scorecardresearch

മേഘക്കുട്ടന്റെ യാത്രകൾ

"അവൻ സന്തോഷത്തോടെ അമ്മയുടെ കൈപിടിച്ച് മുകളിലേക്ക് പയ്യെ, പയ്യെ പറക്കാൻ തുടങ്ങി. അൽപ്പം കഴിഞ്ഞു, അമ്മയുടെ കൈവിടുവിച്ചു തെല്ലു വേഗത്തിൽ." സീമാ സ്റ്റാലിൻ എഴുതിയ കുട്ടികളുടെ കഥ

"അവൻ സന്തോഷത്തോടെ അമ്മയുടെ കൈപിടിച്ച് മുകളിലേക്ക് പയ്യെ, പയ്യെ പറക്കാൻ തുടങ്ങി. അൽപ്പം കഴിഞ്ഞു, അമ്മയുടെ കൈവിടുവിച്ചു തെല്ലു വേഗത്തിൽ." സീമാ സ്റ്റാലിൻ എഴുതിയ കുട്ടികളുടെ കഥ

author-image
Seema Stalin
New Update
seema stalin, story, iemalayalam

തെളിഞ്ഞ ആകാശത്തിൽ അമ്മയോട് ചേർന്ന് പറന്നു രസിക്കുകയായിരുന്നു മേഘക്കുട്ടൻ. അവന്റെ ചേട്ടന്മാരും കൂട്ടുകാരും ഒക്കെ തെല്ലു ദൂരെയായി പറന്നു നടക്കുന്നു. അങ്ങ് താഴെ ഭൂമിയിലെ തടാകങ്ങളിലേക്ക് നോക്കിയപ്പോൾ നീലാകാശത്തു മേഞ്ഞു നടക്കുന്ന ആട്ടിൻകുട്ടിയാണ് താനെന്നു മേഘക്കുട്ടന് തോന്നി. അമ്മയും എന്തൊരു സുന്ദരിയാണ്, പഞ്ഞിക്കെട്ടു പോലെ എന്തൊരു വെണ്മ. ഇളം വെയിലിൽ അമ്മയുടെ കവിളുകൾ വെട്ടിത്തിളങ്ങുന്നു.

Advertisment

അൽപ്പ നേരം ഭൂമിയിലേയ്ക്ക് നോക്കിയപ്പോൾ മേഘക്കുട്ടന് അത്ഭുതമായി, എത്ര നിറങ്ങളാണ് ഒരു കൊച്ചു പന്ത് പോലെയുള്ള ഭൂമിയിൽ. ചിലയിടങ്ങളിൽ പച്ചപ്പട്ടു വിരിച്ചതു പോലെ കൂട്ടം കൂടി നിൽക്കുന്ന മരങ്ങളും മലകളും, അവയ്ക്കിടയിൽ വെള്ളിനൂല് പോലെ ഒഴുകുന്ന പുഴകൾ, ചില ഭാഗങ്ങളിൽ ആകാശത്തിന്റെ ഒരു ഭാഗം അടർന്നു താഴെ വീണു ചിതറിയതു പോലെ നീല കടലുകൾ.

എന്ത് രസമാണ് ഇങ്ങനെ പറക്കാൻ. ഈ ദിവസം തീരാതിരുന്നെങ്കിൽ. അവൻ ആശിച്ചു. പറന്നു പറന്നു അകലേക്ക്‌ പോകാനാവാത്ത വിധം എന്തോ ഒന്ന് ഭൂമിയിലേക്ക് തന്നെ പിടിച്ചു വലിക്കുന്നതായി മേഘക്കുട്ടന് തോന്നി .

ഒരൽപ്പം വേഗതയിൽ കാറ്റു വീശിയപ്പോൾ താൻ അമ്മയുടെ പിടി വിട്ടു ഭൂമിയിലേയ്ക്ക് വീണു പോകുമോ എന്ന് അവൻ ഭയപ്പെട്ടു. മേഘക്കുട്ടന്റെ പരിഭ്രമം കണ്ടപ്പോൾ അമ്മ പറഞ്ഞു "പേടിക്കേണ്ട കുട്ടാ, നമ്മൾ ഭൂമിയിലേക്കുള്ള യാത്രയിലാണ്."

Advertisment

എന്തിനാണ് നമ്മൾ ഭൂമിയിലേക്ക് പോകുന്നത്? എനിക്ക് പറന്നു നടന്നാൽ മതി. അവൻ അമ്മയോട് ചേർന്ന് നിന്ന് ചിണുങ്ങി .

അവനെ ചേർത്ത് പിടിച്ചു അമ്മ പറഞ്ഞു "നമ്മൾ സദാ മാറിക്കൊണ്ടേയിരിക്കും. നമ്മെ കാത്തിരിക്കുകയാണ് ഭൂമി. അങ്ങോട്ട് എത്തണമെങ്കിൽ നമുക്ക് ഈ രൂപം മാറ്റി മഴത്തുള്ളികളാവണം, നോക്കൂ നിന്റെ ചേട്ടന്മാരും, കൂട്ടുകാരും താഴേക്ക് ഓടിയിറങ്ങുന്നത്."

seema stalin, story, iemalayalam

അതിവേഗത്തിൽ ഭൂമിയിലേക്ക് ചാഞ്ഞിറങ്ങി മലകളിലെ ചെറു മരത്തലപ്പുകളെ തഴുകി പഞ്ഞിക്കെട്ടുകളോരോന്നായി മഴത്തുള്ളികളായി മാറുന്നത് മേഘക്കുട്ടൻ കണ്ടു. അവൻ അമ്മയെ ഒന്നുകൂടെ ഇറുക്കിപ്പിടിച്ചു. ഒന്ന് കണ്ണടച്ച് തുറന്നപ്പോഴേക്കും താനും അമ്മയും ഭൂമിയിലേയ്ക്ക് പെയ്തിറങ്ങുകയാണ്.

തങ്ങൾ ഒഴുകിയിറങ്ങിയ പുൽത്തകിടികൾ സന്തോഷത്തോടെ നനഞ്ഞു കുതിരുന്നത് അവൻ കണ്ടു, മണൽത്തരികൾ അവരെ സ്നേഹത്തോടെ കെട്ടിപ്പുണർന്നു.

മരങ്ങളുടെ വേരുകൾക്കിടയിലൂടെ അവർ അതിവേഗം ഒഴുകിയിറങ്ങി, അവർ സഞ്ചരിച്ച വഴികളിൽ പച്ചപ്പും കുളിർമ്മയും പടരുന്നത് അറിഞ്ഞപ്പോൾ അവനു സന്തോഷം തോന്നി. അവർ നനച്ച മരങ്ങളിൽ ജീവൻ പൂവായും കായായായും മാറുന്നത് കണ്ടു അവൻ അത്ഭുതപ്പെട്ടു.

കിളികളും ചെറുതും വലുതുമായ ഭൂമിയിലെ ജീവജാലങ്ങളും വെള്ളം കുടിച്ചു തൃപ്തരാവുന്നതു കണ്ടപ്പോൾ കൂടുതൽ ദൂരങ്ങളിലേക്ക് അമ്മയോടൊപ്പം ഒഴുകിയിറങ്ങാൻ അവന് ഉത്സാഹമായി. പാറക്കെട്ടുകളും മലനിരകളും പിന്നിട്ടു പതഞ്ഞൊഴുകിയപ്പോൾ അവൻ ചേട്ടന്മാരുടെയും കൂട്ടുകാരുടെയും കുസൃതിച്ചിരികൾ കേട്ടു.

seema stalin, story, iemalayalam

നമ്മളിപ്പോൾ വെള്ളിനൂല് പോലെ ഭൂമിയിലൂടെ ഒഴുകുകയാണെന്നു അമ്മ അവനോടു പറഞ്ഞു.

ഒഴുകി, ഒഴുകി അവർ കടലിലെത്തി. കണ്ണെത്താ ദൂരത്തോളം പരന്ന് വിസ്തൃതമായ നീലക്കടൽ. തന്റെ നിറം നീലയായോ എന്നവൻ ഒരുവേള സംശയിച്ചു. ഇല്ല സൂക്ഷിച്ചു നോക്കിയാൽ ഒരു നിറവുമില്ല, നീല എന്ന് തോന്നുന്നതാണ്. എന്തുകൊണ്ടാണിത്? അവൻ ചോദിച്ചു

"ഈ ലോകത്തിലെ കാഴ്ചകളെല്ലാം നമ്മുടെ തോന്നലുകളാണ്. മുന്നോട്ടു സഞ്ചരിക്കുക എന്നത് മാത്രമാണ് നമ്മുടെ ജീവിത താളം, അതൊരിക്കൽ നീ കണ്ടെത്തും." അമ്മ പറഞ്ഞു.

കടലിലെ എണ്ണിയാൽ തീരാത്ത മീനുകളോടൊപ്പം അവൻ കളിച്ചു മറിഞ്ഞു. തിരമാലകൾക്കൊപ്പം ഉയർന്നു പൊങ്ങി ചാടി രസിച്ചു. ക്ഷീണിച്ചപ്പോൾ മേലെ നീലാകാശം നോക്കി അമ്മയോട് ചേർന്ന് കിടന്നു.

ആ കിടപ്പിൽ അങ്ങ് മേലെ പഞ്ഞിക്കെട്ടുകൾ പോലെ പറന്നു നടക്കുന്ന മേഘക്കൂട്ടങ്ങളെ കണ്ടു .

"എന്നാൽ പോയാലോ?" അമ്മ ചോദിച്ചു.

അവൻ സന്തോഷത്തോടെ അമ്മയുടെ കൈപിടിച്ച് മുകളിലേക്ക് പയ്യെ, പയ്യെ പറക്കാൻ തുടങ്ങി. അൽപ്പം കഴിഞ്ഞു, അമ്മയുടെ കൈവിടുവിച്ചു തെല്ലു വേഗത്തിൽ.

കാഴ്ചകൾ കണ്ടു നിൽക്കാൻ സമയമില്ല, എത്രയും പെട്ടന്ന് ചേട്ടന്മാരുടെ കൂടെയെത്തണം, ആവോളം ഉയരത്തിൽ പറന്നു രസിക്കണം, പിന്നെ ആർത്തു പെയ്യണം, ഭൂമിയുടെ ജീവനാവണം, ഇരമ്പിപ്പായണം, കൂറ്റൻ പാറക്കെട്ടുകളിലൂടെ കുതിച്ചു ചാടണം, വൻ തിരകളായി ആടിയുലയണം. അവൻ തന്റെ ജീവിതതാളം കണ്ടെത്തിക്കഴിഞ്ഞിരുന്നു.

Children Malayalam Writer Short Story

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: