scorecardresearch

Latest News

ഡിറ്റക്റ്റീവ് അമ്മു- കുട്ടികളുടെ നോവല്‍ ആറാം ഭാഗം

” അമ്മു നിലത്തുകിടന്ന് വിശദമായ പരിശോധന തുടങ്ങി. കമ്പുകൊണ്ട് ദ്വാരത്തിനകത്തേക്ക് വീണ്ടും കുത്തിനോക്കി. അവിടെ ചില അല്‍ഭുതങ്ങള്‍ അമ്മുവിനെ കാത്തിരിപ്പുണ്ടായിരുന്നു.” എസ് ആർ ലാൽ എഴുതിയ കുട്ടികളുടെ നോവൽ “ഡിറ്റക്റ്റീവ് അമ്മു” ആറാം ഭാഗം

അന്വേഷണങ്ങള്‍

അപ്പുവിന് മുടി വെട്ടിക്കണം. അമ്മുകൂടി ചെന്നാലേ അപ്പു ബാര്‍ബര്‍ ഷോപ്പിലേക്ക് പോകൂ. ഒറ്റയ്ക്ക് പോകാന്‍ അവന് പേടിയാണ്. ചെറുക്കന്റെ പേടി തലതെറിച്ച പെണ്ണുകാരണമെന്നാണ് അമ്മാമ്മ പറയുന്നത്.

അമ്മു പറയുന്ന ചാത്തന്മാരുടെ കഥകയൊക്കെ അപ്പു അപ്പടി വിശ്വസിക്കും. അങ്ങനാണേല്‍ കഥപറയുന്ന തനിക്കും പേടി വരേണ്ടതല്ലേ എന്ന് അമ്മു മറുചോദ്യം ചോദിച്ചു. പതിവുപോലെ ശബ്ദം പുറത്തുവരാതിരിക്കാന്‍ അന്നേരവും അവള്‍ ശ്രദ്ധിച്ചിരുന്നു.

”നീ ഇവന്റെ ആരാ?”

മുടിവെട്ടുന്ന മാമന്‍ അമ്മൂന് നേരേ തിരിഞ്ഞു. അയാള്‍ ആദ്യമായി കുട്ടികളെ കാണുകയാണ്.

”ഞാനിവന്റെ അനിയത്തിയാ.”

”നിനക്ക് മുടിവെട്ടണോ?”

”വേണ്ട. കൂട്ടുവന്നതാ.”

മുടിവെട്ടുന്ന മാമന്‍ അപ്പൂനെ കസേരയില്‍ പിടിച്ചിരുത്തി. അമ്മു പുറകിലെ കസേരയില്‍ ഇരിപ്പുറപ്പിച്ചു.
”എങ്ങനെ വെട്ടണം?” അപ്പൂനോടായി അയാള്‍ ചോദിച്ചു. അവന്‍ അമ്മൂനെ തിരിഞ്ഞു നോക്കി. അവളാണ് അത്തരം നിര്‍ദ്ദേശങ്ങളെല്ലാം നല്‍കാറ്.

”മുടി മുന്‍വശം തീര്‍ത്തുവെട്ടരുത്. പുറക് കുറച്ച് കൂടുതല്‍ വെട്ടിക്കോ. നല്ല സ്റ്റൈലായിരിക്കണം.”

മുടി നല്ല താഴ്ത്തി വെട്ടിച്ചേക്കണമെന്നാണ് അമ്മയുടെ ആജ്ഞ. അമ്മയുടെ നിര്‍ദേശമെല്ലാം അമ്മുവിനോടാണ്. ബാര്‍ബര്‍ഷോപ്പിലേക്കുള്ള യാത്രയില്‍ അപ്പു, സങ്കടംപറഞ്ഞു.

”മൊട്ടയടിച്ചുചെന്നാല്‍ എന്നെ പിള്ളാര് കളിയാക്കുമെടീ…”

അതുകേട്ട് അമ്മുവിന്റെ മനസ്സലിഞ്ഞു. അങ്ങനെ അമ്മയുടെ നിര്‍ദ്ദേശത്തില്‍ അല്‍പം ഭേദഗതി വരുത്തി. മുന്‍വശത്തെ മുടി കുറച്ചുവെട്ടിയാല്‍ മതി എന്ന തീരുമാനത്തില്‍ എത്തിയത് അങ്ങനെയാണ്.
മുടി വെട്ടിക്കഴിഞ്ഞപ്പോള്‍ അപ്പൂന് സന്തോഷമായി. നല്ല സ്റ്റൈലായിട്ടുണ്ട്. അവന്‍ കണ്ണാടിയില്‍ നോക്കി ചന്തം പരിശോധിച്ചു.

തിരിച്ച് പോകുന്നപോക്കില്‍ അപ്പു കോല്‍ ഐസ്‌ക്രീം വാങ്ങും. അമ്മൂന് മിഠായിയും വാങ്ങിക്കൊടുക്കും. അമ്മൂനും അപ്പൂനും അമ്മാമ്മ ചില്ലറ പൈസ കൊടുക്കാറുണ്ട്. രണ്ടുപേര്‍ക്കും പൈസ ശേഖരിക്കാന്‍ കുടുക്കകളുണ്ട്. അമ്മുവിന് കുടുക്കേല് നിക്ഷേപിക്കാനൊന്നും തോന്നാറില്ല. പിറ്റേന്നു തന്നെ മിഠായിവാങ്ങും. അപ്പു അത് സൂക്ഷിച്ചുവച്ച് ഐസ്‌ക്രീം വാങ്ങും.

”ഇന്ന് എനിക്കും ഐസ്‌ക്രീം വാങ്ങിത്തരണം.” അമ്മു കല്‍പ്പിച്ചു.

”പിന്നേ, എനിക്കും നിനക്കും ഒരുപോലല്ലേ അമ്മാമ്മ പൈസാ തരുന്നത്. നീയും കൂട്ടി വയ്ക്കണം.”

”തന്നില്ലേ ഞാന്‍ ചിലത് അമ്മയോട് പറയും.”

”എന്ത്?”

”നിന്റെ മണിച്ചിക്കോഴീനെ കാണാനില്ലാത്തത്.” അപ്പു ഞെട്ടിത്തരിച്ചു നിന്നു.

”അത് നീയെങ്ങനെ അറിഞ്ഞു?”

”അതൊക്കെയൊണ്ട്.”

അപ്പു വഴങ്ങി. രണ്ടുപേരും കൂടി ഐസ്‌ക്രീമും നുണഞ്ഞ് വീട്ടിലെത്തുമ്പോള്‍ അന്തരീക്ഷം സംഘര്‍ഷഭരിതമാണ്. അമ്മാമ്മയും അമ്മയും പറമ്പിലാകെ നടപ്പാണ്.


”മണിച്ചിക്കോഴി എവിടേടാ?” അമ്മ അപ്പൂന് നേരേ ചാടി. കയ്യിലൊരു മുട്ടന്‍ പേരക്കമ്പുമുണ്ട്.

”ആ…” അപ്പു കൈമലര്‍ത്തി.

കയ്യിലിരുന്ന പേരക്കമ്പ് ഊക്കോടെ മൂളി. അപ്പൂന്റെ ചന്തി അത് ദയാപൂര്‍വം ഏറ്റുവാങ്ങി. ‘ദാ അടി വരുന്നെടാ’ എന്ന് വിളിച്ചുപറയാന്‍ അമ്മു ഓങ്ങിയതാണ്. അതിനുമുമ്പേ തല്ല് വീണിരുന്നു. അപ്പു വലിയവായിലേ കരച്ചിലു തുടങ്ങി.

പിന്നാലെ, കുറച്ചു ദിവസമായി മണിച്ചിയെ കാണാനില്ലെന്ന വെളിപ്പെടുത്തലും നടത്തി. അതിനും കിട്ടി തല്ല്. എന്തുകൊണ്ട് ഇത്ര ദിവസമായിട്ടും പറഞ്ഞില്ല? അമ്മ വഴക്കോട് വഴക്ക്. അമ്മാമ്മ മിണ്ടിയില്ല. ആമ്പിള്ളാരെ അടിക്കുന്നതിനോട് അമ്മാമ്മയ്ക്ക് യോജിപ്പില്ല. അമ്മുവിനായിരുന്നെങ്കില്‍ പെണ്ണിന് രണ്ടുകൂടി കൊള്ളേണ്ടതായിരുന്നു എന്ന് പറഞ്ഞേനെ.

”മര്യാദയ്ക്ക് മണിച്ചിയെ കൊണ്ടുവാ. ഇല്ലേല്‍ ഈ വീട്ടീന്ന് തുള്ളി വെള്ളം തരത്തില്ല.” അമ്മ വെളിച്ചപ്പാടിനെപ്പോലെ ഉറഞ്ഞുതുള്ളി.

കെണറ്റില് ആവശ്യംപോലെ വെള്ളം കിടപ്പുണ്ടല്ലോ. നിങ്ങള് കൊടുത്തില്ലേ അവന്‍ അത് കുടിച്ചോളും. അമ്മു ശബ്ദംകേള്‍ക്കാതെ സംസാരിച്ചു.

”നീയും ഇതൊന്നും അറിഞ്ഞില്ലേടീ? നാട്ടില് നടക്കണ സകലകാര്യേം നിനക്കറിയാല്ലോ?” എന്തോ പുറുപിറുക്കുന്നത് കേട്ട് അമ്മ അമ്മൂന് നേരേ കുതിച്ചു.

”ഞാനെങ്ങനെ അറിയാനാ? അത് അപ്പൂന്റെ കോഴിയല്ലേ. അതിനും ഞാന്‍ മറുപടി പറയണോ? ഇതെന്ത് കൂത്ത്?”

അമ്മു, അമ്മയോട് ചീറി. തന്ത്രപരമായ അകലം പാലിച്ചാണ് അവള്‍ നിലയുറപ്പിച്ചത്.

ഐസ്‌ക്രീമും കുടിച്ചിട്ട് തന്നെ തള്ളിപ്പറഞ്ഞിരിക്കുന്നു, ദുഷ്ട. അപ്പു അവളെ വൈരാഗ്യത്തോടെ നോക്കി.

എങ്കിലും ആരായിരിക്കും ഈ വെളിപ്പെടുത്തല്‍ നടത്തിയത്?. അമ്മു അത്തരമൊരു ചിന്തയിലായിരുന്നു.

ആരോ നിര്‍ബന്ധിച്ചപോലെ കുളിരന്‍ സംഭവസ്ഥലത്തേക്ക് വന്നു. അവന്‍ ഇതെല്ലാം ദൂരെനിന്ന് ശ്രദ്ധിക്കുന്നുണ്ടാരുന്നു. അമ്മു അവനെ സൂക്ഷിച്ചുനോക്കി.

”നീയാണോടാ പറഞ്ഞത്?”

”നിങ്ങട ഫാമിലി മാറ്റേഴ്‌സില് എടപെടാനൊന്നും ഞാനില്ലേ. എനിക്ക് വേറേ ജോലിയുണ്ട്. ഞാനൊരു മാന്യനായ പൂച്ചയാണെന്ന് ഓര്‍മവേണം.”

”ഓ പിന്നേ ഒരു മാന്യന്‍. മണിച്ചിക്കോഴീടെ മുട്ട കട്ടുകുടിക്കുന്ന മാന്യന്‍.”

”പിന്നെ ഞാനൊരു കാര്യം പറയാം. എന്നായാലും മണിച്ചിക്കോഴിയെ കാണാതായ വിവരം അറിയും. അത് ഒരു ദിവസം മുന്നേ അറിഞ്ഞാലെന്താകുഴപ്പം?”

”ശരിയാ മാന്യാ.” അമ്മു തലകുലുക്കി.

അമ്മേം അമ്മാമ്മേം അപ്പുവും കൂടി വീണ്ടും അന്വേഷണത്തിനിറങ്ങി. അമ്മൂം ഒപ്പംകൂടി. എന്നാ ഞാനും വരാം എന്നുപറഞ്ഞ് കുളിരനും പുറപ്പെട്ടു.

”അതിനെ നോക്കീട്ടൊന്നും കാര്യോല്ല. ഇവിടൊരു കുറുക്കന്‍ കിടന്ന് കറങ്ങുന്നുണ്ടാരുന്നു. അത് കൊണ്ടുപോയികാണും,” കുളിരന്‍ പ്രവചിച്ചു

കുറുക്കന്‍ വന്നപ്പോ എന്തായിരിക്കും മണിച്ചിക്കോഴീടെ ഭാവം? ഓടാനൊന്നും വയ്യേ, നീ വേണോങ്കീ എന്നെ ശാപ്പാടാക്കിക്കോ എന്നുപറഞ്ഞ് ഇരുന്നുകൊടുത്തു കാണും. അമ്മുവിന് ചിരിയും സങ്കടവും ഒരുമിച്ചു വന്നു. മണിച്ചിക്കോഴീടെ മുട്ട ഇനി എങ്ങനെ കുടിക്കും?

