scorecardresearch

ഡിറ്റക്റ്റീവ് അമ്മു- കുട്ടികളുടെ നോവല്‍ അഞ്ചാം ഭാഗം

” കോഴിക്കുഞ്ഞ് കരിയിലകള്‍ക്കിടയില്‍ കിടക്കുന്നുണ്ട്. അതിന്റെ നെഞ്ച് വേഗത്തില്‍ മിടിക്കുന്നുണ്ടായിരുന്നു. കുഞ്ഞുതൂവലുകള്‍ക്കിടയില്‍ നിന്നും രക്തംപൊടിഞ്ഞ് വരുന്നുണ്ട്. അയ്യോ, രക്തംകണ്ട് അമ്മു നിലവിളിച്ചു.” എസ് ആർ ലാൽ എഴുതിയ കുട്ടികളുടെ നോവൽ “ഡിറ്റക്റ്റീവ് അമ്മു” അഞ്ചാം ഭാഗം

എറുമുള്ള്

അമ്മുവിന്റെ വീട്ടില്‍ പത്തിരുപത് കോഴികളുണ്ട്. അവയെ അടച്ചിടാന്‍ കോഴിക്കൂടുണ്ട്. കാപ്പിമരത്തിന്റെ ചോട്ടിലാണ് കോഴിക്കൂട്. രാവിലെ കോഴികളെ തുറന്നുവിടും. അത് പറമ്പിലാകെ കൊത്തിപ്പെറുക്കും. തരംകിട്ടിയാല്‍ ഉമ്മറത്തേക്ക് കടക്കും. അവിടമാകെ കാഷ്ഠിച്ചുവയ്ക്കും. അമ്മ പ്രാകിക്കൊണ്ട് കോഴികളെ ഓടിക്കും.

ഉമ്മറം വൃത്തിയാക്കാന്‍ ചില നേരം അമ്മൂനെ വിളിക്കും. പിന്നേ, കോഴിക്കാട്ടം വാരലല്ലേ പണി. വിളികേള്‍ക്കാതെ അമ്മു പറമ്പില്‍ ചുറ്റിത്തിരിയും. ഉമ്മറം വൃത്തിയാക്കി എന്നറിയുമ്പോള്‍ പതിയെ പ്രത്യക്ഷപ്പെടും.

”നീയിതെവിടാരുന്നു?” അമ്മ കണ്ണുരുട്ടും.

”ഞാനിവിടെ ഉണ്ടാരുന്നല്ലോ…”

”ഞാനെത്ര വിളിച്ചെടീ. നിന്റെ ചെവി പൊട്ടാണോ?”

”ആ ഞാനെങ്ങും കേട്ടില്ല.”

”അവള്‍ക്ക് എല്ലാറ്റിനും മറുപടിയുണ്ട്, ഇതാ ഈ തീറ്റ കോഴിക്ക് വച്ചുകൊടുക്ക്.” അമ്മ തലേദിവസത്തെ ചോറ് അവള്‍ക്കു നേരെ വച്ചുനീട്ടി.

“എന്നിട്ടുവേണം ഇനീം ഉമ്മറത്ത് തൂറിനാറ്റാന്‍,” അമ്മു പിറുപിറുത്തു. ആരുംകേള്‍ക്കാതെ സംസാരിക്കാന്‍ അമ്മൂന് അറിയാം. പക്ഷേ ചിലനേരം അത് വായില്‍നിന്നും പുറത്തു ചാടിപ്പോകും.

”അപ്പോ നേരത്തേ വിളിച്ചത് നീ കേക്കാഞ്ഞിട്ടല്ല.” അമ്മ കയ്യിലിരുന്ന കൊതുമ്പെടുത്ത് വീശി. അടുപ്പില്‍ തീ പൂട്ടിനില്‍ക്കയായിരുന്നു അമ്മ. അമ്മു വിദഗ്ധമായി ഒഴിഞ്ഞുകളഞ്ഞു.

”അപ്പൂനെക്കൊണ്ട് ചെയ്യിച്ചാലെന്താ? എല്ലാറ്റിനും എന്നെ വിളിക്കണതെന്തിനാ?”

”അവനൊരു ആങ്കൊച്ചാടീ.” കേട്ടുനിന്ന അമ്മാമ്മ വഴക്ക് ഏറ്റെടുത്തു.

