ആനപ്പാറ
അമ്മുവിന്റെ പഴയ വീട് ആനപ്പാറയിലാണ്. ആനപ്പാറയെന്നത് സ്ഥലത്തിന്റെ പേരാണ്. അമ്മൂന്റെ അമ്മാമ്മ കുട്ടിയായിരുന്ന കാലം. അപ്പോഴാണ് ആനപ്പാറയില്‍ താമസത്തിന് എത്തുന്നത്. അക്കാലത്ത് അവിടം കൊടും വനമാണ്.
തല ഉയര്‍ത്തി നില്ക്കുന്ന പാറക്കൂട്ടങ്ങളുണ്ട്. അതിനിടയില്‍ വലിയ ഗുഹകള്‍. തിങ്ങിനില്ക്കുന്ന മരങ്ങള്‍. വന്യജീവികളുടെ വിഹാരരംഗമായിരുന്നു അവിടം. അല്‍ഭുതമായി ഉണ്ടായിരുന്നത് പേടിപ്പെടുത്തുന്ന നിശ്ശബ്ദതയാണ്. പക്ഷികള്‍ ചിലയ്ക്കുകയോ മൃഗങ്ങള്‍ ഒച്ചവയ്ക്കുകയോ ചെയ്യില്ല. പ്രേതപ്പിശാചുക്കളെയും ചാത്തന്മാരെയും പേടിച്ചിട്ടാണ്.
ആനപ്പാറയില്‍ താമസത്തിനാരും വരാറില്ല. അബദ്ധത്തില്‍ വന്നുപെടുന്നവര്‍ അധികകാലം അവിടെ പാര്‍ക്കില്ല. അപ്പോഴേക്കും പിശാച്ചുക്കളും ചാത്തന്മാരും ആക്രമണം തുടങ്ങും. താമസത്തിനു വന്നവര്‍ ജീവനുംകൊണ്ട് രക്ഷപ്പെടും.
ഇതൊന്നും അറിയാതെയാണ് അവര്‍ സ്ഥലംവാങ്ങിയത്. അമ്മൂന്റെ മുതുമുത്തശ്ശനും മുതുമുത്തശ്ശിയുമായിരുന്നു അത്. രണ്ടു പേരുടെയും ചെറുപ്പകാലമാണ്. ആനപ്പാറയിലേത് നല്ല കൃഷിഭൂമിയാണ്. അതാണ് അവരെ ആനപ്പാറയിലേക്ക് ആകര്‍ഷിച്ചത്. കൂടാതെ അവിടൊരു വീടുമുണ്ട്.
വീട് കുറേ നാളായി പൂട്ടിക്കിടക്കുന്നതാണ്. താമസത്തിനും സൗകര്യമായല്ലോ.
അടുത്തൊന്നും ആള്പ്പാര്പ്പില്ലന്നേയുള്ളൂ. കുറച്ചുനാള്‍ കഴിയുമ്പോള്‍ വീടുകള്‍ ചുറ്റും വരും. വീടുംസ്ഥലവും കൊടുത്ത ആള് അവരെ ധരിപ്പിച്ചു.
ആനപ്പാറയില്‍ മറ്റൊരു വീടു കാണണമെങ്കില്‍ രണ്ടു മൈല്‍ ദൂരം നടക്കണം. ഒരു മൈല്‍ ദൂരം പിന്നെയും പോകണം സാധനങ്ങള്‍ കിട്ടുന്ന കടയിലെത്താന്‍. ഏഴു മണി കഴിയുമ്പോള്‍ കട അടയ്ക്കും. രാത്രി ആയാല്‍ കാട്ടില്‍നിന്നും മൃഗങ്ങളൊക്കെ ഇറങ്ങും.
കട പൂട്ടാന്‍ തുടങ്ങുമ്പോഴാണ് മുതുമുത്തശ്ശന് അവിടെ എത്തുന്നത്. പുതിയ ആളെക്കണ്ട് കട ഉടമസ്ഥന് വിവരങ്ങള്‍ തിരക്കി.
”എവിടാ താമസം. ഇവിടെ മുന്‍പ് കണ്ടിട്ടില്ലല്ലോ?”
