ഹാ! കൂട്ടുകാർക്കറിയാമോ, ദിയ ആരാണെന്ന്?
ദിയ ഒരു കൊച്ചു പെൺകുട്ടിയായിരുന്നു. നഗരത്തിലെ അപ്പാർട്ട്മെന്റിലാണ് ദിയയും അവളുടെ അനിയത്തി വാവയും അച്ഛനും അമ്മയും കഴിഞ്ഞിരുന്നത്. ആകാശത്തെ തൊട്ടു നിൽക്കുന്നതു പോലെയുള്ള പല നിലകളുള്ള കെട്ടിടങ്ങളെ കൊണ്ട് നിറഞ്ഞ നഗരമായിരുന്നു, അത്. ഒമ്പതാം നിലയിലുള്ള അവളുടെ അപ്പാർട്ട്മെന്റിന്റെ ബാൽക്കണിയിൽ ഇരുന്നാൽ എന്തെല്ലാം കാഴ്ചകൾ കാണാമെന്നോ !
അവളുടെ അപ്പാർട്ട്മെന്റ് പോലുള്ള മറ്റനേകം കെട്ടിടങ്ങളുടെ ഇടയിലൂടെ കാണുന്ന ആകാശത്തിന്റെ പാളികൾ, അതിൽ പറന്നു നടക്കുന്ന കിളികൾ, താഴെ നിരത്തിലൂടെ പുഴ പോലെ ഒഴുകുന്ന വാഹനങ്ങൾ, ആളുകളുടെ ദിനേനയുള്ള നടത്തം, ബാൽക്കണിയിൽ വിരുന്നു വന്നിരിക്കുന്ന പ്രാവുകൾ, പാരപ്പറ്റിൽ തൂങ്ങി നിൽക്കുന്ന നിരവധി തേനീച്ചക്കൂടുകൾ… അങ്ങിനെ എന്തെല്ലാം!
ദിയ, വൈകുന്നേരങ്ങളിൽ കൂട്ടുകാരോടൊത്ത് കളിക്കാൻ പോവും. മറ്റു സമയങ്ങളിൽ വാവയുടെ കൂടെ കളിക്കും. ദിയ നൃത്തം ചെയ്യുമ്പോൾ വാവ പല്ലില്ലാ മോണ കാണിച്ച് കുടുകുടാ ചിരിക്കും. അങ്ങിനെ കളിച്ച്, ചിരിച്ച് സുഖമായി ജീവിച്ചു വരുന്നതിനിടയിലാണ് ലോകം മുഴുവനും മഹാമാരിയുടെ പിടിയിലായത്.
അത് പറയാതെ തന്നെ നിങ്ങൾക്ക് അറിയാമല്ലോ! രാജ്യം മുഴുവനും ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ദിയയുടെയും കൂട്ടുകാരുടേയും സ്കൂളിൽ പോവലും കളികളും എല്ലാം മുടങ്ങി. വീടിനുള്ളിൽ തന്നെ ഓൺലൈൻ ക്ലാസ്സും വീഡിയോ ഗെയിമും മറ്റുമായി അടഞ്ഞിരുന്നു മുഷിഞ്ഞു പോയ സമയത്താണ് ദിയക്ക് ഒരു ആഗ്രഹം തോന്നിയത്.
ഒരു ഓമന മൃഗത്തെ വളർത്തണം. ഒരു നായ്ക്കുട്ടി, അല്ലെങ്കിൽ പൂച്ചക്കുട്ടി. അവൾ ഒരു കുഞ്ഞു വളർത്തു മൃഗത്തെ സ്വപ്നം കണ്ടു. ഉടനെ തന്നെ അച്ഛനോടും അമ്മയോടും അവളുടെ ആവശ്യം പറഞ്ഞു. അവർ സമ്മതിച്ചുവോ? ഇല്ലല്ലോ!
