മിയാസാക്കി

“നക്ഷത്രങ്ങൾ ഒരിക്കലും കരയാൻ പാടില്ല. സന്തോഷത്തോടെ കണ്ണ് ചിമ്മി എല്ലാവർക്കും വെളിച്ചം പകരണം. ഞാൻ കരഞ്ഞതു കൊണ്ട് ഞെട്ടറ്റ് തിരികെ കടലിലേക്ക് വീണു. കടൽ രാജാവ് എന്നെയൊരു മത്സ്യകന്യകയാക്കി.” ഡോ. ശാലിനി സി കെ എഴുതിയ കഥ

കടും വയലറ്റ് നിറമുള്ള ചിറകുകൾ വീശി വന്ന ചിത്രശലഭത്തിനെ മിയയാണ് ആദ്യം കണ്ടത്. അവളതിന് ടെൻഷിയെന്നു പേരിട്ടു. ടെൻഷിയെന്ന വാക്കിന്റെയർത്ഥം ദേവതയെന്നാണ്. തന്റെ കൂട്ടുകാരനായ സാക്കിക്ക് അവളതിനെ കാട്ടിക്കൊടുത്തു.

ജപ്പാനിലെ ഒരു ചെറിയ ഗ്രാമത്തിൽ അടുത്തടുത്ത വീടുകളിലാണ് ഇരുവരും താമസിച്ചിരുന്നത്. മിയയ്ക്കും സാക്കിക്കും അമ്മ മാത്രമേയുള്ളു. അവർ ചെറുതായിരുന്നപ്പോൾ ഇരുവരുടെയും അച്ഛന്മാർ മരണമടഞ്ഞിരുന്നു.

മിയയുടെയും സാക്കിയുടെയും അമ്മമാർ ഒരു ധനികന്റെ കൃഷിയിടത്തിലെ ജോലിക്കാരാണ്. പകലന്തിയോളം പണിയെടുത്തിട്ടും പട്ടിണി കൂടാതെ ജീവിക്കാൻ അവർക്ക് സാധിച്ചിരുന്നില്ല. തങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഇഷ്ട ഭക്ഷണം നൽകി അവരെ സന്തോഷത്തോടെ നോക്കണമെന്നതാണ് ആ അമ്മമാരുടെ ഏറ്റവും വലിയ ആഗ്രഹം.

അമ്മമാർ ജോലിക്ക് പോകുമ്പോൾ ഇരുവരും മുറ്റത്തെ പൂന്തോട്ടത്തിൽ കളിക്കും. അവിടെ വരുന്ന ചിത്രശലഭങ്ങളോട് സംസാരിക്കും.

മാനത്തു നിന്ന് ഞെട്ടറ്റു വീഴുന്ന നക്ഷത്രങ്ങൾ ദേവതമാരാകുമത്രേ! ഭൂമിയിലെ കുഞ്ഞുങ്ങളുടെ സങ്കടം മാറ്റാൻ, അവർ ചിത്രശലഭങ്ങളുടെ രൂപത്തിൽ വരും.

ചിത്രശലഭങ്ങളോട് മിയയും സാക്കിയും സങ്കടം പറയും. അമ്മമാരുടെ വിഷമം മാറ്റണമെന്ന് പ്രാർത്ഥിക്കുകയും ചെയ്യും.

മേപ്പിൾ മരത്തിലിരുന്ന ടെൻഷിയുടെയടുത്തേക്ക് സാക്കിയും മിയയും എത്തിയപ്പോൾ അത് അടുത്തുള്ള വില്ലോ മരത്തിന്റെ ചില്ലയിലേക്ക് പറന്നു. അങ്ങനെ അവരടുത്തെത്തുമ്പോൾ ടെൻഷി അവിടെ നിന്നും പറന്ന് അടുത്തിടത്തേക്ക് മാറും. അങ്ങനെയങ്ങനെ കളിച്ച് കളിച്ച് ടെൻഷിയെ പിന്തുടർന്ന് ഇരുവരും പുഴയോരത്തെത്തി. പുഴയുടെ നടുവിൽ ഒരു ചെറിയ ദ്വീപുണ്ട്.

പണ്ടവിടെ ഒരു അച്ഛനും മോളും താമസിച്ചിരുന്നത്രേ. വലിയ മഴയും വെള്ളപ്പൊക്കവും വന്നപ്പോൾ അവരുടെ വീട് ഒഴുകിപ്പോയി. ദ്വീപിന് നടുവിലെ വലിയ മാവിൽ മുറുകെ പിടിച്ചു കിടന്ന അച്ഛൻ മാത്രം രക്ഷപെട്ടു.

മകളെ നഷ്ടമായപ്പോൾ സങ്കടം സഹിക്കാനാനാവാതെ ആ മാവിന്റെ ചുവട്ടിൽ കിടന്ന് അച്ഛൻ മരിച്ചു. നാട്ടുകാരയാളെ അവിടെ തന്നെ സംസ്കരിക്കുകയും ചെയ്തു. പിന്നീട് ആ ദ്വീപൊരു കാടായി മാറി.

അവർ കാട് പിടിച്ച ആ ദ്വീപ് നോക്കി നിൽക്കെ പുഴയോരത്തേക്ക് ഒരു വഞ്ചി വന്നു. അതിൽ ടെൻഷിയും ഇരിക്കുന്നു. ചിറകകുകൾ വീശി ടെൻഷി അവരെ ക്ഷണിച്ചു. ടെൻഷിക്കൊപ്പം ഇരുവരും വഞ്ചിയിൽ കയറി.

ദ്വീപിന്റെ തീരത്ത് വഞ്ചിയെത്തുമ്പോൾ സന്ധ്യയായി. അമ്പിളിയമ്മാവൻ നിലാവ് പൊഴിച്ച് ഇരുട്ടകറ്റി.

ടെൻഷിക്കു മുന്നിൽ ചെടികളും മരങ്ങളും ചില്ലകളൊതുക്കി വഴിയൊരുക്കി. മിയയും സാക്കിയും ആ കാഴ്ചകളിൽ അമ്പരന്നു.

ദ്വീപിന് നടുവിലെ മാവിൻ ചുവട്ടിലൊരു ചെറിയ തടാകം കണ്ടു. അതിൽ നിറയെ നീല ആമ്പലുകൾ പൂത്തു നിന്നു. മനം മയക്കുന്ന കാഴ്ചകൾക്കൊപ്പം കൊതിപ്പിക്കുന്ന ഗന്ധവും അവിടെ നിറഞ്ഞു.

ടെൻഷി പറന്ന് ഒരു ആമ്പൽ പൂവിലിരുന്നു. പെട്ടന്നവളൊരു മത്സ്യകന്യകയായി മാറി.

വയലറ്റ് കല്ലുകൾ പതിപ്പിച്ച കിരീടവും ആഭരണങ്ങളും അവളണിഞ്ഞിരുന്നു. അവളുടെ വാലിന്റെ ചലനങ്ങൾ വെള്ളത്തിൽ ഓളങ്ങൾ സൃഷ്ടിച്ചു.

” നീ ശരിക്കും ആരാ?” മിയ ചോദിച്ചു.

“ഞാൻ പണ്ട് ഈ ദ്വീപിലാണ് താമസിച്ചിരുന്നത്. വെള്ളപ്പൊക്കത്തിൽ ഒഴുകിയൊഴുകി കടലിലെത്തി. കടൽ രാജാവിന്റെ കൊട്ടാരത്തിലെത്തിയാൽ പിന്നെ കരയിലേക്ക് വരാനാവില്ല. രാജാവെന്നെ ഒരു നക്ഷത്രമാക്കി. എന്നെയോർത്ത് കരയുന്ന അച്ഛനെ കണ്ടപ്പോൾ എനിക്ക് സങ്കടമായി. നക്ഷത്രങ്ങൾ ഒരിക്കലും കരയാൻ പാടില്ല. സന്തോഷത്തോടെ കണ്ണ് ചിമ്മി എല്ലാവർക്കും വെളിച്ചം പകരണം. ഞാൻ കരഞ്ഞതു കൊണ്ട് ഞെട്ടറ്റ് തിരികെ കടലിലേക്ക് വീണു. കടൽ രാജാവ് എന്നെയൊരു മത്സ്യകന്യകയാക്കി.”