”എന്തോരു സ്‌നേഹോള്ള കോഴിയായിരുന്നു. ഇവിടുത്തെ മനുഷ്യരെപ്പോലൊന്നുമല്ല, മുട്ട കുടിച്ചോളാന്‍ കൊതിയാവണു മണിച്ചീന്ന് പറഞ്ഞാ അപ്പൊ ചാമ്പക്കൂട്ടിലേക്കോടും. ദേ പോയി കുടിച്ചോടാ പ്രിന്‍സേന്ന് പറയും’,’ കുളിരന്‍ മണിച്ചിക്കോഴിയെ അനുസ്മരിച്ചു.

അമ്മയും സംഘവും അന്വേഷണം അവസാനിപ്പിച്ചു. കോഴിയെ കുറുക്കന്‍ കൊണ്ടുപോയെന്ന സങ്കടകരമായ സത്യത്തോട് അവര്‍ പൊരുത്തപ്പെട്ടു.

അമ്മു വീട്ടിലേക്ക് കയറുമ്പോള്‍ മൂന്നുപേരുംകൂടി വട്ടമിട്ടിരുന്ന് ചായകുടിക്കുന്നു. അപ്പു ചമ്രംപടിഞ്ഞ് ഇരിപ്പാണ്. അവനെന്തോ വെട്ടിവിഴുങ്ങുന്നുമുണ്ട്. അപ്പൂന് വെള്ളംപോലും കൊടുക്കില്ലെന്ന പ്രഖ്യാപനമുണ്ടായത് കുറച്ചുമുമ്പല്ലേ? ഇതെന്തൊരു ലോകമാണ്? പറയുന്ന വാക്കിനൊന്നും ഒരു വെലയുമില്ലേ?

അമ്മൂന് വീട്ടില്‍ ഇരിക്കാന്‍ തോന്നിയില്ല. വീണ്ടും പറമ്പിലേക്കിറങ്ങി. കുളിരനേയും കൂട്ടിനു വിളിച്ചു. വയ്യേ… വയ്യേ… എനിക്ക് നടുവിന് വേദനയാ… കാലിന് ഉളുക്കാ… എന്നൊക്കെ കുളിരന്‍ നമ്പരിട്ടു.

”പിന്നേ നിനക്ക് തിന്ന് തടികൂടീട്ട് അനങ്ങാന്‍ വയ്യാത്തതാ. മര്യാദയ്ക്ക് കൂടെ വാടാ കുളിരാ.” അമ്മു അടുത്തുകിടന്ന ചല്ലിക്കല്ല് കുനിഞ്ഞെടുത്തു. അമ്മൂന്റെ ഏറിന്റെ ചൂട് അറിയാവുന്ന കുളിരന്‍ കൂടെച്ചെന്നു.

”കുറുക്കനെ എവിടാ നീ കണ്ടത്?”

”ഞാനോ? ഞാനെപ്പൊ പറഞ്ഞു? നിന്റെ അമ്മ പറഞ്ഞതാവും.”

”നീ പറഞ്ഞത് ഞാന്‍ കാതുകൊണ്ട് കേട്ടതല്ലേ. എനിക്കേ ഓര്‍മക്കേടൊന്നൂല്ല.”

”ഓ…കുറുക്കന്‍… ഞാനാ മറന്നത്. അത് ദാ അവിടെ… കുറുക്കനാന്ന് ഉറപ്പൊന്നൂല്ല. കുറുക്കനെപ്പോലിരുന്നു. ചിലപ്പോ പട്ടിയാകാനും മതി.”

കുളിരന്‍ ചൂണ്ടിയേടത്ത് വിശദമായ അന്വേഷണം തന്നെ നടത്തി. കുറുക്കന്‍ പിടിച്ചിട്ടുണ്ടെങ്കില്‍ മണിച്ചീടെ തൂവല് ഇവിടെ കാണണ്ടേ. അതൊന്നും കാണാനില്ല.

കുളിരനോട് അത് പങ്കുവയ്ക്കാന്‍ ഒരുങ്ങുമ്പോഴേക്കും ആളെ കാണാനില്ല. അവന്‍ തന്ത്രപൂര്‍വം മുങ്ങിക്കളഞ്ഞു.

പറമ്പിന്റെ അതിരില്‍ക്കൂടി ചുറ്റിയടിച്ച് തിരിച്ചുനടക്കുമ്പോഴുണ്ട് ചെറിയ അനക്കം. കുഞ്ഞൊരു നീരരുവി അതിരിന് അപ്പുറം ഒഴുകുന്നുണ്ട്. അതിന്റെ കള, കള… ശബ്ദമാണോ. അല്ലെന്നു തോന്നുന്നു. ചെറിയ നീരൊഴുക്കേ അതിലുള്ളൂ. അമ്മു അവിടെത്തന്നെ കാത്തിരുന്നു. വീണ്ടും ശബ്ദങ്ങള്‍ വരുന്നോ എന്ന് അറിയണമല്ലോ. കാതിനെ കൂര്‍പ്പിച്ചുവച്ചു. കണ്ണിനെ തുറന്നുപിടിച്ചു.

നീരൊഴുക്കിന് സമീപത്തെ ചെളിയില്‍ കോഴിയുടെ കാല്‍പ്പാടുകള്‍ കാണാനുണ്ട്. പക്ഷേ അത് മണിച്ചിയുടേതാണെന്ന് എങ്ങനെ ഉറപ്പിക്കും? കോഴികള്‍ പറമ്പിലെമ്പാടും ചിക്കിപ്പറക്കുന്നതാണ്.

നിരാശയോടെ തിരിഞ്ഞു നടക്കുമ്പോഴുണ്ട്, വയ്‌ക്കോല്‍ തുറുവിനിടുത്ത് എന്തോ അനക്കംപോലെ. അമ്മു ഒച്ചയുണ്ടാക്കാതെ തള്ളവിരലൂന്നി അവിടേക്കു ചെന്നു.

അമ്മുവിന്റെ പറമ്പില്‍ മൂന്ന് വയ്‌ക്കോല്‍ കൂനകളുണ്ട്. നെല്ല് എടുത്തശേഷം നെല്‍ച്ചെടിയെ ഉണക്കിയെടുക്കും. പിന്നീട് ഒരു മരത്തിനു ചുറ്റും ഭംഗിയായി ചവിട്ടി ഉറപ്പിക്കും. പശുവിനുള്ള തീറ്റയാണ് ആ വയ്‌ക്കോല്‍.

അമ്മു വയ്‌ക്കോല്‍ കൂനയുടെ ചുറ്റുംനടന്നു നോക്കി. അവിടെ നിന്നാണോ ശബ്ദംകേട്ടത്? പക്ഷേ, ഇപ്പോള്‍ ഒന്നും കാണാനുമില്ല, കേള്‍ക്കാനുമില്ല. അവിടെയുമുണ്ട് കോഴിയുടെ കാല്‍പ്പാടുകള്‍. ചുറ്റും വീണു കിടക്കുന്ന നെല്ല് കൊത്തിപ്പെറുക്കാനായി കോഴികള്‍ പതിവായി വരാറുണ്ട്.

അമ്മുവിന് ക്ഷമകെട്ടു. നീളനൊരു കമ്പെടുത്ത് വയ്‌ക്കോല്‍ തുറുവിന്റെ ചുവട്ടില്‍ കുത്തിനോക്കി. കമ്പ് ഒരുഭാഗത്തുകൂടി അകത്തേക്ക് കടക്കുന്നുണ്ട്. അകത്തേക്കൊരു കുഞ്ഞ് വഴിയും കാണുന്നുണ്ട്. അമ്മു നിലത്തുകിടന്ന് വിശദമായ പരിശോധന തുടങ്ങി. കമ്പുകൊണ്ട് ദ്വാരത്തിനകത്തേക്ക് വീണ്ടും കുത്തിനോക്കി.

അവിടെ ചില അല്‍ഭുതങ്ങള്‍ അമ്മുവിനെ കാത്തിരിപ്പുണ്ടായിരുന്നു.

തുടരും…

Read More: ഒരു കഥ കൂടി വായിക്കാന്‍ തോന്നുന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: S r lal novel for children detective ammu chapter 6