scorecardresearch
Latest News

ഡിറ്റക്റ്റീവ് അമ്മു – കുട്ടികളുടെ നോവൽ ഒൻപതാം ഭാഗം

“പാലയുടെ ചോട്ടില്‍ അതിന്റെ ഒരു ശിഖരം കരിഞ്ഞുണങ്ങി നിലത്തോട് ചേര്‍ന്ന് നില്‍പ്പുണ്ട്. കുളിരന്‍ ആവേശത്തോടെ അതിനു മുകളിലേക്ക് കയറിപ്പോയി. പിന്നീട് അവിടുണ്ടായത് ഞെട്ടിക്കുന്ന ചില സംഭവവികാസങ്ങളായിരുന്നു.” എസ് ആർ ലാൽ എഴുതിയ കുട്ടികളുടെ നോവൽ “ഡിറ്റക്റ്റീവ് അമ്മു” ഒൻപതാം ഭാഗം

ഡിറ്റക്റ്റീവ് അമ്മു – കുട്ടികളുടെ നോവൽ ഒൻപതാം ഭാഗം

ചാത്തനെ തേടി

”അമ്മൂ…” വിളികേട്ട് അവള്‍ ചുറ്റുംനോക്കി. എവിടെ നിന്നാണ്? അമ്മയുടെയോ അമ്മാമ്മയുടെയോ ശബ്ദമല്ല. അപ്പുവിന്റേതുമല്ല, ഇനി തോന്നിയതാവുമോ? ഗേറ്റിനടുത്തുനിന്നും വീട്ടിലേക്ക് നടക്കുകയായിരുന്നു അവള്‍.

കോഴികള്‍ വഴിയില്‍ തത്തിത്തത്തി നടക്കുന്നുണ്ട്. മണിച്ചിക്കോഴിയെയും കുഞ്ഞുങ്ങളെയും കാണാനില്ല. കൂട്ടില്‍ കയറാത്ത പൂവന്‍ അവളെ മൈന്‍ഡ് ചെയ്യാതെ നെഗളിച്ച് നടന്നുപോയി. അവനായിരിക്കുമോ ഇനി വിളിച്ചത്.

”പൂവാ, നീ എന്നെ വിളിച്ചാരുന്നോ?”

വേറേ പണിയില്ലേ എന്നമട്ടില്‍ അവന്‍ തലവെട്ടിച്ചു.

”അമ്മൂ…” വീണ്ടും ശബ്ദം കേട്ടു. ഇപ്പോഴത് കുറച്ചുകൂടി വ്യക്തമായിരുന്നു. അമ്മു വഴിയിലേക്ക് നോക്കി. ഇതാ നില്‍ക്കുന്നു മഞ്ചു. ‘കൊഞ്ച്’ എന്നാണ് അവളുടെ ഇടംപേര്. അമ്മു ചാര്‍ത്തിക്കൊടുത്തതാണ്. കൊഞ്ചിക്കുഴഞ്ഞാണ് അവളുടെ വര്‍ത്തമാനം.

ഇവള്‍ ഇതെങ്ങനെ വന്നുപറ്റി? വീട്ടിലേക്കുള്ള വഴി ആരുപറഞ്ഞുകൊടുത്തു? രണ്ടുംകല്‍പ്പിച്ചുള്ള വരവാണ് ഇതെന്ന് പെട്ടെന്നുതന്നെ അമ്മൂന് ബോധ്യമായി.

മഞ്ചുവിന്റെ പിന്നിലായി മറ്റൊരു തലകൂടി പ്രത്യക്ഷപ്പെട്ടു. ചട്ടമ്പി! സ്‌കൂളില്‍വച്ച് അമ്മു ഇടിച്ച് താഴത്തിട്ട അതേ ചട്ടമ്പി. അവന്‍ അമ്മുവിനെക്കണ്ട് സ്തബ്ധനായിപ്പോയി. മഞ്ചുവിന്റെ വല്യമ്മേടെ മോനാണ് ചട്ടമ്പി. അവള്‍ക്ക് കൂട്ടുവന്നതാണ്. ഇവിടേക്കാണ് വരുന്നതെന്ന് അറിഞ്ഞിരുന്നേയില്ല. എങ്കില്‍ ഏതുവിധേനയും ചട്ടമ്പി ഒഴിവായേനെ.

ചട്ടമ്പി ചളിച്ച ചിരി ചിരിച്ചു.

അമ്മു പരിഭ്രമത്തിലായിരുന്നു. ഇനി എന്തെല്ലാമായിരിക്കും കൊഞ്ച് വിളിച്ചുപറയാന്‍ പോകുന്നത്? എങ്കിപ്പിന്നെ അടിയുടെ പൂരോം പൊടിയരിക്കഞ്ഞീം ആയിരിക്കും. അമ്മാമ്മയുടെ പ്രയോഗമാണിത്.

അമ്മു കൊഞ്ചിന്റെ തോളില്‍ കയ്യിട്ടു. രണ്ടുപേരെയും വീട്ടിലേക്ക് ക്ഷണിച്ചു. വിരുന്നുവന്നവരെ ക്ഷണിക്കാതെ പറ്റില്ലല്ലോ.

”അമ്മേ. ഇതാണ് മഞ്ചു. എന്റെ ക്ലാസിലാ, ഞങ്ങള് കൂട്ടുകാരാ.”

”വീട് അറിയാരുന്നോ മോളേ?” അമ്മ മഞ്ചൂനോട് ആരാഞ്ഞു.

”ഇതിലേ പോയതാ മാമീ, അപ്പഴാ അമ്മൂനെ കണ്ടത്.” കൊഞ്ച് തലയിളക്കി കൊഞ്ചലോടെ പറഞ്ഞു.

ഹമ്പടി പുളുവത്തീ. അമ്മു ശബ്ദമില്ലാതെ മുരണ്ടു.

”ഞാന്‍ വിനോദ്, എന്റെ അനിയത്തിയാ മഞ്ചു. ഞാനും അപ്പൂം ഒരു ക്ലാസിലാ.”
ചട്ടമ്പി സ്വയം പരിചയപ്പെടുത്തി.

അപ്പോഴേക്കും അപ്പുവും പ്രത്യക്ഷപ്പെട്ടു. അപ്പു ശത്രുവിനെ നോക്കി നിഷ്‌കളങ്കമായി ചിരിച്ചു.

അമ്മ ഗ്ലാസില്‍ മോര് കൊണ്ടുവന്നു. മഞ്ചുവും വിനോദും ഉമ്മറത്തെ കസേരകളില്‍ ഇടംപിടിച്ചിരുന്നു.

”കണ്ടുപഠിക്കടീ…” അമ്മ അതിനിടയില്‍ അമ്മൂനിട്ട് ഒരു പിച്ചുകൊടുത്തു.

അമ്മു ഏതെങ്കിലും വീട്ടില്‍ചെന്നാല്‍ ഇങ്ങനൊന്നുമല്ല. വീട്ടിലെ ഓരോ മുറിയും നടന്ന് പരിശോധിക്കും. പറമ്പില്‍ ചുറ്റിനടക്കും. ഓരോന്നിനെക്കുറിച്ചും എന്തെങ്കിലുമൊക്കെ ചോദിച്ചുകൊണ്ടിരിക്കും. ആ വീട്ടിലെ സകലമാന രഹസ്യങ്ങളും ചോര്‍ത്തിയെടുക്കും. പിടിവിട്ട പട്ടംപോലെ അവള്‍ പാറിപ്പറക്കും. അമ്മയും അമ്മാമ്മയും കണ്ണുരുട്ടും. അതിനൊന്നും അമ്മൂന്റെ ആകാംക്ഷയെ തടയാനാവില്ല.

മഞ്ചുവും വിനോദും എത്ര അനുസരണയോടെയാണ് അവിടിരിക്കുന്നത്.

ഇരുന്നിരുന്ന് കൊഞ്ച് നിഷ്‌കളങ്കമായി ഒരു ചോദ്യം പുറത്തെടുത്തു. ഒന്നൊന്നര ചോദ്യമായിരുന്നു അത്. അമ്പുപോലെ അത് വന്ന് അമ്മുവിനുമേല്‍ തറച്ചു.

”അമ്മൂന് കുടിക്കാന്‍ കഷായമാണോ മാമീ കൊടുത്തുവിടുന്നത്?”

”കഷായോ…? എന്നാരുപറഞ്ഞു?” അമ്മയുടെ കണ്ണുകള്‍ പുറത്തേക്കുന്തി. അമ്മുവിനെക്കുറിച്ച് കേള്‍ക്കുമ്പോഴൊക്കെ അമ്മയ്ക്കത് പതിവാണ്.

”അമ്മു പറഞ്ഞു. അമ്മൂന്റെ എന്തോ അസുഖത്തിനുള്ള മരുന്നാണ് വാട്ടര്‍ബോട്ടിലിലെന്ന്.”

അമ്മു, വാട്ടര്‍ബോട്ടിലില്‍ നാരങ്ങാവെള്ളമാണ് കൊണ്ടുപോകുന്നത്. ചെറുതേന്‍ ഒഴിച്ച മധുരിക്കുന്ന നാരങ്ങാവെള്ളം. അമ്മാമ്മയാണ് അത് തയ്യാറാക്കി നല്‍കുന്നത്. അത് മറ്റാര്‍ക്കും കൊടുക്കാന്‍ അവള്‍ ഇഷ്ടപ്പെടുന്നില്ല. നാരങ്ങാവെള്ളമാണ് എന്നെങ്ങാനും പിള്ളാര് അറിഞ്ഞാല്‍ അതിലൊരു തുള്ളീം കിട്ടില്ല. മഞ്ചു ഒരുദിവസം വെള്ളം ചോദിച്ചു, അത് കയ്‌പ്പന്‍ കഷായമാണ് എന്ന് അമ്മു മുഖംചുളിച്ചു. എന്നിട്ട് ബോട്ടില്‍ ദയാപൂര്‍വം നീട്ടി. അതോടെ മഞ്ചൂന് വെള്ളം വേണ്ടെന്നായി.

അത് വീട്ടില്‍വന്ന് ചോദിക്കേണ്ട കാര്യമെന്താ? നശിച്ചവള്… അമ്മു ഉള്ളില്‍ സംസാരിച്ചു.

അമ്മേടെ കൂര്‍ത്ത നോട്ടം തന്റെ നേരെ വരുന്നത് കണ്ടു. അവള്‍ തലകുനിച്ച് നിന്നു കളഞ്ഞു. ഭാഗ്യത്തിന് അമ്മ അന്നേരമൊന്നും പറഞ്ഞില്ല. ശാന്തയായി നില്‍പ്പാണ് അമ്മ. മഞ്ചുപോയ ശേഷം അമ്മ രൗദ്രയാവും. അമ്മൂന് അതറിയാം.

മഞ്ചുവിനെ ഇവിടെ ഇരുത്തുന്നത് കുഴപ്പമാണ്. ഇനിയും അമ്മയോട് ചിലവെളിപ്പെടുത്തലുകള്‍ നടത്തും. അതൊന്നും താങ്ങാന്‍ അമ്മയ്ക്ക് ശേഷിയുണ്ടാവില്ല. അതുകൊണ്ട് മഞ്ചുവിനെ മണിച്ചിക്കോഴിയെയും കുഞ്ഞുങ്ങളെയും കാണാന്‍ ക്ഷണിച്ചു. അവ ചാമ്പമരത്തിന്റെ ചോട്ടില്‍ കൊത്തിപ്പെറുക്കുന്നുണ്ടായിരുന്നു. മണിച്ചി ചിറകുവിടര്‍ത്തി അതിഥികളെ അഭിവാദ്യം ചെയ്തു. കുഞ്ഞുങ്ങള്‍ അമ്മുവിനു ചുറ്റും കീയോ വച്ച് നടന്നു.

”മഞ്ചാടി മരം എവിടാ അമ്മൂ?” മഞ്ചു ചോദിച്ചു. അടുത്ത അസ്ത്രം മഞ്ചു തൊടുത്തുകഴിഞ്ഞു.

എന്റെ പിന്നാലെ വാ….ഞാന്‍ കാണിക്കാമെന്ന് മ്യാവൂ വച്ച് കുളിരന്‍ അങ്ങോട്ടേക്കോടി.

പറമ്പില്‍ കുറച്ചു ദൂരെയായി മഞ്ചാടിമരം പടര്‍ന്ന് നില്‍പ്പുണ്ട്. അമ്മു അവളെയും വിളിച്ച് അങ്ങോട്ട് നടന്നു.

”ഇതിലിരുന്നാണോ ആ കരിംചാത്തന്‍ ഊഞ്ഞാലാടുന്നത്?”

കൊഞ്ചിന്റെ ആവനാഴി നിറയെ അമ്പുകളാണല്ലോ ഈശ്വരാ.

”അതേന്നേ…” അമ്മുവും വിട്ടുകൊടുത്തില്ല.

കരിംചാത്തനോ? അതാര്? അപ്പു അവളെ തുറിച്ചുനോക്കി. വെളുംചാത്തന്റെ കഥ പറഞ്ഞ് അവനെ അമ്മു ഭയപ്പെടുത്താറുള്ളതാണ്. തട്ടിന്‍പുറത്ത് എന്തേലും ശബ്ദംകേട്ടാല്‍ അപ്പു ഞെട്ടിവിറയ്ക്കും. വെളുംചാത്തന്‍ നടക്കുന്നതാണ്.

അപ്പുവിന്റെ നോട്ടംകണ്ടപ്പൊത്തന്നെ അമ്മുവിനത് മനസ്സിലായി. അമ്മു അവനെ കണ്ണിറുക്കിക്കാട്ടി. പിന്നേ കരിംചാത്തന്‍ ഊഞ്ഞാലാടുന്നത് താനെത്ര കണ്ടിരിക്കുന്നു എന്നമട്ടില്‍ അപ്പുവും അഭിനയിച്ചു. കുളിരന് മാത്രം ഒന്നും മനസ്സിലായമട്ടില്ല. മിന്നലടിച്ചപോലെ കുളിരന്‍ അവിടെ ചുറ്റിത്തിരിഞ്ഞു,

”അമ്മൂ നീയാ ചാത്തനെ തളച്ചിരിക്കുന്ന പാലമരം കാട്ടിത്താ.” കൊഞ്ച് അടുത്ത അസ്ത്രവും തൊടുത്തു. കുറച്ചുകൂടി മൂര്‍ച്ചയുള്ളതായിരുന്നു അത്.

”അങ്ങോട്ട് കുട്ടികള്‍ പോകാന്‍ പാടില്ലെന്നാ അമ്മാമ്മ പറഞ്ഞിരിക്കുന്നത്.” അമ്മു അസ്ത്രത്തെ തടുക്കാന്‍ ശ്രമിച്ചു.

”പോകാന്നേ, ഒന്നു കണ്ട് ഓടിപ്പോരാം.” മഞ്ചു വിടുന്നമട്ടില്ല.

എല്ലാ കള്ളക്കഥകളും കെട്ടഴിഞ്ഞ് താഴെ വീഴാന്‍ പോവുകയാണ്. അമ്മു അറിയാതെ തലയില്‍ കൈവച്ചുപോയി. കൊഞ്ച് എല്ലാം സ്‌കൂളില്‍ പറഞ്ഞുപരത്തും.

പറമ്പിന്റെ അതിരില്‍ ഒരു പാലമരം ഉണ്ടെന്നത് നേരാണ്. അതില്‍ തളച്ച കരിംചാത്തനെ എവിടെ കാട്ടിക്കൊടുക്കും? അങ്ങനെയൊന്നും പേടിച്ചോടുന്നവളല്ല കൊഞ്ച്. അവളോടൊപ്പമുള്ള ചട്ടമ്പിയെ പിന്നേം ഓടിക്കാം. കുളിരന്‍ ഗമയില്‍ വഴികാട്ടിയെപ്പോലെ പാലച്ചോട്ടിലേക്ക് നടന്നു. അമ്മു മനസ്സില്ലാ മനസ്സോടെ അനുഗമിച്ചു.

മരങ്ങളാകെ ഇടതൂര്‍ന്ന് നില്‍ക്കുന്നിടത്താണ് പാലമരം. തുടലിച്ചെടികളെ കാട്ടി അമ്മു അങ്ങോട്ടുള്ള യാത്രയെ നിരുല്‍സാഹപ്പെടുത്തി. ശരീരത്തില്‍ നിറയെ മുള്ളാണ് തുടലിച്ചെടിക്ക്. തൊട്ടാല്‍ അവിടമാകെ ഉരഞ്ഞുനീറും.

തുടലിച്ചെടികളെ നിഷ്പ്രഭമാക്കി മഞ്ചു ആവേശത്തോടെ മുന്നോട്ട്. ഞാനുമുണ്ട് എന്ന് ചിറകുനിവര്‍ത്തി മണിച്ചിക്കോഴിയും കുഞ്ഞുങ്ങളും പിന്നാലെ. പിന്നെ അമ്മു എന്തുചെയ്യും?

പാലമരത്തിന് ചുറ്റും ഇലഞ്ഞിമരവും ആഞ്ഞിലിയും തെരളിച്ചെടിയും പ്ലാവും നെല്ലിമരവും പേരറിയാച്ചെടികളുമെല്ലാം വട്ടംപിടിച്ചു നില്‍ക്കുന്നുണ്ട്. മരങ്ങളെല്ലാം ചൂടിനില്‍ക്കുന്നതുകൊണ്ട് ഇരുട്ടുനിറഞ്ഞ ഭാഗമാണ് അവിടം. ഉച്ചയ്ക്കുമാത്രമേ സൂര്യന്‍ അവിടേക്ക് എത്തിനോക്കൂ.

അതിനുമപ്പുറം മാധവന്‍ ചേട്ടന്റെ വീടാണ്. പത്തുപതിനെട്ട് വയസ്സേ വരൂ മാധവന്‍ ചേട്ടന്. മാധവന്‍ ചേട്ടന്റെ പറമ്പുനിറയെ കവുങ്ങുകളും വാഴകളും തെങ്ങുകളുമാണ്. അതിനു നടുക്കായി ചേട്ടന്റെ ചന്തത്തിലുള്ള വീടിരിപ്പുണ്ട്. വീടിന്റെ മുറ്റം എപ്പോഴും വൃത്തിയില്‍ കിടക്കും. മുറ്റത്ത് നെല്ലോ കുരുമുളകോ ഇഞ്ചിയോ ഒക്കെ ഉണക്കാനിട്ടിരിക്കും. മാധവന്‍ചേട്ടനെ കൂടാതെ അമ്മകൂടി വീട്ടിലുണ്ട്. ഒരുദിവസം ആ മുറ്റത്തോളം അമ്മു ചെന്നിട്ടുണ്ട്. അവരോടെല്ലാം വര്‍ത്തമാനം പറഞ്ഞാണ് മടങ്ങിപ്പോന്നത്.

പാലമരം കുതിച്ചുയര്‍ന്ന് ആകാശത്തെനോക്കി നില്‍പ്പാണ്. അത് ഭംഗിയുള്ള വെളുത്ത പൂക്കളെ ഞാത്തിയിടാറുണ്ട്. അപ്പോഴേക്കും പാലപ്പൂമണം വരും. രാത്രിയാണ് കാറ്റിന്റെ ചിറകിലേറി ഗന്ധം വരിക.

പാലയുടെ ചോട്ടില്‍ അതിന്റെ ഒരു ശിഖരം കരിഞ്ഞുണങ്ങി നിലത്തോട് ചേര്‍ന്ന് നില്‍പ്പുണ്ട്. കുളിരന്‍ ആവേശത്തോടെ അതിനു മുകളിലേക്ക് കയറിപ്പോയി.

പിന്നീട് അവിടുണ്ടായത് ഞെട്ടിക്കുന്ന ചില സംഭവവികാസങ്ങളായിരുന്നു.

തുടരും…

Read More: ഒരു കഥ കൂടി വായിക്കാന്‍ തോന്നുന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: S r lal novel for children detective ammu chapter 9