കള്ളന്മാരുടെ വരവ്
സന്ധ്യയായി. അമ്മുവും അപ്പുവും ഉമ്മറത്ത് ഇരിപ്പുണ്ടായിരുന്നു. ഡിറ്റക്റ്റീവുകളുടെ അന്വേഷണം വിജയത്തില്‍ എത്തിയതിന്റെ ആവേശത്തിലായിരുന്നു ഇരുവരും. കുളിരന്റെ രോമങ്ങളും എഴുന്നുനിന്നു.
”നിനക്ക് പശുക്കുട്ടി നമ്മളുടേതാണെന്ന് എങ്ങനെ പിടികിട്ടി. കറുപ്പ് നിറമല്ലാരുന്നോ അതിന്. ആര്‍ക്കും ഒറ്റനോട്ടത്തില്‍ അത് മനസ്സിലാവില്ല.” അപ്പു ചോദിച്ചു.
സത്യത്തില്‍ കുളിരന് ആ ചോദ്യം ചോദിക്കാനിരുന്നതാണ്.
”അപ്പൂ, നമ്മളാ വീട്ടില്ചെല്ലുമ്പോ പശുവിനെ ആദ്യം കണ്ടു. അല്ലേ?”
അപ്പു ശരിയെന്ന് തലകുലുക്കി.
”അത് പാലുള്ള പശുവല്ല. അങ്ങനെയൊന്നിന് കുട്ടിയുണ്ടാവില്ലല്ലോ. തൊഴുത്തില്‍ ഒരു കുട്ടി നില്‍പ്പുണ്ട്. അതാണ് ഞാന്‍ അതിന്റെ അമ്മപ്പശുവിനെപ്പറ്റി ചോദിച്ചത്. ഒരു പശുവിനെ കെട്ടാനുള്ള ഇടമേ ആ തൊഴുത്തിനുള്ളൂ.”
”അതെ അതിനെ മേയാന്‍ വിട്ടിരിക്കയാണെന്ന് അയാള്‍ പറഞ്ഞു.” അപ്പു ഓര്‍ത്തെടുത്തു.
”അപ്പോഴും സംശയിക്കാന്‍ പാകത്തില്‍ ഒന്നുമില്ല.”
”പിന്നെങ്ങനെ നീ ആ കള്ളത്തരം കണ്ടുപിടിച്ചു?” അപ്പുവിന് അതാണ് അറിയേണ്ടത്.
”തിരിച്ചുപോരും വഴി ഒരു ബക്കറ്റില്‍ തട്ടി വീഴാന്പോയില്ലേ. അതാണ് വഴിത്തിരിവായത്.”
”അതിലെന്ത് വഴിത്തിരിവ്? അയാള്‍ വന്നിട്ടല്ലേ അത് നിവര്ത്തിവച്ചത്.”
”അതില്‍ കറുത്ത നിറത്തിലുള്ള ചായം ഉണ്ടായിരുന്നു.”
ആ കറുത്തവെള്ളം താനും കണ്ടതാണല്ലോ എന്ന് കുളിരനും ഓര്‍ത്തു. എന്നിട്ടെന്താ അങ്ങനൊരു ആലോചന പോകാത്തത്?

”പശുക്കുട്ടിയുടെ അടുത്തുചെന്ന് ഞാന്‍ നന്നായി നോക്കിയതാണ്. എന്നിട്ടും ചായംതേച്ചതാണെന്ന് തോന്നിയില്ല” അപ്പു പറഞ്ഞു.
”വിദഗ്ധമായി കള്ളം ചെയ്തതാ. പുറത്ത് തൊട്ടുനോക്കിയപ്പോ നിറം കയ്യില്‍ പറ്റി. പുറത്ത് വെള്ളം തേച്ചപ്പോള്‍ കൂടുതല്‍ വ്യക്തമായി.”
” കണ്ടുപിടിച്ചില്ലായിരുന്നെങ്കില്‍ നമ്മുടെ പശുക്കുട്ടി അവന്മാര് വിറ്റേനേ.” അപ്പു ദീര്‍ഘനിശ്വാസം പൊഴിച്ചു.