”ആനപ്പാറേല്”
”ആനപ്പാറേലാ!” തലയില്‍ കൈവച്ച് അയാള്‍ അവിശ്വസനീയതയോടെ നോക്കി.
”അതേ. എന്തേ. അവിടൊരു വീടും സ്ഥലോം വിക്കാനിട്ടിരുന്നില്ലേ. അത് വാങ്ങിയത് ഞാനാ.”
”അയ്യോ…..നിങ്ങളെ അവര്‍ പറ്റിച്ചതാ. ആരും വാങ്ങില്ല ആ സ്ഥലോം വീടും. അതിന്റെ ഉടമസ്ഥന് വീടുവിട്ട് ഓടിപ്പോയതാ.”
”അതെന്താ?”
”അവിടെ താമസിക്കാന്‍ കൊള്ളൂല. ചാത്തന്മാരും പിശാചുക്കളുമാണ് നിറയെ. വാങ്ങുന്നേനുമുമ്പ് ആരോടെങ്കിലുമൊന്ന് തിരക്കണ്ടാരുന്നോ?”
”ഒരു കൂട്ടുകാരന് കൊണ്ട് കാണിച്ചതാ. കൃഷിക്ക് പറ്റിയ സ്ഥലം. ലാഭത്തിന് കിട്ടിയപ്പം അങ്ങുവാങ്ങി.”
”എന്തായാലും പറ്റിയത് പറ്റി. നിങ്ങള്‍ അങ്ങോട്ടീ രാത്രീല് പോണ്ട. എന്നോടൊപ്പം താമസിക്ക്. രാവിലേ പോകാം. അത്ര അപകടാ അവിടെ.” കട ഉടമ നിരുല്സാഹപ്പെടുത്തി.
”എനിക്ക് പോയേ പറ്റൂ. എന്റെ ഭാര്യേം മോളും അവിടാ.”
”നിങ്ങളിപ്പോ ആ വഴി പോകാതിരിക്കലാണ് നല്ലത്. ഞാന്‍ പറയാനുള്ളത് പറഞ്ഞു.” അയാള്‍ മുതുമുത്തശ്ശനെ വീണ്ടും തടസ്സപ്പെടുത്താന്‍ നോക്കി. മുതുമുത്തശ്ശന് വഴങ്ങിയില്ല.

മുതുമുത്തശ്ശന് കാട്ടുവഴിലൂടെ നടക്കാന്‍ തുടങ്ങി. ചൂട്ടുകറ്റ തെളിച്ചാണ് വരവ.് വീട്ടിലേക്കുള്ള വഴി തിരിഞ്ഞതേയുള്ളൂ. രണ്ടു പേര് പിറകേകൂടി. ചാത്തന്മാരാണ്. ആണും പെണ്ണും. ഒച്ചയില്ലാതെ പമ്മിപ്പമ്മിയാണ് രണ്ടുപേരും വന്നത്.
മുതുമുത്തശ്ശന് ഒന്നും അറിയാത്തപോലെ നടന്നു. ഒരാള്‍, പിന്നാലെചെന്ന് ചൂട്ടുകറ്റ പിടിച്ചുവാങ്ങാന്‍ നോക്കി. പെണ്ചാത്തനായിരുന്നു അത്. മുതുമുത്തശ്ശന് ചൂട്ടുകറ്റ വിട്ടില്ല. ആഹാ അത്രയ്ക്കായോ എന്ന് അട്ടഹസിച്ച് ആണ്ചാത്തന് വന്നു. അവന് മുതുമുത്തശ്ശനെ പിന്നില്‍ നിന്നും പൂട്ടിട്ടുപിടിച്ചു.
മുതുമുത്തച്ഛനും വിട്ടുകൊടുത്തില്ല. മൂന്നുപേരും തമ്മില്‍ പിടിവലിയായി. കയ്യാങ്കളിയായി. ചാത്തന്മാരുടെ പൂട്ടിനെയൊക്കെ മുതുമുത്തശ്ശന് പുഷ്പംപോലെ പൊളിച്ചു. അതോടെ ചാത്തന്മാര്ക്ക് പേടി തട്ടി. മുതുമുത്തശ്ശന് ആളൊരു മഹാമന്ത്രവാദിയായിരുന്നു.