ദിയയ്ക്ക് സങ്കടം വന്നു. സങ്കടം വന്നാൽ എല്ലാവരും ചെയ്യുന്നത് എന്താണ്? അതു തന്നെ, അവൾ തേങ്ങിക്കരയാൻ തുടങ്ങി. ദിയയുടെ സങ്കടം കണ്ട് അച്ഛനും അമ്മയ്ക്കും സങ്കടം വന്നു. ദിയയുടെ വിഷമം മാറ്റാൻ അച്ഛന് ഒരു പോംവഴി കണ്ടെത്തി.
അന്നു തന്നെ അടുത്തുള്ള കടയിൽ നിന്ന് കുഞ്ഞു ഫിഷ് ടാങ്കും മനോഹരമായ ഒരു മീനിനെയും അച്ഛൻ വാങ്ങിച്ചു കൊണ്ടു വന്നു. നീലയും സ്വർണവർണവും ചേർന്ന നിറത്തിലുള്ള സുന്ദരി മത്സ്യം ഫിഷ് ടാങ്കിൽ തിളങ്ങിക്കൊണ്ട് നീന്തി തുടിച്ചു.
ആദ്യമൊക്കെ പിണങ്ങി നിന്നെങ്കിലും ദിയയ്ക്ക് പതുക്കെ, പതുക്കെ ആ മീനിനെ ഇഷ്ടമാവാൻ തുടങ്ങി. അങ്ങിനെയാണ് കൗതുകം നിറച്ചു വെച്ച രണ്ടു കണ്ണുകൾ നീന്തിത്തുടിക്കുന്ന ആ സുന്ദരിക്കുട്ടിയെ പിന്തുടർന്ന് തുടങ്ങിയത്!

അച്ഛനും അമ്മയും തിരക്കിട്ട ഓഫീസ് പണികളിൽ മുഴുകുകയും കുഞ്ഞു വാവ നല്ല ഉറക്കത്തിലാവുകയും ചെയ്ത ഒരു മദ്ധ്യാഹ്നത്തിൽ ദിയയ്ക്ക് നന്നേ മടുപ്പ് തോന്നി. അങ്ങിനെയിരിക്കുമ്പോഴാണ് അവൾ മത്സ്യത്തോട് സംസാരിക്കാൻ തുടങ്ങിയത്.
“എനിക്ക് ബോറടിക്കുന്നു. നിനക്ക് ഒറ്റയ്ക്ക് നീന്തിക്കളിച്ച് മടുപ്പ് തോന്നുന്നില്ലേ?” ഫിഷ് ടാങ്കിന്റെ മുകളിലെ ചെറിയ വാതിലിലൂടെ ദിയ മത്സ്യത്തോട് ചോദിച്ചു.
അത്ഭുതമെന്ന് പറയട്ടെ, ആ മത്സ്യം ഒന്നു പുഞ്ചിരിച്ചു. എന്നിട്ട് മറുപടി പറയാൻ തുടങ്ങി “എന്ത് രസമാണെന്നോ ഇങ്ങനെ നീന്തി തുടിക്കാൻ!”
ദിയ ഞെട്ടിപ്പോയി. മത്സ്യം സംസാരിക്കുന്നോ!
മീൻ ടാങ്കിന്റെ അടിയിലെ വെള്ളാരങ്കല്ലുകളിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ഒരു വട്ടം ചുറ്റിക്കറങ്ങി വീണ്ടും മുകളിലെത്തി. എന്നിട്ട് പറഞ്ഞു “നിനക്ക് ബോറടിക്കുന്നോ? എന്നാൽ ഞാൻ ഒരു കഥ പറയാം, കേൾക്കണോ?”
അങ്ങിനെയാണ് മത്സ്യം കഥ പറയാൻ തുടങ്ങിയത്. ദിയ, ഫിഷ് ടാങ്കിനോട് ചേർന്നിരുന്ന് കഥ കേൾക്കാനും.
സമുദ്രത്തിനടിയിലെ മാന്ത്രിക ലോകത്തിൽ നിന്നാണത്രേ മത്സ്യം വരുന്നത്. വമ്പൻ സ്രാവുകളിൽ നിന്നും രക്ഷപ്പെടാനാണ് അവൾ തന്റെ മാജിക് ഉപയോഗിച്ചിരുന്നത് എന്നും നൊടിയിടയിൽ അപ്രത്യക്ഷമാവാനുള്ള സൂത്രവിദ്യ തന്റെ കൈയ്യിലുണ്ടെന്നും ദിയയോട് പറഞ്ഞു.
മാത്രമല്ല, ഒരു കൂറ്റൻ നീല തിമിംഗലത്തിന്റെ വായിൽ പെടാതെ രക്ഷപ്പെട്ട കഥയും അത് ദിയയോട് പറഞ്ഞു. ദിയ വിശ്വാസം വരാത്ത മട്ടിൽ മത്സ്യത്തെ നോക്കി.
” പിന്നെ! നീ വീമ്പു പറയുകയല്ലേ! മാജിക്ക് അങ്കിളിന് മാത്രമെ മാജിക് കാണിക്കാൻ പറ്റൂ. മത്സ്യങ്ങൾക്ക് പറ്റുമോ?”
“എങ്കിൽ നീ നിന്റെ വിരൽ കൊണ്ട് എന്റെ ചെതുമ്പലിൽ ഒന്നു തൊട്. ഞാൻ ഒരു സൂത്രം കാണിച്ചു തരാം.” മത്സ്യം ദിയയുടെ വെല്ലുവിളി ഏറ്റെടുത്തു കൊണ്ട് പറഞ്ഞു.
ദിയ ഫിഷ് ടാങ്കിന്റെ മൂടി തുറന്ന് മത്സ്യത്തിന്റെ ചെതുമ്പലിൽ മൃദുവായി ഒന്നു തൊട്ടു. അടുത്ത നിമിഷം ആരോ തന്റെ വിരലിൽ പിടിച്ചു വലിക്കുന്നതായി ദിയക്കു തോന്നി. ദാ കിടക്കുന്നു, അവൾ ഫിഷ് ടാങ്കിനുളളിൽ!
ദിയ ശരിക്കും ഒന്നു പേടിച്ചു. എന്താണെന്നോ, അവൾക്ക് നീന്താനറിയില്ല തന്നെ! അടുത്ത നിമിഷത്തിൽ അവളുടെ കാലുകളുടെ സ്ഥാനത്ത് നല്ലൊരു മത്സ്യ വാൽ മുളച്ചു വന്നു. അവൾ മത്സ്യത്തോടൊപ്പം ഫിഷ് ടാങ്കിന്റെ അടിയിലേക്ക് മുങ്ങാങ്കുഴിയിട്ടു.

“ഇങ്ങനെയാണ് മത്സ്യകന്യകകൾ ഉണ്ടാവുന്നത്!” മത്സ്യം ദിയയെ നോക്കി ചിരിച്ചു.
ആദ്യം പേടി തോന്നിയെങ്കിലും പിന്നീട് ദിയയ്ക്ക് രസം പിടിച്ചു. വെള്ളത്തിൽ മുങ്ങി മറിയാൻ ഇത്ര രസമുണ്ടെന്ന് അവൾക്ക് മുൻപൊന്നും തോന്നിയിട്ടില്ല.
“ഇതിലും രസമുള്ള ഒരു സ്ഥലത്തേയ്ക്ക് ഞാൻ നിന്നെ കൊണ്ടു പോവാം. എന്റെ ചെതുമ്പലിൽ തൊട്ട് കണ്ണടച്ചു നിന്നാൽ മതി” മത്സ്യം വീണ്ടും ദിയയോട് പറഞ്ഞു.
അവൾ, അതുപോലെ മത്സ്യത്തെ തൊട്ടു നിന്ന് കണ്ണുകൾ അടച്ചു. അടഞ്ഞ കണ്ണുകൾക്കു മുകളിൽ വെളുത്തൊരു പ്രകാശം വന്നു തട്ടിയപ്പോഴാണ് അവൾ കണ്ണു തുറന്നത്. കണ്ണുകൾ തുറന്നപ്പോൾ അവൾക്ക് വിശ്വസിക്കാനായില്ല. സമുദ്രത്തിനടിയിലെ പവിഴപ്പുറ്റുകളും ചിപ്പികളും മുത്തുകളും നിറഞ്ഞ മനോഹരമായ ഒരിടത്താണ് എത്തിയിരിക്കുന്നത്.
“നമുക്ക് കളയാൻ ഒട്ടും സമയമില്ല. നിനക്ക് എല്ലാം കാണണ്ടേ? വേഗം എന്റെ പിന്നാലെ വന്നോ…” ഇതും പറഞ്ഞ് മത്സ്യം ധൃതിയിൽ നീന്തി പോയി. ദിയ മത്സ്യത്തിന്റെ വാലിൽ തൊട്ടു കൊണ്ട് അതിന്റെ പിന്നാലെ പാഞ്ഞു. അവരെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ബഹുവർണത്തിലുള്ള കുഞ്ഞു മത്സ്യങ്ങളും കടൽ ജീവികളും നീന്തിക്കടന്നു പോയി. മുത്തുകൾ കൊണ്ടുണ്ടാക്കിയ ഒരു വീട്ടിലേക്കാണ് മത്സ്യം ദിയയെ ആദ്യം കൂട്ടിക്കൊണ്ടു പോയത്.
“ഇതെന്താ, വിരുന്നോ!” മുത്തു വീട്ടിലെ കാഴ്ച കണ്ട് ദിയ അമ്പരന്നു പോയി. ദിയയ്ക്ക് ഇഷ്ടമുള്ള എല്ലാ ഭക്ഷണവും നിരനിരയായി വിളമ്പി മത്സ്യം ദിയയെ നന്നായി സൽക്കരിച്ചു. ആരാണെന്നോ ഭക്ഷണം വിളമ്പിയത്? ഒരു കുഞ്ഞു നീരാളി.
നീരാളിക്ക് കുറേ കൈകളുണ്ട്. ഒരോ കൈകളിലും ഓരോ വിഭവങ്ങളുമായി നീരാളി ദിയയ്ക്ക് കൊടുത്ത പിഞ്ഞാണത്തിൽ ഓരോന്നായി വിളമ്പി. അവൾക്കാണെങ്കിൽ നന്നായി വിശന്നിരുന്നു. വറുത്ത ഉരുളക്കിഴങ്ങും, മധുരമുള്ള ചോളവും, വട്ടത്തിലുള്ള പിറ്റ്സ്സയും, വിവിധ പഴങ്ങളും എന്നു വേണ്ട ലോകത്തിലുള്ള ഏറ്റവും സ്വാദിഷ്ടമായ എല്ലാ ഭക്ഷണവും ദിയയ്ക്കു മുന്നിൽ അണി നിരന്നു.
ഒടുവിൽ നീരാളി ഒരു പ്രത്യേക ഭക്ഷണം ദിയയ്ക്കു മുന്നിൽ നീട്ടിയിട്ടു പറഞ്ഞു “ഇതാണ് ഈ സമുദ്രത്തിലെ ഏറ്റവും സ്വാദിഷ്ടമായ പുഡ്ഢിങ്!” ആ പുഡ്ഢിങ് വായിലേയ്ക്ക് വച്ചതും ദിയ കണ്ണുകൾ അടച്ച് അതിന്റെ സ്വാദ് ആസ്വദിച്ചു. ഞൊടിയിടയിൽ അവൾ മറ്റൊരു ലോകത്ത് എത്തിച്ചേർന്നു. കൂടെ മത്സ്യവും ഉണ്ടായിരുന്നു.

മത്സ്യം പറഞ്ഞു ” വാട്ടർ തീം പാർക്കിൽ കൊണ്ടു പോവണമെന്ന് പറഞ്ഞ് നീ ഇന്നലെയല്ലേ അച്ഛനോട് വാശി പിടിച്ചത്! ഇതു നോക്ക്, ഇതാണ് സമുദ്രത്തിലെ എയർ തീം പാർക്ക്.”
ഭീമാകാരമായ ഒരു വായു കുമിളയ്ക്കുള്ളിൽ സജ്ജീകരിച്ച ആ അമ്യൂസ്മെന്റ് പാർക്കിൽ ലോകത്തിലെ ഏറ്റവും വേഗതയേറിയ എയർ റൈഡുകൾ ഉണ്ടായിരുന്നു! ദിയ അത്തരത്തിൽ ഒന്നിനെ കുറിച്ച് മുൻപ് കേട്ടിട്ടേ ഇല്ലായിരുന്നു.
ഉയരത്തിൽ നിന്ന് താഴോട്ട് സ്വതന്ത്രമായി വീഴുകയും വേഗത്തിൽ പറക്കുകയും ചെയ്യുന്ന അനേകം യന്ത്ര ഊഞ്ഞാലുകളിൽ കടൽ ജീവികൾ ആഹ്ലാദത്തോടെ ഉല്ലസിച്ചു. ദിയയും അവരോടൊപ്പം കൂടി.
“എന്ത് രസമാണ്. കൂ…യ് ” ദിയ ആർത്തു വിളിച്ചു കൊണ്ട് വായു കുമിളയ്ക്കുള്ളിലെ ആകാശത്ത് പറന്നു നടന്നു.
പെട്ടെന്നാണ് ഒരു ശബ്ദം അവൾ കേട്ടത്. ഉടനെ, മത്സ്യം അവളുടെ അടുത്തു വന്ന് പറഞ്ഞു “ഇതിലൂടെ ഒരു മുങ്ങി കപ്പൽ വരികയാണ്. ഈ വായു കുമിള തകർന്നു തരിപ്പണമാവും. വേഗം വാ, നമുക്ക് പോവാം.”
പക്ഷേ, അതിന് അധികം നേരം വേണ്ടി വന്നില്ല. ഒരു നിമിഷത്തിൽ ദിയയും മത്സ്യവും വായു കുമിളയിൽ നിന്ന് വെള്ളത്തിലേയ്ക്ക് തെറിച്ചു വീണു. വീഴ്ചയുടെ ആഘാതത്തിൽ അവൾ പേടിച്ചു കരയാൻ തുടങ്ങി.
“ദിയാ, നീയെന്തിനാണ് കരയുന്നത്? പേടിസ്വപ്നം കണ്ടുവോ? അസമയത്ത് അവിടിവിടെ കിടന്നുറങ്ങിയാൽ ഇങ്ങനെയിരിക്കും” ദിയയുടെ അമ്മ അവളുടെ അരികിൽ ഇരുന്നു കൊണ്ട് പറഞ്ഞു.
അവൾ അമ്മയെ കെട്ടിപ്പിടിച്ചു.
“സാരമില്ല, സാരമില്ല, വെറും സ്വപ്നമല്ലേ, നീ കരച്ചിൽ മതിയാക്ക്” അമ്മ സമാധാനിപ്പിച്ചു.
എല്ലാം വെറും സ്വപ്നമായിരുന്നോ? ദിയയ്ക്ക് ശരിക്കും സങ്കടം വന്നു. അവൾ ഫിഷ് ടാങ്കിലേയ്ക്ക് നോക്കി. ടാങ്കിലെ ചില്ലിനരികിൽ ചുണ്ടു മുട്ടിച്ചു എല്ലാം കേട്ടു കൊണ്ട് നിന്നിരുന്ന മത്സ്യം അവളെ നോക്കി ഒന്നു കണ്ണിറക്കി. എന്നിട്ട് ടാങ്കിന്റെ അടിയിലെ വെള്ളാരങ്കല്ലുകളുടെ ഇടയിലേക്ക് ഊളിയിട്ട്, ഇളകുന്ന ഇലകൾക്കിടയിലേക്ക് മറഞ്ഞു.
- കുട്ടിക്കഥക്കൂട്ടിൽ നാളെ ചന്ദ്രമതി എഴുതിയ കഥ വായിക്കാം
