മന്ത്രവാദി അമ്മു
അമ്മു പലവട്ടം കമ്പിനെ അകത്തേക്ക് കടത്തി. പാമ്പോ പട്ടിയോ ആയിരിക്കുമോ അതിനകത്ത്?
”മിണ്ടാതിരിക്കെടീ, എനിക്ക് നോവുന്നെടീ.”
അകത്തുനിന്നും ശബ്ദംകേട്ടു.
”ആരാ അകത്ത്?”
ഞാനാ.”
ഞാനെന്നുവച്ചാ?”
മണിച്ചി”
നിനക്കെന്താ ഇതിനകത്ത് പരിപാടി? ഇങ്ങോട്ടിറങ്ങിവന്നേ”
മണിച്ചിക്കോഴി വയ്ക്കോലിനിടയിലൂടെ നുഴഞ്ഞ് പുറത്തുവന്നു. അവള് ക്ഷീണിച്ചിരിക്കുന്നു. ചെറിയ നാണവും മുഖത്തുണ്ട്.
”നിന്നെത്തിരക്കി ഇവുടുള്ളോര് നടക്കാന്‍ തുടങ്ങീട്ട് എത്ര നേരാന്നറിയോ? നിന്നെക്കാരണം അപ്പൂന് കൊണ്ട തല്ലിന് കണക്കില്ല.”
”അത് ഞാനറിയുന്നോ? നിങ്ങള്‍ക്കാര്‍ക്കും എന്നെ ഇഷ്ടോമില്ലല്ലോ. നീയെന്നെ എന്താ വിളിക്കാറ്. മടിച്ചീന്നല്ലേ?””
അതിന് വന്ന് ഒളിച്ചിരിക്കാ. ഞങ്ങള്‍ വിചാരിച്ചത് നിന്നെ കുറുക്കന് കൊണ്ടുപോയെന്നാ.”
”അമ്മൂ, നിനക്ക് ഞാനെത്ര മുട്ടതന്നതാ. എത്ര ദെവസമായി ഞാനിവിടെ ഇരിക്കുന്നു? ഇപ്പോഴല്ലേ എന്നെ തിരക്കിയിറങ്ങിയത്. ഇത്ര സ്നേഹമേ ഉള്ളൂ ല്ലേ?”
അമ്മു മുട്ടുകുത്തി ഇരുന്ന് മണിച്ചീടെ തലയില്‍ തലോടി.’
‘നീ ഇവിടെഎന്തു ചെയ്യാരുന്നെന്ന് പറ?””
ഞാനേ അടയിരിക്കാരുന്നു. ആര്‍ക്കും എന്നെക്കുറിച്ച് നല്ലത് പറയാനില്ലല്ലോ. അത് മാറ്റണല്ലോന്ന് വിചാരിച്ചു.””
ആഹാ! എത്ര കുഞ്ഞുങ്ങളുണ്ട്?””
ഒരു മുട്ടകൂടി വിരിയാനുണ്ട. അപ്പൊ പത്തെണ്ണമാവും. അത് നാളെ വിരിയും, എന്നിട്ടേ ഞാന്‍ പുറത്തുവരൂ.””
ഇത്രനാളും എവിടുന്ന് ഭക്ഷണംകഴിച്ചു?””
നെല്ല് തിന്നു. അരുവിയില്‍ പോയി വെള്ളംകുടിച്ചു. ആരുംകാണാതിരിക്കാന് രാത്രിയേ പുറത്തിറങ്ങിയുള്ളൂ.””
ഹമ്പടീ! നീ കൊള്ളാല്ലോ.”

”ഞാനീ കുഞ്ഞുങ്ങളേം വിളിച്ച് നാളെ രാവിലെ മുറ്റത്ത് വരാം അമ്മൂ. അതുവരെ നീ ആരോടും പറയേണ്ട. ഇത്തവണ കുഞ്ഞുങ്ങളെ ഞാന്‍ പൊന്നേപ്പോലെ നോക്കും. നോക്കിക്കോ.”
മുന്‍പൊരിക്കല്‍ മണിച്ചിക്കോഴിയെ അമ്മ അടയിരുത്തിയതാണ്. എട്ട് കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. എല്ലാത്തിനേം എറുമുള്ളും ആനറാഞ്ചീംകൊണ്ടുപോയി. മക്കളെ നോക്കാനറിയാത്തവളെന്ന് അന്നേ ദുഷ്പേരുണ്ട്.’
‘അമ്മൂ നീയിവിടെ നിക്കണത് കണ്ടാ വീട്ടുകാര്‍ സംശയിക്കും. ഞാനീ പണിപ്പെട്ടതെല്ലാം വെറുതേയാകും. നിന്റെ അമ്മേം അമ്മാമ്മേം അപ്പൂം ഇതിന്റെ മുന്നീക്കൂടി എത്രതവണ നടന്നതാന്നോ. ഞാന്‍ മിണ്ടീല്ല. നീ പക്ഷേ കണ്ടുപിടിച്ചു. നീയൊരു മിടുക്കിയാ.”
മണിച്ചിക്കോഴി തന്നെ അംഗീകരിച്ചതില്‍ സന്തോഷംതോന്നി. മണിച്ചീടെ രഹസ്യം വെളിപ്പെടുത്തേണ്ടതില്ലെന്നും അവള് തീരുമാനിച്ചു.
പക്ഷേ സമയംകഴിയുംതോറും രഹസ്യം അമ്മുവിന്റെ ഉള്ളില്‍ക്കിടന്ന് വീര്‍പ്പുമുട്ടി. അവള്‍ക്ക് ശ്വാസംമുട്ടി. രഹസ്യങ്ങള്‍ സൂക്ഷിക്കാനുള്ള കഴിവൊന്നും അമ്മൂനില്ല.
വൈകിട്ട് അവള് ചില ഒരുക്കങ്ങള്‍ നടത്തി. അമ്മയും അമ്മാമ്മയും കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയിരിക്കയാണ്. കുളിരന് അന്നേരം റോസാച്ചെടിയുടെ ചുവട്ടിലുണ്ട്. മയക്കത്തിലെന്ന ഭാവേന അവന് അതെല്ലാം ശ്രദ്ധിക്കുന്നുണ്ട്.
അമ്മു തുളസിയുടെ ഇലകളും തെച്ചിപ്പൂക്കളും പറിച്ചെടുത്തു. വാഴ ഇല ഭംഗിയില്‍ മുറിച്ചെടുത്തു. പാളക്കൊട്ടിയില് അമ്മാമ്മ സൂക്ഷിക്കുന്ന ഭസ്മം പൊതിഞ്ഞെടുത്തു.
ഇവളെന്തിനുള്ള പുറപ്പാടാണ്? കുളിരന് മയക്കത്തിനിടയില്‍ ആലോചിച്ചു. വൈകുന്നേരത്തിന്റെ ഇളം വെയില് അവിടേക്ക് പാറിവീഴുന്നുണ്ടായിരുന്നു. അതിന്റെ സുഖദമായ ചൂടേറ്റ് കിടപ്പായിരുന്നു അവന്.
അമ്മു വാഴ ഇല ഉമ്മറത്ത് വിരിച്ചു. അതിന്മേല് ചാണകം ഉരുട്ടിവച്ചു. ചന്ദനത്തിരി കത്തിച്ചുവച്ചു. നിലവിളക്കിനെ ചന്തത്തില്‍ ഒരുക്കി. അതില്‍ തിരി തെളിച്ചു. നെറ്റിയില്‍ ഭസ്മം പൂശി. നിലവിളക്കിനു മുന്നില്‍ ചോക്കുകൊണ്ട് ചില കളങ്ങള്‍ വരച്ചു. മണികിലുക്കി. മന്ത്രങ്ങള്‍ ചൊല്ലാന്‍ തുടങ്ങി.
ഉമ്മറത്തുനിന്ന് പതിവില്ലാത്ത ശബ്ദംകേട്ട് കൂടിന് സമീപംനിന്നകോഴികള് ഓടിവന്നു. മുറിയിലെന്തോ കളിയിലേര്‍പ്പെട്ടിരുന്ന അപ്പുവും പാഞ്ഞുവന്നു. കുളിരന് കോഴികളെ വകഞ്ഞ്, ഉമ്മറത്തേക്ക് വന്നു. കോഴികള്‍ അവനെ ചിറഞ്ഞുനോക്കി.
”എന്താ…എന്താ….?” അപ്പു ആകാംക്ഷയടക്കാനാകാതെ ചോദിച്ചു.
കുളിരനും അപ്പുവും അവള്‍ക്കു മുന്നില്‍ കുത്തിയിരുന്നു.
അമ്മു ആരെയും ശ്രദ്ധിക്കാന്‍ പോയില്ല. മന്ത്രങ്ങള്‍ താളത്തില്‍ ഉരുവിട്ടു. മണി ഉച്ചത്തില്‍ കിലുക്കി. തലയും ശരീരവും മെല്ലെ അനക്കാന്‍ തുടങ്ങി.

