scorecardresearch

Latest News

ഡിറ്റക്റ്റീവ് അമ്മു – കുട്ടികളുടെ നോവൽ രണ്ടാം ഭാഗം

“അമ്മാമ്മ വലിയ ബക്കറ്റുമെടുത്ത് ആനയുടെ സമീപം ചെല്ലും. അതിലും വലിയ ചെമ്പുപാത്രം സമീപത്തായി വച്ചിട്ടുണ്ട്. ആനയുടെ പാലെടുക്കാനാണ്. അമ്മാമ്മയാണ് ആനയെ കറക്കുന്നത്. മറ്റാരെങ്കിലും ചെന്നാല്‍ തൊഴിച്ച് ദൂരെക്കളയും.” എസ് ആർ ലാൽ എഴുതിയ കുട്ടികളുടെ നോവൽ “ഡിറ്റക്റ്റീവ് അമ്മു” രണ്ടാം ഭാഗം

ആനപ്പാല്‍

അമ്മുവിന്റെ പഴയ വീട് കാടിനു സമീപത്തായിരുന്നു. വീടിനടുത്ത് ആന വരും. ചില നേരം പുലിവരും. കുരങ്ങന്മാര്‍ ധാരാളമുണ്ട്. മറ്റെങ്ങുമില്ലാത്ത പ്രത്യേകതകൂടിയുണ്ട്. അവിടുത്തെ കാട്ടില്‍ വെളുത്ത ആനകളുണ്ട്. അധികമൊന്നുമില്ല. രണ്ടേ രണ്ടെണ്ണം. അമ്മാമ്മ വിളിച്ചാല്‍ വെളുത്ത ആനകള്‍ വീട്ടിലേക്ക് വരും. കുട്ടികളെയും കൂട്ടിയാവും വരവ്. അതിരാവിലെയാണ് വെളുത്ത ആനകള്‍ വരിക.

അമ്മൂന്റെ വീടിനു മുന്നില്‍ നാട്ടുമാവുണ്ട്. വെളുത്ത ആനകള്‍ മാവിന്റെ ചോട്ടില്‍വന്നു നില്‍ക്കും. അമ്മാമ്മ വാഴപ്പഴം നല്‍കും. തുമ്പിക്കൈയില്‍ തലോടും. ആനയെ അനുസരിപ്പിക്കുന്ന മന്ത്രമൊക്കെ അമ്മാമ്മയ്‌ക്കേ അറിയൂ. കൊലകൊമ്പന്മാരെവരെ അമ്മാമ്മ ചൂണ്ടുവിരലില്‍ നിര്‍ത്തും.

അമ്മാമ്മ വലിയ ബക്കറ്റുമെടുത്ത് ആനയുടെ സമീപം ചെല്ലും. അതിലും വലിയ ചെമ്പുപാത്രം സമീപത്തായി വച്ചിട്ടുണ്ട്. ആനയുടെ പാലെടുക്കാനാണ്. അമ്മാമ്മയാണ് ആനയെ കറക്കുന്നത്. മറ്റാരെങ്കിലും ചെന്നാല്‍ തൊഴിച്ച് ദൂരെക്കളയും.

ആനയുടേത് വലിയ അകിടാണ്. പശുവിനെ കറക്കുംപോലെ വിരലുവച്ച് പറ്റില്ല. കൈ മടക്കിയിട്ടാണ് ;ചെയ്യുന്നത്. നിമിഷംകൊണ്ട് ബക്കറ്റ് നിറയും. അതെടുത്ത് ചെമ്പുപാത്രത്തില്‍ ഒഴിക്കും. ചെമ്പുപാത്രവും നിറയും. പിന്നെയും പാലുണ്ടാവും. ഒരാഴ്ചത്തേക്ക് അത് ധാരാളമാണ്.

”ആനപ്പാലിന് രുചിയുണ്ടോ?” കൂട്ടുകാരി രേഷ്മ ചോദിച്ചു. രേഷ്മയും അമ്മുവും ബഞ്ചില്‍ അടുത്തടുത്താണ് ഇരിക്കുന്നത്.

”പിന്നില്ലേ? പഞ്ചസാരയിട്ടപോലത്തെ മധുരമല്ലേ…”

”ഇതു പുളൂസാ. ആനപ്പാല് പോലും. ഞാന്‍ കേട്ടിട്ടില്ല.” മുന്‍ ബെഞ്ചിലെ മഞ്ചു നെറ്റിചുളിച്ചു. അവളൊരു പഠിത്തക്കാരിയാണ്.

”ആനക്കുട്ടികള് പിന്നെന്താ കുടിക്കുക? നാരങ്ങാ വെള്ളമാണോ? നീ വിശ്വസിക്കണേ വിശ്വസിച്ചാമതിയെടീ…’ അവള്‍ മഞ്ചുവിനുനേരേ തിരിഞ്ഞു. അമ്മു പറയുന്നതിലൊന്നും മഞ്ചൂന് വിശ്വാസംപോരാ.

”അമ്മൂന്റേല് ഇതുപോലുള്ള കുറേ പൊട്ട കഥകളുണ്ട്. അതുമായിട്ടാണ് അവളീ സ്‌കൂളില് വന്നിരിക്കുന്നത്. അത് വിശ്വസിക്കാന്‍ കുറേ പൊട്ടികളും.” മഞ്ചു കൂട്ടുകാരികളായ മുന്‍ബഞ്ചുകാരോട് പറഞ്ഞു. മഞ്ചൂന്റെ കൂട്ടുകാരികള്‍ വാപൊത്തി ചിരിച്ചു. അമ്മു അതൊന്നും കാര്യമാക്കിയില്ല.

”ആന കുത്തൂലേ അമ്മൂ?” രേഷ്മ ചോദിച്ചു.

”വെള്ളാനയ്ക്ക് നല്ല ഇണക്കാണ്. വെള്ളാനേടെ കുട്ടികള് നമ്മളോട് കളിക്കാന്‍ വരും. അതെല്ലാം കറുത്തിട്ടാ കേട്ടോ.”

”പിന്നെ ഒരു വെള്ള ആനയെ നിനക്ക് ഇങ്ങോട്ട് കൊണ്ടുവന്നൂടാരുന്നോ?”

”അതിന്റെ കൂട്ടുകാരെല്ലാം അവിടല്ലേ. കൊണ്ടുവന്നാ വെഷമാവൂലേ.”

”അതു ശരിയാ.” രേഷ്മയോടൊപ്പം അനിതയും ശരിവച്ചു.

വെള്ളാനയെ കൊണ്ടുവന്നില്ലെങ്കിലെന്ത്, അമ്മാമ്മ രണ്ടുചാത്തന്മാരെ കൊണ്ടുവന്നിട്ടുണ്ടല്ലോ. വെളുംചാത്തന്‍ മാത്രമല്ല അമ്മാമ്മയ്ക്കുള്ളത്. കരിംചാത്തന്‍ കൂടിയുണ്ട്. അവന്‍ പരാക്രമിയാണ്. കുസൃതിക്കാരനാണ്. അനുസരണയില്ലാത്തവനാണ്.

അമ്മുവിന്റെ വീടിനടുത്തുള്ള പാല മരത്തിലാണ് അവനെ പാര്‍പ്പിച്ചിട്ടുള്ളത്. അമ്മാമ്മയുടെ കണ്ണുതെറ്റിയാല്‍ ഒളിച്ചിരുന്ന് ആളുകളെ പേടിപ്പിക്കും. മരങ്ങള്‍ പിഴുതിടും. അയല്‍വീടുകളിലേക്ക് കല്ലെടുത്തെറിയും.കഴുത്തില്‍ ദംഷ്ട്ര താഴ്ത്തി രക്തംകുടിക്കും… അതുകൊണ്ട് കരിംചാത്തനെ വല്ലപ്പോഴുമേ പുറത്തിറക്കൂ. പുറത്തുവിട്ടില്ലെങ്കില്‍ അവന്റെ ദേഷ്യംകൂടും. അതാണ് അമ്മാമ്മ അവനെ മടിച്ചുമടിച്ച് ഇറക്കിവിടുന്നത്. വൈകിട്ടോടെ കരിംചാത്തനെ തിരിച്ചുകയറ്റും.

കരിംചാത്തന്‍ പുറത്തുവരുന്ന ദിവസം അമ്മൂന് അറിയാന്‍ പറ്റും. പാല മരത്തിന് സമീപം ഒരു മഞ്ചാടി മരമുണ്ട്. അവന്‍ പാല മരത്തില്‍നിന്നും നേരേ മഞ്ചാടിമരത്തില്‍ വന്നിരിക്കും. അപ്പോള്‍ മരത്തിന്റെ കൊമ്പുകള്‍ കാറ്റത്തെന്നപോലെ ആടും. കരിംചാത്തന്‍ ഊഞ്ഞാലാടുന്നതാണ്. അന്നേരം മഞ്ചാടിക്കുരു താഴേക്ക് പൊഴിയും. മഞ്ചാടിക്കുരുവിന്റെ ചുവന്ന മഴ. ആ മഞ്ചാടിക്കുരു അമ്മു കൂട്ടുകാര്‍ക്ക് കൊണ്ടുക്കൊടുക്കാറുണ്ട്.


അമ്മു സ്‌കൂളില്‍ ചേരാനെത്തിയത് വൈകിയാണ്. അമ്മുവിന്റെ വീടുമാറ്റം അപ്പോഴാണ് നടന്നത്. സ്‌കൂളില്‍ അന്നേരം ക്ലാസു തുടങ്ങിയിരുന്നു. പാഠങ്ങള്‍ കുറേ മുന്നോട്ടുപോയിരുന്നു.

ആദ്യദിവസം അമ്മ കൂടി സ്‌കൂളില്‍ ചെന്നു. അമ്മുവിനെയും അപ്പുവിനെയും രണ്ടു കൈകളിലായി പിടിച്ചിരുന്നു. ക്ലാസിലേക്ക് കയറ്റിവിടുന്നതിനു മുന്‍പേ അമ്മ പറഞ്ഞു ”അമ്മൂ, നന്നായി പഠിക്കണം. അധ്യാപകരെക്കൊണ്ട് നല്ലത് പറയിക്കണം. ആരോടും വഴക്കുണ്ടാക്കാന്‍ പോകരുത്. കള്ളക്കഥകള്‍ പറഞ്ഞ് കുട്ടികളെ പറ്റിക്കരുത്.”

അമ്മു അനുസരണയോടെ തലയാട്ടി. അവള്‍ ഓടിപ്പോയി ക്ലാസിലെ അവസാന ബഞ്ചിലിരുന്നു.

അമ്മുവിന് പുറകിലെ ബഞ്ചിലിരിക്കാനാണ് ഇഷ്ടം. പഠനത്തില്‍ മോശമായ കുട്ടികളാണ് സാധാരണ അവിടെ ഇരിക്കുക. അമ്മുവിന് വര്‍ത്തമാനം പറയാന്‍ ഇഷ്ടമാണ്. പുറകിലിരിക്കുന്നവരെ ടീച്ചര്‍മാര്‍ അത്ര ശ്രദ്ധിച്ചെന്നുവരില്ല. ക്ലാസെടുക്കുമ്പോഴും ടീച്ചര്‍ കാണാതെ കുശുകുശുക്കാം. അതുകൊണ്ട് അമ്മു പിന്‍ബഞ്ചാണ് തിരഞ്ഞെടുക്കുക.

ആദ്യ ക്ലാസില്‍തന്നെ വല്‍സലടീച്ചര്‍ അവളെ എണീപ്പിച്ചു നിര്‍ത്തി. അമ്മുവിനു നേരെ ടീച്ചര്‍ കമ്പ് ഉയര്‍ത്തി. നൂലുപോലെ നീണ്ട അമ്മു എണീറ്റുനിന്നു. ക്ലാസിലെ കുട്ടികളെല്ലാം ചിരിതുടങ്ങി.

”എന്താ കുട്ടീ നിനക്ക് മിണ്ടാതിരിക്കാന്‍ വയ്യേ? വന്നുകേറീട്ടല്ലേയുള്ളൂ.”

”ടീച്ചറുടേത് നല്ല ക്ലാസെന്നു പറയുവാരുന്നു.”

ടീച്ചര്‍ അമര്‍ത്തിമൂളി. സന്തോഷമാണോ ദേഷ്യമാണോ ടീച്ചറുടെ മുഖത്തെന്ന് അമ്മുവിന് മനസ്സിലായില്ല

.”അടുത്ത ആഴ്ച പരീക്ഷയാണ്. അതിന് മാര്‍ക്കു വാങ്ങിയില്ലേലാണ്. പഠിപ്പിച്ചപ്പോ ക്ലാസിലില്ലാരുന്നു എന്നൊന്നും ആരും പറഞ്ഞേക്കരുത്.”

തന്നെ ഉദ്ദേശിച്ചാണ് അത് പറഞ്ഞതെന്ന് അവള്‍ക്ക് മനസ്സിലായി.

കുട്ടികളെ ദൂരെ ദൂരെ ഇരുത്തിയാണ് വല്‍സലടീച്ചര്‍ പരീക്ഷ എഴുതിച്ചത്. അമ്മുവിനെ മാത്രം ഒറ്റയ്‌ക്കൊരു ബഞ്ചിലിരുത്തി. അവള്‍ ഇല്ലേല്‍ കോപ്പിയടിക്കുമെന്ന് ടീച്ചര്‍ക്ക് തോന്നി.

മാര്‍ക്കുവന്നപ്പോ അമ്മു എല്ലാവരെയും ഞെട്ടിച്ചുകളഞ്ഞു. മുന്‍ ബഞ്ചിലിരിക്കുന്ന മഞ്ചൂവിനൊപ്പം മാര്‍ക്കുണ്ട്. കൂട്ടുകാര്‍ക്കും അതിശയമായിപ്പോയി. അമ്മു പഠിത്തക്കാരിയാണെന്ന് ആര്‍ക്കും തോന്നീരുന്നില്ല.

”എങ്ങനാ നീ ഇത്രം മാര്‍ക്കുവാങ്ങിയേ?” അനിത അവളുടെ അടുത്തുകൂടി.

”അങ്ങനെ ചോദിക്ക്. ഇവിടെച്ചിലര്‍ക്ക് ചാത്തന്മാരെപറ്റി പറയുമ്പോ വിശ്വാസമില്ലല്ലോ. പരീക്ഷയ്ക്ക് അമ്മാമ്മേടെ ചാത്തന്‍ സഹായിച്ചതാ. കുറേ പാഠങ്ങള്‍ പഠിപ്പിച്ച ശേഷമല്ലേ ഞാനീ സ്‌കൂളീ വന്നത്. നിങ്ങള്‍ക്ക് അതറിയാല്ലോ? ചാത്തനില്ലേല്‍ എനിക്കെങ്ങനെ ഇത്ര മാര്‍ക്ക് കിട്ടാനാ?”

അനിതക്കോ രേഷ്മയ്‌ക്കോ അമ്മു പറയുന്നതില്‍ അവിശ്വാസമില്ല. മഞ്ചുവിനും അവളുടെ കുറച്ച് കൂട്ടുകാരികള്‍ക്കും ഉണ്ടുതാനും. അവര്‍ കേള്‍ക്കാനായിട്ടാണ് അമ്മു അത് പറഞ്ഞത്.

”അമ്മാമ്മയ്‌ക്കൊരു മന്ത്രമുണ്ട്. അത് ചൊല്ലിയാല്‍ പരീക്ഷയ്ക്ക് മാര്‍ക്ക് കിട്ടും.” അമ്മു രഹസ്യമായി പറഞ്ഞു.

”ഞങ്ങള്‍ക്കു കൂടി പറഞ്ഞു താ അമ്മൂ ആ മന്ത്രം. മറ്റാരോടും ഞങ്ങള് പറയത്തില്ല.” കൂട്ടുകാര്‍ ചുറ്റുംകൂടി.

അമ്മു ആലോചനയിലാണ്ടു. ”അമ്മാമ്മ അറിഞ്ഞാ വഴക്കുപറയും.”

”ഞങ്ങളാരോടും പറയത്തില്ല. മുടിപ്പുര അമ്മച്ചിയാണെ സത്യം.” എല്ലാവരും അമ്മുവിന്റെ കൈപിടിച്ച് സത്യം ചെയ്തു. തലയില്‍തൊട്ടും സത്യമിട്ടു. അമ്മു വഴങ്ങി. അവള്‍ മന്ത്രം ചൊല്ലിക്കൊടുത്തു.

”പരീക്ഷവന്നു ശിരസ്സിലേറി
പഠിച്ചതെല്ലാം മറന്നുപോയി
അകക്കുരുന്നില്‍ കനിവുള്ള സാറേ
എനിക്കിത്തിരി മാര്‍ക്കുതരണേ
വെളുംചാത്താ വാ…അടുത്തിരുന്ന് താ….
പഠിച്ചതൊക്കെ വാ….കണ്ണിന്‍മുന്നില്‍ വാ….
സ്വാഹ… സ്വാഹ….സ്വാഹ…”

”മന്ത്രംചൊല്ലുമ്പോ എന്ത് സംഭവിക്കും?”

”അപ്പൊ പതിയെ അമ്മാമ്മയുടെ വെളുംചാത്തന്‍ വരും. പഠിച്ചതൊക്കെ ഓര്‍മിപ്പിക്കും. അറിയാത്തതിന്റെ ഉത്തരം പറഞ്ഞുതരും.”

അതുകെട്ട് രേഷ്മ വാപൊളിച്ചു.

”ഈ മന്ത്രം ജപിച്ചാ ഞങ്ങളടുത്തും ചാത്തന്‍ വരുവോ?”

”അതു പറയാന്‍ പറ്റത്തില്ല.” അമ്മു കയ്യൊഴിഞ്ഞു.

”ഇത്രേം പുളു ഒരു പെങ്കൊച്ച് പറയുവോ?” മഞ്ചു ദേഷ്യംകൊണ്ട് വിറച്ചു. ”നട്ടാക്കുരുക്കാത്ത നുണകളാണ് ക്ലാസില്‍വന്നിരുന്ന് തട്ടിമൂളിക്കുന്നത്. അത് വിശ്വസിക്കാന്‍ കുറേ പിള്ളാരും.”

അമ്മൂന്റെ കള്ളങ്ങള്‍ പൊളിച്ചിട്ടുതന്നെ കാര്യം. മഞ്ചു വിചാരിച്ചു. ഇന്റര്‍വെല്‍ സമയത്ത് അവള്‍ ക്ലാസില്‍നിന്നും ഇറങ്ങി. രണ്ടു കൂട്ടുകാരികളെയും കൂട്ടി. അമ്മുവിന്റെ ചേട്ടന്‍ അപ്പുവിനെ കാണാനായാണ് അവര്‍ പുറപ്പെട്ടത്.

തുടരും…

Read More: ഒരു കഥ കൂടി വായിക്കാന്‍ തോന്നുന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: S r lal novel for children detective ammu chapter 2