”പിന്നല്ലാതെ” അമ്മുവും അത് ശരിവച്ചു.
”എങ്കിലും അയാള്‍ കൊള്ളാല്ലോ. ആരെങ്കിലും തിരക്കി ചെല്ലൂന്ന് അയാള്‍ കരുതീട്ടുണ്ടാവില്ല. അല്ലേ അമ്മൂ.”
”അയാളല്ല അപ്പൂ ആ പശുക്കുട്ടിയെ മോഷ്ടിച്ചത്, യഥാര്‍ഥ കള്ളന് മറ്റൊരാളാണ്.”
അപ്പു അമ്പരന്നുപോയി.
”പിന്നാരാ? അയാളെ നമ്മള് കണ്ടതല്ലേ. പിന്നെന്താ സംശയം.”
അമ്മയും അമ്മാമ്മയും അന്നേരം ഉമ്മറത്തേക്ക് വന്നുചേര്‍ന്നു. നല്ല മധുരമുള്ള ഓട്ടട അമ്മാമ്മ ഉണ്ടാക്കിയിരുന്നു. പശുക്കുട്ടിയെ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു അത്.
”കാട്ടുകള്ളനാ അയാള്‍… അവന് ഗുണംപിടിക്കില്ല.” അമ്മാമ്മ പശുക്കുട്ടിയെ കട്ട കള്ളനെ പ്രാകി.
”അമ്മാമ്മേ അയാളല്ല പശുക്കുട്ടിയെ മോഷ്ടിച്ചത്.” അമ്മു ആവര്‍ത്തിച്ചു.
അമ്മാമ്മയും അമ്മയും നെറ്റിചുളിച്ചു. അതൊന്ന് അറിഞ്ഞിട്ടുതന്നെ എന്നമട്ടില്‍ കുളിരന് കുത്തിയിരിപ്പായി.
”പിന്നാരാ?” അമ്മാമ്മയും ഉമ്മറത്ത് ഇരിപ്പുറപ്പിച്ചു.
”യഥാര്‍ഥ കള്ളന് മറഞ്ഞിരിപ്പാണ്. അയാള്‍ ചിത്രത്തില്‍ വന്നിട്ടില്ല.” അമ്മു നാടകീയമായി പറഞ്ഞു.
”അതാരാന്നാ ചോദിച്ചത്?” അമ്മാമ്മയ്ക്ക് ദേഷ്യംവന്നു.
അപ്പോഴേക്കും ശശി മാമന് വന്നെത്തി. പശുക്കുട്ടിയെ കിട്ടിയ വാര്‍ത്ത അറിഞ്ഞ് പാഞ്ഞ് വന്നതാണ്. ആള് അല്പം മദ്യപിച്ചിട്ടുണ്ട്. ജോലിയൊക്കെ കഴിഞ്ഞ് പാച്ചുമാമന്റെ കടയില്‍ ഇരിക്കുമ്പോഴാണ് വാര്‍ത്ത അറിഞ്ഞത്. നേരേ ഇങ്ങോട്ടുപോന്നു.
ശശിമാമന് തൊഴുത്തില്‍പ്പോയി പൈക്കിടാവിനെ കെട്ടിപ്പിടിച്ചു. ഉമ്മവെച്ചു. പയ്യാരം പറച്ചിലായി. പിന്നെ കരച്ചിലായി. കണ്ടുനിന്ന അമ്മാമ്മയ്ക്കും അമ്മയ്ക്കും സങ്കടംവന്നു. കുളിരന് നെഞ്ചുപൊട്ടുംപോലെ തോന്നി.
”പൈക്കിടാവിനെ കിട്ടൂന്ന് എനിക്കറിയാരുന്നു അമ്മാമ്മേ…ഞാന്‍ അതിനായിട്ട് മുടിപ്പുരദേവിക്ക് ഒരു നേര്‍ച്ചയും നേര്ന്നാരുന്ന്.” ശശിമാമന് കണ്ണു തുടച്ചു. പശുക്കുട്ടിയോട് എന്തൊരു സ്നേഹാണ് മാമന്.
മാമന് ഉമ്മറത്തിരുന്നു. തലയിലെ കെട്ടഴിച്ചു. ബീഡിയെടുത്തു. തീകൊളുത്തി. പുക ആകാശത്തേക്ക് പറത്തിവിട്ടു. പിന്നീട് മോഷണം സംബന്ധിച്ച് പുതിയ വിവരങ്ങള്‍ പങ്കുവെച്ചു.
”ജംബുക്കള്ളനാണ് പശുക്കുട്ടിയെ മോഷ്ടിച്ചത്. അവന് പൈക്കിടാവിനേം കൊണ്ട് പോണത് കണ്ടവരുണ്ട്. ജംബു ആ വീട്ടുകാരനെ നോക്കാന്‍ ഏല്‍പ്പിച്ചതാ. ജംബുവിന്റെ സ്ഥിരം പരിപാടിയാണ്. പൈക്കിടാവിനെ വിറ്റിട്ട് രണ്ടുപേരുംകൂടി പൈസ പങ്കിട്ടെടുക്കും. ആളുകള്‍ മോഷണമെല്ലാം മറക്കുമ്പോഴാണ് പയ്യിനെ വില്‍ക്കുക. അപ്പോഴേക്കും പൈക്കിടാവും കുറേ വളര്‍ന്നിട്ടുണ്ടാവും.” ശശിമാമന് കള്ളന്മാരുടെ നാള്‍വഴികള്‍ വിശദമാക്കി. പിന്നെ എല്ലാവരുടെയും മുഖത്ത് നോക്കി. അമ്മയും അമ്മാമ്മയും തലയാട്ടി.

”ജംബുക്കള്ളനല്ല നമ്മുടെ പശുക്കുട്ടിയെ മോഷ്ടിച്ചത്.” അമ്മുവിന്റെ ശബ്ദംമുഴങ്ങി. അമ്മു ആധികാരികമായിട്ടാണ് അത് പറഞ്ഞത്.
”അതെങ്ങനെ കുഞ്ഞിനറിയാം?” ശശിമാമന് അപ്പറഞ്ഞത് ഇഷ്ടപ്പെട്ടില്ല.
” ഞങ്ങള്‍ പശുക്കുട്ടിയെ അന്വേഷിച്ചിറങ്ങിയപ്പോ ജംബുക്കള്ളനെ കണ്ടിരുന്നു. പാച്ചുമാമന്റെ കടയില്‍ ഇരിപ്പുണ്ടായിരുന്നു. ആശുപത്രീന്ന് വരുന്ന വഴിയായിരുന്നു. കുറച്ചുനാളായി അസുഖമായിട്ട് കിടപ്പായിരുന്നു.” അമ്മു വിശദീകരിച്ചു.
”വേഷംകെട്ടാ മോളേ… വേഷംകെട്ട്! പഠിച്ച കള്ളനാ…. അവന് അങ്ങനെ പലതും കാണിക്കും. മോള്‍ക്ക് അറിഞ്ഞൂട. ഞങ്ങളീ നാട്ടുകാര്‍ എന്നുതൊട്ട് കാണുന്നതാ ജംബൂനെ. തന്ത്രശാലിയല്ലേ തന്ത്രശാലി.”
”പക്ഷേ, നമ്മടെ പശുക്കുട്ടിയെ മോഷ്ടിച്ചത് അയാളല്ല.” അമ്മു അക്കാര്യത്തില്‍ ഉറച്ചുനിന്നു.
”പിന്നെ ആരാന്ന് കൊച്ച് പറ?”
”പശുവിനേം കിടാവിനേം പരിചയമുള്ള ആരോ ആകാനാണ് സാധ്യത.”
അമ്മയും അമ്മാമ്മയും ഞെട്ടിപ്പോയി. ആ പറഞ്ഞത് അവര്‍ക്ക് തീരെ ഇഷ്ടപ്പെട്ടില്ല. അമ്മ അവളെ രൂക്ഷമായി നോക്കി. അമ്മു അനങ്ങിയില്ല.
കൂടുതല്‍ ഞെട്ടിയത് ശശിമാമനാണ്. അയാള്‍ ഷോക്കേറ്റപോലെ ചാടിയെണീറ്റു. ദേഷ്യംകൊണ്ട് വിറച്ചു. തലയിലെ തോര്‍ത്ത് അഴിച്ച്് കുടഞ്ഞു. വീണ്ടും അത് തലയില്‍ വട്ടത്തില്‍ കെട്ടി. ബീഡി ആഞ്ഞാഞ്ഞ് വലിച്ചു. മുറ്റത്ത് അമര്‍ത്തിച്ചവിട്ടി. അയാള്‍ അമ്മുവിനെ തുറിച്ചുനോക്കി. നോട്ടംകണ്ട് അപ്പു ഭയന്നുപോയി. കുളിരന് അമ്മാമ്മയുടെ സമീപത്തേക്ക് ചെന്നുനിന്നു. അമ്മു അത് കാര്യമാക്കിയയതേയില്ല.
”ഈ നരുന്ത് പറഞ്ഞത് ആരെപ്പറ്റിയാന്ന് മനസ്സിലായോ അമ്മാമ്മേ? ഇത് നിങ്ങള്‍ കേട്ടില്ലേ.എന്നിട്ട് മിണ്ടാതിരിക്കാണോ? എന്നെ ഉദ്ദേശിച്ചാ.അല്ലാതെ പിന്നാര്‍ക്കാ പശൂനെ പരിചയം. ജോലിചെയ്ത് കഷ്ടപ്പെട്ട് ജീവിക്കുന്നോനാ ഞാന്‍.”
”കൊച്ചുങ്ങള് എന്തെങ്കിലും പറഞ്ഞെന്നുവച്ച്. ശശി അത് കാര്യാക്കണ്ട..”അമ്മാമ്മ അയാളെ സമാധിനിപ്പിക്കാന്‍ ശ്രമിച്ചു.
”എന്നെ കള്ളനാക്കിയാ സഹിക്കൂല അമ്മാമ്മേ.ശശി ഇന്നും ഇന്നലേം തുടങ്ങിയതല്ല കറവപ്പണി. സത്യമുള്ള തൊഴിലാ അത്, ഇന്നുവരേം ശശിയെപ്പറ്റി ആരും മോശം പറഞ്ഞിട്ടില്ല.”
”മാമാ, ഞാന്‍ പറയുന്നത് മുഴുവന്‍ കേള്‍ക്ക്. മാമനാണ് പശുക്കുട്ടിയെ കട്ടതെന്ന് പറഞ്ഞില്ലല്ലോ.” അമ്മു സമാധാനിപ്പിക്കാനായി അയാളുടെ കയ്യില്‍ പിടിച്ചു.
”മാമന് അവിടിരുന്നേ. എന്നിട്ട് ഞാന്‍ പറയുന്നത് മുഴുവന്‍ കേള്‍ക്ക്. ചിലപ്പോ മാമനുതന്നെ ഞാന്‍ പറഞ്ഞ ആ കള്ളനെ കണ്ടുപിടിക്കാന്‍ പറ്റും.” അമ്മു അയാളെ അനുനയിപ്പിച്ചു.
”പരിചയമില്ലാത്തവര്‍ അടുത്തുചെന്നാല്‍ പശു അമറില്ലേ? ബഹളം വയ്ക്കില്ലേ? സാധാരണ അത് പതിവല്ലേ?” അമ്മു അയാളോട് ചോദിച്ചു.
”ശരിയാ.” ശശിമാമനും അത് ശരിവച്ചു.
”ഇത് അതൊന്നുമുണ്ടായിട്ടില്ല. അതേ ഞാന്‍ പറഞ്ഞുള്ളൂ.” അമ്മു തന്റെ ഭാഗം തെളിച്ചെടുത്തു.
”പശു അമറിയിട്ടുണ്ടാവും. പൈക്കിടാവ് കരഞ്ഞും കാണും. ഉറക്കത്തില്‍ ആര് കേള്‍ക്കാനാ മോളേ.?” ശശിമാമന് അലസമായി പിറുപിറുത്തു. അയാള്‍ വീണ്ടും ബീഡി കത്തിച്ചു അയാളുടെ നോട്ടം അവിടെങ്ങുമായിരുന്നില്ല. ”ഞാനിറങ്ങട്ടേ” യെന്ന് പറഞ്ഞ് അയാള്‍ പോകാനൊരുങ്ങി. അന്നേരം അമ്മു പഴയൊരു തോര്‍ത്ത് ഉയര്‍ത്തിക്കാട്ടി.
”ഇതാരുടെ തോര്‍ത്താ മാമാ….?”
അയാള്‍ തോര്‍ത്ത് അടുത്തുപിടിച്ചു നോക്കി.
”ഇതെന്റെ തോര്‍ത്താ മോളേ.രണ്ടുമൂന്നു ദിവസായിട്ട് കാണാനില്ല. ഞാനത് അശേല് ഉണങ്ങാനിട്ടിരുന്നതാ.”
ശശിമാമന്റെ തലയില്‍ പുതിയ തോര്‍ത്താണ് ഇപ്പോഴുള്ളത്.
ഇതെവിടുന്നു കിട്ടി കുഞ്ഞിന്?”
ആ പശുക്കുട്ടിയെ കിട്ടിയില്ലേ അതേ വീട്ടില്‍നിന്ന്..
ശശിമാമന് ഒന്നു പതറി. അയാള്‍ വിയര്‍ക്കുന്നുണ്ട്. തോര്‍ത്തെടുത്ത് ശരീരത്തിലേക്ക് വീശി. വല്ലാത്ത ആകുലത അയാളെ പൊതിഞ്ഞിരിക്കുന്നു. അമ്മുവിന് അത് പിടികിട്ടി.
”എങ്കിലും എന്റെ തോര്ത്തെങ്ങനെ അവിടെത്തി?”
”പശുക്കുട്ടി കരയാതിരിക്കാന്‍ വായില്‍ കെട്ടിയതാവും. അവിടുത്തെ എരുത്തിലിനടുത്ത് കിടന്നതാ. കണ്ടപ്പോള്‍ത്തന്നെ പരിചയം തോന്നി. മണത്തുനോക്കയപ്പോ അതില്‍ പാലിന്റെ മണമുണ്ട്. അങ്ങനെ എടുത്തോണ്ടുവന്നതാ, മാമന് തരാന്‍.”
”പോയ പോക്കില്‍ എന്റെ വീട്ടീക്കയറി അവന്മാര് എടുത്തതാവും. ഞാന്‍ പറഞ്ഞില്ലേ അശേല് ഉണങ്ങാനിട്ടതാന്ന്.”
”പക്ഷേ ശശിമാമന്റെ കയ്യിന്റെ പുറകില്‍ കറുത്ത ചായമുണ്ട്. ഞാന്‍ കുറച്ചുമുമ്പ് വന്ന് കയ്യില്‍ പിടിച്ചില്ലേ. ഞാനത് ഉറപ്പുവരുത്തിയതാ. ഇല്ലെങ്കില്‍ മാമന് പറയട്ടേ.”
കുളിരന് അയാളുടെ കൈ പരിശോധിക്കാനായി പുറപ്പെട്ടു. അയാളുടെ കൈമുട്ടിനോട് ചേര്‍ന്ന് കറുപ്പുനിറം ഉണ്ടായിരുന്നു.
എന്റെമ്മോ, അമ്മൂന് കാഞ്ഞ ബുദ്ധിതന്നെ. കുളിരന് സ്വയംപറഞ്ഞു. അമ്മൂന്റെ വെളിപ്പെടുത്തലില്‍ അപ്പു അപ്പോഴും തരിച്ചുനില്പ്പായിരുന്നു.
ശശി മാമന് കുറച്ചുനേരം സ്തംഭിച്ചുനിന്നു. അയാള്‍ ഒന്നും മിണ്ടിയില്ല. കുറേനേരം തലകുനിച്ചിരുന്നു. പിന്നെ ഒരൊറ്റ കരച്ചില്.

”പറ്റിപ്പോയതാ. പറ്റിപ്പോയി. ഇതാരും അറിയരുത്. അറിഞ്ഞാ ശശി കള്ളനായി. പിന്നെ പശൂനെക്കറക്കാന് ആരും വിളിക്കാതാവും.എന്റെ ഒരുസമയത്തെ ബുദ്ധിമോശംകൊണ്ട് സംഭവിച്ചതാ.” അമ്മാമ്മയും അമ്മയും പരസ്പരം നോക്കി. രണ്ടുപേര്‍ക്കും ഒന്നും മിണ്ടാനാവുന്നില്ല.
ശശിമാമന് അമ്മാമ്മേടെ കാലില്‍ വീണു.
”ശശീടേന്ന് ഞങ്ങളിത് ഒരിക്കലും പ്രതീക്ഷിച്ചില്ല.” അമ്മാമ്മ ശബ്ദം കടുപ്പിച്ചു.
”അമ്മാമ്മേ ഇനി ആവര്‍ത്തിക്കില്ല. പുറത്തു പറഞ്ഞാ എനിക്ക് ജീവിക്കാന്‍ പറ്റാതാകും. എന്റെ പിള്ളാരെ ഓര്‍ത്ത് ക്ഷമിക്കണം.” അയാള്‍ കരഞ്ഞുവിളിച്ചു.
അമ്മാമ്മയുടെ മനസ്സലിഞ്ഞു.
ആരും ഇത് പുറത്തുപറയില്ലെന്ന് അമ്മാമ്മയും അമ്മയും വാക്കുകൊടുത്തു.
”മോളേ നീയായിട്ടിത് ആരോടും പറയരുത്.” അയാള്‍ അമ്മുവിനെ ദയനീയമായി നോക്കി.
”പിള്ളാര് പറയില്ല. ശശിയും ഈ പണി ഇനിമേലാല്‍ ആവര്‍ത്തിക്കരുത്.” അമ്മ പറഞ്ഞു.
”ഇല്ല. ഒരിക്കലുമില്ല.”
”നിങ്ങളും ആരോടും പറയാന്‍ നിക്കണ്ട, കേട്ടല്ലോ.” അമ്മാമ്മ അമ്മുവിനോടും അപ്പുവിനോടുമായി പറഞ്ഞു.
രണ്ടുപേരും തലകുലുക്കി. കുളിരന് അനങ്ങിയില്ല. ഇയാളുടെ കള്ളത്തരം പത്തുപേരോട് പറയണമെന്ന് അവന് തോന്നി. അവന് തന്റെ കുഞ്ഞുമീശകള് വിറപ്പിച്ചു.
ശശിമാമന് യാത്ര പറഞ്ഞു. മുറ്റത്തേക്കിറങ്ങീട്ട് വീണ്ടും വന്ന് ക്ഷമചോദിച്ചു. ഇങ്ങനൊരു കഥാഗതി അയാള്‍ തീരെ പ്രതീക്ഷിച്ചില്ല. അയാള്‍ ആകെ സങ്കടത്തിലാണ്.
ശശിമാമന് പോയനേരം അമ്മു ഒരു വെളിപ്പെടുത്തല്‍കൂടി നടത്തി.
”ഈ മോഷണത്തിന് അറിഞ്ഞോ അറിയാതെയോ സഹായംനല്കിയ ഒരാളുണ്ട്. ആരെന്ന് പറയാമോ?”
”അതാര്?” അപ്പു ആരാഞ്ഞു.
ആഹാ, കഥയില്‍ ഇനിയും ഒരാളോ? കുളിരന് ആവേശമായി. കൊള്ളാല്ലോ ഈ ഡിറ്റക്റ്റീവ് പണി. ‘ഡിറ്റക്റ്റീവ് പ്രിന്‍സ്’ എന്ന് തന്റെ പേരുമാറ്റണമെന്ന് അവന് തീരുമാനിച്ചു.

എല്ലാവരും ആലോചനയിലായി.
കുളിരന് ഇരുന്നുംകിടന്നും ആലോചിച്ചു.
ആര്‍ക്കും പിടികിട്ടുന്നില്ല.
”നിനക്ക് വല്ലോമുണ്ടെങ്കീ പറ കൊച്ചേ. എനിക്ക് അടുക്കളേല് പണിയൊള്ളതാ.” അമ്മയ്ക്ക് ദേഷ്യംവന്നു.
”പറയാം.” അമ്മു നാടകീയമായി തലയിലെ തൊപ്പി ഉയര്‍ത്തി.
”നമ്മളുടെ വീട്ടില്‍ പതിവായി വരാറുള്ള ഒരാളാണ്.”
”ആരെന്ന് പറയെടീ” അമ്മാമ്മയുടെ ക്ഷമ നശിച്ചു.
”മോഷണം നടന്ന ദിവസം എല്ലാവരും ഒന്നോര്‍ത്തേ. അമ്മാമ്മേടെ ജനാല തുറക്കാന്‍ പറ്റിയിരുന്നില്ല. ശരിയല്ലേ?”
”ഞാനെന്തോരം നോക്കിയതാ. രാത്രി ആയോണ്ടാ നിങ്ങളെ ആരേം വിളിക്കാത്തത്.”
അമ്മാമ്മ ആ സംഭവം മറന്നിട്ടില്ല.
”അമ്മാമ്മയ്ക്ക് ഉറക്കം കുറവാണെന്നും, ജനാല രാത്രിയില്‍ തുറന്നിടും എന്നും അറിയാവുന്ന ഒരാള്‍.”
”അതാരാ?” അമ്മാമ്മ ചോദിച്ചു.
” രമണിചേച്ചി. അമ്മാമ്മ അതേക്കുറിച്ച് പറഞ്ഞയുടന്‍ രമണിചേച്ചി ജനാലയുടെ അടുത്തേക്ക് പാഞ്ഞു. ജനാല തുറക്കാതിരിക്കാനായി മരത്തിന്റെ ചെറിയ ചീളുകള്‍ ആതിനിടയില്‍ തിരുകി വച്ചിരുന്നു. അന്ന് രാത്രീല് ജനാല തുറക്കരുത് എന്ന ഉദ്ദേശത്തോടെ ചെയ്തതാ. കമ്പുകള്‍ ഊരിയെറിഞ്ഞതിന് ഞാന്‍ സാക്ഷിയാ. ഞാനൊന്നും കണ്ടില്ല എന്നമട്ടില്‍ നിന്നു.”
”അതു മോഷണത്തെ സഹായിക്കാനാവണമെന്നില്ല” അമ്മ രമണിചേച്ചീടെ പക്ഷംപിടിച്ചു.
”ആണെന്നാണ് എന്റെ പക്ഷം. അമ്മു തീര്‍പ്പുകല്‍പ്പിച്ചു. അമ്മയ്ക്ക് വേണേ എന്നെ വിശ്വസിക്കാം. ഇല്ലെങ്കില്‍ രമണിചേച്ചിയെ വിശ്വസിക്കാം.”
”ഈ പെങ്കൊച്ച് കൊള്ളാല്ലോ” അമ്മാമ്മ പറഞ്ഞു.
”അതെ അതെ.” അമ്മയും സമ്മതിച്ചു.
അമ്മയും അമ്മാമ്മയും തന്നെ അംഗീകരിച്ചതില്‍ അവള്‍ക്ക് എന്തെന്നില്ലാത്ത ആഹ്ലാദംതോന്നി.
അന്നേരം, പറന്നുപറന്ന് മുകളിലേക്ക് പോകുംപോല അവള്‍ക്ക് തോന്നി. ആകാശത്തോളമെത്തിയപ്പോള് താഴെയായി പൊട്ടുപോലെ തന്റെ വീട്. മുറ്റത്ത് അപ്പു നില്ക്കുന്നു. കുളിരന് കുത്തിയിരിപ്പുണ്ട്. രണ്ടുപേരുടെയും നോട്ടം ആകാശത്തേക്കാണ്. നിലാവില് അവരെ വ്യക്തമായി കാണാം. അമ്മു അവരെ കൈവീശിക്കാണിച്ചു. അവര്‍ തിരിച്ചും.
(നോവൽ അവസാനിച്ചു)
