“റെയ്ന, സ്റ്റോപ്പ്! ഡോൺട് ഡു ദാറ്റ്… തൊടരുതെന്നല്ലേ പപ്പ പറഞ്ഞിട്ടുള്ളത്?” റയൻ ഒച്ചയിട്ടു.
രാവിലെ തന്നെ ഫാമിലി റൂമിൽ ഒച്ചയും ബഹളവും കേട്ടപ്പോൾ കിച്ചണിൽ നിന്ന് സെലിൻ എത്തിനോക്കി. ബ്രേക്ഫാസ്റ്റ് കോർണറിലെ ഹൈ ചെയർ വലിച്ചിട്ട് ഫാമിലി റൂമിലെ ഷെൽഫിന്റെ മേലെ എത്തിപ്പിടിക്കാനുള്ള ശ്രമത്തിലാണ് അഞ്ചു വയസ്സുകാരി റെയ്ന. താഴെ നിന്ന് ശാസിക്കുന്നുണ്ട് ഏഴുവയസുകാരൻ ചേട്ടൻ, റയൻ.
ചേട്ടന്റെ ശാസനയിൽ വഴങ്ങി, ഹൈ ചെയറിന്റെ മേലെ നിന്ന് ഇറങ്ങുകയാണ് റെയ്ന. അപകടമൊന്നുമില്ലെന്ന് കണ്ട് സെലിൻ കിച്ചണിലേക്ക് പിൻവാങ്ങി. പ്ലം കേക്കിന്റെ പണിപ്പുരയിലാണ് സെലിൻ. ശ്രദ്ധ മാറാൻ പാടില്ല. കണക്കു തെറ്റിയാൽ ഒക്കെ കുളമാകും.
എല്ലാ വർഷവും ക്രിസ്മസിന് ഉണ്ടാക്കുന്നതാണെങ്കി ലും വീട്ടുകാരും കൂട്ടുകാരും വാനോളം പുകഴ്ത്തുന്നതാണെങ്കിലും ഓരോ വർഷവും നന്നാകുമോ എന്ന പേടിയോടെയാണ് സെലിൻ, പ്ലം കേക്കിന്റെ പണി തുടങ്ങുന്നത്.
ഫാമിലി റൂമിൽ റയൻ, റെയ്നയ്ക്കുള്ള കോച്ചിങ്ങ് ക്ലാസ് തുടരുകയാണ്. എൽഫ് ആണ് വിഷയം, എൽഫ് ഓൺ ദി ഷെൽഫ്.
“റെയ്ന, എൽഫിനെ നമ്മൾ തൊടാൻ പാടില്ല. തൊട്ടാൽ പിന്നെ എൽഫിന്റെ മാജിക്കൽ പവേഴ്സ് ഒക്കെ പോവും. പിന്നെ എൽഫ് എങ്ങനെ സാന്റയുടെ അടുത്തേക്ക് തിരിച്ചു പറന്നു പോകും? എൽഫ് പോയി നമ്മൾ നല്ല കുട്ടികളാണെന്ന് പറഞ്ഞാലല്ലേ സാന്റ നമുക്ക് ഇഷ്ടമുള്ള ഗിഫ്റ്റ് ഒക്കെ കൊണ്ടു തരൂ?”
ചേട്ടന്റെ ഗൗരവം നിറഞ്ഞ മുഖത്തു നോക്കി, സ്വതവേ വിടർന്ന കണ്ണുകൾ ഒന്നുകൂടെ വിടർത്തി, തലയാട്ടി, റെയ്ന സമ്മതം മൂളി.

“ഇല്ല, റയൻ, ഇനി ഞാൻ തൊടാൻ നോക്കൂല്ല.”
കിച്ചണിലെ തിരക്കിനിടയിലും സെലിന്റെ മുഖത്ത് ചിരിയൂറി. സൈമണിന്റെ ഐഡിയ ആയിരുന്നു ‘എൽഫ് ഓൺ ദി ഷെൽഫ്.’
ഈയിടെ ആയി പിള്ളേർക്ക് വാശിയും വഴക്കും കൂടുന്നു, എൽഫിനെ ട്രൈ ചെയ്താലോ എന്ന് കഴിഞ്ഞ മാസം സൈമൺ പറഞ്ഞപ്പോള് ആദ്യം സെലിൻ വേണ്ടാന്ന് പറയുകയാണുണ്ടായത്. നമ്മൾ ചെയ്യേണ്ട പേരന്റിങ് ആൻഡ് ഡിസിപ്ലിനിങ് വേറൊരാളെ ഏൽപ്പിക്കുന്നത് ശരിയാണോ എന്നായിരുന്നു സെലിന്റെ ചിന്ത.
ക്രിസ്മസ് ബ്രേക്കിന് മുന്നേ രണ്ടാഴ്ച്ച സൈമൺ ജോലി സംബന്ധമായ യാത്രയിലാകും എന്നറിഞ്ഞപ്പോൾ, വർക്ക് ഫ്രം ഹോമും ക്രിസ്മസ് പ്രിപ്പറേഷൻസും ഒറ്റയ്ക്കുള്ള കഷ്ടപ്പാടുകളും ഓർത്തപ്പോൾ എൽഫ് എങ്കിൽ എൽഫ് എന്ന് സമ്മതിക്കുകയായിരുന്നു സെലിൻ.
താങ്ക്സ് ഗിവിങ്ങ് ബ്രേക്കിന് ശേഷമാണ് സ്പെഷ്യൽ ഇൻവിറ്റേഷൻ പ്രകാരം എൽഫ്, റയന്റെയും റെയ്നയുടെയും വീട്ടിലെത്തി ഫാമിലി റൂമിലെ ടോപ്പ് ഷെൽഫിൽ ഇരിപ്പുറപ്പിച്ചത്.
സൈമൺ മക്കളെ മടിയിലിരുത്തി എൽഫിന്റെ സ്റ്റോറിയും റൂൾസുമെല്ലാം വിശദമായി പറഞ്ഞു കൊടുത്തു. എൽഫ് ഷെൽഫിലിരുന്ന് റയനും റെയ്നയും അനുസരണയുള്ള കുട്ടികളാണോ, നല്ല കാര്യങ്ങളാണോ ചെയ്യുന്നത് എന്നൊക്കെ നോക്കും. എന്നിട്ട് രാത്രിയിൽ സാന്റയുടെ അടുത്തേക്ക് പറന്ന് പോയി മെസ്സേജ് കൊടുക്കും. അതിനനുസരിച്ചാണ് റയനും റെയ്നയ്ക്കും എന്ത് ഗിഫ്റ്റാണ് കൊണ്ടുവരേണ്ടതെന്ന് സാന്റ തീരുമാനിക്കുക. ആരും എൽഫിനെ തൊടാൻ പാടില്ല. തൊട്ടാൽ എൽഫിന്റെ മാജിക്കൽ പവേഴ്സ് ഇല്ലാതെയാകും, പിന്നെ സാന്റയുടെ അടുത്തേക്ക് തിരിച്ചു പോകാൻ എൽഫിന് പറ്റില്ല.
റയനും റെയ്നയും കൗതുകത്തോടെ കാര്യങ്ങളെല്ലാം കേട്ടിരുന്നു, തലയാട്ടി സമ്മതിച്ചു. ചുവന്ന കൂർമ്പൻ തൊപ്പിയും വെള്ള കോളറുള്ള ചുവന്ന ഉടുപ്പുമിട്ട എൽഫിനെ രണ്ടാൾക്കും വളരെ ഇഷ്ടമായി.
എൽഫിന്റെ തുടുത്തു മിനുങ്ങുന്ന ഫേസ് ഒന്നു തൊട്ടുനോക്കാൻ റെയ്നയ്ക്ക് കൊതി തോന്നി. പക്ഷെ, തൊട്ടുനോക്കിയാൽ എൽഫിന്റെ പവേഴ്സ് പോകുമല്ലോ എന്നോർത്തപ്പോൾ അവൾ ആശയടക്കി. എൽഫിന്റെ കണ്ണു കണ്ടാൽ റെയ്നേടെ കണ്ണുപോലെ ‘ബിഗ് ആൻഡ് ഷൈനി’ ആണല്ലോ എന്ന് റയനും തോന്നി.

എന്തായാലും എൽഫിനെ കൊണ്ടുവന്നതിൽ സെലിന് യാതൊരു പരാതിയും ഉണ്ടായില്ല. പിള്ളേർ പുതിയ പിള്ളേരായതു പോലെ. ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ പ്ലേറ്റിന്റെ സൈഡിലേക്ക് മാറ്റിവയ്ക്കുന്ന പച്ചക്കറികൾ, വിമ്മിഷ്ടത്തോടെയാണെങ്കിലും റെയ്ന കഴിച്ചുതുടങ്ങി.
അനുവദിച്ച ടിവി, വീഡിയോ ഗെയിം ടൈം കഴിയുമ്പോൾ വാശിയും വഴക്കുമില്ലാതെ റയൻ എഴുന്നേറ്റു പോകാൻ തുടങ്ങി. റിങ് ചെയ്യുന്ന ഫോൺ എടുത്തു കൊണ്ടുവരാൻ പറയുമ്പോൾ സാധാരണയായുള്ള, “മമ്മി പോയി എടുക്ക്, ഐ ആം ബിസി,” മറുപടി ഇല്ലാതെയായി. “മമ്മി, റെയ്ന എന്റെ ടോയ്സ് എടുക്കുന്നു,” എന്ന പരാതികളും കേൾക്കാതെയായി.
ക്രിസ്മസ് വരെയേ ഉണ്ടാകൂ എങ്കിലും, വീട്ടിലെ പുതിയ ശാന്തത സെലിന് വളരെ ഇഷ്ടപ്പെട്ടു. ക്രിസ്മസ് ട്രീയും, വീടും അലങ്കരിക്കാൻ മമ്മിയുടെ സ്പെഷൽ ഹെൽപ്പേഴ്സ് ആയി രണ്ടുപേരും മത്സരിച്ച് ഓടിനടന്നു.
“ഞങ്ങൾ ചെയ്യുന്നതൊക്കെ കാണുന്നുണ്ടല്ലോ അല്ലേ,” എന്ന് രണ്ടുപേരും എൽഫിനെ ഇടയ്ക്കിടെ പാളിനോക്കുന്നത് കാണുമ്പോഴൊക്കെ ചിരിയടക്കാൻ സെലിൻ പാടുപെട്ടു.
ക്രിസ്മസിന് മൂന്ന് ദിവസം മുന്നേയാണ് സൈമൺ ട്രിപ്പ് കഴിഞ്ഞ് തിരിച്ചു വന്നത്. വന്നപാടെ പപ്പായെ കെട്ടിപ്പിടിച്ച്, രണ്ടുപേരും അവരവർ ചെയ്ത എല്ലാ നല്ല കാര്യങ്ങളും അക്കമിട്ട് വിവരിച്ചു.
ഇനിയെങ്ങാനും ഏതെങ്കിലും ഒരു ഗുഡ് ഡീഡ് എൽഫ് കണ്ടിരുന്നില്ലെങ്കിൽ, ഇപ്പോൾ അത് കേട്ടോട്ടെ എന്നൊരു ഉദ്ദേശവും ആ എണ്ണിപ്പറച്ചിലിൽ ഉണ്ടായിരുന്നു എന്ന് സെലിന് മനസ്സിലായി. ചിരിയോടെ അവൾ സൈമണെ നോക്കി. തന്റെ ഐഡിയ ഒരു സക്സസ് ആയിരുന്നു എന്ന് ആ ചിരിയിൽ നിന്ന് സൈമൺ വായിച്ചെടുത്തു. എല്ലാവർക്കും സന്തോഷം.
അങ്ങനെ, ക്രിസ്മസ് ഈവ് ആയി. ഇന്ന് എല്ലാരും എൽഫിനോട് ഗുഡ് ബൈ പറയണം.
ഇന്ന് രാത്രി, എൽഫ് തിരിച്ചുചെന്ന് സാന്റയെ ഹെൽപ് ചെയ്യാനുള്ളതാണ്. എൽഫിന്റെ സഹായമില്ലാതെ, സാന്റയ്ക്കും റെയിൻഡിയേഴ്സിനും തനിച്ച് എല്ലാ കുട്ടികൾക്കും ഗിഫ്റ്റ്സ് എത്തിച്ചു കൊടുക്കാൻ കഴിയില്ല.

റയനും റെയ്നയ്ക്കും കുറച്ചു സങ്കടം തോന്നാതിരുന്നില്ല. ഇനി അടുത്ത വർഷമല്ലേ എൽഫ് വരുള്ളൂ. എങ്കിലും, നാളെ സമ്മാനങ്ങൾ കിട്ടുമല്ലോ എന്നോർത്തപ്പോൾ, മനസ്സില്ലാമനസോടെ, രണ്ടുപേരും ഗുഡ് നൈറ്റ് ആൻഡ് ഗുഡ് ബൈ പറഞ്ഞിട്ട് ഉറങ്ങാൻ പോയി.
റെയ്ന രണ്ടു മൂന്നു തവണ ആ തിളങ്ങുന്ന കവിളുകളിലേക്ക് തിരിഞ്ഞു നോക്കിയാണ് പോയത്. ഒടുവിലത്തെ നോട്ടത്തിൽ, എൽഫ് തന്നെ നോക്കി, കണ്ണിറുക്കി ചിരിച്ചു എന്ന് അവൾക്ക് ഉറപ്പായിട്ടും തോന്നി.
നനുനനുത്ത കുളിർമഞ്ഞ് പുതച്ച ആ ക്രിസ്മസ് രാവിലെ, ആ വീട്ടിൽ ആദ്യമുണർന്നത് റെയ്നയാണ്. ജനലിനു പുറത്ത്, പൊഴിയുന്ന സ്നോഫ്ലേക്സിൽ സൂര്യകിരണം തട്ടിയ തിളക്കം അവളുടെ വിടർന്ന കണ്ണുകളിൽ പ്രതിഫലിച്ചു.
“ഇന്ന് ക്രിസ്മസ് ആണല്ലോ,” എന്ന് പെട്ടെന്നോർമ്മവന്ന അവൾ ചാടിയെണേറ്റ് ഫാമിലി റൂമിലേക്ക് ഓടി. ഓടുന്ന വഴി, റയന്റെ ഡോറിൽ തട്ടി, “റയൻ, റയൻ, ഇറ്റ്സ് ക്രിസ്മസ്” എന്ന് വിളിച്ചു കൂവാനും മറന്നില്ല.
ഫാമിലി റൂമിൽ എത്തിയ റെയ്നയുടെ കണ്ണുകൾ ആദ്യം നീണ്ടത്, ഷെൽഫിലേക്കാണ്. എൽഫ് അവിടെ ഉണ്ടായിരുന്നില്ല. മുഖത്തെ ചെറിയ സങ്കടം, ക്രിസ്മസ് ട്രീയുടെ മുന്നിലെ സമ്മാനങ്ങൾ കണ്ടപ്പോൾ സന്തോഷത്തിന് വഴിമാറി.
പിന്നാലെ ഓടിയെത്തിയ റയനെ നോക്കി, അവൾ വീണ്ടും വിളിച്ചുകൂവി “മമ്മി, പപ്പാ, വി ആർ ഗുഡ് ചിൽഡ്രൻ, വി ഗോട്ട് പ്രെസന്റ്സ് ഫ്രം സാന്റാ!”