മിയയും സാക്കിയും അത്ഭുതപ്പെട്ടു.

“നിങ്ങളുടെ വിഷമം മാറ്റാനാണ് ഞാൻ പൂമ്പാറ്റയായി വന്നത്. നിങ്ങളിട്ട പേര് എനിക്കൊത്തിരി ഇഷ്ടപ്പെട്ടു,” മത്സ്യകന്യക പുഞ്ചിരിച്ചു.

” നിന്റെ പേരെന്താ?” സാക്കി ചോദിച്ചു.

” നിങ്ങളിട്ട പേര് തന്നെ വിളിച്ചോളൂ,” അവൾ വീണ്ടും ചിത്രശലഭമായി. അതിന് സുന്ദരിയായ ഒരു പെൺകുട്ടിയുടെ മുഖമായിരുന്നു. മിയയ്ക്കും സാക്കിക്കും ടെൻഷിയൊരു മാമ്പഴം സമ്മാനിച്ചു.

തിരികെ വീട്ടിലെത്തിയിട്ട് ആ മാമ്പഴം കുഴിച്ചിടണമെന്ന് ടെൻഷി പറഞ്ഞു.

ദ്വീപിന് നടുവിലെ മാവിൽ ഉണ്ടായതായിരുന്നു ആ മാമ്പഴം.

” ഈ മാവിൻ ചുവട്ടിലാണ് എന്റെയച്ഛനെ സംസ്കരിച്ചത്. ഈ മാവിൽ ആകെ ഒരു പഴമേ ഉണ്ടായിട്ടുള്ളൂ. അതാണിത്. ഇതിൽ മുഴുവൻ എന്റെയച്ഛന്റെ സ്നേഹമാണ്. ഈ മാമ്പഴം കുഴിച്ചിടണം. അതിൽ നിന്നുണ്ടാകുന്ന മാവിൽ വിളയുന്ന മാമ്പഴം ഈ ലോകത്തെ ഏറ്റവും വിശിഷ്‌ടമായ മാമ്പഴമാകും. അതോടെ നിങ്ങളുടെ എല്ലാ കഷ്ടപ്പാടും മാറും.

ടെൻഷി പുഞ്ചിരിയോടെ ഇരുവരെയും യാത്രയാക്കി.

തിരികെ ഗ്രാമത്തിലെത്തിയ മിയയും സാക്കിയും ചേർന്ന് ആ മാമ്പഴം കുഴിച്ചിട്ടു. മൂന്നാമത്തെ ദിവസം അത് മുളച്ചു. കൃത്യം മൂന്നാമത്തെ വർഷം കായ്ക്കുകയും ചെയ്തു. പഴുക്കുമ്പോൾ കടും വയലറ്റ് നിറമുള്ള ആ മാമ്പഴങ്ങൾ ലോകത്ത് ഏറ്റവും വിലയേറിയതായി.

മിയയും സാക്കിയും ചേർന്ന് നട്ടു വളർത്തിയ ആ മാവും മാമ്പഴവും മിയാസാക്കി എന്ന പേരിൽ ലോക പ്രശസ്തമായി.

ഒരു അച്ഛന് തന്റെ മകളോടുള്ള സ്നേഹവും രണ്ട് അമ്മമാർക്ക് തങ്ങളുടെ കുഞ്ഞുങ്ങളോടുള്ള സ്നേഹവും ആ മാമ്പഴത്തിന്റെ വിലയ്ക്ക് കാരണമായി.

Read More: ഒരു കഥ കൂടി വായിക്കാന്‍ തോന്നുന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Salini ck story for children miyasaki

The moderation of comments is automated and not cleared manually by malayalam.indianexpress.com