മന്ത്രവാദിമുത്തശ്ശനെ കണ്ടാല്‍ പാവത്താനെപ്പോലുണ്ട്. ഒടിഞ്ഞുകുത്തിയ ഒരു മനുഷ്യന്. തലകുനിച്ചാണ് നടത്തം. അങ്ങനെ വിരട്ടാന്‍ ചെന്നതാണ് ചാത്തന്മാര്.
പേടി തട്ടിയ ചാത്തന്മാര് പയ്യെ നടന്നകലാന്‍ നോക്കി.
അന്നേരം മന്ത്രവാദി മുത്തച്ഛന് ചില വേലകള്തുടങ്ങി. ചൂട്ടുകറ്റയെടുത്ത് ആണ്ചാത്തന്റെ താടിക്ക് തീകൊളുത്തി. തിരിഞ്ഞോടാന്‍ നോക്കിയ പെണ്ചാത്തന്റെ വാലിലും തീകൊടുത്തു. ഇരുവരും നിലവിളിച്ച് കാട്ടിലേക്കോടി.
അന്നത്തേത് കാളരാത്രിയായിരുന്നു. മുതുമുത്തശ്ശി ഒരുപോള കണ്ണടച്ചില്ല. ചാത്തന്മാരും പിശാചുക്കളും കൂടിളകി വന്നു. ചാത്തന്മാരെ ഉപദ്രവിച്ചതിന് പകരംവീട്ടാന്‍ വന്നതാണ്. വീടിനുചുറ്റും നിന്ന് അലര്‍ച്ചയും ആക്രോശവുമായിരുന്നു.
ആരായാലും വീട്ടില്‍നിന്നും ഓടിപ്പോകും. മുതുമുത്തശ്ശന് കൂര്‍ക്കംവലിച്ച് ഉറങ്ങി. പുറത്തു നടന്ന ഒന്നും അദ്ദേഹത്തെ അലോസരപ്പെടുത്തിയില്ല. രാവിലെ എണീറ്റു നോക്കിയപ്പോ ബഹുവിശേഷമാണ്. മണ്‍വെട്ടികൊണ്ട് കിളച്ചതുപോലെ മേല്മണ്ണാകെ ഇളകിക്കിടക്കുന്നു. ചാത്തന്മാരും പിശാചുക്കളും പെരുവിരല്‍ ഊന്നി നിന്നതിന്റെ അടയാളങ്ങളാണ്.
എന്തെളുപ്പമായി. മുതുമുത്തശ്ശന് ആ തറയില്‍ ചേനയും ചേമ്പും കാച്ചിലും നനകിഴങ്ങുമെല്ലാം കുഴിച്ചുവെച്ചു. പറമ്പിന്റെ അതിരില്‍ മന്ത്രവാദിമുത്തശ്ശന് തകിടുകെട്ടി. മന്ത്രങ്ങള്‍ എഴുതിയ തകിടായിരുന്നു അവ. പറമ്പിന്റെ അതിരു കടക്കരുതെന്ന് വീട്ടിലുള്ളവരെ ഉപദേശിച്ചു. മാന്ത്രിക തകിട് കെട്ടിയതോടെ പിശാചുക്കള്‍ക്ക് പറമ്പിലേക്ക് കടക്കാന്‍ പറ്റാതായി. അതിരില്‍ വന്ന് എത്തിനോക്കി നിരാശരായി മടങ്ങി.
രണ്ടാഴ്ച കഴിഞ്ഞു. ആനപ്പാറയിലെ പുതിയ താമസക്കാരെപ്പറ്റി വിവരമൊന്നുമില്ല. കടയുടമ ആളുകളെയും കൂട്ടി അവിടേക്കുചെന്നു. താമസക്കാരുടെ എല്ലുംതോലും പ്രതീക്ഷിച്ചാണ് ചെന്നത്. അങ്ങനെയാണ് മുന്‍പുള്ള അനുഭവങ്ങള്‍. ചെല്ലുമ്പോള്‍ വിസ്മയം!
പറമ്പിലാകെ പുതിയ ചെടികള്‍ നാമ്പിട്ടുനില്ക്കുന്നു. വീട്ടുടമ മുറ്റത്തുനിന്ന് കസര്‍ത്തു ചെയ്യുന്നു. അതോടെ പുതിയ താമസക്കാരന് മഹാമാന്ത്രികനാണെന്ന പ്രശസ്തി നാട്ടിലാകെ പരന്നു. സ്വൈരവിഹാരം തടസ്സപ്പെട്ട ചാത്തന്മാരും പിശാചുക്കളും ക്രമേണ ഉള്‍വനത്തിലേക്ക് പലായനം ചെയ്തു.
പക്ഷേ പകയോടെ രണ്ടുപേര്‍ അവിടെ ചുറ്റിത്തിരിഞ്ഞു. താടി കരിഞ്ഞ ചാത്തനും വാലുകരിഞ്ഞ ചാത്തനുമായിരുന്നു അത്.
ഠഞങ്ങള് അവനോട് പകരം ചോദിച്ചിട്ടേ വരൂ.” കൂട്ടുകാരോട് അവര്‍ പറഞ്ഞു. അതിനായി ചില ഗൂഢാലോചനകളില്‍ ഏര്‍പ്പെട്ടു. ധൂമപ്പിശാചിനെ കാണാന്‍ തീരുമാനിച്ചത് അങ്ങനെയാണ്.
ഉള്‍ക്കാട്ടിലാണ് ധൂമപ്പിശാചിന്റെ വാസം. ചങ്ങാതിമാര്‍ അവിടേക്ക് യാത്രയായി. നേരില്‍ക്കണ്ട് സങ്കടംബോധിപ്പിച്ചു.
ധൂമപ്പിശാച് ഉഗ്രസംഹാര മൂര്‍ത്തിയാണ്. അവന് ഉള്ളിടത്ത് കറുത്ത മേഘങ്ങളുണ്ടാവും. കരിമ്പൂച്ചകള്‍ വട്ടംചുറ്റിനില്ക്കും. കരിമ്പുലിയുടെ പുറത്താണ് യാത്ര. പൊടിപടലങ്ങളും കരിയിലകളും അവനെ അനുഗമിക്കും. കാട്ടിലൂടെ സഞ്ചരിക്കുന്നവര്‍ തൊട്ടടുത്തുചെന്നാലേ ധൂമനെ തിരിച്ചറിയൂ.
ഉണങ്ങിയ വൃക്ഷം നില്ക്കുകയാണെന്നേ തോന്നൂ. രക്തംകിനിഞ്ഞുകൊണ്ടിരിക്കുന്ന ദംഷ്ട്രകള്‍ അവനുണ്ട്. അവന്റെ മുന്നില്‍പ്പെട്ടാല്‍ രക്ഷപ്പെടാനൊന്നും പറ്റില്ല. കാറ്റായിവന്ന് കാലില്‍ പിടിച്ചു നിലതെറ്റിക്കും. താഴത്തിട്ട് ചോരയൂറ്റിക്കുടിക്കും.
”നിങ്ങള്‍ പൊയ്ക്കോ. ഞാന്‍ പിന്നാലെ എത്തിക്കൊള്ളാം.” സങ്കടം ഉണര്ത്തിച്ചവരെ ധൂമപ്പിശാച് സമാധാനിപ്പിച്ചു.
ധൂമപ്പിശാച് കരിമ്പുലിപ്പുറത്തേറി ആനപ്പാറയിലെത്തി. പൊടിപടലങ്ങളും കരിയിലകളുംകൊണ്ട് അവിടമാകെ നിറഞ്ഞു. ധൂമനൊപ്പം ഇരുണ്ട മേഘങ്ങളും കൂട്ടിനെത്തി. ആകാശമാകെ മഴക്കാറ് മൂടി. ഇടിയും മിന്നലുമുണ്ടായി. മഴ പെയ്യാന്‍തുടങ്ങി. വൃക്ഷങ്ങള്‍ ആടിയുലഞ്ഞു.
മന്ത്രവാദിമുത്തശ്ശന് വീട്ടിലുണ്ടായിരുന്നില്ല. ദൂരദേശത്തേതോ പിശാചിനെ ഒഴിപ്പിക്കാനായി പോയതായിരുന്നു. പാതിരാത്രിയായി. മന്ത്രവാദിമുത്തശ്ശന് വീട്ടിലേക്കുള്ള വഴിയേ നടന്നുവരികയാണ്. യാത്രാക്ഷീണമുണ്ട്. ചുറ്റും കുറ്റാക്കുറ്റിരുട്ട്. കയ്യിലുള്ള ചൂട്ടുകറ്റ മഴയത്ത് കെട്ടുപോയി. മിന്നലുകള്‍ വഴി കാട്ടിക്കൊടുത്തു.
നിനച്ചിരിക്കാതെ കരിമ്പൂച്ചകള്‍ മുന്നില്‍ വട്ടംചാടി. അപകടരമായതെന്തോ ചുറ്റുംനടക്കുന്നുണ്ട്. മന്ത്രവാദി മുത്തശ്ശന് ഉള്ക്കണ്ണ് തെളിച്ചു. പക്ഷേ ഒന്നും തെളിഞ്ഞുവരുന്നില്ല.
പൊടുന്നനെ ധൂമപ്പിശാച് മേഘങ്ങളുടെ കൈപിടിച്ച് താഴേക്കുവന്നു. ആകാശത്ത് ഒളിച്ചിരിപ്പായിരുന്നു അവന്.
ഭീമാകാരനായ മരം പോലെ അവന് നിന്നു. മരക്കൊമ്പുകള്‍ ശക്തിയില്‍ ചലിപ്പിച്ചുകൊണ്ട് ധൂമന്‍ അലറി. ”ഓടിപ്പൊയ്ക്കോ… ഇല്ലേ നിന്നെ ധൂളിയാക്കും.” ശത്രു അത്ര നിസ്സാരനല്ലെന്ന് മന്ത്രവാദി മുത്തശ്ശന് ബോധ്യമായി.

പതറിപ്പോയാല്‍ കുഴപ്പമാണ്. മന്ത്രവാദി മുത്തശ്ശന് ചിരിച്ചു. എന്നിട്ട് അനങ്ങാതെ നിന്നു.
സഞ്ചിയില്‍ നിന്നും മാന്ത്രികവടി പുറത്തെടുത്തു. ധൂമപ്പിശാച് പിന്മാറും എന്നാണ് കരുതിയത്. അവന് രണ്ടുംകല്‍പ്പിച്ചാണ്. ധൂമന്‍ കാറ്റായിച്ചെന്ന് മന്ത്രവാദിമുത്തശ്ശന്റെ കാലില്‍ പിടുത്തമിട്ടു. ആകാശത്തേക്ക് എടുത്തുയര്‍ത്തി നിലത്തടിച്ചു. പിന്നാലെ മിന്നലായി പാഞ്ഞടുത്തു. മന്ത്രവാദി മുത്തശ്ശന് ഒഴിഞ്ഞുമാറി. ഇല്ലെങ്കില്‍ ഭസ്മമായേനെ.
ഇവനെ മെരുക്കാന്‍ മാന്ത്രിക വടിമാത്രം പോര. കടുത്ത പ്രയോഗങ്ങള്‍ വേണം. വീട്ടിനുള്ളിലാണ് മന്ത്രവാദ സാമഗ്രികള്‍. അത് എങ്ങനെയും കൈക്കലാക്കണം. അല്ലെങ്കില്‍ തന്റെ അന്ത്യമാണ്. മന്ത്രവാദി മുത്തശ്ശന് പരിഭ്രമം പുറത്തുകാട്ടിയില്ല. അവന്റെ ആക്രമണത്തെ ഒഴിഞ്ഞും തടഞ്ഞും മുന്നോട്ടുതന്നെ നടന്നു. ഒരുവിധത്തില്‍ വീടിനു സമീപത്തെത്തി.
”നിന്റെ പറമ്പിലെ മണ്ണില്‍ കാലുകുത്തിയാല്‍ അപ്പൊ ഭസ്മമാകും. അതിനുള്ളതെല്ലാം ഞാന്‍ ചെയ്തിട്ടുണ്ട്.”
ധൂമപ്പിശാച് മുന്നറിയിപ്പുനല്‍കി. നിരായുധനാണ് മന്ത്രവാദി മുത്തശ്ശനെന്ന് അവന് മനസ്സിലായ മട്ടുണ്ട്.
വീട്ടില്‍ കയറാതെ മാര്‍ഗമില്ല. മന്ത്രവാദിമുത്തശ്ശന് മന്ത്രംചൊല്ലി. ശക്തമായ കാറ്റുവന്നു. ധൂമപ്പിശാചിനൊപ്പം വന്നകരിയിലകള് ചുഴലിക്കാറ്റിലെന്നപോലെ പറന്നുവന്നു. അവയെ പരവതാനിപോലെ വീട്ടിലേക്ക് വിരിച്ചു. ധൂമന്‍ പെട്ടെന്ന് കാര്യംമനസ്സിലായില്ല. അപ്പോഴേക്കും മന്ത്രവാദിമുത്തശ്ശന് ശൂന്ന് പാഞ്ഞുപോയി. കാറ്റിനെപ്പോലെയായിരുന്നു ആ പോക്ക്. മണ്ണില്‍ ചവിട്ടാതെ ഇലകളുടെ പുറത്തുകൂടിയായിരുന്നു അത്. ധൂമന്റെ തന്ത്രം പാളിപ്പോയി.
വീട്ടിനുള്ളിലേക്ക് കടന്നതും മന്ത്രവാദി മുത്തശ്ശന് മറ്റൊരാളായി. ഉമ്മറത്ത് പൊടുന്നനെ ഹോമകുണ്ഡം ഒരുക്കി. മന്ത്രസാമഗ്രികള് നിരത്തി. ധൂമന്‍ വീട്ടിനു പുറത്ത് സംഹാരനൃത്തംചവിട്ടി. പൊടിപടലങ്ങളെയും കരിയിലകളെയും പറത്തിവിട്ട് വിളക്ക് കെടുത്താന്‍ നോക്കി. പതുങ്ങി വന്ന കരിമ്പുലി ജനാല തകര്‍ക്കാന്‍ ശ്രമിച്ചു. മന്ത്രവാദി മുത്തശ്ശന് മന്ത്രശക്തിയാല്‍ കരുത്തനായി. കണ്ണുകളില്‍നിന്നും തീപാറി.
മന്ത്രവാദി മുത്തശ്ശന് കരിമ്പുലിയുടെ നേരേ കുന്തമെറിഞ്ഞു. അവന് ജീവനുംകൊണ്ട് കാട്ടില്മറഞ്ഞു. ധൂമപ്പിശാച് പറത്തിവിട്ട കരിയിലകളെ തീകൂട്ടി കത്തിച്ചു. പൊടിപടലങ്ങളെ മഴകൊണ്ട് നനച്ചു. അതോടെ ധൂമപ്പിശാചിന് ഭീതിയായി. എങ്ങനെയും രക്ഷപ്പെട്ടാല്‍ മതിയെന്നായി.
ധൂമന്‍ കരിമേഘങ്ങളെ താഴേക്ക് വിളിച്ചു. മേഘങ്ങളില്‍ അള്ളിപ്പിടിച്ച് ആകാശത്തേക്ക് കുതിക്കാന്‍ തുടങ്ങി. മുത്തശ്ശന് പിന്നാലെയെത്തി. കയ്യില്‍ രണ്ടു തീപ്പന്തങ്ങളുമുണ്ടായിരുന്നു. മേഘം മേലേക്കുയരാന് തുടങ്ങി. അതിനു മുന്നേ പന്തങ്ങള്‍ പാഞ്ഞുചെന്നു. നിലത്തുപതിച്ച ധൂമപ്പിശാച് അലറിവിളിച്ചു. വേദനകൊണ്ട് അമര്‍ത്തിച്ചവിട്ടി. ചവിട്ടിയേടത്തു നിന്നും നീരുറവ പൊട്ടി. ഒരു ചെറിയ തോടായി അത് ഒഴുകാന്‍ തുടങ്ങി.
“കൊല്ലരുതേ…” എന്ന് ധൂമപ്പിശാചും കൂട്ടാളികളായ രണ്ടു ചാത്തന്മാരും കേണപേക്ഷിച്ചു. മുത്തശ്ശന്റെ കാലില്‍ വീണ് മാപ്പിരന്നു. വെറുതേവിട്ടാല്‍ അപകടമാണെന്ന് മന്ത്രവാദി മുത്തശ്ശന് നിശ്ചയമുണ്ട്. മൂന്നിനെയും ആവാഹിച്ച് കുടത്തില്‍ അടച്ചു. മൂന്ന് ഗുഹകള്‍ കണ്ടെത്തി. ധൂമപ്പിശാചിനെ ഒരു ഗുഹയ്ക്കുള്ളിലാക്കി. താടികരിഞ്ഞ ചാത്തനെ മറ്റൊന്നില്‍. വാലുകരിഞ്ഞതിനെ മൂന്നാമത്തേതില്‍. ഗുഹാമുഖങ്ങള്‍ പാറകൊണ്ട് അടച്ചുവച്ചു. പുറത്തു ചാടാതിരിക്കാന്‍ മന്ത്രങ്ങള്‍ പാറമേല്‍ കൊത്തിവച്ചു.
മന്ത്രവാദിമുത്തശ്ശന് ആശ്വാസത്തോടെ തിരിഞ്ഞ് നടന്നു.
അപ്പോഴാണ് മറ്റൊരു ഗുഹയില്‍നിന്നും ഞരക്കംകേട്ടത്. നോക്കുമ്പോഴുണ്ട് അരുമയായ രണ്ടു കുട്ടികള്‍. താടികരിഞ്ഞതിന്റെയും വാലുകരിഞ്ഞതിന്റെയും കിടാങ്ങളാണ്. മന്ത്രവാദി മുത്തശ്ശന് കിടങ്ങളെ വാല്‍സല്യത്തോടെ കയ്യിലെടുത്തു. വീട്ടിലേക്ക് കൊണ്ടുവന്നു. മുതുമുത്തശ്ശി രണ്ടിനും പാലും തേനും കൊടുത്തു വളര്‍ത്തി.
രണ്ടും കാഴ്ചയില്‍ ഒരുപോലായിരുന്നു. വെളുത്ത സുന്ദരന്മാര്. ഒരുത്തന്റെ വാല് നീണ്ടിട്ടായിരുന്നു. അവന് അനുസരണ കുറവാണ്. ഇങ്ങോട്ട് വിളിച്ചാല്‍ അങ്ങോട്ടുപോകും. ശകാരിച്ചാല്‍ കോക്രികാട്ടും. അവന് കരിംചാത്തനെന്ന് പേരിട്ടു. പാവത്താന്‍ വെളുംചാത്തനെന്നും.
അമ്മാമ്മയന്ന് കുട്ടിയാണല്ലോ. അമ്മാമ്മ വളര്‍ന്നു, പ്രായമായി. ചാത്തന്മാര് പതിയേ വളരൂ. അവര്‍ക്ക് ഇപ്പഴും കുട്ടിത്തം വിട്ടിട്ടില്ല. മന്ത്രവാദി മുത്തശ്ശന് മരിക്കണേനു മുമ്പ് മന്ത്രങ്ങളെല്ലാം അമ്മാമ്മയ്ക്കാണ് പറഞ്ഞുകൊടുത്തത്. തലമുറയിലെ ഒരാള്‍ക്കേ മന്ത്രങ്ങള്‍ കൈമാറൂ. ഇല്ലേല് അത് ഫലിക്കില്ല.
അമ്മാമ്മ അതിനി കൈമാറാന്‍ പോകുന്നത് അമ്മുവിനാണ്. അതോടെ ചാത്തന്മാര് അമ്മുവിന്റെ അടിമകളാകും. പിന്നെ പരമസുഖമാണ്. എല്ലാ ജോലികളും അവരു ചെയ്തുകൊള്ളും. നിലവില്‍ ഒരു മാന്ത്രികവിദ്യ മാത്രം അമ്മാമ്മ പറഞ്ഞുകൊടുത്തിട്ടുണ്ട്. അതുപയോഗിച്ച്, അമ്മൂന് വീട്ടിലുള്ള കോഴികളോടും പൂച്ചയോടും പശുവിനോടും സംസാരിക്കാനാവും.
”അമ്മാമ്മ ഇപ്പഴും പിശാചിനെ പിടിക്കോ?” മഞ്ചു പരിഹാസത്തോടെ ചോദിച്ചു.
”ഇപ്പൊ വയ്യ. മന്ത്രങ്ങളെല്ലാം ഓര്‍മയുണ്ട്. പിന്നെ അമ്മാമ്മേടെ ഒരു പൂച്ചയുണ്ട്. അവന്റെ പേര് പ്രിന്‍സ് എന്നാ. അമ്മാമ്മേ ചുറ്റിപ്പറ്റി എപ്പഴും കാണും. വെളുംചാത്തന്റെ മേല്‍ അവന്റെ ശ്രദ്ധ എപ്പഴുമുണ്ട്. പാവത്താനെന്നു പറഞ്ഞിട്ട് കാര്യോല്ല. ചിലനേരം അവനും കുസൃതികാട്ടും. എന്തേലും കുഴപ്പംകാണിച്ചാ അപ്പൊ അത് അമ്മാമ്മേടെ ചെവീലെത്തിക്കുന്നത് പ്രിന്‍സാ. അവനൊരു മാന്ത്രിക പൂച്ചയാ.”
”ചാത്തന്മാരെ നീ നേരിട്ട് കണ്ടിട്ടുണ്ടോ?” രേഷ്മയുടെ ആകാംഷ ഇരട്ടിച്ചു.
‘കരിംചാത്തനെ കണ്ടിട്ടില്ല. യഥാര്ഥരൂപത്തില് കണ്ടാല്‍ പേടിച്ച് മരിക്കും.”
”അപ്പൊ വെളുംചാത്തനെയോ?”
”വെളുംചാത്തന്‍ പകല്‍നേരം പല്ലിയായോ പാറ്റയായോ മച്ചില്‍ കാണും. രാത്രിയില്‍ നരിച്ചീലിനെപ്പോലെ പറക്കും, ചിലപ്പൊ കൂമനെപ്പോലെ മൂളും ഇല്ലേല് ചെന്നായയെപ്പോലെ ഓരിയിടും ചിലപ്പോഴത് വയസ്സിത്തള്ളയെപ്പോലെ ചുമയ്ക്കും കുട്ടികളുടേതുപോലെ കുറുമ്പുകാട്ടും. പക്ഷേ അമ്മാമ്മയുടെ മുന്നില്‍ വലിയ അനുസരണയാണ്. അവന്റേം യഥാര്‍ഥരൂപം അമ്മാമ്മയ്ക്കേ കാണാനാവൂ.”
”അമ്മൂ, പുളുപറയുന്നേനും ഒരു പരിധീണ്ട്,” അമ്മുവിന്റെ ചാത്തന് കഥകേട്ട് മഞ്ചു ചുണ്ടുകോട്ടി. ഒന്നുംമിണ്ടണ്ടാന്ന് മഞ്ചു വിചാരിച്ചതാണ്. പക്ഷേ, ഇങ്ങനെ തള്ളിമറിക്കുന്നത് എത്രനേരം കേട്ടിരിക്കും.
”നീ വിശ്വസിച്ചില്ലേ വിശ്വസിക്കണ്ടടീ. നിന്നെ ആരെങ്കിലും നിര്‍ബന്ധിച്ചോ?”
അമ്മു ഉച്ചഭക്ഷണം കഴിച്ച പാത്രംകഴുകാനായി പൈപ്പിന് ചുവട്ടിലേക്കോടി.
ഈ കള്ളക്കഥകള്ക്കൊരു അറുതിവരുത്തിയിട്ടുതന്നെ എന്ന് മഞ്ചു ഉറപ്പിച്ചു.
തുടരും…
Read More: ഒരു കഥ കൂടി വായിക്കാന്‍ തോന്നുന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു