പുലർച്ചെ ണിം ണിം മണിയൊച്ച കേട്ടാണ് ലീനസ് കണ്ണ് തുറന്നത്, താഴെ വിക്ടറിന്റെ ട്രാക്ടർ വീടിനു മുന്നിലെ ചെറിയ റോഡിൽ നിന്നും മഞ്ഞു വടിച്ചു മാറ്റി ചെറിയ ചരൽക്കല്ലുകൾ വിതറുകയാണ്. ഇത്തവണ വളരെ വൈകിയാണ് മഞ്ഞു വീണത്.
ഇന്നലെ പൊടുന്നനെ ആകാശത്തെവിടെയോ ചെറിയൊരു ചില്ലുപാത്രം ഉടഞ്ഞതു പോലെ തണുത്ത കാറ്റിൽ പറന്നിറങ്ങിയ മഞ്ഞു തരികൾ ആദ്യമാദ്യം ഇലകളൊഴിഞ്ഞ മരച്ചില്ലകളിൽ തട്ടിത്തടഞ്ഞു നിന്നു, പിന്നെ പതുക്കെ നിറങ്ങളൊഴിഞ്ഞു നരച്ചു മണ്ണോടു പറ്റിക്കിടന്ന പുൽനാമ്പുകളിലേയ്ക്ക് ഉപ്പു തരികൾ പോലെ ഒന്നിന് മേൽ ഒന്നായി പൊഴിഞ്ഞു വീഴാൻ തുടങ്ങി.
വർഷത്തിലെ ആദ്യത്തെ മഞ്ഞു വീഴ്ച ശരിക്കും ആഘോഷമാവേണ്ടതായിരുന്നു. പക്ഷേ, അടുത്ത വീടുകളിലെ കൂട്ടുകാർ ഓസ്കർ , അലക്സി , ജോഹാകിം , ഇസബെല്ലാ, മായ എല്ലാവരും ക്രിസ്മസ് അവധി തുടങ്ങിയതും തങ്ങളുടെ അവധിക്കാല വീടായ ഹിത്തകളിലേയ്ക്ക് പോയിക്കഴിഞ്ഞിരുന്നു. മറിയാനാ സ്പെയിനിലേക്കും, അവൾ ഇത്തവണ അമ്മൂമ്മയോടൊപ്പം മലാഖയിലാണ് ക്രിസ്മസ് ആഘോഷിക്കുന്നത്.
അവിടെ മഞ്ഞില്ല, വർഷം മുഴുവനും വെയിലാണ്, നിറയെ കടൽത്തീരങ്ങളും. താഴെ റോഡിനോട് ചേർന്നുള്ള വീട്ടിൽ ജോസഫ് ഉണ്ട്, അവന്റെ വീട്ടുകാർ അങ്ങ് ദൂരെ ഇന്ത്യയിലാണ്, രണ്ടാഴ്ചത്തെ ക്രിസ്മസിനു അവൻ നാട്ടിൽ പോകാറില്ല, പക്ഷെ അവൻ എഴുന്നേൽക്കണമെങ്കിൽ നേരം ഉച്ചയാകണം .
താഴെ അടുക്കളയിലെ മേശപ്പുറത്തു 24 എന്ന നമ്പർ എഴുതിയ കുഞ്ഞു സമ്മാനപ്പൊതി തുറന്നു നോക്കിയപ്പോൾ അതിനുള്ളിൽ എന്നത്തേയും പോലെ ക്രിസ്മസ് അപ്പൂപ്പന്റെ രൂപത്തിലുള്ള ചെറിയ ചോക്കലേറ്റും ഇന്ന് ചെയ്യേണ്ടത് എന്തെന്നുള്ള ഒരു കുറിപ്പും.
ഇന്നത്തോടെ ക്രിസ്മസ് കലണ്ടർ തീരുകയാണ്. അമ്മ നേരത്തെ എത്തി ഉറക്കം തുടങ്ങിയിരിക്കുന്നു, രാത്രി ജോലി ചെയ്തു വെളുപ്പിന് മഞ്ഞു വീണ റോഡിലൂടെ കാറോടിച്ചു വന്നപ്പോൾ തെന്നലുണ്ടായിരുന്നോ ആവോ.

