scorecardresearch
Latest News

ഡിറ്റക്റ്റീവ് അമ്മു – കുട്ടികളുടെ നോവൽ മൂന്നാം ഭാഗം

” അവള്‍ കണ്ണടച്ചു. എന്തോ മന്ത്രംചൊല്ലി. പിന്നെ ചട്ടമ്പിയെ തുറിച്ചൊരു നോട്ടംനോക്കി. കയ്യിലെ പത്തുവിരലും അവനുനേരേ നീട്ടി. എന്തോ ആവാഹിച്ചെടുക്കുംപോലെ വിരലുകള്‍ ചുരുട്ടി. കൃഷ്ണമണികള്‍ പുറത്തേക്ക് ഉന്തി.” എസ് ആർ ലാൽ എഴുതിയ കുട്ടികളുടെ നോവൽ “ഡിറ്റക്റ്റീവ് അമ്മു” മൂന്നാം ഭാഗം

ഡിറ്റക്റ്റീവ് അമ്മു – കുട്ടികളുടെ നോവൽ മൂന്നാം ഭാഗം

ചട്ടമ്പി

മഞ്ചുവും കൂട്ടുകാരും ചെല്ലുമ്പോള്‍ അപ്പു ക്ലാസിലുണ്ടായിരുന്നു. അവന്‍ ക്ലാസിന് പുറത്തിറങ്ങാറില്ല. അപ്പുവിന് പുതിയ സ്‌കൂളില്‍ കൂട്ടുകാരെയൊന്നും കിട്ടിയിരുന്നില്ല. അമ്മുവിനാകട്ടെ സ്‌കൂളില്‍ നിറയെ കൂട്ടുകാരാണ്. അപ്പുവിന്റെ ക്ലാസില്‍പ്പോലും അവള്‍ക്ക് ചങ്ങാതിമാരുണ്ട്.

”അപ്പുച്ചേട്ടാ, ഞങ്ങള് അമ്മൂന്റെ ക്ലാസിലെ കുട്ടികളാണ്…” മഞ്ചു സ്വയം പരിചയപ്പെടുത്തി.

അപ്പു തല ഉയര്‍ത്തി അവരെ നോക്കി. എന്നിട്ട് ചിരിച്ചു.

”ഈ അമ്മു പറയുന്നു, നിങ്ങടെ പഴയ വീട്ടില്‍ വെളുത്ത ആനകള്‍ വരുമെന്ന്. സത്യാണോ?”

അവളിവിടേം പണിതുടങ്ങിയെന്ന് അപ്പുവിന് മനസ്സിലായി. അമ്മൂനെ പിണക്കുന്നത് ഉചിതമല്ലെന്ന് അവന് അറിയാം. ഇളയവളാണെങ്കിലും അമ്മു ഇല്ലാതെ അവന് ജീവിക്കാന്‍ പറ്റില്ല. രാത്രി മുറ്റത്തിറങ്ങാനും ഒരു മുറിയില്‍നിന്നും മറ്റൊരു മുറിയിലേക്ക് പോകാനും അമ്മു വേണം. ചാത്തന്മാരെ പേടിച്ചിട്ടാണ്. സ്‌കൂളിലും അമ്മുവിന്റെ സഹായം വേണ്ടിവരും.

കഴിഞ്ഞൊരു ദിവസം ക്ലാസിലെ ചട്ടമ്പി അപ്പൂനെ വിരട്ടി. ചട്ടമ്പി വെള്ളംചോദിച്ചിട്ട് കൊടുക്കാത്തതിനാണ്. കുപ്പിയില്‍ വായ മുട്ടിച്ചേ ചട്ടമ്പി വെള്ളംകുടിക്കൂ. അപ്പു വെള്ളംകൊടുക്കില്ലെന്ന് തീരുമാനിച്ചു. കൊടുക്കേണ്ടതില്ലെന്ന് അമ്മുവിന്റെ നിര്‍ദേശവുമുണ്ട്.

ചട്ടമ്പി അവനെ സൂക്ഷിച്ചുനോക്കി. അപ്പു തിരിച്ചുംനോക്കി. ചട്ടമ്പി അപ്പുവിനെ ഒരുന്ത്. ബഞ്ചില്‍ നിന്നും അവന്‍ നിലത്തുവീണു. അതറിഞ്ഞിട്ട് അമ്മുവാണ് ചോദിക്കാന്‍ ചെന്നത്. അപ്പു അന്നേരം വിമ്മിവിമ്മി കരയുന്നുണ്ടായിരുന്നു.

ചട്ടമ്പി ക്ലാസില്‍ ഇല്ല. അവന്‍ ഗ്രൗണ്ടില്‍ നില്‍ക്കുന്നുണ്ട്. അപ്പുവിനെയും വിളിച്ച് ഗ്രൗണ്ടിലേക്ക് ചെന്നു. ചട്ടമ്പിയോടൊപ്പം ഒരു കൂട്ടുകാരനുമുണ്ട്. ചട്ടമ്പിക്കിട്ട് രണ്ടു പൊട്ടിക്കണമെന്നു വിചാരിച്ചാണ് ഇറങ്ങിപ്പുറപ്പെട്ടത്. കണ്ടപ്പോ ഒരു തടിമാടന്‍. തന്റെ തരത്തിനു പറ്റിയതല്ലെന്ന് അമ്മുവിന് മനസ്സിലായി. എന്തായാലും ചോദിച്ചിട്ടുതന്നെ എന്ന് അവള്‍ ഉറപ്പിച്ചു. അപ്പു പിന്നില്‍ പേടിച്ച് നിന്നതേയുള്ളൂ. അമ്മു മുന്നിലേക്ക് കയറി.

”നീയെന്തിനാടാ അപ്പൂനെ തള്ളിയിട്ടത്?”

”അത് ചോദിക്കാന്‍ നീയേതാടീ പീക്കിരീ” ചട്ടമ്പി പരിഹസിച്ചു.

”ഞാനീ സ്‌കൂളില്‍ പഠിക്കണതാ. കണ്ടിട്ട് നിനക്ക് മനസ്സിലായില്ലേ?”

” നീയൊരു വാല്‍മാക്രീടെ അത്രേല്ലേ ഉള്ളൂ പെണ്ണേ. നീ ചോദിക്കാന്‍ വന്നതാ? കൊള്ളാം.” ചട്ടമ്പി പുച്ഛത്തോടെ നോക്കി.

”എന്താ ചോദിച്ചാല്?”

”തരത്തീപ്പോയി കളിയെടീ ഞാഞ്ഞൂലേ. ഞാനാരാന്ന് അറിയോ? എല്ലാത്തിനേം അടിച്ച് പാളീസാക്കും. നിനക്കും കിട്ടും നിന്റെ ചേട്ടനും കിട്ടും.” ചട്ടമ്പി കൈചുരുട്ടി.

”നീ വാ അമ്മൂ, നമുക്ക് ടീച്ചറോട് പറയാം.” അപ്പു അവളെ പിടിച്ചുവലിച്ചു. അവന്റെ കയ്യുംകാലും വിറച്ചിട്ട് വയ്യ.

”ഞാനാരാന്നറിയോടാ?” അമ്മു കുറച്ചുകൂടി മുന്നിലേക്ക് കയറിനിന്നു.

”നീ ഏതവളായാലെന്തൊന്നാടീ. പോടീ തരത്തീപ്പോയി കളിയെടീ.” ചട്ടമ്പി ചൂണ്ടുവിരല്‍ അമ്മൂന്റെ മൂക്കോളം മുട്ടിച്ചു.

അമ്മുവിന് ദേഷ്യംകൊണ്ട് കണ്ണുകാണാതായി.

അവള്‍ കണ്ണടച്ചു. എന്തോ മന്ത്രംചൊല്ലി. പിന്നെ ചട്ടമ്പിയെ തുറിച്ചൊരു നോട്ടംനോക്കി. കയ്യിലെ പത്തുവിരലും അവനുനേരേ നീട്ടി. എന്തോ ആവാഹിച്ചെടുക്കുംപോലെ വിരലുകള്‍ ചുരുട്ടി. കൃഷ്ണമണികള്‍ പുറത്തേക്ക് ഉന്തി. വായതുറന്ന് ആക്രോശിച്ചു.

അവളുടെ മുഖത്തെ ഭാവവുമെല്ലാം കണ്ട് ചട്ടമ്പി വിരണ്ടുപോയി.

അന്നേരം അമ്മു ചാടി ഒരൊറ്റയിടി. ചട്ടമ്പി തീരെപ്രതീക്ഷിച്ചില്ല. അപ്രതീക്ഷിതമായ നീക്കത്തില്‍ ചട്ടമ്പി പതറിപ്പോയി. ഇടിയുടെ ശക്തിയാലോ പുറകില്‍ കിടന്ന കല്ലില്‍ ചവിട്ടി നിലതെറ്റിയിട്ടോ അവന്‍ വെട്ടിയിട്ടപോലെ താഴെ വീണു. മൂട് ഇടിച്ചായിരുന്നു വീഴ്ച. അമ്മു ചട്ടമ്പിയുടെ കൂട്ടാളിയുടെ നേരേ തിരിഞ്ഞു. കൂട്ടാളി ഒരൊറ്റ ഓട്ടം.

ചട്ടമ്പി മൂടുംതടവി എണീറ്റുവന്നു.

”ഞാനേ കരാട്ടേയാ…” ചട്ടമ്പിയെ അമ്മു വീണ്ടും അടിക്കാനടുത്തു.

ഇവളെപ്പോ കരാട്ടേ പഠിച്ചെന്ന് അപ്പു അമ്പരന്നു.

ചട്ടമ്പി പേടിച്ചുപോയി. വലുപ്പമുണ്ടെന്നേയുള്ളൂ, ചക്കപ്പൂന്തനാണെന്ന് അമ്മൂന് പിടികിട്ടി. ഓടാന്‍ തുടങ്ങിയ ചട്ടമ്പിയുടെ മുന്നില്‍ അവള്‍ വിലങ്ങനെ നിന്നു.

”ഇനി എന്റെ ചേട്ടനെ ഉപദ്രവിച്ചാല്…”

”ഇല്ല ഒന്നുംചെയ്യൂല” ചട്ടമ്പി ചുരുണ്ടു നിന്നു.

”പിന്നെ ഇത് ടീച്ചറോടൊന്നും പറയാന്‍ നിക്കണ്ട. അവരൊക്കെ അറിഞ്ഞാ നിനക്കാ നാണക്കേട്.”

ചട്ടമ്പി ഓടിപ്പോയി. ഗ്രൗണ്ട് കഴിയാറായപ്പോ ഒന്നു തിരിഞ്ഞുനോക്കി. അത്രതന്നെ.

പുളുകൊണ്ടും ചില നേരത്ത് ഉപയോഗങ്ങളുണ്ടെന്ന് അപ്പൂന് ബോധ്യമായി.

മഞ്ചുവും സംഘവും സത്യം തേടി എത്തിയപ്പോള്‍, അപ്പു ഇതെല്ലാം ഓര്‍ത്തു. അമ്മൂനെ പിണക്കിയാല്‍ നഷ്ടം തനിക്കാണ്. അതുകൊണ്ട് അപ്പുവും വിട്ടുകൊടുത്തില്ല.

”ഞങ്ങള് ആനപ്പുറത്തായിരുന്നു ചില ദിവസം സ്‌കൂളീപോയിരുന്നത്. അത് അമ്മു പറഞ്ഞില്ലാരുന്നോ?”

മഞ്ചുവിന് ദേഷ്യം വന്നു. ഇവനോട് ചോദിക്കാന്‍വന്ന എന്നോട് പറഞ്ഞാമതിയല്ലോ. കൂട്ടുകാരികളെയും കൂട്ടി അവള്‍ മടങ്ങിപ്പോന്നു.

മഞ്ചു തിരിച്ചുചെല്ലുമ്പൊ വല്‍സലടീച്ചര്‍ ക്ലാസിലേക്ക് വരുന്നുണ്ടായിരുന്നു. വന്ന ഉടനേ മഞ്ചു ബഞ്ചില്‍നിന്നും എണീറ്റു. പിന്നെ ഉറക്കെ വിളിച്ചു പറഞ്ഞു.

”വല്‍സല ടീച്ചറേ, ഈ അമ്മൂന്റെ പഴേ വീട്ടില് വെളുത്ത ആന ഉണ്ടെന്ന്. അവര് ആനപ്പാലാ കുടിക്കുന്നേന്ന്.”

ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ അമ്മു തീരെ പ്രതീക്ഷിച്ചതല്ല.

”അമ്മു എണീറ്റേ.” ടീച്ചര്‍ കല്‍പിച്ചു.

അവള്‍ ആത്മവിശ്വാസം വിടാതെ നിന്നു.

”ആണോ അമ്മൂ?”

”അതെ ടീച്ചറേ.”

”എത്ര വെളുപ്പുവരും ആനയ്ക്ക്. എങ്ങനെയിരിക്കും അത്?”

”ആനേടെ വലുപ്പം വരും. കൊമ്പൊന്നും ഉണ്ടാവില്ല. വെളുവെളുത്ത നിറമാ. ടീച്ചറുടെ അത്രേം നിറംവരില്ല. പിന്നെ…”

”ആനപ്പാല് കറന്നെടുക്കുവോ?”

”കറന്നെടുക്കും ടീച്ചറേ. അമ്മാമ്മയാണ് ആനയെ കറക്കുന്നത്. പാല് അടുത്തുള്ള വീട്ടുകാര്‍ക്കും കൊടുക്കും. പാല്‍സൊസൈറ്റിയിലൊന്നും ആനപ്പാല് എടുക്കില്ല. ഭയങ്കര കട്ടിയാ.”

”ആ മതി …മതി….നിന്റെ അമ്മയോട് ഞാനൊന്ന് ചോദിക്കട്ടെ.”

അമ്മൂവിനോട് ഇരിക്കാന്‍ പറഞ്ഞ് ടീച്ചര്‍ പാഠഭാഗത്തിലേക്ക് കടന്നു.

അന്നൊരു ഞായറാഴ്ച ദിവസമായിരുന്നു. അമ്മ കടയിലേക്ക് പോകാന്‍ ഒരുങ്ങുമ്പോള്‍ അമ്മുവും പിന്നാലെ കൂടി. അമ്മുവിന്റെ ഒരുക്കപ്പെട്ടിയിലെ സാധനങ്ങളെല്ലാം തീര്‍ന്നുപോയി. പൗഡര്‍, ചീപ്പ്, വിവിധ നിറത്തിലുള്ള ചാന്തുകള്‍, ക്യൂട്ടെക്‌സ് ഇവയൊക്കെയാണ് ഒരുക്കപ്പെട്ടിയിലുള്ളത്. കുറേ ദിവസമായി അമ്മയോടത് വാങ്ങാന്‍ പറയുന്നു. അമ്മ മറക്കും. ഒപ്പംപോയാല്‍ ഓര്‍മിപ്പിച്ച് വാങ്ങാം. അമ്മു എവിടെപ്പോയാലും ഒരുങ്ങി ചന്തത്തിലേ പോകൂ. അമ്മയെക്കൊണ്ട് കുറച്ചു വളകളും പൊട്ടുകളും വാങ്ങിപ്പിക്കാനും അമ്മുവിന് പദ്ധതിയുണ്ട്. എല്ലാംചേര്‍ത്തൊരു ലിസ്റ്റ് അവള്‍ കയ്യില്‍ പിടിച്ചിരുന്നു.

ഫാന്‍സി കടയിലേക്ക് കാലെടുത്തുവച്ചതേയുള്ളൂ അതാ നില്‍ക്കുന്നു വല്‍സലടീച്ചര്‍. അമ്മൂന്റെ സന്തോഷമെല്ലാം കെട്ടുപോയി. ടീച്ചര്‍ കാണല്ലേ എന്ന് പ്രാര്‍ഥിച്ചു. അവള്‍ വളകള്‍ ഇരിക്കുന്ന പെട്ടികള്‍ക്കിടയിലൂടെ നൂണ്ട് മറ്റൊരിടത്തുപോയി നിന്നു.

ഭാഗ്യം അന്ന് അമ്മുവിനൊപ്പം ഉണ്ടായില്ല. വല്‍സലടീച്ചറെ കണ്ട് അമ്മൂന്റെ അമ്മതന്നെ അടുത്തേക്കുചെന്നു. ടീച്ചറെന്തോ കാര്യമായി പറയുന്നുണ്ട്. അമ്മു ദൂരെ നിന്നതേയുള്ളൂ.

അമ്മയുടെ മുഖം കണ്ടപ്പോ എന്തോ കുഴപ്പമായെന്ന് മനസ്സിലായി. അമ്മുവിനേം വിളിച്ച് പെട്ടെന്നുതന്നെ അമ്മ കടയില്‍നിന്നും ഇറങ്ങി. വഴിയിലൊന്നും അമ്മ മിണ്ടിയില്ല. ഇടവഴിയിലേക്കു കയറിയതും കൈ പിച്ചിയെടുത്തു.

”നിന്റെ വീട്ടിലെവിടുന്നാടീ വെള്ളയാന? നീ അതിന്റെ പാലൊഴിച്ചാ ചായകുടിക്കണേ?”

”ഞാന്‍ പിള്ളാരോടേ പറഞ്ഞുള്ളൂ.” അമ്മു ന്യായംപറഞ്ഞു.

”ടീച്ചറോട് നീ പറഞ്ഞില്ലേടീ? ടീച്ചറുപോലും വിശ്വസിച്ചുപോയെന്ന്”

”പിള്ളാരാവുമ്പം പല കഥയും പറയും. പൊടിപ്പിള്ളാര് പറയണ കഥയൊക്കെ ടീച്ചറ് വിശ്വസിക്കാന്‍ പോണതെന്തിനാ? അവര് വിവരോം വിദ്യാഭ്യാസോം ഉള്ളോരല്ലേ?”

അമ്മൂന്റെ ന്യായീകരണംകേട്ട് അമ്മയ്ക്കു ചിരിവന്നു. അമ്മ അത് പുറത്തുകാണിച്ചതേയില്ല.

തുടരും…

Read More: ഒരു കഥ കൂടി വായിക്കാന്‍ തോന്നുന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: S r lal novel for children detective ammu chapter 3