ഇവള്‍ക്കിതെന്തുപറ്റി? അപ്പുവില്‍ ഭയം നിറഞ്ഞു. അമ്മയും അമ്മാമ്മയും വീട്ടിലില്ലതാനും. ഇവളെ ചാത്തനെങ്ങാനും പിടികൂടിയതാണോ? അപ്പു മെല്ലെ സ്ഥലംവിടാന്‍ നോക്കി.
”ഇരിക്കവിടെ.” അമ്മു ആജ്ഞാപിച്ചു. അപ്പു വീണ്ടും കുത്തിയിരുന്നു.
”ഇങ്ങോട്ടിരിക്ക്. ഭക്തിയോടെ ചമ്രം പടിഞ്ഞിരിക്ക്.” അമ്മുവിന്റെ ശബ്ദം ഉയര്‍ന്നു.
അപ്പു പേടിച്ച് വിറച്ചു. അവള് പറഞ്ഞത് അനുസരിച്ചു. തൊഴുകൈയോടെ ഇരുപ്പായി.
കുളിരനും ഒന്നിളകിയിരുന്നു. ഗൗരവത്തിലായിരുന്നു അവന്.
കോഴികള്‍ അനുസരണയില്ലാതെ മുറ്റത്ത് ചിക്കിപ്പെറുക്കി. കാറ്റുവന്ന് വിളക്കണയ്ക്കാന്‍ നോക്കി.
അമ്മു ചുറ്റും ഭസ്മം വാരിവിതറി. അകക്കണ്ണാല്‍ ചിലത് കണ്ടെടുത്തു.
മുന്നിലെ കവിടികള്‍ കയ്യിലെടുത്തു. കണ്ണടച്ച് മുന്നിലെ കളങ്ങളില്‍ നിരത്തി. മന്ത്രം ഉച്ചത്തിലായി. പിന്നെ കണ്ണുതുറന്ന് അതിനെ ശ്രദ്ധയോടെ വീക്ഷിച്ചു.
”ഞാന്‍ ചിലത് കാണുന്നു.” അമ്മു ഉറഞ്ഞുതുള്ളിക്കൊണ്ട് പറഞ്ഞു. അവളുടെ മുടി മുഖത്തേക്ക് വീണുകിടന്നു.
”എന്ത്….എന്താടീ അമ്മു…എന്താ നീ കാണുന്നത്?”
അപ്പുവിന്റെ ശബ്ദം കിടുകിടുത്തിരുന്നു.
”ഒരു പക്ഷിയെ ഞാന്‍ കാണുന്നുണ്ട് … കാണാതായ പക്ഷിയെ…..” അമ്മു നാടകീയമായി മൊഴിഞ്ഞു..
”കോഴിയെയാണോ? എവിടെ…?” അപ്പു ആകാംക്ഷയോടെ ചോദിച്ചു.
”സൂര്യനുദിക്കും ദിശ…അങ്ങ് കിഴക്കുഭാഗത്ത്….”
അവന് കിഴക്കുഭാഗത്തേക്ക് നോക്കി. അവിടെയാണ് മുറ്റം. കുളിരനും തിരിഞ്ഞുനോക്കി. മുറ്റത്ത് കോഴികള്‍ കൊത്തിപ്പെറുക്കുന്നുണ്ട്.
”ഏതു പക്ഷിയെപ്പറ്റിയാ നീ പറയുന്നത്?”
”കുക്കുടത്തെ…”
”കുക്കുടമോ?”
”കുക്കുടമെന്നാല്‍ കോഴി… പൊട്ടാ, നിന്റെ മണിച്ചിക്കോഴി…. അത് നാളെ ആഗതയാവും….. പരിവാരസമേതം…. എന്റെ ചാത്തന്മാര് അതെന്നോട് പറഞ്ഞു.”
അമ്മു ശരീരവും തലയും വിറപ്പിച്ചുകൊണ്ട് വിളിച്ചുപറഞ്ഞു.
”പത്ത് പരിവാരങ്ങള്‍… എന്റെ ചാത്തന്മാര് കാണുന്നു. നാളത്തെ പുലരിക്കായി കാത്തിരിക്കൂ….. നല്ലതു വരട്ടെ…” അമ്മു കയ്യുയര്‍ത്തി അവനെ അനുഗ്രഹിച്ചു. കുളിരന് നേരെയും അവള് കൈ ഉയര്‍ത്തി.
ചടങ്ങുകള്‍ അവസാനിച്ചിരിക്കുന്നു. അമ്മു മെല്ലെ കണ്ണുതുറന്നു.
നോക്കുമ്പോള്‍, അനുഗ്രഹം ഏറ്റുവാങ്ങാന്‍ അപ്പുവില്ല.
കുളിരനുമില്ല.
രണ്ടാളും കുറച്ചകലെയായി നില്‍പ്പുണ്ട്.
പകരം രണ്ടുപേര്‍ അവിടുണ്ട്. ഒരാളുടെ കയ്യില്‍ വണ്ണത്തിലുള്ള തെച്ചിക്കമ്പും. കടയില്‍പോയ അമ്മയും അമ്മാമ്മയും ഇതെപ്പൊവന്നു? അപ്പുവിന് അതൊന്ന് പറയാന്‍ വയ്യാരുന്നോ?
അപ്രതീക്ഷിതമായി അമ്മയുടെ ചടുല നീക്കമുണ്ടായി. അത് തടുക്കാന്‍ മന്ത്രവാദി അമ്മുവിനും കഴിഞ്ഞില്ല. മുതുകത്തും കയ്യിലും അടിയേറ്റ് മന്ത്രവാദി മുറ്റത്തേക്ക് കുതിച്ചോടി. പാറിവരുന്ന അമ്മുവിനെക്കണ്ട് കോഴികള്‍ ചിതറിയോടി. കുളിരന് ഞാനീ രാജ്യക്കാരനല്ലേ എന്നമട്ടില്‍ തിരിഞ്ഞുനിന്നു.
അമ്മ വന്നകാര്യം മന്ത്രവാദിനിക്ക് അകക്കണ്ണുകൊണ്ട് കാണാനായില്ലേ? അപ്പു ആലോചിച്ചു.
”അവളുടെ ഒരു മന്ത്രവാദം..”
അമ്മാമ്മ ഇലയും പൂവുമെല്ലാം പുറത്തേക്കെറിഞ്ഞു.
നാളെയാകട്ടെ, അപ്പൊ കാണാമല്ലോ അമ്മു മന്ത്രവാദിയാണോ അല്ലേന്ന്- പുറത്തുകേള്‍ക്കാതെ അവള് പറഞ്ഞു.

പിറ്റേന്ന് പതിവിലും നേരത്തേ അമ്മു എണീറ്റു. ഉമ്മറപ്പടിമേല്‍ കുത്തിയിരുന്നു. അമ്മ അവളെ രണ്ടു പ്രാവശ്യം രൂക്ഷമായി നോക്കി. അവള് ശ്രദ്ധിച്ചതേയില്ല. തെച്ചിക്കമ്പ് ഏറ്റതിന്റെ തിണര്‍പ്പ് മായാതെ കയ്യില്‍ കിടപ്പുണ്ട്. അവള് അതില്‍ വിരലോടിച്ചു. വേദന മാറിയിട്ടില്ല.
ഈ മടിച്ചിക്കോഴി ഇതെവിടെപ്പോയി കിടക്കുന്നു…അവള് സ്വയം ചോദിച്ചു.മ
ണിച്ചിക്കോഴീ.,വേഗം വരൂ. അമ്മു കണ്ണടച്ചിരുന്ന് നുറൂവരെ എണ്ണി. ഇതിനിടയില്‍ വന്നില്ലേ ഞാന്‍ അങ്ങോട്ടുവരും. അവള് തന്നോടുതന്നെ പറഞ്ഞു.
ദാ വരുന്നു മണിച്ചിക്കോഴി! പിന്നാലെ പരിവാരങ്ങള്‍! അഹങ്കാരത്തോടെ കൊക്കരച്ചുകൊണ്ടാണ് മണിച്ചീടെ വരവ്. നെഞ്ചുംവിരിച്ചുള്ള അവളുടെ വരവിന് നല്ല ഭംഗീണ്ട്. തന്റെ കൊക്കരക്കോ ലോകംമുഴുവന്‍ കേള്‍ക്കണമെന്ന് ആഗ്രഹിച്ചപോലുണ്ട്. അത്ര ഉച്ചത്തിലായിരുന്നു അത്. ഒച്ചകേട്ട് അമ്മയും അമ്മാമ്മയും അടുക്കളയില്‍നിന്നും വെപ്രാളപ്പെട്ടു വന്നു.
അപ്പു കോഴിക്കുഞ്ഞുങ്ങളെക്കണ്ട് വാപൊളിച്ചു. ഉറക്കമെണീറ്റ് കണ്ണും തിരുമ്മിവന്നതായിരുന്നു അവന്. അപ്പു ആഹ്ലാദം അടക്കാനാകാതെ ആര്‍ത്തുവിളിച്ചു. കോഴിക്കുഞ്ഞുങ്ങളുടെ കീ..കീ…വിളികേട്ട് കുളിരന് മുറ്റത്തേക്കിറങ്ങി. അവന് കോഴിക്കുഞ്ഞുങ്ങളുടെ സമീപംചെന്നു. അവനെക്കണ്ട് കുഞ്ഞുങ്ങള്‍ മണിച്ചിക്കോഴിയുടെ ചിറകിനടിയില്‍ പതുങ്ങി.
ഞാന്‍ പറഞ്ഞതെന്തായി? എന്ന മട്ടില്‍ അവള് എല്ലാവരെയും നോക്കി.
”ഇവളിതെങ്ങനെ കണ്ടുപിടിച്ചു?” അമ്മാമ്മ അമ്മയോട് രഹസ്യമായി ചോദിച്ചു.
”പറമ്പ് നെരങ്ങലല്ലേ പണി. അങ്ങനെ കണ്ടുകാണും.”
തന്റെ പ്രവചനത്തിന് ഒരു വിലയും കല്പ്പിക്കാത്തതില് അമ്മൂന് സങ്കടം തോന്നി. അമ്മൂനെ എല്ലാവരും അംഗീകരിക്കുന്ന ദിവസം വരും. നോക്കിക്കോ. അമ്മു ശബ്ദമില്ലാതെ പറഞ്ഞു.
അമ്മാമ്മ കോഴികള്‍ക്ക് തീറ്റയിട്ടു. ദേ.. പോണു മണിച്ചിക്കോഴി. കുഞ്ഞുങ്ങളെപ്പറ്റിയൊന്നും ഒരു ചിന്തയുമില്ല. ഇതാണോ ഇന്നലെ മണിച്ചിപറഞ്ഞത്, ഇത്തവണ കുഞ്ഞുങ്ങളെ പൊന്നേപ്പോലെ നോക്കുമെന്ന്. അമ്മുവിന് ചിരിവന്നു.
അവധി ദിവസമായിരുന്നു. അവള് കോഴിക്കുഞ്ഞുങ്ങളുടെ പിന്നാലെ നടന്നു. എന്തു രസമാണ് ഇവയുടെ പിന്നാലെ നടക്കാന്‍. അടുത്ത ജന്മത്തില് കോഴിക്കുഞ്ഞായി ജനിച്ചാല്‍ മതിയായിരുന്നു. അപ്പോഴേക്കും ആനറാഞ്ചിയെ ഓര്‍മവന്നു. ആനറാഞ്ചിപ്പക്ഷിയെ അമ്മു കണ്ടിട്ടില്ല. ആനക്കുട്ടിയെവരെ റാഞ്ചിക്കൊണ്ടുപോകാന്‍ അതിന് കഴിയുമത്രേ. കുളിരന് ഒരുദിവസം ആനറാഞ്ചീടെ കയ്യീന്ന് ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്. കുളിരന് പറഞ്ഞ കഥ അമ്മു വിശ്വസിച്ചിട്ടില്ല. എപ്പോഴും അടുപ്പിന്‍ചോട്ടില്‍ ചുറ്റിത്തിരിയുന്ന, ആരോടെങ്കിലും മുട്ടിയുരുമ്മി നടക്കുന്നവനെ എവിടുന്നാണ് ആനറാഞ്ചി പിടിക്കുക?
എന്തായാലും അടുത്ത ജന്മത്തില് കോഴിക്കുഞ്ഞാകേണ്ടെന്ന് അമ്മു തീരുമാനിച്ചു.
കോഴിക്കുഞ്ഞുങ്ങളെ അതിന്റെ പാട്ടിനുവിട്ടു. പിന്നെ ഗേറ്റിനടുത്തേക്ക് ചെല്ലാന്‍ തീരുമാനിച്ചു.
ആ വഴിയേ അമ്മുവിന് പ്രിയപ്പെട്ട ചിലര്‍ വരുന്നുണ്ടായിരുന്നു.
തുടരും…
Read More: ഒരു കഥ കൂടി വായിക്കാന്‍ തോന്നുന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു