scorecardresearch
Latest News

ഡിറ്റക്റ്റീവ് അമ്മു – കുട്ടികളുടെ നോവൽ എട്ടാം ഭാഗം

“കടലുകാണിപ്പാറയില്‍ കയറണമെന്ന് അമ്മൂന് അതിയായ ആഗ്രഹമുണ്ട്. അതിന് മുകളില്‍ നിന്നാല്‍ ദൂരെ കടല്‍ കാണാം. പാറയ്ക്കു മുകളില്‍ ആളിനെ പറത്തിക്കൊണ്ടുപോകുന്ന കാറ്റാണ്. അവിടെനിന്നാല്‍ തന്റെ വീടു കാണാനാവുമോ?” എസ് ആർ ലാൽ എഴുതിയ കുട്ടികളുടെ നോവൽ “ഡിറ്റക്റ്റീവ് അമ്മു” എട്ടാം ഭാഗം

ഡിറ്റക്റ്റീവ് അമ്മു – കുട്ടികളുടെ നോവൽ എട്ടാം ഭാഗം

വഴിയാത്രക്കാര്‍

അമ്മൂന്റെ വീടിന്റെ ഗേറ്റിനടുത്തുനിന്നും ഒരു പാലമുണ്ട്. ചെമ്മണ്‍ പാതയെയും വീടിനെയും തമ്മില്‍ കൂട്ടിമുട്ടിക്കുന്നത് ഈ പാലമാണ്. ചെമ്മണ്‍പാതയ്ക്കപ്പുറം വയലാണ്. വയല്‍ അവസാനിക്കുന്നേടത്ത് വീടുകള്‍. വയലിന്റെ കരയിലായി ഒരു അമ്പലമുണ്ട്. അമ്പലത്തിന് സമീപത്ത് പാച്ചുമാമന്റെ ചായക്കട. അതിനുമപ്പുറം വലിയൊരു പാറയുണ്ട്. കടലുകാണിപ്പാറയെന്നാണ് പേര്.

അമ്മുവിന് ഇവിടെ എല്ലാം പുതിയതാണ്. ആള്‍ക്കാരെയും സ്ഥലങ്ങളെയും പരിചയപ്പെട്ടു വരുന്നതേയുള്ളൂ. പക്ഷേ, അമ്മയ്ക്കും അമ്മാമ്മയ്ക്കും അറിയുന്നതിനേക്കാള്‍ കൂടുതല്‍ ആള്‍ക്കാരെ അമ്മൂന് അറിയാം.

അവധി ദിവസങ്ങളില്‍ അമ്മു ഗേറ്റിന് സമീപം നിലയുറപ്പിക്കും. ചെമ്മണ്‍പാതയെ നോക്കിനില്‍ക്കും. അതിലേയുള്ളത് കൂടുതലും കാല്‍നടക്കാരാണ്. സൈക്കിളുകള്‍ വരാറുണ്ട്. ബൈക്കുകളും ഓട്ടോകളും ജീപ്പുകളും വല്ലപ്പോഴും മുഖംകാണിച്ചുപോകും.

അമ്മു നില്‍ക്കുന്നത് ആള്‍ക്കാരെ കാണാനാണ്. ധൃതിയില്ലാത്തവരെ കണ്ടാല്‍ അറിയാം. അവര്‍ പാട്ടൊക്കെ മൂളിവരും. ചുറ്റുപാടുമൊക്കെ നോക്കി നടക്കും. നെറ്റിയിലോ വസ്ത്രത്തിലോ വിയര്‍പ്പുണ്ടാവില്ല. തിരക്കുള്ളവരുടെ നോട്ടം ദൂരെയാവും. ചെന്നെത്തേണ്ട ദൂരത്തെക്കുറിച്ചുള്ള ചിന്തയാണ് ഉള്ളില്‍. അവര്‍ ചുറ്റുമുള്ളതൊന്നും കാണില്ല.

അലസമട്ടില്‍ പോകുന്നവരെ അവള്‍ വിളിച്ചുനിര്‍ത്താറുണ്ട്. എന്നിട്ട് വിശേഷങ്ങള്‍ ചോദിച്ചറിയും.

അന്നേരം ഒരു സ്ത്രീ ചെമ്മണ്‍ പാതയിലൂടെ വരുന്നുണ്ടായിരുന്നു. സാധനങ്ങളും വാങ്ങിയുള്ള വരവാണ്. വെളുത്ത് മെലിഞ്ഞിട്ടാണ്. ആരായിരിക്കും ഇവര്‍? അവള്‍ ചില ഊഹങ്ങളില്‍ ഏര്‍പ്പെട്ടു.

”മാമി എവിടെപ്പോയതാ?” അമ്മു ഗേറ്റിനരികില്‍ നിന്ന് കുശലം ചോദിച്ചു.

അവര്‍ ശബ്ദം കേട്ടിടത്തേക്ക് നോക്കി. പാവാടയിട്ട് ചിരിച്ചുകൊണ്ട് ഒരു കുട്ടി നില്‍ക്കുന്നു. നല്ല ഓമനത്തമുള്ള മുഖം. സമീപത്ത് ഒരു പൂച്ച ഉറക്കംതൂങ്ങി ഇരിപ്പുണ്ട്. അവര്‍ നടത്തം നിര്‍ത്തി. തലയിലിരുന്ന വട്ടി താഴെവച്ചു. നടുവിന് കൈകൊടുത്തു. കുറച്ചുദൂരം സഞ്ചരിച്ചിട്ടാണ് വരുന്നതെന്ന് അവള്‍ക്ക് മനസ്സിലായി.

”ചന്തേല് പോയതാ മോളേ…”

”എവിടാ ചന്ത?”

അവര്‍ കൈ പിന്നിലേക്ക് ചൂണ്ടി. ”അവിടെയൊരു മലയുള്ളത് കണ്ടോ? അതിന്റെ ചോട്ടിലാണ്. എല്ലാ ശനിയാഴ്ചയും അവിടെ ചന്തയുണ്ട്.”

”വട്ടീലെന്താ?”

”മലക്കറിയുണ്ട്, മീനുണ്ട്, മരിച്ചീനിയുണ്ട്…”

വട്ടിയില്‍നിന്നും സബര്‍ജെല്ലിക്കയെടുത്ത് അവര്‍ നീട്ടി. പഴുത്ത സബര്‍ജെല്ലിയായിരുന്നു അത്. അവള്‍ മടികൂടാതെ വാങ്ങി. ഒരു കടിയും കൊടുത്തു. എന്ത് മധുരം!

മീനെന്നു കേട്ടതും കുളിരന്‍ മയക്കം വെടിഞ്ഞു. പ്രതീക്ഷയോടെ വട്ടിയിലേക്ക് ഉറ്റുനോക്കി. അപ്പോഴേക്കും അവര്‍ വട്ടി തലയില്‍ വെച്ചുകഴിഞ്ഞു. കുളിരന്‍ നിരാശനായി മയക്കത്തിലേക്ക് കടന്നു.

”കൊച്ചിന്റെ പേരെന്താ?” തിരിഞ്ഞുനിന്ന് അവര്‍ ചോദിച്ചു.

”അമ്മൂന്ന്. ദാ അതാ വീട്.” അവള്‍ വീട്ടിലേക്കുള്ള വഴി കാണിച്ചുകൊടുത്തു.

”മായേടെ അമ്മയാണോ?” മടിച്ചുമടിച്ചാണ് അമ്മു അത് ആരാഞ്ഞത്.

”അതേ. എങ്ങനെ മനസ്സിലായി?”

”അവളെപ്പോലുണ്ട്. ഞങ്ങള് ഒരു ക്ലാസിലാ.” തന്റെ നിഗമനം ശരിയായതില്‍ അമ്മൂന് സന്തോഷംതോന്നി.

അവരുടെ മുന്‍നിരയിലെ പല്ലില്‍ ഒന്നിന് പ്രത്യേകയുണ്ട്. ചിരിച്ചപ്പോഴാണ് അവള്‍ അത് കണ്ടെത്തിയത്. പല്ലുകളിലൊന്നിന്റെ നിറം മങ്ങിയിട്ടാണ്. അതിന്റെ നിറംകെട്ടുപോയത് എന്തുകൊണ്ടാവും?

”എന്തോര് അഹങ്കാരാ ആ പെണ്ണുംപിള്ളയ്ക്ക്” കുളിരന് സഹിച്ചില്ല.

”ഏയ്, നല്ല സ്‌നേഹമുള്ള മാമി. അവരുടെ പല്ലില്‍ ഒന്നിന്റെ നിറം മങ്ങിയതാ. നീ കണ്ടാരുന്നോ?”

”അഹങ്കാരി പെണ്ണുംപിള്ളേയല്ലേ. അവരുടെ പല്ല് ആരെങ്കിലും അടിച്ചിളക്കിയതാവും.”

”പോടാ… നിനക്ക് അവരേന്ന് മീന്‍ കിട്ടാത്തതിന്റെ കുനുകുനുപ്പാ.”

”ഓ… ആര്‍ക്ക് വേണം അവരുടെ കെട്ട നെത്തോലി…എനിക്കുള്ള മീന്‍ ഇപ്പൊ വരും. നീ കണ്ടോ.”

ദൂരെനിന്നും ഓട്ടോറിക്ഷയുടെ ശബ്ദവും നീട്ടിപ്പിടിച്ച ഹോണും കേട്ടു. മീന്‍വണ്ടിയാണ്. കുളിരന്‍ ഉന്മേഷംവരുത്തി നടുനിവര്‍ത്തി. അമ്മൂന്റെ അമ്മ മീന്‍വാങ്ങാന്‍ ഇറങ്ങുമ്പോള്‍ കുളിരനും കുണുങ്ങി ചെല്ലാറുണ്ട്. അമ്മയ്ക്ക് കൂട്ട് എന്ന മട്ടിലാണ് നടത്തം. ഉള്ളിലിരിപ്പ് വേറെയാണ്.

മീന്‍കാരന്റെ കയ്യില്‍നിന്നും ചാളയോ മത്തിയോ കിട്ടും. ചീഞ്ഞതോ മുറിഞ്ഞതോ ഒന്നും കുളിരന്‍ കയ്യേല്‍ക്കില്ല. മീന്‍കാരന്‍ ദയാലുവാണ്. അയാള്‍ കുളിരനായി നല്ല മീന്‍ കരുതിവയ്ക്കാറുണ്ട്. മീന്‍ കിട്ടിയാല്‍, കുളിരന്‍ മീന്‍കാരനെ വാലുകൊണ്ട് തഴുകി നന്ദി അറിയിക്കും.

മീന്‍വണ്ടി ഇനി ക്ഷേത്രത്തിന് സമീപമുള്ള വഴിയിലൂടെയാണ് സഞ്ചരിക്കുക. പാച്ചുമാമന്റെ കടയില്‍നിന്നും മീന്‍കാരന്‍ ചായകുടിക്കും. പിന്നെ കടലുകാണിപ്പാറയുടെ താഴെക്കൂടി പിന്നെയും മുന്നോട്ടുപോകും. മീന്‍കാരന്‍ ഒരിക്കല്‍ അമ്മുവിനോട് വിശദീകരിച്ചതാണിത്.

ഒരുദിവസം അമ്മു പാച്ചുമാമന്റെ കടവരെ പോയിട്ടുണ്ട്. വീട്ടില്‍ എല്ലാവരും ഉച്ചയുറക്കത്തിലായിരുന്നു. അന്നേരമാണ് അമ്മു അങ്ങോട്ടേക്ക് വച്ചുപിടിച്ചത്. വയലില്‍നിന്നും ഇളം കാറ്റ് വരുന്നുണ്ടായിരുന്നു. നടന്നുനടന്ന് കടയുടെ മുന്നിലെത്തി. അവിടെ ആളുകളൊന്നും ഉണ്ടായിരുന്നില്ല. പാച്ചുമാമന്‍ പത്രം വായിക്കുകയാണ്. അമ്മൂനെകണ്ട് അയാള്‍ തല ഉയര്‍ത്തി. പിന്നെ ചിരിച്ചു. നരച്ചമീശയുണ്ട് പാച്ചുമാമന്. തലയില്‍ മുടിയൊന്നുമില്ല. എഴുപതു വയസ്സിലധികം പ്രായമുണ്ടാവും.

”കൊച്ചിന് എന്തുവേണം?”

അമ്മു തോളുകൊണ്ട് ഒന്നുംവേണ്ടെന്ന് കാണിച്ചു. ഇവിടമൊക്കെ കാണാനിറങ്ങിയതാണെന്ന് പറഞ്ഞു.

”മാമന്റെ കാതിലെന്താ ഒരു ദ്വാരം?”

”അത് പണ്ട് കമ്മലിട്ടിരുന്നതാ.”

”ആണുങ്ങള് കമ്മലിടുവോ?”

”പിന്നേ… ഞാന്‍ കുട്ടിയായിരുന്നപ്പോ ഇട്ടിരുന്നു. പിന്നീടത് ഊരിമാറ്റി.”

പാച്ചുമാമന്റെ വീട്ടുവിശേഷമെല്ലാം അവള്‍ ചോദിച്ചറിഞ്ഞു. മുപ്പതുവര്‍ഷമായി കച്ചവടം നടത്തുന്നു. കടയോട് ചേര്‍ന്ന് വീടുണ്ട്. അവിടെ പാച്ചുമാമനും ഭാര്യയുമാണ് താമസം. മക്കളൊക്കെ ദൂരെയാണ്. മാമന്‍ അവള്‍ക്ക് മധുരമുള്ള ഉണ്ടംപൊരി കൊടുത്തു. അതുംകടിച്ചാണ് അവള്‍ തിരിച്ചുവന്നത്.

പാച്ചുമാമന്റെ ചെവിയിലെ കമ്മലിന്റെ കാര്യം അവള്‍ക്ക് പറയാതിരിക്കാനായില്ല. വൈകിട്ട് അപ്പുവിനോടാണ് അതു പങ്കുവച്ചത്.

”പാച്ചു മാമന്റെ കാതിലൊരു ഞാത്തുണ്ട്. പണ്ട് കാതുകുത്തിയതാ.”

”ഏത് പാച്ചുമാമന്‍?” ചോദ്യം അമ്മയുടേതായിരുന്നു. അമ്മ ഏതുനേരത്താണ് മുറിയില്‍ കയറിവന്നത്. അമ്മു അത് കണ്ടതേയില്ല. കുളിരനെപ്പോലെ ഒച്ചയുണ്ടാക്കാതെ നടക്കാന്‍ അമ്മയ്ക്കും അറിയാമോ!

”ഏത് പാച്ചുമാമന്‍?” അമ്മ വിടാന്‍ ഭാവമില്ല.

”അമ്പലത്തിനടുത്ത് ചായക്കട നടത്തുന്ന…”

”അതിന് നീ അവിടെപ്പോയോ?”

അമ്മു ഇരുട്ടില്‍തപ്പി.

”എടീ അമ്മൂ നിന്നോടാ ചോദിച്ചത്?”

അമ്മയുടെ ഒച്ച ഉയര്‍ന്നു. കുളിരന്‍ ഓടി മറഞ്ഞു. ദേഷ്യം വന്നാല്‍ അമ്മ കയ്യിലിരിക്കുന്നതുകൊണ്ട് അടിക്കും, ഇല്ലേല്‍ എറിയും. മിക്കപ്പോഴും അത് വന്നുകൊള്ളുക കുളിരന്റെയോ അപ്പുവിന്റെയോ ദേഹത്താണ്. അമ്മു കളരി അഭ്യാസിയെപ്പോലെ തിരിഞ്ഞുമാറും.

”എടീ നിനക്ക് ചെവികേള്‍ക്കില്ലേ?” അമ്മ ചൊടിച്ചു.

”ഏയ്…പാച്ചുമാമന്‍ ഇതിലേ പോയപ്പോ കണ്ടതാ.”

അവിടുന്നു കിട്ടിയ ഉണ്ടംപൊരിയുടെ കാര്യം പറയാത്തത് നന്നായി. ഇല്ലേല്‍ കാര്യങ്ങള്‍ കുഴപ്പത്തിലായേനെ.

”അമ്മൂ, നിന്നോടൊരു കാര്യം പറഞ്ഞേക്കാം…” അമ്മ അവളുടെ താടി പിടിച്ചുയര്‍ത്തി. ”വീട്ടില്‍ പറയാതെ ഒരിടത്തേക്കും പോയേക്കരുത്. കണ്ടടത്തെല്ലാം തെണ്ടിത്തിരിയരുത്.നീയൊരു പെങ്കൊച്ചാണെന്ന് ഓര്‍മവേണം.”

അമ്മു അനുസരണയോടെ തലയാട്ടി. ആണ്‍കുട്ടികള്‍ക്കെന്താ ഇതൊന്നും ബാധകമല്ലേ? അവള്‍ ശബ്ദമുണ്ടാക്കാതെ ചോദിച്ചു.

”ആരെക്കണ്ടാലും അവരുടെ കുറ്റോംകുറവും കണ്ടെത്തിക്കൊള്ളും പെണ്ണ്.” അമ്മ പോകുന്നപോക്കില്‍ അവള്‍ക്കിട്ടൊരു കിഴുക്കുംകൊടുത്തു. അപ്പൂന് ചിരിവന്നു. അവനത് പുറത്തുകാണിച്ചില്ല. കണ്ടാല്‍ അമ്മു നഖംകൊണ്ട് മാന്തും. അമ്മയെപ്പോലെ അവളും നഖം വളര്‍ത്തുന്നുണ്ട്.

രമണിചേച്ചിയുടെ വലത്തേ കാലിലെ ആറാംവിരല്‍, പശുവിനെ കറക്കാന്‍ വരുന്ന ശശി മാമന്റെ തോര്‍ത്തുകൊണ്ടുള്ള തലയില്‍ കെട്ടിനുള്ളിലെ ബീഡിയും തീപ്പെട്ടിയും, മീന്‍കാരന്‍ മാമന്റെ തലയിലെ വെട്ടുകൊണ്ടപോലുള്ള പാട് (തൊപ്പികൊണ്ട് മറച്ചുവച്ചിരിക്കയാണ് അയാള്‍, ആക്‌സിഡന്റ് പറ്റിയതാണ്), ആഞ്ഞിലി മരത്തില്‍ വന്നിരിക്കുന്ന വെള്ളിമൂങ്ങ, പറമ്പിന്റെ ഒഴിഞ്ഞകോണില്‍ ഒളിച്ചിരുന്ന കടന്നല്‍ക്കൂട് തുടങ്ങി നിരവധി കണ്ടുപിടിത്തങ്ങളുടെ ഉടമസ്ഥാവകാശം അമ്മുവിനുണ്ട്. എല്ലാവര്‍ക്കും ഉപകാരപ്പെട്ട എത്ര കാര്യങ്ങളാണ് അവള്‍ കണ്ടെത്തുന്നത്! പക്ഷേ കുറ്റം എപ്പോഴും അമ്മുവിനാണ്.

മീന്‍കാരന്‍കൂടി പോയതോടെ അമ്മു ഗേറ്റില്‍ ഒറ്റയ്ക്കായി. മീനിന്റെ വാലോ തലയോ പ്രതീക്ഷിച്ച് കുളിരന്‍ അമ്മയുടെ പിന്നാലെ കൂടി.

”അമ്മൂ, ഓടിവാ, അടുക്കളേല് കുറേ ജോലിയുണ്ട്. വന്ന് സഹായിച്ചേ…” എന്നൊക്കെ പറഞ്ഞിട്ടാണ് അമ്മ പോയിരിക്കുന്നത്. പിന്നേ അടുക്കളേല് സഹായിക്കലല്ലേ എന്റെ പണി. അമ്മു ചുണ്ടുകോട്ടി.
ഈ സമയത്ത് വരാറുള്ള തത്തകളെ അമ്മുവിന് കാണേണ്ടതുണ്ട്. ഇല്ലെങ്കില്‍ അവയ്ക്ക് സങ്കടമാവും.

ദാ വരുന്നു തത്തകള്‍. എന്തു ചന്താണ്. എട്ട് എണ്ണത്തിനയേ ഇന്ന് കാണുന്നുള്ളൂ. ഒരെണ്ണം എവിടെപ്പോയതാവും. അതോ എണ്ണിയപ്പോള്‍ തെറ്റിയതാവുമോ? അകലെയുള്ള കടലുകാണിപ്പാറയിലാണ് അവ കൂടണയുന്നത്. പാറക്കൂട്ടത്തിന് അടുത്തെത്തുമ്പോള്‍ പക്ഷികളെ കാണാതാകും.

കടലുകാണിപ്പാറയില്‍ കയറണമെന്ന് അമ്മൂന് അതിയായ ആഗ്രഹമുണ്ട്. തല ഉയര്‍ത്തിപ്പിടിച്ചാണ് അതിന്റെ നില്‍പ്പ്. അതിന് മുകളില്‍ നിന്നാല്‍ ദൂരെ കടല്‍ കാണാം. ഭാഗ്യമുണ്ടെങ്കില്‍ പൊട്ടുപോലെ കപ്പലിന്റെ ഇളക്കംകാണാം. പാറയ്ക്കു മുകളില്‍ ആളിനെ പറത്തിക്കൊണ്ടുപോകുന്ന കാറ്റാണ്. അവിടെനിന്നാല്‍ തന്റെ വീടു കാണാനാവുമോ?

സ്‌കൂള് കാണാനാവുമോ?

സീതയും രാമനും ലക്ഷ്മണനും വനവാസകാലത്ത് ആ പാറയില്‍ താമസിച്ചിട്ടുണ്ട്. അവരുടെ വലിയ കാല്‍പാദങ്ങള്‍ ഇപ്പോഴും പാറമേലുണ്ട്. അവര്‍ അടുപ്പിനായി കൂട്ടിവച്ച വലിയ കല്ലുകളും. ഭീമാകാരന്മാരായ കല്ലുകള്‍. അപ്പോ എത്രവലിയ പാത്രമാവും അവര്‍ ഉപയോഗിച്ചിട്ടുള്ളത്?. അമ്മു ആലോചിച്ചുനോക്കി.

കടലുകാണിപ്പാറയ്ക്കു താഴെ കാടാണ്. ആള്‍താമസമില്ല. പണ്ടത്തെ ശ്മശാനവും കടലുകാണിപ്പാറയുടെ താഴെയായിട്ടുണ്ട്. ഇപ്പോള്‍ അവിടെ ആളുകളെ ദഹിപ്പിക്കാറില്ല. വീട്ടില്‍ സഹായത്തിനെത്തുന്ന രമണിചേച്ചിയാണ് ഇക്കഥയൊക്കെ പറഞ്ഞത്. ചേച്ചിയെ കൂട്ടുപിടിക്കണം, ഒരു ദിവസം കടലുകാണിപ്പാറയിലേക്ക് പോകണം, അമ്മു തീര്‍ച്ചപ്പെടുത്തി.

സന്തോഷംനിറഞ്ഞ ആ നിമിഷങ്ങളെ കെടുത്താനായി രണ്ടുപേര്‍ അങ്ങോട്ടേക്ക് വരുന്നുണ്ടായിരുന്നു. അമ്മുവിന്റെ കള്ളത്തരങ്ങളുടെ നേരറിയാന്‍ ഇറങ്ങിത്തിരിച്ച സി ഐ ഡികളായിരുന്നു അവര്‍.

തുടരും…

Read More: ഒരു കഥ കൂടി വായിക്കാന്‍ തോന്നുന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: S r lal novel for children detective ammu chapter 8