Latest News

അച്ഛനെ തേടി

“ആ കാട്ടിലേക്ക് കടന്നു ചെന്നു. ആ നിമിഷത്തിൽ തന്നെ രണ്ടു കണ്ണുകൾ അവളെ പിന്തുടരാൻ തുടങിയിരുന്നു, അവൾ പോലും അറിയാതെ” “ആ കാട്ടിലേക്ക് കടന്നു ചെന്നു. ആ നിമിഷത്തിൽ തന്നെ രണ്ടു കണ്ണുകൾ അവളെ പിന്തുടരാൻ തുടങ്ങിയിരുന്നു, അവൾ പോലും അറിയാതെ…” മകൾ ആമി സവിതയോട് പറഞ്ഞ കഥ

ആനി ഒരു കൊച്ചു പെൺകുട്ടിയാണ്. അവളുടെ അച്ഛൻ ഒരു നാവികനായിരുന്നു. മാസങ്ങളോളം അദ്ദേഹം കടലിൽ കപ്പലിൽ ജീവിച്ചു. പല രാജ്യങ്ങളിൽ സഞ്ചരിച്ചു. പല ഭാഷകൾ സംസാരിച്ചു. ആ സമയങ്ങളിൽ ആനിയും അമ്മയും വീട്ടിൽ തനിച്ചായിരുന്നു. കപ്പലിൽ നിന്ന് സന്ദേശങ്ങൾ അയക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. അതു കൊണ്ട് അച്ഛൻ ചിലപ്പോൾ മാത്രം ആനിയേയും അവളുടെ അമ്മയേയും ഫോണിൽ വിളിച്ചു.

അങ്ങിനെയിരിക്കെ ഒരിക്കൽ, കുറേ ദിവസത്തേയ്ക്ക് അച്ഛന്റെ ഒരു സന്ദേശവും അവർക്ക് കിട്ടിയില്ല. അമ്മയും ആനിയും സങ്കടത്തിലായി. അച്ഛന് എന്തു പറ്റിക്കാണും എന്നോർത്ത് ആനി തേങ്ങി കരഞ്ഞു. കരച്ചിലിന്റെ ഒടുവിൽ അവൾ ഒന്നു തീരുമാനിച്ചു. ഇങ്ങനെ കരഞ്ഞതു കൊണ്ട് ഒരു ഗുണവുമില്ല. ധൈര്യത്തോടെ അച്ഛനെ അന്വേഷിച്ച് പോവുക തന്നെ വേണം.

ആ രാത്രി തന്നെ അവൾ അച്ഛനെ അന്വേഷിക്കാൻ പുറപ്പെട്ടു. ഭാഗ്യത്തിന് അത് നല്ല നിലാവുള്ള ഒരു രാത്രിയായിരുന്നു.വീട്ടിൽ നിന്നും വടക്കോട്ട് കുറേ നടന്നപ്പോൾ ഒരു അടയാളം പോലെ പച്ചപ്പായൽ പറ്റിപ്പിടിച്ച മതിൽ അവൾ കണ്ടു. അച്ഛൻ യാത്ര പോയപ്പോൾ,ഇവിടെ നിന്നാണ് അവളും അമ്മയും കൈ വീശി യാത്രയയച്ചത്. മതിലിന് തൊട്ടുള്ള പുഴയിലൂടെ ഒരു വഞ്ചിയിൽ കയറി അച്ഛൻ യാത്രയായിരുന്നു. അദ്ദേഹം ദൂരെ പൊട്ടു പോലെ മറയുന്നത് വരെ ആനിയും അമ്മയും അവിടെ തന്നെ നിന്നിരുന്നു. ഇന്ന് ആനിക്ക് അച്ഛൻ സഞ്ചരിച്ച അതേ വഴിയിലൂടെ പോവേണ്ടതുണ്ട്, അദ്ദേഹത്തെ കണ്ടു പിടിക്കാൻ.

savitha n, story , iemalayalam

പുഴക്കരയിൽ കാത്തു നിന്നപ്പോൾ ഒരു പായ വഞ്ചി തീരത്ത് വന്നു നിന്നു. അവൾക്ക് ഏറെ ഇഷ്ടമുള്ള പിങ്ക് നിറത്തിൽ സ്വർണ കസവുകൾ തുന്നിച്ചേർത്ത ഒരു സുന്ദരി വഞ്ചി. അവൾ വേഗം അതിൽ കയറി ഇരുന്നു. കാറ്റിൽ വഞ്ചി ഒന്നുലഞ്ഞു. എന്നിട്ട് മുന്നോട്ട് നീങ്ങി. പുഴയിലെ ഓളങ്ങൾക്കിടയിൽ നിന്നും കുഞ്ഞു മത്സ്യങ്ങൾ ചാടി മറയുന്നത് നിലാവിൽ ആനി കണ്ടു. അത് ഒരു മാന്ത്രിക വഞ്ചിയാണെന്ന് അവൾക്ക് മുൻപേ തോന്നിയിരുന്നു. ഒരിക്കൽ സ്കൂളിൽ വന്ന മാജിക്ക് അങ്കിളിന്റെ അടുത്തും ഇതു പോലൊന്ന് ഉണ്ടായിരുന്നു. ആ ദിവസത്തെ മാജിക് കഥകൾ ഓർക്കുന്നതിനിടയിൽ വഞ്ചി മറുകരയിൽ എത്തിയിരുന്നു. ആനി കരയിലേക്ക് ചാടിയിറങ്ങി.

പുഴയുടെ മറു കരയിൽ വലിയൊരു കാടായിരുന്നു. ആ കാട് കടന്ന് വേണം കടലിലെത്താൻ എന്ന് ആനിയോട് ആരാണ് പറഞ്ഞത്? ആരും പറഞ്ഞില്ല. എങ്കിലും അവൾക്ക് അത് എങ്ങിനെയോ അറിയാമായിരുന്നു. കാടിന്റെ തുടക്കത്തിൽ തന്നെ പൂമ്പാറ്റകൾ പറന്നു നടന്നിരുന്ന ഒരു മുളങ്കാട് ഉണ്ടായിരുന്നു. പൂമ്പാറ്റകൾ മിന്നാമിനുങുകളെ പോലെ മിന്നിക്കൊണ്ടിരുന്നു. ഇതും ഒരു മാന്ത്രിക കാട് ആവണം എന്ന് ആനി ചിന്തിച്ചു. മുളകൾക്കിടയിലൂ ടെ അവൾ.

ആ കാട്ടിലേക്ക് കടന്നു ചെന്നു. ആ നിമിഷത്തിൽ തന്നെ രണ്ടു കണ്ണുകൾ അവളെ പിന്തുടരാൻ തുടങിയിരുന്നു, അവൾ പോലും അറിയാതെ.

കാട്ടിലൂടെ കുറേ നടന്നതിനു ശേഷമാണ് തന്റെ പിന്നിൽ ഒരു കാലടിയൊച്ച വരുന്നുണ്ടെന്ന് അവൾക്ക് തോന്നിയത്. അവൾക്ക് ചെറുതായി പേടി തോന്നി. പക്ഷെ ഇന്ന് ഭയപ്പെടാനുള്ളതല്ല. തന്റെ അച്ഛനെ കണ്ടു പിടിക്കാനാണ് ഈ യാത്ര. ധൈര്യം സംഭരിച്ചു കൊണ്ട് ആനി വേഗത്തിൽ നടന്നു. പിന്നിൽ കാലടിയൊച്ചകൾ അതേ വേഗത്തിൽ വരുന്നുണ്ടായിരുന്നു. തന്നെ പിന്തുടരുന്നത് ആരാണെന്ന് കണ്ടു പിടിച്ചിട്ടു തന്നെ കാര്യം. ആനിക്ക് ഒരു ഉപായം തോന്നി. അവൾ നടത്തം നിർത്തി, പിൻതിരിഞ്ഞു നിന്നു. ഉടനെ തന്നെ അവളെ പിന്തുടർന്നിരുന്ന ആൾ ഒന്നു ഭയന്ന്, രണ്ടടി പിന്നോട്ട് വെച്ചു.