”ആങ്കൊച്ചെന്താ കോഴിമുട്ട തിന്നൂലേ? ആണുംപെണ്ണും ഒരുപോലതന്നാ.”

”തര്‍ക്കുത്തരം പറയാതെടീ…” അമ്മ കൊതുമ്പ് വീശിയെറിഞ്ഞു. അവള്‍ ഒരൊറ്റ ഓട്ടംവെച്ചുകൊടുത്തു. മുറ്റത്ത് തീറ്റതേടി നിന്നിരുന്ന കോഴികള്‍ എമ്പാടും ചിതറിയോടി.

വൈകിട്ടാണ് കോഴികളെ കൂട്ടിലടയ്ക്കുന്നത്. പത്തുകോഴികളുടെ ചുമതല അപ്പുവിനാണ്. പത്തെണ്ണത്തിന്റേത് അമ്മുവിനും. അമ്മുവിന്റേത് അനുസരണകെട്ട കോഴികളാണ്. അവളെപ്പോലെതന്നെ അവളുടെ കോഴികളും എന്ന് അമ്മ പരിഹസിക്കും. ഉമ്മറത്തുകയറി കാഷ്ഠിക്കുന്നതൊക്കെ അമ്മൂന്റെ കോഴികളാണത്രേ. കണ്ണുതെറ്റിയാല്‍ അടുക്കളയില്‍ കയറി കട്ടു തിന്നലുമുണ്ട്.

ഇതു കേള്‍ക്കുമ്പോത്തന്നെ അമ്മൂന് ദേഷ്യം വരും. അവള്‍ പുറത്തുകേള്‍ക്കാതെ ചിലത് പറയും. അങ്ങനെ സംസാരിക്കുന്നതില്‍ വിരുതുണ്ട് അവള്‍ക്ക്. പരിശീലിച്ചെടുത്തതാണ്. അതെത്ര നന്നായി. പറയുന്നതൊക്കെ പുറത്തുകേട്ടാല്‍ തല്ലുകൊള്ളാനേ സമയം കാണൂ. എങ്കിലും അനുസരണയില്ലാതെ ചിലനേരം വാക്കുകള്‍ പുറത്തുചാടും. അപ്പൊ അമ്മയോ അമ്മാമ്മയോ കാതുകൂര്‍പ്പിക്കും.

”എന്താ… എന്താടീ നീ ചെലയ്ക്കുന്നത്? വല്ലോം പറയാനുണ്ടെങ്കീ ഉറക്കെപ്പറ.”

‘ഇനി ഉറക്കെപ്പറഞ്ഞിട്ടുവേണം…’ അമ്മു അതും പുറത്തുകേള്‍ക്കാതെ പറഞ്ഞു.

അമ്മു വൈകിട്ട് കോഴികളെ കാപ്പിച്ചോട്ടില്‍ വിളിച്ചുകൂട്ടി. പതിവുള്ളതാണ് അത്. ചില കോഴികള്‍ കൂട്ടില്‍ താനേ കയറിക്കൊള്ളും. മറ്റുചിലതിനെ പിടിച്ചുകയറ്റണം. കൊന്നാലും കേറില്ലെന്നു അഹങ്കരിക്കുന്നവയുമുണ്ട്. അവ കാപ്പിമരത്തില്‍ കയറിയിരുന്ന് കസര്‍ത്തുകാട്ടും. അവയെ താഴത്തുചാടിക്കണം. അതിനൊന്നും ആരുടേം സഹായം വേണ്ട. അമ്മു കമ്പുംകൊണ്ട് കാപ്പി മരത്തില്‍ ശിറോന്ന് കയറും.

അപ്പൂന്റെ കോഴികള്‍ ദാ വരിവരിയായി വരുന്നു. അനുസരണയുള്ള നഴ്‌സറിക്കുട്ടികളെപ്പോലെ. അവ കൂട്ടിലേക്ക് ചിട്ടയോടെ കയറിപ്പോകുന്നത് കണ്ട് അമ്മൂന് അസൂയതോന്നി. അവന് എന്തെളുപ്പമാണ്. കോഴിക്കൂട് തുറന്നുകൊടുക്കുന്ന ജോലിയേ ഉള്ളൂ.

അമ്മൂ ഏഴ് കോഴികളെ എണ്ണിക്കയറ്റി. പൂടക്കോഴി കുഞ്ഞുങ്ങളെയും വിരിയിച്ചിരിപ്പാണ്. കുഞ്ഞുങ്ങളും തള്ളയുമായി ഉരല്‍പ്പുരയിലാണിപ്പോള്‍ വാസം. ‘ഒരപ്പര’ എന്നാണ് അമ്മാമ്മ പറയുക. ഈയിടെയാണ് അങ്ങനൊരു പേരുവരാനുള്ള കാരണം കണ്ടുപിടിച്ചത്. ഉരല്‍ കിടക്കുന്നമുറിയാണത്. അത് വലിയ കാര്യമായി അമ്മയോട് അവതരിപ്പിച്ചു. ഇതെന്താ പുതിയ കാര്യാണോ? എന്ന മട്ടില്‍ അമ്മ അതിനെ ചെറുതാക്കിക്കണ്ടു. തന്റെ മിടുക്കിനെയൊന്നും ആരും അംഗീകരിക്കാത്തതില്‍ അമ്മൂന് വിഷമമുണ്ട്. എല്ലാറ്റിനും അമ്മുവേണം. പക്ഷേ വീട്ടിലാര്‍ക്കും അമ്മൂനെ ഒരു വെലേമില്ല.

ഇപ്പൊത്തന്നെ നോക്കൂ. പൂടക്കോഴിയേം കുഞ്ഞുങ്ങളേം പുറത്തുവിടണം. അവയെ പൊന്നേപ്പോലെ നോക്കുന്നതാരാ? അതിന് അമ്മു വേണം. പൂടക്കോഴിക്ക് കുഞ്ഞുങ്ങളേം വിളിച്ച് പറമ്പിലൂടെ ചുമ്മാ തേരാപ്പാരാ നടന്നാമതി. ‘കീയോ… കീയോ’ വിളി കേള്‍ക്കുമ്പോ പറന്നെത്തും എറുമുള്ള്.

എറുമുള്ള് ഒരു പക്ഷിയാണ്. പ്രാവിനെപ്പോലെ ചാരനിറമാണ് അതിന്. പീണിക്കിളിയേക്കാള്‍ വലുപ്പംവരും. മരത്തില്‍ വന്നിരുന്നാല്‍ അറിയത്തേയില്ല. ഒച്ചയും അനക്കവുമില്ലാതെ പ്രതിമപോലിരിക്കും. അതിന്റെ കണ്ണുകള്‍ കോഴിക്കുഞ്ഞുങ്ങളുടെ പിന്നാലെയാവും.

തള്ളക്കോഴീടെ ശ്രദ്ധമാറിയാല്‍ എറുമുള്ള് ഒറ്റക്കുതിപ്പാണ്. സൂചിപോലുള്ള നഖങ്ങള്‍ക്കിടയില്‍ കോഴിക്കുഞ്ഞിനെയും കോര്‍ത്ത് ഉയരത്തിലേക്ക് പറക്കും. കോഴിക്കുഞ്ഞുങ്ങളുടെ പരിഭ്രമംകണ്ടാവും തള്ളക്കോഴി അപകടം അറിയുക. പാവം കോഴി, കൊക്കരിച്ചുകൊണ്ട് അതിനുപിന്നാലെ പായും.

അപ്പോഴേക്കും എറുമുള്ളിനെ കാണാതാകും. എന്തുചെയ്യാനാണ്. പോയത് പോയി. കോഴി തിരിയെവരുമ്പോ പേടിച്ചരണ്ട് നില്‍പ്പാവും കുഞ്ഞുങ്ങള്‍. അമ്മക്കോഴി ഉച്ചത്തല്‍ അപകടം വിളിച്ചറിയിക്കും. കോഴിക്കുഞ്ഞുങ്ങള്‍ ഓടിവന്ന് ചിറകിനടിയില്‍ ഒളിക്കും.

എറുമുള്ളില്‍ നിന്നും കോഴിക്കുഞ്ഞിനെ രക്ഷിച്ച വീരചരിത്രം അമ്മുവിനുണ്ട്. അവളുടെ കയ്യില്‍ എപ്പോഴും കല്ലോ കമ്പോ കാണും. ഒരു ദിവസം, തക്കംപാര്‍ത്തിരുന്ന എറുമുള്ള് താഴേക്ക് പാറിവന്നു. കോഴിക്കുഞ്ഞിനെ റാഞ്ചിയെടുത്തു. ഞൊടിയിടയില്‍ അമ്മുവിന്റെ ഉന്നംപിടിച്ച കല്ല് പാഞ്ഞുചെന്നു. എറുമുള്ളിനെ എറിഞ്ഞിട്ടെന്നാണ് അമ്മു അവകാശപ്പെട്ടത്.

അതാരും വിശ്വസിച്ചിട്ടില്ല. അമ്മൂന്റെ കൂക്കിവിളി കേട്ടാണോ കല്ലു കൊണ്ടിട്ടാണോ എന്നൊന്നും തീര്‍ച്ചയില്ല. എന്തായാലും കോഴിക്കുഞ്ഞിനെ നിലത്തിട്ട് എറുമുള്ള് പറന്നുപോയി. അമ്മൂന്റെ അലര്‍ച്ച കേട്ട് അടുക്കളയിലായിരുന്ന അമ്മയും അമ്മാമ്മയും ഓടിവന്നു.

കോഴിക്കുഞ്ഞ് കരിയിലകള്‍ക്കിടയില്‍ കിടക്കുന്നുണ്ട്. അതിന്റെ നെഞ്ച് വേഗത്തില്‍ മിടിക്കുന്നുണ്ടായിരുന്നു. കുഞ്ഞുതൂവലുകള്‍ക്കിടയില്‍ നിന്നും രക്തംപൊടിഞ്ഞ് വരുന്നുണ്ട്. അയ്യോ, രക്തംകണ്ട് അമ്മു നിലവിളിച്ചു. അമ്മാമ്മ കോഴിക്കുഞ്ഞിനെയും എടുത്ത് വീട്ടിലേക്കോടി. തള്ളക്കോഴിയും കുഞ്ഞുങ്ങളും പിന്നാലെ.

അമ്മാമ്മ, കോഴിക്കുഞ്ഞിനെ വരാന്തയില്‍ കിടത്തി. അലൂമിനിയം പാത്രം മുകളില്‍ കമിഴ്ത്തി. എന്നിട്ട് മെല്ലെ താളത്തില്‍ മുട്ടിക്കൊടുത്തു. പാത്രം മാറ്റിയപ്പോള്‍ ഇതാ അല്‍ഭുതം. കോഴിക്കുഞ്ഞ് എണീറ്റുനില്‍ക്കുന്നു. അപ്പോഴേക്കും അമ്മ അരച്ച മഞ്ഞളുമായി വന്നു. കോഴിക്കുഞ്ഞിന്റെ മുറിവില്‍ മഞ്ഞള്‍ പുരട്ടിക്കൊടുത്തു.

അമ്മു മുറിവേറ്റ കോഴിക്കുഞ്ഞിനെ കയ്യിലെടുത്തു. അത് നന്ദിയോടെ അമ്മുവിനെ നോക്കി.

“കിയോ… കിയോ… വച്ചു. ഇനി ശ്രദ്ധിച്ച് നടക്കണംകേട്ടോ… അമ്മു കോഴിക്കുഞ്ഞിനെ ഉപദേശിച്ചു. അത് തലകുലുക്കി സമ്മതിച്ചു. അതിന്റെ കണ്ണില്‍ വെള്ളം നിറഞ്ഞിരുന്നു. പാവത്തിന് നന്നായി വേദനിച്ചുകാണും.

കുഞ്ഞുകോഴി തള്ളയുടെ സമീപത്തേക്ക് പാറിച്ചെന്നു. അതിനെ തള്ളക്കോഴി അരുമയോടെ ചിറകിനടയില്‍ ചേര്‍ത്തുനിര്‍ത്തി.

ഏഴു കോഴികള്‍ മാത്രമേ കൂട്ടില്‍ ഉള്ളൂ. അമ്മു ഒരിക്കല്‍ക്കൂടി തലയിട്ടുനോക്കി. രണ്ടെണ്ണം എവിടെ? ദാ വരുന്നു ഒരു പൂവന്‍. അലസമട്ടിലാണ് നടപ്പ്.

”എന്താടാ പൂവാ നേരത്തേ കൂട്ടില്‍ക്കയറിക്കൂടേ?”

”ഓ പിന്നേ നേരം സന്ധ്യയായല്ലേ ഉള്ളൂ. ആണുങ്ങളാ ഞങ്ങള്. ഞങ്ങക്കീ പെടക്കോഴികളെപ്പോലെ നേരത്തേ കൂട്ടില് കയറാനൊന്നും പറ്റത്തില്ല.”

”ഹമ്പടാ. കുറച്ചുപേര് വീട്ടില്‍ വിരുന്ന് വരുന്നൊണ്ട്. അന്ന് നിന്നെ ചട്ടീലാക്കിക്കൊള്ളാം കേട്ടോടാ അഹങ്കാരീ…”

”ഓ പിന്നേ. ചട്ടീലാക്കാന്‍ ഞാന്‍ നിന്നുതരാം. പോ പെങ്കൊച്ചേ… ” പൂവന്‍ അമ്മൂനെ പരിഹസിക്കാന്‍ നോക്കി.

”നിന്റെ കൂട്ടുകാരന്‍ എവിടേടാ?”

”എന്നെ കറിവയ്ക്കാന്‍ പോവല്ലേ? പിന്നെന്തിന് ഞാന്‍ പറയണം?”

”വെറുതേ പറഞ്ഞതല്ലേ. അവനെയാ കറിവയ്ക്കാന്‍ പോണത്.”

”എങ്കീ പറയാം. അവന്‍ കാപ്പിയുടെ മേലുണ്ട്. ഇന്നവന്‍ കൂട്ടില്‍ കേറില്ല. രാത്രീല് നിലാവ് കാണണോന്ന്.”

”ഞാനവനെ നിലാവ് കാണിച്ചുകൊടുക്കാം.”

നേരം ഇരുട്ടുന്നു. അമ്മു താഴെനിന്ന് വിളിച്ചുനോക്കി. കാപ്പിമരത്തിന്റെ തുഞ്ചത്ത് പതുങ്ങിയിരിപ്പാണ് അവന്‍. മുകളിലേക്ക് കയറിച്ചെല്ലാന്‍ അറിയാഞ്ഞിട്ടല്ല. ഓടിവീണിട്ട് കാല്‍മുട്ട് മുറിഞ്ഞിരിക്കയാണ്.

”എടാ കുളിരാ…..” അമ്മു വിളിച്ചുകൂവി.

കുളിരന്‍ ചാമ്പല്‍പ്പുരയില്‍ വിശ്രമത്തിലായിരുന്നു. അമ്മൂ പിന്നേം പിന്നേം വിളിച്ചപ്പൊ അവന്‍ പതിയെ അലസമട്ടില്‍ സന്നിഹിതനായി. ശല്യപ്പെടുത്തിയതിന്റെ ദേഷ്യം മുഖത്തുണ്ട്.

”ദേ… കാപ്പിയുടെ മോളിലൊരുത്തന്‍ ഇരിപ്പുണ്ട്. അവനെ താഴെച്ചാടിച്ചേ.”

”ഹൊ!” കുളിരന്‍ കുത്തിയിരുന്നു. മുകളിലേക്ക് നോക്കി നെടുവീര്‍പ്പിട്ടു. ഇനിയിപ്പൊ കാപ്പീടെ മോളില്‍ കയറണം, കോഴിയോട് ഗുസ്തി പിടിക്കണം. കുളിരന് മടുപ്പുതോന്നി.

”അതാണെങ്കിലൊരു വകതിരിവില്ലാത്ത പൂവനാ. അതിനി കണ്ണിലെങ്ങാനുമിട്ട് കുത്തിയാ നീ സമാധാനം പറയുവോ?” കുളിരന്‍ ന്യായം പറഞ്ഞു.

”വയ്യാത്ത കാലും വെച്ച് കയറാന്‍ പറ്റാത്തോണ്ടല്ലേ.”

”ഞാനൊന്ന് നോക്കട്ടെ. എനിക്ക് എന്തു തരും?”

”മുട്ടതരാം.”

”അത് നീ തരുകയൊന്നും വേണ്ട. എനിക്കെടുക്കാനറിയാം.”

മണിച്ചിക്കോഴിയിടുന്ന മുട്ട അമ്മു പലപ്പോഴും മോഷ്ടിച്ച് കുടിക്കാറുണ്ട്. അപ്പുവിന്റെ പത്തുകോഴികളില്‍ ഒന്നാണ് മണിച്ചി. മണിച്ചിക്കോഴിയെ മടിച്ചിക്കോഴിയെന്നാണ് അവള്‍ വിളിക്കുന്നത്. മുട്ട ഇട്ടുകഴിഞ്ഞാല്‍ താനൊരു മഹാകാര്യം ചെയ്തമട്ടാണ് കോഴികള്‍ക്ക്. മണിച്ചിക്കോഴിക്ക് അങ്ങനെ അഹങ്കാരമൊന്നും ഇല്ല. കമാന്ന് മിണ്ടില്ല. അത് അതിന്റെ വഴിക്കങ്ങ് പോവും. വേണേ ആരെങ്കിലും വന്നെടുത്തോ, എനിക്ക് വേറേ പണിയുണ്ട് എന്ന മട്ടില്‍. അത്ര മടിയാണ്. മണിച്ചിക്കോഴി മുട്ടയിടുന്ന സ്ഥലം അമ്മു കണ്ടു വച്ചിട്ടുണ്ട്. കുളിരനും മണിച്ചീടെ പങ്കുപറ്റുന്നുണ്ടെന്നത് പുതിയ അറിവായിരുന്നു.

”മുട്ടവേണ്ടെങ്കീ ഞാനൊരു കഷ്ണം പൊരിച്ച മീന്‍ തന്നേക്കാം.”

കുളിരന്‍ സമ്മതിച്ചു. കാപ്പിയുടെ മേലേക്ക് ഉല്‍സാഹത്തോടെ കയറിപ്പോയി. പൂവന്‍ താഴേക്ക് ചാടിയതും അമ്മു പിടുത്തമിട്ടു. നാളെ ഇവനെ മാത്രം തുറന്നുവിടാതെ കൂട്ടിലിടണമെന്ന് അമ്മു തീരുമാനിച്ചു.

”പിന്നൊരു രഹസ്യമുണ്ട്.” തിരിച്ചു നടക്കുമ്പോള്‍ കുളിരന്‍ ഒച്ചതാഴ്ത്തി.

”എന്താടാ?”

”നമ്മുടെ മണിച്ചിക്കോഴിയെ കാണാനില്ല. കുറച്ചുദിവസമായി.”

”അപ്പൂന് അറിയില്ലേ?”

”അപ്പൂനറിയാം. അവന്‍ വഴക്കുകിട്ടൂന്നു കരുതി പറയാത്തതാ.”

”അതെങ്ങനെ നിനക്ക് മനസ്സിലായി?”

”ഞാനൊരു മുട്ടകുടിച്ചിട്ട് എത്ര ദിവസായീന്നറിയോ. ദേ നാള്‍ക്കുനാള്‍ ക്ഷീണിച്ചു വരുവാ. ഇവിടെ മീന്‍ വാങ്ങുന്നത് വല്ലപ്പോഴുമല്ലെ. മണിച്ചീടെ മുട്ടയായിരുന്നു ആശ്വാസം. മുട്ട കുടിച്ചാല്‍ ഉഷാറാവും. മണിച്ചിക്കോഴി മുട്ടയിടുന്നത് ചാമ്പക്കൂട്ടിലോ വിറകുപുരയിലോ ആണ്. പക്ഷേ രണ്ടിടത്തും മുട്ട കാണുന്നില്ല. അങ്ങനാ ഞാനൊന്ന് അന്വേഷിച്ചത്. രണ്ടു മൂന്നാഴ്ചയായി മണിച്ചി മിസ്സിങ്ങാ.”

എടാ, അപ്പൂ നീ കൊള്ളാല്ലോ! അമ്മു ശബ്ദമില്ലാതെ പറഞ്ഞു. അവനെ ഭീഷണിപ്പെടുത്തി ചിലത് സാധിച്ചെടുക്കാനുണ്ട്. അതിനുള്ള അവസരം വന്നുചേര്‍ന്നതില്‍ അമ്മുവിന് സന്തോഷംതോന്നി.

എന്നാല്‍ പിറ്റേദിവസം അപ്രതീക്ഷിതമായി ചിലത് സംഭവിച്ചു.

തുടരും…

Read More: ഒരു കഥ കൂടി വായിക്കാന്‍ തോന്നുന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: S r lal novel for children detective ammu chapter 5