പ്രസവ വാർഡിലാണ് ‘അമ്മ ജോലി ചെയ്യുന്നത്. ക്രിസ്മസ് ആയിട്ട് ജോലിക്ക് പോകണോ എന്ന് ചോദിച്ചപ്പോൾ പറയുകയാണ് ‘ അവർക്കു എന്നും തിരുപ്പിറവിയാണെന്നു ‘ .
അങ്ങനെയാണോ? ഒരു കുട്ടി ജനിക്കുന്നത് ക്രിസ്മസ് പോലെയാണോ? അത്രയ്ക്കും സന്തോഷം ഒരു വീട്ടിൽ ഉണ്ടാകുമോ? അങ്ങനെ ആണെങ്കിൽ എന്തിനാണ് പപ്പാ നമ്മളെ വിട്ടു പോയത്? എല്ലാവരുടെയും കാര്യം അമ്മയ്ക്കറിയില്ല, പക്ഷെ ലീനസ് ആണ് അമ്മയുടെ സന്തോഷം, ക്രിസ്മസിനു മാത്രമല്ല എന്നും.
തണുത്ത പാലും ചോക്ലേറ്റും കഴിച്ചു, കെറ്റിലിൽ വെള്ളം തിളപ്പിച്ച് പാത്രത്തിൽ വച്ചിരുന്ന പാസ്റ്റയിലേയ്ക്ക് ഒഴിച്ച് മൂടി വച്ചിട്ട് ലീനസ് പുറത്തേയ്ക്കിറങ്ങി. നല്ല തണുപ്പുണ്ട്, എങ്കിലും നനുത്ത മഞ്ഞിലൂടെ നടക്കാനൊരു രസം. ഇറക്കത്തിൽ മഞ്ഞിലൂടെ ഊർന്നു പോകാനുള്ള ആകെബെർത്തും, സ്ലെഡ്‌ജുമായി ചില ചെറിയ കുട്ടികൾ തിരക്കിട്ടു ഓടുന്നുണ്ട്.
ടൈഗർ എന്ന് ചെല്ലപ്പേരുള്ള പട്ടിക്കുട്ടിയുമായി ഗ്രേയ്‌ത രാവിലത്തെ നടപ്പു കഴിഞ്ഞു വരുകയാണ്, ലീനസ് ഹാപ്പി ക്രിസ്മസ് എന്ന് പറഞ്ഞത് കേട്ടിട്ടും കേൾക്കാത്ത മട്ടിൽ അവർ അവനെ കടന്നു പോയി.
എത്ര പെട്ടന്നാണ് ആളുകൾ മാറിപ്പോകുന്നതെന്നു ലീനസ് ഓർത്തു. ലോറെൻസ് ഉണ്ടായിരുന്നപ്പോൾ അവർ നന്നായി ചിരിച്ചിരുന്നു, ഇപ്പോൾ ചിരിക്കുന്നത് പോയിട്ട് ആളുകളുടെ മുഖത്തു നോക്കാൻ തന്നെ അവർക്കിഷ്ടമില്ലാത്തതു പോലെ. ടൈഗർ മാത്രമാണ് അവരുടെ ലോകത്തിൽ ബാക്കിയുള്ളു എന്ന മട്ടിലാണ് ജീവിതം .
ഈയിടെ കുട്ടികളെ കാണുന്നത് തന്നെ അവർക്കിഷ്ടമില്ല. അതിനു കാരണമുണ്ട്, അവരെ ദേഷ്യം പിടിപ്പിക്കുക എന്നതാണ് ഇവിടത്തെ ചില വികൃതിപ്പിള്ളേരുടെ പ്രധാന പരിപാടി. ഓടിച്ചെന്നു ഇടയ്ക്കിടയ്ക്ക് അവരുടെ വീട്ടിലെ കാളിങ് ബെല്ലടിക്കുക, വാതിൽ തുറക്കുമ്പോഴേക്കും എവിടെയെങ്കിലും ഒളിച്ചിരിക്കുക, ടൈഗറിനെ അഴിച്ചു വിടുക, ചെടിച്ചട്ടികൾ സ്ഥാനം മാറ്റി വയ്ക്കുക, വീടിന്റെ മുൻവശത്തെ പൈപ്പ് തുറന്നു വെള്ളം കളയുക അങ്ങനെ അങ്ങനെ.
ഔ എന്നൊരു കരച്ചിലും ടൈഗറിന്റെ നിർത്താതെയുള്ള കുരയും കേട്ട് ലീനസ് തിരിഞ്ഞു നോക്കിയപ്പോൾ, അതാ ഗ്രെയ്ത്ത റോഡരുകിൽ വീണു കിടക്കുന്നു, കണ്ണാടിച്ചില്ലു പോലെമഞ്ഞുറഞ്ഞ ഭാഗത്തെവിടെയോ ചവിട്ടി തെന്നി വീണതാണ്.
വഴുക്കലുള്ളതിനാൽ വീണിടത്തു നിന്നും എഴുന്നേൽക്കാനാവാതെ കുഴങ്ങുകയാണ്. ലീനസ് ഓടിച്ചെന്നു അവരെ കൈ പിടിച്ചുയർത്തി, വീണ്ടും വീണു പോകാതിരിക്കാൻ വേലിക്കൽ നിന്നിരുന്ന ആപ്പിൾ മരത്തിന്റെ ചില്ലയിൽ ഊന്നി നിന്നു .

ഗ്രെയ്ത്ത ലീനസിനോട് നന്ദി വാക്കൊന്നും പറഞ്ഞില്ലെന്നു മാത്രമല്ല, എഴുന്നേൽക്കുമ്പോഴും, പിന്നീട് വീഴുമോ എന്ന് ഭയന്ന പോലെ തെല്ലു മുന്നോട്ടു വളഞ്ഞു നടന്നു വീട്ടിൽ കയറിയപ്പോഴും അവർ ഉച്ചത്തിൽ വിക്ടറിനെ ശകാരിച്ചു കൊണ്ടിരുന്നു. പണം കൃത്യമായി വാങ്ങിയിട്ടും അയാൾ മഞ്ഞു വൃത്തിയായി വടിച്ചു നീക്കിയില്ലെന്നും ആവശ്യത്തിന് ഉപ്പും കൽച്ചീളുകളും വിതറിയിട്ടില്ലെന്നു മൊക്കെ. .
ജാക്കറ്റിൽ നിന്നും തലയിൽ നിന്നും മഞ്ഞു തട്ടിക്കളഞ്ഞു വീട്ടിലേക്കു നടന്നപ്പോൾ ലീനസ് ഓർത്തത് ആ കണ്ണുകളായിരുന്നു, ദേഷ്യവും വയ്യായ്കയും സങ്കടവും നിറഞ്ഞു നിന്ന അവരുടെ കണ്ണുകൾ.
‘സന്തോഷം കണ്ണുകളിൽ പൂവിരിയിക്കുമെന്നാണ് ‘ അമ്മ പറയാറുള്ളത് .
ഒരു വിഷമവും അമ്മയിൽ നിന്നും മറയ്ക്കാൻ പറ്റില്ല, അമ്മ കണ്ണിൽ നോക്കി എല്ലാം പിടിച്ചെടുക്കും.
വീടിന്റെ മുൻവശത്തെ പടിയിൽ വച്ചിരുന്ന കൊച്ചു ക്രിസ്മസ് ട്രീയിൽ തിളങ്ങി കിടന്ന ഉരുണ്ട കണ്ണാടിവിളക്കുകൾ കണ്ടപ്പോൾ ലീനസിനു ഒരു ബുദ്ധി തോന്നി. സാൻഡ്‌വിക്കയിലെ ക്രിസ്മസ് ചന്തയിൽ നിന്നും പപ്പാവാങ്ങിക്കൊണ്ടു വന്ന സമ്മാനമാണ്, നൂറ്റാണ്ടുകൾ പഴക്കമുള്ള ഗ്ലാസ് ഫാക്ടറിയിൽ എങ്ങനെയായി രുന്നു ഗ്ലാസ് പാത്രങ്ങൾ ഉണ്ടാക്കിയിരുന്നതെന്നു കുട്ടികളെ കാണിക്കാൻ വേണ്ടി മാത്രം ഇപ്പോൾ ഉപയോഗിക്കുന്ന ചെറിയ ആലയിൽ ചുട്ടു പഴുത്തു കുഴഞ്ഞിരിക്കുന്ന ഗ്ലാസിൽ കുഴലിലൂടെ ഊതി രൂപപ്പെടുത്തുന്ന മനോഹരമായ കണ്ണാടി വിളക്കുകൾ.
നല്ല വിലയായിട്ടുണ്ടാവണം. പിരിഞ്ഞു പോയതിൽ പിന്നെ പപ്പാ സ്നേഹം പ്രകടിപ്പിക്കുന്നത് ഇങ്ങനെ ഇടയ്ക്കിടയ്ക്ക് കൊണ്ട് വരുന്ന വിലയേറിയ സമ്മാനങ്ങൾ വഴിയാണ് .
ഊണുമുറിയിലെ കണ്ണാടിച്ചിലുള്ള മരത്തിന്റെ അലമാരയിലാണ് ആദ്യം ഇത് വച്ചത്, പിന്നെ ഇത് കാണുമ്പോഴൊക്കെ അമ്മയുടെ മുഖം മങ്ങുന്നുവെന്നു തോന്നിയപ്പോൾ പുറത്തെ ക്രിസ്മസ് ട്രീയിലേക്കു മാറ്റിയതാണ്.
അമ്മ ഒരിയ്ക്കലും പപ്പയെ കുറ്റം പറയുകയില്ല, ഇപ്പോൾ തമ്മിൽ കാണുമ്പോൾ ഏതെങ്കിലും ഒരു കാലത്തു അവർ സ്നേഹിച്ചിരുന്നുവെന്നോ ഒരുമിച്ചു കഴിഞ്ഞിരുന്നു എന്നോ തോന്നാത്ത വിധം ഏതോ ഒരു പഴയ പരിചയക്കാർ എന്ന വിധമാണ് പെരുമാറ്റം. സ്നേഹവുമില്ല വെറുപ്പുമില്ല. ഇവർക്കിടയിൽ അടർത്തി മാറ്റാനാവാത്ത ഒരു ലോക്കറ്റ് പോലെ ലീനസും .
വഴക്കടിക്കുന്ന അച്ഛന്റെയും അമ്മയുടെയും കൂടെയല്ല ലീനസ് വളരേണ്ടത് എന്നതായിരുന്നു അവരെടുത്ത ഏറ്റവും നല്ല തീരുമാനം എന്നാണ് ഒരിക്കൽ പപ്പാ പറഞ്ഞത്. ചിലപ്പോൾ അതായിരിക്കും ശരി. എങ്കിലും തന്നോട് ഇത്ര സ്നേഹപൂർവം പെരുമാറുന്ന രണ്ടു പേർ, സ്നേഹിക്കാൻ മാത്രമറിയാവുന്ന രണ്ടു പേർ, അവർക്കെന്താണ് സ്നേഹത്തോടെ ഒരുമിച്ചു ഈ വീട്ടിൽ ജീവിക്കാൻ കഴിയാത്തത്.
ഗ്രെയ്ത്തയുടെ വീട്ടുമുറ്റത്തെ ക്രിസ്മസ് മരത്തിൽ ലീനസ് ഒരു കൊച്ചു നക്ഷത്രവും, ഉരുണ്ട കണ്ണാടിവിളക്കുകളും തൂക്കിയിട്ടു. അവയിൽ പാറി വീണ മഞ്ഞു തരികളിൽ സൂര്യരശ്മികൾ മഴവില്ലു വിരിച്ചു. ശബ്ദമുണ്ടാക്കാതെ പോകാൻ തിരിഞ്ഞപ്പോഴേയ്ക്കും മുൻ വശത്തെ വാതിൽ തുറന്നു.
ഒരു കൊച്ചു പാത്രത്തിൽ ആപ്പിൾ കേക്കും, മിട്ടായികളുമായി ഗ്രെയ്ത്ത നിൽക്കുന്നു. ഇപ്പോൾ അവരുടെ കണ്ണുകളിൽ ചിരിയുണ്ട്, സന്തോഷത്തിന്റെ ഒരു നക്ഷത്രം ആ മുഖത്തു തിളങ്ങി നിൽക്കുന്നു.
“God Jul ലീനസ്.” ഗ്രെയ്ത്ത പറഞ്ഞു.
ലീനസ് അവരെ കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ വച്ചു ‘ഹാപ്പി ക്രിസ്‌മസ്’
അല്ലെങ്കിലും ക്രിസ്മസ് എന്നാൽ സന്തോഷം തന്നെയല്ലേ?
റോഡിനു മറുവശമുള്ള വീട്ടിലേക്കു നോക്കിയപ്പോൾ, ജനാലയ്ക്കൽ കാപ്പിക്കപ്പുമായി വിടർന്ന ചിരിയോടെ അമ്മ നിൽക്കുന്നു. അതെ സന്തോഷം, അത് തന്നെയാണ് ക്രിസ്മസ്. God Jul