ആ കാഴ്ച ആനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അവളുടെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു. മനോഹരമായ ഒരു യൂണികോൺ ആയിരുന്നു, അത്. അതിന്റെ ഒറ്റക്കൊമ്പ് നിലാവിൽ വെട്ടിത്തിളങ്ങി. ആനി സന്തോഷത്തോടെ അതിന്റെ അടുത്തേക്ക് ചെന്നു. അത് വീണ്ടും രണ്ടടി പിന്നിലേക്ക് നടന്നു. അത് പേടിച്ചരണ്ടിരുന്നു. ആനി അതിന്റെ തലയിലും കഴുത്തിലും സ്നേഹത്തോടെ, പതുക്കെ തലോടി. അപ്പോൾ, യൂണികോണിന്റെ ഭയം പതുക്കെ മാറി. അത് ആനിയുടെ അരികിലേക്ക് ചേർന്നു നിന്നു. അവൾ അതിന്റെ കഴുത്തിൽ കെട്ടിപ്പിടിച്ചു.

savitha n, story , iemalayalam

ആനിമേഷൻ സിനിമകളിൽ മാത്രമേ ആനി യൂണികോണിനെ കണ്ടിട്ടുള്ളൂ. പിന്നീട് ഒരിക്കൽ അച്ഛൻ കടലിൽ നിന്നും മടങ്ങി വന്നപ്പോൾ അവൾക്ക് ഒരു യൂണികോൺ പാവയെ കൊണ്ടു വന്നിരുന്നു. പർപ്പിൾ നിറമുള്ള സുന്ദരമായ പാവ. ആനിക്ക് അതിനെ എന്തിഷ്ടമാണെന്നോ! ആ പാവ ജീവൻ വെച്ച് തന്റെ മുന്നിൽ നിൽക്കുന്ന പോലെ അവൾക്ക് തോന്നി. അവൾ ആ പാവയ്ക്ക് മിന്നു എന്നാണ് പേര് കൊടുത്തത്. ഈ ജീവനുള്ള യൂണികോണിനേയും അവൾ മിന്നു എന്നു തന്നെ വിളിച്ചു.

മിന്നു കാലുകൾ താഴ്ത്തി ആനിക്ക് അതിന്റെ പുറത്ത് കയറാൻ സഹായിക്കുന്ന മട്ടിൽ കുനിഞ്ഞു നിന്നു. ആനി മിന്നുവിന്റെ പുറത്തു കയറിയതും മിന്നു ഒരു കുതിപ്പായിരുന്നു. കുറച്ച് കഴിഞ്ഞിട്ടാണ് മിന്നു പറക്കുകയാണെന്ന് അവൾക്ക് മനസ്സിലായത്. അതിന് മിന്നുവിന് ചിറകുകൾ ഉണ്ടോ? അതോ മിന്നു ഒരു എയ്ലികോൺ ആണോ? പറക്കുന്ന യൂണികോൺ ആണ് എയ്ലികോൺ. ആനി എത്ര പ്രാവശ്യം അവയെ ടി വിയിൽ കണ്ടിട്ടുണ്ടെന്നോ!

അവൾക്ക് മുന്നിൽ വളരെ പ്രകാശമുള്ള ഒരു സ്ഥലം തുറന്നു വരികയാണ്. മിന്നു അതിലേക്കാണ് കുതിക്കുന്നത്. കാടിന്റെ നടുവിൽ മാജിക്ക് ഐലൻഡ് പോലെ ഒരു സ്ഥലം. അവിടെ അനേകം യൂണികോണുകൾ മേഞ്ഞ് നടക്കുന്നു. മുകളിൽ പരന്നു കിടക്കുന്ന ആകാശത്തിൽ ഏഴു വർണങ്ങളിൽ ഒരു മഴവില്ല്! ആനിയുടെ സങ്കടങ്ങൾ അവൾ മറന്നു തുടങ്ങിയിരുന്നു. മിന്നു ഒരു കുതിപ്പിൽ മഴവില്ലിന്റെ മുകളിൽ എത്തി. എന്നിട്ട് അതിലൂടെ തെന്നി തെന്നിയിറങി താഴോട്ട് ചാടി. ആനി ഇതിലും നല്ലൊരു യാത്ര അനുഭവിച്ചിട്ടില്ലാത്ത പോലെ പൊട്ടിച്ചിരിച്ചു. എത്ര നേരമാണ് അവർ മഴവില്ലിന്റെ മുകളിൽ കയറി കളിച്ചത്! സമയം പോയത് അറിഞ്ഞതേ ഇല്ല.

savitha n, story , iemalayalam

Read More: സവിതയുടെ മറ്റ് രചനകള്‍ ഇവിടെ വായിക്കാം

പിന്നീടാണ് ആനി അച്ഛനെ കുറിച്ച് ഓർത്തത്. കുറച്ചു സമയം എല്ലാം മറന്നതിൽ അവൾക്ക് ലജ്ജ തോന്നി. ഇനി സമയം കളയാനില്ല. വേഗം തന്നെ കാടിനപ്പുറത്ത് എത്തണം. അവൾ മിന്നുവിന്റെ കഴുത്തിൽ രണ്ടു തവണ തട്ടി. മിന്നു മറ്റൊരു കുതിപ്പിൽ മാജിക് ഐലൻഡിന് പുറത്തെത്തി. ഇത്തവണ കാട് ഒന്നു കൂടി ഇരുണ്ടിരുന്നു. അവരെ പിന്തുടർന്നിരുന്ന നിലാവ് മറഞ്ഞു പോയതു പോലെ. എങ്കിലും മിന്നു മുന്നോട്ട് തന്നെ നടന്നു. അവരുടെ യാത്രയിൽ ചുറ്റും ഇരുട്ട് കൂടി വന്നു. മിന്നു നടത്തം പതുക്കെയാക്കി. ആനിക്ക് സങ്കടം വന്നു. എപ്പോഴാണ് ഇനി കാടു കടന്ന് കടലിലെത്തി അച്ഛനെ കാണാനാവുക?

കുറച്ചു കൂടി നടന്നിട്ട് മിന്നു നടത്തം നിർത്തി. അത് എന്തിനാണെന്ന് ആനിക്ക് മനസ്സിലായില്ല. അവൾ മിന്നുവിന്റെ കഴുത്തിൽ മൂന്നു തവണ തട്ടി, മുന്നോട്ട് നടക്കാൻ പറഞ്ഞു. മിന്നുവിന്റെ അടുത്ത കുതിപ്പിൽ ആനിയും മിന്നുവും അഗാധമായ ഒരു കിണറിലേക്ക് രണ്ടു തൂവലുകൾ പോലെ പറന്നു വീണു. അവൾ ഉറക്കെ കരഞ്ഞു – ” അച്ഛാ “

ആനി കണ്ണുകൾ തുറന്നപ്പോൾ അവളുടെ അരികിൽ അച്ഛൻ പുഞ്ചിരിച്ചു കൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു.

” മോൾ പേടി സ്വപ്നം കണ്ടുവോ?” അച്ഛൻ അവളെ കെട്ടിപ്പിടിച്ചു.

താൻ കണ്ടത് നല്ല സ്വപ്നമാണോ പേടി സ്വപ്നമാണോ എന്ന് ആനി ആലോചിച്ചു. നല്ല സ്വപ്നം കണ്ടാൽ ഉണരുമ്പോൾ അത് യഥാർത്ഥമല്ലല്ലോ എന്നോർത്ത് സങ്കടം വരും. പേടി സ്വപ്നം കണ്ടാലോ, അത് സത്യമല്ലല്ലോ എന്നോർത്ത് ആശ്വാസം തോന്നും. അപ്പോൾ ഏതാണ് നല്ലത്?

എന്തായാലും അച്ഛനെ കണ്ടപ്പോൾ ആനിക്ക് സന്തോഷമായി. അച്ഛനും അമ്മയും ആനിയും ഏറെക്കാലം സന്തോഷത്തോടെ ജീവിച്ചു.

Read More: ഒരു കഥ കൂടി വായിക്കാന്‍ തോന്നുന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Savitha n story for children achchanethedi

The moderation of comments is automated and not cleared manually by malayalam.indianexpress.com