്ചു വീടെത്തിയപ്പോൾ, രണ്ടു കുട്ടികൾ സൈമൺ വച്ചിട്ടു പോയ ബാസ്കറ്റിൽ നിന്നും ചോക്ലേറ്റ്സ് എടുക്കുന്നു.

പത്തോ പന്ത്രണ്ടോ വയസ്സ് തോന്നിക്കുന്ന മൂത്തയാൾ ബാസ്കറ്റിനു മേലെ ഒട്ടിച്ചിരുന്ന സ്റ്റിക്കറിലേക്ക് ചൂണ്ടി, ഏകദേശം നാലു വയസ്സ് മതിക്കുന്ന അനിയൻ കുട്ടിയെ ശാസിക്കുന്നു, "ഇറ്റ് സേയ്സ് ടു ടേക്ക് ഒൺലി എ ഫ്യു!"

രണ്ടു കൈകളും നിറയെ ചോക്ലേറ്റ്സ് വാരി സ്വന്തം ബാസ്കറ്റിലിട്ട്, കുസൃതിച്ചിരിയോടെ ചുമലുകളും തലയും ഇളക്കി ഇളയവൻ, "വെൽ, ഐ ഡോണ്ട് നോ ഹൗ ടു റീഡ്!"

അത് കേട്ട് സെലിനും സൈമണും കുട്ടികളും ഒരുമിച്ച് ചിരിച്ചു പോയി!

"ഹി ക്യാൻ ടേക്ക് ഓൾ ഹി വാണ്ട്സ്..." റയൻ ഉദാരനായി!

മൂത്ത കുട്ടിയുടെ മുഖത്ത് ആദ്യം തെളിഞ്ഞ ചമ്മൽ മാഞ്ഞു. ചിരിയോടെ അവൻ ആശംസിച്ചു, "ഹാപ്പി ഹാലോവീൻ!"

*പംപ്കിൻ സ്‌പൈസ് ശരത്കാലമാസങ്ങളുടെ സ്‌പെഷൽ രുചിയായിട്ടാണ് കണക്കാക്കുന്നത്. ഈ മാസങ്ങളിൽ ആളുകൾ പംപ്കിൻ സ്‌പൈസ് ലാറ്റേ, മിൽക്ക് ഷേക്, കപ് കേക്ക്സ്, മഫിൻസ്, പംപ്കിൻ പൈ തുടങ്ങിയവ പ്രത്യേകമായി ഉണ്ടാകുകയും ആസ്വദിക്കുകയും ചെയ്യാറുണ്ട്.

**പാശ്ചാത്യ രാജ്യങ്ങളിൽ ഓൾ സെയിന്റ്സ് ഡേയുടെ തലേദിവസത്തിനുള്ള പേരാണ് ഹാലോവീൻ.

***ട്രിക് ഓർ ട്രീറ്റിങ് ചില പാശ്ചാത്യ രാജ്യങ്ങളിൽ കാലങ്ങളായുള്ള ഒരു പാരമ്പര്യാചാരമാണ്. ഓൾ സെയിന്റ്സ് ഡേയുടെ തലേ രാത്രി കുട്ടികളും മുതിർന്നവരും വിവിധയിനം കോസ്റ്റ്യൂംസ് ധരിച്ചു വീടുകൾ തോറും കയറിയിറങ്ങുകയും വീട്ടുകാർ അവർക്ക് മിഠായികളും ചോക്ലേറ്റ്സും കൊടുക്കുകയും ചെയ്യുന്നതാണ് ആചാരം.

Children Malayalam Writer Short Story

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: